കേരളത്തിന്റെ മണ്ണിലെ പ്രക്ഷോഭ വേദിയിൽ ജനാധിപത്യപരമായ സംഘടിതപ്രവർത്തനത്തിന്റെ പുതുചരിത്രം രചിക്കുകയാണ് കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമരം. തിരുവനന്തപുരം മുതൽ കാസർകോഡുവരെ സാധാരണജനങ്ങൾ ഒരൊറ്റ മനുഷ്യനെപ്പോലെ സിൽവർലൈൻ പദ്ധതിക്കെതിരെ നിവർന്നുനിന്നു പൊരുതുന്നു. നിര്‍ദ്ദിഷ്ട പദ്ധതി കടന്നുപോകുന്ന ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ള നിസ്സഹായരായ മനുഷ്യർ തുടക്കംകുറിച്ച പ്രക്ഷോഭം ഇന്ന് കേരളത്തിന്റെ മന:സ്സാക്ഷി ഏറ്റെടുത്തിരിക്കുന്നു. ജനാധിപത്യവിശ്വാസികൾക്ക് ഉൾപ്പുളകം സൃഷ്ടിക്കുന്ന അനുഭവമായി, ജനാധിപത്യപ്രക്ഷോഭത്തിന്റെ ഉദാത്തമാതൃകയായി സിൽവർലൈൻ വിരുദ്ധ ജനകീയ സമരം മാറിക്കഴിഞ്ഞു.
പദ്ധതിക്കെതിരെയുള്ള ചെറുത്തുനിൽപ്പ് ദിനചര്യയായി സ്വീകരിച്ചുകൊണ്ട് ജനങ്ങൾ കരളുറപ്പോടെ ഇന്ന് നിലകൊള്ളുകയാണ്. സങ്കുചിതലക്ഷ്യങ്ങൾക്കുവേണ്ടി ആട്ടിത്തെളിച്ചുകൊണ്ടുവരുന്ന പാർട്ടി അണികളുടെ, മുൻകൂർ തയ്യാറാക്കിയ തിരക്കഥ പ്രകാരമുള്ള അനുഷ്ഠാനമായിരുന്നില്ല ഈ ചെറുത്തുനിൽപ്പ്. അതിരടയാളക്കല്ലുകൾ സ്ഥാപിക്കാൻ കെ റെയിൽ വിരുദ്ധ പോരാളികൾ അധികാരികളെ അനുവദിച്ചില്ല. എവിടെയെങ്കിലും അധികാരമുഷ്‌കിന്റെ ബലത്തിൽ കല്ലുകൾ സ്ഥാപിക്കപ്പെട്ടോ അവിടെയെല്ലാം അവർ അവ പിഴുതെറിഞ്ഞു. ഒരു പദ്ധതിക്കുവേണ്ടി സർക്കാരിന്റെ മുദ്രകുത്തിയ സർവ്വേക്കല്ലുകൾ ആരെയും കൂസാതെ ജനങ്ങൾ പിഴുതെറിയുക; അത്തരമൊരു സമരരീതി കേരളം ആദ്യമായി ദർശിക്കുകയായിരുന്നു. പ്രക്ഷോഭരംഗത്ത് അണിനിരന്നവരിൽ ഏറിയ പങ്കും സ്ത്രീകളായിരുന്നു. എല്ലായിടത്തും ഒരേ മുദ്രാവക്യങ്ങൾ ഉയർത്തപ്പെട്ടു. തെരുവിൽ പോലീസിന്റെ ആക്രോശങ്ങളെ സധൈര്യം നേരിട്ട കെ റെയിൽ പ്രക്ഷോഭകർ, ഇതിനുമുമ്പ് ഒരു സമരപ്രവർത്തനത്തിന്റെയും ഭാഗമായിരുന്നവരല്ല. എന്തിന് ഒരു തെരുവ് പ്രസംഗം കേൾക്കാൻപോലും പോയിട്ടുള്ളവർ ആയിരുന്നില്ല. സാധാരണ ജീവിതം നയിച്ചിരുന്ന വീട്ടമ്മമാർ, വീടുകൾക്കുള്ളിൽ സ്വസ്തമായി കഴിഞ്ഞിരുന്ന ഗൃഹനാഥന്മാർ, ചെറുപ്പക്കാർ, വിദ്യാർത്ഥികൾ ഇവരെല്ലാമാണ് ഈ പ്രക്ഷോഭത്തിന്റെ നായകരായി മാറിയത്. അവരെങ്ങിനെ സമരസംഘാടകരായി? പോലീസിന്റെ അതിക്രമങ്ങളെ ശിരസ്സുയർത്തിനിന്ന് നേരിടുന്നവരായി അവർ എങ്ങിനെ വാർക്കപ്പെട്ടു? നിർഭയരായി ജയിലിൽ പോകാൻ അവർ എങ്ങിനെ സന്നദ്ധരായി? തെരുവിലൂടെ വലിച്ചിഴയ്ക്കപ്പെട്ടിട്ടും അവർ അപമാനിതരായില്ല. മരണം വരെയും ഈ പ്രക്ഷോഭരംഗത്ത് ഉറച്ചുനിൽക്കുമെന്ന് അവർ ലോകത്തോട് വിളിച്ചുപറഞ്ഞു. സമരത്തിന്റെ കുത്തകപ്പാട്ടം എടുത്തിട്ടുള്ള ഭരണകക്ഷിയുടെ നേതാക്കന്മാർ, അവർക്കുപുറത്ത് ഒരു സമരം വളർന്നുവരുമെന്ന് സ്വപ്‌നേപി പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ജനങ്ങൾ അവരുടെ കണക്കുകൂട്ടലുകളെ തകർത്തുകളഞ്ഞു. കല്ല് പിഴുതാൽ പല്ല് പിഴുതുമെന്നുൾപ്പടെ സമനിലതെറ്റി അവർ നടത്തിയ ജല്പനങ്ങളെ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളഞ്ഞു. ഈ പ്രക്ഷോഭകാരികൾക്ക് ലഭിച്ച ഊർജ്ജത്തിന്റെ ഉറവിടമെന്താണ്? അനിതരസാധാരണമായ ഈ പ്രക്ഷോഭം ഇന്നു കാണുന്ന രൂപത്തിൽ വികസിച്ചുവന്നതിന്റെ പ്രക്രിയ മനസ്സിലാക്കേണ്ടത്, നാളെകളിൽ നാടിന്റെ ഭാവി നിർണ്ണയിക്കുന്ന വിപുലമായ ജനകീയമുന്നേറ്റങ്ങൾ വളർത്തിയെടുക്കാൻ അവശ്യമാണ്.
ജനകീയ സമിതിയുടെ പിറവി പ്രക്ഷോഭത്തിന്റെ സംസ്ഥാനതല കുതിപ്പിന് അസ്തിവാരമൊരുക്കി
സിൽവർലൈൻ പദ്ധതിയെക്കുറിച്ചുള്ള സൂചനകൾ വന്നുതുടങ്ങിയ നാൾ മുതൽ പദ്ധതിയുടെ വിശദാംശങ്ങൾ വിവരാവകാശനിയമം ഉൾപ്പടെയുള്ള മാർഗ്ഗങ്ങളിലൂടെ കണ്ടെത്തുവാനുള്ള പരിശ്രമങ്ങൾ സാമൂഹ്യപ്രവർത്തകരായ ചില വ്യക്തികൾ ആരംഭിച്ചിരുന്നു. പദ്ധതിയെ സംബന്ധിച്ച് അങ്ങിനെ പുറത്തുവന്ന വിവരങ്ങളോരോന്നും ഞെട്ടിക്കുന്നവയായിരുന്നു. അതോടൊപ്പംതന്നെ ജനങ്ങൾ സംഘംചേരലും ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ കാട്ടിലപ്പീടിക, കോട്ടയം ജില്ലയിലെ മുളക്കുളം, പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ തുടങ്ങിയ സ്ഥലങ്ങളിൽ സ്വതന്ത്രമായി ജനങ്ങളുടെ സമരസമിതകൾ നിലവിൽവന്നു. അവയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധപ്രവർത്തനങ്ങളും സംഘടിപ്പിക്കപ്പെട്ടു. ഇപ്രകാരം തുടക്കംകുറിച്ച പ്രക്ഷോഭങ്ങളെയും വിവിധ ജില്ലകളിൽ മുളപൊട്ടിവന്ന പ്രതിഷേധങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാനതല കൺവൻഷൻ വിളിച്ചുചേർത്തു. സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിനും ജാതി -മത ചിന്തകൾക്കും എല്ലാത്തരം വിഭാഗീയതകൾക്കും ഭിന്നതകൾക്കുമുപരിയായി ജനങ്ങളുടെ സമരം വളർത്തിയെടുക്കണമെന്ന ഉറച്ചതീരുമാനം കൺവൻഷൻ ഐകകണ്‌ഠേന കൈക്കൊണ്ടു. ജനങ്ങളുടെ വിലപ്പെട്ട സമരൈക്യം വളർത്തിയെടുക്കുന്നതിൽ രാഷ്ട്രീയവിശ്വാസപ്രമാണങ്ങളോ മതാഭിമുഖ്യങ്ങളോ സ്വാർത്ഥതാൽപ്പര്യങ്ങളോ തടസ്സമാകരുത് എന്ന് കൺവൻഷൻ സ്വീകരിച്ച തത്വമാണ് നാമിന്നു കാണുന്ന അസാധാരണമായ കെ റെയിൽ വിരുദ്ധ ജനകീയമുന്നേറ്റത്തിന്റെ അടിസ്ഥാനശില. ഈ തത്വത്തെ ആധാരമാക്കിക്കൊണ്ട്, എം.പി.ബാബുരാജ് ചെയർമാനായും എസ്.രാജീവൻ ജനറൽ കൺവീനറായും സംസ്ഥാനത്തിന്റെ സമരചരിത്രത്തിലെ അനിഷേധ്യസമരസംഘടനയായ സംസ്ഥാന കെറെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിക്ക് കൺവൻഷൻ രൂപം നൽകി.
ഉയർന്ന മൂല്യങ്ങളും ജനാധിപത്യ പ്രവർത്തനശൈലിയും കെട്ടുറപ്പുള്ള പ്രക്ഷോഭത്തെ വാർത്തെടുത്തു
രണ്ടുവർഷത്തിനിടയിൽ വ്യത്യസ്ത ഘട്ടങ്ങളിൽ ജില്ലകളിൽ രൂപംകൊണ്ട സമരസംഘടനയുടെ പ്രതിനിധികളെന്ന നിലയിൽ നിരവധി ജനകീയനേതാക്കളും സമരത്തിന്റെ മഹത്തായ ലക്ഷ്യത്തെ സ്വയം ഉൾക്കൊണ്ട, കളങ്കരഹിതമായ പൊതുപ്രവർത്തനത്തിന്റെ പാരമ്പര്യമുള്ള വ്യക്തിത്വങ്ങളും സമരനേതൃത്വത്തിലേക്ക് ഉൾച്ചേർക്കപ്പെട്ടു. രാഷ്ട്രീയമായി വ്യത്യസ്തധ്രുവങ്ങളിൽ നിലകൊള്ളുന്ന സംസ്ഥാനത്തെ ഏറ്റവും പ്രമുഖ രാഷ്ട്രീയനേതാക്കളെയും വ്യക്തിത്വങ്ങളെയും സിൽവർലൈൻ പിൻവലിക്കുക എന്ന ഒരൊറ്റ ഡിമാന്റിൻമേൽ ഒരുമിപ്പിക്കാനും ജനാധിപത്യപരമായ അവരുടെ കടമകൾ നിർവ്വഹിക്കാൻ സാഹചര്യം സൃഷ്ടിക്കാനും സംസ്ഥാനസമിതിക്കു കഴിഞ്ഞത് പ്രക്ഷോഭത്തെ വലിയ അളവിൽ മുന്നോട്ടുകൊണ്ടുപോകാനിടയാക്കി.
ഏവരുടെയും അഭിപ്രായങ്ങളെ ആദരവോടെ സമീപിക്കുന്നതിലും ഹൃദ്യമായ ചർച്ചകളിലൂടെ ഏകാഭിപ്രായത്തിൽ എത്തിച്ചേരുന്നതിലും സമിതിക്കുള്ളിൽ പരിപാലിച്ചിട്ടുള്ള ആരോഗ്യകരമായ ജനാധിപത്യഅന്തരീക്ഷം പ്രക്ഷോഭത്തിന് അസാധാരണമായ കെട്ടുറപ്പും ഐക്യവും നൽകി. സദുദ്ദേശത്തോടെ ചൂണ്ടിക്കാണിക്കപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വിമർശനങ്ങളും സന്തോഷപൂർവ്വം സ്വീകരിച്ചും ഏതൊരു വ്യക്തിയുടെയും പ്രക്ഷോഭ വിജയത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളെ ഉൾക്കൊണ്ടും മാതൃകാപരമായ ജനാധിപത്യപ്രവർത്തനത്തിന്റെ പാതയിൽ ജനകീയ സമിതി മുന്നേറി. അങ്ങിനെ സങ്കുചിതമായ രാഷ്ട്രീയ കിടമൽസരമോ അനഭിലഷണീയമായ സ്പർദ്ധകളോ വ്യക്തി മാൽസര്യങ്ങളോ ഇല്ലാത്ത, ജനതാൽപ്പര്യത്തിന്റെ പക്ഷത്ത് അചഞ്ചലമായി നിലയുറപ്പിച്ചിട്ടുള്ള ഒരു സമരസംഘടനയെ വാർത്തെടുത്തു. ജാതിക്കും മതത്തിനും അതീതമായി സംസ്ഥാനമെമ്പാടും സമരപ്രവർത്തകർക്കിടയിൽ വിടർന്നുവന്നിട്ടുള്ള അസാധാരണമായ സമര സാഹോദര്യവും സ്‌നേഹവായ്പും ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്. വിദൂരജില്ലകളിലെ പ്രവർത്തകർ പോലും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ കലർപ്പില്ലാതെ നിലനിർത്തുന്ന പരസ്പരാദരവും ഊഷ്മളതയും ഈ പ്രക്ഷോഭത്തിന്റെ തനിമയായി നിരവധി പേർ വിലയിരുത്തുന്നു. വർഗ്ഗീയതയും മതാന്ധതയും ഇരുട്ട് സൃഷ്ടിക്കുന്ന വേദനാകരമായ സാഹചര്യത്തെ പ്രതിരോധിക്കാൻ കെ റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങൾ പോലുള്ള ജനകീയമുന്നേറ്റങ്ങൾക്കേ കഴിയൂ എന്ന് ഇത് അടിവരയിടുന്നു. വർഗ്ഗീയതക്കെതിരെ വായ്ത്താരി മുഴക്കുന്ന കപടഇടതുപക്ഷം, ഈ ജനകീയ മുന്നേറ്റത്തെ തകർക്കാൻ ശ്രമിക്കുന്നതുവഴി കെ റെയിൽ വിരുദ്ധ പ്രക്ഷോഭം സൃഷ്ടിക്കുന്ന പ്രതീക്ഷാനിർഭരമായ സാമൂഹ്യസാഹചര്യത്തെയും ജനൈക്യത്തെയും ഇല്ലാതാക്കാനാണ് പണിപ്പെടുന്നത്.
സ്വന്തം സമരസമിതികളെയും നേതൃത്വത്തെയും സൃഷ്ടിച്ച
പ്രക്ഷോഭം
താഴേത്തലങ്ങളിൽ സമരോപകരണങ്ങളെന്ന നിലയിൽ ജനങ്ങളുടെ സ്വന്തം സമരസമിതികൾക്ക് രൂപംനൽകിയും അവിടങ്ങളിൽ സ്വന്തം നേതൃത്വത്തെ സ്ഥാപിച്ചെടുത്തുംക്കൊണ്ടുമാത്രമേ പ്രക്ഷോഭത്തിന് ബലത്ത അസ്തിവാരമൊരുക്കാൻ കഴിയൂ എന്ന് കൃത്യമായി സംസ്ഥാനനേതൃത്വം വിലയിരുത്തി. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി സമരസമിതിക്ക് ഘടകങ്ങൾ ഇല്ലാതിരുന്ന മേഖലകളിലേക്കും സമീപജില്ലകളിലേക്കും നിരവധിയായ സമരപ്രവർത്തകരെ നിയോഗിച്ചുകൊണ്ട് ബൃഹത്തായ ഒരു പ്രവർത്തനം സംസ്ഥാന സമിതി ആസൂത്രണം ചെയ്ത് നടപ്പാക്കി. ഇന്നോളം കേരളത്തിന്റെ ചരിത്രത്തിൽ നടന്നിട്ടില്ലാത്തവിധമുള്ള ജനകീയസമരസംഘാടനമാണ് ഇതിലൂടെ നിർവ്വഹിക്കപ്പെട്ടത്. കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി എന്ന സമരപ്രസ്ഥാനം, മാലയിൽ മുത്തെന്നതുപോലെ ജനങ്ങളെ ചേർത്തും കോർത്തുമെടുത്തു. ഏതെങ്കിലും പ്രത്യേക മതത്തിന്റെയോ ജാതിയുടെയോ കക്ഷിരാഷ്ട്രീയത്തിന്റെയോ അടിസ്ഥാനത്തിലല്ലാതെ സ്ത്രീപുരുഷ ഭേദമെന്യേ ആബാലവൃദ്ധം ജനങ്ങളും ഒരുമിച്ചു, കൈകോർത്തു. സമീപകാല കേരളത്തെ സംബന്ധിച്ചിടത്തോളം നവ്യവും ഹൃദ്യവുമായ അനുഭവമാണ് ഇതെന്നു പറയാതെവയ്യ. ജനകീയ പ്രതിരോധ സമിതിയുടെ നൂറുകണക്കിന് പ്രവർത്തകരുടെ സേവനവും ഈ പ്രവർത്തനത്തിൽ ലഭിക്കുകയുണ്ടായി. തിരുവനന്തപുരം മുതൽ കാസർകോഡുവരെ പതിനൊന്നു ജില്ലകളിലായി മുന്നൂറോളം യൂണിറ്റുകൾ രൂപീകരിച്ച് ജനങ്ങളുടെ യഥാർത്ഥ സമരസംഘടന കെട്ടിപ്പടുക്കാൻ കൃത്യതയാർന്ന ഈ പ്രവർത്തനത്തിലൂടെ കഴിഞ്ഞു. പന്ത്രണ്ട് ജില്ലകളിലും ഐക്യദാർഢ്യ സമിതികളും രൂപീകരിക്കപ്പെട്ടു. കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിന്റെ യഥാർത്ഥ ശക്തി കുടികൊള്ളുന്നത് സംസ്ഥാനമെമ്പാടും രൂപംകൊണ്ടിട്ടുള്ള ഈ പ്രാദേശികഘടകങ്ങളിലാണ്. ജനാധിപത്യത്തിൽ ജനങ്ങളാണ് അപ്രതിരോധ്യശക്തി എന്ന് വീണ്ടും തെളിയിക്കപ്പെടുന്നു.
അരലക്ഷം പ്രവർത്തകർക്ക് പാഠശാലയായി മാറിയ ജനകീയ സമരം
സിൽവർലൈൻ പദ്ധതിയുടെ വിശദാംശങ്ങളെയും അതു സൃഷ്ടിക്കുന്ന വിനാശത്തെയും സംബന്ധിച്ച് ശാസ്ത്രീയമായ ധാരണ നൽകുന്നതിനായി ജനകീയ സമിതി സംസ്ഥാനമെമ്പാടും അതിവിപുലമായ പഠനപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ജനാധിപത്യപ്രക്ഷോഭത്തിന്റെ ഉയർന്ന മൂല്യങ്ങളും നീതിബോധവും ജനങ്ങൾക്ക് പകരുന്ന പ്രവർത്തനങ്ങളും ഇതോടൊപ്പം നടന്നു. പദ്ധതിയെയോ പ്രക്ഷോഭത്തെയോ സംബന്ധിച്ച് ഏതുചോദ്യം ഉയർന്നാലും അതിനു വ്യക്തതയാർന്ന മറുപടി നൽകാൻ താഴേത്തലങ്ങളിലുള്ള ഒരു സമരപ്രവർത്തകനെപ്പോലും സജ്ജമാക്കുന്ന അതിബൃഹത്തായ ഒരു പാഠശാലയായി കെ റെയിൽ സിൽവർലൈൻ വിരുദ്ധ പ്രക്ഷോഭം മാറി. ജനകീയസമരങ്ങളുടെ ചരിത്രത്തിൽ ഇത്രയും വിപുലമായ നിലയിൽ ജനങ്ങളെ ആശയപരമായി തയ്യാറെടുപ്പിക്കുന്ന ഒരു ദൗത്യം ഒരു പക്ഷേ സംസ്ഥാനത്ത് ആദ്യമായിട്ടാകാം. ജില്ലാതല കൺവൻഷനുകളും പ്രവർത്തകയോഗങ്ങളും പ്രാദേശിക യൂണിറ്റുകളുടെ നിരന്തരമായ യോഗങ്ങൾ, നൂറുകണക്കിന് ചർച്ചകൾ, എണ്ണമറ്റ ഗൃഹസദസ്സുകൾ തെരുവ് യോഗങ്ങൾ, ചെറുതും വലുതുമായ പ്രചാരണജാഥകൾ സംസ്ഥാനമെമ്പാടും നടന്നു. ജനപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള സാമൂഹ്യവ്യക്തിത്വങ്ങൾ, പാരിസ്ഥിതിക രംഗത്തെ ശാസ്ത്രജ്ഞർ, എൻജിനീയർമാർ, സാമ്പത്തികവിദഗ്ദർ, മാധ്യമപ്രവർത്തകർ തുടങ്ങി ഒട്ടനവധി പ്രതിഭകൾ ജനങ്ങൾക്ക് അറിവ് പകരാനുള്ള മഹത്തായ ഈ ദൗത്യത്തിൽ നേതൃത്വം വഹിച്ചു.
സമരത്തിന്റെ ഡിമാന്റും സമരനിലപാടുകളും വസ്തുനിഷ്ഠമായി നിർണ്ണയിച്ചു
സമരം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ട് സമരത്തിന്റെ ഏറ്റവും ശരിയായ ഘട്ടങ്ങൾ നിർണ്ണയിക്കുന്നതിലും അവ നടപ്പാക്കുന്നതിനായി സുഘടിതവും ചിട്ടയാർന്നതുമായ പ്രവത്തനങ്ങൾ ആവിഷ്‌കരിക്കുന്നതിലും പിറവികൊണ്ട ദിനം മുതൽ ഇന്നുവരെ സംസ്ഥാനസമിതി കൈവരിച്ച വിജയമാണ് പ്രക്ഷോഭത്തെ ഇന്നുകാണുന്ന മാനത്തിലേക്ക് വളർത്തിയത്. പ്രാരംഭഘട്ടത്തിൽ സിൽവർലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ബഹുഭൂരിപക്ഷം സാധാരണമനുഷ്യരും ഈ പദ്ധതിയുടെ അപകടം തിരിച്ചറിഞ്ഞിട്ടില്ല എന്നു വിലയിരുത്തിയ സംസ്ഥാനസമിതി, പ്രക്ഷോഭത്തിന്റെ ആവശ്യകതയും സന്ദേശവും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനായി 2020 ജനുവരിയിലും ഫെബ്രുവരിയിലുമായി 16 ദിവസത്തെ പ്രചാരണജാഥ സംഘടിപ്പിച്ചു. പ്രാരംഭദിനങ്ങളിലെ ദുഷ്‌കരമായ സാഹചര്യത്തിൽ നിരവധി ക്ലേശങ്ങളെ നേരിട്ടുകൊണ്ടാണെങ്കിലും അത്തരമൊരു പ്രവർത്തനം ഇഛാശക്തിയോടെ ആവിഷ്‌കരിക്കാൻ കഴിഞ്ഞത്, വലിയൊരുവിഭാഗം ഇരകളെയും പദ്ധതിയുടെ അപകടം ബോധ്യപ്പെടുത്തുക, സംസ്ഥാനമെമ്പാടും ഉയർന്നുവന്നുകൊണ്ടിരുന്ന ചെറുപ്രതിഷേധങ്ങളെ കോർത്തിണക്കുക എന്നീ അതിപ്രധാനമായ ദൗത്യങ്ങൾ നിറവേറ്റാനിട നൽകി. സമരരംഗത്തെ സർവ്വശക്തിയെയും സമാഹരിച്ചുകൊണ്ട് തുടർന്ന് 2021 ഒക്‌ടോബർ 27ന് സംഘടിപ്പിക്കപ്പെട്ട സെക്രട്ടേറിയറ്റ് മാർച്ച് മാധ്യമങ്ങളെയും രാഷ്ട്രീയനേതാക്കളെയും ഈ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയപ്രാധാന്യം ബോധ്യപ്പെടുത്തിയ ഒന്നായി മാറി. ആർക്കും അവഗണിക്കാനാവാത്ത, ജനാധിപത്യകേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന ഒന്നാണ് കെ റെയിൽ വിരുദ്ധ പ്രക്ഷാഭമെന്ന് പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തി. ഭരണപക്ഷത്തുള്ളവരൊഴികെയുള്ള മുഴുവൻ കക്ഷികളുടെയും നേതാക്കൾ, അവിടെയെത്തത്തക്കവിധമുള്ള സാമൂഹ്യസാഹചര്യം സെക്രട്ടേറിയറ്റ് മാർച്ച് സൃഷ്ടിച്ചു. അതിരടയാളക്കല്ലുകൾ സ്ഥാപിച്ചാൽ അവ പിഴുതെറിയുമെന്ന് മാർച്ചിൽ അണിനിരന്ന ആയിരങ്ങൾ ഒറ്റക്കെട്ടായി പ്രതിജ്ഞ ചെയ്തു. അളവറ്റ ആത്മവിശ്വാസത്തോടെ അവിടെ നിന്നു മടങ്ങിപ്പോയ ജനങ്ങൾ സമരസംഘടനയില്ലാത്ത സ്ഥലങ്ങളിലെല്ലാം പുതിയ യൂണിറ്റുകൾ രൂപീകരിക്കാൻ മുൻകൈയെടുത്തു. പ്രക്ഷോഭം ഉയർന്ന പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു.
യാതൊരു ഔദ്യോഗിക അറിയിപ്പും നൽകാതെ, രാപകൽ ഭേദമില്ലാതെ അടുക്കളയിലും മുറ്റത്തും പറമ്പിലും മഞ്ഞക്കുറ്റിയുമായി സാമൂഹ്യാഘാത പഠനത്തിനെന്ന പേരിൽ വൻ പോലീസ് അകമ്പടിയോടെ ധിക്കാരപൂർവ്വം കയറുന്ന കെ റെയിൽ സംഘത്തെ ചെറുത്തുപരാജയപ്പെടുത്തണമെന്ന സംസ്ഥാനസമിതിയുടെ തീരുമാനം സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളും ഒറ്റക്കെട്ടായി നടപ്പാക്കി. സംസ്ഥാനനേതാക്കൾ രാപകൽ വിശ്രമമില്ലാതെ കേരളമെമ്പാടും ഓടിനടന്ന് പ്രാദേശിക – ജില്ലാ ഘടകങ്ങളുടെ യോഗങ്ങളിൽ ജനങ്ങളെ സമരസജ്ജരാക്കി. പോലീസ് നടത്തിയ പൊറുക്കാനാവാത്ത അതിക്രമങ്ങളിൽ പ്രതിഷേധിക്കാനും ചെറുത്തുനിൽപ്പിന്റെ ആഹ്വാനത്തെ ദൃഢനിശ്ചയത്തോടെ സ്വീകരിക്കാൻ സമരപ്രവർത്തകരെ കൂടുതൽ വീറോടെ സജ്ജമാക്കാനും സംസ്ഥാന സമര ജാഥ 2022 മാർച്ച് 1 മുതൽ 24 വരെ സംഘടിപ്പിക്കാൻ സമിതി സമയോചിതമായി തീരുമാനിച്ചു. ചെറുത്തുനിൽപ്പ് മേഖലകളിൽ ആത്മവിശ്വാസം പകർന്നുകൊണ്ടുള്ള 25 ദിവസം നീണ്ടുനിന്ന സമരജാഥയുടെ പ്രയാണം എത്ര വലിയ പ്രതിസന്ധികളെയും നേരിട്ടുകൊണ്ട് അടിയുറച്ചുനിൽക്കാൻ ജനങ്ങളെ പ്രാപ്തരാക്കി. സമരജാഥയുടെ സമാപനത്തിൽ സെക്രട്ടേറിയറ്റ് നടയിൽ ആയിരങ്ങൾ പങ്കെടുത്തു.
കണ്ണൂരിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ധർമ്മടത്ത് കല്ലിടലിനെ ചെറുത്തുപരാജയപ്പെടുത്തിയത്, കേരളത്തിൽ ഒരിടത്തും പദ്ധതി പ്രവർത്തനങ്ങൾ ജനങ്ങൾ അനുവദിക്കില്ല എന്നതിന്റെ തുറന്ന പ്രഖ്യാപനമായി മാറി. അതോടെ താൽക്കാലികമായെങ്കിലും കല്ലിടൽ നിർത്തിവയ്ക്കാൻ സർക്കാർ നിർബ്ബന്ധിതമായി. കെ റെയിൽ പദ്ധതിയുടെ നടത്തിപ്പുകാർക്ക് വോട്ടില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന സമിതി കൈക്കൊണ്ട നിലപാട് ജനങ്ങൾ സഹർഷം സ്വാഗതം ചെയ്തു. ഇടുങ്ങിയ താൽപ്പര്യങ്ങളാൽ സ്വാധീനിക്കപ്പെടാതെ, ജനങ്ങളുടെ ഉത്തമതാൽപ്പര്യം മാത്രം മുൻനിർത്തി, സമരത്തിന്റെ മുമ്പിലെ ആവശ്യകതകൾ വസ്തുനിഷ്ഠമായി വിലയിരുത്തി, ജനാധിപത്യ പ്രക്രിയ അവലംബിച്ചുകൊണ്ട്, മുന്നോട്ടു പോകാൻ കഴിഞ്ഞതിനാലാണ് സിൽവർലൈൻ വിരുദ്ധ സമരത്തിന് സംസ്ഥാനത്തെ ഒന്നാകെയുള്ള ജനങ്ങളുടെ പിന്തുണ കൈവരിക്കാൻ കഴിഞ്ഞത്. കർമ്മോൽസുകതയും പ്രായോഗിക അനുഭവസമ്പത്തും സത്യസന്ധതയും ആത്മാർത്ഥതയും ഇച്ഛാശക്തിയുമുള്ള നേതൃത്വമാണ്, പ്രലോഭനങ്ങൾക്കോ ഭീഷണികൾക്കോ വഴങ്ങാത്ത നേതൃത്വമാണ് ജനാധിപത്യപ്രക്ഷോഭങ്ങളുടെ മുന്നേറ്റത്തി ന് അനിവാര്യമായും വേണ്ടുന്നത്.
പ്രതീക്ഷ പകരുന്ന ജനാധിപത്യ പ്രക്ഷോഭങ്ങൾ
സംഘടിക്കുകയും പോരടിക്കുകയും ചെയ്യാതെ ഒരു വിഭാഗം ജനങ്ങൾക്കും ജീവിതത്തിൽ പിടിച്ചുനിൽക്കാനാകില്ല എന്നത് നിത്യേന തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. പുതിയ അവകാശങ്ങൾ നേടിയെടുക്കുക എന്നതിനുമപ്പുറത്ത് പരിമിതമെങ്കിലും നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങൾ നിലനിർത്തുക എന്നതുതന്നെ വലിയ പ്രയത്‌നം ആവശ്യമായ ദൗത്യമായിരിക്കുന്നു. അവ്വിധമൊരു പ്രക്ഷോഭണമാണ് സിൽവർലൈൻ വിരുദ്ധസമരം. കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടാതിരിക്കണമെങ്കിൽ സമരരംഗത്തിറങ്ങിയേ മതിയാകൂ എന്നതായിരുന്നു സാഹചര്യം.
ജനാധിപത്യ പ്രക്ഷോഭങ്ങളാണ് സമൂഹത്തിന്റെ മുന്നോട്ടുള്ള വഴി എന്നും ജനങ്ങളുടെ നിലനിൽപ്പിന്റെ സമ്പ്രദായം തന്നെ അനീതിയോട് കീഴടങ്ങാതെ സമരത്തിലായിരിക്കുക എന്നതാണ് എന്നും ഓർമ്മപ്പെടുത്തിക്കൊണ്ട്, സമരത്തിന്റെ പുത്തൻ ഏടുകൾ രചിച്ചുകൊണ്ട് ചെങ്ങറയും, പ്ലാച്ചിമടയും, വിളപ്പിൽശാലയും, മൂലമ്പിള്ളിയും കരിമണൽ ഖനനവിരുദ്ധ സമരവും പുത്തൻ പ്രതീക്ഷയായി ഉയർന്നുവന്നു. ദേശീയതലത്തിൽ നന്ദിഗ്രാം പ്രക്ഷോഭവും പൗരത്വനിയമഭേദഗതിക്കെതിരെ നടന്ന സമരവും കർഷകരുടെ ഐതിഹാസിക സമരവുമെല്ലാം ജനങ്ങൾക്ക് പുത്തൻ പ്രതീക്ഷയും ആവേശവും പ്രത്യാശയുമായി. അതിന്റെ കൃത്യമായ തുടർച്ചയാണ് കെ റെയിൽ സിൽവർലൈൻ വിരുദ്ധ സമരം. ജനങ്ങൾക്കിടയിൽ കക്ഷിരാഷ്ട്രീയത്തിനോ ജാതിമത സങ്കുചിത്വങ്ങൾക്കോ പ്രസക്തിയില്ല എന്നത് ദൈനംദിന ജീവിതാനുഭവങ്ങൾ തെളിയിക്കുന്നു. ഭരണകൂടത്തിന്റെയും ഭരണവർഗ്ഗത്തിന്റെയും നിഷ്ഠുരവും ക്രൂരവുമായ കുത്തകാനുകൂല നയങ്ങൾക്കെതിരെ പണിയെടുക്കുന്നവൻ സാധാരണക്കാരൻ ഒറ്റക്കെട്ടായി നിൽക്കേണ്ടിയിരിക്കുന്നു എന്നതാണ് അനുഭവങ്ങളിൽനിന്നും നാം എടുക്കേണ്ട പാഠം. അധികാരികളുടെ മുഷ്‌ക്കും കുത്തകകളോടുള്ള കൂറും തെല്ലൊന്നുമല്ല സാധാരണക്കാരനെ ക്ലേശിപ്പിക്കു ന്നതും ഞെരുക്കുന്നതും. അധികാരത്തിന്റെ ദണ്ഡിന് എക്കാലവും മനുഷ്യന്റെ മുന്നേറ്റങ്ങളെ തടഞ്ഞുനിർത്താനാകില്ല. വിലക്കുകളെ ഉല്ലംഘിച്ച് മനുഷ്യസമൂഹം മുന്നേറും. അത് നിയതിയുടെ നിയമം. ഇന്നു നാം കാണുന്ന മനുഷ്യസമൂഹം അതിന്റെ സാക്ഷ്യപത്രമാണ്.