ഇടതുപക്ഷ വിരുദ്ധ നിലപാടുകള്‍കൊണ്ട്‌ ജനരോഷത്തിനിരയാകുന്ന എല്‍ഡിഎഫ്‌ ഭരണം

Share

ഒരു വര്‍ഷംപോലും തികയുന്നതിനുമുമ്പേ പിണറായി ഭരണം സ്വന്തം അണികളെവരെ നിരാശപ്പെടുത്തിയിരിക്കുകയാണ്‌. എല്ലാം ശരിയാക്കാമെന്നത്‌ പരസ്യവാചകമായിരുന്നെങ്കിലും സാധാരണജനങ്ങള്‍ക്ക്‌ ഈ ഭരണത്തില്‍ പ്രതീക്ഷയുണ്ടായിരുന്നു. അതെല്ലാം തകര്‍ന്നിരിക്കുകയാണ്‌. ഇടതുപക്ഷ സമീപനം എന്നല്ല, ജനാധിപത്യമര്യാദകള്‍പോലും തൊട്ടുതീണ്ടാത്ത ഭരണമാണ്‌ നടക്കുന്നത്‌. യു.ഡി.എഫ്‌ സര്‍ക്കാരിനെതിരെ എല്‍.ഡി.എഫ്‌ പ്രയോഗിച്ച തുരുപ്പ്‌ ചീട്ട്‌ അഴിമതിയുടേതായിരുന്നു. അക്കാര്യത്തില്‍പോലും പിണറായി സര്‍ക്കാരിന്‌ വ്യത്യസ്‌തത അവകാശപ്പെടാനില്ല എന്നതാണ്‌ സ്ഥിതി.

കേരളത്തിലെ സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ പുലര്‍ത്തുന്ന അവിശുദ്ധബന്ധം അവരുടെ എല്ലാ ദുഷ്‌ചെയ്‌തികള്‍ക്കും കൂട്ടുനില്‍ക്കുന്ന അവസ്ഥയിലേയ്‌ക്ക്‌ കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്‌. മഹിജയുടെ സമരത്തെ കൈകാര്യം ചെയ്‌തരീതി സര്‍ക്കാരിനുണ്ടാക്കിയത്‌ വലിയ കളങ്കമാണ്‌. സ്വാശ്രയഫീസിന്റെ കാര്യത്തില്‍ മാനേജുമെന്റുകള്‍ വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറായിട്ടുപോലും അതിനനുവദിക്കാതിരുന്നത്‌ മുഖ്യമന്ത്രിയായിരുന്നു. ലോ അക്കാദമി മാനേജ്‌മെന്റിന്‌ സുരക്ഷാവലയം തീര്‍ത്ത്‌ അവര്‍ അപഹാസ്യരായി. ടോംസ്‌ കോളജ്‌ മാനേജ്‌മെന്റിന്റെ കൊള്ളയ്‌ക്കും കൊലയ്‌ക്കുംവരെ ചൂട്ടുപിടിക്കുന്ന സ്ഥിതിയിലേയ്‌ക്ക്‌ അധ:പതിക്കുകയും ചെയ്‌തു.
മഹാരാജാസ്‌ കോളജില്‍നിന്ന്‌ മാരകായുധങ്ങള്‍ കണ്ടെടുത്തത്‌ എസ്‌എഫ്‌ഐ വെറുമൊരു ഗുണ്ടാസംഘമായി അധ:പതിച്ചിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷത്തിലുള്ള തെളിവായിരുന്നു. അത്‌ പണിയായുധങ്ങളാണ്‌ എന്ന്‌ ന്യായീകരിച്ച മുഖ്യമന്ത്രി കലാലയങ്ങളിലെ ജനാധിപത്യ അന്തരീക്ഷം പുന:സ്ഥാപിക്കുവാന്‍ ഒരു തരത്തിലും അനുവദിക്കില്ല എന്ന വെല്ലുവിളിയാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. ഒരു വശത്ത്‌ വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക്‌ ഒത്താശ ചെയ്യുക, മറുവശത്ത്‌ സംഘടനാ പ്രവര്‍ത്തനം ഗുണ്ടായിസമാക്കി സംഘടനാ സ്വാതന്ത്ര്യത്തിന്റെ കടയ്‌ക്കല്‍ കത്തിവയ്‌ക്കാന്‍ കളമൊരുക്കുക. സ്വന്തം ചെയ്‌തികളെക്കുറിച്ച്‌ സിപിഐ(എം) എന്നാണിനി ഒരു പുനര്‍വിചിന്തനം നടത്തുക.
മുന്നണി മര്യാദകള്‍ കാറ്റില്‍ പറത്തി കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഐ(എം), മാണി കേരള കോണ്‍ഗ്രസ്സിന്‌ പിന്തുണ നല്‍കി. മാണിക്കെതിരെ തെരഞ്ഞെടുപ്പ്‌ വേളയില്‍ ഉയര്‍ത്തിയ കോലാഹലങ്ങള്‍ എല്ലാം നിര്‍ലജ്ജം വിഴുങ്ങി. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്നത്‌ ഇടതുപക്ഷ സ്വഭാവമോ ജനാധിപത്യപരമായ പ്രവര്‍ത്തന ശൈലിയോ മുന്നണികള്‍ മര്യാദകള്‍ പാലിക്കുന്ന ഒരു സംവിധാനംപോലുമോ അല്ല എന്ന്‌ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്‌. വര്‍ഗ്ഗസമരങ്ങളും ബഹുജനമുന്നേറ്റങ്ങളും വളര്‍ത്തിയെടുത്ത്‌ ഇടതുപക്ഷ ധാരയെ ശക്തിപ്പെടുത്തുന്നതിന്‌ പകരം ഏതാനും സീറ്റുകള്‍ക്കും അധികാരങ്ങള്‍ക്കുംവേണ്ടി എന്ത്‌ നെറികേട്‌ കാട്ടാനും മടിയില്ലാത്ത കൂട്ടരാണ്‌ തങ്ങള്‍ എന്ന്‌ അവര്‍ സ്വയം വിളിച്ചു പറയുകയാണ്‌.

എല്‍ഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐ പല വിഷയങ്ങളിലും തുറന്ന വിയോജിപ്പ്‌ പ്രകടിപ്പിച്ച്‌ രംഗത്തുവരുന്നത്‌ എല്‍ഡിഎഫ,്‌ സിപിഐ(എം) നടത്തുന്ന ഒരു കമ്പനിയും മറ്റു കക്ഷികള്‍ വെറും ആശ്രിതരും എന്ന സ്ഥിതി നിലനില്‍ക്കുന്നതുകൊണ്ടുതന്നെയാണ്‌. കേരളത്തില്‍ ആര്‍എസ്‌പി വലതുപക്ഷ ചേരിയിലേയ്‌ക്ക്‌ മാറാന്‍ നിര്‍ബന്ധിതരായി. ഇപ്പോള്‍ ഫോര്‍വേഡ്‌ ബ്ലോക്കും വലതുപാളയത്തിലെത്തി. സിപിഐ കൂടി മോചനം നേടിയാല്‍ പിന്നെ സിപിഐ(എം) ആന്റ്‌ കമ്പനി പൂര്‍ണ്ണാര്‍ത്ഥത്തില്‍ നിലവില്‍വരും. ഇടതുപക്ഷ രാഷ്ട്രീയ ദൗത്യം കൈവെടിഞ്ഞ്‌ പാര്‍ലമെന്ററി രാഷ്‌ട്രീയത്തിന്റെ ചളിക്കുണ്ടില്‍ പതിച്ചാല്‍ പിന്നെ ഇത്തരം ദുര്യോഗങ്ങള്‍ സ്വാഭാവികമാണ്‌. എന്നാല്‍ ഈ പ്രസ്ഥാനങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന അണികളുടെയും അനുഭാവികളുടെയും സ്ഥിതി ദയനീയമാണ്‌. സിപിഐ(എം) എന്ന പാര്‍ട്ടിയെക്കുറിച്ചും അവരുടെ ചെയ്‌തികളെക്കുറിച്ചും ശരിയായ വിലയിരുത്തല്‍ നടത്താനും ശരിയായ രാഷ്‌്രടീയ പാത കണ്ടെത്താനും അവര്‍ക്ക്‌ കഴിയാതെ വന്നാല്‍ അത്‌ സൃഷ്ടിക്കുന്ന സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. മൂന്നാറില്‍ കൈയേറ്റ മാഫിയയുടെ സംരക്ഷകര്‍ തങ്ങളാണെന്ന്‌ പരസ്യമായി പ്രഖ്യാപിക്കുന്ന നിലപാടാണ്‌ സിപിഐ(എം )സ്വീകരിച്ചത്‌. അവരുടെ നേതാക്കള്‍തന്നെ കൈയേറ്റക്കാരാണ്‌. കൈയേറ്റത്തിന്‌ മറയായി കുരിശ്‌ സ്ഥാപിച്ചതിനെ പള്ളിക്കാര്‍ തള്ളിപ്പറഞ്ഞിട്ടുപോലും സിപിഐ(എം) പിന്മാറാന്‍ തയ്യാറായില്ല.
ഹീനകൃത്യങ്ങള്‍ക്ക്‌ മതത്തെ മറയാക്കുന്ന അപകടകരമായ പ്രവണതയുടെയും സ്‌പോണ്‍സര്‍മാരായി അവര്‍. കൈയേറ്റക്കാരില്‍നിന്ന്‌ മൂന്നാറിനെ രക്ഷിക്കാനുള്ള എളിയ ശ്രമത്തിനുപോലും പൊതുസമൂഹത്തിന്റെ വലിയ പിന്തുണ ലഭിക്കുമായിരുന്നു. എന്നാല്‍ മൂലധനശക്തികളുടെയും മാഫിയകളുടെയും താല്‍പര്യസംരക്ഷകരായി മാറിക്കഴിഞ്ഞതിനാല്‍ സിപിഐ(എം)ന്‌ നന്മയുടെയും സത്യത്തിന്റെയും പാത ഇനി തീര്‍ത്തും അപ്രാപ്യമായിരിക്കും. നാടിനെ വലിയൊരു പതനത്തിലേയ്‌ക്ക്‌ നയിക്കുന്ന ഒരു സംഹാരശക്തിയായുള്ള സിപിഐ(എം)ന്റെ ഈ പ്രയാണത്തിന്‌ തടയിടേണ്ടത്‌ സാമൂഹ്യതാല്‍പര്യം പേറുന്ന ഏവരുടെയും ഉത്തരവാദിത്തമായി മാറുകയാണ്‌ ഇവിടെ. സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകള്‍വച്ച്‌ ഭരണം നടത്തുന്നത്‌ ജനാധിപത്യമല്ല. പോലീസ്‌ മേധാവിയെ നീക്കം ചെയ്‌ത നടപടിയില്‍ പ്രതിഫലിച്ചത്‌ ഈ സമീപനമായിരുന്നു. അതിന്‌ കോടതിയില്‍ തിരിച്ചടിയേറ്റത്‌ സ്വാഭാവികം മാത്രം. എന്നാല്‍ ടി.പി. സെന്‍കുമാറിനെ മാറ്റി നിര്‍ത്താന്‍ കഴിഞ്ഞ കാലയളവില്‍ എന്തൊക്കെ കരുനീക്കങ്ങളും നെറികേടുകളുമാണ്‌ പോലീസ്‌ സേനയില്‍ സിപിഐ(എം) ചെയ്‌ത്‌ കൂട്ടിയത്‌ എന്ന കാര്യം അന്വേഷിക്കേണ്ടതാണ്‌. ഇതിന്റെ പേരില്‍ പൊതുഖജനാവില്‍നിന്ന്‌ ചെലവഴിച്ച കോടികള്‍ക്കും ആരാണ്‌ ഉത്തരവാദികള്‍? പോലീസിനെ പാര്‍ട്ടിയുടെ വരുതിയിലാക്കുന്ന, തികച്ചും ജനാധിപത്യവിരുദ്ധമായ സമീപനം ഉപേക്ഷിക്കാത്തിടത്തോളം ജനങ്ങള്‍ക്ക്‌ നീതി കിട്ടില്ല എന്നുമാത്രമല്ല, അപകടകരമായ ചില പ്രവണതകള്‍ക്ക്‌ ഇത്‌ അടിത്തറയൊരുക്കുകയും ചെയ്‌തിരിക്കുന്നു. നിഷ്‌പക്ഷമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ അപമാനിക്കുകയും വിരട്ടുകയും ചെയ്യുന്ന മൂന്നാര്‍ മോഡല്‍ ഇതിന്റെ മറുവശം മാത്രമാണ്‌.

ഒരു വര്‍ഷം തികയുന്നതിനുമുമ്പ്‌ രണ്ട്‌ മന്ത്രിമാര്‍ക്ക്‌ രാജി വയ്‌ക്കേണ്ടി വന്നത്‌ കുറച്ചൊന്നുമല്ല നാണക്കേടുണ്ടാക്കിയത്‌. രാഷ്ട്രീയ കൊലപാതകങ്ങളുടെ ആസൂത്രകനെന്ന്‌ സ്വയം പ്രഖ്യാപിച്ച എം.എം. മണി ആ സ്ഥാനത്ത്‌തുടരുന്നതാകട്ടെ അതിനെക്കാള്‍ അപമാനകരവും. ഇപ്പോഴിതാ സ്‌ത്രീത്വത്തെ ആകെ അവഹേളിക്കുന്ന നിലപാടും ഈ മന്ത്രി പുംഗവന്‍ സ്വീകരിച്ചിരിക്കുന്നു. മൂന്നാറില്‍ ട്രേഡ്‌ യൂണിയന്‍ മാടമ്പിമാര്‍ക്ക്‌ കനത്ത പ്രഹരം ഏല്‍പ്പിച്ചുകൊണ്ട്‌ ചെറുത്തുനില്‍പ്പിന്റെ നൂതനമായ ഒരു പാത തുറന്നെടുത്ത `പെമ്പിളൈ ഒരുമൈ’ സമരത്തെക്കൂടി ഇതിലൂടെ അപമാനിച്ചിരിക്കുകയാണ്‌ ഇദ്ദേഹം. ഇത്‌ മണിയുടെ മാത്രം നിലപാടല്ല. മഹിജയുടെ സമരം എന്ത്‌ നേടി എന്ന പിണറായിയുടെ ചോദ്യത്തിലും സമരത്തോടുള്ള അവഹേളനമാണ്‌ കുടികൊള്ളുന്നത്‌. ഉയര്‍ന്ന സാംസ്‌കാരിക അന്തരീക്ഷം വളര്‍ത്തിയെടുക്കാനുള്ള ബാദ്ധ്യത ഇടതുപക്ഷത്തിനുണ്ട്‌. അത്തരം ഒരു അന്തരീക്ഷത്തിലേ അനീതിക്കെതിരായ നിലപാടുകളും ചുവടുവയ്‌പുകളും ശക്തിപ്പെടൂ. സമരങ്ങളെ അപഹസിച്ചും അടിച്ചമര്‍ത്തിയും പിന്നില്‍നിന്ന്‌ കുത്തിയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ വലിയ പ്രതിബന്ധങ്ങളാണ്‌ ഇവര്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്‌.

സിപിഐ(എം)ന്റെ ചെയ്‌തികള്‍ ഇടതുപക്ഷത്തിന്റെ ചെയ്‌തികളായി വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ്‌ ഏറെ അപകടകരം. വലുതുപക്ഷ ശക്തികള്‍ ഈ സാഹചര്യം മുതലെടുക്കുകയാണ്‌. സംഘപരിവാര്‍ ശക്തികള്‍ ജീവിതത്തിന്റെ നാനാതുറകളില്‍ അഴിച്ചുവിടുന്ന ആക്രമണങ്ങള്‍ക്കെതിരെ ജനാധിപത്യ മതേതര ധാരണകള്‍ ഊട്ടിയുറപ്പിച്ചുകൊണ്ടും ഇടതുപക്ഷ രാഷ്‌്‌ട്രീയ ധാരയെ ശക്തിപ്പെടുത്തിക്കൊണ്ടും രാജ്യവ്യാപകമായ ചെറുത്തുനില്‍പ്പ്‌ വികസിപ്പിച്ചെടുക്കേണ്ട സന്ദര്‍ഭത്തിലാണ്‌ അതിന്‌ നേര്‍വിപരീത ദിശയിലുള്ള സിപിഐ(എം)ന്റെ സഞ്ചാരം. അധികാരത്തിന്റെ ഉച്ഛിഷ്ടങ്ങളല്ല, സാമൂഹ്യമാറ്റത്തിലേയ്‌ക്കുള്ള നാഴികക്കല്ലുകളാണ്‌ ഇടതുപക്ഷത്തെ പ്രചോദിപ്പിക്കേണ്ടത്‌. രാജ്യമെമ്പാടുമുള്ള അദ്ധ്വാനിച്ചു ജീവിക്കുന്ന ജനങ്ങള്‍ ആ വിശ്വാസമാണ്‌ ഇടതുപക്ഷ ശക്തികളില്‍ അര്‍പ്പിക്കുന്നത്‌. അവരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ സിപിഐ(എം)നും കൂട്ടര്‍ക്കും കര്‍ശനമായ തിരുത്തലുകള്‍തന്നെ വരുത്തേണ്ടിവരും.

 

Share this post

scroll to top