ചുട്ടെരിക്കപ്പെടുന്ന ജനാധിപത്യം ചവിട്ടി താഴ്ത്തപ്പെടുന്ന സ്ത്രീത്വം യുപിയിൽ യോഗിയുടെ കാട്ടാളഭരണം

images-6.jpeg
Share

വായിച്ചു കേൾക്കുക

ഇൻഡ്യയുടെ ഹൃദയഭൂമിയായ യുപിയിൽനിന്നും ഉയരുന്ന കരൾപിളർത്തും വാർത്തകൾക്ക് അന്തമില്ല. നിരാലംബരായ നമ്മുടെ സഹജീവികൾ അനുഭവിക്കുന്ന കൊടിയ പീഡനങ്ങൾക്കും വ്യഥകൾക്കും അപമാനത്തിനും അന്തമില്ല. ഭരണകൂടത്തിന്റെ രാക്ഷസീയശക്തിക്കുമുമ്പിൽ സ്ത്രീകളും ദളിതരും നിർദ്ധനരും തൊഴിലാളികളും ന്യൂനപക്ഷങ്ങളും ഞെരിഞ്ഞമരുകയാണ് യുപിയുടെ മണ്ണിൽ. അവർക്കുവേണ്ടി ശബ്ദമുയർത്തുന്നവർ രാജ്യദ്രോഹികളും ഗൂഢാലോചനക്കാരുമായി മാറുന്നു. ഹത്രാസ് അവസാനത്തെ സംഭവമാകുന്നില്ല എന്നത് നമ്മെ വീണ്ടും ഞെട്ടിക്കുന്നു.

രാഷ്ട്രീയ-വർഗ്ഗീയ പിൻബലമുള്ള ക്രിമിനിലുകളുടെ അഴിഞ്ഞാട്ടം സ്ത്രീകൾക്ക് മാനം മാത്രമല്ല ജീവൻപോലും സംരക്ഷിക്കാനിടയില്ലാതാക്കിയിരിക്കുന്നു. നിഷ്ഠുരമായ നിരന്തര അതിക്രമങ്ങൾക്കെതിരെ ഉറക്കെ ഒന്നു നിലവിളിക്കാൻപോലും അനുവദിക്കപ്പെടാതെ ഹൃദയം വിങ്ങി, ഇരകളിൽ ഭൂരിഭാഗവും നിശബ്ദരായി കഴിയുമ്പോൾ അധികാരത്തിന്റെ ധാർഷ്ട്യത്തിനുനേരെ നിർഭയം വിരൽ ചൂണ്ടാൻ തുനിയുന്നവരെ വേട്ടയാടി ഇല്ലാതാക്കുന്നു. ശബ്ദം ഉയർത്തുന്നവർക്കെല്ലാമുള്ള സർക്കാരിന്റെ വിധി ഇതാണെന്ന മുന്നറിയിപ്പ് നൽകുന്നു. മാനഭംഗത്തിനിരയായവൾ നീതിനിഷേധത്തിൽ മനംനൊന്ത് സ്വയംതീകൊളുത്തേണ്ടി വന്ന, പിതാവിന്റെയും രണ്ടു കുടുംബാംഗങ്ങളുടെയും ജീവൻ വിലയായി നൽകേണ്ടി വന്ന ‘ഉന്നാവ’ പെൺകുട്ടി കരളുറഞ്ഞ ഉദാഹരണമായിരുന്നു. ഇപ്പോള്‍ വാര്‍ത്ത ഹത്രാസില്‍ നിന്ന് എന്നുമാത്രം. പശുക്കള്‍ക്ക് പുല്ലരിയാൻ അമ്മയോടൊപ്പംപോയ ഒരു പെൺകുട്ടിയെ, മേൽജാതിക്കാരായ ഏതാനും യുവാക്കൾ തട്ടിക്കൊണ്ടുപോയി ക്രൂരബലാൽസംഗത്തിനിരയാക്കി. നാവരിഞ്ഞ്, നട്ടെല്ലു തകർത്ത് ഉപേക്ഷിച്ചു. സെപ്തംബർ 14ന് മൃഗീയപീഡനത്തിനിരയായ ആ പെൺകുട്ടി, കൊടിയ യാതനകൾ സഹിച്ച് സെപ്തംബർ 29ന് ജീവൻ വെടിഞ്ഞു. പക്ഷേ പോലീസ് നടപടികളുണ്ടായത് പെൺകുട്ടിക്കും കുടുംബത്തിനും എതിരെയായിരുന്നു, പ്രതികൾക്കെതിരെ ആയിരുന്നില്ല. ബലാൽസംഗത്തിനിരയായതായി ഫോറൻസിക് പരിശോധനയിൽ തെളിവില്ല എന്നാണ് യുപി പോലീസ് നിലപാടെടുത്തത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ വീട്ടുതടങ്കലിലായി. പുറംലോകവുമായുള്ള അവരുടെ ബന്ധം പോലീസ് വിച്ഛേദിച്ചു. അവർക്കെതിരേ കേസെടുക്കുമെന്നും, കായികമായി കൈകാര്യം ചെയ്യുമെന്നും ഒക്കെ ഭീഷണിപ്പെടുത്തിയത് പ്രതികളായിരുന്നില്ല. പോലീസും യുപി ഭരണകൂടവുമായിരുന്നു. അവസാനം, മൃതദേഹം ബന്ധുക്കൾക്ക് വീട്ടുനൽകാൻ തയ്യാറാകാതെ, എന്തിന് കാണാനോ ആചാരപ്രകാരം സംസ്‌ക്കരിക്കാനോ അനുവദിക്കാതെ, പോലീസും ജില്ലാ ഭരണകൂടവും ചേർന്ന് പുലർച്ചെ 2 മണിക്ക് പെട്രോൾ ഒഴിച്ച് കത്തിച്ചു ചാരമാക്കി. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായിവരെ സംഘപരിവാരം ഉയർത്തിക്കാട്ടുന്ന യോഗി ആദിത്യനാഥ് എന്ന ബിജെപി മുഖ്യമന്ത്രി വാണരുളുന്ന ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്നത് ഇതാണ്. ഡൽഹി, ഹൈദരാബാദ്, കത്വ, ഉന്നാവ എന്നിങ്ങനെ ഏറെക്കാലമായി അവസാനമില്ലാതെ തുടരുന്ന, സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങളിലെ മറ്റൊരു പേരു മാത്രമാകുന്നില്ല ഹത്രാസ്. കാരണം, മറ്റു സംഭവങ്ങളിലൊക്കെ കുറ്റവാളികളെ കണ്ടെത്തുന്നതിലും അവർക്ക് മതിയായ ശിക്ഷ യഥാസമയം വാങ്ങിനൽകുന്നതിലും കാട്ടുന്ന ഗുരുതരമായ വീഴ്ച, ഇത്തരം അതിക്രമങ്ങൾക്ക് ഹേതുവാകുന്ന സാമൂഹികസാഹചര്യം രൂപപ്പെടുത്തുന്നതിൽ ഉള്ള പങ്ക്-എന്നീ കാരണങ്ങളിലായിരുന്നു പ്രധാനമായും ഭരണകൂടം പ്രതിസ്ഥാനത്തു വന്നിരുന്നത്. എന്നാൽ ഹത്രാസിൽ, ഇതിനപ്പുറം പോയ മനുഷ്യത്വഹീന – ജനാധിപത്യവിരുദ്ധ നടപടികളാണ് യോഗി സർക്കാരിന്റെയും ഉത്തർപ്രദേശ് പോലീസിന്റെയും ഭാഗത്തു നിന്നുണ്ടായത്. രാജ്യത്തിന്റെ മനഃസാക്ഷിയെ ഉലച്ചുകളഞ്ഞ ഈ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാനോ, പെൺകുട്ടിക്കൊപ്പം നിൽക്കാനോ, നാളിതുവരെ യുപി മുഖ്യമന്ത്രിയോ ഇന്ത്യൻ പ്രധാനമന്ത്രിയോ തയ്യാറായിട്ടില്ല. മറിച്ച്, പകൽ പോലെ വ്യക്തമായ യാഥാർത്ഥ്യത്തെ മറച്ചുവെച്ചുകൊണ്ട്, പെൺകുട്ടി ബലാൽസംഗത്തിനിരയായിട്ടില്ലെന്നും, ഇത് സർക്കാരിനെതിരെയുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നുമൊക്കെ പ്രചരിപ്പിക്കുകയാണ് യോഗി ആദിത്യനാഥ്. യുപി പോലീസാകട്ടെ, ഈ നീചകൃത്യം നടത്തിയ കുറ്റവാളികൾക്ക് ഉചിതമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ ശ്രമിക്കുന്നതിനു പകരം, ഇരയായ പെൺകുട്ടിയേയും കുടുംബത്തേയും താറടിച്ചു കാണിക്കുവാനും, പ്രതികളെ രക്ഷപെടുത്തുവാനും, പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയനേതാക്കളേയും, മാധ്യമപ്രവർത്തകരേയുമടക്കം തടയുവാനും അവർക്കെതിരേ രാജ്യദ്രോഹക്കേസ് ചാർത്തുവാനുമാണ് ഉത്സാഹിക്കുന്നത്. ഭരണകക്ഷിയായ ബിജെപിയും അതിന്റെ ജനപ്രതിനിധികളടക്കമുള്ള നേതാക്കളും പരസ്യമായി, ഇരയായ പെൺകുട്ടിയേയും സ്ത്രീത്വത്തേയും നിരന്തരം അപമാനിക്കുകയും പ്രതികളെ രക്ഷിക്കുവാൻ തുറന്ന പ്രതിഷേധങ്ങൾക്കടക്കം രംഗത്തുവരികയും ചെയ്യുന്നു. ഹത്രാസ് ഒരു ഒറ്റപ്പെട്ട സംഭവമല്ല. യോഗി ആദിത്യനാഥിന്റെ ബിജെപി സർക്കാർ അധികാരമേറ്റതിനു ശേഷം ദളിതർക്കും മറ്റ് പിന്നാക്കക്കാർക്കും, മുസ്ലീങ്ങൾക്കും എതിരെ നിർവിഘ്‌നം അരങ്ങേറുന്ന അക്രമങ്ങളിൽ ഒന്നു മാത്രം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളാകട്ടെ ഭയാനകമായ നിലയിൽ വർദ്ധിക്കുന്നു. ഈ കേസുകളിലെല്ലാം പ്രതികൾ സംരക്ഷിക്കപ്പെടുന്നു. യോഗി ആദിത്യനാഥ് എന്ന കാവിയണിഞ്ഞ മുഖ്യമന്ത്രിയും, അദ്ദേഹത്തെ അധികാരത്തിലേറ്റിയ സംഘപരിവാറും ആഗ്രഹിക്കുന്ന തരത്തിലുള്ള, വെറുപ്പിന്റെയും മത-ജാതി വെറിയുടേയും അടിസ്ഥാനത്തിലുള്ള ഒരു മനോഘടന വലിയൊരു വിഭാഗം ജനങ്ങളിലും സൃഷ്ടിക്കാനുള്ള ചിട്ടയായ ശ്രമങ്ങളാണ് യുപിയിൽ നടക്കുന്നത്. അനീതിയുടെയും അക്രമത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും തികഞ്ഞ പ്രതീകമായി മാറിക്കഴിഞ്ഞ യോഗിയുടെ ദുഷ്ടവാഴ്ചക്കെതിരെ ഒരു പ്രതിഷേധമോ പ്രതികരണമോ ഉയരുന്നില്ലെന്ന് ഉറപ്പാക്കാനായി അധ്വാനിച്ചു ജീവിക്കുന്ന സാധാരണജനവിഭാഗങ്ങളെയാകെ അന്ധരാക്കി, ഭയചകിതരാക്കി മാറ്റുകയാണ്. ഇവിടെ ഹത്രാസ് ഒരു പ്രതീകമായി മാറേണ്ടിയിരിക്കുന്നു. ആത്മാഭിമാനമുള്ള, രാജ്യസ്‌നേഹമുള്ള, ജനാധിപത്യബോധമുള്ള ഈ രാജ്യത്തെ ഓരോ പൗരനും ഉണർന്ന് ഒറ്റക്കെട്ടായി ശബ്ദമുയർത്താനുള്ള സമയം അതിക്രമിക്കുന്നു എന്നതിന്റെ പ്രതീകം.

ഹത്രാസും ഉന്നാവോയും സൃഷ്ടിക്കാൻ ആദിത്യനാഥ് ഭരണത്തിനു മാത്രമേ കഴിയൂ

യോഗി സർക്കാർ ഭരണകൂട അതിക്രമങ്ങളുടെ റെക്കാർഡിനെ മറികടക്കുകയാണെന്ന് ഹത്രാസിലെ പെൺകുട്ടിയും കുടുംബവും നേരിടേണ്ടിവന്ന ദുരവസ്ഥയുടെ വിശദാംശങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കാം. ക്രൂരമായ പീഡനമേറ്റ് ആശുപത്രികളിൽ ഏറെ ദിവസം കിടന്നാണ് ആ പെൺകുട്ടി മരിച്ചത്. പക്ഷേ യുപി പോലീസിന്റെ അഡീഷണൽ ഡിജിപി തന്നെ നേരിട്ട് മാധ്യമങ്ങളോട് പറഞ്ഞത് പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെട്ടിട്ടില്ല, ഫോറൻസിക് പരിശോധനയിൽ അവളുടെ ശരീരത്തിൽ നിന്ന് പീഡനം തെളിയിക്കുന്ന പുരുഷബീജമടക്കമുള്ള ഫോറൻസിക് തെളിവുകൾ ലഭിച്ചില്ല എന്നാണ്. പക്ഷേ, പെൺകുട്ടിയെ ആദ്യം ചികിത്സിച്ച അലിഗഢിലെ ആശുപത്രിയിലെ ഡോക്ടർമാർ നൽകിയ മെഡിക്കോ-ലീഗൽ റിപ്പോർട്ടിൽ അവൾ ക്രൂര പീഡനത്തിനിരയായി എന്ന കണ്ടെത്തലും, കൂടുതൽ ഫോറൻസിക് പരിശോധന അടിയന്തിരമായി നടത്തണമെന്ന നിർദ്ദേശവും ഉണ്ടായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടു. പക്ഷേ, മണിക്കൂറുകൾക്കകം നടത്തണമെന്ന് നിർദ്ദേശിക്കപ്പെട്ട ആ ഫോറൻസിക് പരിശോധന ദിവസങ്ങൾക്കു ശേഷമാണ് നടത്തിയത്. അതായത്, തെളിവുകൾ നശിപ്പിക്കപ്പെട്ടുവെന്നു ഉറപ്പായതിനു ശേഷം. പെൺകുട്ടി മരിച്ചപ്പോൾ ബന്ധുക്കളുടെ രോദനങ്ങൾക്കു ചെവികൊടുക്കാതെ പൊലീസ് തികഞ്ഞ ധാർഷ്ട്യത്തോടെ അനാദരവോടെ ആ മൃതദേഹം കത്തിച്ചുകളഞ്ഞു. ഇത്തരം കേസുകളിലെ കീഴ്‌വഴക്കമനുസരിച്ച് മൃതദേഹം ഒരിക്കലും ദഹിപ്പിക്കാറില്ല. പക്ഷേ, ഇവിടെ ബന്ധുക്കൾക്ക് ആചാരപരമായ ചടങ്ങുകൾക്കോ കാണാന്‍ പോലുമോ വിട്ടുനൽകാതെ ഭീഷണിപ്പെടുത്തിയാണ് പൊലീസും ജില്ലാ ഭരണകൂടവും ഇതു ചെയ്തത്. പ്രതിഷേധിച്ചവർക്കു നേരേ ലാത്തിച്ചാർജ്ജ് നടത്തി. പെൺകുട്ടിയുടെ ഗ്രാമത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധ നടപടികളെന്ന പേരിൽ പുറത്തു നിന്നൊരാളെയും ഗ്രാമത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ല. കുടുംബാഗങ്ങളെ അക്ഷരാർത്ഥത്തിൽ തടവിലാക്കിയിരിക്കുന്നു അവർ. രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പോലെയുള്ള പ്രമുഖ നേതാക്കളെപോലും പ്രവേശനമനുവദിക്കാതെ ബലം പ്രയോഗിച്ചു തടഞ്ഞു. ഇങ്ങനെ തികച്ചും ജനാധിപത്യവിരുദ്ധവും മനുഷ്യത്വഹീനവുമായ തരത്തിൽ ഒരു പൊലീസ് സേനക്കും ഭരണകൂടത്തിനും പെരുമാറാൻ എങ്ങനെ ധൈര്യം വന്നു? മറുവശത്ത്, നിരോധനാജ്ഞ നിലനിൽക്കുന്ന ഇതേ ഹത്രാസിൽ, ഒക്‌ടോബർ നാലിന്, സ്ഥലത്തെ പ്രമുഖ ബിജെപി നേതാവിന്റെ നേതൃത്വത്തിൽ പ്രതികൾക്ക് ‘നീതി ലഭ്യമാക്കാനായി’ അഞ്ഞൂറിലധികം പേർ പങ്കെടുത്ത യോഗം നടന്നു. പെൺകുട്ടിയുടെ കുടുംബത്തിനെതിരേ കേസ് എടുക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. ഈ പ്രതികൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അതേ സമുദായത്തിൽ പെട്ട മേൽജാതിക്കാരായിരുന്നു. ദളിത് വിഭാഗത്തിൽപെട്ട പെൺകുട്ടിയെ ക്രൂരമായി ഇല്ലാതാക്കിയ ജാതിവെറിപൂണ്ട ക്രിമിനലുകൾക്ക്, വീണ്ടും നിയമവാഴ്ചയെ വെല്ലുവിളിക്കാനുള്ള ധാർഷ്ട്യം എവിടെനിന്നു ലഭിച്ചു? ക്രിമിനലുകൾ സവർണ്ണജാതിക്കാരായതിനാൽ മാത്രം അവരെ രക്ഷിക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത പൊലീസും ഭരണകൂടവും ഭരണകക്ഷിയായ ബിജെപിയും. യുപി കാട്ടുന്ന ഭയാനകമായ ജനാധിപത്യധ്വംസനത്തിന്റെ മാതൃക ഈ രാജ്യത്തെ എവിടെയെത്തിക്കും? പൊതുവേ ഭരണകക്ഷിയുടെ ഇംഗിതങ്ങൾക്ക് മൗനാനുവാദം നൽകിയിരുന്ന സുപ്രീം കോടതി പോലും ഹത്രാസ് ഞെട്ടിക്കുന്നതാണെന്ന് പറയാൻ നിർബ്ബന്ധിതമായി. എന്നിട്ടും യാതൊരു കുലുക്കവുമില്ലാതെ, ഇരയ്‌ക്കെതിരെ വേട്ടക്കാർക്കൊപ്പം ഉറച്ചുതന്നെ നിൽക്കുകയാണ് യോഗിയും ബിജെപിയും യുപി പൊലീസും. വിവാദം തണുപ്പിക്കാൻ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും അതിനുള്ള യാതൊരു നടപടിയും ഇനിയും കൈക്കൊണ്ടിട്ടില്ല. അന്വേഷണത്തിനായി രൂപം കൊടുത്ത പ്രത്യേക അന്വേഷണസംഘം പെൺകുട്ടിയുടെ കുടുംബത്തെ സമ്മർദ്ദത്തിലാക്കുകയും അവരെ നുണപരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതൊരു ദുരഭിമാനക്കൊല മാത്രമാണെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു. കുടുംബത്തെ സന്ദർശിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്കു നേരെ യുഎപിഎ ചുമത്തുന്നു. പ്രതിഷേധത്തിനിറങ്ങുന്നവരെ പാഠം പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി തന്നെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു. ജീവനുതന്നെ ഭീഷണിയായതോടെ ഹത്രാസിൽ നിന്നും പലായനം ചെയ്യാൻ ആ കുടുംബം തയ്യാറെടുക്കുന്നു എന്നാണ് ഒടുവിൽ അറിയുന്നത്. എത്ര പരിതാപകരമായ അവസ്ഥയാണ് ഇത്? ഇതിനിടെ ഇരയായ പെൺകുട്ടിയേയും കുടുംബത്തേയും വ്യക്തിപരമായി അധിക്ഷേപിക്കാൻ പോലും ബിജെപി നേതാക്കൾ മടിച്ചില്ല. പെൺകുട്ടികളെ മൂല്യങ്ങൾ പഠിപ്പിച്ചാൽ ഹത്രാസ് പോലെയുള്ള സംഭവങ്ങൾ ഉണ്ടാകില്ല എന്നാണ് ബിജെപി എംഎൽഎയായ സുരേന്ദ്രസിങ്ങ് പറഞ്ഞത്. ഇത്ര ഹീനമായ കൃത്യം ചെയ്തവരെ സംരക്ഷിക്കുകയും ഇരകളെ മൂല്യം പഠിപ്പിക്കാനിറങ്ങുകയും ചെയ്യുന്ന ഇത്തരം നീചന്മാരെ എങ്ങിനെ വിശേഷിപ്പിക്കും. ഹത്രാസ് ബലാൽസംഗമല്ല, ദുരഭിമാനക്കൊലയാണെങ്കിൽ, എന്ത് ഒളിക്കാനാണ് പൊലീസും ഭരണകൂടവും ആ മൃതദേഹം ചുട്ടെരിച്ചതും കുടുംബത്തെ വീട്ടുതടങ്കലിൽ വെക്കുന്നതും എന്ന ചോദ്യത്തിന് ഇക്കൂട്ടർക്ക് ഉത്തരമില്ല. അക്ഷരാർത്ഥത്തിൽ തന്നെ കാട്ടുനീതി നടപ്പിലാക്കി മുന്നേറുന്ന യോഗി ആദിത്യനാഥ് സർക്കാരിന്റെ ജനവിരുദ്ധ ഭരണകാലയളവിലെ ആദ്യത്തേയോ അവസാനത്തേയോ അതിക്രമമല്ല ഹത്രാസിൽ നടന്നത്. ഇന്ത്യയുടെ മനഃസാക്ഷിയെ ഞെട്ടിച്ച ഉന്നാവോ സംഭവം നടന്നിട്ട് അധികമായില്ല എന്നോർക്കണം. 2017 ജൂണിൽ, ഉന്നാവോയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ, അന്ന് ബിജെപി എംഎൽഎ ആയിരുന്ന കുൽദീപ് സിങ്ങ് സെംഗാർ അടക്കമുള്ളവർ കൂട്ടബലാൽസംഗം ചെയ്ത കേസിൽ, പെൺകുട്ടിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന ദുരന്ത പരമ്പരകളും, അതിനു യുപി പോലീസും ഭരണകൂടവും ചെയ്ത ഒത്താശയും കേട്ടുകേൾവിപോലും ഇല്ലാത്തതായിരുന്നു. 2018 ഏപ്രിലിൽ, നീതിക്കായി മുഖ്യമന്ത്രി യോഗിയുടെ മുന്നിൽ ആ പെൺകുട്ടി സ്വയം തീകൊളുത്തി. അവളുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും, അദ്ദേഹം കസ്റ്റഡിയിൽ കൊല്ലപ്പെടുകയും ചെയ്തു. ഇതിനു പിന്നിൽ സെംഗാറായിരുന്നുവത്രേ. വമ്പിച്ച പ്രതിഷേധത്തെ തുടർന്ന് കേസ് സിബിഐക്കു വിടാൻ സർക്കാർ നിർബന്ധിതമായി. തുടർന്ന് സെംഗാറിനെ പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അയാളെ അറസ്റ്റു ചെയ്തു. പ്രതികാരമായി പെൺകുട്ടിയുടെ അമ്മാവനേയും സഹോദരനേയും പൊലീസ് ജയിലിടച്ചു. 2019 ജൂലൈ 28ന് പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറിൽ ദുരൂഹമായ ട്രക്ക് വന്നിടിക്കുകയും അടുത്ത രണ്ടു ബന്ധുക്കൾ കൊല്ലപ്പെടുകയും ചെയ്തു. പെൺകുട്ടിയും അഭിഭാഷകയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി. തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വൻപ്രതിഷേധത്തെ തുടർന്ന് സുപ്രീ കോടതി തന്നെ നേരിട്ട് ഇടപെട്ട് കേസ് ഡൽഹിയിലേക്ക് മാറ്റി പെൺകുട്ടിക്ക് നീതി ഉറപ്പാക്കി. 2019 ഡിസംബറിൽ സെംഗാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി അയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പക്ഷേ ഈ കേസിലുടനീളം പ്രതിക്കൊപ്പമാ യിരുന്നു യുപി പൊലീസും സർക്കാരും എന്നത് വ്യക്തമാണ്. നിർഭയമായി കേസുമായി മുന്നോട്ടു പോയ ആ പെൺകുട്ടിയേയും കുടുംബത്തേയും ഇല്ലാതാക്കാൻവരെ ഇക്കൂട്ടർ ശ്രമിച്ചു. എന്നാൽ ഇത്രത്തോളും ശ്രദ്ധ കിട്ടാതെ, പ്രതിഷേധമുയരാതെ എത്രയോ സംഭവങ്ങൾ. വാർത്ത പോലുമാകാത്ത എത്രയോ സംഭവങ്ങൾ. ലാഖിംപൂർ ജില്ലയിൽ 13-കാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കണ്ണുകൾ ചൂഴ്‌ന്നെടുത്തു. യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരിൽ പീഡനത്തിനിരയായ പെൺകുട്ടിയെ സിഗരറ്റു ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചു. മരവിച്ച മനസ്സോടു കൂടിയേ ഈ ക്രൂരതകൾ വിവരിക്കാന്‍ സാധിക്കൂ. എന്നാൽ, ഇതെല്ലാം യുപിയിൽ സാധാരണമായിരിക്കുന്നു. ഹത്രാസിനുശേഷവും പെൺകുട്ടികൾക്കു നേരെയുള്ള അക്രമങ്ങളുടെ വാർത്തകൾ പ്രവഹിക്കുകയാണ്. ഫത്തേപൂരിൽ നിന്നു മാത്രമായി രണ്ടു സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പട്ടു. 17കാരി ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ വയലിൽ കണ്ടെത്തിയ സംഭവവും അവിടെത്തന്നെ ലിലൗലി ഗ്രാമത്തിൽ വീണ്ടും ദളിത് പെൺകുട്ടി ബലാൽസംഗത്തിന്നിരയായ സംഭവവുമാണവ. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് തന്നെ 2018-ൽ മാത്രം സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളുടെ 59445 കേസുകളാണ് യുപിയിൽ റിപ്പോർട്ട് ചെയ്തത്. ഈ സംഭവങ്ങൾക്കെല്ലാം പലതരത്തിലുള്ള സമാനതകൾ കാണാൻ സാധിക്കും. അധികാരമോ സമ്പത്തോ സ്വാധീനമോ ഇല്ലാത്ത കർഷകരും കൂലിപ്പണിക്കാരും തൊഴിലാളികളുമായ താണ ജാതിക്കാരോ മുസ്ലീങ്ങളോ ആകും പലപ്പോഴും ഈ അതിക്രമങ്ങൾക്ക് ഇരയാകുന്നത്. പ്രതിസ്ഥാനത്ത് പലപ്പോഴും പ്രബലരായ സവർണ്ണവിഭാഗങ്ങളും. യോഗി ആദിത്യനാഥ് അധികാരമേറ്റ ശേഷം ഈ പ്രവണത വർധിച്ചിരിക്കുന്നു എന്നതാണ് വ്യക്തമാവുന്നത്. ഈ അന്യായങ്ങൾക്കെതിരേ പ്രതിഷേധിക്കാൻ പോലും യോഗിയുടെ സർക്കാർ അനുവദിക്കുന്നില്ല.

മുതലാളിത്ത ദുഷ്ടവാഴ്ചയെമറയ്ക്കാനായി വർഗ്ഗീയതയെ കരുവാക്കുന്ന ബിജെപിയുടെ യുപി ഭരണം

ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് മഠത്തിൽ സന്യാസിയായി ചേർന്ന യോഗി ആദിത്യനാഥ്, 2014 -ൽ അവിടുത്തെ മഹന്ത് അഥവാ മുഖ്യപൂജാരിയായി മാറി. 1998 മുതൽ 2017 വരെ അദ്ദേഹം ഗോരഖ്പൂരിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. 2002-ൽ ഉയർന്ന ജാതിക്കാരായ ചെറുപ്പക്കാരെ ചേർത്ത് ഹിന്ദു യുവവാഹിനി എന്ന സംഘടനയുണ്ടാക്കി. കടുത്ത ഹിന്ദുത്വ വർഗ്ഗീയത അടിസ്ഥാനമാക്കി മാഫിയ സ്വഭാവത്തിലാണ് ഈ സംഘടന പ്രവർത്തിച്ചിരുന്നതെന്ന് മാധ്യമങ്ങൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഈ മേഖലയിൽ മൃഗീയ സ്വാധീനം ഉറപ്പിച്ച യോഗിയേയും കൂട്ടരേയും പിണക്കാൻ ആർഎസ്എസ്സിനും ബിജെപിക്കും കഴിയുമായിരുന്നില്ല. വർഗ്ഗീയവിഷം മുറ്റിയ വിദ്വേഷപ്രസംഗങ്ങൾ വഴി സംസ്ഥാനത്ത് ബിജെപിയുടെ താരപ്രചാരകനായി യോഗി മാറി. 2017-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യുപിയിൽ വർഗ്ഗീയകലാപങ്ങളടക്കം കുത്തിയിളക്കി, സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച്, വൻതോതിൽ പണം കുത്തിയൊഴുക്കി, ജനങ്ങളുടെ ദയനീയമായ പിന്നാക്കാവസ്ഥ മുതലെടുത്ത്, അമിത്ഷായുടെ കുതന്ത്രങ്ങളിലൂടെ വൻഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിലെത്തി. യോഗി ആദിത്യനാഥിനേയാണ് ബിജെപി-ആർഎസ്എസ് നേതൃത്വം മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. പ്രത്യക്ഷത്തിൽ തന്നെ കടുത്ത വർഗ്ഗീയവാദിയായ യോഗിയെ നേതൃത്വം ഏൽപ്പിച്ചത് യാദൃശ്ചികമല്ല. 24 കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വിശാലമായ ഉത്തർപ്രദേശിൽ ദേശീയ കുത്തക മുതലാളിത്തത്തിന്റെ താത്പര്യങ്ങൾ ജനങ്ങളെ അടിച്ചമർത്തി നടപ്പാക്കാനുള്ള സാഹചര്യം സൃഷ്ടിക്കാൻ അവർക്ക് യോഗിയെ പോലെ ഒരു ഏകാധിപതിയെ ആവശ്യമായിരുന്നു. അതോടൊപ്പം, തങ്ങളോടൊപ്പം ഇണങ്ങിയും പിണങ്ങിയും നിന്ന യോഗിയേയും കൂട്ടരേയും ഒപ്പം നിർത്തി, തങ്ങൾ ആഗ്രഹിക്കുന്ന ഹിന്ദുത്വ അജണ്ടകളും ഹിന്ദുത്വ രാഷ്ട്രസംവിധാനവും നടത്തിയെടുക്കുവാൻ സംഘപരിവാർ-ബിജെപി ശക്തികൾ താത്പര്യപ്പെട്ടു. ഭൂരിപക്ഷ വർഗ്ഗീയത ആളിക്കത്തിച്ച് അധികാരത്തിലേറിയ യോഗി സർക്കാർ സവർണ്ണജാതി ശക്തികളെ കെട്ടഴിച്ചു വിടുന്ന കാഴ്ചയാണ് നാം കാണുന്നത്. മുതലാളിമാരുടെ മൂലധന താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന സർക്കാരാണ് യോഗിയുടേത്. ഒരു ഉദാഹരണം മാത്രം കാണുക. ഗോസംരക്ഷണത്തിന്റെ പേരിൽ അനധികൃതം എന്നു മുദ്ര കുത്തി ചെറുകിട കശാപ്പുശാലകൾ അടച്ചുപൂട്ടുകയും കാലിക്കടത്തു കർശനമായി തടയുകയും ചെയ്തു. ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന ചെറുകിട കച്ചവടക്കാരും തൊഴിലാളികളും പ്രധാനമായും മുസ്ലീങ്ങളും പിന്നാക്കജാതിക്കാരുമായിരുന്നു. ഇത്തരം നടപടികൾ ഈ വിഭാഗത്തെ സാമ്പത്തികമായും സാമൂഹികമായും തകർത്തു. അതേസമയം തന്നെ ഇന്നും ബീഫ് കയറ്റുമതി അടക്കമുള്ള ഫുഡ് പ്രോസസിങ്ങ് മേഖലയിൽ വൻതോതിൽ നിക്ഷേപം നിലനിൽക്കുന്ന സംസ്ഥാനമാണ് യുപി. ഗോസംരക്ഷണവും വർഗ്ഗീയ മുദ്രാവാക്യങ്ങളും പാവപ്പെട്ട ജനങ്ങളെ കബളിപ്പിച്ച് വോട്ടു തട്ടാനുള്ള നാട്യങ്ങൾ മാത്രം. അംബാനി മുതൽ എംഎ യൂസഫലി വരെയുള്ള സമ്പന്നരുടെ മൂലധനതാൽപ്പര്യത്തിനുമുമ്പിൽ ഗോസംരക്ഷണമല്ല എന്തു മുദ്രാവാക്യവും അവർ പൂട്ടിക്കെട്ടും. മൂന്നു വർഷം പൂർത്തിയായപ്പോൾ ആദിത്യനാഥ് അവതരിപ്പിച്ച ഒരു പ്രോഗ്രസ് കാർഡിൽ ക്രമസമാധാനം മെച്ചപ്പെടുത്തി, വികസനം ഊർജ്ജിതമാക്കി, വർധിച്ച തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, തുടങ്ങി നിരവധിയായ അവകാശവാദങ്ങൾ നിരത്തിയിരുന്നു. ഇവയെല്ലാം പൊള്ളയായ അവകാശവാദങ്ങൾ മാത്രമായിരുന്നു. 2018 ഫെബ്രുവരിയിൽ ലഖ്‌നൗവിൽ വച്ച് യോഗി സർക്കാർ സംഘടിപ്പിച്ച ആഗോള നിക്ഷേപസംഗമം വഴി 4.28 ലക്ഷം കോടിയുടെ 1045 ധാരണാപത്രങ്ങൾ ഒപ്പിട്ടിരുന്നുവത്രേ. ഇതിൽ 371 പദ്ധതികൾ നടപ്പായി എന്ന് ആദിത്യനാഥ് അവകാശപ്പെടുമ്പോൾ, സംസ്ഥാനത്തെ വ്യവസായ വകുപ്പു മന്ത്രി പറഞ്ഞിരുന്നത്, 39000 കോടിയുടെ 90 പദ്ധതികൾ മാത്രമാണ് ആരംഭിച്ചത് എന്നാണ്. തൊഴിലില്ലായ്മയുടെ കാര്യത്തിൽ, സെന്റർ ഫോർ മോണിറ്ററിങ്ങ് ഇന്ത്യൻ എക്കോണമിയുടെ റിപ്പോർട്ട് പ്രകാരം 2018-ൽ 5.91% ആയിരുന്ന യുപിയിലെ തൊഴിലില്ലായ്മ നിരക്ക്, 2019-ൽ 9.95% ആയി വർദ്ധിക്കുകയാണുണ്ടായത്. തീർച്ചയായും കോർപ്പറേറ്റുകൾക്കു താത്പര്യമുള്ള പുതിയ എക്‌സ്പ്രസ് ഹൈവേകൾ, വൈദ്യുത പദ്ധതികൾ, പുതിയ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ തുടങ്ങിയവയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ നിർല്ലോഭമായ സാമ്പത്തികസഹായം ഉപയോഗപ്പെടുത്തിയുള്ള വാരണാസിയിലെ ക്ഷേത്രനഗര നിർമ്മാണം, ഗംഗ പുനരുജ്ജീവനം, ഇപ്പോൾ അയോദ്ധ്യയിലെ വൻകിട രാമക്ഷേത്ര നിർമ്മാണ പദ്ധതി ഇതൊക്കെയാണ് യോഗി സർക്കാരിന്റെ നേട്ടങ്ങളായി അവതരിപ്പിക്കപ്പെടുന്നത്. ഹൈന്ദവ താൽപര്യാർത്ഥമുള്ള പദ്ധതികളെന്ന പ്രതിഛായയുള്ള ഇത്തരം പദ്ധതികൾ നിർമ്മാണരംഗത്തെ സ്വകാര്യഭീമന്മാർക്കു വേണ്ടിയുള്ളവയാണ്. ഇവയിലൂടെ, ദരിദ്രരിൽ ദരിദ്രരായ, കോടിക്കണക്കായ യുപിയിലെ സാധാരണക്കാർക്ക് എന്തു പ്രയോജനം കിട്ടിയെന്നതാണ് അടിസ്ഥാന ചോദ്യം. ദാരിദ്ര്യം യുപിയെ വരിഞ്ഞുമുറുക്കുകയാണ്. ആഗ്രയിൽ നിന്ന് പട്ടിണി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ തൊഴിൽ യാചിച്ചു കുടിയേറിയിട്ടു ള്ളതിൽ ഏറ്റവും കുറഞ്ഞത് നാലുകോടി പേരെങ്കിലും ഉത്തർപ്രദേശിൽ നിന്നാണെന്നുള്ള യാഥാർത്ഥ്യം ഇവിടെ നാം ഓർക്കണം.ഹൈന്ദവ പാരമ്പര്യത്തിന്റെ വക്താക്കളെന്ന പേരിലുള്ള ഇവരുടെ അവകാശവാദത്തിന്റെ കാപട്യം വെളിവാക്കുന്നതാണ് ഹാത്രാസിലെ പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്കു പോലും വിട്ടുകൊടുക്കാതെ, അവരെ അന്തിമോപചാരം അർപ്പിക്കാൻ അനുവദിക്കാതെ, തടിക്കഷ്ണങ്ങൾ കൂട്ടിയിട്ട് പെട്രോളൊഴിച്ചു കത്തിച്ച നടപടി. ശവസംസ്‌കാരമെന്നു പോലും വിളിക്കാനാവാത്ത വിധം ആ 19കാരിയുടെ മൃതദേഹത്തോട് കാട്ടിയ അനാദരവും മാന്യതയില്ലായ്മയും ഒരു മതവിശ്വാസിയ്‌ക്കോ അല്ലാത്തയാൾക്കോ പോാലും അംഗീകരിക്കാനാവില്ല. ഹിന്ദു സംസ്‌കാരത്തിന്റെ പേരിൽ ആണയിടുന്നത് പാവപ്പെട്ട ഹിന്ദുക്കളെ വഞ്ചിക്കാൻ വേണ്ടി മാത്രമാണെന്ന് ഈ മനുഷ്യത്വഹീനമായ നടപടി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ഹിന്ദുത്വ എന്ന പേരിൽ സംഘപരിവാർ പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ വിഭജനസിദ്ധാന്തത്തിന് ഈ രാജ്യത്തിന്റെ ശരിയായ പാരമ്പര്യവുമായി യാതൊരു ബന്ധവുമില്ല. കാലക്രമേണ മതാചാരങ്ങളുടെ ഭാഗമായിത്തീർന്ന ഏറ്റവും പിന്തിരിപ്പൻ വശങ്ങളെ പ്രോത്സാഹിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാനും, അവരെ സങ്കുചിത മതവികാരം ഇളക്കിവിട്ട് തങ്ങൾ ചൂണ്ടിക്കാട്ടുന്ന ശത്രുക്കൾക്കെതിരേ വെറിയോടെ സംഘടിക്കുവാനും തയ്യാറാക്കുന്ന ഒരു ഫാസിസ്റ്റ് പ്രത്യയശാസ്ത്രമാണ്. മതവും ഈശ്വരവിശ്വാസവും ഈ വർഗ്ഗീയവാദികളുടെ കൈയ്യിൽ തരം പോലെ ഉപയോഗിക്കുവാനുള്ള ആയുധങ്ങൾ മാത്രമാകുന്നു. അതിനപ്പുറം ഒരു കൂറും അവർക്ക് മതത്തോടോ, വിശ്വാസികളോടോ ഇല്ല.

അക്രമിസംഘമായി മാറിയ യുപി പൊലീസ്

ലോകത്തെ ഏറ്റവും വലിയ പൊലീസ് സേനകളിലൊന്നാണ് യുപി പൊലീസ്. എങ്കിലും കുറ്റകൃത്യങ്ങളുടെയും നിയമരാഹിത്യത്തിന്റെയും കാര്യത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. ബ്രിട്ടീഷ് അധിനിവേശകാലത്തു തന്നെ ജാതീയമായും വർഗ്ഗീയമായും ധ്രുവീകരിക്കപ്പെട്ട മർദ്ദന ഉപകരണമായിട്ടാണ് യുപി പൊലീസിനെ വികസിപ്പിച്ചെടുത്തത്.കുറ്റകൃത്യങ്ങളിലും വർഗ്ഗീയസംഘർഷങ്ങളിലും തികച്ചും പക്ഷപാതപരമായ നിലപാട് പലപ്പോഴും അവർ കൈക്കൊള്ളുന്നു. യുപി പോലീസിന്റെ സായുധസേന വിഭാഗമായ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി എന്ന പിഎസിയുടെ ചരിത്രം തന്നെ നോക്കാം. 1937-ൽ പ്രാദേശിക ജന്മിമാരുടെ കൂടി സഹായത്തോടെയാണ് ബ്രിട്ടീഷുകാർ അന്നത്തെ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറിക്കു രൂപം കൊടുത്തത്. പ്രധാനമായും ഭൂമിഹാർ, രജപുത്രർ തുടങ്ങിയ ഉയർന്ന ജാതികളിൽ നിന്നുമായിരുന്നു ഇതിൽ ആളെ ചേർത്തത്. സ്വാതന്ത്ര്യാനന്തരം, ഈ സായുധസേന യുപി പൊലീസിന്റെ ഭാഗമായി. പക്ഷേ പിഎസി കണികപോലും ജനാധിപത്യവൽക്കരിക്കപ്പെട്ടില്ല. ജനാധിപത്യഭാരതത്തിലും നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് പിഎസിയിൽ ആരോപിതമായിട്ടുള്ളത്. 1978-ലെ അലിഗഢ് കലാപം, 1980-ൽ 150 പേരെ കൂട്ടക്കൊല ചെയ്ത മൊറാദാബാദ് സംഭവം, 1982-ൽ മീററ്റിൽ വർഗ്ഗീയ സംഘർഷം ഇളക്കിവിട്ടത്, ഹാഷിംപുരയിൽ 40 പേരെ കൂട്ടക്കൊല ചെയ്ത സംഭവം, 2001-ൽ കാൺപൂരിൽ ചന്തകളിൽ നിന്നു കൊള്ളയടിച്ചത് – തുടങ്ങിയവയിലെല്ലാം ഈ സേനയുടെ പങ്ക് ചോദ്യംചെയ്യപ്പെട്ടിരുന്നു. സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യംവെച്ച് അക്രമം നടത്തുക, നിയമസംവിധാനത്തെ കാറ്റിൽ പറത്തി പ്രവർത്തിക്കുക, തുടങ്ങി മനുഷ്യജീവനു പോലും പുല്ലുവില കൽപ്പിക്കാതെ പ്രവർത്തിക്കുന്നതിൽ യുപി പൊലീസിനുള്ള കുപ്രസിദ്ധി ചൂണ്ടിക്കാട്ടാനാണ് പിഎസിയുടെ ഉദാഹരണം വ്യക്തമാക്കിയത്.അക്രമിസംഘമായി മാറിയ ഈ പൊലീസ് സംവിധാനത്തെ യോഗി ആദിത്യനാഥ് അധികാരമേറ്റതോടെ ആയുധമണിയിച്ച് കയറൂരി വിടുകയാണ് ചെയ്തത്. വളരെ പ്രാകൃതമായ ധാരണകൾ മാത്രമാണ് ക്രമസമാധാനപാലനത്തെ കുറിച്ച് തനിക്കുള്ളതെന്ന് വിളിച്ചു പറയുന്നതായിരുന്നു യോഗിയുടെ നാളിതുവരെയുള്ള വാക്കും പ്രവൃത്തിയും. ജനാധിപത്യബോധമോ, നിയമ-നീതി നിർവ്വഹണമോ അദ്ദേഹത്തിന് അപരിചിതമായിരുന്നു. ആദ്യനടപടികളിലൊന്ന് ആന്റി-റോമിയോ സ്‌ക്വാഡുകളായിരുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നവരെ കൈകാര്യം ചെയ്യാൻ എന്ന പേരിൽ രൂപീകരിച്ച ഈ സംവിധാനം ഫലത്തിൽ തരംതാഴ്ന്ന സദാചാര പൊലീസ് ആയി മാറി. സ്ത്രീപുരുഷ ബന്ധത്തെക്കുറിച്ചുള്ള സംഘപരിവാർ-ഹിന്ദുത്വ ശക്തികളുടെ അങ്ങേയറ്റം ഇടുങ്ങിയ, സ്ത്രീവിരുദ്ധമായ വീക്ഷണം ഇതിൽ പ്രകടമാണ്. മറുവശത്ത് ബിജെപിക്കാരോ, വരേണ്യവിഭാഗക്കാരോ ആയ കുറ്റവാളികൾക്ക് ശിക്ഷാഭീതിയൊഴിവായതിനാൽ സ്ത്രീകളോട് എത്ര നീചമായ അക്രമവുമാകാമെന്ന തരത്തിലായി കാര്യങ്ങൾ. ക്രിമിനലുകൾ ഒന്നുകിൽ യുപി വിട്ടു പോകാൻ നിർബന്ധിതരാകും അല്ലെങ്കിൽ അവരെ ഏറ്റുമുട്ടലിൽ വധിക്കും എന്നാണ് ഈ മുഖ്യമന്ത്രി 2017 നവംബറിൽ പരസ്യമായി പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ ആശീർവാദം പൊലീസിനു എന്തുമാകാമെന്ന സ്ഥിതി സൃഷ്ടിച്ചു. ഭരണത്തിന്റെ ആദ്യ 16 മാസങ്ങൾക്കിടയിൽ 3000-ഓളം ഏറ്റുമുട്ടലുകളിലായി 78 പേരെങ്കിലും മരിച്ചു എന്നതാണ് പുറത്തു വന്നിട്ടുള്ള കണക്ക്. തോക്കുപയോഗിക്കാൻ പൊലീസിനു അത്യാവേശമാണ്. 2018-ൽ ആപ്പിൾ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനെ, കൈ കാണിച്ചപ്പോൾ വാഹനം നിർത്തിയില്ല എന്ന പേരിൽ ഒരു പൊലീസുകാരൻ വെടിവെച്ചു കൊന്നത് ഏറെ വിവാദമായിരുന്നു. അടുത്തിടെയാണ് വികാസ് ദുബെ എന്ന മഫിയാതലവനെയും കൂട്ടാളികളേയും അറസ്റ്റ് ചെയ്തിട്ടും, നിയമത്തിനു വിട്ടുകൊടുക്കാതെ പൊലീസ് ഏറ്റുമുട്ടൽ കൊലയിലൂടെ അവരെ ഇല്ലാതാക്കിയത്, ഭരണവർഗ്ഗത്തിന് ഏറെ വേണ്ടപ്പെട്ടവരായിരുന്ന ഈ പ്രതികൾ വായ തുറക്കാതിരിക്കാ നായിരുന്നു എന്ന് ആരോപണം ഉയർന്നിരുന്നു. യുപി പൊലീസും ക്രിമിനലുകളും തമ്മിലുള്ള അടുത്ത ബന്ധത്തെ പ്രതിപക്ഷവും മാധ്യമങ്ങളും നിരീക്ഷകരും പലവുരു തെളിവുകൾ സഹിതം വ്യക്തമാക്കിയിട്ടുണ്ട്. ഈ ഏറ്റുമുട്ടൽ കൊലകളെ സാധൂകരിച്ച് ആവശ്യാനുസരണം ഫോറൻസിക് റിപ്പോർട്ട് തയ്യാറാക്കിക്കൊടുക്കുന്ന സംവിധാനവും സൃഷ്ടിക്കപ്പെട്ടു. വധിച്ചവരുടെ മൃതദേഹം പലപ്പോഴും കുടുംബത്തിനു വിട്ടുകൊടുക്കാതെ പൊലീസ് തന്നെ കത്തിച്ചുകളയും എന്നു പറയപ്പെടുന്നു. ഇതേ സംവിധാനം തന്നെയാണ് ഹത്രാസിലെ പെൺകുട്ടിയുടെ കേസിലും പൊലീസ് നടപ്പാക്കാൻ ശ്രമിച്ചത്. ക്രമസമാധാനം മെച്ചപ്പെടുത്താനെന്ന പേരിൽ യോഗി സർക്കാർ പൊലീസിലേക്ക് വൻതോതിൽ നിയമനം നടത്തുകയും പൊലീസിനെ ആധുനികവൽക്കരിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തു. പുതിയ നിയമനത്തിലൂടെ യോഗിയുടെ അനുയായികളും, സവർണ്ണവിഭാഗങ്ങളുമാണ് കൂടുതലായി പൊലീസിലേക്ക് എത്തിയതെന്ന വിമർശനം ഉയർന്നിരുന്നു. പൗരനെ സമ്പൂർണ്ണ നിരീക്ഷണത്തിലാക്കാനും, അവനെ അടിച്ചമർത്താനും, കൂടുതൽ ആയുധങ്ങളും സാങ്കേതികവിദ്യയും ആൾബലവും നൽകി പൊലീസിനെ ശക്തിപ്പെടുത്തുകയാണ് ആധുനികവൽക്കരണത്തിലൂടെ യുപി. സർക്കാർ ചെയ്യുന്നത് (മറ്റെല്ലാ സംസ്ഥാനങ്ങളും ഇതേ മാതൃകയിൽത്തന്നെയാണ് മുന്നേറുന്നത്). ഇതിന് രണ്ടു ലക്ഷ്യങ്ങളാണുള്ളത്. മുതലാളിത്തം സൃഷ്ടിക്കുന്ന ജീവിത പ്രതിസന്ധികളിൽ അസംതൃപ്തരായ ജനങ്ങൾ പ്രക്ഷോഭത്തിന്റെ മാർഗ്ഗം തേടുമെന്ന് എല്ലാ മുതലാളിത്ത സർക്കാരുകളും തിരിച്ചറിയുന്നു. അതിനാൽ ഏതുവിധേനയും ജനങ്ങളുടെ ഏറ്റവും ന്യായമായ പ്രതിഷേധങ്ങൾ തടയാനും അവരെ ഭയപ്പെടുത്തി അടിച്ചമർത്താനും പൊലീസിന്റെ കരുത്തു വർദ്ധിപ്പിച്ചേ മതിയാകൂ. രണ്ടാമത്തെ ലക്ഷ്യം ആധുനികവൽക്കരണം തുറന്നുതരുന്ന വമ്പിച്ച കമ്പോളസാധ്യതയാണ്. പക്ഷേ, എത്ര ആധുനികവൽക്കരിച്ചിട്ടും ക്രമസമാധാനനില മെച്ചപ്പെടുകയോ, കുറ്റകൃത്യങ്ങൾ കുറയുകയോ ചെയ്യുന്നില്ല. കാരണം, പൊലീസിന്റെ ലക്ഷ്യം അതല്ലല്ലോ

യുപിയിൽ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുന്നു

ജനാധിപത്യത്തിനും നിയമവാഴ്ചക്കും യുപിയിലെ ബിജെപി സർക്കാർ പുല്ലുവിലപോലും കൽപ്പിക്കുന്നില്ലെന്ന് കഴിഞ്ഞ മൂന്നര വർഷത്തെ ഭരണം തെളിയിച്ചുകഴിഞ്ഞു. ഭരണഘടനയെയും ജൂഡിഷ്യൽ സംവിധാനങ്ങളെയും മാധ്യമവിമർശനങ്ങളെയും പരമപുഛത്തോടെയാണ് യോഗി ഭരണം കാണുന്നത്. യു.പി സർക്കാർ കുടിപ്പകയോടെ കാണുന്ന ഡോ.കഫീൽ ഖാനെ രണ്ടാമതും തുറുങ്കിലടച്ചത് കരുതൽ തടങ്കൽ വകുപ്പ് ചാർത്തിയായിരുന്നു. അറസ്റ്റിനും രണ്ടു മാസം മുമ്പു നടന്ന ഒരു പ്രസംഗത്തിന്റെ പേരിൽ എങ്ങിനെയാണ് കരുതൽ തടവ് സാധ്യമാകുന്നതെന്ന് കോടതി ചോദ്യമുയർത്തിയപ്പോൾ ഒരു മറുപടിയും നൽകാൻ സർക്കാരിനായില്ല. സാധാരണ നിയമവ്യവസ്ഥകൾ എങ്ങിനെയാണ് ഇപ്രകാരം നഗ്നമായി ലംഘിക്കുന്നതെന്ന് നിയമരംഗത്തെ പ്രമുഖരെല്ലാം ആശങ്ക ഉയർത്തുന്നു. ഒരു ഡോക്ടറെ – അതും കോവിഡ് കാലത്ത്- 200 ദിവസം ജയിലിലടയ്ക്കാൻ ഒരു നിയമത്തിന്റെ പിൻബലവും അവർക്കു വേണ്ടിവന്നില്ല. പൊതുമുതൽ നശിപ്പിച്ചു എന്ന കുറ്റം ചാർത്തപ്പെട്ട, പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത പ്രമുഖരുടെ ചിത്രങ്ങൾ കൂറ്റൻ ഹോർഡിംഗുകളിലൂടെ ലക്‌നോ നഗരത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നുത് ഉടൻ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിട്ടും അതിനു തരിമ്പും വില കൽപ്പിക്കാൻ യു.പി സർക്കാർ കൂട്ടാക്കിയില്ല. തങ്ങൾ സുപ്രീം കോടതിയിൽ അപ്പീൽ പോവുകയാണെന്ന ന്യായം ഉന്നയിച്ച് , സാമൂഹ്യവ്യക്തിത്വങ്ങളെ കൊടുംകുറ്റവാളികളായി ചിത്രീകരിക്കുന്ന പ്രസ്തുത ബോർഡുകൾ സർക്കാർ നഗരത്തിൽ നിലനിർത്തി. മുകളിൽ സൂചിപ്പിച്ചവ ഏതാനും ഉദാഹരണങ്ങൾ മാത്രം. പൗരത്വനിയമത്തിനെതിരേ സമാധാനപരമായി പ്രതിഷേധിച്ച അലിഗഢ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ കാമ്പസിൽ കടന്നുകയറി അതിക്രൂരമായി പൊലീസ് നേരിട്ടു. പ്രതിഷേധത്തിൽ പങ്കെടുത്ത ആയിരക്കണക്കിനു പേർ അറസ്റ്റിലായി. 19 പേർ കൊല്ലപ്പെട്ടു എന്നത് ഔദ്യോഗികഭാഷ്യം. നഷ്ടം ഈടാക്കാനെന്ന പേരിൽ പൗരപ്രമുഖരുടെ സ്വത്ത് ജപ്തി ചെയ്യുന്നതടക്കമുള്ള നടപടികൾ കൈക്കൊണ്ടു. ഹത്രാസിൽ കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ കാണാൻ അവിടേക്കു പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ പോലെയൊരു നേതാവിനെ പോലും യുപി പോലീസ് ശാരീരികമായി കയ്യേറ്റം ചെയ്തതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. സാമൂഹ്യ-സാംസ്‌കാരിക വ്യക്തിത്വങ്ങൾ, മാധ്യമ പ്രവർത്തകർ, എഴുത്തുകാർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർക്കെതിരെ എണ്ണമറ്റ വ്യാജകേസ്സുകളാണ് യുപി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിഷേധി ക്കുന്നവരോട് സർക്കാർ ബദ്‌ലാ അഥവാ പ്രതികാരം ചെയ്യുമെന്നാണ് ജനാധിപത്യബോധം തൊട്ടുതീണ്ടാത്ത ഈ മുഖ്യമന്ത്രി പരസ്യമായി ഭീഷണിപ്പെടുത്തിയത്. ഇതാണ് ജനാധിപത്യ നിയമവാഴ്ചയോടുള്ള യോഗി സർക്കാരിന്റെ നിലപാട്.സർക്കാരിന്റെ വീഴ്ചകൾക്കെതിരെ നിലപാടെടുക്കുന്നവരെ, സത്യം പറയുന്നവരെ തികഞ്ഞ ഫാസിസ്റ്റ് ശൈലിയിൽ ഇല്ലായ്മ ചെയ്യാൻ യോഗി സർക്കാർ ശ്രമിക്കുന്നതിന്റെ ഏറ്റവും കൃത്യമായ ഉദാഹരണമാണ് ഡോക്ടർ കഫീൽഖാൻ. യോഗിയുടെ സ്വന്തം ഗോരഖ്പൂരിലെ സർക്കാർ ആശുപത്രിയിലെ ശിശുരോഗവിദഗ്ദനായിരുന്ന ഡോ. ഖാൻ. അവിടെ 2017 ആഗസ്റ്റിൽ, 70 കുഞ്ഞുങ്ങൾ മരിച്ചത് സർക്കാരിന്റെ ഗുരുതരമായ അനാസ്ഥ കാരണമാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു. തക്കസമയത്ത് ഓക്‌സിജൻ ലഭ്യമാക്കയിരുന്നെങ്കിൽ കുട്ടികളുടെ മരണമൊഴിവാക്കാൻ കഴിയുമായിരുന്നുവെന്ന നിലപാടെടുത്തുവെന്ന ഒറ്റക്കാരണത്താൽ അദ്ദേഹം നിരന്തരം വേട്ടയാടപ്പെട്ടു. തുറുങ്കിലടയ്ക്കപ്പെട്ടു. അന്നു മുതൽ അദ്ദേഹം ഭരണകൂടത്തിന്റെ കണ്ണിലെ കരടാണ്. പിന്നീട് പൗരത്വ നിയമത്തിനെതിരെ പ്രസംഗിച്ചതിന്റെ പേരിൽ ദേശീയ സുരക്ഷാ നിയമമനുസരിച്ച് സർക്കാർ ഡോ. ഖാനെ വീണ്ടും 200 ദിവസത്തിലധികം ജയിലിലടച്ചു. വൈരാഗ്യബുദ്ധിയോടെയുള്ള ഈ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ നേർസാക്ഷ്യമാണ് ഡോ. കഫീൽഖാൻ.

യു.പി.യിലെ സാമൂഹ്യ തകർച്ചെയ്ക്കതിരെ ജനാധിപത്യപ്രബുദ്ധത ഉയരട്ടെ

നാളിതുവരെ സംസ്ഥാനം ഭരിച്ച, കോൺഗ്രസ് അടക്കം എല്ലാ നിറങ്ങളിലുമുള്ള രാഷ്ട്രീയപാർട്ടികളുടേയും സർക്കാരുകൾക്കും, യുപിയുടെ ദയനീയമായ പിന്നാക്കാവസ്ഥയിൽ ഉത്തരവാദിത്തമുണ്ട്. താത്കാലിക തെരഞ്ഞെടുപ്പു നേട്ടങ്ങൾക്കായി എല്ലാക്കാലത്തും ഇവരെല്ലാം വർഗ്ഗീയതയും ജാതീയതയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ഈ സംസ്ഥാനത്തിന്റെ സാമൂഹികവും, സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ആത്മാർത്ഥമായ ഒരു നടപടിയും ഇവരാരും കൈക്കൊണ്ടില്ല. എന്നാൽ യോഗി ആദിത്യനാഥ് എന്നു വിളിക്കപ്പെടുന്ന അജയ്‌മോഹൻ ബിഷ്ട് 2017 മാർച്ചിൽ യുപി മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ യുപിയിൽ നിലവിലുണ്ടായിരുന്ന സ്ഥിതിഗതികൾ തീർത്തും വഷളാവുകയാണുണ്ടായത്. ദാരിദ്ര്യവും പട്ടിണിയും രോഗപീഡകളും വർദ്ധിക്കുന്നുവെന്നതിനോടൊപ്പം ചരിത്രത്തിലുണ്ടായിട്ടില്ലാത്ത സാമൂഹ്യത്തകർച്ചയാണ് യുപി എന്ന സംസ്ഥാനം അഭിമുഖീകരിക്കുന്നത്. പേപിടിച്ച വർഗ്ഗീയവാദികളും സവർണ്ണ പ്രമാണിമാരും ജാതിരാഷ്ട്രീയക്കാരും സാമൂഹ്യരംഗം അടക്കിവാഴുന്നു. മാഫിയാസംഘങ്ങളും ക്രിമിനൽക്കൂട്ടങ്ങളും രാഷ്ട്രീയ പിൻബലത്തോടെ കൊലപാതകങ്ങൾക്കും ബലാൽസംഗങ്ങൾക്കും എല്ലാത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നു. നിയമരാഹിത്യത്തിനു സർക്കാർതന്നെ നേതൃത്വം നൽകുന്നു. നന്മയുടെയും സത്യത്തിന്റെയും ചെറുതിരികൾ ഊതിക്കെടുത്തപ്പെടുന്നു. എത്രമേൽ ഭയാനകമായ ഒരു സാമൂഹ്യസാഹചര്യമാണ് ബിജെപിയുടെ ഭരണം സൃഷ്ടിച്ചിരിക്കുന്നതെന്ന് ഇന്ന് അളക്കാൻ പോലുമാവില്ല. നമ്മുടെ ചരിത്രത്തിൽ ഈ ഗംഗ-യമുന സമതലഭൂവിന്റെ പ്രാധാന്യം വളരെ വലുതാണ്. കാശിയും ആഗ്രയും താജ്മഹലുമടക്കം ഇന്നും ലോകത്തെ ആകർഷിക്കുന്ന സാംസ്‌കാരിക പൈതൃകങ്ങൾ ഇവിടെ എത്രയോ ശിരസ്സുയർത്തി നിൽക്കുന്നു. 1857-ൽ ബ്രിട്ടീഷുകാർക്കെതിരെ ഉയർന്ന ആദ്യസംഘടിത പോരാട്ടത്തിന്റെ തുടക്കം മീററ്റിലായിരുന്നു. സ്വാതന്ത്ര്യസമരത്തിലെ അനനുരഞ്ജനധാരയുടെ വീറുറ്റ പോരാട്ടങ്ങൾ പലതും നടന്നത് ഈ മണ്ണിലായിരുന്നു. ചന്ദ്രശേഖർ ആസാദ്, രാംപ്രസാദ് ബിസ്മിൽ, അഷ്ഫഖുള്ള ഖാൻ തുടങ്ങിയ പോരാളികളുടെ ജന്മനാട്. ബനാറസ് സർവകലാശാലയും അലിഗഢും പോലെയുള്ള സ്ഥാപനങ്ങൾ ഇവിടെയാണ്. ദാരിദ്ര്യവും പിന്നാക്കാവസ്ഥയും ഉണ്ടായിട്ടും ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയ്‌ക്കെതിരേ ശക്തമായ മറുപടി നൽകാനുള്ള രാഷ്ട്രീയബോധം ഒരുകാലത്ത് യുപിയിലെ ജനങ്ങൾ പ്രദർശിപ്പിച്ചിരുന്നു. യുപി നേരിടുന്ന ഇന്നത്തെ അതിപരിതാപകരമായ സാഹചര്യത്തെ മാറ്റാൻ ജനങ്ങൾ ഉണർന്നെഴുൽക്കുക തന്നെ ചെയ്യും. യു.പിയിലെ വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെ 15 ലക്ഷം തൊളിലാളികൾ നടത്തിയ പ്രക്ഷോഭത്തിന്റെ മുമ്പിൽ യോഗി സർക്കാർ മുട്ടുകുത്തിയത് ഒരു സന്ദേശമാണ്. രാജ്യത്തിന്റെ തൊഴിൽശക്തിയുടെ ഏറ്റവും ഗണ്യമായ വിഭാഗമാണ് ഈ സംസ്ഥാനത്തെ അങ്ങേയറ്റം ദരിദ്രരായ കർഷകരും കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരും, ഒപ്പം തൊഴിൽരഹിതരായ യുവജനങ്ങളും. ഈ വമ്പിച്ച തൊഴിൽശക്തി, സാമൂഹികവും സാംസ്‌ക്കാരികവും ജനാധിപത്യപരവും വിദ്യാഭ്യാസപരവുമായ പുരോഗതി കൈവരിച്ച് വർഗ്ഗബോധം നേടിയാൽ, പിന്നെ ഇന്ത്യയിലെ ചൂഷകവർഗ്ഗത്തിന് നിലനിൽപ്പുണ്ടാകില്ല. ഇത് അറിയാവുന്ന മുതലാളിവർഗ്ഗവും അവരുടെ ആജ്ഞാനുവർത്തികളായ ഭരണകൂടവും, ഈ ജനതയെ എന്നും ഭിന്നിപ്പിച്ചു നിർത്താൻ, പരസ്പരം പോരടിപ്പിച്ച് നിർത്താനും, അതുവഴി വർഗ്ഗബോധവും വർഗ്ഗപരമായ ഐക്യവും അവരിൽ നിന്നും അകലെയാക്കാനും ശ്രമിക്കുകയാണ്. ജനങ്ങൾക്കു നേർവഴി കാട്ടാൻ പര്യാപ്തമായ, ഉയർന്ന ജനാധിപത്യ പ്രബുദ്ധതയുടെ ഉൾക്കരുത്തുള്ള ഒരു പ്രക്ഷോഭം പടുത്തുയർത്തിക്കൊണ്ട് മാത്രമേ യുപിയുടെ ഈ ദുർഗ്ഗതിക്കു മാറ്റമുണ്ടാക്കാൻ കഴിയൂ. തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായുള്ള തരംതാണ ഏർപ്പാടല്ല അത്. അതിനുമപ്പുറത്തേയ്ക്ക് ജനങ്ങളെ നയിക്കാൻ പ്രാപ്തിയുള്ള ജനാധിപത്യ മുന്നേറ്റമാണ് വേണ്ടത്. വീണ്ടും ആവർത്തിക്കട്ടെ, തികഞ്ഞ ജനാധിപത്യ വിരുദ്ധതയും വർഗ്ഗീയതയും മുഖമുദ്രയാക്കിയ യോഗി ആദിത്യനാഥ് സർക്കാരിനു കീഴിൽ ഹത്രാസ് ഒരു ഒറ്റപ്പെട്ട സംഭവമാകുന്നില്ല. ഈ ക്രൂരപീഡനത്തെ ദുരഭിമാനക്കൊലയാക്കി ചിത്രീകരിച്ച് പ്രതികളെ രക്ഷിക്കാനുള്ള ജാതിക്കോമരങ്ങളുടെ ഉറഞ്ഞുതുള്ളൽ വിജയിച്ചേക്കാം. ദളിതരേയും പിന്നാക്കക്കാരെയുമൊക്കെ, തങ്ങളുടെ കാൽക്കീഴിലിട്ടു ചവിട്ടിമെതിക്കാൻ പരിശീലിപ്പിക്കപ്പെട്ട ഈ ഭ്രാന്തിൽ, ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാം. ഉന്നതരായ പ്രതികളെ രക്ഷിക്കാനും ഇരയെ തേജോവധം ചെയ്യാനും ജനാധിപത്യമോ മനുഷ്യത്വമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത സംഘപരിവാര പ്രസ്ഥാനങ്ങളും അതിന്റെ സർക്കാരും, അതിന്റെ മൂശയിൽ വാർത്തെടുത്ത പൊലീസും മത്സരിക്കും. അതിനാൽ രാജ്യമൊട്ടാകെ നടപ്പാക്കുന്ന ഭരണപരമായ ഫാസിസ്റ്റ് നടപടികളുടെ അടുത്ത ഘട്ടമായ യുപി മോഡലിനെ പരാജപ്പെടുത്തേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിനു തന്നെ ആവശ്യമാണ്. ജാതിക്കും മതത്തിനും അതീതമായി, അധ്വാനിച്ചു ജീവിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി, ശരിയായ വർഗ്ഗബോധത്തോടെ ഉണർന്നെണീക്കണം. ഇവിടെ ഹത്രാസ് ഒരു പ്രതീകമാകട്ടെ, ജനാധിപത്യ മൂല്യങ്ങളും അവകാശങ്ങളും തുല്യതയും സ്ഥാപിക്കാനുള്ള പോരാട്ടത്തിന്റെ പ്രതീകം.

Share this post

scroll to top