ലെനിൻ ചരമശതാബ്ദി : തൊഴിലാളിവർഗ്ഗത്തിന്റെ മഹോന്നത നേതാവിന് അർഹമായ പ്രണാമങ്ങൾ അർപ്പിച്ച് എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്‌)

Lenin-TVM-4.jpeg
Share

ലോക തൊഴിലാളിവർഗ്ഗത്തിന്റെ മഹാനായ ആചാര്യൻ ലെനിൻ അന്തരിച്ചിട്ട് നൂറുവർഷം തികയുന്ന വേളയില്‍ അദ്ദേഹത്തിന് അർഹമായ പ്രണാമങ്ങൾ അർപ്പിക്കാൻ കേരളത്തിലെ ഇടതുപക്ഷ വിശ്വാസികളെയും കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പേറുന്നവരെയും പ്രതിനിധീകരിച്ചുകൊണ്ട് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) പാർട്ടിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനമെമ്പാടും ആചരണ പരിപാടികൾ നടന്നു. 2023 നവംബർ ഒന്നിന് ചങ്ങനാശ്ശേരിയിൽ പൊളിറ്റ് ബ്യൂറോ അംഗം സഖാവ് ഛണ്ഡിദാസ് ഭട്ടാചാര്യ ഉദ്ഘാടനംചെയ്ത പൊതുസമ്മേളനത്തോടെ ആചരണപരിപാടികൾ ആരംഭിച്ചു. സംസ്ഥാനമെമ്പാടും നൂറുകണക്കിന് പൊതുയോഗങ്ങളും ചർച്ചകളും നടന്നു. മാർക്സിസ്റ്റ്‌ ദർശനത്തിന്റെ അടിസ്ഥാന തത്ത്വങ്ങളും ലെനിന്റെ പാഠങ്ങളും തൊഴിലാളിവർഗ്ഗ സമരങ്ങളുടെ മുന്നേറ്റത്തിന്റെയും തിരിച്ചടികളുടെയും ചരിത്രവും
കാരണങ്ങളും അവിടെ അവതരിപ്പിക്കപ്പെട്ടു. മുതലാളിത്തത്തിൽ നിന്ന് കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥയിലേക്ക് മുന്നേറുന്നതിനിടയിലെ സോഷ്യലിസ്റ്റ് ഘട്ടത്തിൽ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിനുള്ള നിർണ്ണായകമായ പങ്ക് വിശദമാക്കി. ഇനിയും വിപ്ലവസമരങ്ങളുടെ വിജയത്തിന്റെ അനിവാര്യതയും അതിനുള്ള ചരിത്രനിർണ്ണീതമായ പാതയും അവതരിപ്പിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ്‌ ആദർശങ്ങൾക്കെതിരെ വർഗ്ഗശത്രുക്കളും സോഷ്യൽ ഡെമോക്രാറ്റുകളും ഉയർത്തുന്ന വാദങ്ങളും ചർച്ചചെയ്യപ്പെട്ടു. യുദ്ധ സങ്കീർണമായ സമകാലീന ലോകസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ സാമ്രാജ്യത്വത്തെപ്പറ്റിയുള്ള ലെനിന്റെ സിദ്ധാന്തത്തിന്റെ ശാസ്ത്രീയത അവതരിപ്പിക്കപ്പെട്ടു. പാർട്ടി പ്രവർത്തകര്‍ക്കു പുറമെ നിരവധി വ്യക്തിത്വങ്ങൾ ഗൗരവതരമായ ഈ പഠനപ്രക്രിയയിൽ പങ്കാളികളായി.
ജനുവരി 19, 20,21 തീയതികളിൽ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം നായനാർ പാർക്കിലാണ് സമാപന പരിപാടികൾ നടന്നത്. എക്സിബിഷൻ, കോംസോമോൾ പ്രകടനം, പൊതുസമ്മേളനം, സെമിനാറുകൾ, വിപ്ലവഗാന സദസ്സ്, കവി സമ്മേളനം എന്നിവയും അതോടൊപ്പം സംഘടിപ്പിക്കപ്പെട്ടു.
കാലമിത്രയായിട്ടും ലെനിന്റെ ശബ്ദം ഇന്നും ലോകമെങ്ങും ഉയർന്നു കേൾക്കുന്നു. കമ്മ്യൂണിസ്റ്റ്‌ പോരാളികൾ മാത്രമല്ല, ഇന്നത്തെ കരാളമായ സാമൂഹ്യസാഹചര്യത്തിൽനിന്നൊരു വിടുതൽ കാംക്ഷിക്കുന്നവരും ചരിത്രപാഠങ്ങൾ പിൻതുടരുന്നവരും ലെനിനെ ഇപ്പോഴും ആദരവോടെ അനുഗമിക്കുന്നുവെന്നാണ് ആചരണകാലയളവിലുണ്ടായ അനുഭവം. അധ്വാനിക്കുന്നവനെ ചൂഷണം ചെയ്യാൻ അനുവദിക്കാത്ത, അവനെ അടിമപ്പെടുത്താത്ത സമൂഹം സാധ്യമാക്കിയതിലൂടെ ലോകമെമ്പാടുമുള്ള അധ്വാനിച്ചു ജീവിക്കുന്നവർക്കാകെ മുന്നേറ്റപാത ചൂണ്ടിക്കാണിച്ച ജനനായകൻ എന്ന നിലയിൽ ലെനിൻ സർവ്വനാടുകളിലെയും ജനഹൃദയങ്ങളിൽ നൂറു വർഷങ്ങൾക്കു ശേഷവും ജീവിക്കുന്നു.
കമ്മ്യൂണിസ്റ്റെന്നും മാർക്സിസ്റ്റെന്നും ലെനിനിസ്റ്റെന്നുമൊക്കെ സ്വയം വിശേഷിപ്പിച്ചുകൊണ്ട് അധികാരത്തിൽ എത്തിയവർ ലെനിനെ സമ്പൂർണ്ണമായും വിസ്മരിച്ച കാഴ്ചയും നാം കണ്ടു. സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ചയോടെ ഇനി ഏകധ്രുവലോകമെന്നും മുതലാളിത്തമാണ് അന്തിമസാമൂഹിക വ്യവസ്ഥയെന്നും വീമ്പിളക്കി ആഗോളവൽക്കരണ നയങ്ങൾ ആവിഷ്‌കരിച്ച മുതലാളിത്ത-സാമ്രാജ്യത്വം ഭീകരമായ സാമ്പത്തിക പ്രതിസന്ധികളിൽ പെട്ടുഴലുമ്പോൾ, അവരുടെ പ്രതിസന്ധികൾ അധ്വാനിക്കുന്നവന്റെ ചുമലിലേക്ക് മാറ്റുമ്പോൾ, തരിമ്പെങ്കിലും ജനാനുകൂല അജണ്ട ഉള്ളവർ ജനങ്ങളിൽ പോരാട്ടവീര്യം ഉയർത്താൻ ലെനിനെ അവതരിപ്പിക്കണമായിരുന്നു.


പക്ഷെ, ഈ പ്രസ്ഥാനങ്ങൾ ആ പാത തീർത്തും തിരസ്കരിച്ചു എന്നാണ് അവരുടെ ഇക്കാലത്ത് ലെനിനോടുള്ള സമീപനം വ്യക്തമാക്കുന്നത്. ലെനിൻ കെട്ടിപ്പടുത്ത സോവിയറ്റ് യൂണിയന്റെ മുന്നേറ്റവും അതിനോട് നമ്മുടെ നാട്ടിൽ ഉടലെടുത്ത ആദരവും മുതലെടുത്തുകൊണ്ട് സംഘടന കെട്ടിപ്പടുത്തവർ, സോവിയറ്റ് സർക്കാരിന്റെയും ആതിഥ്യവും ആനുകൂല്യങ്ങളും കൈപ്പറ്റിയവർ, പക്ഷെ നന്ദിയുടെ കണികയും കൈവിട്ടത് ആ പാർട്ടികളിൽ പെട്ടവരെ വേദനിപ്പിച്ചു. നമ്മുടെ പാർട്ടി സംഘടിപ്പിച്ച നിരവധി വേദികളിൽ അവർ ആ വിഷമങ്ങൾ പങ്കുവെച്ചു. ആളും അർത്ഥവും വേണ്ടുവോളമുള്ള ഈ പ്രസ്ഥാനങ്ങൾ ലെനിനെ ബോധപൂർവം വിസ്മരിച്ചതിന്റെ കാരണം എന്താവും? കാരണം, ലെനിന്റെ ഉജ്ജ്വലവും ലളിതവുമായ ജീവിതവും ഗഹനമായ പാഠങ്ങളും ഇന്നവർക്കൊരു ബാധ്യതയാണ് എന്നതു തന്നെ കാരണം. അതൊക്കെ സ്വന്തം അണികളിൽ പകരുന്നത് ഇന്നത്തെ അവരുടെ പ്രവർത്തികളുമായി താരതമ്യത്തിന് ഇടവരുത്തുമെന്ന് അവർ ഭയക്കുന്നു. ജീവിതകാലമുടനീളം കപട വിപ്ലവകാരികൾക്കും ചെങ്കൊടി ബൂർഷ്വാസിക്ക് പണയം വച്ചവർക്കുമെതിരെ പൊരുതിയ ലെനിന്റെ നാമം നഗ്നമായ മുതലാളിത്തസേവ നിർലജ്ജം നടത്തുന്ന ഇവർക്ക് പേടിസ്വപ്നമാണ്. മറ്റൊരു വിധത്തിൽ ചിന്തിച്ചാൽ ലെനിനെ ഇവർ ആദരിച്ചിരുന്നെങ്കിൽ അത് ആ മഹാപുരുഷനെ അപമാനിക്കുന്നതിനു തുല്യമായേനെ.


ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിന്റെ മുന്നണി പോരാളി എന്ന നിലക്കും ഇന്ത്യയിലെ ഒരേയൊരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്ന നിലയിലും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) ലെനിന്റെ പാഠങ്ങൾ സഖാവ് ശിബ്‌ദാസ് ഘോഷിന്റെ ചിന്തകളുടെ വെളിച്ചത്തിൽ കൂടുതലുയർന്ന ആസ്ഥയോടെ പ്രാവർത്തികമാക്കുവാനുള്ള ഊർജമാണ് ഈ ആചാരണത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. അത് ബഹുജനങ്ങളിലേക്ക് പകരുവാനാണ് ശ്രമിക്കുന്നത്.


ലെനിന്റെ ശബ്ദം മുഴങ്ങിക്കേട്ട എക്സിബിഷൻ തലസ്ഥാനത്ത്


മാർക്സിസത്തെ വളച്ചൊടിക്കുകയും വികൃതമാക്കുകയും ചെയ്ത കപട കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ മാർക്സിസത്തോട് ജനങ്ങൾക്കിടയിൽ അങ്ങേയറ്റം അവമതിപ്പ് വളർത്തിയ ഈ കാലഘട്ടത്തിൽ ലെനിന്റെ ജീവിതവും പാഠങ്ങളും സമരവും ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു എക്സിബിഷന്റെ ലക്ഷ്യം. വിപ്ലവ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കപ്പെട്ട ലെനിൻ പിന്നീട് നടത്തിയ അനിതര സാധാരണമായ പ്രയത്നം വഴി ശക്തമായ ഒരു സോഷ്യലിസ്റ്റ് രാജ്യം പടുത്തുയർത്തിയത് എങ്ങനെയെന്ന് പ്രദർശനത്തിൽ വിവരിക്കുന്നു.സാമ്രാജ്യത്വ ശക്തികളുടെ ആക്രമണങ്ങളെയും സോവിയറ്റ് യൂണിയനിൽതന്നെയുള്ള പിന്തിരിപ്പൻ ഗ്രൂപ്പുകളെയും പ്രതിരോധിക്കുക എന്നത് ലെനിനെപോലുള്ള ഒരു നേതാവിന് മാത്രം സാധിക്കുന്ന സവിശേഷതയായിരുന്നു. നിർഭാഗ്യവശാൽ വിപ്ലവത്തിന് ശേഷം ഏഴു വർഷം മാത്രമേ ലെനിൻ ജീവിച്ചിരുന്നുള്ളൂ. തുടർന്ന് ലെനിന്റെ അർഹനായ ശിഷ്യൻ സഖാവ് ജോസഫ് സ്റ്റാലിൻ സോവിയറ്റ് യൂണിയനെ എല്ലാ മേഖലയിലും ഉന്നതിയിൽ എത്തിച്ചത് ചരിത്രത്താളുകളിൽ ചിലത് മാത്രം. കാർഷിക, വ്യാവസായിക മേഖല, കായികം, ശാസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീകളുടെ പദവി എന്നിങ്ങനെ സർവമേഖലയിലും സോവിയറ്റ് യൂണിയൻ ലോകത്ത് ഒന്നാമതെത്തി. സ്വയം അഭിവൃദ്ധി പ്രാപിച്ചതോടൊപ്പം തന്നെ മൂന്നാം ലോകരാജ്യങ്ങൾക്ക് നൽകിയ അകമഴിഞ്ഞ സഹായങ്ങൾ എടുത്തു പറയേണ്ടതാണ്. പിന്നീട്, സോഷ്യലിസ്റ്റ് പാത വെടിഞ്ഞപ്പോൾ സോവിയറ്റ് യൂണിയൻ കൈവരിച്ച നേട്ടങ്ങൾ ഒന്നൊന്നായി ഇല്ലാതായി. ലോകസമാധാനത്തിന്റെ നെടുംതൂണായിരുന്ന രാജ്യം ഇന്ന് സാമ്രാജ്യത്വ റഷ്യയായി പരിണമിച്ച ദൗർഭാഗ്യകരമായ കാഴ്ച നാം കാണുന്നു. പ്രതിസന്ധിഗ്രസ്തമായ മുതലാളിത്തം, നിലനിൽക്കുവാൻവേണ്ടി യുദ്ധം അഴിച്ചുവിടുകയും കമ്പോളം വെട്ടിപ്പിടിക്കുകയുമാണ്. ഇതിന് ഒരു അന്ത്യം ഉണ്ടാകണമെങ്കിൽ സുശക്തമായ ഒരു സോഷ്യലിസ്റ്റ് മുന്നേറ്റം വളർന്നു വരണമെന്ന സന്ദേശമാണ് എക്സിബിഷൻ മുന്നോട്ട് വച്ചത്.


സോവിയറ്റ് യൂണിയൻ നിലവിൽ വന്ന് ഒരു ദശാബ്ദത്തിനുള്ളിൽ മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ആവശ്യകതകളിൽ ഭദ്രത കൈവരിക്കാൻ കഴിഞ്ഞതിനു പിന്നിൽ ലെനിൻ വഹിച്ച നേതൃപരമായ പങ്ക് അനിഷേധ്യമായിരുന്നു. രണ്ട് ലോകയുദ്ധങ്ങളുടെ കെടുതികൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടും വികസിതരാജ്യങ്ങളുടെ മുൻനിരയിൽ എത്താൻ ലെനിൻ നയിച്ച സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്കായി. ബർണാഡ്ഷായും രവീന്ദ്രനാഥ ടാഗോറുമടക്കമുള്ള പ്രഗത്ഭരുടെയും പ്രശംസയും ലെനിന്റെ സോവിയറ്റ് യൂണിയൻ പിടിച്ചുപറ്റി. ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങൾക്ക് സോവിയറ്റ് യൂണിയൻ അക്കാലത്തു നിരവധി സഹായങ്ങളും പിന്തുണയും നൽകിയതും ചരിത്രം. ആ ചരിത്രം അനാവരണം ചെയ്ത പ്രദർശനമാണ് തിരുവനന്തപുരം നഗരത്തിൽ നായനാർ പാർക്കിൽ മൂന്നു ദിവസം പാർട്ടി സംഘടിപ്പിച്ചത്. മൂന്നു ദിവസം കൊണ്ടു അനേകം ആളുകൾ, റഷ്യയിൽനിന്നും ജർമനിയിൽനിന്നുമുള്ള സാധാരണ ജനങ്ങൾ വരെ, എക്സിബിഷൻ നഗറിലെ കാഴ്ച്ചക്കാരായി.
മനോഹരമായ ചിത്രങ്ങളും ചരിത്രരേഖകളും സ്ഥിതിവിവരങ്ങളുംകൊണ്ട് സംവേദനക്ഷമമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ട എക്സിബിഷൻ സാധാരണ തൊഴിലാളികളും വിദ്യാർത്ഥികളും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ പെട്ടവരും ഉന്നതവ്യക്തിത്വങ്ങളും സാകൂതം കണ്ടു പോയി. ഒരു ചരിത്രഘട്ടമാകെ ഒറ്റ എക്സിബിഷനിലൂടെ ഉൾകൊള്ളാനായി എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്.


ഈ യുഗത്തിലെ മാർക്സിസമാണ് ലെനിനിസം: സഖാവ് അമിതാവ ചാറ്റർജി


ജനുവരി 19,20,21 തീയതികളിൽ തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നടന്ന ലെനിൻ എക്സിബിഷൻ എസ്‌യു സിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം സഖാവ് അമിതാവ ചാറ്റർജി ഉദ്ഘാടനം ചെയ്തു.
“മാർക്സിസത്തെ ഏറ്റവും ജനകീയമാക്കി സാധാരണ കർഷകർക്കും തൊഴിലാളികൾക്കുംവരെ നന്നായി മനസിലാക്കാനാവുന്ന വിധത്തിൽ അവതരിപ്പിച്ച മഹാനായ നേതാവാണ് ലെനിൻ. സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെയും യുഗത്തിലെ മാർക്സിസമാണ് ലെനിനിസമെന്ന് സഖാവ് സ്റ്റാലിൻ വിശദീകരിച്ചു. സാമ്രാജ്യത്വം യുദ്ധവും കെടുതികളും മാത്രമാണ് മാനവരാശിയ്ക്ക് സംഭാവന ചെയ്യുക എന്ന ലെനിനിസത്തിന്റെ പാഠം നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നു. സാധാരണ മനുഷ്യർക്ക് എതിരായി മുതലാളിത്തശക്തികൾ യുദ്ധം ചെയ്യുന്നു. പലസ്തീനിലാകട്ടെ നിരാലംബരായ ജനങ്ങളെ വേട്ടയാടി കൊല്ലുകയാണ് ഇസ്രായേൽ എന്ന സയണിസ്റ്റ് ഭീകരരാഷ്ട്രം. സാമ്രാജ്യത്തെ യുദ്ധങ്ങളെ ചെറുക്കാൻ കഴിയുന്ന സമാധാനപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ലെനിനും സ്റ്റാലിനും നേതൃത്വം നൽകിയ സോവിറ്റ് യൂണിയന് കഴിഞ്ഞിരുന്നു. റിവിഷനിസം സോവിയറ്റ് സോഷ്യലിസത്തെ കുഴിച്ചുമൂടി. ലെനിന്റെ പാഠങ്ങളെ അടിസ്ഥാനപ്പെടുത്തി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) സ്ഥാപകൻ മഹാനായ സഖാവ് ശിബ്‌ദാസ്ഘോഷ് മാർക്സിസം- ലെനിനിസത്തെ കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് നയിക്കുന്നതാണ് ലോക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് കരുത്ത് നൽകുന്നത്”, അദ്ദേഹം പറഞ്ഞു.

ലെനിൻ അടിത്തറയിട്ട പുതുലോകം


ഒന്നാം ദിനം, വൈകുന്നേരം ‘ലെനിൻ അടിത്തറയിട്ട പുതുലോകം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കപ്പെട്ടു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ടി.കെ.സുധീർകുമാർ അധ്യക്ഷത വഹിച്ച സെമിനാറിൽ പാർട്ടിയുടെ കർണ്ണാടക സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് എം. എൻ.ശ്രീറാം മുഖ്യപ്രസംഗം നടത്തി. പ്രമുഖ സാമൂഹികചിന്തകയും ശാസ്ത്രജ്ഞയുമായ ഡോ.കെ.ജി.താര, എഐഎംഎസ്എസ് സംസ്ഥാന പ്രസിഡന്റ്‌ സഖാവ് സൗഭാഗ്യ കുമാരി, എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് സഖാവ് ഇ.വി.പ്രകാശ്, എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ്‌ സഖാവ് എസ്. അലീന എന്നിവരും സംസാരിച്ചു. തുടർന്ന് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ആദ്യഘട്ടത്തിൽ ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കാൻ സോവിയറ്റ് ജനത അഭിമുഖീകരിച്ച യാതനകളും അവരുടെ ത്യാഗങ്ങളും വ്യക്തമാക്കുന്ന
“ദി കമ്മ്യൂണിസ്റ്റ്‌ ” എന്ന സിനിമ പ്രദർശിപ്പിക്കപ്പെട്ടു.


ലെനിൻ അത്യുന്നത ബൗദ്ധിക പ്രതിഭ: സഖാവ് എം.എൻ.ശ്രീറാം


മുഖ്യപ്രസംഗം നടത്തിയ എം. എൻ.ശ്രീറാം ഇപ്രകാരം പറഞ്ഞു: “വിപ്ലവ സിദ്ധാന്തമില്ലാതെ ലോകത്തെവിടെയും വിപ്ലവം അസാധ്യമാണെന്ന് ലെനിൻ പഠിപ്പിച്ചു. തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെ സിദ്ധാന്തമാണ് മാർക്സിസം-ലെനിനിസം. തൊഴിലാളിവർഗ്ഗ വിപ്ലവത്തിലൂടെയാണ് സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയൻ പിറവിയെടുത്തത്. സോഷ്യലിസത്തിൽ വിശാലമായ ജനാധിപത്യമാണ്. ലെനിൻ പറഞ്ഞു, 95 ശതമാനം വരുന്ന പണിയെടുക്കുന്ന ജനതയ്ക്കും ജനാധിപത്യം അനുഭവിക്കുവാൻ കഴിയുന്നതാണ് സോഷ്യലിസ്റ്റ് ജനാധിപത്യം. സോവിയറ്റ് ഭരണഘടനയുടെ കരട് അഞ്ചു ലക്ഷത്തിലേറെ ജനകീയ യോഗങ്ങളിലൂടെ കോടിക്കണക്കിനു ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വരൂപിച്ചു തയ്യാറാക്കിയതാണ്. മഹാനായ സ്റ്റാലിൻ അതിന് നേതൃത്വം നൽകി. സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്ന രാജ്യങ്ങൾക്ക് സോവിയറ്റ് യൂണിയനിൽ ചേരാനോ സ്വതന്ത്രമായി നിൽക്കാനോ ഉള്ള സ്വയംനിർണ്ണയാവകാശം ഉണ്ടെന്ന് ലെനിൻ പ്രഖ്യാപിച്ചു. ലെനിൻ കേവലം ബൗദ്ധിക പ്രതിഭയായിരുന്നില്ല, വിപ്ലവകാരിയായ ബൗദ്ധിക പ്രതിഭയായിരുന്നു. ബൂർഷ്വാ പാണ്ഡിത്യവാദവും വിപ്ലവബൗദ്ധികതയും തമ്മിലുള്ള അന്തരം എത്ര വലുതാണെന്ന് ലെനിന്റെ ജീവിതം നമുക്ക് കാട്ടിത്തന്നു. ബൂർഷ്വാ പണ്ഡിതന്മാര്‍ സിദ്ധാന്ത പ്രഘോഷണം നടത്തുന്നു. കമ്മ്യൂണിസ്റ്റ്‌ വിപ്ലവകാരികൾ വിപ്ലവസിദ്ധാന്തങ്ങൾ വൈകാരികമായി ഉൾക്കൊള്ളുന്നു, ജീവിതത്തിൽ പ്രയോഗിക്കുന്നു.”


സോവിയറ്റ് യൂണിയനിൽ വീടുകൾ പൂട്ടുമായിരുന്നില്ല: ഡോ.കെ.ജി.താര


തുടർന്ന്, ബാല്യകാലത്ത് സോവിയറ്റ് നാടിൽ ദീർഘകാലം ജീവിച്ച അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് ഡോ.കെ.ജി.താര പ്രസംഗിച്ചു. 1960 കളിൽ ജനാധിപത്യ യുവജന ഫെഡറേഷന്റെ വേൾഡ് ഫെഡറേഷൻ ഒഫ് ഡെമോക്രാറ്റിക് യൂത്തിന്റെ വൈസ് പ്രസിഡന്റ്‌ ആയിരുന്നു കെ.ജി.താരയുടെ പിതാവ് സഖാവ് കെ.ഗോവിന്ദപിള്ള. അക്കാലത്ത് 6 വർഷക്കാലം സോവിയറ്റ് യൂണിയനിൽ താമസിച്ചതിന്റെ അനുഭവങ്ങൾ ആണ് അവർ പറഞ്ഞത്. അവിടെ വീടുകളുടെ വാതിലുകൾ പൂട്ടുമായിരുന്നില്ല. കാരണം എല്ലാവർക്കും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമായിരുന്നു. ജനങ്ങൾക്ക് സ്വാർത്ഥമോഹങ്ങൾ ഇല്ലായിരുന്നു. വിദേശിയായിരുന്നിട്ടും അവർക്ക് കുട്ടികളെ വളർത്താൻ സഹായം നൽകിയിരുന്നു.
“യുഎസ്എസ്ആർ സ്ത്രീകൾക്ക് തുല്യ പദവി നൽകിയ ആദ്യത്തെ രാഷ്‌ട്രമായിരുന്നു. സാർ ചക്രവർത്തിയുടെ നാളുകളിൽ നിസ്സാര വേതനം മാത്രമായിരുന്നു സ്ത്രീകൾക്ക് നൽകിയിരുന്നത്. വലിയ വൈദഗ്ദ്യമുള്ള ജോലികളൊന്നും അവർക്ക് നൽകില്ല. എന്നാൽ, സോവിയറ്റ് യൂണിയൻ സ്ഥാപിതമായതോടെ കഥ മാറി. ആർട്ടിക്കിൾ 122 പ്രകാരം സർവ മണ്ഡലങ്ങളിലും – രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങൾ ഉൾപ്പെടെ – സ്ത്രീകൾക്ക് തുല്യസ്ഥാനം നല്‍കി. അത് സംവരണം ആയിരുന്നില്ല. തുല്യാവകാശമാ യിരുന്നു. സ്റ്റേറ്റിന്റെ ഉത്തരവാദിത്വമായിരുന്നു കുഞ്ഞുങ്ങളെ പരിപാലിക്കുകയെന്നത്. സാമൂഹിക സുരക്ഷിതത്വ ഫണ്ടിൽനിന്നും അമ്മമാർക്ക് ധനസഹായം നൽകുമായിരുന്നു. ഗർഭകാലത്ത് വേതനത്തോടു കൂടിയ ദീർഘകാല അവധി അനുവദിക്കുമായിരുന്നു. സോവിയറ്റ് ആർട്ടിക്കിൾ 137 പ്രകാരം എല്ലാ പദവികളിലേക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ സ്ത്രീകൾക്ക് അധികാരം കൈവന്നു.
ഇന്ത്യയുൾപ്പടെയുള്ള അവികസിത, വികസ്വര രാജ്യങ്ങൾക്ക് സോവിയറ്റ് യൂണിയൻ വൻതോതിൽ സഹായം നൽകിയിരുന്നു. ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ സംരംഭങ്ങളെ അകമഴിഞ്ഞുസഹായിച്ച സോവിയറ്റ് യൂണിയനെ മറക്കാനാവുമോ? 200 കൊല്ലംകൊണ്ട് അമേരിക്ക നേടിയ നേട്ടങ്ങൾ വെറും 25 വർഷംകൊണ്ട് സോവിയറ്റ് യൂണിയൻ നേടിയെങ്കിൽ അതു തന്നെയാണ് ലോകം പിന്തുടരേണ്ടുന്ന ശരിയായ മാതൃക.


വിപ്ലവസ്മരണകൾ ഇരമ്പിയ ആവേശകരമായ പ്രകടനം; പ്രതീക്ഷാഭരിതമായി യുവകമ്മ്യൂണിസ്റ്റ്‌ പരേഡ്


സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ശില്പി മഹാനായ ലെനിന്റെ ചരമ ശതാബ്ദി ആചരണത്തിന്റെ ഭാഗമായി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) പാർട്ടി ജനുവരി 20ന് സംഘടിപ്പിച്ച റാലിയും യുവ കമ്മ്യൂണിസ്റ്റ്‌ വോളന്റിയർമാരുടെ അഭിവാദ്യമാർച്ചും വിപ്ലവ സ്മരണകളുടെ ആരവം ഉയർത്തി. റാലി നായനാർ പാർക്കിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) സംസ്ഥാന സെക്രട്ടറി സഖാവ് ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. മാർക്സിസ്റ്റ്‌ സിദ്ധാന്തം വികലമായി അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് ലെനിന്റെ ജീവിതവും പാഠവും സമരങ്ങളും പഠിക്കുകയും ജീവിതത്തിൽ അവ സ്വീകരിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ജയ്സൺ ജോസഫ് പറഞ്ഞു. സിദ്ധാന്തവും പ്രയോഗവും സമന്വയിപ്പിച്ചാലെ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ജനിക്കുകയുള്ളൂ. ലെനിൻ അതിന്റെ ഉത്തമ മാതൃകയാണ്. ഈ പ്രക്രിയ അനുവർത്തിച്ചതിലെ ഗുരുതരമായ വീഴ്ചയാണ് സോവിയറ്റ് യൂണിയൻ സോഷ്യലിസ്റ്റ് പാതയിൽ നിന്ന് വ്യതിചലിക്കാൻ കാരണമായി തീർന്നത്. അത് മാർക്സിസത്തിന്റെ പരാജയമല്ലെന്നും വീഴ്ചകളിലെ പാഠങ്ങൾ ഉൾക്കൊണ്ട്‌ മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി സഖാവ് ആർ.കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് എസ്.രാജീവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സഖാക്കൾ വി.കെ.സദാനന്ദൻ, ഷൈല കെ.ജോൺ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിന് ശേഷം വിപ്ലവഗാന സദസ് നടന്നു. ഗായകർ ലെനിന് പ്രണാമങ്ങൾ അർപ്പിക്കുന്ന വിപ്ലവ ഗാനങ്ങൾ ആലപിച്ചു.


ആചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമാപന സമ്മേളനം


ലെനിൻ ചരമ ശതാബ്ദിയാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഒരു ആചരണസമിതി രൂപവൽക്കരിക്കുകയു ണ്ടായി. പ്രൊഫസർ വിശ്വമംഗലം സുന്ദരേശൻ ചെയർമാനായും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഖാവ് ആർ.ബിജു കൺവീനറായും രൂപവൽക്കരിച്ച സമിതിയുടെ ആഭിമുഖ്യത്തിലാണ് ലെനിൻ ചരമ ശതാബ്ദിനമായ ജനുവരി 21 ന്റെ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. സിപിഐ(എം) മുൻ ജില്ലാ സെക്രട്ടറി സഖാവ് പിരപ്പൻകോട് മുരളി ഉൾപ്പടെയുള്ളവർ സമിതിയിൽ അംഗങ്ങളായി. സമാപന ദിനത്തിൽ കവി സദസ്സും ബഹുജന സമ്മേളനവും നടന്നു.


നവോന്മേഷമേകിയ കാവ്യസായാഹ്നം


ദേശാഭിമാനി ഗോപി അധ്യക്ഷത വഹിച്ച കവി സമ്മേളനം പ്രമുഖ കവിയും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സ ഖാവ് ആര്‍.പാർത്ഥസാരഥി വർമ്മ ഉദ്ഘാടനം ചെയ്തു. നിരവധി കവികൾ വളരെ പുരോഗമനപരമായ കവിതകൾ ആലപിച്ചു. നഗരിയിൽ വിശേഷപ്പെട്ട ഒരു സാംസ്‌കാരിക അന്തരീക്ഷം പ്രസ്തുത പരിപാടി ഒരുക്കുകയൂണ്ടായി.
വിനോദ് വെള്ളായണി, എം. എസ്.സുമേഷ് കൃഷ്ണൻ, കൃഷ്ണ ഗോപാൽ, മടവൂർ രാധാകൃഷ്ണൻ, വർഗീസ് ജോർജ്, അനിൽകുമാർ, ആർ.എസ്സ്. ശ്രീജിത്ത്, ആദിത്യ കൃഷ്ണ ചെമ്പത്ത്, അരുമാനൂർ രതികുമാർ, ബിജു പുലിപ്പാറ, മൈലച്ചൽ വിജയകുമാർ, വിനോദ് ശ്രീധർ, ശാന്ത തുളസീധരൻ, എം.ടി. ഗിരിജകുമാരി അരുവിക്കര വിൽഫ്രഡ്‌, കെ.ഭുവനേന്ദ്രൻ, അൻസാരി ബഷീർ, പ്രദീപ് തൃപ്പരപ്പ്, സിന്ധു വാസുദേവ്, മധു വണ്ടന്നൂർ തുടങ്ങിയ പ്രൗഢകവികളുടെ കവിതാലാപനം സദസ്സിന് നവോന്മേഷം നൽകി.
വൈകിട്ടു 5.30ന് ‘സമകാലിക ലോകത്ത് ലെനിന്റെ പാഠങ്ങളുടെ പ്രസക്തിയെപ്പറ്റി’ ആചരണ സമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജനസമ്മേളനം നടന്നു. സമിതി ചെയർമാൻ പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സാമൂഹ്യനിരീക്ഷകന്‍ ജോസഫ്.സി.മാത്യു, ചലച്ചിത്രനിരൂപകന്‍ എം.എഫ്.തോമസ്, ചിത്രകാരന്‍ റോബർട്ട് ലോപ്പസ്, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) സംസ്ഥാന കമ്മിറ്റി അംഗം ജ്യോതികൃഷ്ണൻ, ജനകീയ പ്രതിരോധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ഷാജർഖാൻ, കെ-റെയില്‍ വിരുദ്ധ സമരസമിതി സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദ് എന്നിവർ പ്രസംഗിച്ചു.കൺവീനർ, ആർ.ബിജു സ്വാഗതം പറഞ്ഞു.


ലെനിന്റെ മഹത്വം ആഴത്തിൽ പഠിക്കാൻ കഴിയണം: ജോസഫ് സി.മാത്യു


മരിച്ചിട്ട് 100 വർഷങ്ങൾക്കിപ്പുറവും ഒരു വിദൂരകോണിൽ നിന്ന് ലെനിനെ ആളുകൾ ഓർക്കുന്നുണ്ടെങ്കിൽ അത് എത്ര മഹത്തായ ഒരു ജീവിതമായിരുന്നിരിക്കും എന്ന് നമുക്ക് ഊഹിക്കാം. ഒരു വർഗ്ഗ സമീപനത്തിന്റെ അടിസ്ഥാനത്തിൽ മാനുഷികമായ എല്ലാ ചിന്തകളെയും സ്ഥാപനങ്ങളെയും മൂല്യങ്ങളെയും പരിഭാഷപ്പെടുത്തുകയും ആവിഷ്കരിക്കുകയും ചെയ്ത ഒരു വ്യക്തിത്വം എന്ന നിലയിൽ ആ ജീവിതത്തെ ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. മാർക്സിസത്തെ വിശകലനം നടത്തുക മാത്രമല്ല, അവയെ പ്രയോഗികമായി സ്ഥാപിക്കാൻ കഴിഞ്ഞയിടത്താണ് ലെനിന്റെ വിജയം കുടികൊള്ളുന്നത്.
വികസിത മുതലാളിത്ത രാജ്യത്തിലാണ് വിപ്ലവം നടക്കുക എന്ന മാർക്സിന്റെ സിദ്ധാന്തത്തെ തിരുത്തിക്കൊണ്ട്, അക്കാലത്ത് റഷ്യയിൽ രൂപപ്പെട്ടുവന്ന മുതലാളിത്തം വികസിക്കുന്നതിന് മുമ്പ് തന്നെ തകർത്തെറിയണമെന്ന ലെനിന്റെ ആശയാവിഷ്കാരം മൂർത്തമായിരുന്നു. മുതലാളിത്തത്തിന്റെ ജീർണ്ണാവസ്ഥയിലാണ് ഫാഷിസം കടന്നു വരിക എന്ന മാർക്സിസ്റ്റ് വീക്ഷണം സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ നമുക്ക് തൊട്ടറിയാൻ കഴിയുന്നുണ്ട്.


ജനുവരി 20ന് നടന്ന റാലിയിൽ സഖാവ് ജയ്സൺ ജോസഫ് നടത്തിയ മുഖ്യപ്രസംഗത്തിൽ നിന്ന് ചില ഭാഗങ്ങൾ


മുതലാളിത്ത ഉത്പാദനം ഒരുപിടി സമ്പന്നരെ വളർത്തുമ്പോൾ ജനങ്ങളിൽ നല്ലൊരു പങ്ക് പാപ്പരായിക്കൊണ്ടിരിക്കുമെന്ന ലെനിന്റെ പാഠം സുവിദിതമാണ്. സമ്പന്നരും ദരിദ്രരും തമ്മിൽ വർദ്ധിച്ചുവരുന്ന ഈ വിടവ് സാമൂഹ്യ സംഘർഷങ്ങൾക്ക് ഇടയാക്കുന്നു. യാഥാർത്ഥ്യങ്ങൾ ജനങ്ങളിൽനിന്നും മറച്ചുവയ്ക്കുകയും എല്ലാവർക്കും വേണ്ടി നിലകൊള്ളുന്നുവെന്ന് ഭാവിക്കുകയും ചെയ്യുന്നു. എന്നാൽ ഇന്ന് നാം കാണുന്ന യുദ്ധം സാമ്രാജ്യത്വ ശക്തികളുടെ വ്യാപാര താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഉരുത്തിരിഞ്ഞു വരുന്നവയാണ്. യുക്രൈനിൽ റഷ്യൻ സാമ്രാജ്യത്വശക്തികൾ ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർക്കുകയുണ്ടായി. നാലു ലക്ഷത്തോളം ആളുകളെ ഇരുഭാഗത്തുമായി കുരുതി കൊടുത്തതാണ് ആ യുദ്ധം. പലസ്തീനിൽ ഇസ്രായേലിൽ നടത്തുന്ന മനുഷ്യക്കുരുതി നാം കണ്ടുകൊണ്ടിരിക്കുകയാണ്. എല്ലാം വിപണിക്കു വേണ്ടിയാണ്; മനുഷ്യനുവേണ്ടിയല്ല. എന്നാൽ, ലോകം സോഷ്യലിസ്റ്റ് ആയി മാറിയാൽ വിപണിക്കു വേണ്ടി മനുഷ്യനെ കൊല്ലുന്ന സാമ്രാജ്യത്വയുദ്ധങ്ങൾ എന്നെന്നേക്കുമായി അവസാനിക്കും.


എല്ലാ മുതലാളിത്ത രാജ്യങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. സംഘർഷങ്ങൾ വളർന്നു പടരുന്നു. ഭരിക്കുന്നവർ ഒരു ശതമാനത്തിന്റെ മാത്രം പ്രതിനിധികൾ ആണെന്ന് സ്വയം തെളിയിക്കുന്നു. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന യുവതീയുവാക്കൾ ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അവിടെയാണ് ലെനിന്റെയും സോവിയറ്റ് യൂണിയന്റെയും ചരിത്രപ്രാധാന്യം നാം തിരിച്ചറിയേണ്ടത്.
രണ്ടാം ലോകമഹായുദ്ധത്തിൽ ഫാഷിസ്റ്റ് വിരുദ്ധ സ്വാതന്ത്ര്യ പോരാട്ടത്തിൽ ഏകദേശം രണ്ടു കോടി ജനങ്ങളെയാണ് ലെനിന്റെയും സ്റ്റാലിന്റെയും സോവിയറ്റ് യൂണിയന് നഷ്ടമായത്. അത്തരം ഒരു മഹത്തായ ബലിയർപ്പണം മാനവരാശിയുടെ സംരക്ഷണത്തിനും മുന്നോട്ടുള്ള പ്രയാണത്തിനും വേണ്ടിയായിരുന്നു.
മുതലാളിത്ത വ്യവസ്ഥ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്കെല്ലാം സോഷ്യലിസം സ്ഥാപിച്ചുകൊണ്ടേ ശാശ്വത പരിഹാരമുണ്ടാക്കാൻ കഴിയൂ എന്ന് 70 വർഷത്തെ സോഷ്യലിസ്റ്റ് ഭരണം തെളിയിച്ചു. ലെനിന്റെ മഹത്തായ സംഭാവനയുടെ മർമ്മം കുടികൊള്ളുന്നത് അവിടെയാണ്. എന്നാൽ, മാർക്സിസം -ലെനിനിസത്തിന്റെ ശാസ്ത്രീയ പാതയിൽ നിന്ന് വ്യതിചലിച്ചതോടെ സോവിയറ്റ് യൂണിയൻ ശിഥിലമായി. സോഷ്യലിസ്റ്റ് ചേരി തകർന്നു. ലോക സംഭവഗതികളെ സ്വാധീനിക്കാനുള്ള ശേഷി അതോടെ നഷ്ടമായി. ലോകം സാമ്രാജ്യത്യ ശക്തികളുടെ ഏകപക്ഷീയമായ തീർപ്പുകൾക്ക് വിധേയമായതോടെ യുദ്ധങ്ങളുടെയും അട്ടിമറികളുടെയും വിഭവക്കൊള്ളയുടെയും പലായനങ്ങളുടെയും നാളുകളെ ലോകം അഭിമുഖീകരിക്കുന്നു. ജനാധിപത്യ വിശ്വാസികളും സമാധാനപ്രേമികളുമൊക്കെ ലെനിനെ സ്മരിക്കുന്നത് ചുട്ടുപൊള്ളുന്ന ഈ യാഥാർത്ഥ്യങ്ങളുടെ നടുവിൽ നിന്നാണ്.
ജനങ്ങളുടെ പണം ഉപയോഗിച്ച് മൂലധനനിക്ഷേപത്തിന്, അടിസ്ഥാനസൗകര്യ വികസനത്തിന്, പശ്ചാത്തലം ഒരുക്കുന്നത് യഥാർത്ഥ വികസനം അല്ല. ആ ഫണ്ട് കോർപ്പറേറ്റുകൾക്ക് തട്ടിയെടുക്കാൻ അവസരം ഒരുക്കുകയാണ് ചെയ്യുന്നത്. വിപ്ലവം നയിക്കാൻ യോഗ്യമായ യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി റഷ്യൻ മണ്ണിൽ കെട്ടിപ്പടുക്കുകയും അതിന്റെ സംഘടനാത്വത്ത്വങ്ങൾ രൂപീകരിക്കുകയും ചെയ്തത് ലെനിൻ ആയിരുന്നു. ജീവിതത്തിന്റെ സർവ്വാംശങ്ങളെയും കോർത്തിണക്കിക്കൊണ്ട് പുതിയ സാമൂഹ്യവ്യവസ്ഥ സൃഷ്ടിക്കാൻ ഉതകുംവിധം വിപ്ലവ സിദ്ധാന്തത്തിന് മൂർച്ച നൽകിതും ലെനിൻ തന്നെ. തൊഴിലാളികളുടെയും കർഷകരുടെയും സുദൃഢമായ, ഐക്യം ഊട്ടിയുറപ്പിച്ച്, ഒരു ജനതയ്ക്കാകെ വിപ്ലവവീര്യം പകർന്നു നൽകിയ മഹോന്നത നേതാവ്, മാറിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ തക്കവണ്ണം മാര്‍ക്സിന്റെയും ഏംഗൽസിന്റെയും ആശയങ്ങളെ വാനോളം വികസിപ്പിച്ചു.
ലെനിനിസ്റ്റ് പാത പിന്തുടരുന്നു എന്ന് അവകാശപ്പെട്ട പല പാർട്ടികളും – സിപിഎം ഉൾപ്പടെയുള്ളവ – ലെനിനിസത്തിന്റെ അന്തഃസത്ത ഗ്രഹിക്കുന്നതിൽ പരാജയപ്പെട്ടു. നമ്മുടെ രാജ്യത്ത് കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെട്ട പല പാർട്ടികളുടെയും അപചയത്തിന്റെ മൂലകാരണമിതാണ്. തൊഴിലാളിവർഗ്ഗ സംസ്കാരം ആർജ്ജിക്കുന്നതിനുള്ള വ്യക്തിജീവിത സമരത്തിൽ അവർ പരാജയപ്പെട്ടു. വ്യക്തിവാദത്തിന് ഇരയായതോടെ സംഘടനാരംഗത്ത് ഗ്രൂപ്പുകളും പിളർപ്പുകളും അനിവാര്യമായി. സാമൂഹ്യമാറ്റത്തിനായി നിലകൊള്ളുവാനുള്ള കെൽപ്പ് അതോടെ നഷ്ടമായി. ആ മഹത്തായ ലക്ഷ്യം വഴിയിൽ ഉപേക്ഷിച്ച് പാർലമെന്ററി വ്യാമോഹങ്ങളുടെ പിന്നാലെ പായാൻ തുടങ്ങി. ലെനിനിസത്തിന്റെ അന്തഃസത്ത ശരിയായി ഉൾക്കൊണ്ട എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌)സ്ഥാപകനായ സഖാവ് ശിബ്ദാസ് ഘോഷ് ലെനിനു ശേഷമുള്ള കാലയളവിൽ ഉയർന്നു വന്ന എല്ലാ പ്രത്യയശാസ്ത്ര സമസ്യകൾക്കും ഉത്തരം നൽകി. ലെനിനിസത്തിന്റെ ചരിത്ര പ്രാധാന്യമെന്തെന്ന് ഇന്ത്യൻ മണ്ണിൽ വരച്ചു കാട്ടി. സഖാവ് ശിബ്‌ദാസ് ഘോഷിന്റെ ചിന്തകളിലൂടെ മാർക്സിസം ലെനിനിസത്തെ ആഴത്തിൽ പഠിക്കാനും ഇന്ത്യൻ വിപ്ലവത്തിന്റെ ദൗത്യങ്ങൾ ഏറ്റെടുക്കാനും നാം മുന്നോട്ടു വരണം”. അദ്ദേഹം പറഞ്ഞു.

Share this post

scroll to top