അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ വെറും മിഥ്യ

Dollar.jpg

High Quality map of Jammu and Kashmir is a state of India

Share

ജൂലൈയിൽ നടന്ന ബജറ്റ് അവതരണസമ്മേളനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്, രാജ്യത്തിന്റെ 2.8 ട്രില്യൺ ഡോളറിന്റെ നിലവിലെ സമ്പദ്‌വ്യവസ്ഥയെ, 2024ഓടെ അഞ്ച് ട്രില്യൺ ഡോളറിന്റെ തലത്തിലെത്തിക്കാൻ തന്റെ സർക്കാർ മാർഗരേഖ തയ്യാറാക്കിയിട്ടുണ്ടെന്നാണ്. ഒരു ട്രില്യൺ എന്നാൽ ഒരു ലക്ഷം കോടി. കഴിഞ്ഞ ഓഗസ്റ്റ് 15ന് 73-ാമത് സ്വാതന്ത്ര്യദിനത്തിൽ നരേന്ദ്ര മോദി ഇതേ പ്രസംഗം ആവർത്തിച്ചു.

കേക്കിന്റെ വലുപ്പം പ്രധാനമാണ്. കേക്കിന് വലിപ്പം കൂടുന്തോറും, കൂടുതൽ വലിയ കഷണങ്ങൾ ആളുകൾക്ക് ലഭിക്കും. അതിനാൽ ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കാനാണ് ഞങ്ങൾ ലക്ഷ്യമിട്ടിരിക്കുന്നത്. സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം കൂടുമ്പോൾ, അത് രാജ്യത്തിന് കൂടിയ അളവിൽ അഭിവൃദ്ധി കൊണ്ടുവരും, അദ്ദേഹം പറഞ്ഞു. ലക്ഷ്യമിട്ട ഈ അഭിലാഷത്തെ വിമർശിച്ചവർ’പ്രൊഫഷണൽ അശുഭാപ്തിവിശ്വാസികളും, സാധാരണക്കാരിൽനിന്ന് അകന്നുപോയവരും ആണെന്നുപറയാനും പ്രധാനമന്ത്രി അമാന്തിച്ചില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ അവകാശവാദത്തിന് മൂന്ന് വശങ്ങളുണ്ട്. ഒന്നാമതായി, പാഠപുസ്തക മാനദണ്ഡങ്ങൾ വച്ചുനോക്കിയാലും രാജ്യത്തെ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ പ്രകടനത്തിന് കൈവരിക്കാവുന്ന ലക്ഷ്യമാണോ ഇത്? രണ്ടാമതായി, മുതലാളിത്തത്തിൽ കേക്കിന്റെ വലുപ്പം എന്നത് ആളുകളെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള വസ്തുതയാണോ? അവസാനമായി, കേക്കിന്റെ വലുപ്പമാണോ അതോ കേക്ക് വിതരണം ചെയ്യുന്ന രീതിയാണോ സാമ്പത്തിക വളർച്ച എന്ന പദം യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത്?

ജിഡിപി വളർച്ചാനിരക്ക് കണക്കാക്കുന്നതിലുള്ള വിവാദം

ആദ്യത്തെ വിഷയത്തിൽ നമുക്ക് ആരംഭിക്കാം. എന്താണ് സാമ്പത്തിക വളർച്ച?
ജിഡിപി അഥവാ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ വർദ്ധനവ് എന്നാണ് ഇതിനർത്ഥം. ജിഡിപി എന്നാൽ, ഒരു രാജ്യത്തിനുള്ളിൽ നിർമ്മിക്കുന്ന എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും അളവ് എന്നാണ് അതിന്റെ പരമ്പരാഗത അർത്ഥത്തിൽ നിർവചിച്ചിരിക്കുന്നത്. പക്ഷേ ഇങ്ങനെ ലളിതവൽക്കരിച്ച ഒരു പ്രസ്താവന വഴിതെറ്റിക്കുന്നതാണെന്ന് മുതലാളിത്ത സാമ്പത്തികവിദഗ്ദ്ധർപോലും സമ്മതിക്കും. ജിഡിപിയെന്നത് വാസ്തവത്തിൽ സമ്പദ്ഘടനയിലെ ഒരു കൈയിൽനിന്നും മറ്റൊരു കൈയിലേക്കുള്ള പണത്തിന്റെ ചലനമാണെന്ന് (അതായത്, സാമ്പത്തിക പ്രവർത്തനം) അവർ ചൂണ്ടിക്കാട്ടും. അതുകൊണ്ട് അത് വലുപ്പം എന്നതിലുപരി അളവ് എന്ന നിലയിൽ കാണണം. 2024 ഓടെ അഞ്ച് ട്രില്യൺ ഡോളറിന്റെ സമ്പദ്ഘടനയായി മാറണമെങ്കിൽ, ഡോളർ കണക്കിൽ വർഷം 12 ശതമാനംവെച്ച് ഏകദേശ ജിഡിപി വളർച്ച ഉണ്ടാകേണ്ടതുണ്ട്. ഇതാണ് ശ്രദ്ധിക്കേണ്ട കാര്യം. ‘ഏകദേശ ജിഡിപി’ (ചീാശിമഹ ഏഉജ) എന്നത്, ഒരു രാജ്യത്ത് ഉത്പാദിപ്പിക്കുന്ന എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും ആകെ മൂല്യം നിലവിലെ കമ്പോളവിലയിൽ കണക്കാക്കുന്നതാണ്. അതേസമയം ‘യഥാർത്ഥ ജിഡിപി'(ഞലമഹ ഏഉജ) എന്നത് പണപ്പെരുപ്പവും പണച്ചുരുക്കവും കണക്കിലെടുത്തുള്ള ആകെ സാമ്പത്തികഫലത്തിന്റെ അളവാണ്.
യഥാർത്ഥ ജിഡിപി കണക്കിലെടുക്കുന്നില്ലെങ്കിൽ ഒരു രാജ്യം കൂടുതൽ ഉത്പാദിപ്പിക്കുന്നതായി തോന്നും. പക്ഷേ, വസ്തുതയെന്തെന്നാൽ വിലകളാണ്, ഉത്പാദനത്തിന്റെ വ്യാപ്തിയല്ല വർധിച്ചിട്ടുള്ളത്. ഒരു രാജ്യം ജിഡിപി വളർച്ചയുടെ തരം വ്യക്തമാക്കാത്തപ്പോൾ, അത് ഏകദേശ ജിഡിപിയാകാൻ സാധ്യതയുണ്ട്. ഏകദേശ ജിഡിപിയിൽ വിലയും വളർച്ചയും ഉൾപ്പെടുന്നു, അതേസമയം യഥാർത്ഥ ജിഡിപിയെന്നത് തികച്ചും വളർച്ചയാണ്. അടിസ്ഥാനവർഷത്തിൽനിന്നും വിലയ്ക്ക് മാറ്റം ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ അത് ഏകദേശ ജിഡിപിയായിരിക്കും. തത്ഫലമായി ഏകദേശ ജിഡിപി എപ്പോഴും ഉയർന്നുനിൽക്കും. 2019 ജനുവരി മുതൽ മാർച്ച് വരെയുള്ള ജിഡിപി വളർച്ച 5.8 ശതമാനമായി കുറഞ്ഞു. 2019 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ സാമ്പത്തിക പ്രവർത്തനങ്ങളുടെ കുറഞ്ഞ വേഗത നോക്കിയാൽ ജിഡിപി വളർച്ച ഈ കാലയളവിൽ കൂടുതൽ മന്ദഗതിയിലാകുമായിരുന്നുവെന്ന് പറയേണ്ടതാണ്. മാത്രമല്ല, ഇന്ത്യയുടെ ഏകദേശ ഡോളർ ജിഡിപി വളർച്ചാ നിരക്ക് 2017 ൽ 15.8 ശതമാനത്തിൽ നിന്ന് 2018 ൽ 2.4 ശതമാനമായി കുറഞ്ഞു. എന്തുകൊണ്ടാണ് അങ്ങനെ? കാരണം ഇന്ത്യയിലെ സാമ്പത്തികപ്രവർത്തനം മന്ദഗതിയിലാകുന്നു. ജിഡിപിയെ പണപ്പെരുപ്പവുമായി ബന്ധപ്പെടുത്തുകയാണെങ്കിൽ വളർച്ചയിലെ ഇടിവ് ഇതിലും കൂടുതലായിരിക്കും. കണക്കുകൾ ലഭ്യമായ അവസാന പാദത്തിൽ, ഇന്ത്യ 5.8% യഥാർത്ഥ വളർച്ച നേടി. 2019 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ സാമ്പത്തിക പ്രവർത്തനങ്ങൾ നോക്കുമ്പോൾ, ജിഡിപി വളർച്ച ഈ കാലയളവിൽ ഇതിലും മന്ദഗതിയിലായിരിക്കും എന്ന് നമുക്ക് ഉറപ്പിച്ചുപറയാം.
മോദി സർക്കാരിന്റെ മുൻ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് ഉൾപ്പെടെയുള്ള ഉന്നത സാമ്പത്തിക വിദഗ്ധർ പോലും ഡാറ്റയിൽ പിഴവുണ്ടെന്നും ഇന്ത്യയുടെ വളർച്ച അതിനേക്കാൾ കുറച്ചുകൂടി കുറവാകാമെന്നും ചൂണ്ടിക്കാട്ടി.

എന്തുകൊണ്ടാണ് അവർ അങ്ങനെ പറയുന്നത്? കാരണം, മോദി സർക്കാർ കൊണ്ടുവന്ന കുറച്ചധികം മാറ്റങ്ങൾക്കുശേഷം, ജിഡിപി കണക്കാക്കുന്ന രീതിതന്നെ കഴിഞ്ഞ 4-5 വർഷമായി വിവാദത്തിലാണ്. ഭരണാധികാരികൾ മുന്നോട്ടുവച്ച, ലഭ്യമായ എല്ലാ വസ്തുതകളും യുക്തിസഹമായ വീഴ്ചകളും കണക്കിലെടുത്തുകൊണ്ട്, 2015 ഓഗസ്റ്റ് 1 ലക്കം പ്രോലിറ്റേറിയൻ ഇറയിൽ, ഒരു വസ്തുത ഞങ്ങൾ ചൂണ്ടിക്കാണിച്ചു. കെട്ടിച്ചമച്ച സിദ്ധാന്തങ്ങളും സ്ഥിതിവിവരക്കണക്കുകളും ഉപയോഗിക്കുന്നതിലൂടെ, എങ്ങനെയെങ്കിലും ജിഡിപി കണക്കുകൾ ഊതിപ്പെരുപ്പിക്കാൻ നിയുക്തരായ ‘വളച്ചൊടിക്കൽ സംഘം’, 2013-14-ൽ പഴയ രീതി അനുസരിച്ച് 4.7 ശതമാനമായി കണക്കാക്കുന്ന ജിഡിപി 6.9 ശതമാനം വളർച്ച കൈവരിച്ചതായി ചിത്രീകരിച്ചു. 2014-15 സാമ്പത്തികവർഷത്തിൽ സമ്പദ്‌വ്യവസ്ഥ 7.4 ശതമാനം വളർച്ച കൈവരിച്ചതായും ഇത് സമ്പദ്‌വ്യവസ്ഥയുടെ വഴിത്തിരിവിനെ സൂചിപ്പിക്കുന്നതായും സ്ഥാപിച്ചു.
കൂടാതെ, മൊത്തവിലയെ അടിസ്ഥാനമാക്കി കണക്കാക്കിയിരുന്ന ജിഡിപി, ഇപ്പോൾ ഉപഭോക്താക്കൾ നൽകുന്ന കമ്പോള വിലകളെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. തുടർന്നുള്ള സംഭവവികാസങ്ങൾ ഞങ്ങളുടെ വിശകലനം ശരിയാണെന്ന് തെളിയിച്ചു. രാജ്യത്തിന്റെ സാമ്പത്തികനയങ്ങൾ നിർണ്ണയിക്കുന്നതിൽ കഴിഞ്ഞ ദിവസം വരെ പ്രധാന പദവികൾ വഹിച്ചിരുന്ന സാമ്പത്തിക വിദഗ്ദ്ധർ പോലും, ജിഡിപി കണക്കുകൂട്ടുന്ന രീതിയിൽവന്ന മാറ്റങ്ങൾമൂലം, വളർച്ചാ നിരക്ക് പ്രതിവർഷം ഏകദേശം 2.5% വരെ കൂടുതലായി കണക്കാക്കുന്നുവെന്ന് സംശയം പ്രകടിപ്പിച്ചു. ഔദ്യോഗിക കണക്കുകൾപ്രകാരം ഇത് 7% ആണെങ്കിലും, ‘യഥാർത്ഥ വളർച്ച’ 4.5% എന്നതിൽ കിടന്ന് ഇഴയുന്നതായി സങ്കൽപ്പിക്കുന്നു. അതിനാൽ, ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ കണക്കുകളുടെ വിശ്വാസ്യതയെക്കുറിച്ച് വ്യക്തമായ ആശങ്കകൾക്ക് വീണ്ടും തിരികൊളുത്തപ്പെട്ടിരിക്കുന്നു. വിവരശേഖരണം സംബന്ധിച്ച് സർക്കാർ ചോദ്യം ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. സ്ഥിതിവിവരക്കണക്ക് മന്ത്രാലയം നടത്തിയ പഠനത്തിൽ, 2016 ജൂണിൽ അവസാനിച്ച സാമ്പത്തികവർഷത്തിൽ, ഇന്ത്യയുടെ ജിഡിപി കണക്കാക്കാൻ ഉപയോഗിച്ച ഡാറ്റാബേസിൽ ഉൾപ്പെട്ട 36% കമ്പനികൾ കണ്ടെത്താനാകാത്തതോ, അല്ലെങ്കിൽ തെറ്റായി വർഗ്ഗീകരിക്കപ്പെട്ടതോ ആണ്. തങ്ങൾ വിവരങ്ങൾ ശേഖരിക്കുന്നതിലും ഉപയോഗിക്കുന്നതിലും പോരായ്മകളുണ്ടെന്ന് സർക്കാർതന്നെ സമ്മതിച്ചിട്ടുണ്ട്.

സമ്പദ്ഘടനയുടെ വളർച്ചയെ നിർണയിക്കുന്ന മറ്റ് ഘടകങ്ങൾ

2024-25 ഓടെ ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ രൂപരേഖയാക്കിക്കൊണ്ട്, സർക്കാരിന്റെ ഇപ്പോഴത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ, 2019-ലെ സാമ്പത്തിക സർവ്വേയുടെ അവതരണ വേളയിൽ, ഇന്ത്യക്ക് ലാഭം, നിക്ഷേപം, കയറ്റുമതി എന്നിവയുടെ ഒരു’വിശുദ്ധമായ ആവൃത്തിയിലൂടെ എട്ട് ശതമാനം യഥാർത്ഥ ജിഡിപി വളർച്ച നിലനിർത്തേണ്ടത് ആവശ്യമാണെന്ന് പറഞ്ഞിരുന്നു. സ്വകാര്യ ഉപഭോഗച്ചെലവ്, നിക്ഷേപം, സർക്കാർ ചെലവ്, അറ്റ കയറ്റുമതി (കയറ്റുമതിയിൽനിന്നും ഇറക്കുമതി കുറക്കുന്നത്) എന്നിവയുടെ ആകെത്തുകയെന്നതാണ് ജിഡിപി കണക്കാക്കുന്നതിനുള്ള ക്ലാസിക്കൽ ഫോർമുല.
നിക്ഷേപസാഹചര്യം
എന്താണ് നിക്ഷേപസാഹചര്യം? നിക്ഷേപത്തെക്കുറിച്ച് പറയുമ്പോൾ നമ്മൾ അർത്ഥമാക്കുന്നത്, വ്യവസായ ഉത്പന്നങ്ങളുടെയും അവശ്യ ഉപഭോഗവസ്തുക്കളുടെയും വർധിക്കുന്ന ആവശ്യകതയെ നേരിടാൻ ആവശ്യമായ ഉത്പാദനക്ഷമമായ നിക്ഷേപം എന്നാണ്. എല്ലാ മാധ്യമറിപ്പോർട്ടുകളും പഠനങ്ങളും വ്യക്തമായും വെളിവാക്കുന്നത് ഉത്പാദനപരമായ നിക്ഷേപം ശൂന്യമായിട്ടില്ലെങ്കിൽകൂടി, ചരിത്രപരമായി ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ്.
രാജ്യത്ത് 6.8 ലക്ഷം സ്ഥാപനങ്ങൾ അടഞ്ഞതായി 2019 ജൂലെ 1ന് സർക്കാർ പാർലമെന്റിൽ പ്രസ്താവിച്ചിരുന്നു. ഇത് രജിസ്റ്റർ ചെയ്ത മൊത്തം കമ്പനികളുടെ 36.07% ആണ്. അടിസ്ഥാന വർഷവും സമാഹരണ രീതിയും മാറ്റിയിട്ടും, വ്യാവസായിക ഉൽപാദന സൂചിക(കകജ) തുടർച്ചയായി കുറയുന്നു. കഴിഞ്ഞ മെയ് മാസത്തിലെ ഔദ്യോഗിക വിവരം പ്രകാരം, എല്ലാ മേഖലകളിലെയും, പ്രത്യേകിച്ചും ഉപഭോക്തൃ ഉത്പന്ന മേഖലയിലെ മാന്ദ്യത്തെത്തുടർന്ന്, ഇത് 3.1 ശതമാനമായി കുറഞ്ഞു. ജൂണിൽ ഇത് 2 ശതമാനമായി കുറഞ്ഞു. നാലുവർഷം മുമ്പ്, ജിഡിപിയുടെ 8.3 ശതമാനം വിലമതിക്കുന്ന പദ്ധതികൾ നിശ്ചലമായതായി 2015ലെ സാമ്പത്തിക സർവ്വേ അംഗീകരിക്കുന്നു. അതായത് വിപണിയില്ലാത്തതിനാൽ നിക്ഷേപം തടഞ്ഞുവെച്ചിരിക്കുന്നു. ഈ പദ്ധതികളിലേതെങ്കിലും ഇന്ന് വെളിച്ചം കണ്ടിട്ടുണ്ടോയെന്ന്, അതിനുശേഷം ഉണ്ടായ അഞ്ച് ബജറ്റുകളിലും (2019 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് ഉൾപ്പെടെ) പ്രധാനമന്ത്രിയോ ധനമന്ത്രിയോ ഇതുവരെയും അറിയിച്ചിട്ടില്ല.
നേരെമറിച്ച്, മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വിശകലനങ്ങൾ പറയുന്നതോ-ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും പാപ്പരായി തുടരുന്നതിലൂടെ അവരുടെ വാങ്ങൽശേഷി കുറയുന്നതുമൂലം, വേണ്ടത്ര ആവശ്യകതയുണ്ടാകാത്തത് സ്വകാര്യ നിക്ഷേപത്തെ ചുരുക്കുകയാണ്. അതിനാൽ വ്യാവസായിക ഉത്പന്നങ്ങൾക്ക് ഫലത്തിൽ വിപണിയില്ല. കൂടാതെ, ബാങ്ക് പലിശനിരക്കുകൾ പലതവണ കുറച്ചിട്ടും, വ്യവസായമേഖല ബാങ്കുകളിൽനിന്നും പുതിയ വായ്പയെടുക്കൽ നടത്തുന്നില്ല. കഴിഞ്ഞ ഓഗസ്റ്റ് 18 ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ പറഞ്ഞത്, വായ്പ ആവശ്യകത (ബാങ്ക് വായ്പകൾ എടുക്കുന്നതിന്റെ അളവ്) കുറഞ്ഞുതന്നെ തുടരുകയാണെന്നാണ്. ഇന്ത്യയിലെ ആഭ്യന്തര സ്വകാര്യ നിക്ഷേപകർ 2011-12 മുതൽതന്നെ ഭീതിയിലാണ് എന്നും മാധ്യമറിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. കാരണം ഇന്ത്യയിലെ ഉപഭോക്തൃ ആവശ്യകത ബഹുജനകേന്ദ്രീകൃതമല്ല. ചെലവിന്റെ സിംഹഭാഗവും സമ്പന്നരുടെ ഒരു ചെറിയ വിഭാഗത്തിൽ നിന്നാണ്. അതിനാൽതന്നെ വ്യാപ്തിയുള്ള സമ്പദ്‌വ്യവസ്ഥയിൽനിന്ന് നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്ന വ്യവസായങ്ങൾക്ക് പ്രയോജനകരവുമല്ല. അതിനാൽ, ഏറെ കൊട്ടിഘോഷിച്ച ‘മെയ്ക്ക് ഇൻ ഇന്ത്യ’ മുദ്രാവാക്യത്തെക്കുറിച്ച് സർക്കാർ മനഃപൂർവ്വമായ നിശബ്ദത പാലിക്കുന്നു. ഈ പദ്ധതി ഒരു വൻപരാജയമാണെന്ന വസ്തുതക്ക് വിശ്വാസ്യത നൽകാൻ ഇത് പ്രേരിപ്പിക്കുന്നു. മാന്ദ്യവും നഷ്ടവും ചൂണ്ടിക്കാണിക്കുന്ന വ്യാവസായിക സ്ഥാപനങ്ങളുടെ നിഷ്‌ക്രിയ ആസ്തികളുടെ(എൻപിഎ അഥവാ തിരിച്ചടവ് മുടങ്ങിയ വായ്പകൾ) നിരന്തരമായ വർദ്ധനവ്, മന്ദഗതിയിലുള്ള ആവശ്യകതയുടെയും അതിന്റെ ഫലമായ ഉൽപാദന നിക്ഷേപത്തിന്റെ അഭാവത്തിന്റെയും മറ്റൊരു തെളിവാണ്. നിലവിൽ 14 ലക്ഷം കോടി കടന്നതായി കണക്കാക്കപ്പെടുന്ന എൻപിഎയുടെ മൂന്നിൽരണ്ട് ഭാഗത്തോളവും, വെറും 24 വൻകിട കമ്പനികളുമായിമാത്രം ബന്ധപ്പെട്ടിരിക്കുന്നു. സർക്കാർ പോലും ഉൽപാദനക്ഷമമായ നിക്ഷേപം നടത്തുന്നില്ല. 2019 ഏപ്രിൽമുതൽ ജൂൺവരെ പ്രഖ്യാപിച്ച പുതിയ പദ്ധതികളുടെ മൂല്യം വർഷാവർഷം 79.5 ശതമാനംവെച്ച് കുറഞ്ഞിരിക്കുന്നു. വിരോധാഭാസമെന്നുപറയട്ടെ, അടിസ്ഥാന സൗകര്യവികസനത്തിന് ധനസഹായം നൽകുന്നതിനുള്ള മൂലധനച്ചെലവിന് സർക്കാർ വളരെയധികം പ്രാധാന്യം നൽകുന്നുവെന്ന് മേനി നടിക്കുന്നുണ്ടെങ്കിലും, അതിനുള്ള വിഹിതം കഴിഞ്ഞ ബജറ്റിൽ കുറച്ചിരുന്നു. 2018-19 ലെ 9.2 ലക്ഷം കോടി രൂപയിൽനിന്ന് നടപ്പ് സാമ്പത്തിക വർഷത്തിൽ ഏകദേശ കണക്കിൽ ഇത് 8.7 ലക്ഷം കോടി രൂപയായി കുറച്ചിരിക്കുന്നു. ഒരുപക്ഷേ ഇക്കാരണത്താലാവാം, കഴിഞ്ഞ ബജറ്റിൽ എന്തെങ്കിലും വ്യാവസായിക നയത്തെകുറിച്ച് പരാമർശിക്കുന്നത് സർക്കാർ ഒഴിവാക്കി. ഉൽപാദനപരമായ നിക്ഷേപമൊന്നും നടന്നിട്ടില്ലെന്ന് ഈ വസ്തുതകളെല്ലാം വ്യക്തമാക്കുന്നു.

ഉപഭോഗനില

അടുത്തത് ഉപഭോഗച്ചെലവാണ്. അതും സാധാരണക്കാരുടെ വാങ്ങൽശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉപഭോഗത്തെ വ്യത്യസ്ത രീതികളിൽ അളക്കുന്ന എല്ലാ ഘടകങ്ങളിലും ഫലത്തിൽ ഒരു സങ്കോചമുണ്ട്. നിർമിത ഉരുക്കിന്റെ ഉപഭോഗം 2019 ഏപ്രിൽ മുതൽ ജൂൺ വരെ 6.6% വർദ്ധിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിൽ ഇത് 8.8% വളർച്ചയായിരുന്നു. രണ്ട് വർഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വളർച്ച. അതിവേഗം ചെലവാകുന്ന ഉപഭോക്തൃവസ്തുക്കളുടെ(എഫ്എംസിജി) കമ്പനികളുടെ വിൽപനവ്യാപ്തി വളർച്ച അല്ലെങ്കിൽ വിറ്റ എണ്ണം കഴിഞ്ഞ ഒരു വർഷമായി മന്ദഗതിയിലായി. ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിലേക്ക് നോക്കുകയാണെങ്കിൽ, 2019 ഏപ്രിൽമുതൽ ജൂൺവരെയുള്ള കാലയളവിൽ വിൽപനവ്യാപ്തി വളർച്ച 5% ആയിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 12% ആയിരുന്നു. 2019 ഏപ്രിൽ, ജൂൺ മാസങ്ങളിൽ ഡാബർ ഇന്ത്യ 6 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇത് 21 ശതമാനമായിരുന്നു. 13 ശതമാനത്തിൽനിന്ന് ബ്രിട്ടാനിയ കഴിഞ്ഞ വർഷം 6 ശതമാനമായി കുറഞ്ഞു. ഇത് എന്താണ് കാണിക്കുന്നത്? ദിവസം ഒരു നേരത്തെ ഭക്ഷണംപോലും കിട്ടാത്ത ദരിദ്രർ മാത്രമല്ല, താരതമ്യേന മെച്ചപ്പെട്ട മധ്യവർഗക്കാർപോലും ദൈനംദിന വാങ്ങലുകൾ നടത്തുന്നതിൽ കുറവ് വരുത്തിയിരിക്കുന്നുവെന്ന് ഇത് കാണിക്കുന്നു. വരുമാനം കുറയുന്നതോടൊപ്പം, മുതലാളിത്തത്തിന്റെ പൊതുനിയമങ്ങൾ പാലിച്ചുള്ളതുകൂടാതെ, പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, മൂലധനവിപണിയിൽ വിളവിലകൾക്കുമേൽ നടത്തുന്ന വ്യാപകമായ ഊഹക്കച്ചവടങ്ങൾ എന്നിവയിലൂടെയും വിലകൾ ഉയരുകയാണ്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അഞ്ചിൽ മൂന്ന് ഭാഗവും വരുന്ന ഉപഭോഗം വളരെ വ്യക്തമായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ, മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യം സംഭവിക്കും. ബാങ്കുകളിൽനിന്ന് ഉപഭോക്തൃവായ്പ ലഭിക്കുന്നതിനുള്ള നിയമങ്ങൾ ഉദാരവൽക്കരിക്കുന്നതിലൂടെ ആവശ്യകതയെ കൃത്രിമമായി ഉത്തേജിപ്പിക്കാനുള്ള തീവ്രമായ ശ്രമംപോലും നിരർത്ഥകമാണ്. രസകരമായ കാര്യം, കഴിഞ്ഞ ബജറ്റിനെക്കുറിച്ചുള്ള തന്റെ നിരീക്ഷണത്തിൽ, മറ്റുപല കാര്യങ്ങളുമെന്നപോലെ പ്രതിശീർഷ വരുമാനം ഉയരുന്നതിലൂടെയും സമ്പദ്‌വ്യവസ്ഥ വികസിക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. എന്താണ് പ്രതിശീർഷവരുമാനം? ജനങ്ങളുടെ മൊത്തം വരുമാനത്തെ ജനസംഖ്യകൊണ്ട് ഹരിക്കുന്നത്. പ്രതിശീർഷ വരുമാനത്തിലുണ്ടാകുന്ന വർധന, വിപണിയിലെ ആവശ്യകത കുറയുന്നതിന് പരിഹാരമാണോ? ഇന്ത്യയിൽ, 1% വരുന്ന അതിസമ്പന്നരാണ് 73% സ്വത്തിന്റെയും ഉടമസ്ഥർ. കലോറി ഉപഭോഗത്തിന്റെ കാര്യത്തിൽ (അതായത് വരുമാനത്തിന്റെ നിലവാരത്തെ ആശ്രയിച്ചിരിക്കുന്ന മിനിമം ഭക്ഷണം) 67% ഇന്ത്യക്കാരും ദരിദ്രരാണ്. പ്രതിദിനം 230 ദശലക്ഷം (23 കോടി) ആളുകൾ വിശന്നിരിക്കുന്നു. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ആഘാതം സഹിക്കാൻ കഴിയാതെ, ഏകദേശം 5 കർഷകരും തൊഴിലാളികളുമാണ് ഓരോ മണിക്കൂറിലും ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നത്. നേരെമറിച്ച്, ഏറ്റവും ധനികനായ ഇന്ത്യക്കാരൻ, മുകേഷ് അംബാനി, ഒരു ദിവസം 300 കോടി രൂപ സമ്പാദിക്കുന്നു. അപ്പോൾ പ്രതിശീർഷ വരുമാനമെന്നത് യാഥാർത്ഥ്യത്തെ വളച്ചൊടിക്കുന്ന അർത്ഥമില്ലാത്ത ഒരു സ്ഥിതിവിവരക്കണക്കല്ലേ? ഒരു സാധാരണ ഇന്ത്യക്കാരൻ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 5 ട്രില്യൺ ഡോളറിലെത്തുമെന്ന വസ്തുതയെക്കുറിച്ച് പ്രതീക്ഷപുലർത്തുമോ അതോ അയാളുടെയും കുടുംബത്തിന്റെയും ജീവിതസാധ്യതകളിൽ പ്രാധാന്യമുള്ള, അയാളുടെ രൂപയുടെ അടിസ്ഥാനത്തിലുള്ള വാങ്ങൽശേഷി എന്തായിരിക്കുമെന്ന് ചോദിക്കുമോ?
കഷ്ടിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻപോലും ആളുകൾക്ക് പണമില്ലെങ്കിൽ, മുതലാളിത്ത സാമ്പത്തികവിദഗ്ദ്ധർ പറയുന്നതുപോലെ, മൂലധന രൂപീകരണത്തിന് ആവശ്യമായ ഗാർഹിക സമ്പാദ്യം എന്തെങ്കിലും ഉണ്ടാകുമോ?
മതിയായ വേതനം നൽകുന്ന തൊഴിലിലൂടെ മതിയായ വരുമാനം ഉണ്ടാക്കുക എന്നതും

ഉപഭോഗച്ചെലവ് എന്ന വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ എന്താണ് സാഹചര്യം? നടപ്പുവർഷത്തിൽ തൊഴിൽനിരക്ക് 45 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടുണ്ടെന്ന് ഇതിനകംതന്നെ വെളിപ്പെട്ടിട്ടുണ്ട്. അഞ്ച് വർഷം മുമ്പ് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി തൊഴിലില്ലാത്തവരുടെ എണ്ണം 67 കോടി ആണെന്ന് പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണ് ഇപ്പോഴുള്ളത്. തൊഴിലില്ലാത്തവരുടെ എണ്ണം എത്രയാണെന്ന് ഇന്ന് എളുപ്പത്തിൽ മനസിലാക്കാൻ കഴിയും. തൊഴിലില്ലായ്മയുടെ വ്യാപ്തി അളക്കാൻ ചില വസ്തുതകൾ പരിശോധിച്ചാൽമതി. യുപിയിലെ 368 പ്യൂൺ തസ്തികകളിലേക്ക് ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും ഡോക്ടറേറ്റുള്ളവരും അടക്കം 23 ലക്ഷംപേർ അപേക്ഷിച്ചു. റാങ്ക് ജേതാക്കളായ എഞ്ചിനീയർമാരും എംബിഎക്കാരും ഉൾപ്പെടെ 4,600 പേർ തമിഴ്‌നാട് നിയമസഭയിൽ 14 തൂപ്പുകാരുടെ ജോലിക്കും, പശ്ചിമ ബംഗാളിൽ 6,000 ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് 25 ലക്ഷംപേരും അപേക്ഷ നൽകി. തൊഴിലില്ലായ്മ മാത്രമല്ല, തൊഴിൽനഷ്ടവും ഭയാനകമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2016നും 2018നും ഇടയിൽ കുറഞ്ഞത് അഞ്ച് ദശലക്ഷം ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെട്ടതായി ഒരു സർവ്വേ പറയുന്നു. സർക്കാർ നടത്തുന്ന ബിഎസ്എൻഎൽ 54,000 ജീവനക്കാരെയും 30 ശതമാനം കരാർ തൊഴിലാളികളെയും പിരിച്ചുവിടാൻ തയ്യാറെടുക്കുന്നു. രാജ്യമൊട്ടാകെയുള്ള വാഹന ഡീലർഷിപ്പുകളിലായി രണ്ട് ലക്ഷത്തോളം ജോലികൾ വെട്ടിക്കുറച്ചു. ഇന്ത്യയിലെ വാഹന പാർട്‌സ് വ്യവസായം 10 ലക്ഷം തൊഴിലാളികളെ കുറയ്ക്കാൻ ആലോചിക്കുന്നു. 3 ലക്ഷം ജോലികൾ വെട്ടിക്കുറയ്ക്കുന്ന കാര്യം റെയിൽവേ പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. തുണിമില്ലുകളിലും പിരിച്ചുവിടൽ ഭീതി നിലനിൽക്കുന്നു. അതിനാൽ, ഇന്ത്യൻ ഭരണാധികാരികൾ ആഘോഷിക്കുന്നത് ഒരു ‘തൊഴിൽരഹിത വളർച്ച’ മാത്രമല്ല, ‘തൊഴിൽനഷ്ട വളർച്ച’ കൂടിയാണ്. ദിനംപ്രതി, തൊഴിലില്ലാത്ത ആയിരക്കണക്കിന് ഗ്രാമീണ ദരിദ്രർ, കൂടുതലും കർഷക കുടുംബങ്ങളിൽ നിന്നുളളവർ, തൊഴിൽ തേടി പട്ടണങ്ങളിലേക്ക് കുടിയേറുന്നു. റിസർവ് ബാങ്കിന്റെ മുൻ ഗവർണറായിരുന്ന രഘുറാം രാജൻപോലും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് കണക്കിലെടുത്ത് ജിഡിപിയുടെ വളർച്ചാപാതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. തൊഴിൽ സാഹചര്യം ഇങ്ങനെയാണെങ്കിൽ, ആരാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ 5 ട്രില്യൺ ഡോളറിലേക്ക് നയിക്കുക, എന്തിനു വേണ്ടിയാണ് അത്? സ്ഥിരമായ ലാഭകരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരിന് എന്തെങ്കിലും മൂർത്തപദ്ധതിയുണ്ടോ എന്ന് ആർക്കും അറിയില്ല. അങ്ങനെയാണെങ്കിൽ എങ്ങനെ? പൊള്ളയായ അവകാശവാദങ്ങളും തൊഴിൽസൃഷ്ടിയുടെ വിചിത്രമായ അനുമാനങ്ങളും ഒന്നിനും ഉത്തരമാകില്ല.

സർക്കാർ ചെലവ്

നിക്ഷേപത്തിനും ഉപഭോഗത്തിനുംശേഷം ജിഡിപിയുടെ മൂന്നാമത്തെ ഘടകം സർക്കാർ ചെലവാണ്. 2018-19-ലെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ 13.4% കൂടുതലാണ് 2019-20 ലെ ബജറ്റ് എസ്റ്റിമേറ്റ്. എന്നാൽ, സൂക്ഷ്മപരിശോധനയിൽ കഴിഞ്ഞ വർഷത്തെ മൊത്തം ചെലവ്, പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ 13.4 ശതമാനംവരെ കുറവാണെന്ന് വെളിപ്പെടുന്നു. മാധ്യമങ്ങളിൽവന്ന, ഒരു പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞന്റെ കണക്കുകൂട്ടലിൽ, മൂലധനച്ചെലവ് വർദ്ധിപ്പിച്ച് ഡിമാന്റ് വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് വിരുദ്ധമായി, ബജറ്റിൽ 9,29,000 കോടി രൂപയിൽനിന്ന് 8,76,000 കോടി രൂപയായി അത് കുറച്ചിട്ടുണ്ട്. (അരുൺ കുമാർ – ദി വയർ, 2019 ജൂലൈ 5)

ആകെ കയറ്റുമതി അഥവാ വർധിക്കുന്ന വ്യാപാരക്കമ്മി

അവസാനമായി അറ്റ കയറ്റുമതിയെക്കുറിച്ച്(അതായത് ഇറക്കുമതിയെക്കാൾ അധികമുള്ള കയറ്റുമതി). ഇന്ത്യയുടെ വ്യാപാരക്കമ്മി (ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം) 2018-19ൽ ഉയർന്ന റെക്കോർഡ് മൂല്യമായ 176 ബില്യൺ ഡോളറിലെത്തി. 2019 ജൂലൈയിൽ ഈ കമ്മി 13.43 ബില്യൺ യുഎസ് ഡോളറായിരുന്നു (9,40,000 കോടി രൂപ). വാസ്തവത്തിൽ, രൂപയുടെ മൂല്യത്തിൽ നിരന്തരമായ ഇടിവ് ഉണ്ടായിരുന്നിട്ടും ഇരുപത്തഞ്ചോളം പ്രധാന രാജ്യങ്ങളുമായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയുടെ വ്യാപാരക്കമ്മി വർദ്ധിച്ചു (കറൻസിയുടെ ഇടിവ് സാധാരണയായി കയറ്റുമതിയെ ഉയർത്താറുണ്ട്, കാരണം, ആഭ്യന്തര ചരക്കുകൾക്ക് വിദേശ കറൻസിയിൽ വിലകുറയുന്നതിനാൽ, ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് കൂടുതൽ ചരക്കുകൾ രൂപയുടെ മൂല്യത്തിൽ കണക്കാക്കിയാൽ വാങ്ങാൻ കഴിയുന്നു). പഴക്കം ചെന്ന കറന്റ് അക്കൗണ്ട് കമ്മി (വ്യാപാരക്കമ്മി) പോലുള്ള ദുർബലമായ സാമ്പത്തിക അടിത്തറയെ സൂചിപ്പിക്കുന്ന, ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കറൻസിയാണ് രൂപ. അപ്പോൾ സമീപഭാവിയിൽ അറ്റ കയറ്റുമതി സ്വപ്‌നം കാണുന്നത് ഒരു വന്യമായ സ്വപ്‌നമല്ലേ? 2011-ന് ശേഷം നിക്ഷേപത്തിലുള്ള ശരാശരി വളർച്ച മൂന്ന് ശതമാനത്തിൽനിന്ന് 2% ആയി ഇടിഞ്ഞു. വ്യവസായത്തിനുള്ള വായ്പകൾ യഥാർത്ഥത്തിൽ 1% ആയി ചുരുങ്ങി. കയറ്റുമതി മൂന്ന് ശതമാനമായി കുറഞ്ഞു, ഇറക്കുമതിയിൽ ഒരു ശതമാനത്തിൽതാഴെ കുറവുണ്ടായി. മൊത്തം വായ്പാവളർച്ച 3% ആയി കുറഞ്ഞു. എന്നിരുന്നാലും, ജിഡിപി ശരാശരി 7% വളർച്ച കൈവരിക്കുമെന്ന് നയനിർമാതാക്കൾ വീമ്പിളക്കുന്നു. ബൂർഷ്വാ സാമ്പത്തികശാസ്ത്രത്തിന്റെ അളവുകോലുകൾ വെച്ചുപോലും ഇതൊരു വിശ്വസനീയമായ അവകാശവാദമാണോ? പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളും സർവ്വേകളും സൂചിപ്പിക്കുന്നത്, ഇപ്പോൾ അനുഭവിക്കുന്ന മാന്ദ്യം സമ്പദ്‌വ്യവസ്ഥയെ ആഴത്തിൽ മുക്കാൻ ശേഷിയുള്ള സാമ്പത്തികമാന്ദ്യമല്ലാതെ മറ്റൊന്നുമല്ല എന്നാണ്.

അഞ്ച് ട്രില്യൺ ഡോളർ സമ്പദ്ഘടന നേടാനുള്ള അനിവാര്യതകൾ

ബൂർഷ്വാ സമ്പദ്‌വ്യവസ്ഥയുടെ നിർദ്ദേശങ്ങൾക്കനുസൃതമായിപ്പോലും, ലക്ഷ്യമിട്ട വളർച്ച കൈവരിക്കാൻ ആവശ്യമായ അനിവാര്യതകൾ നമുക്ക് പരിശോധിക്കാം. ഡോളർ കണക്കിൽ ജിഡിപി 100 ആണെന്ന് അനുമാനിക്കുക. നമ്മുടെ സമ്പദ്‌വ്യവസ്ഥ 8% വളർച്ച കൈവരിക്കണമെങ്കിൽ അടുത്ത വർഷം ജിഡിപി 108 ഡോളറായിരിക്കണം. പാഠപുസ്തകതത്വങ്ങൾ പിന്തുടരുന്ന പ്രൊഫഷണൽ സാമ്പത്തിക വിദഗ്ദ്ധരാകട്ടെ, ആ വളർച്ചാനിരക്ക് കൈവരിക്കാൻ 35 ഡോളർ പുതിയ നിക്ഷേപം ആവശ്യമാണെന്ന് കാണിച്ചിട്ടുണ്ട്. ഈ നിക്ഷേപത്തിന് ബാങ്കുകളിലെയും സർക്കാർ സെക്യൂരിറ്റികളിലെയും സമ്പാദ്യം ഉപയോഗിച്ചുള്ള ഫണ്ടിങ്ങ് ആവശ്യമെങ്കിൽ, അത്രത്തോളം അളവിൽ ഉപഭോഗം കുറയും. (കാരണം പണം സമ്പാദ്യത്തിനായി മാറ്റിവെച്ചാൽ ചെലവ് നടത്താനുള്ള തുക കുറയുന്നു) അതേസമയം തന്നെ 108 ഡോളർ വിലവരുന്ന സാധനങ്ങൾ വിൽക്കേണ്ടതുണ്ട്. ലക്ഷ്യമിട്ട 8% വളർച്ച അടുത്ത വർഷംകൊണ്ട് നേടാനായില്ലെങ്കിൽ, ആവശ്യമായ വളർച്ചാനിരക്ക് വീണ്ടും ഉയരും. പാഠപുസ്തക ബൂർഷ്വാ സാമ്പത്തികശാസ്ത്രത്തിന്റെ വീക്ഷണത്തിൽനിന്നുപോലും ഇത് ഒരു പ്രഹേളികയാണ്. തൊഴിലില്ലായ്മയുടെ വേഗത്തിലുള്ള വർധനയും ദ്രുതഗതിയിലുള്ള തൊഴിൽനഷ്ടവും കണക്കിലെടുക്കുമ്പോൾ, അഞ്ച് ട്രില്യൺ ഡോളർ ജിഡിപിയിലെത്തുക എന്ന സ്വപ്‌നം, ന്യായീകരണങ്ങൾകൊണ്ടും, ഉയർന്ന അവകാശവാദങ്ങൾകൊണ്ടും മാത്രം നേടിയെടുക്കാൻ സാധിക്കുമോ? രണ്ടാമതായി, ലക്ഷ്യംവെച്ച ജിഡിപി ഡോളർ കണക്കിലാകുമ്പോൾ, ഇത് സൂചിപ്പിക്കുന്നത് യഥാർത്ഥവളർച്ചയാണ്, ഏകദേശവളർച്ചയല്ല. 8% യഥാർത്ഥവളർച്ചയുടെ നിരക്കിനൊപ്പം പണപ്പെരുപ്പം കൂടിച്ചേരുമ്പോൾ, ഈ ലക്ഷ്യം കൈവരിക്കണമെങ്കിൽ, രൂപയുടെ മൂല്യം കുറയ്ക്കുകയും, ഏകദേശവളർച്ചയിലൂടെ ലക്ഷ്യം പൂർത്തീകരിക്കപ്പെടാതിരിക്കുകയും ചെയ്യും. ആ സാഹചര്യത്തിൽ, ആവശ്യമായ നിരക്ക് അഞ്ച് വർഷത്തിനിടെ ശരാശരി 11.5% ആയി ഉയരും. 2019 ജനുവരിമുതൽ മാർച്ച്‌വരെയുള്ള ജിഡിപി വളർച്ച 5.8 ശതമാനമായി കുറഞ്ഞു. നിലവിലെ 5.8 ശതമാനത്തിൽനിന്നും അഞ്ചുവർഷത്തിന്റെ അവസാനത്തിൽ 17% വളർച്ചയിലേക്ക് എത്തേണ്ടിവരും. 8% വളർച്ചാനിരക്കുപോലും ഇപ്പോൾ ബുദ്ധിമുട്ടായി കാണപ്പെടുമ്പോൾ, 17% വളർച്ചയെന്ന നേട്ടം അൽപമെങ്കിലും യാഥാർത്ഥ്യബോധമുള്ളതാണെന്ന് സങ്കല്പിക്കാനാകുമോ?

ആരാണ് സ്വത്ത് സൃഷ്ടിക്കുന്നവർ? ആരാണ് നേട്ടം കൊയ്യുന്നവർ?

വിവിധ സ്രോതസ്സുകളിൽനിന്ന് ശേഖരിച്ച എല്ലാ വസ്തുതകളും തെളിയിക്കുന്നതുപോലെ, അതിശയകരമായ വളർച്ചയെക്കുറിച്ചും, ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തികശക്തിയായി ഉയർന്നുവരാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സജ്ജമായിട്ടുണ്ടെന്നും കൂടുതൽ കൊട്ടിഘോഷിക്കപ്പെടുമ്പോൾ, ചുരുക്കം ചില അതിസമ്പന്നർ ഭീമാകാരമായ സമ്പത്ത് സമാഹരിക്കുന്നത് വർധിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
അതേസമയം സാധാരണക്കാരായ അധ്വാനിക്കുന്ന ജനങ്ങളുടെ ശോഷിച്ച അസ്ഥികൂടം കൂടുതൽ വെളിവാക്കപ്പെടുന്നു. നമ്മുടെ പ്രധാനമന്ത്രിക്ക് ഇത് നന്നായി അറിയാം. കൂടാതെ ചാന്ദ്രദൗത്യത്തിന്റെ കുതിപ്പോ, അല്ലെങ്കിൽ പാകിസ്ഥാനെ കുടുക്കുകളിൽ ഉൾപ്പെടുത്തുന്നതിൽ അഭിമാനിക്കുന്നതിലൂടെയോ ഈ നഗ്നയാഥാർത്ഥ്യത്തെ അടിച്ചമർത്തുന്നത് അസാധ്യമാണെന്നും അദ്ദേഹം കണ്ടെത്തുന്നു. അതിനാൽ, തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു: ‘സമ്പത്ത് സൃഷ്ടിക്കൽ ഒരു മികച്ച ദേശീയ സേവനമാണ്. സമ്പത്ത് സൃഷ്ടിക്കുന്നവരെ ഒരിക്കലും സംശയത്തോടെ കാണരുത്. സമ്പത്ത് സൃഷ്ടിക്കുമ്പോൾമാത്രമേ സമ്പത്ത് വിതരണം ചെയ്യപ്പെടുകയുള്ളൂ. സമ്പത്ത് സൃഷ്ടിക്കുന്നവർ ഇന്ത്യയുടെ സമ്പത്താണ്, ഞങ്ങൾ അവരെ ബഹുമാനിക്കുന്നു.’ അതെ, സമ്പത്ത് സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. ‘സമ്പത്ത് സ്രഷ്ടാക്കൾ’ എന്നതുകൊണ്ട് ആരെയാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചത്? മികച്ച ധനസമ്പാദനം നടത്തുകയും, പൊതുഫണ്ട് തട്ടിയെടുത്ത് രാജ്യത്തുനിന്നും പലായനം ചെയ്യുകയും, രാജ്യത്തിന്റെ സമ്പത്തിന്റെ സിംഹഭാഗവും സ്വന്തം കൈകളിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്ന വമ്പൻ കുത്തകകളെയല്ലേ? എന്ത് യുക്തി കൊണ്ടാണെങ്കിലും അവരുടെ സ്വകാര്യസ്വത്തിനെ രാജ്യത്തിന്റെ സമ്പത്ത് എന്ന് വിളിക്കാൻ സാധിക്കുമോ? ‘അതിശയകരമായ’ സാമ്പത്തികവളർച്ചയുടെ വീമ്പിളക്കൽ എപ്പോൾ കൂടുന്നുവോ, അപ്പോൾ ധനികർ കൂടുതൽ ധനികരും ദരിദ്രർ കൂടുതൽ ദരിദ്രരും ആയിത്തീരുന്നുവെന്ന് ഞങ്ങൾ ഇതിനകം ചൂണ്ടിക്കാണിച്ചു. പ്രോലിറ്റേറിയൻ ഇറയിൽ ഞങ്ങൾ പല തവണ പരാമർശിച്ചതാണ്, സൃഷ്ടിച്ച സമ്പത്തിന്റെ ആകെത്തുകയാണ് ജിഡിപി പ്രതിഫലിപ്പിക്കുന്നത് അല്ലാതെ അവയുടെ വിതരണ രീതിയല്ല. അതിനാൽ ജിഡിപി വളർച്ച യഥാർത്ഥ സാമ്പത്തിക വളർച്ചയുടെ സൂചകമല്ല. വർദ്ധിച്ചുവരുന്ന വരുമാനത്തിനൊപ്പം ജനങ്ങളുടെ പൊതുവായ ജീവിതനിലവാരം മെച്ചപ്പെടുന്നതായി കാണപ്പെടുമ്പോൾ യഥാർത്ഥ സാമ്പത്തികവളർച്ച തെളിയിക്കപ്പെടുന്നു. അപ്പോൾ ഭക്ഷണം-വസ്ത്രം-പാർപ്പിടം ഉൾപ്പെടെയുള്ള ഉപയോഗയോഗ്യമായ വസ്തുക്കൾ താങ്ങാവുന്ന വിലയ്ക്ക് സ്വന്തമാക്കാനുള്ള ശേഷിയും, ആരോഗ്യ പരിപാലനവും ശരിയായ വിദ്യാഭ്യാസവും അതുപോലുള്ള മറ്റ് ജീവിത ആവശ്യങ്ങളും എളുപ്പത്തിൽ കരഗതമാകാനും സാധിക്കുന്നു. മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ നിയമത്തിൽതന്നെ ഉൾച്ചേർന്നിരിക്കുന്ന സാമ്പത്തിക അസമത്വം ഉൾപ്പെടെയുള്ള അസമത്വത്തെ അടിസ്ഥാനമാക്കിയാണ് മുതലാളിത്തം പ്രവർത്തിക്കുന്നതെന്ന് മാർക്‌സിസ്റ്റുകൾ എന്ന നിലയിൽ നമുക്കറിയാം.
അതിനാൽ, സമ്പത്ത് സൃഷ്ടിക്കുന്നത് സ്വാഭാവികമായും അതിന്റെ വിതരണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറയുമ്പോൾ, ഖേദപൂർവം ഞങ്ങൾ പറയട്ടെ, അദ്ദേഹം രാജ്യത്തെ വഴിതെറ്റിക്കുന്നു. കോർപ്പറേറ്റ് നികുതി 25% കുറയ്ക്കാനുള്ള തീരുമാനത്തെയും, തൊഴിലെടുക്കാൻ കൂടുതൽ ആനുകൂല്യങ്ങൾ നൽകുമെന്നും അതാണ് സമ്പദ്ഘടനയെ വളർത്താനുള്ള ഏറ്റവും നല്ല വഴിയെന്നുമുള്ള ന്യായീകരണത്തോടെയുള്ള സർക്കാർ ചെലവിനെയും, ന്യായീകരിക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1980കളിൽ ഉയർത്തിക്കാട്ടിയ ‘അരിച്ചിറങ്ങൽ സാമ്പത്തികശാസ്ത്ര’ത്തോടുള്ള(ഠൃശരസഹല ഉീംി ഋരീിീാശര)െ തന്റെ അനുഭാവം പ്രകടിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. ലളിതമായി പറഞ്ഞാൽ, മേൽതട്ടിൽ വലിയ സ്വത്ത് ശേഖരിക്കപ്പെടുകയാണെങ്കിൽ, അതിൽ കുറച്ച് ദരിദ്രരിലേക്കും തൊഴിലാളിവർഗത്തിലേക്കും അരിച്ചിറങ്ങുമത്രെ. എന്നാൽ എന്ത് സംഭവിച്ചു? 1981ലും 1982ലും യുഎസിൽ ഈ പറയുന്ന അരിച്ചിറങ്ങൽ സാമ്പത്തികശാസ്ത്രം കടുത്ത സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചു. പാശ്ചാത്യ ലോകത്തെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞർപോലും ഈ സിദ്ധാന്തത്തെ ശുദ്ധ അസംബന്ധം എന്ന് തള്ളിക്കളഞ്ഞിട്ടുണ്ട്. യുഎസിൽ ഈ സൂത്രവാക്യം പ്രയോഗിക്കുമ്പോഴെല്ലാം, കമ്മി പെരുകുന്നു. സമ്പന്നരായ ആളുകൾ അവരുടെ സ്വത്ത് മുകളിൽ തന്നെ പൂഴ്ത്തിവെക്കുന്നു, ശരാശരി അമേരിക്കക്കാർ കഷ്ടപ്പെടുന്നു.

നമ്മുടെ രാജ്യത്തെ ഇപ്പോഴത്തെ കേന്ദ്രസർക്കാരും ആ വഴിയിലൂടെ സഞ്ചരിക്കുന്നു. കഴിഞ്ഞ ബജറ്റിൽ 400 കോടി രൂപവരെ വിറ്റുവരവുള്ള കോർപ്പറേറ്റുകളുടെ നികുതി 30 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറച്ചിട്ടുണ്ട്. ഇപ്പോൾ കോർപ്പറേറ്റ് നികുതി വീണ്ടും വെട്ടിച്ചുരുക്കിയിരിക്കുന്നു. അതിസമ്പന്നരെയും കോർപ്പറേറ്റ് ഭീമന്മാരെയുമാണ് പ്രധാനമന്ത്രി ‘സമ്പത്ത് സ്രഷ്ടാക്കൾ’ എന്ന് മുദ്രകുത്തിയതെന്ന് ഇത് വീണ്ടും സ്ഥിരീകരിക്കുന്നു. ആകസ്മികമായി, 2003-04 നും 2016-17 നും ഇടയിൽ, 50 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകളും സൗജന്യങ്ങളുമാണ് വ്യവസായ സ്ഥാപനങ്ങൾക്കും കോർപ്പറേറ്റ് മേഖലയ്ക്കും അനുവദിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഓരോ മണിക്കൂറിലും സർക്കാർ 7 കോടി രൂപ കോർപ്പറേറ്റ് നികുതി എഴുതിത്തള്ളുകയും ദൈനംദിനം ഈ ഇനത്തിൽ 168 കോടി രൂപ ഒഴിവാക്കുകയും ചെയ്യുന്നു. എന്നിട്ടും, വ്യവസായ ലോബികൾ കൂടുതൽ സാമ്പത്തിക പാക്കേജുകൾ ആവശ്യപ്പെടുന്നു. എന്നാൽ, ദാരിദ്ര്യത്താൽ ദുരിതമനുഭവിക്കുന്ന അധ്വാനിക്കുന്ന ആളുകൾക്ക് എന്തെങ്കിലും ആശ്വാസം നൽകാമോയെന്ന് ചോദിച്ചാൽ, ഫണ്ട് ക്ഷാമത്തെകുറിച്ചുള്ള മുറവിളി ഒരു സ്ഥിരം പല്ലവിയായി ഉയർന്നു വരും. കഴിഞ്ഞ ദിവസം, ദേശീയ തൊഴിൽ മിനിമം വേതനത്തിൽ പ്രതിദിനം 176 രൂപയിൽനിന്ന് 178 രൂപയായി, 2 രൂപയുടെ വർദ്ധനവ് പ്രഖ്യാപിച്ചപ്പോൾ ഭരണസംവിധാനത്തിന്റെ സ്വേച്ഛാധികാരത്തിന്റെ നല്ലൊരുപ്രകടനം സർക്കാർ നമുക്ക് കാണിച്ചുതന്നു. തൊഴിൽ മന്ത്രാലയത്തിലെ ആഭ്യന്തരസമിതി പ്രതിദിനം 2,400 കലോറി എന്ന മിനിമം ഉപഭോഗത്തെ ആധാരമാക്കി 375 രൂപയുടെ ഉയർന്നതുക ശുപാർശ ചെയ്തിട്ടും അത് നിഷ്ഫലമായി. അതുമാത്രമല്ല. മണിപ്പൂരിലെ സ്‌കൂൾ അദ്ധ്യാപകരുടെ ശമ്പള സ്‌കെയിൽ 9,300 രൂപയിൽനിന്ന് 5,200 രൂപയായി കുറച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്കുള്ള വിഹിതം 61,084 കോടിയിൽനിന്ന് 60,000 കോടി രൂപയായി ബജറ്റ് കുറച്ചിട്ടുണ്ട്. സ്വതന്ത്രപ്രവർത്തകരും ഗവേഷകരും പദ്ധതിയിൽ പ്രവർത്തിക്കുന്ന സംഘടനകളും 88,000 കോടി രൂപയിൽ താഴെയുള്ള ഒന്നുകൊണ്ടും പദ്ധതി ശരിയായി പ്രവർത്തിക്കില്ലെന്ന് യുക്തിസഹമായി ആവർത്തിച്ചു വാദിക്കുന്നു. ഈ പദ്ധതി പ്രകാരം 13 കോടി തൊഴിൽ കാർഡ് ഉടമകൾക്ക് 100 ദിവസത്തേക്ക് ഉറപ്പുനൽകുന്ന ജോലിപോലും സർക്കാർ നിഷേധിക്കുന്നു. തീർച്ചയായും അവിശ്വസനീയം തന്നെ!

അടിച്ചമർത്തുന്ന യാഥാർത്ഥ്യം

എന്നാൽ സമ്പത്ത് സൃഷ്ടിക്കുന്നത് തൊഴിലാളികളാണെന്നും, ഉൽപാദന മാർഗ്ഗങ്ങളുടെ ഉടമകളായ മുതലാളിമാർ തൊഴിലാളികളുടെ അധ്വാനമിച്ചത്തെ തങ്ങളുടെ പണസഞ്ചി നിറയ്ക്കാൻ കൈയടക്കുന്നു എന്നതുമാണ് വസ്തുത. രാഷ്ട്രീയ സാമ്പത്തികശാസ്ത്രത്തിന്റെ ശാസ്ത്രീയ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ആഴത്തിലുള്ള വിശകലനം വെളിപ്പെടുത്തുന്നത്, മൂലധനംപോലും തൊഴിലാളികളിൽനിന്നും തട്ടിയെടുത്ത തൊഴിൽ ശക്തിയല്ലാതെ മറ്റൊന്നുമല്ല എന്നാണ്. സമ്പത്തിന്റെ യഥാർത്ഥ സ്രഷ്ടാക്കളായ തൊഴിലാളികളെയും കൃഷിക്കാരെയും കൊള്ളയടിക്കുന്നവരെയും ചൂഷണം ചെയ്യുന്നവരെയും ബഹുമാനിക്കാൻ നമ്മുടെ സർക്കാർ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കാബിനറ്റ് സഹപ്രവർത്തകരും സർക്കാരും, മുതലാളിത്തഭരണകൂടത്തിന് വിധേയരായ സാമ്പത്തിക വിദഗ്ധരും കോളമിസ്റ്റുകളും കൗശലത്തോടെ മറയ്ക്കാൻ ശ്രമിക്കുന്നത്, മുതലാളിത്ത സാമ്പത്തിക നിയമത്തിൽ, മുഴുവൻ ഉൽപാദന വ്യവസ്ഥയും മൂലധനത്തിന്റെയോ മുതലാളിമാരുടെയോ താൽപ്പര്യത്തിന്റെ കാഴ്ചപ്പാടിൽനിന്നാണ് പ്രവർത്തിക്കുന്നത് എന്നതാണ്.
ലാഭം പരമാവധിയാക്കുക, സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാതിരിക്കുക എന്നിവയാണ് ഉൽപാദനത്തിന്റെ ലക്ഷ്യം. ഉൽപാദന മാർഗ്ഗങ്ങളുടെ (വ്യവസായം അല്ലെങ്കിൽ ഭൂമി) ഏതാനും ഉടമസ്ഥരുടെ കൈകളിലാണ് ഈ പരമാവധിലാഭം ചെന്നെത്തുന്നത്. ഇതാകട്ടെ, അധ്വാനിക്കുന്ന ജനങ്ങളെ നിഷ്‌കരുണം ചൂഷണം ചെയ്യുന്നതിലൂടെയും അവരുടെ ന്യായമായ അവകാശം നിഷേധിക്കുന്നതിലൂടെയും അവരുടെ രക്തത്തിന്റെ അവസാന തുള്ളിപോലും പിഴിഞ്ഞെടുക്കുന്നതിലൂടെയും മാത്രമാണ്. ഈ ലാഭത്തിൽനിന്ന് മാത്രമാണ് സമ്പത്ത് സമാഹരിക്കപ്പെടുന്നത്. ആഗോളവൽക്കരണം, സ്വതന്ത്ര കമ്പോള സമ്പദ്‌വ്യവസ്ഥ അല്ലെങ്കിൽ അരിച്ചിറങ്ങൽ സാമ്പത്തികശാസ്ത്രം, എങ്ങനെ പേരുമാറ്റിയാലും മുതലാളിത്തം മുതലാളിത്തമായി തുടരുന്നു. അതുകൊണ്ടുതന്നെ, അതിന്റെ അടിസ്ഥാന പ്രവർത്തനനിയമങ്ങൾ നിലനിൽക്കുന്നു. മുതലാളിത്തം, അതിന്റെ മരണാസന്നമായ, അസ്ഥിരമായ നിലനിൽപ്പ് നീട്ടിയെടുക്കുമ്പോൾ, അത് പ്രതിസന്ധിയെ വളർത്തുന്നു. പ്രതിസന്ധിയുടെ മുഴുവൻ ഭാരവും തൊഴിലാളിവർഗവും കൃഷിക്കാരും ഉൾപ്പെടെയുള്ള സാധാരണക്കാർക്കുമേൽ വിവിധ സാമ്പത്തിക-പണ നയങ്ങളായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. അതുപോലെതന്നെ, ‘അച്ഛേ ദിൻ’, ‘സബ്‌കേ സാത്ത് സബ്കാവികാസ്’, ഇപ്പോൾ ‘5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ’ തുടങ്ങിയ കൃത്രിമ പ്രസ്താവങ്ങളിലൂടെ വ്യാജ സ്വപ്‌നങ്ങൾ വിൽക്കുന്നു.

ദുരിതക്കയത്തിലാഴ്ന്ന അധ്വാനിക്കുന്ന ജനലക്ഷങ്ങൾ സത്യം ഉൾക്കൊള്ളണം

‘5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ’ കൈവരിക്കുകയെന്ന ലക്ഷ്യം, പ്രമുഖ ബൂർഷ്വാ സാമ്പത്തികവിദഗ്ധർ, സാമ്പത്തികവളർച്ച അളക്കുന്നതിനുള്ള വ്യവസ്ഥാപിത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുതന്നെ, നിരാകരിക്കുന്നില്ലെങ്കിൽപോലും അവിശ്വസിക്കുകയാണ്. നിഷ്‌കരുണം മുതലാളിത്തചൂഷണത്തിന്റെ കീഴിൽ ചവിട്ടിയരക്കപ്പെടുന്ന ദരിദ്രരായ നാട്ടുകാർക്ക് ഇത് ഒന്നും നൽകുന്നില്ല. തൊഴിലിന്റെ അഭാവം, വിലക്കയറ്റം, വർദ്ധിച്ചുവരുന്ന കാർഷിക പ്രതിസന്ധി എന്നിവ, വളരെയധികം കൊട്ടിഘോഷിക്കപ്പെടുന്ന സാമ്പത്തിക വളർച്ചയെ ഒരു നനഞ്ഞ പടക്കമാക്കി മാറ്റുകയും എല്ലാ അധ്വാനിക്കുന്ന ആളുകൾക്കും ഒരു ഭാരമാക്കുകയും ചെയ്യുന്നു. 2024ഓടെ എന്തെങ്കിലും അത്ഭുതം സംഭവിച്ച് അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലെത്തുമെന്ന് കരുതിയാൽ പോലും, അതിൽനിന്ന് ആർക്കാണ് നേട്ടമുണ്ടാകുക? കുത്തക ഭീമന്മാർ, വമ്പൻ ഇന്ത്യൻ ബഹുരാഷ്ട്ര സ്ഥാപനങ്ങൾ, അല്ലെങ്കിൽ വിദേശനിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ഉയർന്ന ആസ്തിയുള്ള വ്യക്തികൾ, അതുമല്ലെങ്കിൽ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന അതിസമ്പന്നരായ വിദേശികൾ തുടങ്ങിയവർക്കുമാത്രം. ഇന്ത്യയുടെ ഈ വർധിത ഡോളർ പരിധിയിൽനിന്ന് അവർമാത്രം പ്രയോജനം നേടിയേക്കാം.
അടിച്ചമർത്തപ്പെട്ട, നിരന്തരം ചൂഷണം ചെയ്യപ്പെടുന്ന, അധ്വാനിക്കുന്ന അനേകലക്ഷം ഇന്ത്യക്കാരുടെ ക്ഷേമത്തെ സംബന്ധിച്ചിടത്തോളം ഒരു കണികക്കുപോലും ഇതൊന്നും ഗുണം ചെയ്യില്ല. നേരായി ചിന്തിക്കുന്ന ഒരു വിഭാഗം അഭിപ്രായപ്പെടുന്നതുപോലെ, വളരെയധികം ഊതിപ്പെരുപ്പിച്ച ചാന്ദ്രദൗത്യവും, കണക്കുകൂട്ടി വളർത്തിയെടുക്കുന്ന യുദ്ധവെറിയും പോലെതന്നെ, ഈ 5 ട്രില്യൺ ഡോളർ നാടകവും ജനങ്ങളുടെ ശ്രദ്ധ ജീവിതത്തിലെ നീറുന്ന പ്രശ്‌നങ്ങളിൽനിന്ന് വ്യതിചലിപ്പിച്ച് ശരിയായ പോരാട്ടത്തിന്റെ പാതയിൽനിന്നും അവരെ മാറ്റിനിർത്തി, വായുവിൽ കൊട്ടാരങ്ങൾ പണിയുന്ന അന്ധതയിൽ കുരുക്കിയിടാനുള്ള ശ്രമമാണ്. വസ്തുതകളും വസ്തുനിഷ്ഠമായ വിശകലനങ്ങളും കണക്കിലെടുക്കുമ്പോൾ അവരുമായി യോജിക്കാതെ തരമില്ല. അടിച്ചമർത്തപ്പെട്ട, ദുരിതമനുഭവിക്കുന്ന ജനങ്ങൾ ഈ സത്യം ശരിയായും ആത്മാർത്ഥമായും ഉൾക്കൊള്ളണം എന്നതാണ് അനിവാര്യത.

Share this post

scroll to top