‘സെബി’ മേധാവിയും ഭര്‍ത്താവും അദാനിയുടെസ്റ്റോക്ക് മാര്‍ക്കറ്റ് തിരിമറിയില്‍ പങ്കാളികള്‍

750x450_541364-sebi.webp
Share

മുമ്പെങ്ങുമില്ലാത്തവിധം കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഓഹരി കമ്പോളത്തിലുണ്ടായ കുതിച്ചുകയറ്റം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയായി ഒരുകൂട്ടം സാമ്പത്തികവിദഗ്ദ്ധര്‍ വിലയിരുത്തുകയുണ്ടായി. എന്നാല്‍ ഇത് സാമ്പത്തികമേഖലയുടെ ആരോഗ്യത്തിന്റെയല്ല അസുഖത്തിന്റെ ലക്ഷണമാണെന്ന് പലതവണ ഞങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. മുതലാളിത്ത വ്യവസ്ഥയുടെ സഹജസ്വഭാവമെന്നോണം കമ്പോളം അടിക്കടി ചുരുങ്ങുന്നു. ഇതുമൂലം ഉല്‍പാദനക്ഷമമായ മേഖലകളില്‍ മൂലധനമിറക്കാന്‍ കഴിയാതെ കുത്തകകള്‍ തങ്ങളുടെ നിഷ്‌ക്രിയ മൂലധനം ഓഹരിക്കമ്പോളത്തിലെ ഊഹക്കച്ചവടരംഗത്തേയ്ക്ക് ഒഴുക്കുന്നു. ഇതില്‍ വിദേശത്തും സ്വദേശത്തുമുള്ള കുത്തകകളുണ്ട്. ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഒരു നിശ്ചിത എണ്ണം ഓഹരികള്‍ക്കായി വന്‍തോതില്‍ പണമെത്തുകയാണെങ്കില്‍ ആ ഓഹരികളുടെ മൂല്യം കുതിച്ചുയരും. എന്നാല്‍, ഉല്‍പാദനക്ഷമമായ മേഖലയില്‍ നിക്ഷേപം കുറയുന്നത് സമ്പദ്ഘടന ഗുരുതരമായ പ്രതിസന്ധിയിലാണ് എന്നതിന്റെ സൂചനയാണ്.
ഇതുമാത്രമല്ല, വന്‍തോതില്‍ ഓഹരിക്കമ്പോളത്തിലേയ്ക്ക് പണമൊഴുകാന്‍ തുടങ്ങിയതോടെ പലതരത്തിലുള്ള കള്ളത്തരങ്ങളും തിരിമറികളും രംഗപ്രവേശം ചെയ്തിരിക്കുന്നു. സംശയാസ്പദമായ പല ഉറവിടങ്ങളില്‍നിന്നുമുള്ള നിക്ഷേപങ്ങളും ഓഹരിക്കമ്പോളത്തിലെത്തുന്നുണ്ട്. മൗറീഷ്യസ്, ഗാര്‍സ്‌നി ദ്വീപ് തുടങ്ങി നികുതി കുറവുള്ള രാജ്യങ്ങളില്‍ വെറും പുറന്തോടുമാത്രമായി (ഷെല്‍) കമ്പനികള്‍ ആരംഭിച്ച് അവയുടെ പേരില്‍ ഓഹരികളില്‍ നിക്ഷേപം നടത്തുന്നതാണ് ഒരു തന്ത്രം. സ്വന്തം രാജ്യത്തിന്റെ നിയമങ്ങള്‍ മറികടക്കാനും അവിടെ നിലവിലുള്ള ഉയര്‍ന്ന കോര്‍പറേറ്റ് നികുതിയില്‍ വെട്ടിപ്പുനടത്താനും ഇതുവഴി സാധിക്കും. ഇങ്ങനെ ഏതൊരു ഇന്ത്യന്‍ കമ്പനിക്കും അധികമായുള്ള മൂലധനം വളഞ്ഞ മാര്‍ഗത്തിലൂടെ സ്വന്തം കമ്പനികളുടെ ഓഹരികളില്‍ത്തന്നെ നിക്ഷേപിക്കാനും അതുവഴി ആ ഓഹരികളുടെ ഡിമാന്റ് കൃത്രിമമായി ഉയര്‍ത്താനും അവയുടെ വിലകള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാനും കഴിയുന്നു. ഇങ്ങനെ ഓഹരിവില ഉയരുമ്പോള്‍ ആ കമ്പനിയുടെ കണക്കില്‍ ആസ്തി വര്‍ദ്ധിച്ചതായി കാണുകയും ബാങ്കുകളില്‍നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും കൂടുതല്‍ വായ്പയെടുക്കാനുള്ള യോഗ്യതയുണ്ടാകുകയും ഭദ്രമായ സാമ്പത്തിക അടിത്തറയുള്ള ഒരു ആഗോള കോര്‍പറേറ്റ് എന്ന സ്ഥാനം കൈവരുകയും ചെയ്യും.
അക്ഷരാര്‍ത്ഥത്തില്‍ ഇതാണ് മോദിയുടെ ഉറ്റ ചങ്ങാതിയായ അദാനി ഗ്രൂപ്പ് ചെയ്തത്. ഇവ്വിധം അവര്‍ സ്വന്തം ഓഹരികളുടെ വില വന്‍തോതില്‍ പെരുപ്പിച്ചുകാണിക്കുകയും വന്‍തുകകള്‍ വായ്പകളായി തരപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അന്വേഷണാത്മക ഗവേഷണം നടത്തുന്ന ‘ഹിന്‍ഡന്‍ബര്‍ഗ്’ എന്ന ഏജന്‍സി 2023 ജനുവരി 24ന് പുറത്തുവിട്ട അതിന്റെ റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പ് ഇവ്വിധം തിരിമറികള്‍ നടത്തുകയും ഓഹരി കമ്പോളത്തില്‍ ‘നാണംകെട്ട’ കളികള്‍ കളിക്കുകയും ചെയ്തതായി പറയുന്നു. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് തന്റെ ആസ്തി പതിനായിരം കോടി ഡോളര്‍ വര്‍ദ്ധിച്ചതായി അവകാശപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. അദാനി ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്യപ്പെട്ട ഏഴ് പ്രധാന കമ്പനികളുടെ ഓഹരിവിലയില്‍ വന്ന വര്‍ദ്ധനയിലൂടെയാണ് ഇതില്‍ നല്ലൊരു പങ്ക് തുകയും വന്നിരിക്കുന്നത്. ഓഹരിവിലയില്‍ ശരാശരി 819 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ ഓഹരികള്‍ പണയംവച്ച് അവര്‍ ഭീമമായ വായ്പകളും എടുത്തിട്ടുണ്ട്. ഇത് അവരുടെ സാമ്പത്തിക സ്ഥിതി അപകടനിലയിലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. അദാനി ഗ്രൂപ്പ് പതിറ്റാണ്ടുകളായി ഇത്തരം പുറന്തോടുകമ്പനികളെ ഉപയോഗപ്പെടുത്തി ഇന്ത്യയിലെ ജനങ്ങളുടെ പണം ഇവ്വിധം വന്‍തോതില്‍ തട്ടിയെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.


ഈ റിപ്പോര്‍ട്ട് വലിയ കോളിളക്കമുണ്ടാക്കി. കോര്‍പറേറ്റ് ബിസിനസ് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ തട്ടിപ്പായാണ് ഇത് കരുതപ്പെടുന്നത്. ഇന്ത്യന്‍ ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ നിരീക്ഷിക്കാനും അവയ്ക്ക് മേല്‍നോട്ടം വഹിക്കാനും ഭരമേല്‍പിക്കപ്പെട്ട സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അഥവാ സെബിയുടെ കണ്ണുവെട്ടിച്ച് എങ്ങനെ ഇപ്രകാരമൊരു കുംഭകോണം നടത്താനായി എന്നാണ് എല്ലാവരും അത്ഭുതപ്പെടുന്നത്. നിയമപ്രകാരമുള്ള അധികാരങ്ങളില്ലാത്ത ഒരു സ്ഥാപനമെന്ന നിലയില്‍ 1988 ഏപ്രില്‍ മാസത്തിലാണ് സെബിക്ക് ഇന്ത്യാ ഗവണ്മെന്റ് രൂപംനല്‍കുന്നത്. 1992 ജനുവരിയില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് നിയമംമൂലം ഇതിനെ നിയമപരമായ അധികാരങ്ങളുള്ള (സ്റ്റാറ്റ്യൂട്ടറി) ഒരു സ്ഥാപനമാക്കി. അതിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് നിയമം ഇപ്രകാരം പറയുന്നു: ‘‘…ഓഹരിക്കമ്പോളത്തില്‍ നിക്ഷേപം നടത്തുന്നവരുടെ താല്‍പര്യം സംരക്ഷിക്കാനും ഓഹരിക്കമ്പോളത്തിന്റെ വളര്‍ച്ചയ്ക്കും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി നിലകൊള്ളാനും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.’’
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ വലംകൈയായ അമിത്ഷാ കൂടി ഉള്‍പ്പെടുന്ന ഒരു മന്ത്രിസഭാ ഉപസമിതിയായ ‘അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റി’യാണ് സെബിയുടെ മേധാവിയെ നിയമിക്കുന്നത്. ഗവണ്മെന്റിലെയോ ധനകാര്യ മന്ത്രാലയത്തിലെയോ പ്രമാണിമാരൊന്നും സെബി മേധാവിയെ ചുറ്റിപ്പറ്റിയുണ്ടായ ഈ വിവാദത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അവരുടെ സാമ്പത്തിക ഇടപാടുകളൊക്കെ ഇവര്‍ക്ക് അറിയായമായിരുന്നുവെന്നും അവരുടെ സമ്പാദ്യത്തിന്റെ കാര്യത്തില്‍ സംശയിക്കേണ്ടതില്ലെന്നാണ് ഇവര്‍ കരുതുന്നതെന്നുമാണോ ഇതില്‍നിന്ന് അനുമാനിക്കേണ്ടത്? സെബിയുടെ മേധാവികളായി വിരമിച്ചവരുടെ സംഘടനയ്ക്ക് അദാനിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതായി ഇതിനകം വ്യക്തമായിട്ടുണ്ട്. ഷെല്‍ കമ്പനികളെക്കുറിച്ച് ശരിയായ ഒരു അന്വേഷണം നടത്താന്‍ സെബിക്ക് കഴിഞ്ഞിട്ടില്ല എന്നകാര്യവും ചര്‍ച്ചയായിട്ടുണ്ട്. 2014ല്‍ അദാനിക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ് അന്വേഷണം നടത്തുകയും 2017ല്‍ മോദി ഗവണ്മെന്റ് അത് അവസാനിപ്പിക്കുകയും ചെയ്ത കാര്യവും സെബി സുപ്രീംകോടതിയെ ബോധിപ്പിച്ചിട്ടില്ല. ഇതെന്തുകൊണ്ട്?


ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരിയില്‍ സുപ്രീംകോടതിയില്‍ ഒരു പൊതു താല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്യുകയുണ്ടായി. 2023 മാര്‍ച്ച് 2ന്, ഇതിന്മേല്‍ അന്വേഷണം നടത്താനും ഓഹരിക്കമ്പോളത്തില്‍ തിരിമറികളോ മറ്റെന്തെങ്കിലും ക്രമക്കേടുകളോ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും സുപ്രീം കോടതി സെബിയോടാവശ്യപ്പെട്ടു. ഇതോടൊപ്പം കോടതി ഒരു ആറംഗ വിദഗ്ദ്ധ സമിതിക്ക് രൂപം നല്‍കുകയും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആറ് ദിവസത്തിനുള്ളില്‍, 2023 മാര്‍ച്ച് 8ന് സമിതി അതിന്റെ പ്രാഥമിക റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിക്ക് നല്‍കി. കൃത്രിമം നടന്നതായി വെളിവാക്കുന്ന തെളിവുകളൊന്നുമില്ലെന്നും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതില്‍ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. 2023 മെയ് മാസത്തില്‍ സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു.
ഇത്തരമൊരു വമ്പന്‍ സാമ്പത്തിക തട്ടിപ്പിന് സെബി എന്തുകൊണ്ട് മൂകസാക്ഷിയായി എന്നകാര്യം ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. 2024 ആഗസ്റ്റ് 10ന് ഹിന്‍ഡന്‍ബര്‍ഗ് പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചു. സെബിയുടെ ചെയര്‍പേഴ്‌സനായ മാധവി പുരി ബുച്ചിനും അവരുടെ ഭര്‍ത്താവായ ധവാന്‍ ബുച്ചിനും അദാനി കമ്പനിയുടെ ഓഹരികളില്‍ വന്‍ നിക്ഷേപം ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. കൃത്രിമമായി ഓഹരിവില ഉയര്‍ത്തി വിവിധ ഏജന്‍സികളില്‍നിന്ന് അദാനി ഗ്രൂപ്പ് വലിയ വായ്പകള്‍ തരപ്പെടുത്തിയിട്ടുണ്ട്. മാധവി ബുച്ച് അദാനിയുടെ ഓഹരികളില്‍ നിക്ഷേപം നടത്തിയത് പ്രത്യക്ഷ ത്തില്‍ത്തന്നെ നിയമവിരുദ്ധമാണ്. രാജ്യത്തിന്റെ സാമ്പത്തിക കമ്പോളത്തെ നിയന്ത്രിക്കുന്ന ഒരു സ്ഥാപനത്തിന്റെ ചെയര്‍പേഴ്‌സന്റെ വിശ്വാസ്യത ഇത്രമേല്‍ ചോദ്യംചെയ്യപ്പെട്ട ഒരു സന്ദര്‍ഭം അതിന്റെ ചരിത്രത്തില്‍ ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല.


ഐസിഐസിഐ ബാങ്കിന്റെ എംടിയും സിഇഒയുമായ ചന്ദ കൊച്ചാറിന്റെ കുടുംബാംഗങ്ങളും വീഡിയോകോണ്‍ ഗ്രൂപ്പുമായി സങ്കീര്‍ണമായ പല സാമ്പത്തിക ഇടപാടുകളും നടന്നിട്ടുള്ളതായി 2018 മാര്‍ച്ചില്‍ ഒരു ആരോപണം ഉയര്‍ന്നകാര്യം ഓര്‍ക്കുമല്ലോ. 2012ല്‍ വീഡിയോകോണിന് 3,250 കോടിയുടെ വായ്പനല്‍കുകയും 2017ല്‍ അതില്‍ 2,810കോടി കിട്ടാക്കടമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് വലിയ സംശയത്തിനിടയാക്കി. വീഡിയോകോണിന് ലഭിച്ച ഈ സാമ്പത്തികനേട്ടത്തില്‍ സ്വന്തം കുടുംബാംഗങ്ങള്‍ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തിയതോടെ ചന്ദ കൊച്ചാറിനെ ബാങ്ക് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. എന്നാല്‍ കേസിന്റെ കാര്യം ഇനിയും തീര്‍പ്പായിട്ടില്ല. ഭരണത്തിലെ ഉന്നതരുടെ അനുമതിയില്ലാതെ ഏതെങ്കിലും സ്ഥാപനത്തിന് ഇവ്വിധം കൃത്രിമങ്ങള്‍ കാണിക്കാന്‍ പറ്റുമോ എന്നതാണ് പ്രധാന കാര്യം. നരേന്ദ്രമോദി ഒരിക്കല്‍ വീമ്പിളക്കി: ‘‘ഞാന്‍ കട്ടുതിന്നുകയില്ല, ആരെയും തിന്നാന്‍ അനുവദിക്കുകയും ഇല്ല.’’ ഇന്ന് ശവക്കുഴിയില്‍നിന്ന് പ്രേതങ്ങള്‍ പലതും പുറത്തുചാടിക്കൊണ്ടിരിക്കുമ്പോള്‍ രാജ്യത്തെ ജനങ്ങളോട് കണക്ക് പറയാന്‍ മോദി ബാദ്ധ്യസ്ഥനാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

Share this post

scroll to top