ലോകമാകെയുള്ള തൊഴിലാളി വർഗ്ഗം ഇന്ന് അഭിമുഖീകരിക്കുന്ന കടുത്ത ചൂഷണവും അനീതിയും ജീവിത പ്രതിസന്ധികളും മുതലാളിത്ത ഉൽപ്പാദനഘടനയുടെ സൃഷ്ടിയാണ്. പ്രത്യേകിച്ച് അതിന്റെ ജീർണ്ണഘട്ടത്തിൽ. പരമാവധി ലാഭം കുന്നുകൂട്ടാനുള്ള മരണവെപ്രാളത്തിൽ കോർപ്പറേറ്റ് ശക്തികൾ ഭൂലോകത്തെ നരകതുല്യമാക്കി മാറ്റുകയാണ്. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ സഹജമായ നിയമങ്ങൾ പ്രവർത്തിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. മുതലാളിവർഗ്ഗ ഭരണകൂടങ്ങൾ ദയാരഹിതമായ ഈ ചൂഷണത്തിന്റെ ഉപകരണം മാത്രമാണ്. ഭരണസംവിധാനമാകെ ഉപയോഗിച്ചുകൊണ്ട് ജനങ്ങളുടെയാകെ സമ്പത്ത് കൈക്കലാക്കാൻ വേണ്ടിയുള്ള മാർഗങ്ങൾ അവലംബിക്കുന്നു. അതിനു ഉപയുക്തമായ നിയമങ്ങൾ സൃഷ്ടിക്കുന്നു. ഉരുക്കുമുഷ്ടി ഉപയോഗിച്ച് അവ നടപ്പിലാക്കുന്നു. വിധിയെന്നോണം അതൊക്കെ സഹിക്കാൻ ജനങ്ങളെ തയ്യാറെടുപ്പിക്കുന്നു.
പക്ഷേ, ഈ നരകതുല്യ ജീവിതം അനിവാര്യമല്ലെന്നും മുതലാളിത്തം സൃഷ്ടിക്കുന്ന വ്യാധികളില്ലാത്ത ഒരു ലോകം സാധ്യമാണെന്നും ലോകത്താദ്യമായി മുതലാളി വർഗ്ഗത്തെ അധികാരത്തിൽനിന്ന് നിഷ്കാസിതമാക്കി തൊഴിലാളിവർഗ്ഗ ഭരണകൂടം സ്ഥാപിച്ച സോവിയറ്റ് യൂണിയൻ തെളിയിച്ചു, സ്ഥാപിച്ചു. 70 വർഷക്കാലം നിലനിന്ന ചൈതന്യ പൂർണമായ തൊഴിലാളി ഭരണസംവിധാനം, ആ രാജ്യത്തെ തൊഴിലാളികൾക്ക് ഒന്നാകെ നൽകിയ ഉദാത്തമായ പുതിയ ജീവിതം തൊഴിലാളികളുടെ മനസ്സിൽനിന്നും മറയ്ക്കുവാനാണ് ഇന്ന്ചൂഷക വൃന്ദം ശ്രമിക്കുന്നത്. സോവിയറ്റ് യൂണിയനിൽ നടപ്പാക്കിയ സോഷ്യലിസ്റ്റ് നയങ്ങൾ ആ നാട്ടിലെ മാത്രമല്ല, ലോകമാകെയുള്ള തൊഴിലാളികളുടെ ജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾക്ക് കാരണമായി. സോവിയറ്റ് മാതൃകയിലുള്ള തൊഴിലവകാശങ്ങൾ സ്ഥാപിച്ചെടുക്കുവാൻ നടത്തിയ പോരാട്ടങ്ങളെത്തുടർന്ന് എല്ലാ രാജ്യങ്ങളിലും തൊഴിലാളി ക്ഷേമത്തിനു വേണ്ടിയുള്ള നിയമനിർമ്മാണങ്ങൾക്ക് ഭരണകൂടങ്ങൾ നിർബന്ധിതമായി. ഇരുപതാം നൂറ്റാണ്ടിൽ തൊഴിലാളികൾക്ക് അനുകൂലമായ നിയമനിർമാണങ്ങളുടെയെല്ലാം പിന്നിൽ സോവിയറ്റ് മാതൃകയുടെ അനിഷേധ്യമായ സ്വാധീനം ദൃശ്യമായിരുന്നു.
സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ചയെ തുടർന്ന്, ആഗോളവൽക്കരണനയത്തിന്റെ ആവിർഭാവത്തോടെ, അത്തരം നിയമങ്ങളെല്ലാം ബലാൽക്കാരേണ കുഴിവെട്ടി മൂടുകയാണ്. കൂലി, തൊഴിൽ സമയം, തൊഴിൽ സുരക്ഷ, തൊഴിൽ സ്ഥിരത, സംഘടിക്കാനുള്ള അവകാശം എന്നിങ്ങനെയുള്ള എല്ലാ മേഖലകളിലും പതിനെട്ടാം നൂറ്റാണ്ടിലെ കിരാതയുഗത്തിലേക്ക് മടങ്ങുകയാണ്. ഈ സാഹചര്യത്തിൽ സോഷ്യലിസ്റ്റ് വ്യവസ്ഥ തൊഴിലാളികൾക്ക് നൽകിയ മഹത്തരമായ ജീവിതം ഓർമ്മിക്കുന്നത് മുതലാളിത്ത ചൂഷണത്താൽ ചവിട്ടിയരക്കപ്പെടുന്ന തൊഴിലാളികൾക്ക് ആത്മവിശ്വാസവും പ്രതീക്ഷയും മാത്രമല്ല, പോരാട്ടത്തിന്റെ ദിശയും നൽകുവാൻ ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നു.
മുതലാളിത്തത്തിൽ അദ്ധ്വാനം അനിവാര്യമായ ഒരു ദുരിതം മാത്രമാണ്. ഈ നുകമൊന്ന് ഇറക്കിവച്ച് ആശ്വസിക്കുവാൻ ഏതൊരു തൊഴിലാളിയും ആഗ്രഹിച്ചുപോകും വിധമാണ് അദ്ധ്വാനത്തിന്റെ ഭാരം. മനുഷ്യന്റെ സ്വാഭാവികമായ സർഗ്ഗപ്രവർത്തനമല്ല, മറിച്ച് മുതലാളിത്തത്തിൽ അദ്ധ്വാനം ഏറ്റവും യാന്ത്രികവും വിരസവുമാണ്. അദ്ധ്വാനത്തിന്റെ ഫലം, തൊഴിലാളികൾക്കും സമൂഹത്തിന് ഒന്നാകെയും നിഷേധിച്ചുകൊണ്ട് ഉടമകൾ കവരുന്നതു കാണുന്ന തൊഴിലാളി, താൻ വഞ്ചിതനാകുകയാണെന്ന ബോധത്തോടെയാണ് പണിയെടുക്കുന്നത്. തന്റെ ആയുസ്സ് അപ്പാടെ കഴുത്തറപ്പൻ ലാഭമോഹികളായഏതാനും മുതലാളിമാർക്കുവേണ്ടി ഹോമിക്കപ്പെടുകയാണെന്ന വേദനയോടെയാണ് തൊഴിലാളികൾ ഇന്ന് അദ്ധ്വാനത്തിലേർപ്പെടുന്നത്. അതിനാൽ മുതലാളിത്തത്തിൽ അദ്ധ്വാനം തൊഴിലാളിയെ കെടുത്തിക്കളയുന്നു. പണിചെയ്ത് തളരുന്ന ശരീരവും രോഗപീഢകളും അന്തമില്ലാത്ത ജീവിത യാതനകളും കുടുംബാംഗങ്ങളുടെ ഇരുളടഞ്ഞ ഭാവിയുമെല്ലാം തകർത്തെറിഞ്ഞ ഒരു ചണ്ടിയായി ഒടുവിലൊടുങ്ങുന്നു മുതലാളിത്തത്തിൽ തൊഴിലാളിയുടെ ജീവിതം.
ഇതിനു നേർവിപരീതമായ ജീവിതം ഈ ഭൂമുഖത്ത് സാധ്യമാണെന്ന് മഹത്തായ സോഷ്യലിസ്റ്റ് വ്യവസ്ഥ തൊഴിലാളി വർഗ്ഗത്തെ ബോധ്യപ്പെടുത്തി. സോവിയറ്റ് സോഷ്യലിസ്റ്റ് വ്യവസ്ഥ തൊഴിലാളിവർഗ്ഗത്തിനൊന്നാകെ പകർന്നുനൽകിയത് സാമൂഹ്യബോധത്താൽ നയിക്കപ്പെടുന്ന അത്യുദാത്തമായ തൊഴിലാളിവർഗ്ഗ സംസ്കാരമാണ്. നിരാശയുടെയും ഭയാനകമായ വിരസതയുടെയും സ്ഥാനത്ത് പ്രകാശമാനമായ ഒരു ജീവിതത്തിന്റെ വാതായനം തുറന്നു. തന്റെ അദ്ധ്വാനത്തിന്റെ ഫലം സമൂഹത്തിലൊന്നാകെ പുരോഗതിയുടെയും മാറ്റത്തിന്റെയും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതു കാണുമ്പോൾ കൂടുതൽ കൂടുതൽ പണിയെടുക്കാൻ തൊഴിലാളി ആഹ്ലാദത്തോടെ സന്നദ്ധനായി. സോഷ്യലിസം അദ്ധ്വാനത്തെ ഏറ്റവും ആനന്ദകരവും സർഗ്ഗാത്മകവുമായ അനുഭവമാക്കി മാറ്റി.
സമൂഹത്തിന്റെ താൽപ്പര്യങ്ങൾക്കുവേണ്ടിയുള്ള സമർപ്പണത്തിന്റെ സംസ്കാരം മനുഷ്യാദ്ധ്വാനത്തിന്റെ ചരിത്രത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു. അദ്ധ്വാനം ഒരു വൈകാരിക പ്രവർത്തനമായി മാറി. ശിൽപ്പരചനയിൽ മുഴുകുന്ന ഒരു ശിൽപ്പിയുടെ ആഹ്ലാദത്തോടെ തൊഴിലാളികൾ പണിയെടുത്തു. എട്ട് ഷിഫ്റ്റ് അദ്ധാനംകൊണ്ട് ഉൽപ്പാദിപ്പിക്കുന്ന കൽക്കരി, ഒറ്റ ഷിഫ്റ്റുകൊണ്ട് ഉൽപ്പാദിപ്പിച്ച അലക്സാണ്ടർ സ്റ്റഖ്നോവൈറ്റിനെയും റെക്കാർഡ് ഉൽപ്പാദനം സൃഷ്ടിച്ച മേരി ഡെംചെങ്കോവിനെയും സോവിയറ്റ് സോഷ്യലിസം വാർത്തെടുത്തു. രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്ന ഉൽപ്പാദന – സാമ്പത്തിക മേഖലയെ ചാരത്തിൽ നിന്ന് പറന്നുയരുന്ന ഫീനിക്സിനെപ്പോലെ പുതുക്കിപ്പണിതത് തൊഴിലാളി വർഗ്ഗത്തിന്റെ ഈ സംസ്കാരമായിരുന്നു. ലോകം അത്ഭുതാദരങ്ങളോടെ നോക്കിനിന്ന ഈ ഉയിർത്തെഴുന്നേൽപ്പ് സാധ്യമാക്കിയത്, ഒരു പുതുശക്തിയായി മാറിയ സോവിയറ്റ് തൊഴിലാളിയുടെ ആത്മസമർപ്പണമായിരുന്നു.
തൊഴിലില്ലായ്മ പരിപൂർണ്ണമായി തുടച്ചുനീക്കപ്പെട്ടു
മുതലാളിത്ത സാമൂഹികക്രമത്തോടൊപ്പം പിറവികൊണ്ട് അതിന്റെ അന്ത്യം വരെ തുടരുന്ന വ്യാധിയാണ് തൊഴിലില്ലായ്മ. മറ്റു ജീവികളിൽനിന്ന് മനുഷ്യനെ വേർതിരിക്കുന്നത് അധ്വാനമാണ്; പുതിയ മൂല്യസൃഷ്ടിയാണ്. അധ്വാനശേഷിയുള്ള കോടാനുകോടി മനുഷ്യർക്ക് അധ്വാനിക്കാനുള്ള അവസരം നിഷേധിച്ചുകൊണ്ട്, തൊഴിൽരഹിതരായി നിലനിർത്തിക്കൊണ്ട് മാത്രമേ ആ വ്യവസ്ഥിതിക്ക് നിലനിൽക്കാനാവൂ. മുതലാളിത്തത്തെ സംബന്ധിച്ച് തൊഴിലില്ലാത്തവർ ഒരു കരുതൽ സേനയാണ്. അവരെ കാട്ടിയാണ് തൊഴിലാളികളെ ഭീകരമായ ചൂഷണത്തിന് വിധേയമാക്കുന്നത്, കൂലി കുറയ്ക്കുന്നത്. പ്രവൃത്തിസമയം കൂട്ടുന്നത്; യഥേഷ്ടം പിരിച്ചുവിടുന്നത്.
മുതലാളിത്ത രാജ്യങ്ങളെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് 1930ഓടെ, വിപ്ലവം നടന്ന് ഒരു ദശകം കഴിഞ്ഞപ്പോൾ സോവിയറ്റ് യൂണിയനിൽ തൊഴിലില്ലായ്മ പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടു. ലോകത്താദ്യമായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് അടച്ചുപൂട്ടിയ രാജ്യമായി 1935ൽ സോവിയറ്റ് റഷ്യ മാറി. തൊഴിലില്ലായ്മയെന്ന സാമൂഹിക അർബുദത്തെ തുടച്ചു മാറ്റിയത് ഒരു സോഷ്യലിസ്റ്റ് വിജയഹർഷമാണ്. ലോകത്താദ്യമായാണ് അധ്വാനശേഷിയുള്ളവരിൽ തൊഴിലില്ലാത്തവരായി ആരുമില്ലാത്ത ഒരു രാജ്യം ഉയർന്നുവരുന്നത്. മുതലാളിത്ത ലോകത്തെ സകല കുടുംബങ്ങളും ഭീതിയോടെ കണ്ടിരുന്ന ഒരു ദുർവിധിയിൽ നിന്ന് സോവിയറ്റ് യൂണിയൻ കരകയറിയത് ലോകമാകെ ഭീകരമായ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽപ്പെട്ട് ഫാക്ടറികൾ അടച്ചുപൂട്ടി തൊഴിലാളികളെ പിരിച്ചുവിട്ടു കൊണ്ടിരുന്ന കാലത്താണ് എന്നതും ശ്രദ്ധേയം. ലോകത്തെമ്പാടുമുള്ള തൊഴിലാളികളിലും തൊഴിലില്ലായ്മ ക്കെതിരെ മനുഷ്യ സ്നേഹ തൽപരതയോടെ, മനോവിഷമത്തോടെ പ്രവർത്തിച്ച മഹാന്മാരായ സാമൂഹ്യ പരിഷ്കർത്താക്കളിലും സോഷ്യലിസ്റ്റ് വ്യവസ്ഥയോട് വല്ലാത്തൊരു ആഭിമുഖ്യം വളർത്തിയ ഒരു നേട്ടമാണിത്. തൊഴിലില്ലായ്മ ഇല്ലാതാക്കി എന്ന് മാത്രമല്ല മതിയായ എണ്ണം തൊഴിലാളികളെ ലഭിക്കാത്ത ഒരു സാഹചര്യവും സൃഷ്ടിക്കപ്പെട്ടു എന്നത് കൗതുകകരമാണ്. തൊഴിലിനുള്ള അവകാശം ഭരണഘടനയിൽ എഴുതിച്ചേർത്തു എന്നതുകൊണ്ട് മാത്രമല്ല, കായികശേഷിയുള്ള മുഴുവൻ ആളുകളെയും രാജ്യത്തെ നിർമ്മിക്കാനും പരിപോഷിപ്പിക്കാനും അതിന്റെ സദ്ഫലങ്ങൾ എല്ലാവരിലും എത്തിക്കാനുമുള്ള ശ്രമത്തിന്റെ ഫലമായാണ് അതുണ്ടായത്. തൊഴിലില്ലായ്മ ഇല്ലാതായത് സോഷ്യലിസത്തിന്റെ ഒരു ഉപോൽപന്നമായാണ്. 1936ലെ സോവിയറ്റ് ഭരണഘടനയിൽ പൗരന്മാർക്ക് നൽകിയ തൊഴിലാവകാശത്തിൽ,ഓരോരുത്തരുടെയും ശേഷിയും ആഭിമുഖ്യവും പരിശീലനവും വിദ്യാഭ്യാസവും അനുസരിച്ച് തൊഴിൽ മേഖല തിരഞ്ഞെടുക്കാനുള്ള അവകാശവും ഉൾപ്പെട്ടിരുന്നു. സാമൂഹികമായ ആവശ്യകത തീർച്ചയായും കണക്കിലെടുക്കപ്പെടും. ഏവരും സാമൂഹികമായി പ്രയോജനമുള്ള ഏതെങ്കിലും ഒരു മേഖലയിൽ പ്രവർത്തിക്കുക എന്നത് അഭിമാനകരമായ ഒരു ചുമതലയായി കണ്ടു.
കൂലിയും തൊഴിലും ആനുകൂല്യങ്ങളും തൊഴിൽ സാഹചര്യങ്ങളും- സോവിയറ്റ് മാതൃക
തൊഴിലാളിയുടെ കൂലി പരമാവധി കുറച്ചു കൊണ്ടുവരിക എന്നതിലും ഉൽപാദനക്ഷമത കൂട്ടുക എന്നതിലുമാണ്, മൂലധന ശക്തികൾ തമ്മിൽ അടിസ്ഥാന മത്സരം നടക്കുന്നത്. തൊഴിലാളിക്ക് മനുഷ്യോചിതമായ ഒരു ജീവിതം അസാധ്യമാവുക എന്ന അവസ്ഥയിലേക്കാണ് അത് നയിക്കുന്നത്. അങ്ങനെയാണ് മുതലാളിത്ത സമ്പദ്ക്രമത്തിന്റെ നിയമങ്ങൾ പ്രവർത്തിക്കുന്നത്.
സോവിയറ്റ് യൂണിയനിൽ പണമായി നൽകുന്ന കൂലിയും യഥാർത്ഥ വേതനവും ക്രമേണ വർദ്ധിച്ചു വന്നു. വിലക്കയറ്റം ഇല്ലാതായി എന്ന് മാത്രമല്ല,വിലകൾ അനുക്രമമായി കുറഞ്ഞുവന്നതു കൊണ്ടുമാണ് യഥാർത്ഥ വേതനം വർദ്ധിച്ചത്. ഒരു തൊഴിലാളിയുടെ വരുമാനത്തിന്റെ 80 ശതമാനമാണ് വേതനം. ബാക്കി 20 ശതമാനം ബോണസുകളുടെ രൂപത്തിലാണ് വരുന്നത്. കൂടിയ വേതനവും കുറഞ്ഞ വേതനവും തമ്മിലുള്ള അന്തരം പരമാവധി കുറച്ചു കൊണ്ടുവന്നു. പണമായി നൽകുന്ന വേതനത്തിന് പുറമേ പല സാമൂഹിക ആനുകൂല്യങ്ങളും നൽകപ്പെടുന്നു. അവരുടെ കുടുംബജീവിതത്തിന്റെ നിലവാരം ഉയർത്തുന്നതിൽ വലിയൊരു പങ്കുവഹിക്കുന്ന സാമൂഹിക വേതനമാണത്. സൗജന്യമായോ കുറഞ്ഞ വാടക നിരക്കിലോ നൽകുന്ന വീടുകൾ,സൗജന്യമായി നൽകുന്ന ഇന്ധനം, വെള്ളം, വൈദ്യുതി, ഗതാഗതം, ആരോഗ്യപരിപാലനം എന്നിവയൊക്കെ ഈ ഗണത്തിൽപെടും. പുരുഷനും സ്ത്രീക്കും ഒരേ വേതനം ഉറപ്പുവരുത്തിയിരുന്നു. ഇതിന്റെയൊക്കെ ഫലമായി പ്രതിശീർഷ വരുമാനത്തിന്റെ വളർച്ച, ഉൽപാദനക്ഷമതയുടെ വളർച്ചയേക്കാൾ കൂടി. 1938 ൽ അവസാനിച്ച 10 വർഷം കൊണ്ട് തൊഴിലാളികളുടെ വരുമാനം മൂന്നര ഇരട്ടി വർദ്ധിച്ചു. വിപ്ലവ പൂർവ്വ റഷ്യയിൽ തൊഴിലാളികൾ പ്രതിദിനം 10 മുതൽ 12 മണിക്കൂർ വരെ പ്രവൃത്തിയെടുക്കണമായിരുന്നു. വിപ്ലവാനന്തരം ആദ്യത്തെ നിയമനിർമ്മാണത്തിലൂടെ 8 മണിക്കൂർ തൊഴിൽ ഏർപ്പെടുത്തി. 1926ൽ അത് 7.5 മണിക്കൂർ ആയി കുറച്ചു. 1927ൽ ആറ് പ്രവർത്തി ദിനങ്ങളും പ്രതിദിനം ഏഴ് മണിക്കൂറുമാക്കി. അപകട സാധ്യതയുള്ള ഇടങ്ങളിൽ ആറുമണിക്കൂറായിരുന്നു. 1929 ൽ പ്രതിദിനം അഞ്ചുമണിക്കൂറാക്കാൻ തീരുമാനിച്ചു. രണ്ടാം ലോക യുദ്ധത്തിനുതൊട്ടുമുമ്പ് യുദ്ധകാല ഉത്പാദനം പരിഗണിച്ച് അത് വീണ്ടും എട്ടുമണിക്കൂർ ആക്കി. 1961ൽ ആഴ്ചയിൽ 5 തൊഴിൽ ദിനങ്ങളാക്കി കുറച്ചു.നാല് ആഴ്ചവരെ ശമ്പളത്തോടുകൂടിയ അവധിക്കാലം അനുവദിച്ചിരുന്നു. പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിച്ചു. മിനിമം പെൻഷൻ, വേതനത്തിന്റെ 50% ആയി നിജപ്പെടുത്തിയിരുന്നു. സുരക്ഷ ഇൻസ്പെക്ഷൻ വിട്ടുവീഴ്ചയില്ലാതെ നടന്നതുകൊണ്ട് അപകടങ്ങളും തൊഴിൽ ജന്യരോഗങ്ങളും തീരെ കുറഞ്ഞതായി.
തൊഴിലവകാശങ്ങളുടെ കാവൽക്കാരായ ട്രേഡ് യൂണിയനുകൾ
ട്രേഡ് യൂണിയൻ അവകാശങ്ങൾ ഉറപ്പാക്കി എന്ന് മാത്രമല്ല, തൊഴിൽ സംബന്ധമായി വരുന്ന എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യാനുള്ള അവകാശങ്ങളും ട്രേഡ് യൂണിയനുകൾക്ക് നൽകപ്പെട്ടു. ഫാക്ടറികളിലെ സോവിയറ്റുകൾ ജനാധിപത്യ അന്തരീക്ഷം ദൃഢമായി പരിപാലിച്ചു. തൊഴിൽവ്യവസ്ഥ നിർണയിക്കുന്നതിലും ഉൽപാദന അന്തരീക്ഷം ഒരുക്കുന്നതിലും തൊഴിലാളി യൂണിയനുകൾ തീരുമാനമെടുത്തു. യാതൊന്നും മുകളിൽ നിന്ന് അടിച്ചേൽപ്പിക്കപ്പെട്ടില്ല. സോവിയറ്റ് യൂണിയനിൽ 23 വൻ ട്രേഡ് യൂണിയനുകൾ ഉണ്ടായിരുന്നു. സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളും യൂണിയനുകൾ ഏറ്റെടുത്തു. ക്ലബ്ബുകളും ലൈബ്രറികളും സ്റ്റഡീസ് സർക്കിളുകളും സാഹിത്യ പ്രസിദ്ധീകരണങ്ങളും അവർ പുറത്തിറക്കി.
സാമൂഹ്യ സുരക്ഷ
1936ലെ ഭരണഘടന നൽകിയിട്ടുള്ള സാമൂഹ്യ സുരക്ഷാവകാശത്തിന് അനുരോധമായി ഏവർക്കും വാർദ്ധക്യകാല പെൻഷനും സാമൂഹ്യ ഇൻഷുറൻസുകളും ഏർപ്പെടുത്തി. സോവിയറ്റ് കാലത്തിന്റെ അവസാനംവരെ ഈ ആനുകൂല്യങ്ങൾ വർദ്ധിച്ചുകൊണ്ടേയിരുന്നു. കൂടുതൽ കുട്ടികള്‍ ഉള്ളവർക്ക് കൂടുതൽ ആനുകൂല്യങ്ങളും നൽകപ്പെട്ടു. ഈ സാമൂഹ്യ സുരക്ഷയ്ക്കുവേണ്ടിവരുന്ന തുക ഗവൺമെന്റ് തന്നെയായിരുന്നു നൽകിയിരുന്നത്. വ്യക്തിപരമായി യാതൊരു പങ്കും നൽകേണ്ടിയിരുന്നില്ല. വിരമിച്ചവർക്കും പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റിക്കൊണ്ടുതന്നെ തുടർന്നും പണിയെടുക്കാൻ അവകാശമുണ്ടായിരുന്നു.
ബാലവേല നിഷ്കാസനം ചെയ്തു
വിപ്ലവപൂർവ്വ കാലത്ത് ബാലവേല റഷ്യയിൽ എല്ലാ മേഖലകളിലും നിലനിന്നിരുന്നു. അതിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ ഫലമായി തൊഴിലെടുക്കാനുള്ള മിനിമം പ്രായം 12 ആയി നിശ്ചയിച്ചു. 12 മുതൽ 15 വരെ പ്രായമുള്ളവർക്ക് രാത്രികാല ജോലിയും നിഷേധിച്ചു. പക്ഷേ ഒന്നാം ലോക യുദ്ധ കാലത്ത് ഈ നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ട് നിയമം പാസ്സാക്കി. കുട്ടികൾക്ക് രാത്രികാല പണിയും ഖനികളിലെ പണിയും നിയമംമൂലം തിരിച്ചുകൊണ്ടുവന്നു.
തൊഴിലാളിവർഗ്ഗ വിപ്ലവം നടന്നതിനുശേഷം ആദ്യമായി പാസാക്കിയ ഡിക്രികളിലൊന്ന് ബാലവേല നിരോധിച്ചുകൊണ്ടുള്ളതായിരുന്നു. 16 വയസ്സിൽ താഴെയുള്ളവരെ പണിയെടുപ്പിക്കുന്നത് നിരോധിച്ചു. 18 വയസ്സിൽ താഴെയുള്ളവരെ അപകട സാധ്യതയുള്ള ഇടങ്ങളിൽ തൊഴിൽ നിയോഗിക്കുന്നതും നിരോധിച്ചു. കുടുംബത്തിലെ മുതിർന്നവർക്കെല്ലാം തൊഴിലുള്ള ഭൗതിക സാഹചര്യം ബാലവേല അപ്രത്യക്ഷമാകാൻ ഇടയാക്കി. ഉന്നത വിദ്യാഭ്യാസവും സൗജന്യമായതോടെ യുവാക്കൾ കൂടുതൽ അക്കാദമിക പഠനങ്ങളിൽ മുഴുകി.
മുതലാളിത്ത വ്യവസ്ഥയുടെ ഏറ്റവും ഭീകരമായ മുഖമാണ് ബാലവേല. ഇന്ത്യയിൽ ഒരു കോടി പത്തുലക്ഷം ബാലവേലക്കാർ ഉണ്ടെന്ന് ഐഎൽഒ പഠനം വ്യക്തമാക്കുന്നു. ‘റാറ്റ് ഹോൾ മൈനേഴ്സ് എന്നറിയപ്പെടുന്ന കുട്ടികൾ ചെറിയ എലി മാളം പോലുള്ള തുരങ്കളിലൂടെ നുഴഞ്ഞുകയറി കൽക്കരി ഖനനം നടത്തുന്നത് ഇന്നും ഇന്ത്യയിൽ തുടരുന്നു.
വനിതാ തൊഴിലാളികൾ
വിപ്ലവം വനിതാ തൊഴിലാളികൾക്ക് മുമ്പ് സങ്കൽപ്പിക്കാനാവാത്ത പദവിയും പ്രാമുഖ്യവും നൽകി. അന്നുമുതൽ തൊഴിലിന്റെയും ഭരണസംവിധാനത്തിന്റെ നടത്തിപ്പിലും സമ്പൂർണ്ണമായ തുല്യത നൽകപ്പെട്ടു. സമൂഹത്തിന്റെ പകുതിയോളം വരുന്ന സ്ത്രീ സമൂഹം വീടിന്റെ നാലതിരുകളിൽ നിന്ന് പുറത്തുവന്ന് എല്ലാ രംഗത്തും തങ്ങളുടെ ശോഭ തെളിയിച്ചു. ആ തൊഴിൽശേഷി സമ്പദ് വ്യവസ്ഥക്ക് കുതിച്ചുചാട്ടമുണ്ടാവാൻ ഒരു പ്രധാന കാരണമായി. തുല്യജോലിക്ക് തുല്യവേതനം ലോകത്ത് ആദ്യമായി യാഥാര്‍ത്ഥ്യമാക്കിയ രാജ്യം സോവിയറ്റ് യൂണിയനാണ്. പ്രസവത്തിനു മുമ്പും ശേഷവും പൂർണ ശമ്പളത്തോടെ അവധി നൽകപ്പെട്ടു. നാലുമാസത്തെ ശമ്പളത്തോടുകൂടിയ മാതൃത്വ അവധി ആദ്യമായി നൽകിയത് സോവിയറ്റ് യൂണിയനാണ്. കുട്ടികളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ക്രഷുകളുടെയും നഴ്സറികളുടെയും മാതൃശിശു പരിചരണാലയങ്ങളുടെയും ശൃംഖല വൻതോതിൽ ഏർപ്പാടാക്കിയതുവഴി സ്ത്രീകൾ അമ്മമാരെന്ന നിലയിൽ അനുഭവിച്ച കഷ്ടപ്പാടുകളിൽനിന്നും മോചിതമായി. അവരുടെ സേവനം സമൂഹ നിർമ്മിതിക്കായി കൂടുതൽ ലഭ്യമായി.
തൊഴിലാളിവർഗ്ഗ ഭരണകൂടത്തിന്റെ ആദ്യ നടപടികളിൽ ഒന്നായിരുന്നു വ്യഭിചാരം നിരോധിച്ചുകൊണ്ടുള്ള തീരുമാനം. ഏതൊരു സ്ത്രീക്കും ജീവിതമാർഗം എന്ന നിലയിൽ മാന്യമായ തൊഴിൽ ഉറപ്പായതും സമൂഹത്തിന്റെ ആകെ സാംസ്കാരികമായ ഔന്നിത്യം ഉയർന്നതുമെല്ലാം സോവിയറ്റ് ഭരണത്തിൽ വ്യഭിചാരം ഇല്ലാതാവാൻ കാരണമായി. സോവിയറ്റ് ചേരി തകർന്നതിന്റെ ഏറ്റവും കരളലിയിപ്പിക്കുന്ന, വേദനയോടെ മാത്രം കാണാവുന്ന ഒന്നാണ് സോഷ്യലിസ്റ്റ് വ്യവസ്ഥ പ്രദാനം ചെയ്ത അത്യുന്നത ബഹുമതിയാർന്ന പദവിയിൽ നിന്ന് സ്ത്രീസമൂഹം നിലംപതിച്ചത്. മുതലാളിത്തം പുന:സ്ഥാപിക്കപ്പെട്ടതോടെ റഷ്യൻ വനിതകൾ ജീവിക്കാൻ മാർഗ്ഗമില്ലാതെ യൂറോപ്പിലെ തെരുവുകളിൽ വേശ്യകളായി അലയുന്നരംഗം സോഷ്യലിസ്റ്റ് വിരുദ്ധർക്ക് ആനന്ദം നൽകുന്ന കാഴ്ചയായി.
യാചകരും അലഞ്ഞു തിരിയുന്ന വരും എന്ന വിഭാഗം സമ്പൂർണ്ണമായി ഇല്ലാതായതാണ് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ മറ്റൊരു മഹിമ. തൊഴിലില്ലായ്മ ഇല്ലാതായതോടെ ആർക്കും തന്നെ യാചകവൃത്തിയിലേക്ക് പോകേണ്ടിവന്നില്ല. വീടില്ലാത്ത, വികലാംഗരായ, ഉപേക്ഷിക്കപ്പെട്ട കുട്ടികളും വൃദ്ധന്മാരുമായ സകലരെയും സംരക്ഷിക്കുവാനും അവർക്ക് മാന്യമായ ജീവിത സാഹചര്യം ഒരുക്കുവാനും കഴിഞ്ഞതോടെ ഇത:പര്യന്തമുള്ള കാലത്താകെ ഉണ്ടായിരുന്ന ഈ വ്യാധിയെ ഇല്ലാതാക്കാൻ കഴിഞ്ഞു. മുതലാളിത്ത ലോകത്തെ പറുദീസ എന്ന് കരുതപ്പെടുന്ന യു എസിലെ എല്ലാ നഗരങ്ങളിലും ഭിക്ഷാടനവും അലഞ്ഞു തിരിയുന്ന വൃദ്ധരും കുട്ടികളും വീടില്ലാതെ തെരുവിൽ കഴിയുന്നവരും ധാരാളമുണ്ട്. ഒരൊറ്റ ദിവസത്തെ കണക്കെടുപ്പിൽ അഞ്ചരലക്ഷം പേർ വീടില്ലാതെ തെരുവിൽ കഴിയുന്നു എന്ന് വെളിപ്പെട്ടു. യഥാർത്ഥ കണക്ക് ഇതിൽ എത്രയോ അധികമുണ്ടാകും എന്നതാണ് യാഥാർത്ഥ്യം.
മനുഷ്യരാശിയുടെ ഇത:പര്യന്തമുള്ള ചരിത്രത്തിലെ ഒരു ചെറിയ ഖണ്ഡം മാത്രമാണ് സോവിയറ്റ് യൂണിയനിലെ തൊഴിലാളിവർഗ്ഗ ഭരണകൂടം അധികാരത്തിലിരുന്ന 70 വർഷങ്ങൾ. ഈ കാലയളവിൽ ചൂഷണമില്ലാത്ത, ചൂഷകന്റെ ആധിപത്യമില്ലാത്ത ഒരു ലോകത്ത് മനുഷ്യജീവിതത്തിന്റെ മഹത്വമാർന്ന, അഭിമാനപൂർവമായ ജൈവചിത്രങ്ങളാണ് നാം ദർശിച്ചത്. ശാസ്ത്രത്തിന്റെ വികാസത്തോടെയുണ്ടായ ഉത്പാദനശക്തികളുടെ വികാസം ഭൂമിയിലെ സകല മനുഷ്യർക്കും സുഭിക്ഷമായ ഒരു ജീവിത സാഹചര്യമൊരുക്കാൻ ഇരുപതാം നൂറ്റാണ്ടിന്റെ ഉദയത്തോടെ അവസരമൊരുങ്ങി. അതിന്റെ സ്വാഭാവികമായ സാക്ഷാത്കാരമാണ് സോവിയറ്റ് യൂണിയനിൽ തൊഴിലാളിവർഗ്ഗ വിപ്ലവത്തോടെ സംഭവിച്ചത്.
സോവിയറ്റ് യൂണിയനിൽ സോഷ്യലിസ്റ്റ് വ്യവസ്ഥ തകർന്നതിന് തുടർന്ന് മുതലാളിത്തം പുന:സ്ഥാപിക്കപ്പെട്ടതോടെ ആ രാജ്യം അധഃപതനത്തിന്റെ എല്ലാ സീമകളും കടന്നു. തൊഴിലാളി വർഗ്ഗ ഭരണകൂടവും മുതലാളിത്ത ഭരണകൂടവും തമ്മിലുള്ള വ്യത്യസ്തത എന്തെന്ന് ലോകത്തിന് പൊടുന്നനെ വ്യക്തമായി. തൊഴിലാളിവർഗ്ഗം അടിമ സമാനമായ അവസ്ഥയിലേക്ക് മാറി. ജീവിതം താറുമാറായി. ആയുസ്സ് കുറഞ്ഞു. സമ്പത്താകെ ഒരുപറ്റം മുതലാളിത്ത കഴുകന്മാരുടെ കൈയിലായി.
മഹത്തായ സോഷ്യലിസ്റ്റ് സമൂഹത്തിന്റെ സുരഭിലമായ ആ കാലത്തിന്റെ സൃഷ്ടിക്ക് നാന്ദി കുറിച്ച മഹാനായ ലെനിനെ തുടർന്ന് സോഷ്യലിസത്തെ ഉത്തുംഗ പദവിയിലേക്ക് എത്തിക്കാൻ നേതൃത്വം കൊടുത്ത മഹാനായ സ്റ്റാലിന്റെ വാക്കുകൾ കേൾക്കുക. “സോവിയറ്റ് റിപ്പബ്ലിക്കിനെ തകർക്കുന്നതിൽ മൂലധനശക്തികൾ വിജയിച്ചാൽ എന്താവും സംഭവിക്കുക? എല്ലാ മുതലാളിത്ത- കൊളോണിയൽ രാജ്യങ്ങളിലും ഏറ്റവും കടുത്ത പിന്തിരുപ്പൻ യുഗം വന്നു മൂടും. തൊഴിലാളി വർഗ്ഗത്തിന്റെയും അടിച്ചമർത്തപ്പെടുന്ന ജനങ്ങളുടെയും കഴുത്തിൽ കരാളമായ നഖങ്ങളാഴ്ത്തപ്പെടും. സാർവ്വദേശീയ കമ്മ്യൂണിസത്തിന്റെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടും”. എത്ര പ്രവചന തുല്യമായ വാക്കുകൾ.
സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ചയോടെ ഇന്ന് റഷ്യയിലെ മാത്രമല്ല, ലോകമാകെയുള്ള തൊഴിലാളി വർഗ്ഗത്തിന്റെ ജീവിതം നരകസമാനമായിരിക്കുന്നു. തൊഴിലാളി വർഗ്ഗത്തിന്റെ മാത്രമല്ല മനുഷ്യരാശിയുടെ തന്നെ പതനത്തിന് വഴിയൊരുക്കുന്ന സർവാംഗം ജീർണിച്ച മുതലാളിത്തത്തിനെതിരെ ലോക തൊഴിലാളി വർഗ്ഗം ശരിയായ തൊഴിലാളി വർഗ്ഗ രാഷ്ട്രീയം കൈമുതലാക്കിക്കൊണ്ട് ഉണർന്നെണീക്കുക മാത്രമാണ് മനുഷ്യ ജീവിതത്തിൽ മഹത്വം പുന:സ്ഥാപിക്കാനും പരിപോഷിക്കാനുമുള്ള ഒരേയൊരു മാർഗം. മനുഷ്യസമൂഹത്തിന്റെ വികാസത്തിന്റെ അലംഘനീയമായ ശാസ്ത്രീയ തത്വങ്ങൾ പ്രവർത്തിക്കും എന്നതിനാൽ മുതലാളിത്തം അന്തിമ വ്യവസ്ഥിതി അല്ല എന്നും സോഷ്യലിസത്തിലൂടെ മനുഷ്യരാശി വർഗ്ഗരഹിത സമൂഹത്തിൽ എത്തിച്ചേരുമെന്നുമുള്ള യാഥാർത്ഥ്യം സുനിശ്ചിതമാണ്. തൊഴിലാളിവർഗ്ഗ മുന്നേറ്റങ്ങൾ വീണ്ടും ശക്തിപ്പെട്ടു വരും എന്നതും സുനിശ്ചിതമാണ്.