എറണാകുളം ജില്ലയിലെ മുനമ്പത്ത് പ്രദേശവാസികൾ ആരംഭിച്ച സമരത്തിൽ കേരളത്തിന്റെ രാഷ്ട്രീയശ്രദ്ധ പതിഞ്ഞുകഴിഞ്ഞു. കാലങ്ങളായി കൈവശംവെച്ച് താമസിച്ചുപോന്ന ഭൂമി, വഖഫ് ആയി പ്രഖ്യാപിക്കപ്പെട്ട തിനെ തുടർന്ന്, വസ്തുവിനുമേലുള്ള എല്ലാ ക്രയവിക്രയവും മരവിച്ച് വഴിമുട്ടിയപ്പോഴാണ് ജനങ്ങൾ സമരത്തിനിറങ്ങിയത്. സങ്കീർണ്ണമായ ചില നിയമവശങ്ങൾ ഉൾക്കൊള്ളുന്ന ഈ വിഷയത്തിലുള്ള കേസുകൾ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണെങ്കിലും സർക്കാരിന് കൃത്യമായ ഇടപെടൽ നടത്തി പ്രശ്നം പരിഹരിക്കാമായിരുന്നു. എന്നാൽ സർക്കാർ ഈ വിഷയത്തിൽ ഒളിച്ചുകളി നടത്തിയതാണ് പ്രശ്നം വഷളാക്കിയത്. സമരത്തി ൽ ചില മൗലികവാദ സംഘടനകളും ബിജെപിയും അണിചേർന്നതോടെ, നിയമപ്രശ്നത്തിനുമേലുള്ള വിഷയം മതത്തിന്റെ അടിസ്ഥാനത്തിലുള്ള ചേരിതിരിവിലേക്കുവരെ നീങ്ങി. ഒപ്പം, കേന്ദ്രത്തിലെ ബിജെപി സർക്കാർ കൊണ്ടുവന്ന വഖഫ് നിയമഭേദഗതി ബിൽ അടിയന്തരമായി പാസ്സാക്കുന്നതാണ് പ്രശ്നത്തിന്റെ പരിഹാരം എന്ന തരത്തിൽ സംഘപരിവാർ നേതാക്കൾക്കൊപ്പം രൂപതകളും പരസ്യമായി മുന്നോട്ടു വന്നിരിക്കുകയാണ്. സംഘപരിവാറും ചില ക്രിസ്ത്യൻ മതമൗലികവാദ സംഘങ്ങളും പരസ്യമായും സമൂഹമാധ്യമങ്ങൾ വഴിയും ഈ വിഷയത്തെക്കുറിച്ച് തെറ്റിദ്ധാരണയും ഭീതിയും പരത്തി വർഗീയധ്രുവീകരണത്തിന് ശ്രമിച്ചു. വിഷയത്തിൽ ആത്മാർത്ഥമായ ഇടപെടൽ നടത്താതെ, അവർക്ക് അതിന് അവസരം ഒരുക്കിക്കൊടുക്കുകയായിരുന്നു പിണറായി സർക്കാർ.
അൽപ്പം ചരിത്രം
1341ലെ പ്രളയത്തിൽ രൂപംകൊണ്ട വൈപ്പിൻ ദ്വീപിന്റെ വടക്കുഭാഗത്താണ് മുനമ്പം-ചെറായി പ്രദേശം. മീൻപിടിത്തക്കാരായിരുന്നു ആദ്യനിവാസികൾ. 1503ൽ പള്ളിപ്പുറം കോട്ട പണിതുകൊണ്ട് പോർച്ചുഗീസുകാർ ഇവിടെ ആധിപത്യമുറപ്പിച്ചു. 1663ൽ ഡച്ചുകാർ പ്രദേശവും കോട്ടയും പിടിച്ചെടുത്തു. 1789ൽ ഡച്ചുകാർ ഇത് തിരുവിതാംകൂർ രാജാവിന് വിറ്റു. 1902ൽ, അന്നത്തെ തിരുവിതാംകൂർ രാജാവ്, അബ്ദുൾ സത്താർ മൂസാ ഹാജി സേട്ടിന് ഇവിടെ 404 ഏക്കർ കരഭൂമിയും 60 ഏക്കർ കായലും പാട്ടത്തിനു നൽകി. പ്രദേശത്ത് വർഷങ്ങളായി കുടികിടപ്പുകാ രായിരുന്ന മത്സ്യത്തൊഴിലാളികളെ ഒഴിച്ചുനിർത്തിയായിരുന്നത്രെ പാട്ടക്കരാർ. കാലക്രമേണ, കുറച്ച് വസ്തു കടലെടുത്തുപോയെന്നും പറയപ്പെടുന്നു. 1950ൽ സത്താർ സേട്ടിന്റെ അനന്തരാവകാശിയായ സിദ്ദിഖ് സേട്ട്, മുനമ്പത്തെ ഈ ഭൂമി, ഫറൂഖ് കോളേജിന്റെ മാനേജ്മെന്റിന് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വഖഫ് ദാനമായി രജിസ്റ്റർ ചെയ്തു നൽകി. ഈ ഭൂമിയിൽനിന്നുള്ള ആദായം വിദ്യാഭ്യാസ ആവശ്യങ്ങൾക്കും കോളേജിന്റെ വികസനത്തിനും മാത്രമേ ഉപയോഗിക്കാവൂ എന്ന് അതിൽ നിഷ്കർഷിച്ചിരുന്നു. കൂടാതെ, കോളേജ് അടച്ചുപൂട്ടുകയാണെങ്കിൽ പ്രസ്തുത വസ്തു സത്താർ സേട്ടിന്റെ അനന്തരാവകാശികൾക്ക് തിരികെ നൽകണമെന്നും നിബന്ധനയുണ്ടായിരുന്നു.
എന്നാൽ, ഈ കൈമാറ്റക്കാര്യത്തിൽ അന്നുതൊട്ടേ എതിർപ്പുകളുണ്ടായിരുന്നതായി പറയപ്പെടുന്നു. ദാനത്തിനു മുമ്പുതൊട്ടേ അവിടെ താമസിച്ചിരുന്നവർ, ഭൂമിക്കുമേലുള്ള ഫറൂഖ് കോളേജിന്റെ നിയന്ത്രണത്തെ എതിർത്തു. 1962ൽ അവർ പറവൂർ സബ്കോടതിയിൽ, ഫറൂഖ് കോളേജിന്റെ ഉടമസ്ഥാവകാശത്തിനെതിരെ കേസുകൊടുത്തു. ഈ കേസ് ഹൈക്കോടതി വരെയെത്തുകയും, 1975ൽ ഭൂമിക്കുമേൽ ഫറൂഖ് കോളേജിനുള്ള അവകാശം അംഗീകരിച്ചുകൊണ്ട് വിധിയുണ്ടാവുകയും ചെയ്തു. എന്നാൽ, പിന്നീട് കോളേജ് മാനേജ്മെന്റും തദ്ദേശവാസികളും തമ്മിൽ ഒത്തുതീർപ്പുണ്ടാവുകയും, ഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് അതു പണം നൽകി വാങ്ങാൻ മാനേജ്മെന്റ് വഴിതുറക്കുകയും ചെയ്തു. അങ്ങനെ, ഫറൂഖ് കോളേജിൽനിന്നും 1983നും 93നും ഇടയിൽ ഭൂമി പണം കൊടുത്ത് വാങ്ങിയവരാണ് ഇപ്പോൾ അവിടെ താമസിക്കുന്നത്. കോളേജിന് 33 ലക്ഷം രൂപയോളം അന്ന് ഈ ഇടപാടിൽ ലഭിച്ചു. എന്നാൽ, വഖഫ് ആയി ലഭിച്ച ഒരു വസ്തു വിൽക്കാൻ ഫറൂഖ് കോളേജിനുള്ള അവകാശത്തെ ചൊല്ലി ചോദ്യങ്ങൾ ഉയർന്നിരുന്നു.
വഖഫ് ബോർഡ് മുൻ അംഗവും കേരള വഖഫ് സംരക്ഷണവേദി എന്ന സംഘടനയുടെ സെക്രട്ടറിയുമായ നസീർ മനയിൽ, വഖഫ് സ്വത്തുക്കൾ കൈയേറുന്നു എന്ന പരാതിയുമായി മുന്നോട്ടുവരികയും, അന്നത്തെ വി.എസ്.അച്യുതാനന്ദൻ സർക്കാർ, മൊയ്തു അഹമ്മദ് നിസ്സാർ എന്ന മുൻ ജില്ലാ ജഡ്ജിയെ ചെയർമാനായി ഒരു അന്വേഷണ കമ്മീഷൻ രൂപീകരിക്കുകയും ചെയ്തു. 404 ഏക്കർ വഖഫ് ഭൂമി അനധികൃത വിൽപന നടത്തിയെന്ന പരാതിയിൽ ഫറൂഖ് കോളേജ് മാനേജ്മെന്‍റിന് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. 2009 ഒക്ടോബർ 30ന് കമ്മീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാനത്ത് 23 സ്ഥലങ്ങളിലായി 600 ഏക്കര്‍ വഖഫ് സ്വത്തുകള്‍ അന്യാധീനപ്പെട്ടു എന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. കൂടുതല്‍ കൈയേറ്റം നടന്നതായി കണ്ടെത്തിയത് മുനമ്പത്താണ്. ഇത് വഖഫ് ഭൂമിയാണെന്നും ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഫറൂഖ് കോളേജ് അധികൃതർ അനധികൃത വിൽപന നടത്തിയെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. 1992ൽ രണ്ടുതവണയും (ആധാരം നമ്പർ: 2246/1992, 113/1992) 1993ൽ ഒരു തവണയും (896/1993) കോളേജ് അധികൃതർ ഭൂമി വിൽപന നടത്തി. ഈ ആധാരങ്ങളിൽ വഖഫ് ഭൂമിയാണെന്ന കാര്യം മറച്ചുവെച്ച് ദാനാധാരം എന്നാണ് രേഖപ്പെടുത്തിയത്. 2016ൽ നസീർ മനയിൽ നൽകിയ കേസിനെത്തുടർന്ന്, നിസ്സാർ കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവും അതിന്റെ മേൽനടപടികളും നടപ്പാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടു. 2019ൽ, കേരള വഖഫ് ബോർഡ് മുനമ്പത്തെ പ്രസ്തുതവസ്തു വഖഫ് ആയി രജിസ്റ്റർ ചെയ്ത് അവകാശം ഉന്നയിച്ചു. കോടതി ഉത്തരവിനെത്തുടർന്ന് ഇതിൽപ്പെട്ട ഭൂമിയുടെ കരമടയ്ക്കുന്നതും ക്രയവിക്രയവും തടഞ്ഞിരിക്കുകയാണ്. ഈ ഭൂമിയെ സംബന്ധിച്ചുള്ള കേസുകൾ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിലാണ് 2024 ഒക്ടോബർ മുതൽ ക്രൈസ്തവസഭയുടെ കൂടി പിന്തുണയോടെ പ്രദേശവാസികൾ നിരാഹാരമടക്കമുള്ള പ്രത്യക്ഷസമരം ആരംഭിച്ചത്.
ചില വസ്തുതകൾ
വഖഫ് ബോർഡും അതിന്റെ ട്രിബ്യൂണലും സർക്കാർ സംവിധാനങ്ങളാണ്. 1995ലെ വഖഫ് നിയമം 32-ാം വകുപ്പ് പ്രകാരം സംസ്ഥാനത്തെ മുഴുവൻ വഖഫ് സ്ഥാപനങ്ങളുടെയും മേൽനോട്ടവും നിയന്ത്രണവും വഖഫ് ബോർഡിനാണ്. നിയമത്തിന്റെ 40-ാം വകുപ്പ് അനുസരിച്ച് ഒരു വസ്തു വഖഫാണോ അല്ലയോ എന്ന് അന്വേഷണവും നടപടിക്രമങ്ങളും പൂർത്തിയാക്കി തീരുമാനിക്കാനുള്ള അധികാരവും ബോർഡിനുണ്ട്. വസ്തു വഖഫാണെന്ന് കണ്ടെത്തിയാൽ അതിന് പൂർണ നിയമസാധുത ലഭിക്കും. എന്നാൽ, 60 വർഷത്തോളം മുനമ്പത്തെ ഭൂമി ഫറൂഖ് കോളജ് അധികൃതർ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സിദ്ദീഖ് സേട്ടിന്റെ മക്കൾ ഫറൂഖ് കോളേജിൽനിന്ന് അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് ബോർഡ് മുമ്പാകെ നൽകിയ കേസിൽ (ഇപി 685/2008) 2019 മേയ് 20ന് ബോർഡ് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. മുനമ്പത്തെ ഭൂമിയുടെ മുതവല്ലിയായ ഫറൂഖ് കോളേജ് മാനേജിങ് കമ്മിറ്റി ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം വഖഫ് നിയമത്തിന്റെ 36-ാം വകുപ്പ് പ്രകാരം ഭൂമി ബോർഡിൽ രജിസ്റ്റർ ചെയ്യാൻ രേഖകൾ സമർപ്പിക്കണമെന്നായിരുന്നു നിർദേശം. അങ്ങനെ ചെയ്യാത്ത പക്ഷം 2115/1950-ാം നമ്പർ വഖഫ് ആധാര പ്രകാരം ഫറൂഖ് കോളേജ് മാനേജിങ് കമ്മിറ്റിയെ മുതവല്ലിയാക്കി, ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ഭൂമി സ്വമേധയാ രജിസ്റ്റർ ചെയ്യാൻ വഖഫ് ബോർഡ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തു. കോളേജ് കമ്മിറ്റി ഈ ഉത്തരവ് പ്രകാരം രേഖകൾ ഹാജരാക്കി രജിസ്റ്റർ ചെയ്യാതിരുന്നതിനാൽ 2019 സെപ്റ്റംബർ 25ന് 9980/ആർഎ നമ്പറായി ഭൂമി സ്വമേധയാ രജിസ്റ്റർ ചെയ്യപ്പെട്ടു.
ഏതെങ്കിലും ഒരു ഭൂമി വഖഫ് ആണെന്ന് വഖഫ് ബോർഡിന് വെറുതെചൂണ്ടിക്കാണിക്കാനാവില്ല. അതിന് ഉപോത്ബലകമായ രജിസ്‌ട്രേഷൻ രേഖകളും ഹാജരാക്കണം. വഖഫ് ട്രിബ്യൂണൽ മറ്റേതൊരു കോടതിയേയുംപോലുള്ള ഒരു കോടതിയാണ്. സാധാരണ കോടതി നടപടിക്രമങ്ങൾ അത് പാലിക്കണം. അതിന് സ്വന്തമായുണ്ടാക്കിയ നിയമങ്ങളും ഇല്ല. അതിനോ റവന്യൂ ബോർഡിനോ തെറ്റുസംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്മേൽ മതിയായ അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. മുനമ്പത്തെ വസ്തുക്കൾ രജിസ്റ്റർ ചെയ്യുകയും പോക്കു വരവു ചെയ്യുകയും അവരിൽനിന്നും രജിസ്‌ട്രേഷൻ, നികുതി എന്നീ ഇനങ്ങളിൽ ഫീസ് ഈടാക്കുകയും ചെയ്ത, മാറിമാറി വന്ന സർക്കാരുകൾ ഇപ്പോൾ കൈമലർത്തുന്നത് ഏതുതരം രാഷ്ട്രീയ സദാചാരമാണ്!
പരിഹരിക്കേണ്ട പ്രശ്നങ്ങൾ
തലമുറകളായി അവിടെ താമസിച്ചുവരുന്നവരെയും, ഫറൂഖ് കോളേജിൽനിന്നും പണം കൊടുത്ത് വസ്തു വാങ്ങിയവരെയും ഒരു കാരണവശാലും അവരുടെ വസ്തുവിൽനിന്ന് ഇറക്കിവിടാനോ, അവരുടെ വസ്തുവിന്റെ ഉടമസ്ഥാവകാശം പിടിച്ചെടുക്കാനോ ശ്രമിക്കരുതെന്ന് അസന്നിഗ്ദ്ധമായി ഞങ്ങൾ ആവശ്യപ്പെടുകയാണ്. ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും സമ്മതത്തോടെ ഇക്കാര്യത്തിൽ രാഷ്ട്രീയതീരുമാനം അടിയന്തരമായി എടുത്ത്, അത് നടപ്പിലാക്കാനുള്ള പ്രായോഗികപദ്ധതി രൂപീകരിച്ച് ഹൈക്കോടതിയെ അടക്കം ബോധ്യപ്പെടുത്തി നടപ്പാക്കണം. സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണത്. സർക്കാർ അടിയന്തരമായി ചെയ്യണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. ഇതൊരു നിയമപ്രശ്നമാണെന്ന് ബന്ധപ്പെട്ട എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. അല്ലാതെ മതപരമായ ഒരു വിഷയമല്ല. അത് നിയമത്തിന്റെ വഴിയിൽ കൈകാര്യം ചെയ്യേണ്ടതുമാണ്. അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വ്യക്തതയുണ്ടാക്കി, പരിഹരിക്കേണ്ടതുമുണ്ട്.
ഒന്നാമത്തെ കാര്യം, അവിടെനിന്ന് പ്രദേശവാസികളെ കുടിയൊഴിപ്പിക്കേണ്ടതുണ്ടോ എന്നതാണ്. വിവിധ മുസ്ലീം സംഘടനകൾ യോഗം ചേർന്ന്, കുടിയൊഴിപ്പിക്കുന്നതിനെ അവർ അനുകൂലിക്കുന്നില്ല എന്ന നിലപാട് കൈക്കൊണ്ടു. അപ്പോൾ പിന്നെ കുടിയൊഴിപ്പിക്കലിനെ സംബന്ധിച്ച് ഭീതി പരത്തുന്നത് ആരാണ്? അങ്ങനെ ഭീതി പരത്താൻ അവസരമുണ്ടാക്കാത്തവണ്ണം ഇക്കാര്യത്തിൽ വ്യക്തത വരുത്തി നിയമപരമായ നടപടിയെടുക്കേണ്ടത് സംസ്ഥാനസർക്കാരും സർക്കാരിനു കീഴിലുള്ള വഖഫ് ബോർഡുമാണ്. തുടർന്ന്, കോടതിയിൽ നിലവിലുള്ള കേസിനെ സംബന്ധിച്ച് വസ്തുതകളെയും മാനുഷിക പരിഗണനകളെയും അടിസ്ഥാനമാക്കി തീർപ്പുണ്ടാക്കുവാനുള്ള നടപടികളും സർക്കാർ കൈക്കൊള്ളേണ്ടതുണ്ട്. അതിന് ഒന്നാമതായി, ഈ ഭൂമി യഥാർത്ഥത്തിൽ വഖഫാണോ എന്ന് പല കോണിൽ നിന്നും ഉയരുന്ന ചോദ്യത്തിന് വസ്തുനിഷ്ഠമായി ഉത്തരം കണ്ടെത്തണം. സിദ്ദിഖ് സേട്ട് ഫറൂഖ് കോളേജിന് ഭൂമി കൈമാറിയ ആധാരത്തിൽ വഖഫ് എന്ന പദം വന്നതാണ് ഇത് വഖഫാണ് എന്ന് പറയുന്നതിന് അടിസ്ഥാനം. പക്ഷേ, കോളേജിന്റെ പ്രവർത്തനം നിലച്ചാൽ ഭാവിയിൽ ഭൂമി തിരിച്ചുനൽകണം, ക്രയവിക്രയം ചെയ്യാൻ കോളേജിന് അധികാരമുണ്ട് എന്നിങ്ങനെയുള്ള, വഖഫിന് യോജിക്കാത്ത വ്യവസ്ഥകൾ കൂടിയുള്ള ഈ കരാറിന്റെ നിയമസാധുത പരിശോധിക്കപ്പെടേണ്ടതാണ്. ഫറൂഖ് കോളേജ് തന്നെ ഇത് ഇഷ്ടദാനം മാത്രമാണെന്ന നിലപാടെടുത്തുകൊണ്ടാണ് ഭൂമി വിറ്റ് പണമാക്കിയത്. കോളേജ് മാനേജ്മെന്റിന് അത് നിഷേധിക്കാനാകില്ല. ക്രയവിക്രയം ചെയ്യാൻ അവർക്ക് അവകാശമില്ലാത്ത ഭൂമിയാണ് വിറ്റതെങ്കിൽ ഇതിൽ ഒന്നാംപ്രതി കോളേജായി മാറും. അതുകൊണ്ട് തന്നെ, കോടതിയിലും പൊതുജനമധ്യത്തിലും ഇതിന് വ്യക്തത വരുത്താനുള്ള ബാധ്യത അവർക്കുമുണ്ട്. ഇത് വഖഫ് ഭൂമിയല്ല എന്ന നിലപാടാണ് അവർക്ക് ഉള്ളതെന്നാണ് നിലവിലെ വിവരം. അതിലും പ്രധാനപ്പെട്ട ഒരു കാര്യമെന്തെന്നാൽ, ഈ ഭൂമി വാസ്തവത്തിൽ സിദ്ദിഖ് സേട്ടിന്റെ കുടുംബം പാട്ടത്തിനെടുത്ത ഒന്നാണ്. അത് അവർ പണം കൊടുത്തോ അല്ലാതെയോ സ്വന്തമാക്കിയതല്ലയെങ്കിൽ പിന്നെ അവർക്ക് ഈ ഭൂമി വഖഫ് നൽകാൽ അവകാശമില്ല. 1954ലെ വഖഫ് നിയമം തന്നെ നിലവിൽ വരുന്നതിനു മുമ്പാണ് ദാനമെന്നതും ഓർക്കണം. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകണം. അതുപോലെ, ഇത് എത്രയോ ദശകങ്ങളായി ആളുകൾ താമസിക്കുന്ന, വഖഫ് ആയി ഉപയോഗപ്പെട്ടിട്ടില്ലാത്ത ഭൂമിയാണ്. അങ്ങനെയൊരു ഭൂമി ഇപ്പോൾ പിടിച്ചെടുക്കുന്നതിൽ എന്ത് ന്യായമാണുള്ളത് ? സമൂഹത്തിന് ഉപകാരപ്പെടുന്നതിന് സ്വകാര്യസ്വത്ത് നീക്കിവെക്കുന്ന പ്രവൃത്തിയായാണ് വഖഫിനെ കാണേണ്ടത്. അത് പിടിച്ചെടുക്കലോ ദ്രോഹിക്കലോ ആകരുതെന്നത് എടുത്തുപറയേണ്ടതില്ല. തന്നെയുമല്ല, കൂടുതൽ അപകടകരമായ വർഗ്ഗീയവിഭജനത്തിലേക്ക് അത് നയിക്കാതെ നോക്കേണ്ടതും ഏവരുടേയും കടമയാണ്; പ്രത്യേകിച്ചും അത് ലാക്കാക്കിയുള്ള ശക്തികൾ പ്രവർത്തിക്കുമ്പോൾ. യോജിച്ചും വിട്ടുവീഴ്ച്ച ചെയ്തും സാഹോദര്യത്തിന്റെ മാതൃക കാണിക്കുവാനുള്ള അവസരമാക്കി ഈ വിഷയത്തെ മാറ്റാനാണ് സമൂഹത്തോട് പ്രതിബദ്ധതയുള്ള ഏവരും ശ്രമിക്കേണ്ടത്.
ഇവിടെ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. 404 ഏക്കറിലധികം വരുന്ന ഭൂമിയുടെ മൂന്നിലൊന്നു ഭാഗത്തു മാത്രമാണ് കുടുംബങ്ങൾ താമസിക്കുന്നത്. ബാക്കി വൻകിടക്കാരുടെയും റിസോർട്ട് ഉടമകളുടെയും കൈയിലാണ്. 212 കൈവശക്കാരിൽ 25 സെന്റു മുതൽ 175 ഏക്കർവരെ സ്വന്തമായുള്ളവരുണ്ട്. ഇന്ന് ഏറെ വിപണിമൂല്യമുള്ള ഭൂമിയാണ് ഈ പ്രദേശത്തേത്. റിസോർട്ടുകളും പുതിയ വ്യവസായശാലകളും ഉയരുന്ന ഈ കണ്ണായ സ്ഥലത്ത്, പ്രദേശവാസികളുടെ പ്രശ്നത്തിന്റെ മറവിൽ അന്യായമായി ആരുടെയും കൈവശം ഭൂമി എത്തിച്ചേരുന്നില്ല എന്നതും ഉറപ്പാക്കപ്പെണം. 2019 വരെയുള്ള കരമടച്ച രേഖകൾ പ്രകാരം, ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാർ പരസ്യപ്പെടുത്തണം. അതിൽ യഥാർത്ഥ താമസക്കാരായിട്ടുള്ളവരുടെ ഉടമസ്ഥാവകാശം പരിശോധിച്ച് സാധൂകരിച്ച് തീർപ്പാക്കിനൽകണം. അതേസമയം തന്നെ, പാർപ്പിട ആവശ്യത്തിനല്ലാതെ ഭൂമി അന്യായമായി കൈവശപ്പെടുത്തിയിട്ടുള്ളവരുണ്ടെങ്കിൽ കണ്ടെത്തുകയും വേണം. കടലാക്രമണഭീഷണി ഏറെ നേരിടുന്ന പ്രദേശം കൂടിയാണിത്. കടലെടുത്തുപോയ ഭൂമിക്കും കണക്കുണ്ടാകണം. ഇതെല്ലാം മുൻനിർത്തി, പ്രദേശത്തെ ജനങ്ങളുടെ താത്പര്യവും നീതിയും സംരക്ഷിച്ചുകൊണ്ട് തീരുമാനമെടുക്കാൻ സർക്കാർ അടിയന്തരമായി മുൻകൈയെടുക്കണം. ഇത്തരം വസ്തുതകളെല്ലാം ശേഖരിച്ച് കോടതിയുടെ സമക്ഷം സമർപ്പിക്കുകയും വേണം. ഇക്കാര്യത്തിൽ ഉത്തരവാദിത്വപൂർണവും ആത്മാർത്ഥവുമായ സമീപനമാണ് സംസ്ഥാന സർക്കാരിൽനിന്നും കേരളം പ്രതീക്ഷിക്കുന്നത്.
വർഗ്ഗീയശക്തികളുടെ മുതലെടുപ്പിന് കൂട്ടുനിൽക്കുന്ന
പിണറായി സർക്കാർ
പക്ഷേ, പിണറായി വിജയൻ സർക്കാർ ഈ വിഷയത്തിലും സമാനമായ മറ്റ് പല വിഷയങ്ങളിലും സ്വീകരിച്ചുകൊണ്ടിരിക്കുന്ന സമീപനം ഏറെ ദുരൂഹവും അപകടകരവുമാണ്. സംഘപരിവാർ ശക്തികളെ വളർത്തുന്ന, അതിനായി ജനങ്ങൾക്കിടയിൽ അകൽച്ച വർദ്ധിപ്പിക്കുന്ന നടപടികളാണ് തുടർച്ചയായി പിണറായി വിജയൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തെ ശബരിമല പ്രശ്നം ഓർക്കുക. ഇത്തവണയും ശബരിമലയിലെ സ്പോട്ട് ബുക്കിങ്ങിന്റെ പേരിൽ സങ്കീർണത സൃഷ്ടിക്കാൻ സർക്കാർ ശ്രമിച്ചത് എന്തിനാണ്? മലപ്പുറം ജില്ലയെ സ്വർണ്ണക്കള്ളക്കടത്തുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധപ്പെടുത്തി മുഖ്യമന്ത്രി നടത്തിയ പ്രസംഗങ്ങൾ ബിജെപിക്ക് മുതലെടുപ്പിനുള്ള അവസരമൊരുക്കുന്നതായിരുന്നില്ലേ? തൃശൂർ പൂരം ബിജെപിക്കുവേണ്ടി പൊലീസ് കലക്കി എന്ന് പ്രതിപക്ഷവും സിപിഐയും പറയുമ്പോഴും പൂരം കലക്കിയിട്ടില്ല എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഈ വിഷയവും തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമായെന്നോർക്കണം. ബിജെപി സംസ്ഥാന നേതൃത്വം പ്രതിസ്ഥാനത്തുള്ള കൊടകര കുഴൽപ്പണക്കേസിൽ സംസ്ഥാന സർക്കാരും പൊലീസും വർഷങ്ങളായി ആരെയാണ് സംരക്ഷിച്ചു വന്നതെന്ന് ഇപ്പോൾ വ്യക്തമാണ്. തിരിച്ച്, ഇത്രയേറെ അഴിമതി ആരോപണങ്ങൾ നേരിട്ടിട്ടും നാളിതുവരെ ഒരു കേന്ദ്ര അന്വേഷണ ഏജൻസിയും മുഖ്യമന്ത്രി പിണറായി വിജയന്റെ വാതിലിൽ മുട്ടിയിട്ടില്ല. ലാവ്‌ലിൻ കേസ് അനന്തമായി നീളുന്നതിൽ സിബിഐയുടെ മൗനം ദുരൂഹമാണ്. കേരളത്തിലെ പ്രധാന പ്രതിയോഗിയായ കോൺഗ്രസ്സിനെ ഒതുക്കാൻ സിപിഐ(എം)ഉം ബിജെപിയും തമ്മിലൊരു അന്തർധാരയുണ്ടോ എന്ന സംശയം മുമ്പെന്നെത്തേക്കാളും പ്രബലമാണിന്ന്. സംഘപരിവാർ സംഘങ്ങൾക്ക് മുതലെടുപ്പിന് അവസരമൊരുക്കി കൊടുക്കുന്ന സർക്കാരിന്റെ നിലപാടുകൾ ശക്തമായി എതിർക്കപ്പെടേണ്ടതുണ്ട്. രാഷ്ട്രീയമായും നിയമപരമായും കൃത്യമായി ഇടപെട്ട് മുനമ്പത്തെ പ്രശ്നം പരിഹരിക്കാതെ, അവിടെ ബിജെപിക്കു കടന്നുവരാനും വിഭജന രാഷ്ട്രീയം കളിക്കാനും സർക്കാർ ബോധപൂർവം അവസരമൊരുക്കുകയായിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ വിവാദ വഖഫ് ബില്ലിന് അനുകൂലമായി പരസ്യനിലപാട് കൈക്കൊള്ളാൻ ഒരു വിഭാഗം ക്രിസ്തീയ മതമേലധ്യക്ഷന്മാർക്കും, മുസ്ലീം വിരുദ്ധ പ്രചരണം നടത്താൻ മൗലികവാദ നിലപാടു പുലർത്തുന്ന ക്രിസ്ത്യൻ സംഘടനയായ കാസയ്ക്കും ധൈര്യം വന്നത് സംസ്ഥാന സർക്കാരിന്റെ ദുഷ്ടലാക്കുകൊണ്ടാണ്. ഇതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്നത് കേരളത്തിലെ ജനങ്ങളും ഇടതുപക്ഷ രാഷ്ട്രീയവുമാണ്.
വർഗ്ഗീയശക്തികൾക്ക് കൂടുതൽ മുതലെടുപ്പിന് അവസരം നൽകാതെ, മുനമ്പത്ത് അടിയന്തരമായി ഇടപ്പെട്ട് ന്യായമായ പരിഹാരം ഉണ്ടാക്കാൻ സർക്കാർ മുൻകൈയെടുക്കണം. മേലിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും വഷളാകാതിരിക്കാനും വേണ്ട ജാഗ്രത സർക്കാരും രാഷ്ട്രീയകക്ഷികളും പുലർത്തണം. അതിന് അവരെ നിർബന്ധിതരാക്കുന്ന വിധത്തിൽ ജനാധിപത്യബോധമുള്ള ജനങ്ങൾ ശക്തമായ നിലപാടെടുക്കണം; തിരുത്തൽ ശക്തിയായി പ്രവർത്തിക്കണം. സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി വർഗ്ഗീയ വിഭജനങ്ങൾ സൃഷ്ടിക്കുന്ന എല്ലാത്തരം ശക്തികളെയും ഒറ്റപ്പെടുത്തണം.