ഇടതുപക്ഷ കർത്തവ്യങ്ങൾ വെടിഞ്ഞ എൽഡിഎഫ് ഭരണം

Share

കോവിഡ്-19 മഹാമാരിയുടെ ഭീഷണി വകവയ്ക്കാതെ തെരുവിലിറങ്ങാൻ ജനങ്ങൾ നിർബന്ധിതരായിത്തീരുന്ന രാഷ്ട്രീയ കാലാവസ്ഥയിലേയ്ക്ക് നമ്മുടെ സംസ്ഥാനം പ്രവേശിച്ചിരിക്കുകയാണ്. കാസർകോഡ് മുതൽ തിരുവനന്തപുരംവരെ നടക്കുന്ന സമരങ്ങളിലെ കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾ മാറ്റിവച്ചാലും അവ ഉയർത്തുന്ന ഡിമാന്റുകൾ അവഗണിക്കാവുന്നതല്ല. സ്വജനപക്ഷപാതവും ക്രമക്കേടും ധിക്കാരവും മുഖമുദ്രയാക്കിയ ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി, കെ.ടി.ജലീൽ പ്രമാദമായ സ്വർണക്കടത്തുകേസിൽ സംശയത്തിന്റെ നിഴലിലായതോടെയാണ് മന്ത്രിയുടെ രാജി എന്ന ആവശ്യം സമരങ്ങളുടെ കേന്ദ്ര മുദ്രാവാക്യമായത്. അന്വേഷണ ഏജൻസികൾ ക്ലീൻചിറ്റ് നൽകിയാൽപ്പോലും മന്ത്രി ചെയ്ത തെറ്റുകൾ ഗുരുതരം തന്നെയാണ്. കേന്ദ്രഗവൺമെന്റിന്റെ അനുമതി വാങ്ങാതെയാണ് ഖുറാൻ യുഎഇയിൽനിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നത്. അതിന്റെ ഉത്തരവാദിത്തം കോൺസുലേറ്റിന്റെ തലയിൽ കെട്ടിവച്ചാലും മന്ത്രി അത് കൈപ്പറ്റിയത് ചട്ടവിരുദ്ധമായാണ്. സ്വർണ കള്ളക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധവും ന്യായീകരണങ്ങളില്ലാത്തതാണ്. ഖുറാൻ കൈപ്പറ്റിയതിനുശേഷമുള്ള നടപടികളും സംശയാസ്പദംതന്നെ. ദേശീയ അന്വേഷണ ഏജൻസിയും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷിക്കുന്ന കേസുമായി കെട്ടുപിണഞ്ഞു കിടക്കുന്നു ഖുറാന്റെ വരവ് എന്നതുകൊണ്ടുതന്നെ മന്ത്രി എത്രതന്നെ നിഷ്‌കളങ്കത ഭാവിച്ചാലും തടിയൂരുക എളുപ്പമല്ല. ഖുറാന്റെ മറയിൽ സ്വർണക്കടത്താണ് നടന്നത് എങ്കിലോ, മന്ത്രിക്ക് ജയിലിൽനിന്ന് ഇറങ്ങാൻ നേരമുണ്ടാകില്ല എന്നത് ഉറപ്പാണ്. ഒരു മന്ത്രിയെ മാറ്റിനിർത്താൻ ഇത്രയൊന്നും കാര്യങ്ങൾ ആവശ്യമില്ല എന്നിരിക്കെ അറസ്റ്റുചെയ്താലും രാജിവയ്‌ക്കേണ്ടതില്ല എന്ന നിലപാടാണ് സിപിഐ(എം)ഉം എൽഡിഎഫും സ്വീകരിച്ചിട്ടുള്ളത്. തോമസ് ചാണ്ടിയെയും ശശീന്ദ്രനെയും സംരക്ഷിക്കാൻ കാണിച്ച വ്യഗ്രതയും ജയരാജനെ തിരിച്ചെടുക്കാൻ കാണിച്ച ശുഷ്‌കാന്തിയും പിണറായി സർക്കാരിന്റെ യഥാർത്ഥസ്വഭാവം വെളിവാക്കിയിട്ടുള്ളതാണ്. ജലീലിന്റെ കാര്യത്തിലാകട്ടെ അതിലൊക്കെ ഉപരിയായ താൽപര്യങ്ങൾ ഉള്ളടങ്ങിയിട്ടുണ്ടെന്നേ കരുതാനാകൂ. രാഷ്ട്രീയ ധാർമ്മികതയുടെ കാര്യത്തിൽ ബിജെപിയുടയോ കോൺഗ്രസ്സിന്റെയോ ഭരണത്തിൽനിന്ന് എൽഡിഎഫിന് ഒരു വ്യത്യാസവും അവകാശപ്പെടാനില്ല എന്ന് ഒരിക്കൽക്കൂടെ ഓർമ്മിപ്പിക്കുകയാണ് ഈ സംഭവങ്ങളെല്ലാം. ജോസ് കെ.മാണിയുടെ പാർട്ടിയെ എൽഡിഎഫിൽ തിരുകിക്കയറ്റാൻ കാണിക്കുന്ന അഭ്യാസങ്ങളും ഈ ധാർമികച്യുതിയുടെ മറ്റൊരു പ്രതിഫലനമാണ്. മാണി കോൺഗ്രസിനെ അഴിമതിയുടെ പര്യായമായി അവതരിപ്പിച്ചുകൊണ്ട് നിയമസഭയിലടക്കം നടത്തിയ കോപ്രായങ്ങൾ മറക്കാനുള്ള സമയംപോലും ജനങ്ങൾക്കു നൽകാതെയാണ് പുതിയ കരുനീക്കങ്ങൾ നടത്തുന്നത്. ജനാധിപത്യ വിരുദ്ധരോ വർഗ്ഗീയവാദികളോ ആരുമാട്ടെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാകുമെങ്കിൽ ആരുമായും കൂട്ടുകൂടാൻ സിപിഐ(എം) എന്നും ഒരുക്കമായിരുന്നു. ചില വിഷയങ്ങളിൽ സിപിഐ ഉയർത്തുന്ന എതിർപ്പുകൾക്ക് വിലപേശലിനപ്പുറം കഴമ്പില്ലെന്ന കാര്യവും പലതവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. എൽഡിഎഫിന് വോട്ടുചെയ്യുന്നവരിൽ നല്ലൊരു പങ്ക് ഇടതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ളവരും അഴിമതിക്കും വർഗ്ഗീയതയ്ക്കുമെതിരെ ചിന്തിക്കുന്നവരുമാണെന്നുള്ളത് ഒരു വസ്തുതയാണ്. എന്നാൽ എൽഡിഎഫിൽ ഇടതുപക്ഷീയതയുമില്ല ജനാധിപത്യവുമില്ല എന്നതാണ് സ്ഥിതി. മുതലാളിവർഗ്ഗ രാഷ്ട്രീയത്തിന് ബദലായി തൊഴിലാളിവർഗ്ഗത്തിന്റെ രാഷ്ട്രീയമാണ് ഇടതുപക്ഷം ഉയർത്തിപ്പിടിക്കേണ്ടത്. കേന്ദ്രം ഭരിക്കുന്നത് ബിജെപി ആയാലുംകോൺഗ്രസ് ആയാലും അതേനയങ്ങൾ കൗശലപൂർവ്വം പിന്തുടരുക എന്നതാണ് എൽഡിഎഫ് സർക്കാരുകൾ കേരളത്തിൽ അനുവർത്തിക്കുന്ന രീതി. പൊതുമേഖലയുടെ സ്വകാര്യവൽക്കരണം വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം ചാർജ് നികുതി വർദ്ധനവുകൾ തുടങ്ങിയവയിലൊക്കെ ഇത് പ്രകടമാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം ആറുമാസംകൂടി ഏകപക്ഷീയമായി പിടിച്ചെടുക്കാൻ തീരുമാനിക്കുന്നത് ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ്. ആരോഗ്യമേഖലയെപ്പോലും ഇതിൽനിന്ന് ഒഴിവാക്കുന്നില്ല. 868 ജൂണിയർ ഡോക്ടർമാരിൽ 382 പേർക്ക് മൂന്നുമാസമായി ശമ്പളം കിട്ടുന്നില്ല. ഇവരുടെപോലും ശമ്പളം പിടിച്ചെടുക്കുന്നു.തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളോടുള്ള സമീപനത്തിൽ തികഞ്ഞ ഇടതുപക്ഷേതര നിലപാടിലേയ്ക്കും എൽഡിഎഫ് ഭരണം എത്തിച്ചേർന്നിരിക്കുന്നു. തോട്ടം തൊഴിലാളികളുടെ യാതനകൾ ഇവരുടെ കണ്ണുതുറപ്പിക്കാത്തത് അതുകൊണ്ടാണ്. അവർക്ക് നൽകുന്ന വാഗ്ദാനങ്ങൾ പതിറ്റാണ്ടുകളായിട്ടും പാലിക്കപ്പെടാതെ അവശേഷിക്കുന്നു. മുതലാളിമാരുടെ കൊടിയ ചൂഷണത്തിന് പരോക്ഷമായി ഒത്താശ ചെയ്യുന്നു. ഇടതുലേബലുള്ള ട്രേഡ് യൂണിയനുകൾ ബഹിഷ്‌ക്കരിച്ച് മുന്നോട്ടുവരാൻ ആയിരക്കണക്കിന് തൊഴിലാളികളെ നിർബന്ധിതരാക്കുന്നത് ഈ സാഹചര്യമാണ്. അടിമപ്പണിയുടെയും പ്രകൃതിദുരന്തങ്ങളുടെയും പിന്നാക്കാവസ്ഥയുടെയും ദുരിതങ്ങൾപേറി ജീവിതം തള്ളിനീക്കുന്നത് അനേകായിരങ്ങളാണ്. ഇടതുപക്ഷ രാഷ്ട്രീയം സമരരാഷ്ട്രീയമാണ്. നിലനിൽക്കുന്ന വ്യവസ്ഥിതിയെ അടിസ്ഥാനപരമായി പരിവർത്തനപ്പെടുത്താൻ അതൊന്നുമാത്രമേ മാർഗ്ഗമുള്ളൂ എന്നതുകൊണ്ടാണ് ഇടതുപക്ഷം സമരപാത തെരഞ്ഞെടുക്കുന്നത്. ചൂഷണരഹിതമായൊരു സമൂഹത്തിന്റെ സൃഷ്ടിയിലേയ്ക്കുള്ള ചുവടുവയ്പുകളാണ് ഈ സമരങ്ങൾ. 1967ലും 69ലും ബംഗാളിൽ സിപിഐ, സിപിഐ(എം) പാർട്ടികളോടൊപ്പം ഭരണം നടത്തിയ എസ്.യു.സി.ഐ ന്യായമായ തൊഴിലാളി സമരങ്ങളിൽ പോലീസ് ഇടപെടരുത് എന്ന നയം മുന്നോട്ടുവച്ചതും നടപ്പിലാക്കിയതും ഈ കാഴ്ചപ്പാടിലാണ്. എന്നാൽ മുതലാളിമാരുടെ ആശീർവാദത്തോടെ അധികാരം നിലനിർത്താൻ ഈ നിലപാട് സഹായകരമല്ലെന്നുകണ്ട സിപിഐ, സിപിഐ(എം) പാർട്ടികൾ എസ്.യു.സി.ഐയുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കുകയും മുതലാളിത്താനുകൂലമായ പാതയിലൂടെ മുന്നോട്ടുപോകുകയും ചെയ്തു. ഈ പാർട്ടികളുടെ സമരവിരുദ്ധ നിലപാട് പിന്നീട് നാൾക്കുനാൾ ശക്തിപ്പെടുകയാണ് ഉണ്ടായത്. ഇന്ന് കേരളത്തിൽ സമരം ചെയ്യുന്നവരെ ക്രൂരമായി അടിച്ചമർത്തുന്ന നിലപാടാണ് എൽഡിഎഫ് സർക്കാരിനുള്ളത്. സമരങ്ങളെ മാത്രമല്ല, എതിർപ്പിന്റെ നാമ്പുകളെപ്പോലും മുളയിലെ നുള്ളി അധികാരക്കസേരകൾ സുരക്ഷിതമാക്കുന്ന തരത്തിലേയ്ക്ക് ഭരണം മാറിക്കഴിഞ്ഞു. കോഴിക്കോട്, രണ്ട് ചെറുപ്പക്കാരെ മാവോ വാദികളെന്ന് മുദ്രകുത്തി 9 മാസം ജയിലിലടച്ചത് ഒരു ജനാധിപത്യ സർക്കാരിനുപോലും ഭൂഷണമല്ല എന്നിരിക്കെ ഇടതെന്നവകാശപ്പെടുന്ന സർക്കാരാകുമ്പോൾ അത് അക്ഷന്തവ്യമായ അപരാധമാകുന്നു. മാവോയിസ്റ്റുകളുടെ രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കുമ്പോൾത്തന്നെ ഒരാൾക്ക് മാവോയിസ്റ്റ് സംഘടനകളുടെ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്താനുള്ള അനിഷേധ്യമായ അവകാശം ജനാധിപത്യവ്യവസ്ഥ അംഗീകരിക്കുന്നുണ്ട് എന്ന വസ്തുത മറക്കാനാവില്ല. ബൂർഷ്വാ കോടതിക്കുപോലും ദഹിക്കാത്ത നടപടി എൽഡിഎഫ് ഭരണത്തിൽനിന്നുണ്ടാകുന്നത് രാഷ്ട്രീയ ധാർമികതയുടെ അധ:പതനമായി തിരിച്ചറിയേണ്ടതല്ലേ.ലോകമെമ്പാടും മുതലാളിത്ത വ്യവസ്ഥ തകർച്ചയെ നേരിടുകയാണ്. മുതലാളിത്ത ഉൽപ്പാദന വിതരണ സമ്പ്രദായത്തിന് സമൂഹത്തെ ഒരിഞ്ചുപോലും മുന്നോട്ടു നയിക്കാനാവില്ല എന്ന ചരിത്ര യാഥാർത്ഥ്യമാണ് ഈ തകർച്ച വെളിവാക്കുന്നത്. കൂടുതൽ ഉയർന്ന സോഷ്യലിസ്റ്റ് ഉൽപ്പാദന വ്യവസ്ഥയിലേയ്ക്ക് സമൂഹം പരിവർത്തനം ചെയ്യുക എന്നതുമാത്രമേ ഈ തകർച്ചയ്ക്ക് ശാശ്വത പരിഹാരമായുള്ളൂ. ഈ പരിവർത്തനത്തിന്റെ ആവശ്യകതയും ഔന്നത്യവും അദ്ധ്വാനിച്ചു ജീവിക്കുന്ന ജനവിഭാഗങ്ങളെയാകെ ബോധ്യപ്പെടുത്തുകയും അവരെ ആ മഹത്തായ ലക്ഷ്യം മുൻനിർത്തി സമരവേദികളിൽ അണിനിരത്തുകയുമാണ് കമ്മ്യൂണിസ്റ്റുകളുടെ ഉത്തരവാദിത്തം. സമരങ്ങളെ ശക്തിപ്പെടുത്തുന്ന നിലപാടെടുക്കാൻ ഇടതുപക്ഷം ബാധ്യസ്ഥമാകുന്നത് അതുകൊണ്ടാണ്. സ്വാതന്ത്ര്യപ്രാപ്തിയുടെ നാൾമുതൽ മുതലാളിവർഗ്ഗരാഷ്ട്രീയമാണ് കേന്ദ്രഭരണത്തിന് നേതൃത്വം നൽകിയകോൺഗ്രസ്സും പിന്നീട് ബിജെപിയും അനുവർത്തിച്ച് പോരുന്നത്. ജനജീവിതം അടിക്കടി തകരുന്നതും മുതലാളിവർഗ്ഗം സമ്പത്ത് കുന്നുകൂട്ടുന്നതും മതുലാളിത്ത നയങ്ങൾ അനുവർത്തിക്കുന്നതുകൊണ്ടാണ്. ഇതിനെതിരായൊരു പ്രവാഹം രാജ്യവ്യാപകമായി വളർത്തിയെടുക്കാൻ സിപിഐ, സിപിഐ(എം) പാർട്ടികൾ മിനക്കെടാതിരുന്നതുമൂലമാണ് മുതലാളിവർഗ്ഗ രാഷ്ട്രീയം ഇത്രയേറെ കരുത്തും മനുഷ്യത്വവിരുദ്ധതയും പ്രദർശിപ്പിക്കുന്ന സ്ഥിതി രാജ്യത്ത് സംജാതമായത്. അധികാരത്തിന്റെ ഉച്ഛിഷ്ടങ്ങൾക്കു പിന്നാലെയുള്ള അവരുടെ പരക്കംപാച്ചിൽ തൊഴിലാളിവർഗ്ഗത്തെ കൊടിയ ചൂഷണത്തിലേയ്ക്കും അടിച്ചമർത്തലിലേയ്ക്കും നിസ്സഹായാവസ്ഥയിലേയ്ക്കും തള്ളിയിട്ടിരിക്കുന്നു. അതോടൊപ്പം ഇടതുപക്ഷ വിരുദ്ധത ഈ പ്രസ്ഥാനങ്ങളുടെ തന്നെ ജീർണതയ്ക്കും വഴിയൊരുക്കുകയുണ്ടായി. പാർട്ടിയിലെ പിളർപ്പുകൾ അഴിമതി വർഗ്ഗീയ ചായ്‌വ് സാംസ്‌കാരികാധഃപതനം തുടങ്ങി എല്ലാ തിന്മകളുടെയും കൂടാരമായി വലതുപക്ഷത്തെപ്പോലെതന്നെ ഇടതെന്നവകാശപ്പെടുന്ന ഈ പാർട്ടികളും പരിണമിച്ചിരിക്കുന്നു.ഭരണത്തിന്റെ അവസരവും സാദ്ധ്യതകളും സമരരാഷ്ട്രീയത്തെ പോഷിപ്പിച്ചെടുക്കാനായി ഉപയോഗപ്പെടുത്തുക എന്ന ഇടതുപക്ഷ ധർമ്മം അവഗണിക്കപ്പെട്ടതോടെ പാർട്ടിയൊന്നാകെ അഴിമതിയിലേയ്ക്ക് വഴുതിവീഴുകയും ചെയ്തിരിക്കുന്നു. തൊഴിൽരഹിതരായ അനേകായിരങ്ങളെ അവഗണിച്ച് കൺസൾട്ടൻസി രാജ് ഏർപ്പെടുത്തുകയും അതെല്ലാം സാമ്പത്തിക നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിയിൽനിന്ന് ഇനി എൽഡിഎഫ് ഭരണത്തിന് മോചനമുണ്ടാകുമെന്നേ കരുതാനാകില്ല. കേറിക്കിടക്കാനൊരു കൂരയില്ലാത്തവന് ഒരു വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ നിസ്വാർത്ഥമായും അർപ്പണബോധത്തോടെയും പ്രവർത്തിക്കേണ്ട എൽഡിഎഫ് അത്തരം പദ്ധതികളെപ്പോലും അഴിമതിയുടെ മേച്ചിൽപ്പുറങ്ങളാക്കി മാറ്റുന്നത് പതനത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്. അഴിമതി മാത്രമല്ല, ജീർണതയുടെ വൈറസുകൾ പാർട്ടിയിലും ഭരണത്തിലും സർവ്വാംഗം പടർന്നിരിക്കുന്നു എന്നതാണ് സ്ഥിതി. സ്വന്തക്കാരെയും പാർട്ടിക്കാരെയും എല്ലാ നിയമങ്ങളും മര്യാദകളുംപോലും കാറ്റിൽ പറത്തി എല്ലായിടത്തും തിരുകിക്കയറ്റുന്നു. പ്രകൃതി സംരംക്ഷണം മറ്റാരെക്കാളും ഇടതുപക്ഷത്തിന്റെ കടമയും ശൈലിയുമായിരിക്കെ പ്രകൃതിക്കുമേൽ കനത്ത ആഘാതമേൽപ്പിക്കാൻ പോന്ന നടപടികൾ കൂസലെന്യേ കൈക്കൊള്ളുന്നു. ജനങ്ങളുടെ പരിദേവനങ്ങൾക്കും യാതനകൾക്കും ചെവികൊടുക്കാൻപോലും തയ്യാറാകുന്നില്ല. സർവ്വരംഗങ്ങളും മാഫിയകൾക്ക് ഒത്താശ ചെയ്യുന്നു. യാതൊരു ന്യായീകരണവുമില്ലാതെ മദ്യം കുത്തിയൊഴുക്കുന്നു. സ്ത്രീകൾക്കുമേൽ അതിക്രമങ്ങൾ നടത്തുന്നവരടക്കം ഏത് കുറ്റവാളിക്കും സംരക്ഷണം ഒരുക്കുന്നു. ആശയപരമായ പാപ്പരത്തമാണ് അക്രമം അവലംബിക്കുവാൻ പ്രേരണയാകുന്നത് എന്നതൊരു വസ്തുതയാണല്ലോ. സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളെ ഇത്രയേറെ ക്രിമിനൽവൽക്കരി ക്കുന്നതിൽ സിപിഐ(എം)പോലൊരു പാർട്ടി ഇതപര്യന്തം കൈക്കൊണ്ട നിലപാടുകൾ ഒരു ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതല്ലേ. അക്രമം ആത്മനാശത്തിനേ ഇടയാക്കൂ എന്നത് തർക്കമറ്റ വസ്തുതയാണല്ലോ. അക്രമം കൈമുതലാക്കി പതിറ്റാണ്ടുകൾ അടിക്കവാണ ബംഗാളിലെ സംഘടനാ സ്ഥിതി ഇതല്ലേ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിൽത്തന്നെ എത്രയെത്ര കൊലപാതകങ്ങൾ, ആക്രമണങ്ങൾ നടത്തി. പെരിയയിലെ ഇരട്ടകൊലപാതകം ജനമനസ്സുകളിൽ എത്ര വെറുപ്പാണ് സൃഷ്ടിച്ചത്. എന്നിട്ടും ജനങ്ങളുടെ നികുതിപ്പണമെടുത്ത് അക്രമികളെ സംരക്ഷിക്കാൻ സുപ്രീംകോടതിയുടെ തിണ്ണ നിരങ്ങുകയാണ് ഈ ഗവൺമെന്റ്. ബോംബെറിഞ്ഞ് പ്രതിയോഗികളെ കൊല്ലുക മാത്രമല്ല, ബോംബു നിർമ്മാണത്തിനിടയിൽ സ്വന്തം പ്രവർത്തകർ കൊല്ലപ്പെടുന്ന സ്ഥിതിയും അപൂർവ്വമല്ലാതായിരിക്കുന്നു.കേരളത്തിൽ ആർഎസ്എസിന്റെ വളർച്ച തടയാൻ എന്ന പേരിലാണ് സിപിഐ(എം) അക്രമമാർഗ്ഗത്തിലൂടെ മുന്നേറിത്തുട ങ്ങിയത്. അക്രമത്തിലൂടെ ഒരു സംഘടനയെയും ഇല്ലായ്മ ചെയ്യാനാവില്ലെന്നും ആർക്കാണറിയാത്തത്. ആർഎസ്എസിന്റെ വളർച്ചയ്ക്കാണ് ഈ തലതിരിഞ്ഞ രാഷ്ട്രീയം വഴിയൊരുക്കിയത് എന്നത് സംസ്ഥാനത്തിന്റെ അനുഭവമാണ്. പാർട്ടിയോട് വിയോജിക്കുന്നവരെ വകവരുത്തുന്നതും വരുതിയിൽ നിൽക്കാത്തവരെ കള്ളക്കേസിൽ കുടുക്കുന്നതും ഉൾപ്പെടെയുള്ള ഹീനമാർഗ്ഗങ്ങളുടെയും അധികാരത്തിന്റെയും പിൻബലത്തിലുള്ള സഞ്ചാരം ഇവരെ എത്ര ദയനീയമായ പതനത്തിലാണ് എത്തിച്ചിരിക്കുന്നത്. അവിഭക്ത കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ആശയപരമായ പരാധീനതകൾ ഒരു ശരിയായ കമ്മ്യൂണിസ്റ്റു പാർട്ടിയായി വികസിച്ചുവരുന്നതിന് അവരെ അശക്തരാക്കി എന്നത് മാർക്‌സിസത്തിന്റെ പാഠങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന ആർക്കും ഇന്ന് മനസ്സിലാകും. ഈ യാഥാർത്ഥ്യം 1948ൽ ത്തന്നെ ആഴത്തിൽ മനസ്സിലാക്കിയതുകൊണ്ടാണ് സഖാവ് ശിബ്ദാസ് ഘോഷ് എന്ന മഹാനായ മാർക്‌സിസ്റ്റ് തത്വചിന്തകൻ എസ്.യു.സി.ഐയ്ക്ക് രൂപംകൊടുക്കാൻ മുതിർന്നത്. അന്ന് അദ്ദേഹം പ്രവചനതുല്യം ചൂണ്ടിക്കാണിച്ച കാര്യങ്ങളൊക്കെ ഇന്ന് ഏതൊരാൾക്കും മനസ്സിലാകുംവിധം വ്യക്തമായിരിക്കുന്നു. മുതലാളിത്ത വ്യവസ്ഥ നിലനിൽക്കുവോളം ജനങ്ങളുടെ ദുരിതങ്ങൾക്ക് അടിസ്ഥാനപരമായ പരിഹാരമുണ്ടാകില്ല. വ്യവസ്ഥിതിയുടെ മാറ്റമാകട്ടെ ഗവൺമെന്റ് രൂപീകരിച്ചുകൊണ്ട് പരിഷ്‌കരണ നടപടികളിലൂടെ സാദ്ധ്യമാക്കാവുന്നതല്ല. അതിന് ജനങ്ങൾ അധികാരം കൈയാളാൻ പ്രാപ്തരാകണം. അവരെ ആശയപരമായും സംഘടനാപരമായും അതിന് പ്രാപ്തരാക്കുന്ന കളരികളാണ് സമരവേദികൾ. സമരപാത വെടിയുകയെന്നാൽ അതുകൊണ്ടുതന്നെ മാർക്‌സിസ്റ്റു പാതയിൽ നിന്നുതന്നെയുള്ള വ്യതിചലനമാണ്. സർക്കാരിന്റെ പരിമിതമായ അധികാരങ്ങളിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാമെന്ന വ്യാമോഹം സൃഷ്ടിക്കുന്നത് അവരെ നിരായുധരാക്കുന്നതിന് തുല്യമാണ്. ഭാവിയിലേയ്ക്കുള്ള വാതിൽ കൊട്ടിയടയ്ക്കുകയാണ്. ഇന്ന് സാഹചര്യം ഏറെ പ്രതികൂലമാണ്. സോഷ്യലിസ്റ്റു ചേരിയുടെ തകർച്ചയും സാമ്രാജ്യത്വം സൃഷ്ടിച്ചെടുത്തിരിക്കുന്ന ഏകധ്രുവലോകവും അന്തർദ്ദേശീയ രംഗത്ത് പുരോഗതിക്കുമുന്നിൽ വലിയ വിലങ്ങു തടികൾ സൃഷ്ടിച്ചിരിക്കുന്നു. ഉപരോധങ്ങളും യുദ്ധങ്ങളും അട്ടിമറികളും പട്ടിണിയും തൊഴിലില്ലായ്മയും പലായനങ്ങളും നിറഞ്ഞ ലോകമാണ് മുതലാളിത്തം സൃഷ്ടിച്ചിരിക്കുന്നത്. എല്ലാത്തിനെയും ലാഭം കുന്നുകൂട്ടാനുള്ള ഉപാധിയാക്കുന്ന കോർപ്പറേറ്റുകൾ സമ്പത്ത് പെരുക്കിക്കൊണ്ടേയിരിക്കുന്നു. ഈ ദുഷ്‌ചെയ്തികൾക്ക് കളമൊരുക്കാനായി കമ്മ്യൂണിസത്തിനെതിരായ പ്രചാരവേല അനസ്യൂതം നടത്തുകയും ചെയ്യുന്നു. ദേശീയ സാഹചര്യവും ഒട്ടും വ്യത്യസ്തമല്ല. മോദിഭരണം വലിയ സാമ്പത്തിക തകർച്ചയിലേയ്ക്ക് രാജ്യത്തെ എത്തിച്ചുകഴിഞ്ഞു. രാഷ്ട്രീയ രംഗത്തും കൊടിയ ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളുമെല്ലാം പഴങ്കഥയായി മാറിയിരിക്കുകയാണ്. എതിർപ്പിന്റെ ശബ്ദമുയർത്തുന്നവരെ തെരഞ്ഞുപിടിച്ച് വകവരുത്തുന്ന സാഹചര്യം. വിദ്യാഭ്യാസത്തിനുള്ള അവസരംപോലും ജനങ്ങൾക്ക് നിഷേധിക്കുന്ന നടപടി മറുവശത്ത്. അറിവ് നിഷേധിക്കുന്നതോടൊപ്പം അന്ധത പടർത്തുകകൂടി ചെയ്യുന്നു. വർഗ്ഗീയത ഊട്ടിവളർത്തി ജനങ്ങളുടെ ഐക്യം തകർക്കുന്നു. ഭയചകിതമായൊരു സാമൂഹ്യാവസ്ഥയിലേയ്ക്ക് ജനങ്ങൾ ചെന്നെത്തുകയാണ്. കമ്മ്യൂണിസ്റ്റുകളും ഇടതുപക്ഷക്കാരുമെല്ലാം കൂടുതൽ ഉത്തരവാദിത്തത്തോടെയും മാതൃകാപരമായും പ്രവത്തിക്കേണ്ട സന്ദർഭമാണിത്. സിപിഐ, സിപിഐ(എം) പാർട്ടികളുടെ ചെയ്തികൾ മാർക്‌സിസത്തോട് അവമതിപ്പുണ്ടാക്കിയാൽ ഭാവിയിലെ ജനകീയ മുന്നേറ്റങ്ങളെത്തന്നെ അത് പ്രതികൂലമായി ബാധിക്കും. മാർക്‌സിസമെന്ന മഹനീയ ദർശനത്തോട് ജനങ്ങളിൽ ആഭിമുഖ്യം കുറഞ്ഞാൽ അത് ആശയപരമായി ഒരു ജനതയെയാകെ ദുർബലരാക്കും. മുതലാളിത്ത നയങ്ങൾക്കെതിരെ ഹിന്ദുത്വ ശക്തികളുടെ ഹീനമായ പ്രചാര വേലകൾക്കെതിരെ ശക്തമായൊരു ചെറുത്തുനിൽപ്പ് വളർത്തിയെടുക്കാൻ ജനങ്ങൾ പ്രാപ്തരായേ മതിയാകൂ. ചരിത്രത്തിന്റെയും സയൻസിന്റെയും പിൻബലത്തിലേ അതിന്റെ ആശയാടിത്തറ രൂപപ്പെടുത്താനാകൂ. മാർക്‌സിസ്റ്റ് ദർശനത്തിന്റെ വെളിച്ചത്തിലേ പുതിയ ലോകത്തിന്റെ സൃഷ്ടിക്കായുള്ള ധാർമ്മികമായ കരുത്ത് നേടാനാകൂ. ജനങ്ങളുടെ ഐക്യം, സാഹോദര്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ട സന്ദർഭമാണിത്. ആ ഉത്തരവാദിത്തവും ഇടതുപക്ഷം തന്നെയാണ് ഏറ്റെടുക്കേണ്ടത്. ജാതി, മതം, വിശ്വാസം, ആചാരം, ഭാഷ തുടങ്ങി എന്തും ജനങ്ങളുടെ ഐക്യം തകർക്കാനുള്ള ഉപാധികളായി ഉപയോഗിക്കപ്പെടുന്ന കാലമാണിത്. ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെടുന്ന സമരത്തെ ഖുറാനെതിരെയുള്ള സമരമായി സിപിഐ(എം) വ്യാഖ്യാനിക്കുന്നത് ഏറെ അപകടകരമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. ശരി അത്ത് വിവാദമോ, അമേരിക്കയുടെ ഇറാഖ് ആക്രമണമോ ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധതയോ എന്തുമാകട്ടെ അവയൊക്കെ വിലകുറഞ്ഞതും നിരുത്തരവാദപരവുമായ പ്രചാരണ വിഷയമാക്കി ന്യൂനപക്ഷങ്ങളുടെ വോട്ടുപിടിക്കാൻ ശ്രമിക്കുന്നത് സിപിഐ(എം) ശൈലിയാണ്. സ്വർണക്കടത്തുകേസിലെ പ്രതികളെ സംരക്ഷിക്കാനും ഇതേ തന്ത്രംതന്നെ പയറ്റുകയാണിപ്പോൾ. ഇത് ആത്യന്തികമായി സംഘപരിവാർശക്തികൾക്കുതന്നെ നേട്ടമാകുകയുംചെയ്യും. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നുണ്ട് എന്നതൊരു യാഥാർത്ഥ്യമാണ്. അവർ സ്വന്തം സംഘടനകളുണ്ടാക്കിയോ വിഘടനപരമായമുദ്രാവാക്യങ്ങൾ ഉയർത്തിയോ അല്ല ഇതിനെ നേരിടേണ്ടത്. അങ്ങനെചെയ്താൽ ഭരണവർഗ്ഗം ഒരുക്കുന്ന കെണിയിൽ പെടുക എന്നാണർത്ഥം. കരിനിയമങ്ങൾ പടച്ചുണ്ടാക്കുന്നതിനും ക്രൂരമായ അടിച്ചമർത്തലിനുമൊക്കെ അത് ന്യായീകരണങ്ങളാകും. ജനാധിപത്യ മതേതരമുദ്രാവാക്യങ്ങളുയർത്തുന്ന ജനാധിപത്യ ശൈലിയിലുള്ള ബഹുജന പ്രക്ഷോഭങ്ങളിൽ പങ്കാളിയാകുക എന്നതാണ് ന്യൂനപക്ഷങ്ങൾ സ്വീകരിക്കേണ്ട നിലപാട്. അതിലൂടെ മാത്രമേ ഭരണവർഗ്ഗത്തിന്റെ മുതലാളിത്ത താൽപര്യം തുറന്നുകാട്ടാനും അതിനെ പരാജയപ്പെടുത്താനും അതുവഴി ന്യൂനപക്ഷങ്ങളടക്കം മുഴുവൻ സാധാരണ ജനങ്ങൾക്കും നീതി ഉറപ്പാക്കാനും കഴിയൂ. വികാരങ്ങൾക്ക് അടിപ്പെടാതെ അപരാജിതമായൊരു സമരശക്തിയാകാൻ ന്യൂനപക്ഷങ്ങളെ പ്രേരിപ്പിക്കുകയാണ് ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തം എന്നു വ്യക്തം. ഇവിടെയാണ് വർഗ്ഗീയ ചേരിതിവുണ്ടാക്കി വോട്ടുപിടിക്കാനും സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കാനുമുള്ള തന്ത്രങ്ങൾ സിപിഐ(എം) പയറ്റുന്നത്. എൽഡിഎഫ് ഭരണത്തിന്റെയും സിപിഐ, സിപിഐ(എം) പാർട്ടികളുടെയും ചെയ്തികളും സമീപനങ്ങളും വർത്തമാനകാലത്തെ ഈ കടമകൾ ഏറ്റെടുക്കാൻ ജനങ്ങളെ പ്രാപ്തരാക്കുന്നതല്ല എന്നുമാത്രമല്ല ശരിയായ ജനകീയ മുന്നേറ്റത്തിനുമുന്നിൽ കടുത്ത വൈതരണികൾ സൃഷ്ടിക്കുന്നതുമാണ്. ജനങ്ങൾക്ക് ആശയപരവും സാംസ്‌കാരികവുമായ കരുത്ത് പ്രദാനം ചെയ്യുന്നതിന് പകരം അവർ ജനങ്ങളെ മൂല്യച്യുതിയിലേയ്ക്ക് തള്ളിയിട്ട് പോരാട്ടവീര്യം ചോർത്തിക്കളയുന്നു. എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി സിപിഐ, സിപിഐ(എം) പാർട്ടികളുടെ ചെയ്തികളെ വിമർശിക്കുന്നത് ഒരു മഹത്തായ ലക്ഷ്യം മുൻനിർത്തി ഇടതുപക്ഷ ചിന്താഗതിക്കാരും പുരോഗമനകാംക്ഷികളുമായ മുഴുവൻ ജനങ്ങളുടെയും ഐക്യം ഊട്ടിയുറപ്പിക്കാനും മുതലാളിത്തത്തിന്റെ ഹീനമായ ആക്രമണങ്ങൾക്കെതിരെ സമസ്ത രംഗങ്ങളിലും കരുത്തുറ്റ പോരാട്ടം വളർത്തിയെടുക്കാനുമാണ്. ഈ ഉദ്ദേശശുദ്ധി തിരിച്ചറിഞ്ഞ് സ്വന്തം തെറ്റുകൾ തിരുത്താൻ ഈ പാർട്ടികൾ തയ്യാറായില്ലെങ്കിൽ ചരിത്ര പുരോഗതിയിൽ ഒരു പങ്കും നിറവേറ്റാനില്ലാത്ത അവസ്ഥയിലേയ്ക്ക് അവർ നിപതിക്കും. ഈ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുനിൽക്കുന്നവർ ഈ വസ്തുത തിരിച്ചറിയണം. എത്ര മാരകമായ ആക്രമണത്തെയും അതിജീവിക്കാനുള്ള കരുത്ത് മാർക്‌സിസം എന്ന പ്രത്യയശാസ്ത്ര ആയുധം പ്രദാനം ചെയ്യും. ചരിത്രത്തിന്റെ വഴിമുടക്കാൻ ഒരു ശക്തിക്കുമാകില്ല. താത്ക്കാലികമായ തിരിച്ചടികൾ ഉണ്ടായേക്കാം. അവ നമ്മളെ ചഞ്ചലചിത്തരാക്കുന്നില്ല. കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരാക്കുന്നു. ഉറച്ച ചുവടുവയ്പുക ളോടെ നാം മന്നോട്ടുതന്നെ പോകുന്നു.

Share this post

scroll to top