വയനാട് വെടിവയ്പ്: യാഥാർത്ഥ്യം വെളിച്ചത്തുവരാൻ സത്യസന്ധമായ അന്വേഷണം നടത്തണം

Share

വയനാട് പടിഞ്ഞാറത്തറയ്ക്കു സമീപം വാളാരംകുന്നില്‍ നവംബര്‍ മൂന്നിന് രാവിലെ മാവോയിസ്റ്റ് എന്ന പേരില്‍ ഒരാളെ വെടിവച്ചു കൊലപ്പെടുത്തിയ തണ്ടര്‍ബോള്‍ട്ട് സേനയുടെ നടപടിയെ ശക്തമായി അപലപിക്കുന്നതായി എസ്‌യുസിഐ (കമ്യൂ ണിസ്റ്റ്) സംസ്ഥാനസെക്രട്ടറി വി.വേണുഗോപാല്‍ ഒരു പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. സംഭവത്തിന്റെ യാഥാര്‍ത്ഥ്യം പുറംലോകമറിയാന്‍ സത്യസന്ധമായ അന്വേഷണം നടത്തണം. മുന്‍ സംഭവങ്ങളുടെ വെളിച്ചത്തില്‍ പോലീസ് അവതരിപ്പിക്കുന്ന ഏറ്റുമുട്ടല്‍ വ്യാഖ്യാനം അംഗീകരിക്കാന്‍ ഒരു കാരണവശാലും ആവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മാവോയിസ്റ്റ് തീവ്രവാദികളെ നേരിടാനെന്ന പേരില്‍ നടത്തിയ നാല് വെടിവയ്പുകളിലായി എട്ട് പേര്‍ കൊലചെയ്യപ്പെട്ടു. ഈ വെടിവയ്പുകളെ സംബന്ധിച്ച് പോലീസ് നല്‍കിയിരുന്ന വിശദീകരണം വസ്തുതാവിരുദ്ധമാണെന്ന് പിന്നീട് പല തെളിവുകളും സ്ഥാപിക്കുകയു ണ്ടായി. കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ത്തന്നെ ലക്കിടിയിലെ റിസോര്‍ട്ടില്‍ ജലീല്‍ എന്ന ചെറുപ്പക്കാരനെ വെടിവച്ചുകൊന്ന ഇതേ പോലീസ് സേന അന്നും പറഞ്ഞത് ഏറ്റുമുട്ടലില്‍ മരണപ്പെട്ടുവെന്നാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ പോലീസിന്റെ ഏറ്റുമുട്ടല്‍ കഥയെ പാടേ തള്ളിയിരിക്കുകയാണ്. ഇപ്പോള്‍ പടിഞ്ഞാറത്തറയിലെ വെടിവയ്പിനെ സംബന്ധിച്ചും ഏറ്റുമുട്ടല്‍ ന്യായം പോലീസ് ആവര്‍ത്തിക്കുകയാണ്. സംഭവസ്ഥലത്തേക്കു തിരിച്ച മാധ്യമപ്രവര്‍ത്തകരെ രണ്ടു കിലോമീറ്റര്‍ അകലെ വച്ച് പോലീസ് തടയുകയുണ്ടായി. പോലീസിന്റെ വിശദീകരണം ഗുരുതരമായ സംശയത്തിന്റെ മറയ്ക്കുള്ളിലാണ്. ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യമറിയാന്‍ അവകാശമുണ്ടെന്നതിനാല്‍ സത്യം പുറത്തുവന്നേ മതിയാകൂ. ഒരിടതു സര്‍ക്കാരില്‍ നിന്നും ഒരു കാരണവശാലും ഉണ്ടാകാന്‍പാടില്ലാത്ത കാര്യങ്ങളാണ് കേരളത്തിലെ പോലീസ് സേനയില്‍ നിന്നും ആവര്‍ത്തിക്കപ്പെടുന്നത്. അലനെയും താഹയെയും യുഎപിഎ ചുമത്തി തുറുങ്കിലടച്ച പോലീസിന്റെ വ്യാഖ്യാനങ്ങളെ അതേപടി ആവര്‍ത്തിച്ച് പോലീസിനെ പിന്തുണച്ച മുഖ്യമന്ത്രിയും കൂട്ടരും യഥാര്‍ത്ഥത്തില്‍ മോദിയുടെ ഭരണകൂടഭീകരതയ്ക്കു ന്യായം സൃഷ്ടിക്കുകയാണ്. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന്റെ ലജ്ജാകരമായ പിന്തുണ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് ലഭിച്ചത് ഇക്കാരണത്താലാണ്. അലനും താഹയ്ക്കും ജാമ്യം നല്‍കിക്കൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ സംസ്ഥാനഭരണത്തെ നയിക്കുന്നവര്‍ ഗൗനിക്കാന്‍ പോലും തയ്യാറായിട്ടില്ല എന്നാണ് അതിനു ശേഷവും പോലീസിന്റെ ഭാഗത്തു നിന്നുള്ള നടപടികള്‍ വ്യക്തമാക്കുന്നത്. ജനാധിപത്യധ്വംസനങ്ങള്‍ക്കെതിരെയും പൗരാവകാശവേട്ടയ്ക്കതിരെയുമുള്ള രാജ്യമെമ്പാടും നടക്കുന്ന പോരാട്ടത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന നടപടികളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്ന് വി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Share this post

scroll to top