നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങളെ പിന്തുണയ്ക്കുക

inpa-clt-com-sekhar.jpg
Share

കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ജോലിചെയ്യുന്ന നഴ്‌സുമാർ ഇക്കഴിഞ്ഞ മാസം സമരം ചെയ്യുകയുണ്ടായി. സുപ്രീംകോടതി നിർദ്ദേശിച്ച ശമ്പളവും ആനുകൂല്യങ്ങളും നൽകുക, ട്രെയിനി സമ്പ്രദായം അവസാനിപ്പിക്കുക, നഴ്‌സ്-രോഗി അനുപാതം ഐഎൻസി മാനദണ്ഡങ്ങൾക്കനുസരിച്ച് നടപ്പിലാക്കുക തുടങ്ങിയ സുപ്രധാന ഡിമാന്റുകളുന്നയിച്ചുകൊണ്ട് നടത്തിയ സമരം 23 ദിവസം നീണ്ടുനിന്നു. ജൂൺ 28 മുതൽ ജൂലൈ 20 വരെ തലസ്ഥാനത്തും മറ്റ് ജില്ലകളിലുമായി നീണ്ടുനിന്ന സമരത്തിനൊടുവിൽ സർക്കാരിന് നഴ്‌സുമാർ ഉന്നയിച്ച ചില കാര്യങ്ങൾ അംഗീകരിക്കേണ്ടതായും മറ്റ് ്ചില ഡിമാന്റുകൾ പരിഗണിക്കാമെന്ന് സമരക്കാർക്ക് ഉറപ്പുകൊടുക്കേണ്ടതായും വന്നു. സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന നഴ്‌സുമാരും ഇതര ജീവനക്കാരും കടുത്ത രീതിയിലുള്ള തൊഴിൽ ചൂഷണത്തിനും മറ്റ് നിരവധിയായ ചൂഷണങ്ങൾക്കും ഇരയാകുന്നു എന്നുളള വിവിധ കമ്മീഷൻ റിപ്പോർട്ടുകൾ പലതവണയായി പുറത്തുവന്നെങ്കിലും അതൊന്നും പരിഗണിക്കാനോ നടപ്പിലാക്കാനോ ഗവൺമെന്റുകൾ തയ്യാറാകാതിരുന്നതാണ് പ്രശ്‌നം ഇത്രമേൽ വഷളാക്കിയത്. തുടർന്ന് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽ വന്നതിനെ തുടർന്ന് ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ആ കമ്മിറ്റി കണ്ടെത്തി അവതരിപ്പിച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ വഴി സംസ്ഥാനങ്ങളെ അറിയിക്കുകയും ചെയ്തു. അതിൻ പ്രകാരം നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയും ആനുകൂല്യങ്ങളും നൽകണമെന്നും ആശുപത്രിയിലെ കിടക്കകളുടെ വർദ്ധനവിന് ആനുപാതികമായി ശമ്പളവർദ്ധനവ് ഉറപ്പാക്കി 200 കിടക്കകൾക്ക് മുകളിലുളള ആശുപത്രികളിലെ നഴ്‌സുമാർക്ക് സർക്കാർ സർവ്വീസിലേതിനു തുല്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ട് വർഷം ഒന്ന് പിന്നിട്ടു. നമ്മുടെ സംസ്ഥാനമാകട്ടെ ആ നിർദ്ദേശത്തെ സംബന്ധിച്ചുള്ള മറുപടി ഇതുവരെ കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടില്ല. മാത്രവുമല്ല, സ്വകാര്യ ആശുപത്രി മാനേജുമെന്റ് ഇതിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.

നഴ്‌സുമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുട്ടനാട് നടന്ന ഐക്യദാർഢ്യസംഗമം മിനി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു

നഴ്‌സുമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐഎൻപിഎ എറണാകുളത്ത് നടത്തിയ പ്രകടനം

ഇത്തരത്തിൽ, ഒരു വർഷം മുമ്പ് സുപ്രീംകോടതി നിർദ്ദേശിച്ച ശമ്പളവും ആനുകൂല്യങ്ങളും നൽകാനാവശ്യപ്പെട്ടുകൊണ്ടാണ് നഴ്‌സുമാർ സമര രംഗത്തിറങ്ങിയത്. പ്രത്യക്ഷ സമരം ആരംഭിക്കുന്നതിനുമുമ്പ് തന്നെ ബന്ധപ്പെട്ട അധികാരികൾക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നഴ്‌സുമാരുയർത്തിയ ഡിമാന്റിനെ സ്വകാര്യ മാനേജുമെന്റിനെക്കൊണ്ട് അംഗീകരിപ്പിക്കാൻ സർക്കാർ തയ്യാറായില്ലെന്നുമാത്രമല്ല, സമരത്തെ എവ്വിധവും അടിച്ചമർത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്തു. സമരക്കാർക്കെതിരെ മാനേജുമെന്റുകൾ കൈക്കൊണ്ട നടപടികളെ ഗവൺമെന്റ് ചോദ്യം ചെയ്യാൻ പോലും തയ്യാറായില്ല. നഴ്‌സുമാരുടെ ആവശ്യം അന്യായമാണെന്ന മാനേജുമെന്റിന്റെ വാദത്തെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി വ്യാജ ആരോപണങ്ങൾ സർക്കാരും പ്രചരിപ്പിച്ചു. പനിപടരുന്ന സാഹചര്യത്തിൽ സമരം ചെയ്യാമോ എന്ന് സർക്കാർ ചോദിച്ചു. (യഥാർത്ഥത്തിൽ പനിപടരുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനു മാത്രമാണ്. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിലും പനിപ്രതിരോധ പ്രവർത്തനങ്ങളിലും വന്ന വീഴ്ചയാണ് ഇതിന് കാരണമായത്). പനിമരണങ്ങൾ കൂടുവാൻ കാരണം നഴ്‌സുമാരുടെ സമരമാണെന്ന് പ്രചരിപ്പിച്ചു.
ആശുപത്രികളിൽ കൃത്യമായി ജോലിചെയ്തുകൊണ്ട് ഡ്യൂട്ടി അഡ്ജസ്റ്റ് ചെയ്താണ് നഴ്‌സുമാർ സമരത്തെയും മുന്നോട്ടുകൊണ്ടുപോയത്. സമരക്കാരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാതിരുന്ന സാഹചര്യത്തിൽ പണിമുടക്കിക്കൊണ്ടുള്ള സമരത്തിന് ഒരുവിഭാഗം നഴ്‌സുമാർ നിർബന്ധിതരായി. അപ്പോഴും ന്യായമായ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള സമരത്തിന് ഒരു ഒത്തുതീർപ്പ് ഫോർമുല അവതരിപ്പിക്കുവാൻ ഗവൺമെന്റ് തയ്യാറായില്ല. പകരം സ്വകാര്യ ആശുപത്രി മാനേജുമെന്റിന് കോടതിയിൽ പോകാനും അനുകൂലമായി വിധി സമ്പാദിക്കാനുമുള്ള സാവകാശം നൽകി. അവർ കോടതി വഴി സമ്പാദിച്ച എസ്മയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നുവന്നപ്പോൾ സർക്കാർ ഉരുണ്ടുകളിച്ചു. എന്നിട്ട്, സർക്കാർ നഴ്‌സിംഗ് കോളേജുകളിലെ വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രിയിൽ സേവനത്തിന് വിട്ടുകൊടുത്തുകൊണ്ട് കണ്ണൂർ കലക്ടർ ഉത്തരവിറക്കുകയും അഞ്ചുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കലക്ടറുടെ ഉത്തരവിനെയും നിരോധനാജ്ഞയെയും നഴ്‌സിംഗ് വിദ്യാർത്ഥികളും ഐഎൻപിഎയും മറ്റ് സംഘടനകളും ചേർന്ന് ശക്തമായ സമരത്തിലൂടെ ചെറുത്തുതോൽപ്പിച്ചപ്പോൾ സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടാൻ നിർബന്ധിതമാകുന്ന സാഹചര്യം ഉരുത്തിരിഞ്ഞു. ഒടുവിൽ സമരത്തിന്റെ 23-ാം ദിവസം ഒരു ഒത്തുതീർപ്പ് വ്യവസ്ഥ രൂപീകരിക്കപ്പെട്ടു. അതിൻ പ്രകാരം 50 കിടക്കയിൽ താഴെയുളള ആശുപത്രികളിലെ നഴ്‌സുമാർക്ക് 20,000 രൂപ ശമ്പളമായി നൽകാനും അതിനു മുകളിലുളള ആശുപത്രികളിലെ ശമ്പളത്തെ സംബന്ധിച്ചും ട്രെയിനി സമ്പ്രദായത്തെ സംബന്ധിച്ചും പഠിക്കുവാനും റിപ്പോർട്ട് സമർപ്പിക്കാനുമായി ഒരു സെക്രട്ടറി തല കമ്മിറ്റിയെയും ചുമതലപ്പെടുത്തി. അതിൻ പ്രകാരം സമരം തൽക്കാലത്തേക്ക് അവസാനിപ്പിക്കാൻ സമരക്കാർ തീരുമാനിച്ചു.

തൊടുപുഴയിൽ നടന്ന യോഗം ഐഎൻപിഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.വിനോദ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

ന്യായമായ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് നഴ്‌സുമാർ നടത്തിയ സമരത്തെ ഐഎൻപിഎ സംസ്ഥാന വ്യാപകമായി പിന്തുണച്ചു

സമരത്തിന്റെ ആദ്യ ദിവസം മുതൽ തന്നെ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഇൻഡ്യൻ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷനും ഇതര സംഘടനകളും ന്യായമായ സമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്നു. തിരുവനന്തപുരത്ത് ആരംഭിച്ച സമരങ്ങളെ ഐഎൻപിഎ സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം ജില്ലാകമ്മിറ്റിയും പിന്തുണച്ചുകൊണ്ട് ഏതാണ്ടെല്ലാദിവസവും സമരക്കാരോടൊപ്പം നിലയുറപ്പിച്ചു. സമരത്തെ അടിച്ചമർത്താൻ സർക്കാരും മാനേജുമെന്റും കൊണ്ടുപിടിച്ച ശ്രമം നടത്തിയപ്പോൾ സമരത്തിന്റെ ന്യായയുക്തത വിശദീകരിക്കുന്ന നോട്ടീസ് അച്ചടിച്ച് ജനങ്ങൾക്കിടയിൽ വ്യാപകമായി വിതരണം ചെയ്തുകൊണ്ട് ബഹുജനങ്ങളെ സമരത്തിനനുകൂലമാക്കി മാറ്റുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ന്യായമായ ഡിമാന്റുകളംഗീകരിച്ചുകൊണ്ട് നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന പോസ്റ്റർ അച്ചടിച്ച് സംസ്ഥാനവ്യാപകമായി പതിച്ചു. കണ്ണൂരിൽ നഴ്‌സുമാർ നടത്തിയ പണിമുടക്കിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐഎൻപിഎ കണ്ണൂർ ജില്ലാക്കമ്മിറ്റി നിലകൊണ്ടു. അവിടെ രാഷ്ട്രീയ പാർട്ടികളടക്കം ഉൾപ്പെടുന്ന സമര സഹായ സമിതി രൂപീകരിക്കപ്പെട്ടു. ഐഎൻപിഎ സംസ്ഥാന പ്രസിഡന്റ് ഡോ.ഡി.സുരേന്ദ്രനാഥ് സമരസഹായ സമിതിയുടെ ജനറൽ കൺവീനറായി തെരഞ്ഞെടുക്കപ്പെടുകയും സമരസഹായ സമിതിയുടെ ആഹ്വാനപ്രകാരം നടത്തിയ കലക്‌ട്രേറ്റ് മാർച്ചിൽ ബഹുജനങ്ങളടക്കം ആയിരങ്ങൾ അണിനിരക്കുകയും ചെയ്തു. ഈ പ്രതിഷേധ പരിപാടിയെതുടർന്ന് കണ്ണൂരിലെ നിരോധനാജ്ഞ കലക്ടർ പിൻവലിക്കുകയും ചെയ്തു.
കോട്ടയത്ത് ഭാരത് ഹോസ്പിറ്റലിലെ നഴ്‌സുമാർ നടത്തിയ സമരത്തിന് ഐഎൻപിഎ കോട്ടയം ജില്ലാകമ്മിറ്റി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അഭിവാദ്യപ്രകടനം നടത്തി. കോട്ടയം ജില്ലാസെക്രട്ടറി ഇ.വി.പ്രകാശ് സമരക്കാരെ അഭിസംബോധന ചെയ്തു. ഐഎൻപിഎ ആലപ്പുഴ ജില്ലയിൽ വിവിധ താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പിന്തുണയർപ്പിച്ചുകൊണ്ടുള്ള പരിപാടികൾ സംഘടിപ്പിച്ചു. കുട്ടനാടും ചേർത്തലയിലും അഭിവാദ്യപ്രകടനങ്ങൾ നടത്തി. സമരനേതാക്കൾക്ക് ജില്ലയിൽ സ്വീകരണവും നൽകി. ജില്ലാ പ്രസിഡന്റ് നന്ദനൻ വലിയപറമ്പിൽ, സെക്രട്ടറി കെ.ജെ.ഷീല എന്നിവർ നേതൃത്വം നൽകി. എറണാകുളത്ത് ഹൈക്കോടതി ജംഗ്ഷനിൽ നഴ്‌സുമാർ നടത്തിയ സമരത്തിന് ഐഎൻപിഎ എറണാകുളം ജില്ലാപ്രസിഡന്റ്എൻ.ആർ. മോഹൻകുമാറിന്റെ നേതൃത്വത്തിൽ അഭിവാദ്യപ്രകടനം നടത്തി. മറ്റു ജില്ലകളിലും സമരത്തെ പിന്തുണയ്ച്ചുകൊണ്ടുളള ചെറുതും വലുതുമായ പ്രകടനങ്ങളും പരിപാടികളും നടന്നു.

കോട്ടയത്ത് ഭാരത് ഹോസ്പിറ്റലിലെ നഴ്‌സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐഎൻപിഎ ജില്ലാ സെക്രട്ടറി ഇ.വി.പ്രകാശ് പ്രസംഗിക്കുന്നു

ഐഎൻപിഎ തൊടുപുഴയിൽ പ്രകടനവും മിനി സിവിൽ സ്റ്റേഷനു മുന്നിൽ യോഗവും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം രാജു കൊന്നാനാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ജോ. സെക്രട്ടറി എൻ.വിനോദ്കു മാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജെ.ജോസഫ്, യുഎൻഎ ജില്ലാപ്രസിഡന്റ് എം.ഡി.ശ്രീകുമാർ, സണ്ണി വാളറ, തങ്കച്ചൻ രാജാക്കാട്, ജോസഫ് അടിമാലി എന്നിവർ പ്രസംഗിച്ചു. എ.വി.സെബാസ്റ്റ്യൻ സ്വാഗതവും ഓമന ജോസ് നന്ദിയും പറഞ്ഞു.പ്രകടനത്തിന് യുഎൻഎ ജില്ലാസെക്രട്ടറി അജേഷ് കൃഷ്ണൻ, നിഷ ജിമ്മി, റ്റി.ആർ.തമ്പാൻ, സുരേന്ദ്രൻ മുട്ടം തുടങ്ങിയവർ നേതൃത്വം നൽകി.

 

 

 

 

 

Share this post

scroll to top