സംസ്ഥാനത്തെ ജനാധിപത്യഘടനയുടെ തകര്‍ച്ചയിലുള്ള വേദന എം.ടിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നു

Share

ജ്ഞാ നപീഠ അവാര്‍ഡ് ജേതാവും മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരനുമായ എം.ടി.വാസുദേവന്‍ നായര്‍ 2024 ജനുവരി 12ന് കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടത്തിയ പ്രസംഗത്തില്‍ അവതരിപ്പിച്ച കാര്യങ്ങള്‍ വലിയ വിവാദത്തിന് വഴിവയ്ക്കുകയുണ്ടായി. പഴയ ഒരു ലേഖനം പ്രസംഗമായി അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ആലോചിച്ചുറപ്പിച്ച കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞതെന്ന് വ്യക്തം.

ചരിത്രപരമായ ഒരു ആവശ്യകതയെ പറ്റി സൂചിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം രാഷ്ട്രീയത്തിലെ മൂല്യച്യുതിയെക്കുറിച്ച് പരാമര്‍ശിച്ചു. ‘അധികാരത്തില്‍ എത്താനുള്ള ഒരു അംഗീകൃത മാര്‍ഗ്ഗമാണ് രാഷ്ട്രീയപ്രവര്‍ത്തനം. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാം. അധികാരം എന്നാല്‍ ജനസേവനത്തിന് കിട്ടുന്ന ഒരു അവസരം എന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടി. …ഐതിഹാസികമായ വിപ്ലവത്തിലൂടെ സാറിസ്റ്റ് ഭരണത്തെ നീക്കിയ റഷ്യയിലും പഴയ സേവന സിദ്ധാന്തം വിസ്മരിക്കപ്പെട്ടിരുന്നു. അവിടെ ശിഥിലീകരണം സംഭവിക്കാന്‍ പോകുന്നു എന്ന് ഫ്രോയ്ഡിന്റെ ശിഷ്യനും മാര്‍ക്‌സിയന്‍ തത്വചിന്തകനുമായ വില്‍ഹെം റീഹ് 1944 – ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശിഥിലീകരണത്തിന്റെ കാര്യകാരണങ്ങളെ അപഗ്രഥിക്കുക എന്നതാണ് അതിനെ നിഷേധിച്ച് ഇല്ലെന്ന് സങ്കല്‍പ്പിക്കുന്നതിന് പകരം ചെയ്യേണ്ടത്.
….ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം… ആള്‍ക്കൂട്ടം സമൂഹമായി മാറണം എന്ന് റീഹിനെക്കാള്‍ മുന്‍പ് എഴുത്തുകാരായ ഗോര്‍ക്കിയും ചെക്കോവും പ്രഖ്യാപിച്ചു…. തിന്മകളുടെ മുഴുവന്‍ ഉത്തരവാദിത്വവും സാറിസ്റ്റ് വാഴ്ചയുടെ മേല്‍ കെട്ടിവച്ച്, പൊള്ളയായ പ്രശംസകള്‍ നല്‍കിയും നേട്ടങ്ങളെ പെരുപ്പിച്ചു കാണിച്ചും ആള്‍ക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്നതിന് ഗോര്‍ക്കിയും ചെക്കോവും എതിരായിരുന്നു… ഭരണകൂടം കയ്യടക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്ന് മാര്‍ക്‌സ് ഒരിടത്തും പറഞ്ഞിട്ടില്ല എന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ….നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്പത്തെ മാറ്റിയെടുക്കാനാണ് ഇ.എം. എസ്. ശ്രമിച്ചത്. ആചാരോപചാരപരമായ നേതൃത്വ പൂജകളില്‍ ഒന്നും അദ്ദേഹത്തെ കാണാതിരുന്നത് അതുകൊണ്ടാണ്…’
അധികാരത്തെ കമ്മ്യൂണിസ്റ്റുകള്‍ എങ്ങനെ സമീപിക്കണം, എങ്ങനെ വിനിയോഗിക്കണം എന്നത് സംബന്ധിച്ച ധാരണകളാണ് എം.ടി. ആ വേദിയില്‍ പങ്കുവെച്ചത്. അതിന് ഉപോല്‍ബലകമായി റഷ്യയെയും സോവിയറ്റ് യൂണിയനെയും ഉദാഹരിച്ചുകൊണ്ട് യു.എസ്. എസ്.ആറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു അന്നത്തെ അവിടുത്തെ സാഹിത്യകാരന്മാരും ചിന്തകരും നല്‍കിയ മുന്നറിയിപ്പുകള്‍ ഇവിടെ ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തത്. ഭരണകൂടത്തിന്റെ തെറ്റായ പോക്കിനെ ജനപക്ഷത്തുനിന്ന് ചൂണ്ടിക്കാട്ടി നേര്‍വഴിക്ക് നയിക്കുക എന്ന ദൗത്യം സാഹിത്യകാരന്‍ നിര്‍വഹിക്കാനുണ്ട് എന്ന തിരിച്ചറിവാണ് അദ്ദേഹത്തെക്കൊണ്ട് ഇത് പറയിച്ചത് എന്ന് വ്യക്തം. എന്നാല്‍ എം.ടി.യുടെ പ്രസംഗം മുഖ്യമന്ത്രിയെയോ സംസ്ഥാനഭരണത്തെയോ ഉദ്ദേശിച്ചായിരുന്നില്ല എന്നും അത് കേന്ദ്രസര്‍ക്കാരിനെ ഉദ്ദേശിച്ചായിരുന്നു എന്നും വരുത്തിത്തീര്‍ക്കാന്‍ ആണ് സിപിഐ(എം) ഉം അവരുടെ പത്രമായ ദേശാഭിമാനിയും ശ്രമിച്ചത്. മാത്രമല്ല എം.ടിയുടെ പ്രസംഗത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടോ എന്ന് പരിശോധിക്കുവാന്‍ ആഭ്യന്തര വകുപ്പ് രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തിയതായി വാര്‍ത്ത വരികയും ഉണ്ടായി. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ വകുപ്പ് ആയതിനാല്‍ മുഖ്യമന്ത്രി അറിയാതെ അങ്ങനെ ഒരു തീരുമാനം ഉണ്ടാവുകയില്ല എന്ന് തീര്‍ച്ച. മാത്രമല്ല അത് ആരെങ്കിലും നിഷേധിക്കുകയോ ആ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല. ചുരുക്കത്തില്‍ എം.ടിയെ പോലെ അത്രയും മുതിര്‍ന്ന, കേരളം ആദരിക്കുന്ന വ്യക്തിത്വം ഇത്രയും ശക്തമായ വിമര്‍ശനം ഉന്നയിച്ചിട്ടും ഒരു ആത്മപരിശോധന നടത്തുവാന്‍ സര്‍ക്കാരും സിപിഐ(എം) ഉം തയ്യാറായിട്ടില്ല.
ഏറെ നാളുകളായി കേരളജനതയുടെ മനസ്സില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിഷേധമാണ് എം.ടിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. അഹംഭാവവും അപ്രമാദിത്വബോധവും അധികാരപ്രമത്തതയും തലയ്ക്കു പിടിച്ച വിവേകശൂന്യമായ ഭരണമാണ് കേന്ദ്രത്തിലേതെന്നതുപോലെ സംസ്ഥാനത്തും നടന്നു വരുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ശ്രീമാന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭാ അംഗങ്ങള്‍ ഒന്നടങ്കം ചേര്‍ന്ന് നടത്തിയ നവകേരള യാത്ര എന്ന പേരിലുള്ള ആഘോഷയാത്ര.


സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്; നിത്യനിദാന ചെലവുകള്‍ നിര്‍വഹിക്കാന്‍ പോലും ഖജനാവില്‍ പണമില്ല എന്നാണ് മന്ത്രിമാര്‍ എല്ലാവരും ആവര്‍ത്തിക്കുന്നത്. അതിന്റെ പേരില്‍ ക്ഷേമനടപടികള്‍ എല്ലാം നിര്‍ത്തലാക്കി കൊണ്ടിരിക്കുന്നു. ക്ഷേമ പെന്‍ഷനുകള്‍, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ വിതരണം, സപ്ലൈകോ സൗജന്യങ്ങള്‍ തുടങ്ങിയ പല മേഖലകളും സ്തംഭിച്ച് നില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് 27 കോടി രൂപ ഖജനാവില്‍ നിന്നും അതിന്റെ ഇരട്ടിയിലേറെ തുക സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രാദേശിക ബിസിനസുകാരില്‍ നിന്നും സമാഹരിച്ച് കേരളീയം എന്ന ആഘോഷം നടത്തിയത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്ന് നാട്ടുരാജ്യങ്ങളെ യോജിപ്പിച്ച് കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതിന്റെ സ്മരണ പുതുക്കുന്ന ദിനം എന്ന പ്രാധാന്യം മാത്രമാണ് കേരള പിറവി ദിനത്തിനുള്ളത്. അതിനുമപ്പുറം യാതൊരു പ്രസക്തിയുമില്ലാത്ത ഒരു കാര്യത്തിനു വേണ്ടിയാണ് ദാരിദ്ര്യത്തിന്റെ മധ്യത്തില്‍ ഇത്രയേറെ തുക ധൂര്‍ത്തടിച്ച് മഹാ ആഘോഷം നടത്തിയത്! ഇത് സാമാന്യയുക്തിക്ക് നിരക്കുന്ന കാര്യമല്ല. അതേ ചൊല്ലിയുള്ള വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്‍പേ പൊതുഖജനാവില്‍ നിന്നു പണമെടുത്തും കേരളീയത്തിനു വേണ്ടി ചെയ്തതു പോലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണപ്പിരിവ് നടത്തി കോടികള്‍ ശേഖരിച്ചും എല്‍ഡിഎഫിന്റെ ഒരു രാഷ്ട്രീയ പ്രചാരണ പരിപാടി മാത്രമായ നവകേരളയാത്രയ്ക്ക് സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് കോടികള്‍ ചെലവഴിച്ചത്.
ഈ പരിപാടികളുടെ സംഘാടനത്തിനായി സ്വന്തം പാര്‍ശ്വവര്‍ത്തികള്‍ക്ക് പണം വീതിച്ച് നല്‍കുകയാണ് യഥാര്‍ത്ഥത്തില്‍ നടന്നത്. സദസ്സുകളില്‍ ശ്രോതാക്കളുടെ എണ്ണം ഉറപ്പാക്കാന്‍ വേണ്ടി പ്രജകളുടെ പരാതി സ്വീകരിക്കല്‍ എന്നൊരു കാര്യം കൂടി പരിപാടിയില്‍ ഉള്‍പ്പെടുത്തി. പരാതി സ്വീകരിക്കുന്നവരും നല്‍കുന്നവരും കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തുന്നവരും അത് കാണാനെത്തുന്നവരും ഒരു താലൂക്കിലെ മുഴുവന്‍ ഉദ്യോഗസ്ഥന്മാരും എല്ലാവരും കൂടി ചേരുമ്പോള്‍ നല്ല ഒരു സംഖ്യ ആള്‍ ഉറപ്പാകുമല്ലോ. വലിയ തുകകള്‍ മുടക്കിയുള്ള കലാപരിപാടികള്‍, സൗജന്യ ഭക്ഷണവിതരണം ഇതെല്ലാം ഉദ്യോഗസ്ഥരെക്കാള്‍ പാര്‍ട്ടി നേതാക്കളുടെ നിയന്ത്രണത്തില്‍ ആയിരുന്നു നടന്നത്. 140 നിയോജക മണ്ഡലങ്ങളിലും ഈ പരിപാടി നടത്തിയത് വഴി കണക്കറ്റ പണം സംഘാടനത്തിന്റെ പേരില്‍ കരാറുകാരുടെയും മറ്റും രൂപത്തില്‍ പാര്‍ട്ടിക്ക് വേണ്ടപ്പെട്ട പലയാളുകളുടെയും പക്കല്‍ എത്തി. ഒപ്പം, പാര്‍ട്ടിക്ക് പണച്ചിലവില്ലാതെ ഭരണയന്ത്രത്തിന്റെ ചുമതലയില്‍ ചുളുവില്‍ രാഷ്ട്രീയ പ്രചാരണവും!
1 കോടി 5 ലക്ഷം രൂപ ചെലവഴിച്ച് ഈ യാത്രയ്ക്കുള്ള വാഹനം വാങ്ങിയതാണ് ഏറ്റവും ശ്രദ്ധേയം. 20 മന്ത്രിമാരുടെയും വാഹനങ്ങളും എസ്‌കോര്‍ട്ടും ഒഴിവാക്കി ചെലവ് ചുരുക്കാന്‍ ആണ് ഇത് ചെയ്തത് എന്ന് പറയുമ്പോഴും 20 മന്ത്രി വാഹനങ്ങളും അവരുടെ അനുബന്ധ സംവിധാനങ്ങളും വാഹനങ്ങള്‍ അടക്കം യാത്രയോടൊപ്പം സഞ്ചരിച്ചു എന്നതാണ് വിചിത്രം! മത്സര അടിസ്ഥാനത്തില്‍ എന്നോണം സമൃദ്ധമായി ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കിയാണ് യാത്രയ്ക്ക് എല്ലായിടത്തും വരവേല്‍പ്പ് നല്‍കിയത്. കടുത്ത സാമ്പത്തിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു സര്‍ക്കാരിന്റെ ലാളിത്യം ഒരിടത്തും ഉണ്ടായില്ല എന്ന് മാത്രമല്ല, ജനങ്ങളെ പരിഹസിക്കും വിധം അറപ്പുളവാക്കുന്ന ധൂര്‍ത്തും ധാര്‍ഷ്ട്യവുമാണ് എങ്ങും കണ്ടത്.
ഇത്തരമൊരു സാഹചര്യത്തില്‍ ഔപചാരിക പ്രതിപക്ഷം എന്ന നിലയില്‍ യുഡിഎഫിന്റെ ഭാഗത്തുനിന്നും സര്‍ക്കാരിനെതിരെ സാഹചര്യം ആവശ്യപ്പെടുന്ന വിധത്തിലുള്ള ബഹുജന പ്രക്ഷോഭം വളര്‍ത്തിയെടുക്കാനുള്ള യാതൊരു ശ്രമങ്ങളും ഉണ്ടായില്ല. മറിച്ച് യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം ഏതാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കൊണ്ട് കരിങ്കൊടി കാണിക്കുന്ന മിനിമം പരിപാടിയില്‍ ഒതുങ്ങുന്ന പ്രതിഷേധമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ബിജെപി ആകട്ടെ അത്യപൂര്‍വ്വം സ്ഥലങ്ങളില്‍ കരിങ്കൊടിയുമായി ഇറങ്ങിയതല്ലാതെ സര്‍ക്കാരിനെതിരെ ദുരൂഹമായ ഒരു മൗനം ദീക്ഷിച്ചു.


എന്നാല്‍ കേവലം കരിങ്കൊടി പ്രതിഷേധം പോലും അനുവദിക്കില്ല എന്ന മട്ടിലായിരുന്നു സര്‍ക്കാര്‍. പോലീസ് മാത്രമല്ല ഫാഷിസ്റ്റ് മാതൃകയില്‍ സിപിഐ(എം) ഗുണ്ടകളും പ്രതിഷേധക്കാരെ നേരിടാന്‍ രംഗത്തിറങ്ങി. തെരുവോരങ്ങളില്‍ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ ചെറുപ്പക്കാരെ അതിക്രൂരമായി ഗുണ്ടകള്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും ചാനലുകളിലൂടെയും ലോകം കണ്ടു. ഹെല്‍മറ്റും പൂച്ചട്ടിയും കല്ലുമെടുത്തു മനുഷ്യത്വമില്ലാതെ തെരുവില്‍ പോലീസുകാരോടൊപ്പം ചേര്‍ന്ന് മനുഷ്യരുടെ തല തല്ലിപ്പൊളിക്കാന്‍ ശ്രമിക്കുന്ന ക്രിമിനലുകളെ മുഖ്യമന്ത്രി പരസ്യമായി ന്യായീകരിക്കുകയാണ് ചെയ്തത്. പ്രതിഷേധിക്കാന്‍വന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ തലതല്ലിപ്പൊളിക്കാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ പ്രവൃത്തിയെ, മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടാന്‍ ഒരുമ്പെടുന്ന യൂത്ത് കോണ്‍ഗ്രസുകാരെ അപകടത്തില്‍ പെടാതിരിക്കുവാന്‍ രക്ഷപ്പെടുത്തുകയാണ് പോലീസും ഗുണ്ടകളും ചെയ്തതെന്നും അത് ഇനിയും തുടരണം എന്നാണ് തന്റെ അഭിപ്രായം എന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കുകയും പൂര്‍വ്വാധികം അക്രമം വര്‍ദ്ധിക്കുകയും ചെയ്തു. ഈ നടപടിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിടത്തെല്ലാം ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായി. ഉത്തരവാദിത്ത ബോധത്തോടെ, പക്വതയോടെ വാക്കുകള്‍ ഉപയോഗിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയാതെ വന്നതു മൂലം ഉണ്ടായതാണ് ഈ സ്ഥിതിഗതികളൊക്കെയും. ജനാധിപത്യക്രമത്തില്‍ തന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരെ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഒരു കാരണവശാലും അവ തടയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നവെന്നു സങ്കല്‍പ്പിക്കുക. അത്തരമൊരു നിലപാട് സമൂഹത്തില്‍ സൃഷ്ടിക്കുന്ന ആരോഗ്യകരമായ ജനാധിപത്യഅന്തരീക്ഷം, ദേശമെമ്പാടും ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരെ പൊരുതുന്ന പോരാളികള്‍ക്ക് എത്ര ആത്മവിശ്വാസം പകരുമായിരുന്നു. രാജ്യമെമ്പാടുമുള്ള ഭരണാധികാരികള്‍ക്ക് അതൊരു ജനാധിപത്യമാതൃകയായി മാറുമായിരുന്നു. അത്തരമൊരു ഉത്തരവാദിത്തബോധം ചിന്തയില്‍പ്പോലുമില്ലാത്ത ഒരാളായി മുഖ്യമന്ത്രി മാറിയതിന്റെ പ്രതികരണമാണ് എം.ടിയുടെ വാക്കുകളില്‍ പ്രതിഫലിച്ചത്.
നവകേരള യാത്രയിലൂടെ തന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള വണ്‍മാന്‍ ഷോ ആണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത്. വേദികളില്‍ ഒരിടത്തും മെച്ചപ്പെട്ട രീതിയില്‍ സദസിനെ സ്വാധീനിക്കുന്ന പ്രകടനം നടത്താന്‍ ആരെയും അദ്ദേഹം അനുവദിച്ചില്ല. കൂത്തുപറമ്പ് മണ്ഡലത്തില്‍ സദസ്സിനോട് ശ്രദ്ധേയമായി സംവദിച്ച അവിടുത്തെ എംഎല്‍എ കൂടിയായ കെ.കെ.ശൈലജയോടുള്ള അസംതൃപ്തി അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചതും ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ തോമസ് ചാഴിക്കാടന്‍ എംപിയെ ആക്ഷേപിക്കത്തക്കവിധം അഭിപ്രായം പ്രകടിപ്പിച്ചതും അതിന്റെ ഉദാഹരണങ്ങളാണ്. ഇതിന്റെ ഒരു മറുവശമാണ്, ചില മന്ത്രിമാര്‍ യാതൊരു ഉളുപ്പുമില്ലാതെ കിട്ടുന്ന അവസരങ്ങളിലെല്ലാം മുഖ്യമന്ത്രിക്ക് വാഴ്‍ത്തുമൊഴികള്‍ പാടിക്കൊണ്ടിരുന്നത്.


‘മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിനുള്ള ദൈവത്തിന്റെ വരദാനമാണ് എന്നും അദ്ദേഹത്തിന്റെ പാദസ്പര്‍ശമേറ്റ മൈതാനം നവകേരള മൈതാനം എന്ന് അറിയപ്പെടും’ എന്നും മറ്റും മന്ത്രിമാര്‍ പറയുന്നത് കേള്‍ക്കേണ്ടിവന്നു! എ.കെ. ബാലനും സജി ചെറിയാനും ഉള്‍പ്പെടെയുള്ളവരെല്ലാം ഇത്തരത്തില്‍ അന്ത:സാരശൂന്യമായ പ്രശംസാവചനങ്ങള്‍ ചൊരിയാന്‍ മത്സരിക്കുന്നത് കണ്ടു. അതെല്ലാം വ്യക്തമാക്കുന്നത് അവ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് മുഖ്യമന്ത്രി എന്ന് അടുത്തറിയുന്നവരെല്ലാം മനസിലാക്കുന്നു എന്നും സ്വന്തം സ്ഥാനങ്ങള്‍ ഭദ്രമാക്കാന്‍ അതുവഴി അവര്‍ ശ്രമിക്കുന്നു എന്നുമാണ്.
മുഖ്യമന്ത്രിയുടെ ആശ്രിതരും പാര്‍ശ്വവര്‍ത്തികളും പദവികള്‍ക്കും നേട്ടങ്ങള്‍ക്കും വേണ്ടി പ്രശംസകള്‍ ചൊരിയുവാന്‍ മത്സരിക്കുന്നത് സ്വാഭാവികം. പക്ഷേ, അത് അത്ര സ്വാഭാവികമായി സ്വീകരിക്കാന്‍ കേരളത്തിലെ പൊതുസമൂഹത്തിന് കഴിയുകയില്ലല്ലോ? വിശേഷിച്ച് പിണറായി വിജയന്‍ കേരളത്തിലെ മുഖ്യമന്ത്രിമാര്‍ക്കിടയില്‍തന്നെ ഏറ്റവും അപകീര്‍ത്തി നേടി ജനങ്ങളുടെ മുന്നില്‍ അപഹാസ്യനായി പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അത് ഒട്ടും സ്വാഭാവികമായി സ്വീകരിക്കാനാവില്ല.
എം.ടി.വാസുദേവന്‍ നായരെ പോലെ കേരള ജനതയുടെ മനസ്സറിയുന്ന ഒരു എഴുത്തുകാരന് ജനങ്ങളെ പ്രതിനിധീകരിച്ച് അത് പറയാതിരിക്കാനാവില്ല. കേവലം ഒരു കരിങ്കൊടി കാണുന്നതു പോലും സഹിക്കാന്‍ പറ്റാത്തവിധം ജനാധിപത്യവിരുദ്ധത മുഖമുദ്രയാക്കിയ മുഖ്യമന്ത്രിയെ കേരളസമൂഹത്തിന്റെ മുന്നില്‍ തന്റെ വാക്കുകളിലൂടെ കരിങ്കൊടി പുതപ്പിക്കുംവിധം ഈ അവസരം ഉപയോഗിച്ച അദ്ദേഹത്തെ കേരളീയസമൂഹം മനസ്സാ അഭിനന്ദിക്കുന്നുണ്ട്. പ്രത്യക്ഷ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുവാന്‍ എന്നും വിമുഖനായിരുന്ന എം.ടി. അത്യാവശ്യസന്ദര്‍ഭങ്ങളില്‍ രംഗത്തു വരാന്‍ മടിച്ചിട്ടില്ല. എ.കെ.ആന്റണിയുടെ യുഡിഎഫ് ഭരണകാലത്ത് മുത്തങ്ങയില്‍ നിസ്സഹായരായ ആദിവാസികള്‍ക്കു നേരേ വെടിയുതിര്‍ത്തപ്പോള്‍ അതിനെതിരെ പ്രതിഷേധിച്ച് അദ്ദേഹം രംഗത്ത് വന്നത് ശ്രദ്ധേയമായിരുന്നു. തത്തുല്യമായ നിലയില്‍ തന്റെ ഇടപെടല്‍ ആവശ്യമാണെന്ന് തോന്നിയ ഒരു സന്ദര്‍ഭത്തിലാണ് ‘ചരിത്രപരമായ ഒരാവശ്യം’ എന്ന തലക്കെട്ടില്‍ അദ്ദേഹം 2003 ല്‍ എഴുതിയ ഒരു ലേഖനം ഇന്ന് മറ്റൊരു ചരിത്രപരമായ ആവശ്യമെന്ന് കരുതി പൊടിതട്ടി എടുത്ത് പ്രസംഗരൂപത്തില്‍ അവതരിപ്പിച്ച് അധികാരം, സര്‍വ്വാധിപത്യം നേതൃപൂജ, ഏകാധിപത്യം തുടങ്ങിയ കാര്യങ്ങളൊക്കെ വിശദീകരിച്ചുകൊണ്ട് ചില കാര്യങ്ങള്‍ സൂചിപ്പിച്ചത്. നേതൃത്വത്തിലിരിക്കുന്നവര്‍ വ്യക്തിപൂജയില്‍ അഭിരമിച്ച് അധികാരത്തെ സര്‍വ്വാധിപത്യമായി കരുതുകയും എതിര്‍ശബ്ദങ്ങളെ ഭയന്ന് അവയെ അടിച്ചമര്‍ത്താന്‍ തുനിയുകയും ചെയ്യുന്ന പ്രവണത ശക്തമാകുന്നത് നമ്മുെട ജനാധിപത്യത്തിന്റെ അടിത്തറയാണ് തകര്‍ക്കുന്നതെന്ന് വ്യക്തമാണ്. കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. ഒരുകാലത്ത് സോവിയറ്റ് യൂണിയനില്‍ ഗോര്‍ക്കിയും ചെക്കോവും നിര്‍വ്വഹിച്ച ഉത്തരവാദിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് കേരളത്തിലെ മുതിര്‍ന്ന സാഹിത്യകാരന്‍ എന്ന ഉത്തരവാദിത്തബോധത്താല്‍ അദ്ദേഹം ഇത് പറഞ്ഞത് എന്നത്ശ്രദ്ധേയമാണ്.

Share this post

scroll to top