വയനാട് ഉരുൾപൊട്ടൽ: അടിയന്തരസഹായമെത്തിക്കുക : സത്വരമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നേതൃത്വം നൽകുക

Share


എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ് നടത്തിയ പ്രസ്താവന

സംസ്ഥാനത്തെ നടുക്കിയ ഈ ദുരന്തത്തിൽ പശ്ചിമഘട്ട മലനിരകളുടെ ഓരങ്ങളിലും അടിവാരത്തുമൊക്കെ വസിക്കുന്നവരാകെ ആശങ്കാകുലരാണ്. ഏതുസമയത്തും ജീവനും വസ്തുവകകളുമൊക്കെ നഷ്ടപ്പെടാമെന്നതാണ് സ്ഥിതി. ദുരന്തത്തിൽ പ്പെട്ടവരെ രക്ഷിക്കുവാനും ആവശ്യമായ സഹായങ്ങളെത്തിക്കുവാനും അധികാരികൾ സത്വരശ്രദ്ധ പുലർത്തണം. അതോടൊപ്പം ഇത്തരം ദൂരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളെടുക്കാനും ശാസ്ത്രീയമായ സംരക്ഷണ നടപടികൾ ദീർഘവീക്ഷണത്തോടെ കൈക്കൊള്ളാൻ അധികാരികൾ തയ്യാറാകണം.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കടുത്ത വരൾച്ച, വെള്ളപ്പൊക്കം, പേമാരി തുടങ്ങിയവയ്ക്കൊക്കെ സംസ്ഥാനം ആവർത്തിച്ചിരയായിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്നതിന് പിന്നിൽ മനുഷ്യന്റെ തെറ്റായ ഇടപെടൽ കാരണമാകുന്നുവെന്ന് വി. എൻ.ഗാഡ്ഗിൽ അടക്കം പല വിദഗ്ദ്ധരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പുകൾ അവഗണിക്കുന്നതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. അതീവ പ്രാധാന്യത്തോടെ ഇത്തരം വിഷയങ്ങളിൽ ശരിയായ നിലപാടെടുക്കാനും ഉത്തരവാദിത്തബോധത്തോടെ പ്രവർത്തന പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കാനും സംസ്ഥാന സർക്കാർ തയ്യാറാകണം. കേന്ദ്രഗവൺമെന്റിന്റെ പിന്തുണയും സഹായങ്ങളും ഇക്കാര്യത്തിലുണ്ടാകാൻ ജനപ്രതിനിധികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുമിച്ച് നിൽക്കണം. സേവന സന്നദ്ധരായ മുഴുവനാളുകളെയും ഉൾക്കൊള്ളുന്ന വിശാലമായ ദുരന്ത നിവാരണ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കണം. ദുരന്തങ്ങൾ മനുഷ്യനിർമ്മിതമാകുമ്പോൾ, അതിൽ അധികാരികൾ പ്രതിസ്ഥാനത്തു വരുമ്പോൾ അത് അക്ഷന്തവ്യമായ അപരാധമാകുന്നു. മനുഷ്യർക്കും മറ്റുജീവജാലങ്ങൾക്കും പ്രകൃതിക്കും സംരക്ഷണം ഒരുക്കേണ്ടത് അധികാരികളുടെ ഉത്തരവാദിത്തമാണെന്ന് മറക്കാതിരിക്കുക.

Share this post

scroll to top