തായ്‌വാന് കേന്ദ്രീകരിച്ച് മറ്റൊരു യുദ്ധത്തിന്റെ ഇരമ്പല്‍ ഇപ്പോള്‍ കേട്ടു തുടങ്ങിയിരിക്കുന്നു. ഇവിടെയും എതിരാളികള്‍ രണ്ട് സാമ്രാജ്യത്വ വന്‍ശക്തികളാണ്-അമേരിക്കയും ചൈനയും. മധ്യേഷ്യയില്‍ അമേരിക്കന്‍ സാമ്രാജ്യത്വം നടത്തിവരുന്ന പോര്‍വിളിക്ക് അല്പം ശമനമുണ്ടാകുമ്പോള്‍ കിഴക്കന്‍ ഏഷ്യയില്‍ മറ്റൊരു യുദ്ധമുന്നണി തുറക്കുകയാണ്. യുദ്ധക്കൊതിയന്മാരായ അമേരിക്കന്‍ സാമ്രാജ്യത്വം തായ്‌വാനില്‍ യുദ്ധമുന്നണി തുറക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രത്യാക്രമണ ഭീഷണിയുമായി സാമ്രാജ്യത്വ ചൈനയും നിലയുറപ്പിക്കുന്നുണ്ട്. സാമ്രാജ്യത്വം യുദ്ധം സൃഷ്ടിക്കുമെന്ന മഹാനായ ലെനിന്റെ പാഠം വീണ്ടും വീണ്ടും സാധൂകരിക്കുന്നതാണ് ഈ നടപടികള്‍.
തായ്‌വാനില്‍ ഉരുണ്ടുകൂടുന്ന യുദ്ധസംഘര്‍ഷം ആറുമാസം പിന്നിടുമ്പോഴും യുക്രൈനുമേലുള്ള റഷ്യന്‍ അധിനിവേശ യുദ്ധം അവസാനിക്കുന്നതിന്റെ യാതൊരു സൂചനയും കാണുന്നില്ല. പതിനായിരത്തിലധികം പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വത്തുവകകള്‍ നഷ്ടപ്പെട്ടതിന്റെ കണക്ക് ഇതുവരെ കൃത്യമായി കണക്കാക്കപ്പെട്ടിട്ടില്ല. യുക്രൈനുമേല്‍ സാമ്പത്തിക -രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടി പരസ്പരം മത്സരിക്കുന്ന രണ്ട് സാമ്രാജ്യത്വ രാജ്യങ്ങളായ റഷ്യയും അമേരിക്കയും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ രാഷ്ട്രീയ പ്രതിഫലനമാണ് ഈ യുദ്ധമെന്ന് 01-3-2022 ലെ ‘പ്രോലിറ്റേറിയന്‍ ഇറ’യില്‍ നമ്മള്‍ വിശദീകരിച്ചിരുന്നു. പ്രതിസന്ധിഗ്ര സ്തമായ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയെ സൈനികവല്‍ക്കരിക്കാനും ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അസംതൃപ്തിയില്‍നിന്ന് ശ്രദ്ധ തിരിക്കുന്നതിനുംവേണ്ടി സങ്കുചിതമായ ദേശീയ ഭ്രാന്ത് വളര്‍ത്തി യുക്രൈനുമേല്‍ നടത്തുന്ന അധിനിവേശയുദ്ധം പരമാവധി ദീര്‍ഘിപ്പിക്കുവാന്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ സഖ്യവും റഷ്യയും ശ്രമിക്കുമെന്നത് വളരെ വ്യക്തമാണ്.
ചരിത്രപശ്ചാത്തലം
ചൈനയുടെ തെക്കു കിഴക്കന്‍ തീരത്തുനിന്നും 150കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് തായ്‌വാന്‍. തായ്‌വാന്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ലൂസോണ്‍ കടലിടുക്കിന്റെ ഭാഗമായ ബാഷി കനാല്‍, ചൈനീസ് നാവികസേനയ്ക്ക് ദ്വീപ് സമൂഹങ്ങളിലൂടെ കടന്ന് വിശാലമായ പടിഞ്ഞാറന്‍ പസഫിക്കിലേക്ക് സുരക്ഷിതമായി എത്താനുള്ള അപൂര്‍വ്വം അന്തര്‍ദേശീയ ജലമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. ക്വിങ് രാജവംശം അധികാരത്തില്‍ എത്തിയ 17-ാം നൂറ്റാണ്ടിലാണ് ആദ്യമായി തായ്‌വാന്റെ പൂര്‍ണ്ണ നിയന്ത്രണം ചൈനയ്ക്ക് ലഭിക്കുന്നത്. 1895ല്‍ ജപ്പാനുമായി നടന്ന ആദ്യയുദ്ധത്തില്‍ പരാജയപ്പെട്ട ചൈന തായ്‌വാന്റെ നിയന്ത്രണം ജപ്പാന് വിട്ടുകൊടുത്തു. രണ്ടാം ലോകമഹായുദ്ധത്തില്‍ പരാജയപ്പെട്ട ജപ്പാന്‍ 1945ല്‍ തായ്‌വാന്റെ നിയന്ത്രണം ചിയാങ് കൈഷക്കിന്റെ നേതൃത്വത്തിലുള്ള കുമിന്താങ് കക്ഷി ഭരിക്കുന്ന ചൈനക്ക് വീണ്ടും കൈമാറി.
1949ല്‍ മാവോ സേതൂങ്ങിന്റെ നേതൃത്വത്തില്‍ വിപ്ലവ പോരാട്ടം വിജയം വരിക്കുകയും ബീജിങ്ങില്‍ പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന സ്ഥാപിക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍, പരാജയപ്പെട്ട നാഷണലിസ്റ്റ് പാര്‍ട്ടിയായ കുമിന്താങ്ങിന്റെ നേതാവായ ചിയാങ് കൈഷക്കും സൈന്യവും തായ്‌വാനിലേക്ക് പിന്‍വാങ്ങുകയും റിപ്പബ്ലിക്ക് ഓഫ് ചൈന എന്ന പേരില്‍ ദശാബ്ദങ്ങളോളം തായ്‌വാനില്‍ ഭരണം നടത്തുകയും ചെയ്തു. ചിയാങ് കൈഷക്ക് തായ്‌വാനില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. ചിയാങ് കൈഷക്കിന്റെ നേതൃത്വത്തില്‍ ഏകകക്ഷി ബൂര്‍ഷ്വാ ഭരണമാണ് തുടക്കത്തില്‍ അവിടെ സ്ഥാപിച്ചത്. പിന്നീട് പൂര്‍ണ്ണതോതിലുള്ളതല്ലെങ്കിലും ബൂര്‍ഷ്വാ ജനാധിപത്യം സ്ഥാപിക്കുകയുണ്ടായി. സോഷ്യലിസ്റ്റ് ചൈനയും തായ്‌വാനും അഖണ്ഡ ചൈനയെ മാത്രമാണ് അംഗീകരിച്ചത്.
തുടര്‍ച്ചയായ ആഭ്യന്തരയുദ്ധമാണെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിലയിരുത്തിയ തായ്‌വാനിലെ പ്രശ്‌നങ്ങള്‍ സമാധാനപരമായ കൂടിയാലോചന കളിലൂടെയും, മാതൃരാജ്യത്തിലെ ഗവണ്‍മെന്റില്‍ ചിയാങ് കൈഷക്കിന് അര്‍ഹമായ പങ്കാളിത്തം നല്‍കാമെന്ന വാഗ്ദാനം നല്‍കിക്കൊണ്ടും പരിഹരിക്കാനാണ് ചൈനീസ് വിപ്ലവത്തിന്റെ ശില്‍പ്പിയായ മഹാനായ മാവോ സേതൂങ്ങ് പരിശ്രമിച്ചത്. അതേ സമയം സോഷ്യലിസത്തെ പൂര്‍ണ്ണമായും എതിര്‍ക്കുകയും മാതൃരാജ്യത്തിലേക്ക് കടന്നു കയറി സോഷ്യലിസ്റ്റ് ഭരണകൂടത്തെ തകര്‍ക്കുകയല്ലാതെ മറ്റൊരു പരിഹാരവുമില്ല എന്ന നിലപാടായിരുന്നു ചിയാങ് കൈഷക്കിന്. അമേരിക്കയില്‍ നിന്ന് ലഭിക്കുന്ന ഭീമമായ സാമ്പത്തിക സഹായം ഉപയോഗിച്ച് തങ്ങളുടെ സാമ്പത്തിക വളര്‍ച്ചയുടെ മേന്മ പ്രദര്‍ശിപ്പിക്കാന്‍ പ്രതിശീര്‍ഷവരുമാനത്തിന്റെ വളര്‍ച്ചയെ ഉയര്‍ത്തിക്കാണിക്കുകയാണ് തായ്‌വാന്‍ ചെയ്തത്. അതേ അവസരത്തില്‍ തുടക്കം മുതല്‍ തന്നെ അമേരിക്കന്‍ സാമ്രാജ്യത്വം തായ്‌വാന്‍ കടലിടുക്കില്‍ തങ്ങളുടെ യുദ്ധക്കപ്പലുകള്‍ വിന്യസിക്കുയും തായ്‌വാന്‍ ദ്വീപില്‍ സൈന്യത്തെ അണിനിരത്തി തായ്‌വാനെ സൈനിക സാമന്തരാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്തുവരികയായിരുന്നു.
ചൈനയിലെ പട്ടിണി കിടക്കുന്ന ജനത, തന്നെ സ്വാഗതം ചെയ്യുമെന്നും അതുവഴി ചൈനയുടെ അധികാരം പിടിച്ചെടുക്കാമെന്നും സ്വപ്‌നം കണ്ടിരുന്ന ചിയാങ് കൈഷക്ക്, 1958ല്‍ അമേരിക്കന്‍ നാവിക-വ്യോമ ആയുധങ്ങള്‍ ഉപയോഗിച്ച് സോഷ്യലിസ്റ്റ് ചൈനയുടെ കപ്പലുകള്‍ ആക്രമിക്കുകയും ചൈനയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന മാറ്റ്‌സ്യു, ക്യുമോയ് എന്നീ ദ്വീപുകളിലേക്ക് തങ്ങളുടെ ചാരന്മാരെയും അട്ടിമറിക്കാരെയും സായുധ സംഘങ്ങളെയും ഇറക്കാന്‍ നടത്തിയ ശ്രമം സംഘര്‍ഷം പൊട്ടിപ്പുറപ്പെടാനിടയാക്കുകയും ചെയ്തു. സ്വന്തം സൈന്യത്തിന്റെ 25 ശതമാനത്തിലധികം ചിയാങ് കൈഷക്ക് ഇവിടെ വിന്യസിച്ചു. ചിയാങ് കൈഷക്കിനെ യുദ്ധത്തില്‍ സഹായിക്കാന്‍ തയ്യാറെടുക്കുവാന്‍ തായ്‌വാന്‍ കടലിടുക്കില്‍ നിലയുറപ്പിച്ച തങ്ങളുടെ കുപ്രസിദ്ധമായ കപ്പല്‍പ്പടയ്ക്ക് അമേരിക്ക ഉത്തരവ് നല്‍കി. ഇതിനെ പ്രതിരോധിക്കുന്നതിനായി മാവോ സേതൂങ്ങിന്റെ നേതൃത്വത്തിലുള്ള അന്നത്തെ സോഷ്യലിസ്റ്റ് ചൈന, സൈനികമായി തിരിച്ചടി നല്‍കി സോഷ്യലിസത്തെ സംരക്ഷിക്കാന്‍ തയ്യാറാവുകയും തായ്‌വാന്‍ കടലിടുക്കില്‍നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 1954ല്‍ നടന്ന ജനീവ കോണ്‍ഫറന്‍സില്‍ അംഗീകരിച്ചതും 1955 മുതല്‍ പ്രവര്‍ത്തനം നിലച്ചതുമായ ചൈന-അമേരിക്ക നയതന്ത്രതല ചര്‍ച്ച പുനരാരംഭിക്കാന്‍ ചൈന ആഹ്വാനം ചെയ്തു. ഇതേ സമയം അമേരിക്കന്‍ ആക്രമണത്തെ സൈനികമായി നേരിടുമെന്ന് സോവിയറ്റ് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. സമ്മര്‍ദ്ദത്തിലായ അമേരിക്കന്‍ സാമ്രാജ്യത്വം ഏഴാം കപ്പല്‍പ്പടയെ പിന്‍വലിച്ചില്ലെങ്കിലും തങ്ങളുടെ യുദ്ധസന്നാഹങ്ങള്‍ കുറയ്ക്കാന്‍ തയാറായി. ചൈനീസ് പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ (തായ്‌വാന്‍) വിജയത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന പ്രഖ്യാപനമാണ് സോഷ്യലിസ്റ്റ് ചൈനയോടുള്ള തങ്ങളുടെ നയം വ്യക്തമാക്കിക്കൊണ്ട് അന്നത്തെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയായ ജോണ്‍ ഫോസ്റ്റര്‍ ഡള്ളത് നടത്തിയത്. എന്നാല്‍ 1970 ആയപ്പോള്‍ കാനഡ ഉള്‍പ്പെടെയുള്ള ചില പാശ്ചാത്യരാജ്യങ്ങള്‍ സോഷ്യലിസ്റ്റ് ചൈനയുമായി നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നു. 1971ല്‍ അമേരിക്ക തങ്ങളുടെ നയത്തില്‍ മാറ്റം വരുത്തുകയും കമ്മ്യൂണിസ്റ്റ് ചൈനക്കും നാഷണലിസ്റ്റ് ചൈനക്കും (തായ്‌വാന്‍) ഐക്യരാഷ്ട്ര സംഘടനയില്‍ അംഗത്വം നല്‍കുന്നതിനെ അനുകൂലിക്കുകയും ചെയ്തു. ഇതേ വര്‍ഷം തന്നെ സോഷ്യലിസ്റ്റ് ചൈനക്ക് അംഗത്വം നല്‍കാനും തായ്‌വാനെ പുറത്താക്കാനും ഐക്യരാഷ്ട്ര സംഘടന വോട്ടെടുപ്പിലൂടെ തീരുമാനിക്കുകയും ചെയ്തു. 1972ല്‍ അമേരിക്കന്‍ പ്രസിഡണ്ട് നിക്‌സണ്‍ ചൈന സന്ദര്‍ശിക്കുകയും തായ്‌വാനില്‍നിന്നും തങ്ങളുടെ സൈന്യത്തെ ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ 51 വര്‍ഷക്കാലത്തിനിടയില്‍ അമേരിക്ക പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനക്ക് മാത്രമേ അംഗീകാരം നല്‍കിരുന്നുള്ളുവെങ്കിലും തായ്‌വാന്‍ റിലേഷന്‍സ് ആക്ട് (TRA) അനുസരിച്ച് തായ്‌വാനുമായി അനൗദ്യോഗിക ബന്ധം നിലനിര്‍ത്തുകയും സോഷ്യലിസ്റ്റ് ചൈനക്കെതിരെ സ്വയം പ്രതിരോധിക്കുന്നതിനായി തായ്‌വാന് നിയമാനുസൃതമായി ആയുധ വില്‍പ്പന നടത്തുകയും ചെയ്തുവരികയായിരുന്നു എന്ന വസ്തുത ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതാണ്. തായ്‌വാന്‍ ജനതയുടെ ആഗ്രഹങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമനുസരിച്ച് സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ തായ്‌വാന്റെ ഭാവി ഉറപ്പു വരുത്തേണ്ടത് തങ്ങളുടെ ആവശ്യമാണെന്നാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നിലപാട്. തായ്‌വാന്റെ സുരക്ഷിതത്വത്തെയോ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയെയോ തകിടം മറിക്കുന്ന ഏത് തരത്തിലുള്ള ബാഹ്യ ഇടപെടലുകളെയും ബലപ്രയോഗത്തെയും പ്രതിരോധിക്കാന്‍ അമേരിക്ക തങ്ങളുടെ ശക്തി ഉപയോഗിക്കുമെന്ന് TRA യില്‍ വ്യവസ്ഥ ചെയ്തിട്ടുമുണ്ട്. യഥാര്‍ത്ഥത്തില്‍ അഖണ്ഡചൈന എന്ന നയം അംഗീകരിക്കുന്നുണ്ടെങ്കില്‍പോലും തായ്‌വാന് വന്‍തോതില്‍ ആയുധ വില്‍പ്പന നടത്തുക വഴി അമേരിക്ക സംശയാസ്പദമായ ഒരു നിലപാടാണ് സ്വീകരിച്ചു വരുന്നത്. 2021 ഏപ്രില്‍ വരെ 750 മില്യണ്‍ ഡോളറിനുള്ള ആയുധങ്ങളാണ് അമേരിക്ക തായ്‌വാന് വില്‍പ്പന നടത്തിയത്. ഇതില്‍ 100 മില്യന്‍ ഡോളറിനുള്ള വില്‍പ്പന ഫെബ്രുവരിയിലും 95 മില്യന്‍ ഡോളറിനുള്ള വില്‍പ്പന ഏപ്രില്‍ മാസത്തിലുമാണ് നടന്നത്.
നയതന്ത്രപദവി
മഹാനായ മാവോ സേതൂങ്ങിന്റെ നേതൃത്വത്തില്‍ ജനകീയ ജനാധിപത്യ റിപ്പബ്ലിക്ക് രാജ്യമായ ചൈന അഖണ്ഡചൈന എന്ന നയം ഉന്നയിക്കുമ്പോള്‍, ഒരേയൊരു ചൈനീസ് ഗവണ്‍മെന്റ് മാത്രമേ ഉണ്ടാകൂ എന്നതാണ് സോഷ്യലിസ്റ്റ് ചൈനയുടെ ഭരണാധികാരികളുടെ നിലപാട്. തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നും, ഉടന്‍ തന്നെ മാതൃരാജ്യത്തോട് പുന:സംയോജിപ്പിക്കുമെന്നുമാണ് അന്നത്തെ ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. 1949ല്‍ ചൈനയുടെ ഈ നയത്തെ ആദ്യമായി അഗീകരിച്ചത് ഇന്ത്യയായിരുന്നു. അതിനുശേഷം അതിശക്തമായ സാമ്രാജ്യത്വ ബ്ലോക്ക് ജി7 ല്‍ പെട്ട രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളും അഖണ്ഡചൈന നയത്തെ അംഗീകരിച്ചു. അഖണ്ഡചൈന എന്ന തങ്ങളുടെ നയത്തില്‍ യാതൊരു മാറ്റവുമില്ലെന്നും തായ്‌വാനോടുള്ള അടിസ്ഥാനപരമായ നിലപാടിന് അത് ബാധകമാണെന്ന് അമേരിക്കയും ജപ്പാനും ഉള്‍പ്പെടുന്ന ജി7 രാജ്യങ്ങള്‍ ഇപ്പോഴും പറയുന്നത്. ഇതിനിടയില്‍ ചൈനയില്‍ വളരെ നിര്‍ണ്ണായകമായ ഒരു സംഭവ വികാസമുണ്ടായി. മാവോ സേതൂങ്ങിന്റെ നിര്യാണത്തെ തുടര്‍ന്ന് ഡെങ്ങ് സിയാവോ പിങ്ങിന്റെ നേതൃത്വത്തിലുള്ള തിരുത്തല്‍വാദ ഗ്രൂപ്പ് അധികാരം പിടിച്ചെടുക്കുയും 2004ല്‍ പരിപൂര്‍ണ്ണതയിലേക്ക് നയിച്ച പ്രതിവിപ്ലവ പ്രക്രിക്ക് തുടക്കം കുറിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ അഖണ്ഡചൈന എന്ന നയത്തോട് സോഷ്യലിസ്റ്റ് ചൈന സ്വീകരിച്ചിരുന്ന അതേ കാഴ്ചപ്പാടല്ല നിലവിലുള്ള സാമ്രാജ്യത്വ ചൈനക്കുള്ളത്. ചൈന എന്ന പേരില്‍ ഒരേയൊരു പരമാധികാര രാജ്യം മാത്രമേ ഉണ്ടാകൂ എന്നും ചൈനയ്ക്ക് തായ്‌വാനും കൂടി നിയമാനുസൃതമായി ചൈനീസ് പീപ്പിള്‍സ് റിപ്പബ്ലിക്ക് നയിക്കുന്ന ഒരേയൊരു ഗവണ്‍മെന്റ് മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നുമായിരുന്നു സോഷ്യലിസ്റ്റ് ചൈനയുടെ നിലപാട്. പ്രതിലോമ ശക്തികളുടെ ഏജന്റും സോഷ്യലിസത്തിന്റെ മുഖ്യശത്രുവുമായ ചിയാങ് കൈഷക്കിന്റെ നേതൃത്വത്തില്‍ ചൈനയില്‍ നടക്കുന്ന ഭരണം ദീര്‍ഘകാലമായി നടന്നു വരുന്ന ആഭ്യന്തര യുദ്ധമാണെന്നും ഇത് ചൈനയുടെ ആഭ്യന്തര പ്രശ്‌നവുമാണെന്ന കൃത്യമായ നിലപാടാണ് സോഷ്യലിസ്റ്റ് ചൈനയ്ക്കുണ്ടായിരുന്നത്. സാമ്രാജ്യത്വ ശക്തികള്‍ തായ്‌വാനെ സഹായിക്കുന്നത് തടയുന്നതിനായി ”അഖണ്ഡചൈന” എന്ന വാദം ചൈന ശക്തമായി ഉന്നയിച്ചു. ഇതേ നിലപാടാണ് തങ്ങള്‍ പിന്തുടരുന്നത് എന്ന് ഭാവിക്കുന്നുണ്ടെങ്കിലും തായ്‌വാനെ തട്ടകമാക്കി ആ മേഖലയിലേക്ക് ഇടപെടാനും ആധിപത്യം സ്ഥാപിക്കാനുമുള്ള അമേരിക്കന്‍ നേതൃത്വത്തിലുള്ള ശ്രമത്തെ തടയാനും സൈനികാക്രമണത്തിലൂടെ മേധാവിത്വം നേടി ഒരു സാമ്രാജ്യത്വ വന്‍ശക്തിയായി ഉയര്‍ന്നു വരാനുമാണ് നിലവിലെ ചൈനീസ് സാമ്രാജ്യത്വ ഭരണകൂടം ശ്രമിക്കുന്നത്. സ്വാഭാവികമായി, നിലവിലെ ചൈനീസ് സാമ്ര്യാജ്യത്വ ഭരണകൂടം അക്രമണോത്സുക്യത്തോടെ അമേരിക്കന്‍ സാമ്രാജ്യത്വത്തോട് മത്സരിക്കാന്‍ പ്രാപ്തിയുള്ള ഒരു ശക്തിയായി ഉയര്‍ന്നുവരികയും ചെയ്തിട്ടുണ്ട്.
കുപ്രസിദ്ധമായ BRICS പദ്ധതിയിലൂടെ ഇന്ത്യാ പസഫിക് സമുദ്രമേഖലയിലും സമീപരാജ്യങ്ങളിലും ചൈന തങ്ങളുടെ സ്വാധീനശക്തി വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന ഭീഷണി തടയുന്നതിനായി ജപ്പാന്‍, ഇന്ത്യ, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് “QUAD” എന്ന സഖ്യം രൂപീകരിച്ചിരിക്കുകയാണ് അമേരിക്ക. ആ ഒരു പരിപ്രേക്ഷ്യത്തിലൂടെയാണ് തായ്‌വാന്‍ പ്രശ്‌നത്തെ അവര്‍ സമീപിക്കുന്നത്. നിക്ഷ്പക്ഷമായും യുക്തിപരമായും സമീപിക്കുന്ന ഏതൊരാള്‍ക്കും അഖണ്ഡചൈനാനയത്തെ നിയമാനുസൃതമായിട്ടേ കാണാന്‍ കഴിയൂ. 1972, 1979, 1982 എന്നീ വര്‍ഷങ്ങളില്‍ ചൈനയുമായി ഒപ്പ് വെച്ച മൂന്ന് വ്യത്യസ്ത വിജ്ഞാപനങ്ങളിലും ചൈന ഒറ്റ രാജ്യമാണെന്നും തായ്‌വാന്‍ ചൈനയുടെ പ്രവിശ്യയാണെന്നും അമേരിക്ക അംഗീകരിച്ചിട്ടുണ്ട്. അതേ സമയം അഖണ്ഡചൈന എന്ന നയം അംഗീകരിക്കുന്ന തായ്‌വാന്‍ ഭരണാധികാരികള്‍ ROC ഭരണഘടനയനുസരിച്ച് (1947 ല്‍ നാന്‍ജിങ്ങില്‍ കുമിന്താങ് സര്‍ക്കാര്‍ അംഗീകരിച്ച) മാതൃരാജ്യമായ ചൈനയുടെയും തായ്‌വാനിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും തങ്ങള്‍ക്ക് പരമാധികാരമുണ്ടെന്ന വാദമാണ് ഉന്നയിക്കുന്നത്.
തായ്‌വാന്‍ ഭരണകക്ഷിയായിരുന്ന കുമിന്താങ് പാര്‍ട്ടിയുടെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രതിനിധികള്‍ അംഗീകരിച്ച 1992ലെ സമവായം എന്നറിയപ്പെടുന്ന ധാരണ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തായ്‌വാന് ബാദ്ധ്യതയുണ്ടെന്നുമാണ് നിലവിലെ ചൈനീസ് ഭരണാധികാരികളുടെ നിലപാട്. എന്നാല്‍ തായ്‌വാനിലെ നിലവിലുള്ള ബൂര്‍ഷ്വാ ഭരണാധികാരികള്‍ ഈ സമവായത്തിന്റെ ഉള്ളടക്കത്തെ അംഗീകരികുന്നില്ല. തായ്‌വാന്റെ നിയമാനുസൃതമായ നിലനില്‍പ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒരിക്കലും ഈ ഉടമ്പടിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല എന്ന വാദമാണ് അവര്‍ ഉയര്‍ത്തുന്നത്. എന്തുതന്നെയായാലും സാമ്പത്തികവും ഭൂരാഷ്ട്രതന്ത്രപരവുമായ കാരണങ്ങളാല്‍ അമേരിക്കയ്ക്കും ചൈനയ്ക്കും തായ്‌വാനില്‍ വലിയ താല്‍പര്യങ്ങളുണ്ടെന്ന വസ്തുത വളരെ വ്യക്തമാണ്. എന്നു മാത്രമല്ല, സാമ്രാജ്യത്വ ചൈന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ ആണ്ടുമുങ്ങിയിരിക്കുകയുമാണ്. ആയതിനാല്‍ അമേരിക്ക, റഷ്യ, മറ്റ് യൂറോപ്യന്‍ ശക്തികള്‍ എന്നിവയെപ്പോലെ ചൈനയും യുദ്ധസംഘര്‍ഷം അഭിലഷിക്കുന്നുണ്ട്. യൂറോപ്പില്‍ കൂടുതല്‍ ആധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടി അമേരിക്കയും റഷ്യയും തമ്മില്‍ നടക്കുന്നതുപോലെ ഇന്‍ഡോ പെസഫിക് മേഖലയിലെ ആധിപത്യത്തിനായി ചൈനയും അമേരിക്കയും തമ്മില്‍ കടുത്ത മത്സരത്തിലാണ്.
തായ്‌വാന്റെ സമ്പദ്‌വ്യവസ്ഥ
മുമ്പ് സൂചിപ്പിച്ചതുപോലെ അമേരിക്കയില്‍നിന്നും വന്‍തോതിലുള്ള സാമ്പത്തിക സഹായം സ്വീകരിക്കുകയും അമേരിക്കയുമായി ഏകദേശം 786 ബില്യണ്‍ ഡോളറിനുള്ള ചരക്കു വ്യാപാരബന്ധം സ്ഥാപിച്ചുകൊണ്ട് യു.എസ് താല്‍പര്യങ്ങള്‍ മെച്ചപ്പെടുത്തുകയും അമേരിക്കയില്‍ സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്ന തായ്‌വാന്‍ ഇന്ന് വളരെയേറെ വികസിച്ച ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥയാണ്. കഴിഞ്ഞ വര്‍ഷം തായ്‌വാന്‍ അമേരിക്കയുമായുള്ള വ്യാപാര പങ്കാളിത്തത്തില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിക്കൊണ്ട് എട്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി മാറി. ദൈനം ദിന ആവശ്യങ്ങള്‍ക്കുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളായ ഫോണ്‍, ലാപ്‌ടോപ്പ്, വാച്ചുകള്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കുന്ന തിനാവശ്യമായ കമ്പ്യൂട്ടര്‍ ചിപ്പുകള്‍ നിര്‍മ്മിക്കുന്നത് തായ്‌വാന്‍ ആയതുകൊണ്ടുന്നെ ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും തായ്‌വാനുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണ്. ലോക കമ്പോളത്തിന്റെ പകുതിയിലധികവും നിയന്ത്രിക്കുന്നത് തായ്‌വാനിലെ ഒരു കമ്പനിയായ തായ്‌വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനി (TSMC) ആണെന്നറിയുമ്പോള്‍ ഇതിന്റെ വ്യാപ്തി മനസ്സിലാകും. അമേരിക്കയില്‍ 12 ബില്യണ്‍ ഡോളര്‍ മുതല്‍മുടക്കിയുള്ള കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി ആരംഭിക്കാന്‍ TSMCക്ക് പദ്ധതിയുണ്ട്. ചൈനയുടെ കുതിപ്പ് തടയുന്നതിന് സെമികണ്ടക്ടര്‍ വ്യവസായത്തിന് അമേരിക്ക മുന്തിയ പരിഗണനയാണ് നല്‍കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അമേരിക്കയിലേക്കുള്ള വാര്‍ഷിക കയറ്റുമതിയായ 65.9 ബില്യണ്‍ ഡോളറിന്റെ ഏകദേശം ഇരട്ടിയായ 126.2 ബില്യണ്‍ ഡോളറാണ് ചൈനയിലേക്കുള്ള തായ്‌വാന്റെ കയറ്റുമതി. തായ്‌വാനില്‍ നിന്നുള്ള കയറ്റുമതിയെ ആശ്രയിച്ചാണ് ചൈനയിലെ ഗൃഹ ഉപയോഗ വസ്തു നിര്‍മ്മാണ വ്യവസ്ഥ പ്രവര്‍ത്തി ക്കുന്നതെങ്കില്‍ തായ്‌വാന്‍ ആശ്രയിക്കുന്നത് ഘന ഊര്‍ജ്ജത്തെയും ഉപഭോക്തൃ വസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതിയുമാണ്. അതിനാല്‍ ചൈനയുമായുള്ള ശത്രുത തായ്‌വാന്റെ സമ്പദ്‌വ്യവസ്ഥയെ ഗണ്യമായി ബാധിക്കും. രണ്ടാമതായി തായ്‌വാന്‍ കടലിടുക്കില്‍ ഏതെങ്കിലും വിധത്തിലുണ്ടാകുന്ന ആയുധ സംഘര്‍ഷം ചിപ്പ് വിതരണ ശൃംഖലയിലും സെമികണ്ടക്ടര്‍ വ്യവസായത്തിലും പിളര്‍പ്പുണ്ടാക്കിയാല്‍ അമേരിക്കന്‍ സാമ്രാജ്യത്വവും ചൈനീസ് സാമ്രാജ്യത്വവും തിരിച്ചടി നേരിടേണ്ടി വരും. അത് തായ്‌വാന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമുണ്ടാക്കുകയും ചെയ്യും.
ഇന്ത്യ നിലപാട് വ്യക്തമാക്കാത്തത് എന്തുകൊണ്ട്
അഖണ്ഡചൈനാനയത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതിനാല്‍ തായ്‌വാനുമായി ഇന്ത്യക്ക് ഇപ്പോഴും ഔപചാരികമായ നയതന്ത്ര ബന്ധങ്ങള്‍ ഇല്ല. എന്നാല്‍ ഒരു മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്കായി, ഇന്ത്യ തായ് പെയ് അസോസിയേഷന്‍ എന്ന പേരില്‍ ഇന്ത്യയുടെ ഓഫീസ് തായ്‌പെയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ തായ്‌പെയ് എക്കണോമിക് ആന്റ് കള്‍ച്ചര്‍ സെന്റര്‍ എന്ന പേരില്‍ തായ്‌വാന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നുമുണ്ട്. 1995 ല്‍ ആണ് ഈ രണ്ട് ഓഫീസുകളും പ്രവര്‍ത്തനം ആരംഭിച്ചത്. ചൈനയുമായും തായ്‌വാനുമായും ഇന്ത്യ ബന്ധം നിലനിര്‍ത്തിപ്പോരുന്നുണ്ട്. എന്നാല്‍ ഈ അടുത്ത കാലത്ത് ഏഷ്യയില്‍ മാത്രമല്ല ലോകത്തെ തന്നെ വന്‍ശക്തിയായി മാറാന്‍ അമേരിക്കന്‍ സഹായം തേടുന്ന ഇന്ത്യന്‍ സാമ്രാജ്യത്വ ഭരണാധികാരികള്‍ അമേരിക്കയോട് കൂടുതല്‍ ചായ്‌വ് കാണിക്കുകയും അതിര്‍ത്തി പ്രശ്നങ്ങളും സാമ്രാജ്യത്വ വൈരുദ്ധ്യങ്ങളും മൂലം ചൈനയുമായുള്ള സൗഹൃദത്തില്‍ ഉലച്ചില്‍ തട്ടിയതിനാല്‍ തായ്‌വാനുമായി കുടുതല്‍ ബന്ധം ഊട്ടിയുറപ്പിക്കാന്‍ ശ്രമിച്ചു വരികയാണ്. തായ്‌പെയിലേക്കുള്ള തങ്ങളുടെ ദൂതനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ അമേരിക്കയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറിയെ തന്നെയാണ് ഇന്ത്യ തെരഞ്ഞെടുത്തത്. 2016 മെയ് 20ന് നടന്ന തായ്‌വാന്റെ പുതിയ പ്രസിഡണ്ട് സായ് ഇങ്‌വെന്‍ന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ബിജെപി തങ്ങളുടെ രണ്ട് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ അമേരിക്കന്‍ പ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസിയുടെ പെട്ടെന്നുള്ള തായ്‌പെയ് സന്ദര്‍ശനത്തെ തുടര്‍ന്ന് തായ്‌വാനെ കേന്ദ്രീകരിച്ചുണ്ടായി വരുന്ന സംഘര്‍ഷത്തില്‍ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് മാത്രമല്ല ഈ വിഷയത്തില്‍ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു പ്രസ്താവന പുറപ്പെടുവിക്കുന്ന തില്‍ നിന്നുപോലും ഇന്ത്യ വിട്ടുനിന്നു.
തായ്‌വാനിലെ ഇപ്പോഴത്തെ സംഘര്‍ഷത്തിലേയ്ക്ക്
നയിച്ചതെന്ത്
കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ തായ്‌വാന്‍ സന്ദര്‍ശിച്ച ഉന്നത അമേരിക്കന്‍ ഭരണാധികാരിയും അമേരിക്കന്‍ അധികാര ശ്രേണിയിലെ മൂന്നാം സ്ഥാനക്കാരിയുമായ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഇന്ത്യാ പസഫിക് മേഖല തിളച്ചു മറിയാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടത്തുമെന്ന് അറിയിച്ചിരുന്ന നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം കോവിഡ് കാരണമാണ് മാറ്റിവെച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തായ്‌വാനില്‍ സംഘര്‍ഷം വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നതിനാല്‍ നാന്‍സി പെലോസിയെ തായ്‌വാനിലേക്ക് അയക്കരുതെന്ന് ചൈനീസ് പ്രസിഡണ്ട് ഷീജിന്‍പിങ്ങ് അമേരിക്കന്‍ പ്രസിണ്ട് ജോ ബൈഡനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമേരിക്ക ഈ അഭ്യര്‍ത്ഥന നിരസിക്കുകയും ഒരാഴ്ചയ്ക്കുള്ളില്‍ പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഇത് ചൈനീസ് ഭരണാധികാരികളില്‍ കടുത്ത അമര്‍ഷമുണ്ടാക്കി.
ചൈനീസ് സാമ്രാജ്യത്വത്തെ സംബന്ധിച്ചിടത്തോളം ഒരു മുതിര്‍ന്ന അമേരിക്കന്‍ ഭരണാധികാരിയുടെ തായ്‌വാനിലെ സാന്നിധ്യം തായ്‌വാന്റെ സ്വാതന്ത്ര്യത്തിനുള്ള പിന്തുണയായിട്ടാണ് കാണുന്നത്. പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചാല്‍ ദൃഢനിശ്ചയമുള്ളതും ശക്തവുമായ നടപടികള്‍ ഉണ്ടാവുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. ചൈന തങ്ങളുടെ പരമ്പരാഗതമായ സമുദ്രാതിര്‍ത്തി ലംഘിച്ചുകൊണ്ട് വിമാനങ്ങള്‍ പറപ്പിക്കുകയും തായ്‌വാന്‍ ദ്വീപിലേക്ക് മിസൈലുകള്‍ തൊടുത്തുവിടുകയും തായ്‌വാന് ചുറ്റുമുള്ള സമുദ്രമേഖലയില്‍ സൈനികാഭ്യാസം വന്‍ തോതില്‍ നടത്തുകയും ചെയ്യുന്നുണ്ടെന്ന് ഏകപക്ഷീയമായ പ്രചരണം പാശ്ചാത്യന്‍ മാധ്യമങ്ങളും ഇന്ത്യന്‍ മുഖ്യധാരാ മാധ്യമങ്ങളും തുടര്‍ച്ചയായി നടത്തി വരികയാണ്. ഇവയെല്ലാം ഭീതിപ്പെടുത്തുന്നതായി അവര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ അമേരിക്കയുടെ ഏഴാം കപ്പല്‍പടയില്‍ നിന്നും ഈ വര്‍ഷം പ്രതിമാസം ഒന്നെന്ന കണക്കില്‍ മിസൈല്‍ നശീകരണ ആയുധങ്ങള്‍ തായ്‌വാന്‍ കടലിടുക്കിലേക്ക് തൊടുത്തുവിട്ടിരുന്നുവെന്ന വസ്തുത അറിഞ്ഞോ അറിയാതെയോ ഈ മാധ്യമങ്ങള്‍ മറച്ചുവെക്കുകയാണ്. ജി7 ല്‍ പെട്ട എല്ലാ സാമ്രാജ്യത്വ രാജ്യങ്ങളില്‍ നിന്നുമായി 25000 സൈനികര്‍, നാല് മുങ്ങിക്കപ്പലുകള്‍, 38 യുദ്ധക്കപ്പലു കള്‍, 170 എയര്‍ക്രാഫ്റ്റുകള്‍ എന്നിവ അണിനിരന്ന വമ്പിച്ച സൈനിക അഭ്യാസം അമേരിക്കന്‍ നേവല്‍ കമാന്‍ഡ് RIMPAC (Rim of the Pacific Assault Training) നടത്തി വരികയാണ്. ഏഷ്യാ പസഫിക് മേഖലയിലെ മറ്റ് 19 രാജ്യങ്ങള്‍ പ്രതീകാത്മകമായി ഈ സൈനിക അഭ്യാസത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ അന്തര്‍ദേശീയ സമുദ്ര സൈനിക അഭ്യാസപ്രകടനമാണ് RIMPAC. ചൈനയുടെ വര്‍ദ്ധിച്ച തോതിലുള്ള സൈനിക നീക്കത്തെ തടയുകയാണ് ഈ വിപുലമായ സൈനിക അഭ്യാസത്തിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് RIMPACയുടെ കമാന്‍ഡറുടെ നിലപാട്. ഈ വിനാശകരമായ നാവിക നടപടി നടന്നത് ജൂണ്‍ 29 മുതല്‍ ആഗസ്ത് 4 വരെ, അതായത് അമേരിക്കന്‍ പ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിക്കുന്ന വേളയിലാണ്. നിരവധി യുദ്ധക്കപ്പലുകളും വിമാനങ്ങളും അതിവിപുലമായതും മാരകശേഷിയുള്ളതുമായ ആയുധങ്ങളും പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ഈ സൈനികാഭ്യാസം പതിവു നടപടികള്‍ മാത്രമാണെന്നാണ് അമേരിക്കന്‍ അധികൃതര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ അമേരിക്കയുടെ മുതിര്‍ന്ന സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തായ്‌വാന്‍ സന്ദര്‍ശിച്ചിരുന്നു എന്ന വിവരവും വെളിവാകുന്നുണ്ട്. ഇതേ തുടര്‍ന്ന് ‘യുദ്ധകഴുകന്‍’ എന്നറിയപ്പെടുന്ന ലിന്‍ഡ്‌സേ ഗ്രഹാം ഉള്‍പ്പെടെയുള്ള സൈനിക, ഇന്റലിജന്‍സ്, വിദേശകാര്യ, നീതിന്യായ, ധനകാര്യ കമ്മിറ്റിയംഗങ്ങളായ ആറ് അമേരിക്കന്‍ സെനറ്റര്‍മാര്‍ കഴിഞ്ഞ ഏപ്രില്‍ അവസാനം തായ്‌വാന്‍ സന്ദര്‍ശിച്ചു. ഇന്‍ഡ്യാന ഗവര്‍ണര്‍ എറിക്ക് ഹോള്‍ക്കോമ്പിന്റെ നേതൃത്വത്തിലുള്ള മൂന്നാം അമേരിക്കന്‍ പ്രതിനിധി സംഘം ആഗസ്ത് 21 ന് തായ്‌വാനില്‍ എത്തി.
ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ നിര്‍മ്മാതാക്കളായ തായ്‌വാന്റെ സാമ്പത്തിക പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടും പരസ്പരം ബന്ധം ശക്തിപ്പെടുത്തുന്നതിനം ഉദ്ദേശിച്ചുള്ളതായിരുന്നു ഈ സന്ദര്‍ശനമെന്നാണ് ഇന്‍ഡ്യാ ന ഗവര്‍ണര്‍ ആയ എറിക്ക് ഹോള്‍ക്കോമ്പിന്റെ ഓഫീസ് വ്യക്തമാക്കിയത്. പക്ഷേ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മറ്റ് വിദേശ രാജ്യങ്ങളെ യുദ്ധത്തിനായി പ്രചോദിപ്പിക്കുക എന്ന അമേരിക്കന്‍ നയം വ്യക്തമായി അറിയുന്ന ഏതൊരാള്‍ക്കും പ്രത്യക്ഷത്തില്‍ സൗമ്യമെന്ന് തോന്നിക്കുന്ന ഈ പ്രസ്താവനയുടെ ഫലപ്രാപ്തി ചോദ്യം ചെയ്യാന്‍ പര്യാപ്തമായ കാരണമുണ്ട്. ഈ സംഭവങ്ങളെല്ലാം തന്നെ ചൈനയെ പ്രകോപിപ്പിച്ച് പ്രത്യാക്രമണത്തിന് പ്രേരിപ്പിക്കുന്നതിന്റെ വ്യക്തമായ സൂചനകളാണ്.
തായ്‌വാനെ പൂര്‍ണ്ണമായും ഉപരോധിക്കാനുള്ള സൈനിക ശേഷി തങ്ങളുടെ സൈന്യത്തിനുണ്ടെന്ന് കാണിക്കുന്ന തരത്തിലുള്ള തരത്തിലുള്ള സൈനിക അഭ്യാസ പ്രകടനത്തിലൂടെയാണ് ചൈന ഇതിനോട് പ്രതികരിച്ചത്. അങ്ങനെ സംഭവിച്ചാല്‍ അന്തരീക്ഷത്തില്‍ വീണ്ടും യുദ്ധഭ്രാന്ത് വര്‍ദ്ധിക്കും. ഇങ്ങനെ യുക്രൈനില്‍ യുദ്ധത്തിന്റെ തീജ്വാലകള്‍ ആളിക്കത്തുമ്പോള്‍ പുതിയൊരു സായുധ സംഘട്ടനത്തിന്റെ ഉത്ഭവസ്ഥാനമായി മാറാന്‍ പ്രേരിപ്പിക്കുകയാണ്.
സമ്പദ്‌വ്യവസ്ഥയുടെ സൈനിക വല്‍ക്കരണവുംയുദ്ധങ്ങളും സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഫലം
മുതലാളിത്ത വ്യവസ്ഥയുടെ സഹജമായ കാരണങ്ങളാല്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട സമ്പദ്‌വ്യവസ്ഥയെ കൃത്രിമമായി ഉത്തേജിപ്പിക്കുന്നതിനും ആയുസ്സ് നീട്ടിയെടുക്കുന്നതിനുമായി മുതലാളിത്ത സാമ്രാജ്യത്വ രാജ്യങ്ങള്‍ സമ്പദ് വ്യവസ്തയെ വന്‍തോതില്‍ സൈനികവല്‍ക്കരിക്കുകയാണ്. സൈനികവല്‍ക്കരണം യുദ്ധത്തിലൂടെ സൈനിക ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും പുതിയവ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സാധ്യത തുറന്നു കൊടുക്കുകയും വ്യവസായ ഉല്‍പ്പാദനം നിലനിര്‍ത്തുകയും സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം നല്‍കുകയും ചെയ്യും.
അതിനാല്‍ തങ്ങളുടെ സൈ നിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി സൃഷ്ടിക്കുന്നതിനുവേണ്ടിയാണെങ്കില്‍പോലും പ്രാദേശിക, മേഖല തലത്തില്‍ പോലുമുള്ള യുദ്ധം സൃഷ്ടിക്കുന്നിനാവശ്യമായി തുടര്‍ച്ചയായ യുദ്ധഭ്രാന്ത് നിലനിര്‍ത്തുക എന്നത് സാമ്രാജ്യത്വ ആവശ്യമാണ്. അതിനാല്‍ അമേരിക്കന്‍ സാമ്രാജ്യത്വമായാലും, യൂറോപ്യന്‍ വന്‍ശക്തികള്‍, റഷ്യ, ചൈന, ഇന്ത്യ എന്നിവയായാലും സമ്പദ് വ്യവസ്ഥയുടെ സൈനിക വല്‍ക്കരണം ഒരു പൊതു സ്വഭാവമായി തീര്‍ന്നിട്ടുണ്ട്. ‘തെമ്മാടി’ രാഷ്ട്രങ്ങളില്‍ ജനാധിപത്യം കയറ്റുമതി ചെയ്യുക എന്ന വ്യാജേന, ആഗോള സാമ്രാജ്യത്വത്തിന്റെ നായകനായ അമേരിക്ക ദീര്‍ഘകാലമായി യുദ്ധക്കൊതി ഒരു മുഖ്യ ആഗോളനയമായി സ്വീകരിച്ചിട്ടുമുണ്ട്.
ഏകാധിപത്യമാണോ ജനാധിപത്യമാണോ തെരഞ്ഞെടുക്കേണ്ടതെന്ന ചോദ്യം ലോകം അഭിമുഖീകരിക്കുന്ന വേളയിലാണ് തന്റെ തായ്‌വാന്‍ സന്ദര്‍ശനം എന്നാണ് ഇത്തവണ നാന്‍സി പെലോസി അഭിപ്രായപ്പെട്ടത്. 1990 ല്‍ റിവിഷനിസ്റ്റ് ഡെങ്‌സിയാവോ പിങ്ങിന്റെ നേതൃത്വത്തില്‍ ചൈന തായ്‌വാന്‍ കടലിടുക്കില്‍ സൈനിക അഭ്യാസം നടത്തിയപ്പോള്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ബില്‍ ക്ലിന്റണ്‍ ഉടന്‍ തന്നെ മേഖലയിലേക്ക് വിമാന വാഹിനിക്കപ്പലുകള്‍ അയച്ച കാര്യം ഓര്‍മ്മിക്കുക.
എന്നാല്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നാവിക സേനയുള്ള ഒരു സമ്പൂര്‍ണ്ണ സാമ്രാജ്യത്വ രാജ്യമായി മാറിക്കഴിഞ്ഞ ചൈനയ്‌ക്കെതിരെ അത്തരമൊരു നീക്കം നടത്താന്‍ ശാക്തിക സന്തുലനാവസ്ഥയില്‍ വന്ന മാറ്റം കാരണം അമേരിക്കന്‍ പ്രസിഡണ്ടായ ജോബൈഡന്‍ ധൈര്യപ്പെടില്ല. എന്നാല്‍ ഈ കഴിഞ്ഞ മാസങ്ങളിലെല്ലാം അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നത് തായ്‌വാനുമേല്‍ ആക്രമണമുണ്ടായാല്‍, തായ്‌വാന്റെ സുരക്ഷയ്ക്ക് അമേരിക്ക ഉണ്ടാവുമെന്നാണ്.
ലോകം മുഴുവന്‍ 85 രാജ്യങ്ങളിലായി 750 സൈനികത്താവളങ്ങളും 8 രാജ്യങ്ങളില്‍ നാവിക കേന്ദ്രങ്ങളും അമേരിക്ക സ്ഥാപിച്ചിട്ടുള്ളപ്പോള്‍ ഈ അടുത്ത കാലത്തായി സാമ്രാജ്യത്വ ചൈനയും നാവിക താവളങ്ങള്‍ സ്ഥാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആഫ്രിക്കന്‍ ഉപദ്വീപിന്റെ തീരരാജ്യമായ ജിബോട്ടിയില്‍ 2017 ല്‍ ചൈന തങ്ങളുടെ ആദ്യത്തെ വിദേശ സൈനിക താവളം സ്ഥാപിക്കുകയുണ്ടായി. ഇക്വറ്റോറിയല്‍ ഗിനിയയില്‍ പുതിയ സൈനിക താവളം സ്ഥാപിക്കുവാന്‍ ചൈന തയ്യാറെടുക്കുകയാണ്. ശ്രീലങ്കയിലെ ഹമ്പാന്‍ടോട്ട തുറമുഖം 99 വര്‍ഷത്തേക്ക് ആവശ്യമെങ്കില്‍ വീണ്ടും 99 വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാമെന്ന നിബന്ധനയോടുകൂടി ചൈന വാടകയ്ക്ക് എടുത്തിരിക്കുകയാണ്. പ്രാദേശികമായി തങ്ങളുടെ മേധാവിത്വം സ്ഥാപിക്കാതെ ഒരു സാമ്രാജ്യത്വ ശക്തിക്കും ആഗോള സാമ്പത്തിക ശക്തിയായി മാറാന്‍ കഴിയില്ല എന്ന് നമുക്കറിയാം. വളരെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന സാമ്രാജ്യത്വ മാധ്യമങ്ങള്‍ ഈ കാര്യങ്ങളെല്ലാം ന്യായീകരിക്കുന്ന തരത്തില്‍ വ്യാജമായ പ്രചരണം നടത്തുകയാണ്. ഇറാഖ് അധിനിവേശം ഉള്‍പ്പെടെയുള്ള എല്ലാ സാമ്രാജ്യത്വ യുദ്ധങ്ങളെയും ന്യായീകരിക്കുന്ന നിലപാടിലാണ് അമേരിക്കന്‍ കുത്തക ഭീമന്മാരുടെ മാധ്യമങ്ങളായ പബ്ലിക്കോ സ്വീകരിച്ചിട്ടുള്ളത്. Fox News, CNN, AP, The NewYork Times, വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ വന്‍കിട മാധ്യമങ്ങള്‍ എല്ലാം അമേരിക്കന്‍ സൈനിക വ്യവസായവുമായി ഇഴപിരിയാത്ത ബന്ധമാണുള്ളത്. യുദ്ധപ്രചാരണങ്ങള്‍ക്കെതിരെ ആശങ്ക ഉയര്‍ത്തുന്നവര്‍ക്കെതിരെ അവര്‍ ധാര്‍മ്മികരോഷം കൊള്ളുന്നു.
മധ്യേഷ്യയില്‍ തങ്ങളുടെ മേധാവിത്വം സ്ഥാപിക്കുന്നതിനും ആ രാജ്യങ്ങളിലെ എണ്ണ പ്രകൃതി വാതക വിഭവങ്ങള്‍ അന്യായമായി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അമേരിക്കന്‍ സാമ്രാജ്യത്വം യുദ്ധം സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പാലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നതിനായി തങ്ങളുടെ ഏറ്റവും വലിയ സഖ്യകക്ഷിയായ സിയോണിസ്റ്റ് ഇസ്രായേലിനെ ഉപയോഗിച്ച് യുദ്ധം നടത്തുകയാണ് അമേരിക്ക.
ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും തങ്ങളുടെ ആജ്ഞാനുവര്‍ത്തികളല്ലാത്ത ഭരണാധികാരികളെ വധിക്കുക, അവിടെ തങ്ങളുടെ വിശ്വസ്ത ഭരണകൂടങ്ങള്‍ സ്ഥാപിക്കുക, വംശീയ വര്‍ണ്ണ സായുധ സംഘര്‍ഷങ്ങള്‍ കുത്തിപ്പൊക്കുക, അധികാര അട്ടിമറികള്‍ സംഘടിപ്പിക്കുക തുടങ്ങിയവ എത്രയോ കാലമായി അമേരിക്കയുടെ യുദ്ധഗൂഢാലോചനയുടെ ഭാഗമാണ്.
അതിനാല്‍ ഭൂരാഷ്ട്ര തന്ത്രമനുസരിച്ച് അമേരിക്കയ്ക്കും ചൈനക്കും തങ്ങളുടെ അധികാര മോഹത്തിന്റെ കേന്ദ്രമാണ് തായ്‌വാന്‍. അതിനാല്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് പുറമേ തായ്‌വാന്‍ കടലിടുക്കിന്റെ നിയന്ത്രണവും തായ്‌വാനിലെ ഭരണകൂടത്തെയും നിയന്ത്രിക്കുക ഏത് സാമ്രാജ്യത്വ വന്‍ശക്തിയായിരിക്കും എന്ന ചോദ്യം കൂടി ഉയരുന്നുണ്ട്. രണ്ട് സാമ്രാജ്യത്വ ശക്തികള്‍ തമ്മലുള്ള രൂക്ഷമായ വൈരുദ്ധ്യത്താല്‍ ലോകം വീണ്ടും സര്‍വ്വനാശകാരിയായ യുദ്ധഭീഷണിയിലാണ്.
ശക്തമായ സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന് മാത്രമേ യുദ്ധക്കൊതിയെ തടയാന്‍ കഴിയൂ
സാമ്രാജ്യത്വ രാജ്യങ്ങളിലെ ബഹുരാഷ്ട്ര കുത്തകകളുടെയും ഭരണ മുതലാളിവര്‍ഗ്ഗത്തിന്റെയും സങ്കുചിതവും വിഭാഗീയവുമായ സാമ്പത്തിക രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി മറ്റ് നിസ്സാരമായ കാരണങ്ങളുടെ പേരിലോ ഒന്നിനു പിറകെ ഒന്നായി സൃഷ്ടിച്ചെടുക്കുന്ന യുദ്ധങ്ങള്‍ ലോകമാകെയുള്ള സമാധാനകാംക്ഷികളും ജനാധിപത്യ വിശ്വാസികളുമായ ജനങ്ങളെ സ്തബ്ധരാക്കുകയാണ്. ആഗോള മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ പ്രതിസന്ധി അടിക്കടി വര്‍ദ്ധിക്കുകയും അതിന്റെ ആഘാതം മുഴുവന്‍ അടിച്ചമര്‍ത്തപ്പെടുന്ന ദശലക്ഷങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യുന്ന ഘട്ടത്തില്‍ റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും തായ്‌വാനില്‍ ശക്തിപ്പെട്ടുവരുന്ന സംഘര്‍ഷം ഇല്ലാതാക്കാനും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാവണമെന്ന് അവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ട്. മാനവരാശിയുടെ കൊടിയ ശത്രുക്കളായ സാമ്രാജ്യത്വ മുതലാളിത്ത ശക്തികളോട് അപേക്ഷിച്ചതുകൊണ്ടോ യാചിച്ചതുകൊണ്ടോ യാതൊരു ഫലവുമില്ലെന്നും അതിനാല്‍ വെറുതെ ആഗ്രഹിച്ചതുകൊണ്ടു മാത്രം ഉദ്ദേശിച്ച ഫലം ലഭിക്കുകയു മില്ല. സാമ്രാജ്യത്വ ഗൂഢാലോചനകള്‍ക്കെതിരെ ഏതെങ്കിലും അളവില്‍ പ്രതിരോധം സൃഷ്ടിച്ചിരുന്ന ശക്തമായ സോഷ്യലിസ്റ്റ് ക്യാമ്പിന്റെ അഭാവത്തില്‍ സാമ്രാജ്യത്വശക്തികള്‍ നിയന്ത്രണമില്ലാത്ത ആക്രമണങ്ങള്‍ അഴിച്ചു വിടുകയാണ്. ‘ദുഷ്ടന്‍മാര്‍ക്ക് ഉപജാപങ്ങള്‍ക്ക് ഒരു കുറവുമുണ്ടാവാ റില്ലല്ലോ.’
തങ്ങള്‍ക്ക് കീഴ്‌പ്പെടുന്നില്ല എന്ന് അവര്‍ക്ക് തോന്നുന്ന രാജ്യങ്ങളില്‍ അതിക്രമിച്ചു കയറി നിരപരാധികളായ ജനങ്ങളെ നിര്‍ദയം കൊന്നൊടുക്കാനും, തങ്ങളുടെ മേധാവിത്വം അഭിലാഷം പൂര്‍ത്തീകരിക്കുന്നതിനും സ്വാധീന മേഖല വിപുലീകരിക്കാനും പൈശാചികവും സ്വേച്ഛാധിപത്യപരവുമായ രീതിയില്‍ സ്വാധീന മേഖല വിപുലീകരിക്കാനുംവേണ്ടി വ്യവസ്ഥാപിതമായ എല്ലാ മാനദണ്ഡങ്ങളും നിയമങ്ങളും നടപടികളും യാെതാരു സങ്കോചവും കൂടാതെ അവര്‍ ലംഘിക്കും. അതിനാല്‍ സാമ്രാജ്യത്വ ശക്തികളുടെ യുദ്ധക്കൊതിയുമായുള്ള ഈ മരണപ്പാച്ചില്‍ തടഞ്ഞു നിര്‍ത്തുക തന്നെ വേണം. സാര്‍വ്വദേശീയ തലത്തില്‍ സമാധാന കാംക്ഷികളായ ജനങ്ങള്‍ വിപ്ലവകാരികളുടെ നേതൃത്വത്തില്‍ ശക്തവും ഏകോപിതവുമായ സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കുയും സാമ്രാജ്യത്വ യുദ്ധ വ്യാപാരികളുടെ മേല്‍ ശക്തമായ സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ അത് സാധ്യമാവൂ. സാമ്രാജ്യത്വ ശക്തികളുടെ കൈവശം നശീകരണ ശക്തിയുള്ള അത്യാധുനിക ആയുധങ്ങള്‍ ഉണ്ടെങ്കില്‍ ജനങ്ങളുടെ ആയുധപ്പുരയില്‍ അധൃഷ്യമായ മറ്റൊരായുധം-മാര്‍ക്‌സിസം ലെനിനിസമെന്ന തത്വചിന്ത-കൈവശമുണ്ടെന്ന കാര്യം മറന്നുപോകരുത്. ഈ യുഗം ദര്‍ശിച്ച സമുന്നത മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരില്‍ ഒരാളായ സഖാവ് ശിബദാസ് ഘോഷ് ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുള്ളതുപോലെ ശരിയായ വിപ്ലവനേതൃത്വത്തിന്‍ കീഴില്‍ സംഘടിപ്പിക്കുന്ന ചിട്ടയായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മാത്രമേ സാമ്രാജ്യത്വ അതിക്രമങ്ങളെ ഫലപ്രദമായി തടഞ്ഞു നിര്‍ത്താന്‍ കഴിയൂ എന്ന വസ്തുത നാം ഓര്‍ത്തിരിക്കേണ്ടതാണ്. ജനകീയ പ്രക്ഷോഭങ്ങള്‍ യുക്ത്യധിഷ്ഠി തമായ പരിണതിയിലേക്ക് നയിക്കപ്പെടണമെങ്കില്‍ ശരിയായ നേതൃത്വത്തിന്‍ കീഴില്‍ സംഘടിക്കുകതന്നെ വേണം.
ദേശാഭിമാനികളും സ്വാതന്ത്ര്യസ്‌നേഹികളുമായ എല്ലാ വിഭാഗത്തിലുംപെട്ട സാമ്രാജ്യത്വ വിരുദ്ധ ജനവിഭാഗങ്ങളെയും ശക്തികളെയും ഉള്‍പ്പെടുത്തി സാര്‍വ്വദേശീയ തലത്തില്‍ അതിശക്തമായ സമാധാന പ്രസ്ഥാനം കെട്ടിപ്പടുക്കു എന്നതാണ് ഇന്നത്തെ അടിയന്തിര ആവശ്യകത. ഈ പ്രക്ഷോഭത്തെ ശരിയായ ദിശയില്‍ നയിക്കുന്നതിനായി യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ അതിന്റെ അകക്കാമ്പായി പ്രവര്‍ത്തിക്കണം. ഉക്രൈനുമേല്‍ നടക്കുന്ന റഷ്യന്‍ അധിനിവേശയുദ്ധത്തോടൊപ്പം തായ്‌വാന്‍ കടലിടുക്കില്‍ ഉയര്‍ന്നു വരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാനവസംസ്‌കൃതിയുടെ രക്ഷയ്ക്കായി ഈ കടമ ശരിയായ ആത്മാര്‍ത്ഥതയോടെ ഏറ്റെടുക്കേണ്ടതുണ്ട്.