വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ മഹത്വം ഉദ്ഘോഷിച്ച : വിദ്യാര്‍ത്ഥിശക്തി സംസ്ഥാന ജാഥ

DSO-Jadha-North-3.jpeg
Share

വിജ്ഞാനത്തെയും മാനവികതയെയും സംസ്കാരത്തെയും സംരക്ഷിക്കുക, ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന നാലു വർഷ ബിരുദം(FYUGP) പിൻവലിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020ന് എതിരെ അണിനിരക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട്, ആൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (AIDSO) കേരള സംസ്ഥാന കമ്മിറ്റി, ഒക്ടോബർ 21 മുതൽ നവംബർ 9 വരെ സംഘടിപ്പിച്ച ‘വിദ്യാർത്ഥി ശക്തി’ ജാഥ സമാപിച്ചു.
ഒക്ടോബർ 21 ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ജാഥ അഖിലേന്ത്യാ പ്രസിഡന്റ് വി. എൻ.രാജശേഖർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.അലീന നയിച്ച ജാഥ വിവിധ ജില്ലകളിലൂടെയും കലാലയങ്ങളിലൂടെയും പര്യടനം നടത്തി നവംബർ 9ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സമാപിച്ചു. എഐഡിഎസ്ഒ അഖിലേന്ത്യാ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗവും കർണ്ണാടക സംസ്ഥാന സെക്രട്ടറിയുമായ സഖാവ് അജയ് കമ്മത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും വിദ്യാഭ്യാസ സ്നേഹികളെയും അണിനിരത്തിക്കൊണ്ട് സമരവേദി പടുത്തുയർത്തി, ദേശീയ വിദ്യാഭ്യാസ നയം 2020ന് എതിരെ പോരാടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അജയ് കമ്മത്ത് പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം 2020ന് എതിരെ ജനകീയ പ്രക്ഷോഭം വളർത്തിയെടുക്കാൻ ലക്ഷ്യം വെച്ചുകൊണ്ട്, എഐഡിഎസ്ഒ നവംബർ 27 മുതൽ 29 വരെ ഡൽഹിയിൽ സംഘടിപ്പിക്കുന്ന പത്താമത് അഖിലേന്ത്യാ വിദ്യാർത്ഥി സമ്മേളനത്തിന് മുന്നോടിയായാണ് സംസ്ഥാന ജാഥ സംഘടിപ്പിച്ചത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിക്കൊണ്ട് കേരളത്തിന്റെ വിദ്യാഭ്യാസരംഗം സ്വകാര്യമൂലധന ശക്തികൾക്ക് അടിയറ വെയ്ക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടികൾ വിശദീകരിച്ചുകൊണ്ട് നടന്ന ജാഥയ്ക്ക് കാമ്പസുകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഹാർദ്ദമായ സ്വീകരണം ലഭിച്ചു. നാലു വർഷ ഡിഗ്രി നടപ്പിലാക്കിക്കൊണ്ട്, എല്ലാ സർവകലാശാലകളിലും ഭീമമായ ഫീസ് വർദ്ധനവ് നടപ്പിലാക്കുമ്പോൾ നിശബ്ദത വെടിഞ്ഞ് സമരരംഗത്ത് അണിനിരക്കുകയെന്ന വിദ്യാർത്ഥി ശക്തി ജാഥയുടെ സന്ദേശം ജനാധിപത്യ വിശ്വാസികൾ തുറന്ന മനസ്സോടെ സ്വീകരിച്ചു.
ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്ന പിണറായി സർക്കാരിന്റെ കച്ചവട താൽപര്യത്തിനെതിരെ വിദ്യാഭ്യാസ സ്നേഹികളെ ഒന്നിപ്പിച്ചുകൊണ്ട്, ഒരു വിദ്യാഭ്യാസ സംരക്ഷണ പ്രസ്ഥാനം കേരളത്തിൽ സംഘടിപ്പിച്ചെടുക്കാനായുള്ള ചുവടുവെയ്പ്പായി എഐഡിഎസ്ഒ സംസ്ഥാന കമ്മിറ്റി ‘വിദ്യാർത്ഥി ശക്തി’ ജാഥയെ കാണുന്നുവെന്ന് ജാഥ ക്യാപ്റ്റൻ ഡോ.എസ്.അലീന പറഞ്ഞു.
കാഞ്ഞങ്ങാട് നടന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി അഡ്വ.ആർ.അപർണ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ അകിൽ മുരളി, കെ.റഹീം, ജാഥാ മാനേജരും സെക്രട്ടേറിയറ്റംഗവുമായ ഗോവിന്ദ് ശശി, ട്രഷറർ ആർ.മീനാക്ഷി എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജാഥയോടൊപ്പം എഐഡിഎസ്ഒയുടെ നാടകസംഘമായ ഗോർക്കി തീയറ്റേഴ്സ് അവതരിപ്പിച്ച തെരുവുനാടകവും സ്ട്രീറ്റ് ബാന്റിന്റെ അവതരണവും ഉണ്ടായിരുന്നു.

Share this post

scroll to top