ടീസ്ത സെതൽവാദിനെയും ആർ.ബി ശ്രീകുമാറിനെയും ഉടൻ വിട്ടയക്കുക

Share

ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുംആരോപിച്ച് മനുഷ്യാവകാശപ്രവർത്തക ടീസ്ത സെതൽവാദിനേയും ഗുജറാത്ത് പോലീസിലെ മുൻ ഐപിഎസ് ഓഫീസറായ ആർ.ബി.ശ്രീകുമാറിനേയും ജൂൺ 25ന് അറസ്റ്റു ചെയ്ത അഹമ്മദാബാദ് പോലീസ് നടപടി തികഞ്ഞ ഫാസിസ്റ്റു രീതിയിലുള്ള പ്രതികാര നടപടിയാണ്. വിയോജിപ്പിന്റെ സ്വരങ്ങളോട് ബിജെപിയും ഭരണ സംവിധാനങ്ങളും രാജ്യമെമ്പാടും പ്രദർശിപ്പിക്കുന്ന ജനാധിപത്യ വിരുദ്ധ മനോഭാവത്തിനും നടപടികൾക്കുമെതിരെയും ടീസ്ത സെതൽവാദിനേയും ആർ.ബി.ശ്രീകരുമാറിനെയും വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടും അതിശക്തമായ ജനകീയ പ്രതിഷേധം വളർത്തിയെടുക്കണമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനങ്ങളോടാഹ്വാനം ചെയ്യുന്നു.

2002ൽ ഗുജാത്തിൽ നടന്ന ദുരൂഹമായ ഗോധ്ര തീവയ്പു സംഭവത്തെത്തുടർന്ന് അഹമ്മദാബാദിൽ അരങ്ങേറിയ ആസൂത്രിതമായ വംശഹത്യയിലെ ഒരു കുപ്രസിദ്ധ സംഭവമായിരുന്നു ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല. അവിടെ നിഷ്‌ക്കരുണം കൊലചെയ്യപ്പെട്ട 69 പേരിലൊരാളായ കോൺഗ്രസ് എംപി ഇഷാൻ ജഫ്രിയുടെ വിധവ സാക്കിയ ജഫ്രി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലെ ഒരു പരാമർശത്തിന്റെ പേരിലാണ് നീതിന്യായ വ്യവസ്ഥയെത്തന്നെ അപഹസിക്കുന്ന വിധത്തിലുള്ള ഈ അറസ്റ്റുണ്ടായിരിക്കുന്നത്. ഗുജറാത്ത് കൂട്ടക്കൊലയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റ് 63 ഉദ്യോഗസ്ഥർക്കും പങ്കുണ്ടായിരുന്നവെന്ന ആരോപണത്തെക്കുറിച്ചന്വേഷിക്കാൻ, നീണ്ട നിയമനടപടികൾക്കുശേഷം രൂപീകരിക്കപ്പെട്ട പ്രത്യേകാന്വേഷണ കമ്മീഷൻ 2012ൽ സമർപ്പിച്ച റിപ്പോർട്ട് ഇവരെ കുറ്റവിമുക്തരാക്കി. അതു ശരിവച്ച മെട്രോപോളിറ്റൻ കോടതി വിധിക്കെതിരെ സാക്കിയ ജഫ്രി നൽകിയ പുനപരിശോധനാ ഹർജി 2017ൽ ഗുജറാത്ത് ഹൈക്കോടതിയും തള്ളി. അവർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ആ ഹർജിയിലാണ് ഇപ്പോൾ വിധിവന്നിരിക്കുന്നത്.


പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് സമ്പൂർണ്ണമായി ശരിവച്ചു കൊണ്ടുള്ള ഈ സുപ്രീകോടതിവിധി അസാധാരണവും വിചിത്രവുമായ ചില പരാമർശങ്ങളും നടത്തി. ‘അസംതൃപ്തരായ ഒരു സംഘം ഉദ്യോഗസ്ഥർ സെൻസേഷൻ സൃഷ്ടിക്കാൻ ചിലരുമായി കൂട്ടു ചേർന്ന് തെറ്റെന്നു തങ്ങൾക്കു ബോദ്ധ്യമുള്ള വെളിപ്പെടുത്തലുകൾ നടത്തിയെന്നും ‘ ‘സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ദുരുദ്ദേശത്തോടെ പ്രവർത്തിച്ച ഇവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളണമെന്നും’ സുപ്രീം കോടതി പറഞ്ഞു. വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു മാധ്യമവുമായി അഭിമുഖ സംഭാഷണം നടത്തിക്കൊണ്ടിരിക്കേയാണ് ഈ അറസ്റ്റുകൾ നടന്നത്. ഒന്നാം പ്രതിയായി പേരു ചേർക്കപ്പെട്ട മുൻ പോലീസ് മേധാവി സഞ്ജയ് ഭട്ടിനെ മറ്റൊരു കേസിൽപ്പെടുത്തി രണ്ടു വർഷങ്ങൾക്കു മുമ്പേ അറസ്റ്റു ചെയ്തു തടവിലാക്കിയിരിക്കുകയാണ്.
മുൻ സുപ്രീം കോടതി ജസ്റ്റിസ് മദൻ ലോകൂർ ഉൾപ്പടെയുള്ള നിയമ വിദഗ്ധർ അസാധാരണമെന്നും ദൗർഭാഗ്യകരമെന്നുമാണ് സുപ്രീം കോടതിയിലെ പരാമർശങ്ങളെപ്പറ്റിപ്പറഞ്ഞത്. അറസ്റ്റു ചെയ്യണമെന്നുദ്ദേശിച്ചില്ലെങ്കിൽ ഉടൻതന്നെ കോടതി അതു വിശദീകരിച്ചുകൊണ്ട് നിർദ്ദേശം നൽകണമെന്നും ജസ്റ്റിസ് ലോകൂർ പറയുകയുണ്ടായി. ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെപ്പറ്റി ശബ്ദമുയർത്തുന്നവരെ തടവിലാക്കുന്നത് ഭീദിദമായ ഒരു സന്ദേശമാണ് പൊതുസമൂഹത്തിനു നൽകുക എന്ന് ആംനസ്റ്റി ഇന്റർനാഷണൽ അഭിപ്രായപ്പെട്ടു. യു.എൻ. മനുഷ്യാവകാശ കമ്മീഷൻ ഈ നടപടിയെ ശക്തമായി വിമർശിക്കുകയുണ്ടായി.
ഐതിഹാസികമായ കർഷക സമരത്തിന്റെ വിജയത്തിനു ശേഷം ഭരണകൂടവും അവരുടെ വിശ്വസ്തരായ ബിജെപിയും സംഘപരിവാറും എത്ര ഭ്രാന്തമായ വിധത്തിലാണു സമൂഹത്തെ വർഗ്ഗീയമായി വിഭജിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതെന്നു നാമിന്നു കാണുന്നുണ്ട്. മത,ഭാഷാ, പ്രദേശ വ്യത്യാസങ്ങളൊന്നും പരിഗണനയിലെടുക്കാതെ ഒരു പൊതുഡിമാന്റിനു വേണ്ടി ഒന്നിച്ചു പേരാടിയ കർഷകർ സമൂഹത്തിലേക്കു പടർത്തിയ സമരസന്ദേശത്തിന്റെ സ്വാധീനം ഭരണകൂട ശക്തികളെ സംബന്ധിച്ചിടത്തോളം മാരകമായ ഒന്നായിരുന്നു. അതുകൊണ്ടുതന്നെ അതിനുശേഷം മുസ്ലീം സമുദായത്തെ മുഖ്യധാരയിൽ നിന്നൊറ്റപ്പെടുത്താനും അപരവൽക്കരിക്കാനുമുള്ള ശ്രമങ്ങളവരാരംഭിച്ചു. മുസ്ലീം സമുദായത്തിന്റെ വിവിധ ആരാധനാലയങ്ങളുടെമേൽ ഒരു ന്യായീകരണവുമില്ലാത്ത അവകാശ വാദങ്ങളുന്നയിക്കുകയും വിവിധ കോടതികളിൽ വ്യവഹാരങ്ങളാരംഭിക്കുകയും ചെയ്തു. വാരണാസിയിലെ ഗ്യാൻവാപി പള്ളിയിൽ സർവ്വേ നടത്താനും ശിവലിംഗമുണ്ടെന്നാരോപിക്കപ്പെട്ട സ്ഥലത്ത് മുസ്ലീങ്ങൾക്കു പ്രവേശനം നിഷേധിക്കുകയുംചെയ്ത ജില്ലാ കോടതിയുടെ വിധി അമ്പരപ്പിക്കുന്നതായിരുന്നു. ഏതൊരു ആരാധാനാലയത്തിന്റെ കാര്യത്തിലും 1947 ആഗസ്റ്റ് 15 ലെ സ്ഥിതിയിൽ മാറ്റം വരുത്തരുതെന്ന നിയമം നിലനിൽക്കേ ഒരു കോടതി തന്നെയാണിതു പറഞ്ഞതെന്നതാണ് ഇതിലെ വൈപരീത്യം. സുപ്രീം കോടതിപോലും അതിൽ മാറ്റം വരുത്താൻ തയ്യാറായില്ല.

നിരാലംബരാണെന്ന ധാരണ മുസ്ലീങ്ങളിൽ സൃഷ്ടിക്കാനും അവരിലെ അക്ഷമരായ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ച് അക്രമപ്രവർത്തനങ്ങളിലേക്കു നയിക്കാനുമുദ്ദേശിച്ചായിരുന്നു ഈ കൃത്യങ്ങളെല്ലാം. സംഘപരിവാർ നേതാക്കൾ മുസ്ലിങ്ങൾക്കെതിരെ നടത്തിക്കൊണ്ടിരുന്ന അധിക്ഷേപങ്ങൾ രൂക്ഷമാകുന്ന ഘട്ടത്തിലാണ് താനും ഒട്ടും കുറയ്ക്കുന്നില്ല എന്ന മട്ടിൽ ബിജെപിയുടെ ഔദ്യോഗിക വക്താവ് നൂപൂർ ശർമ്മ പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. അന്തർദ്ദേശീയ തലത്തിൽ തന്നെ ഇന്ത്യയ്ക്കവമതിപ്പുണ്ടാക്കിയ ഈ സംഭവത്തെത്തുടർന്ന് സ്വാഭാവികമായും പ്രകോപിതമായ മുസ്ലീം ജനസാമന്യത്തിലൊരു വിഭാഗം പ്രത്യക്ഷ പ്രതിഷേധ പരിപാടികളിലേക്കുവന്നു. നൂപൂർ ശർമ്മയ്‌ക്കെതിരെ കേസെടുക്കാതെ നിവൃത്തിയില്ലെന്നു വന്ന സർക്കാർ കേസെടുത്തെങ്കിലും അവരെ അറസ്റ്റു ചെയ്യാതെ പോലീസ് സംരക്ഷണം ഉറപ്പാക്കിക്കൊടുത്തു. എന്നാൽ പ്രതിഷേധിച്ച മുസ്ലീങ്ങളുടെ വീടുകളും കടകളും ഒരു നിയമവും പാലിക്കാതെ ബുൾഡോസർ ഉപയോഗിച്ചു തകർക്കുകയും ചെയ്തു. ബുൾഡോസർ അനീതി എന്നാണ് ജസ്റ്റിസ് ലോകൂർ ഇതിനെ വിശേഷിപ്പിച്ചത്. ഈ നാട്ടിലെ നീതി തങ്ങൾക്കു വേണ്ടിയുള്ളതല്ല എന്ന തോന്നൽ ഉളവാക്കുന്ന തരത്തിലുള്ള അന്യവൽക്കരണമാണിതു മുസ്ലീങ്ങളിൽ സൃഷ്ടിച്ചത്. സംഘപരിവാറിന്റെ ലക്ഷ്യവും അതുതന്നെയായിരുന്നു. പ്രേരിപ്പിച്ചവർ സ്വതന്ത്രരായി നടക്കുകയും പ്രേരിപ്പിക്കപ്പെട്ടവർ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന വിചിത്രമായ അവസ്ഥയാണിതിലൂടെ ഉണ്ടായത്. കഴിഞ്ഞവർഷം കൊറോണയിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഡൽഹിയിൽ മുസ്ലീങ്ങളെ സംഘടിതമായാക്രമിച്ച വർഗ്ഗീയ കലാപം സമാനമായ ഒന്നായിരുന്നു. മുസ്ലീങ്ങൾക്കെതിരെ കലാപാഹ്വാനം നടത്തിയ എംഎൽഎ ഉൾപ്പടെയുള്ള ബിജെപി നേതാക്കളെ സ്വതന്ത്രരായി വിട്ട ഭരണകൂടം ആക്രമിക്കപ്പെട്ട മുസ്ലിങ്ങളെ അക്ഷരാർത്ഥത്തിൽ വിധിക്കുവിട്ടു കൊടുക്കുകയായിരുന്നു. അംഗഭംഗം വന്നവരെ ചികിത്സിക്കുന്നതിൽനിന്ന് ഡോക്ടർമാരെ വരെ തടഞ്ഞു. സ്വിച്ചിട്ടതുപോലെ മുസ്ലിം പ്രദേശങ്ങളിലാരംഭിച്ച ഭീകരമായ ആക്രമണം അവരുടെ ജീവനോപാധികളെല്ലാം തകർത്തു കഴിഞ്ഞതോടെ അവസാനിക്കുകയും ചെയ്തു.
മുസ്ലീം വിരോധത്തിന്റെ അടിസ്ഥാനത്തിലുള്ള ഹിന്ദു മതഭ്രാന്തിന്റെ ഏകീകരണം ലാക്കാക്കി ബിജെപി നടത്തിക്കൊണ്ടിരുന്ന ഉപജാപങ്ങൾ പുരോഗമിക്കുന്ന തിനിടയിലാണ് ഗുജറാത്ത് വംശഹത്യയിലെ മോദിയുടെ പങ്കിനെ വെള്ളപൂശുന്ന കോടതി വിധി വന്നത്. തങ്ങൾക്കെതിരെയുള്ളവരെയെല്ലാം അരിഞ്ഞു വീഴ്ത്താനുള്ള ചോരക്കൊതിയുമായി നടക്കുന്ന ഭരണകൂടം ഒട്ടും വൈകാതെ ടീസ്ത സെതൽവാദിനെയും ആർ.ബി.ശ്രീകുമാറിനെയും അറസ്റ്റു ചെയ്തു. ഏറ്റവുമൊടുവിൽ ജൂലൈ ഒന്നിന്, തനിക്കെതിരെ രാജ്യത്തു പല ഭാഗത്തുമുള്ള കേസുകൾ ഒന്നിച്ചു പരിഗണിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നൂപൂർ ശർമ്മ സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞത് നൂപൂർ ശർമ്മ രാജത്തോടു മാപ്പു പറയണമെന്നാണ്! അവർക്ക് അറസ്റ്റു വേണ്ടതില്ല. മാപ്പു മാത്രം മതിയാകും! എന്തൊരു നീതി!


ഇതിനിടയിൽ രാജ്യാന്തര ശ്രദ്ധ നേടിയ മറ്റൊരു അറസ്റ്റും നടന്നു. നിരവധിയാൾക്കാർ ഷെയർ ചെയ്ത ഒരു ചിത്രം പോസ്റ്റു ചെയ്തതിന്റെ പേരിൽ 2020ൽ ഒരാൾ നൽകിയ പരാതിയുടെയടിസ്ഥാനത്തിൽ ആൾട്ട് മീഡിയ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ പോലീസ് മതസ്പർധ ഉണ്ടാക്കിയെന്ന വകുപ്പു ചേർത്ത് അറസ്റ്റു ചെയ്തു. സംഘപരിവാറുൾപ്പടെയുള്ളവർ പ്രചരിപ്പിക്കുന്ന നിരവധി വ്യാജവാർത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തിയ ഒരു വസ്തുതാന്വേഷണ സൈറ്റായിരുന്നു ആൾട്ട് മീഡിയ. ഇന്ത്യയുടെ വിദേശവ്യാപാരത്തെത്തന്നെ ബാധിക്കുന്ന തരത്തിൽ പ്രതികരിച്ച നൂപൂർ ശർമ്മ സ്വതന്ത്രമായി വിലസുന്ന നാട്ടിൽ കേവലം ഒരാൾ മാത്രം പരാതിപ്പെട്ട ഒരു ട്വിറ്റർ ഹാൻഡിലിന്റെ പേരിൽ മുഹമ്മദ് സുബൈർ ഇരുമ്പഴിയ്ക്കുളളിലും! സിവിൽസമൂഹപ്രവർത്തകരുടെ സ്വാതന്ത്ര്യവും വൈവിധ്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായുള്ള ഉറപ്പു നൽകുന്ന പ്രസ്താവനയിൽ ജി -7 രാഷ്ട്രങ്ങളോടാെപ്പം ഇന്ത്യ ഒപ്പിട്ട ദിവസം തന്നെയാണീ അറസ്റ്റ് എന്ന വൈരുദ്ധ്യവും നമുക്കു കാണാം.
രണ്ടാം ലോകയുദ്ധാനന്തര കാലഘട്ടത്തിൽ വികസിതവും അവികസിതവുമായ എല്ലാ മുതലാളിത്ത രാജ്യങ്ങളുടെയും പൊതുസവിശേഷതയായി ഫാസിസം മാറിയിരിക്കുന്നു എന്നു നിരീക്ഷിച്ചത് സഖാവ് ശിബ്ദാസ് ഘോഷാണ്. സാമ്പത്തികമായ കേന്ദ്രീകരണം, ഭരണകൂടത്തിൽ രാഷ്ട്രീയാധികാരത്തിന്റെ കേന്ദ്രീകരണം, ഭരണപരമായ കാർക്കശ്യം, സാംസ്‌കാരികമായ ചിട്ടപ്പെടുത്തൽ, കുത്തകകളുടെയും ഭരണകൂടത്തിന്റെയും താല്പര്യങ്ങൾ തമ്മിലുള്ള ഏകീകരണം ഇവയൊക്കെയാണു ഫാസിസത്തിന്റെ ലക്ഷണങ്ങൾ. സമ്പൂർണ്ണ ഫാസിസം ആവിഷ്‌കരിക്കാൻ മുതലാളിത്തത്തിനിതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും ഇന്ത്യയിലും ഈ ലക്ഷണങ്ങളെല്ലാം ശക്തമാണ്. അനുദിനം അവ രൂക്ഷമായിക്കൊണ്ടിരിക്കുന്നു എന്നാണു മേൽസൂചിപിച്ച സംഭവങ്ങൾ കാണിക്കുന്നത്. സമ്പൂർണ്ണ ഫാസിസം വന്നില്ലെങ്കിലും ഭരണപരമായ ഫാസിസം പിടിമുറുക്കിയിട്ടുണ്ട് നമ്മുടെ രാജ്യത്ത്. ഭരണഘടനയുടെ അന്തഃസത്തയെത്തന്നെ തകർക്കുന്ന കരിനിയമങ്ങൾ പാർലിമെന്റിൽ പാസ്സാക്കപ്പെടുന്നതും ഭരണനിർവ്വഹണവിഭാഗവും പോലീസുമെല്ലാം അവ കർശനമായി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതും ഇതിന്റെ തെളിവുകളാണ്. എന്നാൽ സമീപകാലം വരെയെങ്കിലും കോടതികൾ ഈ ദൗത്യത്തിന്റെ ഭാഗമായി പ്രത്യക്ഷത്തിൽ വന്നിരുന്നില്ല. എന്നാൽ വ്യവസ്ഥിതിക്കെതിരെയുള്ള ജനരോഷം തീവ്രമാകുകയും പലയിടങ്ങളിലും അത് പ്രകടിപ്പിക്കപ്പെ ടുകയും ചെയ്യുമ്പോൾ കോടതി തന്നെയും കുത്തകകളുടെ താല്പര്യവുമായി താദാത്മ്യപ്പെട്ടുകൊണ്ട് ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളുടെമേൽ കൈവക്കുന്നത് അപൂർവ്വമല്ലാതായിട്ടുണ്ട്. കൊറോണയുടെ ആഘാതത്താൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് വേതനം നൽകാനുള്ള തീരുമാനമെടുക്കാൻ സർക്കാർ നിർബ്ബന്ധിതരായപ്പോൾ കുത്തകകളുടെ ആവശ്യം പരിഗണിച്ച് അതു റദ്ദാക്കിയത് സുപ്രീം കോടതിയായിരുന്നു.


വരാനിരിക്കുന്ന തൊഴിലാളിവർഗ്ഗ വിപ്ലവത്തെ തടയാൻ മുതലാളിത്തം ശ്രമിക്കുന്ന, ചരിത്രപരമായി പരുവപ്പെടുത്തപ്പെട്ട പ്രതിവിപ്ലവ രൂപമാണു ഫാസിസം എന്ന ശിബ്ദാസ് ഘോഷിന്റെ പാഠം മനസ്സിലാക്കിയാൽ മുതലാളിത്തം ഇന്ന് ഇന്ത്യയിൽ എത്ര പ്രതിസന്ധിയിലാണ് എന്നു മനസ്സിലാക്കാം. കർഷക സമരം ഉയർത്തിവിട്ട ജനാധിപത്യസമരത്തിന്റെ അന്തരീക്ഷം മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം വച്ചു പൊറുപ്പിക്കാൻ കഴിയാത്തതാണ്. ഈ സമരാന്തരീക്ഷം തങ്ങളുടെ ചൂഷണ ഭരണത്തിന് അപകടകരമായ വിധത്തിൽ വളർന്നു വരുമെന്നവർ സഹജാവബോധം കൊണ്ടെന്നവണ്ണം മനസ്സിലാക്കുന്നുണ്ട്. അതു കൊണ്ടാണവർ ജനൈക്യത്തെ തകർക്കാനും ഏതൊരു പോരാട്ടശ്രമത്തെയും മുളയിലേ നുള്ളിക്കളയാനും ശ്രമിക്കുന്നത്. പാമ്പ് പത്തിവിടർത്തുന്നതും കൊത്താനായുന്നതും അതു പേടിക്കുമ്പോഴാണ്. ജനാധിപത്യ സമരങ്ങളെ ഭയപ്പാടോടെ കാണുന്ന അവസ്ഥയിലാണിന്നു മുതലാളിത്തം. അതുകൊണ്ടു തന്നെയാണത് പല്ലും നഖവും കൂർപ്പിച്ചു ജനങ്ങളുടെ നേരെ തിരിയുന്നത്. അതിശക്തമായ ജനാധിപത്യ സമരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞാൽ അതു ജനങ്ങളുടെ മോചനത്തിനു വഴിതെളിക്കും എന്ന പ്രത്യാശയുടെ നാളവും ഈ ഇരുണ്ട കാലത്തു തെളിയുന്നുണ്ട് എന്നതാണു യാഥാർത്ഥ്യം.

Share this post

scroll to top