2018-19ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യമന്ത്രി നടത്തിയ പ്രസംഗത്തോട് ഉടനടിയുള്ള പ്രതികരണം എന്ന നിലയിൽ എസ്‌യുസിഐ(സി) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് ഫെബ്രുവരി 1ന് പുറപ്പെടുവിച്ച പ്രസ്താവന:
ജനങ്ങളുടെ അടിസ്ഥാന ജീവിതപ്രശ്‌നങ്ങളുമായി ബന്ധപ്പട്ട സർക്കാരിന്റെ നയരേഖയാണ് കേന്ദ്രബജറ്റ് എന്നാണ് കരുതപ്പെടുന്നത്. വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, അസഹ്യമായ വിലക്കയറ്റം, വ്യവസായങ്ങൾ ഒന്നൊന്നായി അടച്ചുപൂട്ടുന്നത്, വർദ്ധിച്ചുവരുന്ന തൊഴിൽനഷ്ടം, വേതനത്തിലെ ഇടിവ്, അങ്ങേയറ്റം ചൂഷണപരമായ കരാർ-കാഷ്വൽ തൊഴിൽ സമ്പ്രദായത്തിന്റെ കടന്നുകയറ്റം, കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം വിലപോലും നിഷേധിക്കപ്പെടുന്നത്, കുടിയേറ്റ തൊഴിലാളികൾ പെരുകുന്നത്, കർഷകരുടെയും പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെയും ആത്മഹത്യ വർദ്ധിക്കുന്നത്, ഒരുപിടി സമ്പന്നരും അനേകലക്ഷം പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വഷളാംവണ്ണം വർദ്ധിക്കുന്നത്, ഉൽപ്പാദനക്ഷമമായ നിക്ഷേപത്തിൽ കുത്തനെയുണ്ടാകുന്ന ഇടിവ്, പ്രാഥമിക ചികിത്സയും വിദ്യാഭ്യാസവുംപോലും അപ്രാപ്യമാകുന്നത്, വായ്പാതിരിച്ചടവിൽ വീഴ്ചവരുത്തി കുത്തകകൾ ബാങ്ക്‌നിക്ഷേപങ്ങൾ തട്ടിയെടുക്കുന്നത്, കള്ളപ്പണത്തിന്റെ ആധിപത്യം, വ്യാപകമായ അഴിമതി തുടങ്ങി നാനാവിധ പ്രശ്‌നങ്ങളാൽ ജനജീവിതം താറുമാറായിരിക്കുകയാണ്.
ഇവയൊന്നും ഏറ്റെടുക്കാൻ ബജറ്റ് തയ്യാറാകുന്നില്ല എന്നുമാത്രമല്ല, ഇവയെക്കുറിച്ചൊന്നും ഉരിയാടുന്നുപോലുമില്ല.
നേരെമറിച്ച് സർവ്വർക്കും നേട്ടം ഉറപ്പാക്കുന്ന വമ്പിച്ച വളർച്ചയുടെ നിറംപിടിപ്പിച്ച മായക്കാഴ്ചകളാണ് ബജറ്റിലുടനീളം. ദരിദ്രകർഷകർ, ദിവസക്കൂലിക്കാർ, വഴിയോര വിൽപ്പനക്കാർ, ചെറുകിട വ്യാപാരികൾ, ചെറുകിട ബിസിനസ്സുകാർ എന്നിവരുടെയൊക്കെ ജീവിതം ഒറ്റയടിക്ക് ഒരു ദുഃസ്വപ്‌നമാക്കിത്തീർക്കുകയും നൂറുകണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കുകയും ചെയ്തു എന്ന് രാജ്യം മുഴുവൻ തിരിച്ചറിയുന്ന നോട്ടുനിരോധനം സത്യസന്ധതയുടെ അടയാളമായി ജനങ്ങൾ സ്വീകരിച്ചു എന്നുപറഞ്ഞുകൊണ്ട് മ്ലാനത മൂടിവയ്ക്കാനുള്ള ചെപ്പടി വിദ്യയും ബജറ്റിൽ പയറ്റുന്നുണ്ട്.
അതുപോലെതന്നെ, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ അടക്കം സമസ്ത ജനവിഭാഗങ്ങളുടെയും മേൽ മറ്റൊരു കനത്ത ആഘാതം ഏൽപ്പിച്ച ജിഎസ്ടിയെ നിരവധി സദ്ഫലങ്ങൾ സമ്മാനിച്ച, പുതുവഴികൾ വെട്ടത്തുറന്ന നികുതി പരിഷ്‌കാരം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ജനക്ഷേമകരം എന്നപേരിൽ പൊള്ളയായ അവകാശവാദങ്ങളും പതിവിൻപടിയുള്ള പ്രഖ്യാപനങ്ങളും പ്രധാനമന്ത്രിയുടെ നാമധേയവുമായി കൂട്ടിക്കെട്ടി അവതരിപ്പിച്ചുകൊണ്ട്, ബിജെപി എംപി മാരുടെയും മന്ത്രിമായുടെയും നിർത്താതെയുള്ള കരഘോഷത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച ബജറ്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അവരുടെ പാർട്ടിയുടെയും ഗവൺമെന്റിന്റെയും ഒരു പ്രചാരണ സാമഗ്രി മാത്രമാണ്. കുത്തകകളോടും കോർപ്പറേറ്റുകളോടും അടിമുടി ആഭിമുഖ്യം പുലർത്തുന്നതും തികച്ചും ജനവിരുദ്ധവുമായ ഈ ബജറ്റ് സാധാരണക്കാരുടെ ജീവിതത്തിൽ കൂടുതൽ ദുരിതം വിതയ്ക്കുമെങ്കിലും കൊട്ടിഘോഷിക്കപ്പെടുന്ന ‘ഡിജിറ്റൽ സമ്പദ്ഘടന’യിൽ, പൊള്ളയായ വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് ‘സത്യസന്ധതയുടെ ബഹുമതി’ നിർലജ്ജം സ്വയം എടുത്തണിയുന്ന ഒരു ഗവൺമെന്റ് ഭരിക്കുമ്പോൾ, അതിസമ്പന്നരും കുത്തകകളും സൗഭാഗ്യങ്ങൾ നേടുന്നത് തുടരുകതന്നെചെയ്യും.
രാജ്യത്തിന്റെ വാർഷികബജറ്റ് എന്നപേരിൽ അവതരിപ്പിക്കുന്ന ഈ വഞ്ചനയുടെ പ്രമാണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ രാജ്യത്തെ ജനങ്ങളോടാകെ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.