എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ പൊതുയോഗം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ് മുഖ്യപ്രസംഗം നടത്തി.
“കേവലം പാർലമെന്ററി രാഷ്ട്രീയത്തിന്റെ കുറുക്കുവഴികൊണ്ട് ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങളെ ചെറുത്തു തോൽപ്പിക്കാനാകില്ല. യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞുകൊണ്ടുള്ള, രാഷ്ട്രീയ പ്രബുദ്ധതയുടെ അടിത്തറയിലുള്ള, വിട്ടുവീഴ്ചയില്ലാത്ത ജനകീയ പ്രക്ഷോഭത്തിലൂടെ മാത്രമേ ഫാസിസ്റ്റ് വിപത്തിനെ ചെറുക്കാനാകൂ.
ഒറ്റക്കെട്ടായ പ്രക്ഷോഭം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, കേന്ദ്രസർക്കാറിന്റെ അതേ നയങ്ങൾ ഇടത് ലേബലില്‍ സിപിഐ(എം) നയിക്കുന്ന സംസ്ഥാന സർക്കാരും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. എഡിഎം നവീൻ ബാബു എന്ന ഉയർന്ന ഉദ്യോഗസ്ഥനെ കൊലയ്ക്കു കൊടുത്തത് കേവലം പി.പി.ദിവ്യ എന്ന നേതാവിന്റെ മാത്രം പ്രശ്നംകൊണ്ട് സംഭവിച്ചതല്ല. ആരോഗ്യകരമായ സംവാദ രാഷ്ട്രീയത്തെ കുഴിച്ചുമൂടിയ സിപിഐ(എം)ന്റെ ജനാധിപത്യവിരുദ്ധതയുടെ മുഖമാണ് പി.പി. ദിവ്യ എന്ന നേതാവ്. ബിജെപി സാമ്പത്തിക മേഖലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന എല്ലാ നയങ്ങളും അതേപടി നടപ്പാക്കിയതിന്റെ ഫലമായാണ് കേന്ദ്ര സർക്കാറിന്റെ പുരസ്കാരം പിണറായി വിജയന് ലഭിച്ചത്. ജിഎസ്‌ടിയും ലേബർ കോഡും മറ്റ് തൊഴിലാളി വിരുദ്ധ നയങ്ങളും കേന്ദ്രനയങ്ങൾക്ക് അനുസൃതമായി നടപ്പാക്കുന്നവർ രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് ആർഎസ്എസിനെതിരാണ് ഞങ്ങൾ എന്ന് പറഞ്ഞാൽ പ്രബുദ്ധ കേരളം വിശ്വസിക്കണോ? മുതലാളിത്ത നയങ്ങൾക്കെതിരെ വിട്ടുവീഴ്ചയിലാത്ത ജനകീയ സമരം സംഘടിപ്പിക്കുന്ന പാർട്ടിയാണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്). ആ ഉയർന്ന രാഷ്ട്രീയ പ്രബുദ്ധതയിലൂന്നിയ ജനകീയ സമരങ്ങൾക്കു മാത്രമേ സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ സാധിക്കൂ”, അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി കെ.കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ.ഡി. സുരേന്ദ്രനാഥ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.രാജീവൻ, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സജി എന്നിവർ പ്രസംഗിച്ചു. അഡ്വ. വിവേക് വേണുഗോപാൽ സ്വാഗതവും എം.കെ. ജയരാജൻ നന്ദിയും പറഞ്ഞു.