മൃഗീയമായ പണക്കൊഴുപ്പിന്റെയും അധികാരത്തിന്റെയും പിന്‍ബലത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദമായി സംഘപരിവാര്‍ ശക്തികള്‍ നടത്തിവരുന്ന പ്രചാരണയജ്ഞം കഴിഞ്ഞ ദിനങ്ങളില്‍ ഉച്ചസ്ഥായിലെത്തുന്നത് നാം കണ്ടു. ഈ പ്രചരണഘോഷത്തില് സത്യവും ചരിത്രയാഥാര്‍ത്ഥ്യങ്ങളും ഗളഹസ്തം ചെയ്യപ്പെടുന്നതിനും നാം സാക്ഷിയായി. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ കര്‍മ്മത്തിന്റെ ദിനമായ ജനുവരി 22ന് മാത്രമല്ല, അതിനും ആഴ്ചകള്‍ക്കുമുമ്പുതന്നെ മാധ്യമങ്ങളില്‍ ഒരു വലിയ വിഭാഗവും ചരിത്രവസ്തുതകളെയും ദുഃഖകരമായ ചില ഓര്‍മ്മകളെയും ആസൂത്രിതമായി മറച്ചുപിടിക്കുന്നതിനും മറുവശത്ത് വര്ഗ്ഗീയമനോഘടനയെ വെള്ളപൂശുന്നതിനും വേണ്ടി പണിപ്പെട്ടു. സോഷ്യല്‍ മീഡിയയും സര്‍ക്കാര്‍ വിലാസം മാധ്യമങ്ങളും സ്വതന്ത്ര മാധ്യമങ്ങളും ഇന്‍ഡിഗോ വിമാനക്കമ്പിനി വരെയും സംഘ പരിവാറിന്റെ വിഭജന രാഷ്ട്രീയത്തിന് പൊതുസ്വീകാര്യതയുടെ ഇരിപ്പിടം സൃഷ്ടിക്കാന്‍ മല്‍സരിച്ചു. അപ്പോഴും ജനാധിപത്യവിശ്വാസികളും മതേതരബോധമുള്ള ഒരു വലിയ വിഭാഗം ജനങ്ങളും രാജ്യമെമ്പാടുമുള്ള ചരിത്രപണ്ഡിതന്മാരും ബുദ്ധിജീവികളും മതവിശ്വാസത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു.
ഫാസിസ്റ്റുകള്‍ എല്ലാക്കാലത്തും പ്രചാരണത്തിന്റെ കരുത്ത് തിരിച്ചറിഞ്ഞിട്ടുള്ളവരാണ്. “പ്രൊപ്പഗാന്റ(പ്രചാരണം)യാണ് നാസികളുടെ സുവിശേഷം” എന്ന് പ്രമുഖ യൂറോപ്യന്‍ സാംസ്കാരിക ചരിത്രകാരന് പീര്‍സ് ബ്രെന്റന് അഭിപ്രായപ്പെട്ടത് ഇക്കാരണത്താലാണ്. നമ്മുടെ രാജ്യത്ത് ബിജെപി നടത്തുന്ന ആസൂത്രിതവും രാക്ഷസീയവുമായ പ്രചാരണം ഈ നിരീക്ഷണത്തെ പൂര്‍ണ്ണമായും ശരിവയ്ക്കുന്നു. കോടികളുടെ ഭീമമായ തുക ചെലവഴിച്ചും പരമ്പരാഗത മാര്ഗ്ഗങ്ങള്ക്കുപുറമേ നിരവധിയായ പുതിയ സമ്പ്രദായങ്ങള്‍ വികസിപ്പിച്ചും അതിവിപുലമായ ഡിജിറ്റല്‍ സൈന്യത്തെ നിയോഗിച്ചും ബിജെപി അതിന്റെ ഫാസിസ്റ്റ് പ്രൊപ്പഗാന്റാ മെഷിനറി സര്‍വ്വസന്നാഹങ്ങളോടെയും പ്രവര്‍ത്തിപ്പിക്കുകയാണ്. വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളെയും ചരിത്രവസ്തുതകളെയും വ്യാജനിര്മ്മിതികളിലൂടെയും കപടവ്യാഖ്യാനങ്ങളിലൂടെയും പൊതുബോധത്തില്‍ നിന്നും ഇല്ലായ്മ ചെയ്യുക എന്നതാണ് അതിന്റെ പരമമായ ലക്ഷ്യം. ഉയര്‍ന്ന സബോധത, ഉല്‍കൃഷ്ഠമായ വൈകാരികത, ശാസ്ത്രീയ സമീപനം തുടങ്ങിയ മനുഷ്യനെ മനുഷ്യനാക്കുന്ന അടിസ്ഥാനഘടകങ്ങളെ തകര്‍ത്ത് അതിന്റെ സ്ഥാനത്ത് അന്ധതയും അന്യമത വെറിയും മിഥ്യാഭിമാന ബോധവും മാത്രമുള്ള വ്യക്തികളെയും ആള്‍ക്കൂട്ടങ്ങളെയും അങ്ങനെ വാര്‍ത്തെടുക്കുകയാണ്. അതിവൈദഗ്ദ്ധ്യമുള്ള ഒരാളാണെങ്കില്‍ അയാളുടെ കൈവശമുള്ള ഏറ്റവും ഭയാനകമായ ആയുധം യഥാര്‍ത്ഥത്തില്‍ പ്രചാരണമാണെന്ന് ഹിറ്റ്ലര്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊപ്പഗാന്റ എന്ന മാരകമായ ആയുധത്തിന്റെ അതിവൈദഗ്ദ്ധ്യത്തോടെയുള്ള പ്രയോഗമാണ് സംഘപരിവാര്‍ ശക്തികള്‍ ഇന്ന് രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. സത്യത്തെ ഞെരിച്ചുകൊല്ലുകയാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. ഒപ്പം ദേശഭ്രാന്തും അന്ധതയും ബാധിച്ച അണികളെ സൃഷ്ടിക്കുകയും.
1932ല്‍ ഫാസിസ്റ്റുകള്‍ പ്രചാരണത്തിനായി രൂപീകരിച്ച വകുപ്പിന്റെ പേര് പബ്ലിക് എന്‍ലൈറ്റ്മെന്റ് ആന്റ് പ്രൊപ്പഗാന്റാ എന്നായിരുന്നു. അതായത് പൊതുസമൂഹത്തിന് ജ്ഞാനം പകരുക(!) എന്നതായിരുന്ന വകുപ്പിന്റെ ഉത്തരവാദിത്തം. അതിന്റെ മന്ത്രിയാകട്ടെ ജോസഫ് ഗീബല്‍സ് എന്നയാളും. ഒരു വ്യാജ പ്രസ്താവമോ നുണയോ നിരന്തരമായി ആവര്‍ത്തിച്ചാല്‍ അത് സത്യമായി മാറുമെന്ന കണ്ടെത്തലിന്റെ പിതാവാണദ്ദേഹം. ഇന്ത്യയിലെ അദ്ദേഹത്തിന്റെ നേരവകാശിയായ ആര്‍എസ്എസ് നയിക്കുന്ന സംഘപരിവാര്‍ സംഘം കൃത്യമായും പിന്തുടരുന്നത് അദ്ദേഹത്തിന്റെ സിദ്ധാന്തമാണ്. ആസൂത്രിതമായ പ്രൊപ്പഗാന്റയിലൂടെ വ്യാജനിര്മ്മിതികളുടെയും വ്യാഖ്യാനങ്ങളുടെയും ഒരു ബദല്‍ തന്നെ അവര്‍ സൃഷ്ടിച്ചിരിക്കുന്നു. പ്രചാരണമാണ് എല്ലാത്തിന്റെയും കേന്ദ്രബിന്ദു. അതിനുവേണ്ടിയുള്ളതാണ് എല്ലാ പ്രവര്‍ത്തനവും. ദീര്‍ഘനാളായി സംഘപരിവാര്‍ ശക്തികള്‍ അനുവര്‍ത്തിച്ചുവരുന്ന കേന്ദ്രീകൃതമായ പ്രചാരണം അധികാരത്തില്‍ അവരോധിതമായതോടെ അതിഭീമമായ മാനം കൈവരിച്ചു. ഭരണാധികാരം തുറന്നുകൊടുത്ത സാധ്യതകള്‍ മാത്രമല്ല, പുതിയ എണ്ണമറ്റ സാധ്യതകള്‍ സൃഷ്ടിച്ചുമാണ് ഈ ആസൂത്രിത പ്രചാരവേല മുന്നേറുന്നത്.
ഹിന്ദുത്വ അജണ്ടയുടെ ഏതൊരു നയവും പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ ചാനലുകളില്‍ പ്രൈംടൈം ഷോകളും അതിവൈകാരികത നിറച്ച ചര്‍ച്ചകളും ബിജെപിയുടെ ഡിജിറ്റല്‍ സൈന്യം പടച്ചുവിടുന്ന നുണകളെ അടിസ്ഥാനപ്പെടുത്തിയുള്ള സോഷ്യല്‍ മീഡിയ ക്യാമ്പയിനും ആരംഭിച്ചിരിക്കും. തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പ്രചാരണം സംഘടിപ്പിക്കുന്നത് എന്നതിനാല്‍ വസ്തുതകളുടെ വെളിച്ചത്തില്‍ അത് വ്യാജമാണെന്ന് പിന്നീട് അലംഘനീയമായി സ്ഥാപിക്കപ്പെട്ടാലും അതില്‍ അവര്‍ക്ക് തെല്ലും ആശങ്കയോ പരിഭ്രമമോ ഇല്ല. വിശ്വാസ്യത വേണമെന്ന് ഒരു നിര്‍ബ്ബന്ധവും അവര്‍ക്കില്ല. എന്തെന്നാല്‍ പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ലക്ഷ്യം വച്ചതെന്തോ അവര്‍ നേടിക്കഴിഞ്ഞിരിക്കും. അന്യമതവെറിയുടെയോ വര്‍ഗ്ഗീയതയുടെയോ ഒരു പ്രചാരണം സാധാരമണമനുഷ്യരില് സൃഷ്ടിക്കേണ്ട സ്വാധീനം അതിനോടകം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞിരിക്കും. മറ്റൊന്നുകൂടി അവര്‍ കണക്കുകൂട്ടുന്നുണ്ട്. ബിജെപിയുടെ പ്രചാരണത്തിന്റെ കാപട്യത്തെ തുറന്നുകാട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ ഡിജിറ്റല്‍ സൈന്യത്തിന്റെ ശക്തിയോട് മല്‍സരിക്കാനാവില്ല എന്ന് അവര്‍ക്ക് ഉറപ്പാണ്. വ്യാജ പ്രചാരണത്തിന്റെ സ്വാധീനപരിധി അതിവിപുലമായിരിക്കും. എന്നാല്‍ അതിനെ തുറന്നുകാട്ടുന്ന പ്രചാരണമാകട്ടെ പരിമിതമായ വൃത്തത്തില്‍ ഒടുങ്ങുകയും ചെയ്യുന്നു. സര്‍ക്കാരിനും ബിജെപിക്കുമെതിരായ പ്രചാരണവും പ്രവര്‍ത്തനങ്ങളും നിരന്തരം വേട്ടയാടപ്പെടുന്നതിനാല്‍ വലിയ എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ് അവ നിലനില്ക്കുന്നതും മുന്നോട്ടുപോകുന്നതും. അധികാരത്തിന്റെ മൃഗീയശക്തിക്കുമുമ്പില് നിശബ്ദരാക്കപ്പെടുന്നവരുടെ എണ്ണവും ചെറുതല്ല.
ആധുനിക സാങ്കേതികവിദ്യ ഒരുക്കുന്ന അനന്തമായ സാധ്യതകളെ നിന്ദ്യവും ഹീനവുമായ വിദ്വേഷപ്രചാരണത്തിനായി ഉപയോഗിക്കുകയാണ് സംഘപരിവാര്‍ സംഘം. ന്യൂനപക്ഷങ്ങള്‍ക്കും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കുമെതിരെ പതിനായിരക്കണക്കിന് പോസ്റ്റുകള്‍ ദിനംപ്രതി സൃഷ്ടിച്ചുകൊണ്ട് സാധാരണജനങ്ങളുടെ മനസ്സിലേക്ക് വിഷം നിറയ്ക്കുകയാണ് ഈ ദുഷ്ടശക്തികള്‍. 2019ലെ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിനുശേഷം ഫേസ്ബുക്കില്‍ വിദ്വേഷം പടര്ത്തുന്നതായ ഉള്ളടക്കം 300 ശതമാനം വര്‍ദ്ധിച്ചതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ കണ്ടെത്തി. പ്രാഥമികമായും അവ ലക്ഷ്യം വച്ചിരുന്നത് മുസ്ലീം ജനവിഭാഗത്തെയായിരുന്നു.
രാജ്യത്തിന്റെ യഥാര്‍ത്ഥസ്ഥിതിയെ സംബന്ധിക്കുന്ന, തങ്ങള്‍ക്ക് ഹിതകരമല്ലാത്ത, വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും റിപ്പോര്‍ട്ടുകളും സ്ഥിതിവിവരങ്ങളും അമര്‍ച്ച ചെയ്യപ്പെടുന്നു. അവ ഒരിക്കലും വെളിച്ചം കാണുകയില്ല. ഏതെങ്കിലും ഡേറ്റ പുറത്തുവന്നാല്‍, ഏജന്‍സികളുടെ തലപ്പത്തുള്ളവരെ പദവിയില്‍ നിന്ന് പുറത്താക്കിക്കൊണ്ട് ഒരു വിവരവും ഭാവിയില്‍ പുറത്തവരില്ല എന്നുറപ്പാക്കുന്നു. തൊഴിലില്ലായ്മയെ സംബന്ധിക്കുന്ന നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനെത്തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദത്തില്‍ അതിന്റെ ചെയര്മാന് രാജി വയ്ക്കുന്നത് നാം കണ്ടു. ഒരു രാജ്യത്തിന്റെ മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതിനും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഏറ്റവും അവശ്യം വേണ്ടുന്ന സ്ഥിതിവിവരങ്ങളില്‍, സങ്കുചിത രാഷ്ട്രീയ നേട്ടത്തിനുവേണ്ടി കൃത്രിമത്വം നടത്തുകയും അവ പൂഴ്ത്തി വയ്ക്കുകയും ചെയ്യുന്നു.
സര്‍ക്കാര്‍ പദ്ധതികളുടെ പേരില്‍ കോടികള്‍ ചെലവഴിച്ച് നടത്തുന്ന പ്രചാരണം തികഞ്ഞ തട്ടിപ്പാണെന്ന് പ്രാഥമികമായ പരിശോധനയില്‍ത്തന്നെ വ്യക്തമാകുന്നതാണ്. പ്രചാരണത്തിന്റെ മുഖ്യ ഇനം ഉജ്വല്‍ യോജന പദ്ധതിയാണല്ലോ. 10 കോടി കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചക വാതക കണക്ഷന് നല്കി എന്നതാണ് പ്രചരണം. യഥാര്‍ത്ഥത്തില്‍ കോടിക്കണക്കിന് പുതിയ ഉപഭോക്താക്കളെ സൃഷ്ടിച്ച് അവരെ പാചക വാതക വിലവര്‍ദ്ധനവെന്ന പകല്‍ക്കൊള്ളയുടെ ഇരകളാക്കുകയാണ് ചെയ്തത്. പുതിയ വിപണി സൃഷ്ടിച്ച്, ഭീമമായ തുകയുടെ എല്‍പിജി വിറ്റഴിക്കുക എന്ന തന്ത്രം മാത്രമായിരുന്നു സൗജന്യകണക്ഷന്റെ പേരില്‍ നടന്ന ഉജ്വല്‍ യോജന. പെട്രോളിയം വിലവര്‍ദ്ധനവിലൂടെ നടത്തിയ ഏതാണ്ട് 18 ലക്ഷം കോടി രൂപയുടെ കവര്‍ച്ച ഇതിലൂടെ മറച്ചുവയ്ക്കാന്‍ കഴിഞ്ഞു എന്നതാണ് പ്രചാരണത്തിന്റെ മറ്റൊരു നേട്ടം. നൂറുശതമാനം ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ച മോദി ഭരണത്തെ വാഴ്ത്തുന്ന പ്രചരണവും ആഘോഷിക്കുന്നുണ്ടല്ലോ. 2014ല്‍ മോദി അധികാരത്തിലെത്തുമ്പോള്ത്തന്നെ രാജ്യത്തെ 97 ശതമാനം ഗ്രാമങ്ങളിലും വൈദ്യുതി എത്തിയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അവശേഷിച്ച 3 ശതമാനം ഗ്രാമങ്ങളില്‍ വൈദ്യുതി നല്‍കുക മാത്രമാണ് മോദി ഭരണം ചെയ്തത്. എന്നാല്‍ പ്രചരണം സൃഷ്ടിക്കുന്ന പ്രതീതി, രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും നല്‍കിയത് മോദി ഭരണമാണെന്നാണ്. കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട കൊടിയ ജനദ്രോഹനയങ്ങള്‍ മറച്ചുവയ്ക്കാനും ജനരോഷത്തെ മറികടക്കാനുമാണ് ജനങ്ങളുടെ ചെലവില്‍ ഈ പ്രചരണം നടത്തുന്നത്.
സര്‍ക്കാരിന്റെ ഔദ്യോഗിക വാര്ത്താസംവിധാനങ്ങളെ മാത്രമല്ല, സര്‍ക്കാര്‍ വകുപ്പുകളെ മുഴുവന്‍ സര്‍ക്കാരിന്റെ മാത്രമല്ല, പാര്‍ട്ടിയുടെയും പ്രചാരണ ഉപാധികളാക്കി മാറ്റി. ബിജെപിക്കോ അവര്‍ നയിക്കുന്ന സര്‍ക്കാരിനോ നല്‍കിയതിന്റെ നൂറിലൊന്നുപോലും വാര്‍ത്തയും പ്രചാരണവും രാജ്യത്തെ പ്രതിപക്ഷപ്രസ്ഥാനങ്ങള്‍ക്ക് നല്കാന് ആകാശവാണിയും ദൂരദര്‍ശനും തയ്യാറായില്ല. രാജ്യത്തെ ജനാധിപത്യക്രമത്തിന്റെ ഔദ്യോഗിക ഭാഗമാണ് പ്രതിപക്ഷമെന്നത് അംഗീകരിക്കാന്‍ പോലും അവര്‍ തയ്യാറായില്ല. തകര്‍ക്കപ്പെട്ടത് ഭരണപരമായ നിക്ഷ്പക്ഷത എന്ന ജനാധിപത്യതത്വമായിരുന്നു. 6491 കോടി രൂപയാണ് മോദിസര്‍ക്കാര്‍ ഇലക്ട്രോണിക് – പ്രിന്റ് മാധ്യമങ്ങളിലുടെയുള്ള പരസ്യപ്രചാരണത്തിനായി കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചിട്ടുള്ളത് (കേന്ദ്ര സഹമന്തി അനുരാഗ് ഠാക്കൂര്‍ പാര്‍ലിമെന്റില്‍ നടത്തിയ പ്രസ്താവന). റെയില്‍വേ സ്റ്റേഷനുകളില്‍, എണ്ണമറ്റ പൊതുഇടങ്ങളില്‍, ദേശീയപാത ഓരങ്ങളില്‍, പെട്രോള്‍ പമ്പുകളില്‍, വിമാനത്താവളങ്ങളില്‍ വരെ മോദിയുടെ ചിത്രം വച്ചുനടത്തിക്കൊണ്ടിരിക്കുന്ന പരസ്യത്തിന്റെ ചെലവുകള്‍ ഈ തുകയില്‍ ഉള്‍പ്പെടില്ല. രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രത്തോടൊപ്പം നിന്ന് സെല്‍ഫി ചിത്രീകരിക്കുന്നതിനായി അദ്ദേഹത്തിന്റെ ഇന്‍സ്റ്റലേഷന്‍സ് സ്ഥാപിക്കാനായി ഒന്നിന് 6.25 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. (വിവരാവകാശ നിയമപ്രകാരം ഈ വിവരം നല്കിയ ശിവരാജ് മാനസ്പുരി എന്ന റെയില്‍വേ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ ഒരാഴ്ചക്കുള്ളില്‍ പദവിയില്‍ നീക്കം ചെയ്തു എന്ന വാര്‍ത്തയും ഇതോടൊപ്പം അറിയണം.) രാജ്യമെമ്പാടുമുള്ള റെയില്‍വേ സ്റ്റേഷനകളില്‍ സ്ഥാപിച്ചിട്ടുള്ള സെല്‍ഫി പോയന്റുകള്‍ക്കായി ചെലവഴിച്ചിട്ടുള്ളത് എത്ര കോടിയായിരിക്കും.
കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കിടയില്‍ ബ്രാന്റിംഗ് നടത്തണമെന്ന് പ്രത്യേകമായി കല്‍പ്പന പുറപ്പെടുവിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍. കേന്ദ്രസര്ക്കാരാണത്രേ ബ്രാന്റ്. മോദിയുടെ ചിത്രം വച്ച് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണെന്ന് വ്യക്തമാക്കുന്ന പരസ്യം നല്കുന്നതിനെയാണ് ബ്രാന്റിംഗ് എന്നു വിളിക്കുന്നത്. ഭവനരഹിതര്‍ക്ക് വീടുപണിതുനല്കുന്നതിനുള്ള കേന്ദ്ര സബ്സിഡി 60,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപവരെയാണ്. അതിന്റെ 2 മടങ്ങ് തുക സംസ്ഥാനസര്‍ക്കാരുകള്‍ നല്‍കിയാണ് വീടുപണി പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ വീടുകളുടെ മുമ്പില്‍ മോദിയുടെ ചിത്രം സ്ഥാപിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ശാസന പുറപ്പെടുവിച്ചിരിക്കുന്നത്. മോദിയുടെ ചിത്രം റേഷന്‍ കടകളില്‍ പ്രദര്‍ശിപ്പിച്ചില്ല എന്ന പേരില്‍ പശ്ചിമ ബംഗാളിനു നല്കേണ്ടുന്ന ഭക്ഷ്യവിഹിതത്തിന്റെ തുക തടഞ്ഞുവച്ചിരിക്കുകയാണ്. പ്രചാരണം നല്കാന് കഴിയുന്നില്ലെങ്കില്‍ റേഷന്‍ കൊടുക്കരുത് എന്നാണ് കല്‍പ്പന. ഗുണഭോക്താക്കള്‍ പദ്ധതികളെയെല്ലാം മോദിയുടെ ഔദാര്യമായി കാണുകയും പ്രത്യുപകാരമായി വോട്ടും പിന്തുണയും നല്‍കുകയും വേണം. ഇക്കൂട്ടര്‍തന്നെ കൈക്കൊണ്ട നയങ്ങള്‍ കാരണം തൊഴിലും വരുമാനവും ഇല്ലാതായി ജീവിതം തകര്‍ന്ന പട്ടിണിപ്പാവങ്ങള്‍ക്ക് എറിഞ്ഞുകെടുക്കുന്ന പരിമിതസൗജന്യങ്ങളുടെ കണക്ക് പറഞ്ഞ് വോട്ടുപിടിക്കാനാണ് പരസ്യം വേണമെന്ന് ശഠിക്കുന്നത്.
വന്‍തുകകളുടെ പരസ്യം നല്കി മാധ്യങ്ങളില്‍ ഒരുവിഭാഗത്തെ വിലയ്ക്കെടുത്തു. ഒരു വലിയ വിഭാഗം പത്രങ്ങളും ചാനലുകളും മാധ്യമ മര്യാദയും ധര്‍മ്മവും ഉപേക്ഷിച്ച് മോദിയുടെ സ്തുതിപാഠകരായി മാറി. ബിജെപിയുടെ നിര്‍ലോഭമായ സഹായങ്ങള്‍കൊണ്ടു മാത്രം വളര്‍ന്ന അതിഭീമന്മാരായ കോര്‍പ്പറേറ്റുകള്‍ രാജ്യത്തെ മാധ്യമശൃംഖലകളെ ഒന്നൊന്നായി വിലയക്കുവാങ്ങി മോദിക്കുവേണ്ടിയുള്ള പ്രചാരണയന്ത്രത്തെ ശക്തിപ്പെടുത്തി. വഴങ്ങാതിരുന്ന മാധ്യമങ്ങളില്‍ ഒരു വിഭാഗത്തെ തടവിലാക്കിയും കള്ളക്കേസില്‍പ്പെടുത്തിയും ഭീഷണിപ്പെടുത്തിയും തങ്ങളുടെ പരസ്യപ്രചാരകരാക്കി. എന്നിട്ടും തലകുനിയ്ക്കാതിരുന്നവരുടെ നിലനില്‍പ്പുതന്നെ ഇല്ലാതാക്കി. ‘ഇന്ത്യ – ദി മോദി ക്വസ്റ്റൈന്‍’ എന്ന ഡോക്കുമെന്ററി പ്രക്ഷേപണം ചെയ്തതിന്റെ പേരില്‍ 2023 ഫെബ്രുവരി 14ന് അന്‍പതോളം ഉദ്യോഗസ്ഥര്‍, ലോകപ്രശസ്ത മാധ്യമശൃംഖലയായ ബിബിസിയുടെ ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകള്‍ റെയ്ഡുചെയ്തു. ബിബിസിയുടെ ഡോക്കുമെന്ററി, സോഷ്യല്‍ മീഡിയയില്‍ നിരോധിച്ചു. 2020ല്‍ മാത്രം രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 67 ആണ്. ഇരുനൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ ശാരീരികമായി ആക്രമിക്കപ്പെട്ടു. മോദി വാഴ്ചക്കെതിരെ ഉരിയാടുന്നവര്ക്കെല്ലാം ഈ നടപടികളിലൂടെ താക്കീത് നല്കി. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വാര്‍ത്താപോര്‍ട്ടലുകളെയും വ്യക്തിഗത പോസ്റ്റുകളെയും രാജ്യസുരക്ഷയുടെയും ദേശസ്നേഹത്തിന്റെയും പേരില്‍ നിരോധിക്കാനും അതിനുമുതിര്ന്ന വ്യക്തികളെ തുറുങ്കിലടയ്ക്കാനും ലക്ഷ്യം വച്ചുകൊണ്ടുള്ളവയാണ് ഡിജിറ്റല്‍ രംഗത്തുകൊണ്ടുവന്ന നിയമങ്ങളെല്ലാം. റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് എന്ന സാര്‍വ്വദേശീയ പത്രപ്രവര്‍ത്തക സംഘടനയുടെ 2022ലെ റിപ്പോര്‍ട്ട് പ്രകാരം മാധ്യമസ്വാതന്ത്ര്യത്തിന്റെ രംഗത്ത് ഇന്ത്യ, സോമാലിയയുടെയും കൊളംബിയയുടെയും പിറകില്‍ 150-ാം സ്ഥാനത്താണ്. സ്വതന്ത്രമായ പത്രപ്രവര്‍ത്തനം കടങ്കഥയായി മാറി. ബിജെപി ഭരണത്തെയും അവരുടെ ചെയ്തികളെയും പിന്തുണയ്ക്കുന്നവര്ക്കുമാത്രം പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടു. അങ്ങിനെ പരസ്യലോകത്തും മാധ്യമരംഗത്തും മോദിയും അദ്ദേഹത്തിന്റെ അരുമകളായ കോര്‍പ്പറേറ്റുകളും മാത്രം അവശേഷിച്ചു.
ആര്യരക്തത്തിന്റെ മഹത്വവല്‍ക്കരണത്തിനും ജൂതവിരുദ്ധ വികാരം കത്തിയാളിക്കുന്നതുനും ജര്‍മ്മനിയില്‍ ഹിറ്റ്ലറും സംഘവും എങ്ങിനെയാണോ സിനിമയെ സമര്‍ത്ഥമായി പ്രയോജനപ്പെടുത്തിയത് അതേ പാതയിലാണ് നമ്മുടെ രാജ്യവും മുന്നേറുന്നത്. മുസ്ലീം നാമധാരികളെ നെഗറ്റീവ് കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ഘട്ടം പിന്നിട്ട്, ഹിന്ദുത്വ വര്‍ഗ്ഗീയ രാഷ്ട്രീയത്തെ പാടിപ്പുകഴ്ത്തുകയും അല്ലാത്ത എല്ലാ ശക്തികളെയും ദേശവിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്യുന്ന ഒട്ടനവധി സിനിമകള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. അത്തരം സിനിമകള്‍ക്ക് നികുതി ഇളവ് നല്‍കിയും സംഘടിത പ്രദര്‍ശനങ്ങള്‍ ഒരുക്കിയും അന്യമതവിദ്വേഷവും വര്‍ഗ്ഗീയഭ്രാന്തും സധാരണജനങ്ങളുടെ മനസ്സില്‍ പ്രതിഷ്ഠിക്കുകയാണ്. പത്മാവത് മുതല്‍ ദ കാശ്മീര്‍ ഫയല്‍സ് വരെയുള്ള സിനിമകള്‍ ചില ഉദാഹരണങ്ങള്‍ മാത്രം. പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഏതാണ്ട് ഒരു ഡസന്‍ സിനിമകള്‍ ഇതേ ഉള്ളടക്കത്തോടെ തയ്യാറാക്കപ്പെടുന്നു എന്നാണ് മാധ്യമങ്ങള്‍ നല്കുന്ന സൂചന.
നൂറംബര്‍ഗ് വിചാരണ വേളയില്‍ നാസികളുടെ മുതിര്‍ന്ന നേതാക്കളിലൊരാളായി പ്രവര്‍ത്തിച്ചിരുന്ന ആല്‍ബര്‍ട്ട് സ്പീര്‍ പശ്ചാത്തപിച്ചുകൊണ്ടു അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്: ‘‘ഇതിനുമുമ്പുള്ള എല്ലാ സ്വേഛാധിപത്യഭരണങ്ങളില് നിന്ന് ഫാസിസ്റ്റ് വാഴ്ചയെ വ്യതിരിക്തമാക്കിയത് അതിനെ നിലനിര്‍ത്താനും സ്വതന്ത്രചിന്തയുടെ കരുത്തിനെ ഇല്ലാതാക്കാനും വാര്‍ത്താവിനിമയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളെയും ഉപയോഗപ്പെടുത്തി എന്നതാണ്.’’ നമ്മുടെ രാജ്യത്തും തങ്ങള്‍ക്ക് എതിരായ എല്ലാ ശബ്ദങ്ങളെയും അമര്‍ച്ചചെയ്തും പൗരന്മാരില് ഒരു വിഭാഗത്തെ അന്യവല്‍ക്കരിച്ചും അന്യമത സ്പര്‍ദ്ധയും വെറിയും പ്രചരിപ്പിച്ചും സംഘപരിവാര്‍ നടത്തുന്ന ആസൂത്രിത പ്രൊപ്പഗാന്റയ്ക്കുവേണ്ടി എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തുകയാണ്. സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങള്‍, പ്രിന്റ് – ഇലക്ട്രോണിക് മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ ഒന്നടങ്കം, സിനിമ, ഡോക്കുമെന്ററികള്‍, വഴിയോര പരസ്യങ്ങള്‍, പദ്ധതികളുടെ ബ്രാന്റിംഗിന്റെ പേരിലുള്ള പരസ്യവേല ഇവയെല്ലാം ഒരു നിശ്ചിതകേന്ദ്രത്തിന്റെ ആജ്ഞക്കു കീഴില്‍ പ്രവര്‍ത്തിക്കുകയാണ്. അതീവ വിഷം വമിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കാനും വേണ്ടിവന്നാല്‍ അവയില്‍ ചിലവയെ തള്ളിപ്പറയാനും വേണ്ടി ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും ഇതേ കമാന്റിന്റെ കീഴില്‍ത്തന്നെയാണ്.
എത്രതന്നെ വലിയ പ്രതിസന്ധിയെ നേരിടേണ്ടിവന്നാലും സത്യത്തിന്റെ പതാകവാഹകരായി നിലനില്ക്കാന് ദൃഢനിശ്ചയം ചെയ്ത മാധ്യമപ്രവര്‍ത്തകരെയും സ്വതന്ത്ര മാധ്യമ സംവിധാനങ്ങളെയും സംരക്ഷിക്കാന്‍ ജനാധിപത്യസമരങ്ങള്ക്കുമാത്രമേ കഴിയൂ. ജനുവരി 22ന് സൃഷ്ടിക്കപ്പെട്ട ഉന്മത്തതയുടെ അന്തരീക്ഷത്തിലും ഈ ജനാധിപത്യ റിപ്പബ്ലിക്കിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ തകര്‍ക്കപ്പെടുന്നതില്‍ വേദനിച്ചും രോഷാകുലരായും രംഗത്തുവന്ന നിരവധിയായ വ്യക്തിത്വങ്ങള്‍ രാജ്യത്തിന്റെ പ്രതീക്ഷയുടെ പ്രതീകങ്ങളാണ്. ഇവരെയെല്ലാം കോര്‍ത്തിണക്കി, സത്യവും നീതിയും പുലരണമെന്ന് അഭിലഷിക്കുന്ന സമൂഹത്തിലെ വലിയൊരുവിഭാഗം ജനങ്ങളുടെ പിന്തുണയോടെ, ജനാധിപത്യസംരക്ഷണത്തിനായി ഒരു പ്രക്ഷോഭം പടുത്തുയര്‍ത്തിക്കൊണ്ട് സത്യം അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ സംരക്ഷിക്കാന്‍ കഴിയും.