ബ്രിട്ടീഷ് ആധിപത്യത്തോട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയ വിവിധ വിപ്ലവഗ്രൂപ്പുകളിൽ പ്രവർത്തിച്ചിരുന്ന ഏതാനുംപേർ ചേർന്നാണ് സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്) എന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 1948ൽ രൂപം നൽകുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് മുഖ്യമായും നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വിദേശാധിപത്യത്തിന് അന്ത്യംകുറിച്ച് തദ്ദേശീയ ഭരണം സ്ഥാപിക്കണമെന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ചൂഷണവാഴ്ചയ്ക്ക് അറുതിവരുത്താൻ അതുവഴി സാധ്യമാകില്ല എന്ന് തിരിച്ചറിഞ്ഞവരാണ് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാനായി മുന്നോട്ടുവന്നത്.
ക്വിറ്റ് ഇന്ത്യ സമരകാലത്തെ ജയിൽവാസം ഈ വിപ്ലവകാരികൾക്ക് തീക്ഷ്ണമായ പ്രത്യയശാസ്ത്രസമരത്തിന് അവസരം നൽകി. ജീവിതത്തിന്റെ സമസ്തരംഗങ്ങളിലുമുള്ള സമൂലമായ മാറ്റമാണ് വിപ്ലവം എന്നതുകൊണ്ടുതന്നെ ജീവിതത്തെയാകമാനം പരിവർത്തനപ്പെടുത്തുന്നവർക്കേ അതിന് നേതൃത്വം നൽകാനാകൂ എന്നവർ മനസ്സിലാക്കിയിരുന്നു. ആ പരിവർത്തനം മാർക്സിസമെന്ന മഹനീയ ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് നടത്തേണ്ടത്. ആ ദർശനത്തിന്റെ അടിസ്ഥാനപാഠങ്ങളും അതിന്റെ മൗലികമായ ധാരണകളും ആർജ്ജിച്ചെടുക്കാനുള്ള തീവ്രമായ ശ്രമം അവർ ആരംഭിച്ചു. ജയിൽ മോചിതരായശേഷവും കഠിനതരമായ ആ സമരം തുടർന്നു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി കെട്ടിപ്പടുക്കാനായി അവര്‍ നടത്തിയ ആ സമരം ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒന്നായിരുന്നു.
1920കള്‍ മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(സിപിഐ) ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നു. ലോകവ്യാപകമായി കമ്മ്യൂണിസ്റ്റ് ദര്‍ശനത്തിനുണ്ടായിരുന്ന യശസ്സും ജനപിന്തുണയും സ്വഭാവികമായും ജനങ്ങളെ സിപിഐ പ്രസ്ഥാനത്തില്‍ അണിനിരക്കാന്‍ പ്രേരിപ്പിച്ചു. പ്രതീക്ഷയോടെ ജനങ്ങള്‍ ആ പ്രസ്ഥാനത്തെ നോക്കിക്കണ്ടു. എന്നാല്‍ ദേശീയ പ്രസ്ഥാനത്തിലെ വര്‍ഗ്ഗവിന്യാസങ്ങളെയും ധാരകളെയും മാര്‍ക്‌സിസ്റ്റ് വിശകലന പദ്ധതിപ്രകാരം വിലയിരുത്തുന്നതില്‍ അവര്‍ പൂര്‍ണ്ണമായും പരാജയപ്പെടുകയുണ്ടായി. സ്വാഭാവികമായും തദനുസൃതമായ തെറ്റുകള്‍ രാഷ്ട്രീയ നിലപാടുകളിലും ഉണ്ടായി. ക്വിറ്റ് ഇന്ത്യ സമരകാലത്ത് സ്വീകരിച്ച നിലപാട് ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍നിന്നുതന്നെ അവരെ അകറ്റാന്‍ ഇടയാക്കി. സ്വാതന്ത്യാനന്തരം ഇന്‍ഡ്യയില്‍ അധികാരത്തില്‍ അവരോധിതമായ ഭരണകൂടത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കുന്നതിലും സാമ്പത്തിക ഘടനയെ വിലയരുത്തുന്നതിലും അവര്‍ തീര്‍ത്തും പരാജയപ്പെട്ടു. സാമ്പത്തിക- രാഷ്ട്രീയ സാഹചര്യത്തെ നിര്‍ണ്ണയിക്കുന്നതില്‍ സംഭവിച്ച ഈ ഗുരുതരമായ പരാജയം, രാജ്യത്തിന്റെ വസ്തുനിഷ്ഠ വിപ്ലവപ്രക്രിയയെയും അതിന്റെ സങ്കീര്‍ണ്ണതകളെയും പ്രതിഫലിപ്പിക്കുന്ന അടിസ്ഥാന രാഷ്ട്രീയ ലൈന്‍ രൂപപ്പെടുത്താന്‍ അവര്‍ക്ക് കഴിയാതെ പോയി.
ശരിയായ മാര്‍ക്‌സിസ്റ്റ് വീക്ഷണവും വിശകലന രീതിയും പ്രയോഗപദ്ധതിയും ഗ്രഹിക്കുന്നതില്‍ ഇക്കൂട്ടര്‍ക്ക് സംഭവിച്ച അടിസ്ഥാനപിശക്, രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ മാത്രമല്ല, ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലും മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ പ്രയോഗവത്ക്കരിക്കുന്നതില്‍ ശേഷിയില്ലാത്തവരായി അവരെ മാറ്റി. ബൂര്‍ഷ്വാ മാനവവാദവീക്ഷണത്തില്‍ അധിഷ്ഠിതമായ ധാര്‍മ്മിക സദാചാര നൈതിക ധാരണകളില്‍നിന്നും തികച്ചും വ്യത്യസ്തമായ കമ്മ്യൂണിസ്റ്റ് ധാര്‍മ്മിക സദാചാര നൈതിക ധാരണകളെ അടിസ്ഥാനമാക്കിയുള്ള തൊഴിലാളിവര്‍ഗ്ഗ സംസ്‌കാരം നേതാക്കളുടെ വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും, സചേതനമായി പ്രയോഗിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ ഉയര്‍ന്ന സാംസ്‌കാരിക ജീവിതം രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് ആനുപാതികമായി വളര്‍ത്തെയെടുക്കുന്നതിനും അവര്‍ക്ക് കഴിഞ്ഞില്ല. എന്നുമാത്രമല്ല, കമ്യൂണിസ്റ്റ് സംസ്‌കാരം ആര്‍ജ്ജിക്കാനുള്ള സമരത്തിന്റെ പ്രാധാന്യം അവര്‍ മനസ്സിലാക്കുക പോലും ഉണ്ടായില്ല. സത്യസന്ധതയും ത്യാഗസന്നദ്ധതയും വേണ്ടുവോളം ഉണ്ടായിരുന്നിട്ടും വ്യക്തിജീവിതത്തില്‍നിന്നും വ്യക്തിവാദവും താന്‍പ്രമാണിത്തവും ഉപേക്ഷിക്കുവാനും മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന് ഇണങ്ങുംവിധം തൊഴിലാളിവര്‍ഗ്ഗ സംസ്‌കാരം ജീവിതത്തില്‍ പാലിക്കാനും മാതൃകായോഗ്യരായ കമ്മ്യൂണിസ്റ്റുകളായി മാറാനും സിപിഐ നേതൃത്വത്തിന് കഴിയാതെ പോയി. സ്വാഭാവികമായും ബൂര്‍ഷ്വാ പെറ്റിബൂര്‍ഷ്വാ സംസ്‌കാരങ്ങളുടെ ഉല്‍പ്പന്നമായ ഗ്രൂപ്പിസവും വിഭാഗീയതയും തുടക്കംമുതല്‍ത്തന്നെ ആ സംഘടനയുടെ ഭാഗമായി. പ്രത്യയശാസ്ത്ര കേന്ദ്രീയതയെ ആധാരമാക്കി സംഘടനാകേന്ദ്രീയത സൃഷ്ടിച്ചുകൊണ്ട് ഒറ്റ കല്ലില്‍കൊത്തിയെടുത്ത ജൈവശരീരത്തിന് സമാനമായ ലെനിനിസ്റ്റ് പാര്‍ട്ടിസംഘടന സ്ഥാപിക്കുന്നതില്‍ അവര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഇപ്രകാരം, ഇന്‍ഡ്യന്‍ മണ്ണില്‍ ഒരു ശരിയായ തൊഴിലാളിവര്‍ഗ്ഗ വിപ്ലവപ്പാര്‍ട്ടി നിലവിലില്ല എന്ന ചരിത്രപ്രധാനമായ നിഗമനത്തില്‍ സഖാവ് ശിബ്ദാസ്‌ഘോഷും സഖാക്കളും എത്തിച്ചേര്‍ന്നു. അങ്ങിനെ ഇന്ത്യയിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ യഥാര്‍ത്ഥ വിപ്ലവ പാര്‍ട്ടിയെന്ന നിലയില്‍ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി രൂപീകരിക്കാന്‍ അവര്‍ തീരുമാനമെടുത്തു.
വിട്ടുവീഴ്ചയില്ലാത്ത സത്യാന്വേഷണത്തെയും കണ്ടെത്തിയ സത്യത്തെ കലവറയില്ലാതെ മുറുകെപ്പിടിക്കാനുള്ള സന്നദ്ധതയെയും ആധാരമാക്കി അനിതരസാധാരണമായ ഒരു വിപ്ലവസമരത്തിന് അവർ തയ്യാറായി. ജിവിതത്തിന്റെ സമസ്തമേഖലകളെയും സംബന്ധിക്കുന്ന മാർക്സിസ്റ്റ് സമീപനം വികസിപ്പിച്ചുകൊണ്ട് ആ വിപ്ലവകാരികളിൽ പ്രത്യയശാസ്ത്രകേന്ദ്രീയതയ്ക്ക് ജന്മംനൽകി. അതിന്റെ അടിത്തറയിൽ കമ്മ്യൂണിസ്റ്റ് സംഘടനാതത്വങ്ങൾക്കനുസൃതമായി സംഘടനാ സംവിധാനവും കെട്ടിപ്പടുത്തു. അവൈയക്തികമായ ആ സമരം എല്ലാവരുടെയും നേതാവായി ശിബ്‌ദാസ് ഘോഷ് ഉയർന്നുവരുന്നതിന് സ്വാഭാവികമായി വഴിയൊരുക്കി. പാർട്ടിയുടെ ആചാര്യനും വഴികാട്ടിയുമായി വളർന്ന അദ്ദേഹത്തിന്റെ കഠിനമായ ജീവിതസമരം മാർക്സിസത്തിന്റെ ആധികാരിക നേതൃത്വത്തിന്റെ തലത്തിലേയ്ക്ക് അദ്ദേഹത്തെ ഉയർത്തി.
മുതലാളിത്ത സംസ്കാരമായ വ്യക്തിവാദം എല്ലാ മനുഷ്യരുടെയും ജീവിതത്തെ നിർണായകമായി സ്വാധീനിക്കുന്ന ഒരു ചരിത്രഘട്ടത്തിൽ ആ വ്യക്തിവാദത്തിൽനിന്ന് മുക്തമാകാനുള്ള സമരമാണ് കമ്മ്യൂണിസ്റ്റുകൾ ഏറ്റെടുക്കേണ്ടതെന്ന് സഖാവ് ശിബ്‌ദാസ് ഘോഷ് ചൂണ്ടിക്കാണിച്ചു. തൊഴിലാളിവർഗ സംസ്കാരമായ സാമൂഹികത ആർജ്ജിക്കാനുള്ള സമരംതന്നെയാണത്. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിക്കൊണ്ടുമാത്രമേ ഈ സമരം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനാകൂ. വിപ്ലവത്തോടും തൊഴിലാളി വർഗ്ഗത്തോടുമുള്ള കൂറ് വിപ്ലവപാർട്ടിയോടുള്ള കൂറായി മാറുന്നത് അതുകൊണ്ടാണ്.
മഹാനായ സ്റ്റാലിനുശേഷം സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തിരുത്തൽവാദം പിടിമുറുക്കി. മാർക്സിസ്റ്റ് പാതയിൽനിന്നുള്ള വ്യതിചലനം പാർട്ടിയെ ആശയപരമായും സംഘടനാപരമായും ദുർബലമാക്കി. സാർവദേശീയ രംഗത്ത് ഇത് സൃഷ്ടിച്ച പ്രത്യാഘാതം വളരെ വലുതായിരുന്നു. സോവിയറ്റ് യൂണിയന്റെ മാത്രമല്ല, സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ചയ്ക്കുതന്നെ ഇത് ഇടയാക്കി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ തിരുത്തൽവാദ സ്വാധീനത്തിൽനിന്ന് മോചിപ്പിക്കാനുള്ള മഹാനായ മാവോ സെതൂങിന്റെ ശ്രമവും പൂർണവിജയം കണ്ടില്ല. അതോടെ ചൈനീസ് വിപ്ലവവും പിന്നോട്ടടിക്കപ്പെട്ടു.
സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ച സാമ്രാജ്യത്വചേരിക്ക് മേധാവിത്വം നൽകി. ലോകകമ്പോളത്തിന്റെ ദൃഢീകരണത്തിനായി ആഗോളീകരണനയങ്ങൾ ആവിഷ്ക്കരിക്കപ്പെട്ടു. ലോകത്തെ അപൂർവം സോഷ്യലിസ്റ്റ് രാജ്യങ്ങളൊഴികെ എല്ലാവരും ആഗോളീകരണത്തെ പുൽകി. ലോകജനതയാകെ വർദ്ധിതവീര്യത്തോടെയുള്ള മുതലാളിത്ത ചൂഷണത്തിൽ ഞെരിപിരികൊണ്ടു.
മാർക്സിസം ശാസ്ത്രമാണ്. എല്ലാ ശാസ്ത്രശാഖകളെയും കോർത്തിണക്കുന്ന ശാസ്ത്രങ്ങളുടെ ശാസ്ത്രം. അനുനിമിഷം വികസിച്ചുകൊണ്ടേ ഏതൊരു ശാസ്ത്രശാഖയ്ക്കും നിലനിൽക്കാനാകൂ. മാർക്സിസത്തിന്റെ കാര്യവും അങ്ങനെതന്നെ. മനുഷ്യജീവിതത്തിനുമുന്നിൽ പ്രത്യക്ഷപ്പെടുന്ന പുതിയ പുതിയ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തിക്കൊണ്ട് മാർക്സിസത്തെ കാലോചിതം വികസിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തകൊണ്ടേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമൂഹത്തെ വിപ്ലവത്തിലേയ്ക്ക് നയിക്കാനാകൂ. തിരുത്തൽവാദം ഈ പ്രക്രിയയ്ക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. ലെനിനുശേഷമുള്ള കാലഘട്ടത്തിൽ മാർക്സിസത്തിന്റെ സൈദ്ധാന്തികധാരണകൾ പര്യാപ്തമാംവിധം വികസിപ്പിക്കുന്ന ദൗത്യം ചുമലിലേറ്റിയത് ശിബ്‌ദാസ് ഘോഷാണ്.
തിരുത്തൽവാദത്തിന്റെ ഉറവിടം കണ്ടെത്തിയ അദ്ദേഹം സാമൂഹികമായും വ്യക്തിപരമായും കമ്മ്യൂണിസ്റ്റുകൾ അനുവർത്തിക്കേണ്ട സമരത്തിന്റെ ഉയർന്ന തലങ്ങൾ വ്യക്തമാക്കിത്തന്നു. സാമൂഹ്യതാൽപര്യവുമായി വ്യക്തിതാൽപര്യത്തെ താദാത്മ്യപ്പെടുത്തുന്ന ഒരു ഉർന്ന ജീവിതസമരം അനിവാര്യമാണെന്ന് അ്ദദേഹം സമർത്ഥിച്ചു. എസ് യുസിഐ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആ മൂശയിൽ വാർത്തെടുക്കുകയും ചെയ്തു. മാർക്സിസ്റ്റ് സംഘടനയെ സംബന്ധിച്ച ഈ വികസിത ധാരണ ആർജിക്കുന്നതിൽ പരാജ്യപ്പെട്ടതുമൂലം ഇന്ത്യയിലടക്കം എല്ലാ രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ധാർമ്മികമായ തകർച്ച നേരിട്ടു.
സംഘടനാരംഗത്തും സൈദ്ധാന്തിക തലത്തിലും നേരിട്ട ഈ തിരിച്ചടിയോടൊപ്പം ആഗോളീകരണം അഴിച്ചുവിട്ട മാർക്സിസ്റ്റ് വിരുദ്ധ പ്രചാരണംകൂടെയായപ്പോൾ പിന്തിരിപ്പത്തത്തിന് ആഗോള തലത്തിൽ വലിയ മേൽക്കൈ കൈവന്നു. കഠിനമായ വിപ്ലവസമരപാതവെടിഞ്ഞ് പാർലമെന്ററി രാഷ്ട്രീയത്തിന്റെ ശീതളഛായയിലേയ്ക്ക് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചേക്കേറി. ലോകത്തെ അധ്വാനിച്ചു ജീവിക്കുന്ന ജനകോടികൾ നിർദ്ദയമായ മുതലാളിത്ത ചൂഷണത്തിന് എറിഞ്ഞുകൊടുക്കപ്പെട്ടു. സഖാവ് ശിബ്‌ദാസ് ഘോഷിന്റെ പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ ദുർഗതി വരില്ലായിരുന്നു.
മുതലാളിത്ത ഉൽപ്പാദനം സഹജമായിത്തന്നെ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. കമ്പോള പ്രതിസന്ധി മറികടക്കാൻ അതിനാവില്ല. താത്ക്കാലികമായ പ്രശ്നപരിഹാരങ്ങളും ക്ഷണികമായ നേട്ടങ്ങളും പെരുപ്പിച്ച് കാണിച്ച് മുതലാളിത്തം ജനങ്ങളെ കബളിപ്പിച്ചുകൊണ്ടേയിരുന്നു. എന്നാൽ ജീവിതത്തിൽ അത് സൃഷ്ടിക്കുന്ന ദുരിതങ്ങൾ ജനങ്ങളെ പ്രതിഷേധത്തിന്റെയും സമരങ്ങളുടെയും പാതയിലേയ്ക്ക് തള്ളിവിടുകതന്നെ ചെയ്യും. പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തിയിട്ടും ജനരോഷം ഒഴിവാക്കാനാകുന്നില്ല. വികസിത മുതലാളിത്ത രാജ്യങ്ങളിലടക്കം പണിമുടക്കുകളും സമരങ്ങളും ഉയർന്നുവരുന്നത് അതുകൊണ്ടാണ്.
സോഷ്യലിസ്റ്റ് ചേരി പ്രബലമായിരുന്ന പ്പോൾ ലോകത്ത് ഒരു പരിധിവരെ സമാധാനവും നിലനിന്നിരുന്നു. സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ചയോടെ ചെറുതും വലുതുമായ യുദ്ധങ്ങളും അധിനിവേശങ്ങളും നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. മുതലാളിത്തത്തിന്റെ സാമ്പത്തികപ്രതിസന്ധി മറികടക്കാനുള്ള കുറുക്കുവഴി തേടലാണ് യുദ്ധം. അതോടൊപ്പം അസംതൃപ്തരായ ജനങ്ങളെ രാജ്യസ്നേഹത്തിന്റെ പേരിൽ അടക്കിനിർത്തുകയുമാകാം. എന്നാൽ യുദ്ധങ്ങൾ പ്രതിസന്ധി മൂർച്ഛിപ്പിക്കുകയാണ്. ജനങ്ങളിൽ തൊണ്ണൂറുശതമാനവും യാതനാപൂർണമായ ജീവിതം നയിക്കുകയും മേൽത്തട്ടിലുള്ള പത്തുശതമാനം മാത്രം സുഖലോലുപരായി കഴിയുകയും ചെയ്യുന്ന ഭീകരമായ അസമത്വാണിന്ന് ലോകത്ത് കളിയാടുന്നത്.
പ്രതിസന്ധിയിലകപ്പെട്ട മുതലാളിത്ത വ്യവസ്ഥ ഫാസിസത്തിൽ അഭയം പ്രാപിക്കുന്നതായി സഖാവ് ശിബ്‌ദാസ് ഘോഷ് നിരീക്ഷിച്ചു. സമ്പത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും കേന്ദ്രീകരണവും സാംസ്കാരിക രംഗത്തെ ചിട്ടപ്പെടുത്തലുമായി അത് ജനങ്ങളെയാകെ അപമാനവീകരിക്കാനാണ് ശ്രമിക്കുന്നത്. ജാതി, മതം, വംശം തുടങ്ങി എന്തും ജനങ്ങളെ ഭീന്നിപ്പിക്കാനുള്ള ആയുധങ്ങളായി പ്രയോഗിക്കുന്നു മുതലാളിത്തം. ചൂഷിതജനതയുടെ ഐക്യം തകർത്ത് അവരെ അനൈക്യത്തിൽ തളച്ചിടാനുള്ള ചതിപ്രയോഗമാണിത്. അമാനുഷനായ ഒരു നേതാവിന്റെ പരിവേഷം സൃഷ്ടിച്ച് അയാളെ രക്ഷകനായി അവതരിപ്പിക്കുന്നു. അയാളുടെ ആജ്ഞാനുസരണം എന്തുഹീനകൃത്യം ചെയ്യാനും തയ്യാറാകുന്ന ആൾക്കൂട്ടമായി ജനങ്ങൾ ക്രമേണ മാറ്റപ്പെടുകയാണ്. സോഷ്യലിസ്റ്റ് ചേരിയുടെ പതനത്തോടെ ലോകമെമ്പാടും പ്രതിലോമ ആശയങ്ങൾ പത്തിവിടർത്തിയാടുന്നു. നവനാസി പ്രസ്ഥാനങ്ങൾ ഇതിൽനിന്ന് ഊർജ്ജംനേടി, രാഷ്ട്രീയാധികാരത്തിലേക്ക് വരുന്നു.
അധികാരത്തിലിരിക്കുന്ന പാർട്ടി കൈക്കൊള്ളുന്ന നയനടപടികളെല്ലാം കോർപ്പറേറ്റുകൾക്ക് അനുകൂലവും അതുകൊണ്ടുതന്നെ ജനങ്ങൾക്ക് എതിരുമായിരിക്കും. ജനങ്ങളുടെ ഭരണത്തോടുള്ള വെറുപ്പ് മുതലെടുത്ത് മുതലാളിവർഗ്ഗത്തിന്റെ തന്നെ വിശ്വസ്തമായ മറ്റൊരു പാർട്ടിയെ അല്ലെങ്കിൽ മുന്നണിയെ അധികാര തിലെത്തിക്കാനും അതുവഴി മുതലാളിത്തവാഴ്ച സുഗമമായി തുടരുവാനുമുള്ള തന്ത്രങ്ങളാണ് മുതലാളിവർഗ്ഗം പയറ്റുന്നത്. തിരഞ്ഞെടുപ്പുകളും ഭരണഘടനയും ഒന്നും ഇവിടെ ജനങ്ങളുടെ രക്ഷയ്ക്കെത്തുന്നില്ല.
ഗവൺമെന്റിനും ജനങ്ങൾക്കുമിടയിൽ നിലകൊണ്ട് ജനങ്ങളെ സത്യം അറിയിക്കാൻ ബാദ്ധ്യസ്ഥമായ മാധ്യമങ്ങളാകട്ടെ ഭൂരിഭാഗവും ഭരണവർഗ്ഗത്തിന്റെ കുഴലൂത്തുകാരായി അധപതിച്ചിരിക്കുന്നു. ജനങ്ങളുടെ അന്തിമാശ്രയമായ ജുഡീഷ്യറിപോലും ഭരണവർഗതാൽപര്യ സംരക്ഷകരായി പ്രത്യക്ഷപ്പെടുകയാണ്. എല്ലാ പാർട്ടികളും കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ ഭരണകക്ഷികളാകുന്നതോടെ ജനങ്ങൾക്കുവേണ്ടി സംസാരിക്കാൻ പ്രതിപക്ഷവുമില്ലാത്ത അവസ്ഥവരുന്നു. തീർത്തും നിരാശ്രയരായ ജനങ്ങളും എല്ലാ അധികാരങ്ങളും കൈയാളുന്ന ഭരണവർഗവും എന്ന നിലയിലേയ്ക്ക് സമൂഹം വിഭജിക്കപ്പെടുകയാണ്.
പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങി എല്ലാ പ്രശ്നങ്ങളും സൃഷ്ടിക്കുന്നത് അപരിഹാര്യമായ പ്രതിസന്ധിയിലകപ്പെട്ട മുതലാളിത്ത വ്യവസ്ഥയാണെന്ന യാഥാർത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തി അവരെ വിപ്ലവപാതയിലേയ്ക്ക് ആനയിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചുമതല. നമ്മുടെ രാജ്യത്ത് ഇടത് എന്ന് അവകാശപ്പെട്ടുകൊണ്ട് പ്രവർത്തിക്കുന്ന സിപിഐ, സിപിഐ(എം) തുടങ്ങിയ പാർട്ടികളൊന്നും ഈ ദൗത്യം നിറവേറ്റുന്നില്ല എന്നതാണ് സ്ഥിതി. ഭരണമാറ്റത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് മാർക്സിസ്റ്റേതരമായ മാർഗമാണ് അവർ പിന്തുടരുന്നത്. ഇത് ഇടതുപക്ഷ വിശ്വാസികളെ നിരാശരും നിഷ്ക്രിയരുമാക്കുന്നു.
ഇന്ത്യയിൽ പിന്തിരിപ്പൻ ശക്തികളുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയത് സമരപാത വെടിഞ്ഞ ഇടതുപക്ഷ കക്ഷികളുടെ വഞ്ചനയാണ്. എവിടെെയങ്കിലും ഭരിക്കാൻ അവസരം കിട്ടിയപ്പോഴൊക്കെ അവർ മുതലാളിത്ത നയങ്ങൾതന്നെ നടപ്പിലാക്കി. ജനങ്ങളുടെ പ്രതിഷേധത്തെ കരിനിയമങ്ങൾ പടച്ചുണ്ടാക്കി അടിച്ചമർത്താൻ തുനിഞ്ഞു. അധികാരക്കസേരകൾ ഉറപ്പിക്കാൻ വർഗീയമായ ചേരിതിരിവുകൾപോലും സൃഷ്ടിച്ചു. വർഗ്ഗീയതയും വിഭാഗീയതയും വളർത്തുന്ന പ്രസ്ഥാനങ്ങളുമായി ചങ്ങാത്തം സ്ഥാപിച്ചു. മുതലാളിത്തത്തിന്റെ കൂടെപ്പിറപ്പായ അഴിമതിയിൽനിന്നുപോലും ഇവർക്ക് മോചനമില്ലാത്തത് ഈ മുതലാളിത്ത പാതയിലൂടെയുള്ള സഞ്ചാരത്തിന്റെ ഫലമായാണ്.
കേരളം ഭരിക്കുന്ന ഇടതുമുന്നണി കടംവാങ്ങി നാടുനന്നാക്കാമെന്ന മിഥ്യ പിന്തുടരുന്നവരാണ്. ആഗോളീകരണത്തിന്റെ ഇത്തരം ചെപ്പടി വിദ്യകൾ ജനജീവിതത്തെ കൂടുതൽ പ്രതിസന്ധിയിലേയ്ക്കാണ് നയിക്കുന്നത്. ശമ്പളവും പെൻഷനും ക്ഷേമപെൻഷനുകളും കുഞ്ഞുങ്ങളുടെ ഉച്ചക്കഞ്ഞിപോലും മുടങ്ങുന്ന സ്ഥിതിയിൽ നാടിനെ എത്തിച്ചത് ഇവർ പിന്തുടർന്ന മുതലാളിത്ത നയങ്ങൾ തന്നെയാണ്. മുതലാളിത്ത വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി മൂർച്ഛിക്കുന്തോറും ജനങ്ങളുടെമേലുള്ള ഭാരം വർദ്ധിച്ചുകൊണ്ടേയിരിക്കും. മുതലാളിത്ത വ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കുന്ന വിപ്ലവസമരങ്ങളുടെ മാർഗ്ഗം മാത്രമേ ജനങ്ങളുടെ മുന്നിലുള്ളൂ.
അവിഭജിത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണം ലെനിനിസ്റ്റ് സംഘടനാതത്വങ്ങൾ പാലിച്ചുകൊണ്ടായിരുന്നില്ല എന്ന വസ്തുത സഖാവ് ശിബ്‌ദാസ് ഘോഷ് നാൽപ്പതുകളിൽത്തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഉയർന്ന കമ്മ്യൂണിസ്റ്റ് സ്വഭാവം ആർജ്ജിക്കാനുള്ള വ്യക്തിജീവിതത്തിലെ സമരങ്ങളും അവഗണിക്കപ്പെട്ടു. മാർക്സിസത്തിന്റെ ധാരണകളെ കാലോചിതം വികസിപ്പിച്ച് അതിനെ വർത്തമാനകാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ കെല്പുള്ളതാക്കുന്ന സമരത്തിലും പരാജയപ്പെട്ടു.
ഈ പരജയങ്ങളണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും അത് പിളർന്നുണ്ടായ എല്ലാ പ്രസ്ഥാനങ്ങളടെയും അപചയത്തിന് കാരണമായത്. അതുകൊണ്ടുതന്നെ ഈ പ്രസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടോ ശക്തിപ്പെടുത്തിക്കൊണ്ടോ രാജ്യത്തിന്റെ വിപ്ലവമുന്നേറ്റത്തിന്റെ നേതൃത്വം സൃഷ്ടിച്ചെടുക്കാനാകില്ല. എസ് യുസിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ രൂപീകരണം അനിവാര്യമാക്കിയ സാഹചര്യം ഇതായിരുന്നു. സാർവദേശീയവും ദേശീയവുമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അഭിമുഖീകരിച്ച എല്ലാ വെല്ലുവിളികളെയും നേരിട്ട തിരിച്ചടികളെയും സംഭവിച്ച പാളിച്ചകളെയും കണക്കിലെടുത്തുകൊണ്ടുേം അതിൽനിന്നെല്ലാം പാഠങ്ങൾ ഉൾക്കൊണ്ടുമാണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി കെട്ടിപ്പടുത്തത്.
ജനാധിപത്യ-മതേതര ധാരണകൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ജനകീയ മുന്നേറ്റങ്ങൾ വളർത്തിയെടുക്കാനുള്ള പാർട്ടിയുടെ പരിശ്രമങ്ങൾ ഈ കാലഘട്ടം ആവശ്യപ്പെടുന്ന സമരപ്രക്രിയയാണ്. ശാസ്ത്രീയമനോഘടനയും യുക്തിബോധവും ആസൂത്രിതമായ ആക്രമണങ്ങൾക്കിരയാകുന്ന വർത്തമാനകാലത്ത് സയൻസിന്റെ പ്രചാരണത്തിന് പാർട്ടി വലിയ പ്രാധാന്യം കൽപ്പിക്കുന്നു. ജനങ്ങളിൽ സ്പർദ്ധ വളർത്തുന്ന ഫാസിസ്റ്റ് തന്ത്രത്തെ ചെറുക്കുന്നതിനായി ജനൈക്യം ഊട്ടിയുറപ്പിക്കുന്ന സാഹോദര്യം ഉയർത്തിപ്പിടിക്കുന്ന ജനകീയ കൂട്ടായ്മയും കലാ സാഹിത്യ സംരംഭങ്ങളും ശ്രദ്ധാപൂർവം വളർത്തിയെടുക്കുന്നു. മദ്യവിപത്തിനെതിരെ, സ്ത്രീപീഡന ങ്ങൾക്കെതിരെ, അശ്ലീലതയ്ക്കെതിരെ സാംസ്കാരിക മുന്നേറ്റങ്ങൾ പോഷിപ്പിക്കുന്നു. ചരിത്രപാഠങ്ങളും സയൻസിന്റെ അടിസ്ഥാന ധാരണകളും നിഷേധിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ അക്കാദമിക രംഗത്തെയാകെ ഉൾക്കൊള്ളുന്ന ചെറുത്തുനിൽപ്പും വളർത്തിയെടുക്കുന്നു. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ വർഗ്ഗ-ബഹുജന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നു.
സമരം ഒരു ജീവിത ശൈലിയായി വളർത്തിയെടുക്കേണ്ട ഒരു സന്ദർഭത്തിലാണ് നാം ഇന്ന് എത്തിയിരിക്കുന്നത്. മൗലികാവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കുംവേണ്ടിപ്പോലും പൊരുതേണ്ടിവരുന്ന സ്ഥിതി. ലോകത്തിന്റെ നാനാകോണുകളിൽ ജനങ്ങൾ പ്രതിഷേധിക്കുന്നുണ്ട്. അനീതിക്കെതിരെ നിലപാടെടുക്കുന്നുണ്ട്. ഇത് ആശാവഹം തന്നെ. എന്നാൽ ഈ സമരങ്ങൾ പൊടുന്നനെയുണ്ടാകുന്ന പൊട്ടിത്തെറികളായി കെട്ടടങ്ങിപ്പോകും. താത്ക്കാലികകകനേട്ടങ്ങൾക്കൊണ്ട് തൃപ്തിപ്പെട്ട് പിൻവാങ്ങും. അതുകൊണ്ടുതന്നെ മുതലാളിത്ത ചൂഷണവ്യവസ്ഥയ്ക്ക് കാര്യമായ പരിക്കുകളേൽപ്പിക്കാൻ അവയ്ക്ക് കഴിയാതെ പോകും. എല്ലാ ജനകീയ മുന്നേറ്റങ്ങളെയും മുതലാളിത്ത വ്യവസ്ഥയ്ക്കെതിരായ വിപ്ലവമുന്നേറ്റത്തോട് കോർത്തിണക്കാൻ കഴിഞ്ഞാലേ ശാശ്വത പരിഹരത്തിലേയ്ക്ക് മുന്നേറാനാകൂ. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വം ഇവിടെ അനിവാര്യമാകുന്നു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയാണ് സുപരീക്ഷിതമായ ആ നേതൃത്വം. തെളിഞ്ഞ ആശയവ്യക്തതയോടെ, ശരിയായ സമരപ്രക്രിയ പിന്തുടർന്ന്, ജീവിതദുരിതങ്ങളുടെയാകെ ശാശ്വത പരിഹാരമെന്ന ലക്ഷ്യത്തിലേയ്ക്ക് കുതിക്കുന്ന ഒരേയൊരു നേതൃത്വം.