തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലിരിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വര്‍ഗീയ വിഭജന രാഷ്ട്രീയം തുടരുകയാണ്. ആ നയത്തിന്റെ ഉദാഹരണമാണ് ചരിത്രത്തെ വളച്ചൊടിച്ച്, കെട്ടിച്ചമച്ച നളന്ദവിവാദം. പഴയ നളന്ദ മഹാവിഹാരത്തിന്റെ അവശിഷ്ടങ്ങള്‍ക്കുസമീപം പുതുതായി നിര്‍മ്മിച്ച ‘നളന്ദ സര്‍വ്വകലാശാല’ ഉദ്ഘാടനം ചെയ്തുകൊണ്ട്, വിദേശ അക്രമികള്‍ 12-ാം നൂറ്റാണ്ടില്‍ ഈ സര്‍വ്വകലാശാല കത്തിച്ചു കളഞ്ഞു എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. മുഹമ്മദ് ഗോറിയുടെ കൊട്ടാരത്തിലെ ഭക്തിയാര്‍ ഖില്‍ജിയാണ് ആ ലോകപ്രശസ്ത സ്ഥാപനത്തെ നശിപ്പിച്ചതെന്ന് കൊളോണിയല്‍ ചരിത്രകാരന്മാര്‍ അവതരിപ്പിച്ച ധാരണയെ അദ്ദേഹം ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ ഇത് സത്യമാണോ?
ഈ അവകാശവാദത്തിന്റെ ആധികാരികത അന്വേഷിക്കുന്നതിനുമുമ്പ്, തെളിവുകളാല്‍ സമര്‍ത്ഥിക്കപ്പെട്ട ആധികാരിക ചരിത്രത്തിന്റെ പേജുകള്‍ ഒന്നു തിരഞ്ഞുനോക്കാം. പുരാവസ്തു ഖനനങ്ങളിലുടെയും, കാര്‍ബണ്‍ ഡേറ്റിംഗ് പോലുള്ള പരീക്ഷണങ്ങളിലൂടെ അവശിഷ്ടങ്ങളുടെ കാലപ്പഴക്കം ശാസ്ത്രീയമായി നിര്‍ണ്ണയിക്കുന്നതിലൂടെയും, 427 എഡിയില്‍ ഗുപ്ത രാജവംശത്തിലെ ചക്രവര്‍ത്തി കുമാരഗുപ്ത ഒന്നാമന്‍ (ശക്രാദിത്യന്‍ എന്ന് അപരനാമം) ആണ് നളന്ദ സ്ഥാപിച്ചതെന്നാണ് അവസാനമായി എത്തിച്ചേര്‍ന്ന നിഗമനം.
തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ ബുദ്ധമതക്കാരും ബുദ്ധമതക്കാരല്ലാത്തവരുമായ നിരവധി ഇന്ത്യന്‍, ജാവനീസ് പ്രമുഖരും ഇത് അംഗീകരിച്ചു. അഞ്ചും ആറും നൂറ്റാണ്ടുകളില്‍ ഗുപ്ത രാജാക്കന്മാരുടെ കീഴില്‍ നളന്ദ വളരെ അഭിവൃദ്ധി പ്രാപിച്ചിരുന്നതായി, ചരിത്രം സ്ഥിരീകരിക്കുന്നു. ഗുപ്തന്മാരുടെ പതനത്തിനുശേഷം, നളന്ദ മഹാവിഹാരത്തിന്റെ ഏറ്റവും ശ്രദ്ധേയനായ രക്ഷാധികാരി ഏഴാം നൂറ്റാണ്ടിലെ ഹര്‍ഷന്‍ (ചില ബുദ്ധമത രേഖകളില്‍ ശിലാദിത്യന്‍ എന്നറിയപ്പെടുന്നു) ആയിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, പാല രാജവംശം (ഒരു ബുദ്ധ രാജവംശം) ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഭരണം സ്ഥാപിക്കുകയും 12-ാം നൂറ്റാണ്ടിന്റെ അവസാന പാദംവരെ ഭരിക്കുകയും ചെയ്തു.
ആര്‍എസ്എസ്-ബിജെപി ഗൂഢലക്ഷ്യത്തോടെ ചരിത്രത്തെ വളച്ചൊടിക്കുന്നു
പാല രാജവംശത്തിന്റെ പതനത്തിനുശേഷം, നളന്ദയിലെ സന്യാസിമാര്‍ ബോധഗയയിലെ പിത്തിപതികളാല്‍ സംരക്ഷിക്കപ്പെട്ടു. പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ നളന്ദ മഹാവിഹാരം കത്തി നശിച്ചു. എന്നാല്‍ നശിപ്പിച്ചയാളെ കുറിച്ച് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ചരിത്രത്തിന്റെ ശാസ്ത്രീയ വിശകലനം അനുസരിച്ച്, നളന്ദ മഹാവിഹാരം നിരവധി ദശകങ്ങള്‍, ഒരുപക്ഷേ ഒരു നൂറ്റാണ്ടിലേറെക്കാലം പിന്നീടും പ്രവര്‍ത്തിച്ചു. പക്ഷേ, മാറിയ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തിലും, രക്ഷാധികാരികളുടെ അഭാവത്തിലും ആയിരം വര്‍ഷം പഴക്കമുള്ള മഹാവിഹാരം 13, 14 നൂറ്റാണ്ടുകളില്‍ പ്രവര്‍ത്തനം നിര്‍ത്തി.
സുവാന്‍സാങ് (ഹ്യുയാന്‍ സാങ്), യിജിംഗ് (ഐ സിങ്) തുടങ്ങിയ നിരവധി (പതിനൊന്നില്‍ കുറയാതെ) വിദേശ സഞ്ചാരികള്‍ നളന്ദ മഹാവിഹാരം സന്ദര്‍ശിച്ചു. CE 637ലും 642ലും സുവാന്‍സാങ് നളന്ദ സന്ദര്‍ശിച്ചു. സന്യാസി യിജിംഗ് CE 673ല്‍ എത്തി, പതിനാലു വര്‍ഷം ഇന്ത്യയില്‍ താമസിച്ചു, അതില്‍ പത്തും നളന്ദയില്‍ ചെലവഴിച്ചു. ഹര്‍ഷന്റെ (CE 606-647) കാലത്ത് നളന്ദ ആശ്രമത്തില്‍ 1500ലധികം അദ്ധ്യാപകരും 10,000 വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നുവെന്ന് യിജിംഗ് എഴുതി. പുരാതന ഇന്ത്യയില്‍ നളന്ദയ്ക്ക് അഭിമാനകരമായ ചരിത്രമുണ്ട് എന്നതില്‍ സംശയമില്ല.
പഴയ നളന്ദ മഹാവിഹാരത്തിന്റെ അവശിഷ്ടങ്ങളുടെ കണ്ടെത്തല്‍
നളന്ദ മഹാവിഹാരം ഏതാണ്ട് 700 വര്‍ഷങ്ങള്‍ക്കുമുമ്പ് അപ്രത്യക്ഷമായി. നളന്ദയുടെ തകര്‍ച്ചയ്ക്കുശേഷം, പ്രദേശവാസികളായ ചില വ്യക്തികള്‍, ചില ബുദ്ധ, ഹിന്ദു ബിംബങ്ങളും അവശിഷ്ടങ്ങളും ബ്രിട്ടീഷുകാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതുവരെ നളന്ദ ഏറെക്കുറെ മറക്കപ്പെട്ടിരുന്നു. തുടര്‍ന്ന്, ഫ്രാന്‍സിസ് ബുക്കാനന്‍ ഹാമില്‍ട്ടണ്‍(1811-1812), മേജര്‍ മാര്‍ക്കം കിറ്റോ (1847), അലക്‌സാണ്ടര്‍ കണ്ണിംഗ്ഹാം, ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) (1861-1862) എന്നിവര്‍ ഈ സ്ഥലത്ത് സര്‍വ്വേ നടത്തി.
എന്നാല്‍ എഎസ്‌ഐയുടെ ചിട്ടയായ ഖനനം 1915ല്‍ ആരംഭിച്ച് 1937ല്‍ അവസാനിച്ചു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഖനനം നടത്തി കിട്ടിയ വസ്തുക്കൾ പരിശോധിച്ച്, സ്ഥിരീകരിച്ച, ആധികാരിക ചരിത്രം, നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഉണ്ടായിരുന്ന നളന്ദ മഹാവിഹാരത്തിന്റെ അസ്തിത്വം തെളിയിച്ചു.
പുതുതായി നിര്‍മ്മിച്ച സര്‍വ്വകലാശാല പഴയ സ്ഥാപനത്തിന്റെ
പുനരുജ്ജീവനമല്ല
ബിജെപി സര്‍ക്കാര്‍ പുതുതായി നിര്‍മ്മിച്ച ‘നളന്ദ സര്‍വ്വകലാശാല’യെ പഴയ മഹാവിഹാരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണെന്ന് വിശേഷിപ്പിക്കുന്നെങ്കിലും അതൊരു പൊള്ളത്തരമല്ലാതെ മറ്റൊന്നുമല്ല. കാലഘട്ടങ്ങള്‍ വ്യത്യസ്തമാണ്. സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. അദ്ധ്യാപനരീതി, പഠനവിഷയങ്ങള്‍, പാഠ്യപദ്ധതി എന്നിവയും തികച്ചും വ്യത്യസ്തമാണ്. പിന്നെ എന്തിനാണ് പ്രധാനമന്ത്രി മോദിയും കൂട്ടരും നളന്ദ സർവ്വകലാശാല എന്ന ബ്രാന്‍ഡ് നാമം ഉപയോഗിക്കുന്നത്? തക്ഷശില, വിക്രംശില, നളന്ദ മഹാവിഹാരം തുടങ്ങിയ പുരാതന പഠനകേന്ദ്രങ്ങളോട് ബഹുമാനം പുലര്‍ത്തുന്ന ജനങ്ങളെ കബളിപ്പിക്കാന്‍വേണ്ടി മാത്രമാണിത്. നളന്ദ സര്‍വ്വകലാശാലയെ ‘പുനര്‍നിര്‍മ്മിക്കാനുള്ള’ നിര്‍ദ്ദേശം ആദ്യം മുന്നോട്ടു വെച്ചത,് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയായിരുന്ന അന്തരിച്ച ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ആയിരുന്നു. നളന്ദ യൂണിവേഴ്‌സിറ്റി ആക്റ്റ് 2010, പാര്‍ലമെന്റ് 2014 സെപ്റ്റംബറില്‍ പാസാക്കി. പുതിയ സര്‍വ്വകലാശാല 2014ല്‍ താല്‍ക്കാലിക സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോഴിതാ 10 വര്‍ഷത്തിനുശേഷം പുതിയ കെട്ടിടം വന്നിരിക്കുന്നു.
നളന്ദ മഹാവിഹാരത്തിന്റെ പതനം
ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ തകര്‍ച്ചയോടെയാണ് നളന്ദ മഹാവിഹാരത്തിന്റെ പതനം ആരംഭിച്ചത്. 7-ാം നൂറ്റാണ്ടില്‍ ബുദ്ധമതത്തിനുണ്ടായ തളര്‍ച്ച ഹുവാന്‍സാങ് ശ്രദ്ധിച്ചിരുന്നു, 7-ാം നൂറ്റാണ്ടിനുശേഷം ഈ പ്രവണത ത്വരിതഗതിയിലായി. ധനസഹായം, അനുയായികള്‍, പ്രത്യയശാസ്ത്രം എന്നിങ്ങനെ പ്രധാനമായും മൂന്ന് കാര്യങ്ങളില്‍, ബ്രാഹ്മണമതവും ബുദ്ധമതവും തമ്മില്‍ വളരെക്കാലമായി മത്സരവും വിദ്വേഷവും നിലനിന്നിരുന്നു. രണ്ടാമതായി, ബുദ്ധമതത്തിന്റെ പ്രാരംഭകാലഘട്ടത്തില്‍, പുരോഹിതന്മാര്‍ സാധാരണക്കാരെ ആശ്രയിച്ച്, ഭക്ഷണം, വസ്ത്രം അല്ലെങ്കില്‍ പണം പോലുള്ള സംഭാവനകള്‍ക്കായി മതപരമായ സേവനങ്ങള്‍ ചെയ്തുകൊണ്ട് ഉപജീവനം നേടിയിരുന്നു. എന്നാല്‍ നൂറ്റാണ്ടുകളുടെ രാജകീയ സംരക്ഷണം, സാധാരണക്കാരെ ആശ്രയിക്കുന്ന ഈ രീതിക്ക് വിള്ളലുണ്ടാക്കി. മൂന്നാമതായി, ഏഴാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയില്‍, ശങ്കരാചാര്യര്‍ നയിച്ച ബ്രാഹ്മണ യാഥാസ്ഥിതികത്വത്തിന്റെ ഉയര്‍ച്ച, ദക്ഷിണേന്ത്യയില്‍ ഭക്തിപ്രസ്ഥാനത്തിന്റെ ഉദയം എന്നിവ ആഴത്തിലുള്ള മാറ്റങ്ങള്‍ ഇന്ത്യയില്‍ മതത്തിന്റെ മേഖലയില്‍ ഉണ്ടാക്കി. നാലാമതായി, ബുദ്ധമതത്തിന്റെ അനുയായികളുടെ എണ്ണത്തില്‍ കുറവുണ്ടായതോടെ, ആ കാലഘട്ടത്തിലെ രാജാക്കന്മാര്‍ ബ്രാഹ്മണ മതത്തിന്റെ പ്രത്യയശാസ്ത്രത്തിലേക്ക് മാറാന്‍ തുടങ്ങി. ഇത് ബുദ്ധമതത്തെ തകര്‍ച്ചയുടെ ഗര്‍ത്തത്തിലേക്ക് നയിച്ചു. ബുദ്ധവിഹാരങ്ങള്‍ക്കുള്ള ധനസഹായം വറ്റിത്തുടങ്ങി. ബംഗാളിലെ പാല രാജാക്കന്മാരായിരുന്നു അതിന്റെ അവസാനത്തെ പ്രധാന രക്ഷാധികാരികള്‍. അവര്‍ക്കു ശേഷം, 12-ാം നൂറ്റാണ്ടില്‍ ബംഗാളിലെ സെന്‍ ബ്രാഹ്മണ രാജവംശം ബുദ്ധ സന്യാസിമാരെ നിരന്തരം വേട്ടയാടി. പല സന്യാസിമാരും തെക്കോട്ട് പലായനം ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ തുര്‍ക്കോ പേര്‍ഷ്യന്‍ അധിനിവേശത്തിനു മുമ്പുതന്നെ, കിഴക്കേ ഇന്ത്യ, ദക്ഷിണേന്ത്യ, പടിഞ്ഞാറന്‍ ഹിമാലയം തുടങ്ങിയ ചില ഒറ്റപ്പെട്ട സ്ഥലങ്ങളിലൊഴികെ എല്ലായിടത്തുനിന്നും ബുദ്ധമതം അപ്രത്യക്ഷമായി. അഞ്ചാമതായി, 12-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അത്യാസന്ന നിലയിലായ ഇന്ത്യന്‍ ബുദ്ധമതത്തിന് അവസാനത്തെ പ്രഹരം തുര്‍ക്കികള്‍ ഏല്‍പ്പിച്ചു; അവര്‍ അതിന്റെ അവസാനത്തെ, കഷ്ടിച്ച് പ്രവര്‍ത്തിച്ചിരുന്ന ആശ്രമങ്ങളെ തുടച്ചുനീക്കി. ഇത് അത്രമാത്രം കൃത്യതയുള്ളതോ, അല്ലെങ്കില്‍ പലരും കരുതുന്നതുപോലെ നാടകീയമായതോ ആയ സംഭവമായിരുന്നില്ല.
നളന്ദയുടെ ചരിത്രം വളച്ചൊടിച്ച്
ഇസ്ലാമോഫോബിയ വളര്‍ത്താന്‍ ആര്‍എസ്എസ്-ബിജെപി ശ്രമിക്കുന്നു
എന്നാല്‍, ആര്‍എസ്എസ്-ബിജെപിയെ സംബന്ധിച്ചിടത്തോളം, ചരിത്രത്തെ ബോധപൂര്‍വം വളച്ചൊടിക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. അതായത്, പുരാതന ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ഒരുപാടുകാര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും, മുഗളന്മാരും, മറ്റ് മുസ്ലീം ആക്രമണകാരികളും അവരുടെ മതപരമായ പക്ഷപാതിത്വം കാരണം പുരാവസ്തുക്കള്‍ തകര്‍ത്തുവെന്നും തെളിയിക്കാന്‍ ശ്രമിക്കുന്ന, അവരുടെ വര്‍ഗീയ ഹിന്ദുത്വ അജണ്ട സ്ഥാപിക്കാനുള്ള ഒരു തന്ത്രമാണിത്. ഉദാഹരണത്തിന്, ആര്യന്മാര്‍ തദ്ദേശീയരായിരുന്നുവെന്ന് കാണിക്കാന്‍ അവര്‍ ശ്രമിക്കുന്നു. അവരുടെ അഭിപ്രായത്തില്‍, സിന്ധുനദീതട സംസ്‌കാരം ഒരു ‘ആര്യന്‍ നാഗരികത’ ആയിരുന്നു, ‘ഹിന്ദു ഗ്രന്ഥങ്ങള്‍ പവിത്രവും അലംഘനീയവുമാണ്, രാമായണം, മഹാഭാരതം പോലുള്ള ഇതിഹാസങ്ങളെല്ലാം ചരിത്ര വിവരണങ്ങളാണ്. എല്ലാ ശാസ്ത്രശാഖകളും, പ്രാചീന ഇന്ത്യയില്‍ വികസിച്ചതാണ്, പ്രത്യേകിച്ച് വേദകാലഘട്ടത്തില്‍. വിദേശികള്‍ (യൂറോപ്യന്‍മാര്‍) രഹസ്യമായി അത് തട്ടിക്കൊണ്ടുപോയി നമ്മെ ദരിദ്രരാക്കി. പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ ഇന്ത്യക്കാര്‍ കീഴടക്കപ്പെട്ടു. മുസ്ലീം രാജാക്കന്മാര്‍ വിദേശികളും ആക്രമണകാരികളുമായിരുന്നു. അവരില്‍ ഭൂരിഭാഗവും ഹിന്ദുമതത്തെ നിന്ദിക്കുകയും, ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. മുഗള്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബര്‍ അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്തു. അക്ബര്‍ അല്ലെങ്കില്‍ ഔറംഗസീബ് തുടങ്ങിയ മുഗള്‍ ചക്രവര്‍ത്തിമാര്‍ സ്വേച്ഛാധിപതികളായിരുന്നു, എന്നാല്‍, റാണാ പ്രതാപോ, ശിവജി മഹാരാജാവോ ദേശങ്ങളുടെ ധീരരായ സംരക്ഷകരായിരുന്നു. മുസ്ലീം ഭരണാധികാരികള്‍ ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മുസ്ലീങ്ങളാക്കി ഇങ്ങനെ പോകുന്നു അവരുടെ ആഖ്യാനങ്ങള്‍. എന്നാല്‍ ഇവയെല്ലാം അസംബന്ധങ്ങളും ചരിത്രപരമായി അടിസ്ഥാനമില്ലാത്തതുമാണ്. പ്രധാനമന്ത്രി മോദി, ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍, പുരാതന ഇന്ത്യയിലെ പ്ലാസ്റ്റിക് സര്‍ജറിയുടെ തെളിവ് ആനത്തലയുള്ള ഗണപതിവിഗ്രഹത്തിലുണ്ടെന്ന് അവകാശപ്പെട്ടതുപോലെയാണിത്. പ്രധാനമന്ത്രിയോടും, അദ്ദേഹത്തിന്റെ വിചിത്രമായ അവകാശവാദത്തില്‍ കൈയടിച്ചവരോടും, ഇന്നും ആനയുടെ തല മനുഷ്യശരീരത്തില്‍ വച്ചുപിടിപ്പിക്കാന്‍ കഴിയുമോ എന്ന് നമുക്ക് ചോദിക്കാം.
അതുപോലെ, മുഗള്‍ രാജാക്കന്മാര്‍, ഹിന്ദുക്കളോടുള്ള വിദ്വേഷംമൂലം ഹൈന്ദവ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുന്നു എന്ന സിദ്ധാന്തവും മറ്റും കെട്ടിച്ചമച്ചവയാണ്. ശിവജിയുടെ വിശ്വസ്ത സൈനിക മേധാവികള്‍ ആരായിരുന്നു? മുസ്ലീങ്ങളായ സിദ്ദി ഹിലാല്‍, ദൗലത്ത് ഖാന്‍, ഇബ്രാഹിം ഖാന്‍ തുടങ്ങിയവര്‍. ശിവജിയുടെ അംഗരക്ഷകന്‍ പോലും സിദ്ദി ഇബ്രാഹിം ആയിരുന്നു. മറുവശത്ത്, അക്ബര്‍ ചക്രവര്‍ത്തിയുടെ സേനാനായകന്‍ ആയിരുന്നു രജപുത്രനായ രാജാ മാന്‍സിങ്. അക്കാലത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ എന്തെങ്കിലും വിദ്വേഷമുണ്ടെന്ന് ഇവ തെളിയിക്കുന്നുണ്ടോ?
മുഹമ്മദ് ഗോറിയുടെ കൊട്ടാരത്തിലെ ഭക്തിയാര്‍ ഖില്‍ജിയാണ് പ്രസിദ്ധമായ നളന്ദ മഹാവിഹാരം കത്തിച്ചതെന്ന് ആര്‍എസ്എസ്-ബിജെപി ആരോപിക്കുന്നു. എന്നാല്‍ അന്നത്തെ ചരിത്രവുമായി ബന്ധപ്പെട്ട മിക്ക പ്രാഥമിക സ്രോതസ്സുകളിലും ഖില്‍ജി നളന്ദയിലേക്ക് പോയതായി പരാമര്‍ശിക്കുന്നില്ല. മിന്‍ഹാജ്-ഇ-സിറാജ് എഴുതിയ തബകത്ത്-എ-നസിരിയില്‍ ഇതേക്കുറിച്ച് പരാമര്‍ശമില്ല. ഇന്ത്യയുടെ ചരിത്രം, പ്രത്യേകിച്ച് ബുദ്ധമതവുമായി ബന്ധപ്പെട്ട്, സൂക്ഷ്മമായി പഠിക്കുന്ന രണ്ട് ടിബറ്റന്‍ പണ്ഡിതന്‍മാരായ, ധര്‍മ്മസ്വാമിന്‍, സുമ്പ എന്നിവരും ഖില്‍ജി നളന്ദയില്‍ പോയതിനെക്കുറിച്ചോ കത്തിക്കുന്നതിനെക്കുറിച്ചോ പരാമര്‍ശിക്കുന്നില്ല. ടിബറ്റില്‍ നിന്നുള്ള മറ്റൊരു പ്രശസ്ത ബുദ്ധമത പണ്ഡിതനായ താരാനാഥും അത്തരമൊരു വസ്തുത പരാമര്‍ശിച്ചിട്ടില്ല. രസകരമെന്നു പറയട്ടെ, അജന്ത, എല്ലോറ, സാഞ്ചി സ്തൂപം തുടങ്ങിയ പ്രാധാന്യമുള്ള മറ്റ് ബുദ്ധ നിര്‍മിതികളും ആക്രമണകാരികളുടെ രോഷത്തിന് വിഷയമായിരുന്നില്ല. പ്രമുഖ ഇന്ത്യന്‍ ചരിത്രകാരന്‍മാരായ ജാദുനാഥ് സര്‍ക്കാരും, ആര്‍.സി. മജുംദാറും നളന്ദ മഹാവിഹാരത്തെ ഖില്‍ജി നശിപ്പിച്ചു എന്നത് അംഗീകരിക്കുന്നില്ല.
ബീഹാറിലെ ‘ആന്റിക്വേറിയന്‍ റിമെയിന്‍സി’ല്‍ ഡി.ആര്‍.പാട്ടീല്‍ ഉദ്ധരിച്ച ‘ഹിസ്റ്ററി, ഓഫ് ഇന്ത്യന്‍ ലോജിക്’ ഈ സംഭവം ബുദ്ധ ബ്രാഹ്മണ സന്യാസിമാര്‍ തമ്മിലുള്ള കലഹത്തെ സൂചിപ്പിക്കുന്നുവെന്ന് പറയുന്നു. ബ്രാഹ്മണര്‍, സൂര്യദേവനെ പ്രീതിപ്പെടുത്താനായി, ഒരു യാഗം നടത്തി, തീക്കനലുകളും, ചാരവും യാഗക്കുഴിയില്‍ നിന്ന് എടുത്ത് ബുദ്ധക്ഷേത്രങ്ങളിലേക്ക് എറിഞ്ഞതായി പറയുന്നു. 12-ാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ ബുദ്ധമതക്കാരും ബ്രാഹ്മണമതക്കാരും തമ്മില്‍ കലഹമുണ്ടായിരുന്നുവെന്ന് ‘ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ലോജിക്’ സ്ഥിരീകരിക്കുന്നു. പ്രശസ്ത ചരിത്രകാരനും ഡല്‍ഹി സര്‍വ്വകലാശാലയിലെ മുന്‍ ഫാക്കല്‍റ്റിയുമായ പ്രൊഫ.ഡി.എന്‍.ഝാ പറയുന്നു, ‘… ബുദ്ധമതത്തോടുള്ള ബ്രാഹ്മണ വിരോധം എന്ന ആശയം, വളരെ നേരത്തെതന്നെ ടിബറ്റിലേക്ക് എത്തുകയും, ബുദ്ധമത പാരമ്പര്യത്തിന്റെ ഭാഗമാവുകയും, 17-18 നൂറ്റാണ്ടുകളില്‍ ടിബറ്റന്‍ ലിഖിത രേഖകളിലൂടെ പ്രകടമാകുകയും ചെയ്തു.’ അതായത്, മഹാവിഹാരത്തിലെ ഗ്രന്ഥശാല കത്തിച്ചത്, ബ്രാഹ്മണര്‍ പ്രതികാരമായി ചെയ്തതാണ്, എന്ന വസ്തുതയിലേക്ക് എല്ലാ വിശ്വസനീയമായ ഉറവിടങ്ങളും വിരല്‍ ചൂണ്ടുന്നു. വാസ്തവത്തില്‍, അശോകന്റെ കാലഘട്ടത്തിനുശേഷം, ബുദ്ധമതം ഇന്ത്യയില്‍ വ്യാപകമായപ്പോള്‍, സമത്വസങ്കല്‍പ്പങ്ങള്‍ക്ക് കാര്യമായ പ്രാധാന്യം ലഭിച്ചു. തല്‍ഫലമായി പലരും ബ്രാഹ്മണ ആചാരങ്ങള്‍ അനുസരിക്കാത്തത്, ബ്രാഹ്മണ സമുദായത്തില്‍ വലിയ അതൃപ്തി സൃഷ്ടിച്ചു. പിന്നീട്, അശോകന്റെ ചെറുമകനായ ബൃഹദ്രഥന്‍ അധികാരത്തിലിരുന്നപ്പോള്‍, അദ്ദേഹത്തിന്റെ സൈന്യാധിപനായ പുഷ്യമിത്ര ഷുങ്, അദ്ദേഹത്തെ കൊലപ്പെടുത്തുകയും, ബുദ്ധമതക്കാരെ കൊലപാതകത്തിന് ഉത്തരവാദിയാക്കുകയും ചെയ്തു. ബുദ്ധമതവും, ബ്രാഹ്മണമതവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ സ്വഭാവം ഇത് വെളിപ്പെടുത്തുന്നുണ്ട്.
അതിനാല്‍, ഖില്‍ജിയെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ചരിത്ര വിരുദ്ധമാണ്, എന്നാല്‍ മുസ്ലീങ്ങള്‍ക്കെതിരായ പൊതു ഇസ്ലാമോഫോബിക് പ്രചാരണവുമായി ഇത് യോജിച്ചു പോകുന്നു. അതേ സമയം, ആ കാലഘട്ടത്തില്‍ ബ്രാഹ്മണ ഹിന്ദു രാജാക്കന്മാര്‍ ബുദ്ധമതക്കാരെ പീഡിപ്പിച്ചതിന്റെ യഥാര്‍ത്ഥ കഥ മറച്ചുവെക്കുകയും ചെയ്യുന്നു.
എന്തിനാണ് നളന്ദയെച്ചൊല്ലി ഈ വിവാദം
മുകളില്‍ സംക്ഷിപ്തമായി ചര്‍ച്ച ചെയ്തതില്‍നിന്ന്, പുതുതായി നിര്‍മ്മിച്ച നളന്ദ സര്‍വ്വകലാശാല പഴയ നളന്ദ മഹാവിഹാരത്തിന്റെ പുനരുദ്ധാരണമല്ലെന്ന് വ്യക്തമാണ്. അതോടൊപ്പം, മുസ്ലീം യാഥാസ്ഥിതികരും പഴയ മഹത്തായ സ്ഥാപനം അഗ്‌നിക്കിരയാക്കിയിട്ടില്ല. ഇസ്ലാമിനെതിരെ വിഷം ചീറ്റുക, എല്ലാ മുസ്ലീം ചക്രവര്‍ത്തിമാരെയും ഹിന്ദുവിരുദ്ധരായി ചിത്രീകരിക്കുക, അതുവഴി ദശലക്ഷക്കണക്കിന് ആളുകളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുക, ഹിന്ദുത്വ മതഭ്രാന്ത് വളര്‍ത്തുക, ഹിന്ദു വോട്ട് ബാങ്ക് സൃഷ്ടിക്കുക, തുടര്‍ന്ന് തിരഞ്ഞെടുപ്പിന്റെ കടമ്പ കടന്ന് അധികാരത്തില്‍ പിടിമുറുക്കുക. ഈ ഹീനമായ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റുന്നതിനായി ഇസ്ലാമോഫോബിയ എന്ന് വിളിക്കപ്പെടുന്ന ഗൂഢലക്ഷ്യത്തോടെയുള്ള കെട്ടുകഥകളാണിത്. അതേ സമയം, ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ശാശ്വതമായ വിഭജനം, മുതലാളിത്തം സൃഷ്ടിക്കുന്ന നീറുന്ന ജീവിത പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍, അവര്‍ക്കിടയില്‍ ഐക്യം ഉറപ്പിക്കുന്നത് തടയും. ഇത് ബൂര്‍ഷ്വാവര്‍ഗ താല്‍പ്പര്യത്തിനുതകുന്ന വഞ്ചനാപരമായ തന്ത്രമാണ്.
source
- Courtesy: Nalanda and the Decline of Buddhism by Namit Arora
- How history was unmade at Nalanda! By D N Jha
- History of Buddhism in India, English tr. Lama Chimpa & Alka Chattopadhyaya, pp.141-42
- How history was unmade at Nalanda! By D N Jha
- History of Bengal by Jadunath Sarkar, vol. 2, pp.3-4
- Did Bakhtiyar Khilji Destroy Nalanda University? By Ram Puniyani-The Wire 24-06-24)