മാർക്‌സിന്റെ വിഖ്യാത കൃതിയായ മൂലധനം മുന്നോട്ടുവയ്ക്കുന്ന സുപ്രധാന പാഠങ്ങൾ

Zentralbibliothek_Zürich_Das_Kapital_Marx_1867-1.jpg
Share

കൂലിവേലയും മൂലധനവും എന്ന ലഘുലേഖയിൽ മാർക്‌സ് മൂലധനം എന്ന മഹത്തായ കൃതിയുടെ അടിസ്ഥാന തത്വങ്ങൾ ഹ്രസ്വമായി പ്രതിപാദിക്കുന്നുണ്ട്. ഈ ലഘുലേഖയ്ക്ക് എഴുതിയ ആമുഖത്തിൽ മഹാനായ ഏംഗൽസ് ഇങ്ങനെ രേഖപ്പെടുത്തുന്നു: ”എല്ലാ ചരക്കുകളുടെയും വില നിരന്തരം മാറിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത അർത്ഥശാസ്ത്രം നിരീക്ഷിക്കുന്നു. ‘അദ്ധ്വാനം’ എന്ന് വിളിക്കുന്ന ചരക്കിന്റെ വിലയും ഇതിൽപ്പെടും. ചരക്കുകളുടെ ഉൽപ്പാദനവുമായി യാതൊരു ബന്ധവുമില്ലാത്ത തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളുടെ ഫലമായാണ് വിലകൂടുന്നതും കുറയുന്നതും. അതുകൊണ്ട് വില നിർണ്ണയം യാദൃശ്ചികമായാണ് നടത്തുന്നത് എന്ന് തോന്നും. അർത്ഥശാസ്ത്രം ഒരു ശാസ്ത്രമായി രംഗത്തുവന്നതോടുകൂടി ചരക്കുകളുടെ വിലയെ പ്രത്യക്ഷത്തിൽ നിയന്ത്രിക്കുന്ന ഈ യാദൃശ്ചികതയുടെ പിന്നിൽ ഒളിഞ്ഞുകിടക്കുന്നതും അതിനെ നിയന്ത്രിക്കുന്നതുമായ നിയമം കണ്ടെത്തുക എന്നതായിരുന്നു അതിന്റെ ആദ്യത്തെ കടമകളിലൊന്ന്…അദ്ധ്വാനത്തിന്റെ മൂല്യോൽപ്പാദന ഗുണത്തെക്കുറിച്ച് ഒരു സമഗ്രപഠനം ആദ്യമായി നടത്തിയത് മാർക്‌സ് ആണ്. ഒരു ചരക്കിന്റെ ഉൽപ്പാദനത്തിന് ആവശ്യമെന്ന് തോന്നുന്ന, യഥാർത്ഥത്തിൽ ആവശ്യമായ അദ്ധ്വാനം അതിന്റെ അളവിന് അനുസൃതമായത്ര മൂല്യത്തെ ഒരു സാഹചര്യത്തിലും ആ ചരക്കിനോട് കൂട്ടിച്ചേർക്കുന്നില്ലെന്ന് അദ്ദേഹം കണ്ടെത്തി. ക്ലാസിക്കൽ അർത്ഥശാസ്ത്രം പറയുന്നു: ഒരു ചരക്കിന്റെ മൂല്യം അതിന്റെ ഉൽപ്പാദനച്ചെലവിന് തുല്യമാണ്. ചരക്കുകൾ അതിന്റെ മൂല്യത്തിനാണ് വിൽക്കുന്നത്. അതായത് അതിലടങ്ങിയിരിക്കുന്ന അവശ്യാദ്ധ്വാനത്തിന്റെ അളവിന് അനുസൃതമായ വിലയ്ക്ക്….. ക്ലാസ്സിക്കൽ അർത്ഥശാസ്ത്രം ഇവിടെ ഇരുട്ടിൽ തപ്പുകയായിരുന്നു. ആ സന്ദർഭത്തിൽ ഒരു പോംവഴി കണ്ടെത്തിയത് കാൾ മാർക്‌സ് ആയിരുന്നു. അദ്ധ്വാനത്തിന്റെ ഉൽപ്പാദനച്ചെലവ് എന്ന് ധനശാസ്ത്രജ്ഞർ കരുതിയത് അദ്ധ്വാനത്തിന്റെയല്ല, ജീവനുള്ള തൊഴിലാളിയുടെതന്നെ ഉൽപ്പാദനച്ചെലവാണ്. ആ തൊഴിലാളി മുതലാളിക്ക് വിൽക്കുന്നത് അവന്റെ അദ്ധ്വാനമല്ലതാനും… അവൻ അദ്ധ്വാനത്തെയല്ല വിൽക്കുന്നത്(അത് ആദ്യമേ നിറവേറ്റേണ്ടിയിരിക്കുന്നു). പിന്നെയോ, ഒരു നിശ്ചിത പ്രതിഫലത്തിന് ഒരു നിശ്ചിത സമയത്തേയ്ക്ക്(സമയാടിസ്ഥാനത്തിലാണ് കൂലിയെങ്കിൽ), അല്ലെങ്കിൽ ഒരു നിശ്ചിത ജോലിക്കുവേണ്ടി(പീസ് വർക്ക് ആണെങ്കിൽ) തന്റെ അധ്വാനശക്തി മുതലാളിക്ക് വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്… ധനശാസ്ത്രജ്ഞന്മാർ അദ്ധ്വാനത്തിന്റെ ഉല്പാദനചെലവെന്ന് വിളിച്ചത് യഥാർത്ഥത്തിൽ തൊഴിലാളികളുടെയും അവന്റെ അദ്ധ്വാനശക്തിയുടെയും ഉല്പാദനച്ചെലവാണ്… ഇന്നത്തെ മുതലാളിത്ത സമൂഹത്തിൽ അദ്ധ്വാനശക്തി ഒരു ചരക്കാണ്…അതിന് മൂല്യോൽപ്പാദനശേഷി എന്ന പ്രത്യേകഗുണമുണ്ട്…മനുഷ്യാദ്ധ്വാനശക്തി അതിനുള്ളതിനേക്കാൾ, അതിന് ചെലവാകുന്നതിനെക്കാൾ മൂല്യം അത് ഒരുദിവസം ഉൽപ്പാദിപ്പിക്കുന്നു…ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾക്കും സാങ്കേതികവിദ്യാ വികാസത്തിനുമൊപ്പം പ്രതിദിനചെലവ് കഴിഞ്ഞ് പ്രതിദിന ഉൽപ്പാദനത്തിൽവരുന്ന ഈ മിച്ചം വർദ്ധിച്ചുവരികയും ചെയ്യുന്നു. അതായത് തന്റെ ദിവസക്കൂലിക്കുള്ള പ്രതിഫലം ഉൽപ്പാദിപ്പിക്കാൻ ഒരു തൊഴിൽദിവസത്തിന്റെ എത്ര ഭാഗമാണോ പണിയെടുക്കുന്നത് അത് കൂറഞ്ഞുവരുന്നു; മറുവശത്ത്, കൂലികിട്ടാതെ തന്റെ അദ്ധ്വാനം മുതലാളിക്ക് സമ്മാനിക്കേണ്ടിവരുന്ന പങ്ക് കൂടിവരികയും ചെയ്യുന്നു…എന്നാൽ, തൊഴിലാളികൾ ഉൽപ്പാദിപ്പിക്കുന്ന ഈ മൂല്യങ്ങൾ തൊഴിലാളിക്ക് സ്വന്തമല്ല, അസംസ്‌കൃതപദാർത്ഥങ്ങളും യന്ത്രങ്ങളും പണിയായുധങ്ങളും കരുതൽ ധനവുമൊക്കെ സ്വന്തമായുള്ള ഉടമകളുടെ വകയാണത്. ഇതെല്ലാം കൈവശമുള്ളതുകൊണ്ടാണ് അവർക്ക് തൊഴിലാളികളുടെ അദ്ധ്വാനശക്തി വിലയ്ക്ക് വാങ്ങാൻ കഴിയുന്നത്…തങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന്റെ ഒരു ഭാഗം മാത്രമേ തൊഴിലാളിവർഗ്ഗത്തിന് തിരിച്ച് കിട്ടുന്നുള്ളൂ. മറ്റേഭാഗം മുതലാളിവർഗ്ഗം സ്വന്തമാക്കുന്നു…ഇങ്ങനെ അധികം വരുന്നത്(അദ്ധ്വാനശക്തി) മുതലാളിയുടെ ലാഭമായി മാറുന്നു.”

നിലനിൽപ്പിനായാണ് മനുഷ്യൻ പ്രകൃതിയിൽനിന്ന് ഉൽപ്പാദനം നടത്തുന്നത് എന്ന് ‘മൂലധനം’ എന്ന മഹത്തായ കൃതിയിൽ മാർക്‌സ് ചൂണ്ടിക്കാണിക്കുന്നുണ്ട്. പരസ്പരം ബന്ധപ്പെട്ടും സഹകരണത്തിലുമാണ് മനുഷ്യർ ഉൽപ്പാദനം നടത്തുന്നത്. ഇത് അദ്ദേഹം ഇങ്ങനെ വിശദമാക്കുന്നു: ”ഉൽപ്പാദനം പ്രകൃതിക്കുമേൽ മാത്രമല്ല, പരസ്പരമുള്ള പ്രവർത്തനംകൂടെയാണ്. പരസ്പരം ഒരു പ്രത്യേകരീതിയിൽ സഹകരിച്ചും പ്രവർത്തനം കൈമാറിയുമാണ് അവർ ഉൽപ്പാദനം നടത്തുന്നത്. ഉൽപ്പാദനം നടത്താനായി അവർ നിയതമായ പരസ്പരബന്ധങ്ങൾ സൃഷ്ടിച്ചെടുക്കുന്നു. ഈ സാമൂഹ്യബന്ധങ്ങൾക്കുള്ളിൽനിന്നുകൊണ്ടാണ് അവർ പ്രകൃതിക്കുമേൽ പ്രവർത്തിക്കുന്നത്, ഉൽപ്പാദനം നടത്തുന്നത്”. ഇതാണ് ഉൽപ്പാദന ബന്ധം. രണ്ടാമതായി, ഉൽപ്പാദനത്തിനുള്ള ഉപകരണങ്ങളും അത് കൈകാര്യം ചെയ്യാൻ അനുഭവവും വൈദഗ്ദ്ധ്യവുമുള്ള ആളുകളും കൂടിച്ചേരുമ്പോൾ അത് ഉൽപ്പാദനശക്തിയായി. മനുഷ്യ സമൂഹത്തിന്റെ എല്ലാ വികാസ ഘട്ടങ്ങളിലും അടിസ്ഥാനഉൽപ്പാദനശക്തിയായി വർത്തിക്കുന്നത് അദ്ധ്വാനിക്കുന്ന ഈ ജനവിഭാഗങ്ങളാണ്. ഭൗതികസമ്പത്ത് സൃഷ്ടിക്കുന്നതിനായി പ്രകൃതിക്കുമേൽ മനുഷ്യൻ നടത്തുന്ന പ്രവർത്തനം ‘ഉൽപ്പാദനശക്തികൾ’ പ്രതിഫലിപ്പിക്കുന്നു. ഉൽപ്പാദനപ്രക്രിയ പുരോഗമിക്കുന്നതിനനുസരിച്ച് ഉൽപ്പാദനശക്തികളും ഉൽപ്പാദനബന്ധങ്ങളും വികാസം പ്രാപിക്കുന്നു. ഇവരണ്ടും ചേർന്നതാണ് സമൂഹത്തിന്റെ സമ്പദ്ഘടനയെന്നും മാർക്‌സ് ചൂണ്ടിക്കാണിക്കുന്നു.

ഒരു പ്രത്യേക സാമൂഹ്യ സംവിധാനത്തെക്കുറിച്ച് പറയുമ്പോൾ അത് ഒരു പ്രത്യേക ഉൽപ്പാദനവ്യവസ്ഥയെ അഥവാ ഒരു സമ്പദ്ഘടനയെ അടിസ്ഥാനമാക്കി നിലകൊള്ളുന്നു എന്നാണ് നമ്മൾ അർത്ഥമാക്കുന്നത്. വികാസഗതിയിൽ നിലവിലുള്ള ഉൽപ്പാദനബന്ധം കാലഹരണപ്പെടുകയും ഉൽപ്പാദനശക്തികളുടെ തുടർന്നുള്ള വളർച്ചയ്ക്കും വികാസത്തിനും തടസ്സമായി തീരുകയും ചെയ്യുമ്പോൾ ആ ഉൽപ്പാദനബന്ധം മാറ്റേണ്ട ആവശ്യകത ഉയർന്നുവരുന്നു. പുതിയ ഉൽപ്പാദനശക്തികളുടെ സൃഷ്ടിയിലൂടെ മനുഷ്യർ അവരുടെ ഉൽപ്പാദനരീതി മാറ്റിയെടുക്കുന്നു. അങ്ങനെ ഉൽപ്പാദനരീതി മാറുമ്പോൾ, ഉപജീവനരീതി മാറുമ്പോൾ, അവർ എല്ലാ സാമൂഹ്യബന്ധങ്ങളും മാറ്റിത്തീർക്കുന്നു. ഉൽപ്പാദനവ്യവസ്ഥയെ അടിസ്ഥാനമാക്കി സമൂഹം വർഗ്ഗങ്ങളായി വിഭജിക്കപ്പെട്ട അന്നുമുതൽ, ഉൽപ്പാദനോപാധികളുടെ ഉടമകളെന്ന നിലയിൽ കുറച്ചുപേർ മറ്റുള്ളവരുടെ അദ്ധ്വാനഫലം കവർന്നെടുക്കാൻ തുടങ്ങിയ നാൾമുതൽ, ഉൽപ്പാദനബന്ധവും(അടിമ-ഉടമ, അടിയാൻ-ജന്മി, തൊഴിലാളി-മുതലാളി) ഉൽപ്പാദനശക്തികളും തമ്മിലുള്ള വൈരുദ്ധ്യവും രംഗപ്രവേശം ചെയ്തു എന്ന് മാർക്‌സ് വിശദമാക്കുന്നു. ചൂഷകരും ചൂഷിതരും എന്ന നിലയിൽ വിരുദ്ധ താൽപര്യങ്ങളോടെ നിലകൊള്ളുന്ന വർഗ്ഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഒരു സമൂഹത്തിൽ നിലവിലുള്ള ഉൽപ്പാദനബന്ധം, ജനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതകളെ തൃപ്തിപ്പെടുത്താൻ തക്കവണ്ണമുള്ള ഉൽപ്പാദനശക്തികളുടെ അനസ്യൂതമായ വികാസത്തിന്, പ്രതിബന്ധമായിത്തീരുന്നു. ചൂഷകർ അഥവാ ഭരണവർഗ്ഗം നിലവിലുള്ള ഉൽപ്പാദനവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതിരിക്കാൻ ശ്രമിക്കുമ്പോൾ, ചൂഷിതർ അതിനെ മാറ്റിത്തീർക്കാനാണ് പരിശ്രമിക്കുന്നത്. ഉപരിഘടനയിൽ ഇത് വർഗ്ഗ സമരത്തിന്റെ രൂപത്തിൽ പ്രകടമാകുന്നു. വളർന്നുകൊണ്ടിരിക്കുന്ന ഉൽപ്പാദനശക്തികളും നിലനിൽക്കുന്ന കാലഹരണപ്പെട്ട ഉൽപ്പാദനബന്ധവും തമ്മിലുള്ള ഒത്തുതീർപ്പില്ലാത്ത വൈരുദ്ധ്യത്തിന് പരിഹാരം കണ്ടെത്തുന്നതാണ് സാമൂഹ്യവിപ്ലവത്തിൽ നാം കാണുന്നത്. അതിലൂടെ ഒരു പുതിയ ഉൽപ്പാദനബന്ധത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു പുതിയ ഉൽപ്പാദനവ്യവസ്ഥ അഥവാ ഒരു പുതിയ സമ്പദ്ഘടന സ്ഥാപിതമാകുന്നു. ഉൽപ്പാദനശക്തികളും ഉൽപ്പാദനബന്ധവും തമ്മിൽ സമ്പദ്ഘടനയിലുള്ള വൈരുദ്ധ്യം ഉപരിഘടനയിൽ മനുഷ്യന്റെ ബോധമണ്ഡലത്തിൽ പ്രതിഫലിക്കുകയും ഒരു വർഗ്ഗവിഭജിത സമൂഹത്തിൽ അത് വർഗ്ഗസമരത്തിന്റെ രൂപത്തിൽ പ്രകടമാകുകയും ചെയ്യുന്നു. ഒരു പ്രത്യേക ഉൽപ്പാദനവ്യവസ്ഥ, വളർന്നുവരുന്ന ഉൽപ്പാദനശക്തികളുടെ ശേഷി പൂർണ്ണമായും ഉപയോഗപ്പെടുത്താൻ കഴിയാത്തവണ്ണം പ്രതിബന്ധം സൃഷ്ടിച്ചുകൊണ്ട് കാലഹരണപ്പെടുമ്പോൾ ഒരു മാറ്റത്തിനുവേണ്ടിയുള്ള സാമൂഹ്യത്വര ഉപരിഘടനയിൽ ഉദയം ചെയ്യുന്നു. അങ്ങനെ വർഗ്ഗസമരം തീവ്രമാകുന്നു. ഉൽപ്പാദനശക്തികളുടെ ഭാഗമായുള്ള ചൂഷിതവർഗ്ഗം അപ്പോൾ പ്രത്യയശാസ്ത്രപരമായും ശാസ്ത്രീയമായും സാംസ്‌കാരികമായും സംഘടനാപരമായും മതിയാംവണ്ണം സജ്ജരായിക്കൊണ്ട് ആവശ്യമായ അളവിൽ വർഗ്ഗബോധം ആർജ്ജിച്ച്, ഉൽപ്പാദനബന്ധത്തെ അല്ലെങ്കിൽ ഉൽപ്പാദനവ്യവസ്ഥയെ ഗുണപരമായി മാറ്റിത്തീർക്കുംവിധം സാമൂഹ്യവിപ്ലവം സാദ്ധ്യമാക്കിത്തീർക്കുന്നു.

സമ്പദ്ഘടനയിലും അതിനനുസൃതമായി രാഷ്ട്രീയ-സാമൂഹ്യരംഗത്തും ഉണ്ടാകുന്ന ഈ മാറ്റങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന സാമൂഹ്യ-സാമ്പത്തിക ദർശനത്തിന്റെ ചുവടുപിടിച്ചുകൊണ്ട് എന്താണ് ‘മൂലധന’മെന്നും എന്താണ് ‘മിച്ചമൂല്യ’മെന്നും മാർക്‌സ് വിശദമാക്കുന്നു. ആദ്യമായി അദ്ദേഹം സാധാരണ പണത്തെയും മൂലധനത്തെയും വേർതിരിച്ചു കാണിക്കുന്നു. പ്രാഥമികമായ ഒരു കമ്പോള സംവിധാനത്തിൽ, തൊഴിൽവിഭജനം(പ്രത്യേക സാധനങ്ങളുടെ ഉൽപ്പാദനത്തിൽ പ്രത്യേകം പ്രത്യേകം ആളുകൾ ഏർപ്പെടുന്നത്) നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ഒരാൾ ഒരു സാധനം വിൽക്കുകയും അതുവഴി കിട്ടുന്ന പണം അയാൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുകയുമാണ് ചെയ്യുക. എന്നാൽ മുതലാളിത്തസമ്പദ്ഘടനയുടെ നിയമം വ്യത്യസ്തമാണ്. മുതലാളിമാർ ലക്ഷ്യം വയ്ക്കുന്നത് മൂലധനം പലമടങ്ങ് വർദ്ധിപ്പിക്കാനാണ്. വേറൊരു രീതിയിൽ പറഞ്ഞാൽ മുതലാളി പണവുമായി തുടങ്ങുന്നു, അത് ചരക്കാക്കി മാറ്റുന്നു-ആ ചരക്ക് അവരുടെ സ്വന്തം ഉപഭോഗത്തിനുള്ളതല്ല കമ്പോളത്തിൽ വിറ്റഴിക്കാനുള്ളതാണ്-മുടക്കിയതിനെക്കാൾ കൂടുതൽ പണം കിട്ടുന്ന രീതിയിൽ അത് വിൽക്കുന്നു. അതായത്, കൂടുതൽ പണമുണ്ടാക്കാൻ ഉപയോഗിക്കുന്ന പണമാണ് മൂലധനം. എങ്ങനെയാണ് മുതലാളിമാർ മൂലധനം വർദ്ധിപ്പിക്കുന്നത്? അവർ തൊഴിലാളികളെ പണിക്കേർപ്പെടുത്തുന്നു, അതായത് ഒരു ഉൽപ്പന്നം ഉണ്ടാക്കാനായി ചെലവഴിക്കത്തക്കരീതിയിൽ അദ്ധ്വാനശക്തി വിലയ്ക്ക് വാങ്ങുന്നു. അങ്ങനെ ഉണ്ടാകുന്ന ഉൽപ്പന്നം തൊഴിലാളികൾക്കവകാശപ്പെട്ടതല്ല, അത് മുതലാളി കൈക്കലാക്കുന്നു. തൊഴിലാളികൾ തങ്ങളുടെ അദ്ധ്വാനശക്തിയെ ഒരു ചരക്കെന്നപോലെ മുതലാളിക്കുവിറ്റ് കൂലി വാങ്ങുന്നു. അപ്പോൾ ഉൽപ്പന്നം അദ്ധ്വാനശക്തികൂടി ഉൾച്ചേർന്ന ഒന്നാകുന്നു. ചെലവഴിക്കപ്പെട്ട അദ്ധ്വാനസമയം ഉൽപ്പന്നത്തിൽ ഘനീഭവിച്ചിരിക്കുന്നു. എന്നാൽ തൊഴിലാളിക്ക് കിട്ടുന്ന കൂലിയാകട്ടെ, അദ്ധ്വാനശക്തിയും അദ്ധ്വാനസമയവും ചെലവഴിച്ചു നിർമ്മിച്ച ഉൽപ്പന്നത്തിന്റെ വിലയുടെ ഒരു ചെറിയ ഭാഗം മാത്രമേ വരുന്നുള്ളൂ. അദ്ധ്വാനശക്തിയും അദ്ധ്വാനസമയവും ചെലവഴിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന ‘മിച്ചമൂല്യം’ അഥവാ ‘കൂലിനൽകാത്ത അദ്ധ്വാനം’ ലാഭമായി മുതലാളി കരസ്ഥമാക്കുന്നു. മുതലാളിത്ത ചൂഷണത്തിന്റെ സാരാംശം ഇതാണ്. മിച്ചമൂല്യം കൈവശപ്പെടുത്തുന്ന മുതലാളിത്ത ചൂഷണത്തിന്റെ സിദ്ധാന്തം ആവിഷ്‌ക്കരിച്ചതിലൂടെ മാർക്‌സ്, സമ്പദ്ഘടനയും സമൂഹവുമായുള്ള ബന്ധം വെളിവാക്കുകയും മൂലധനത്തെയും കൂലിയെയും ആസ്പദമാക്കിയുള്ള മുതലാളിത്ത ഉൽപ്പാദനബന്ധം ചൂഷണത്തിലും നീതിനിഷേധത്തിലും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു എന്ന് സമർത്ഥിക്കുകയും ചെയ്യുന്നു.

തൊഴിലാളികളുടെ അദ്ധ്വാനശക്തി കൈവശപ്പെടുത്തുന്ന മുതലാളിമാർ ഒരുവശത്ത് ഉൽപ്പന്നങ്ങൾ കുന്നുകൂട്ടുകയും സമ്പത്തിന്റെ കൂമ്പാരം സൃഷ്ടിക്കുകയും ചെയ്യുമ്പോൾ, മറുവശത്ത് സമൂഹത്തിൽ നല്ലൊരു പങ്കിനെ കൂലിവേലക്കാരായ തൊഴിലാളികളാക്കിത്തീർക്കുന്നു എന്ന് മുതലാളിത്ത സമ്പദ്ഘടനയുടെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് മാർക്‌സ് വിശദീകരിക്കുന്നു. അനേകം വസ്തുതകളും തെളിവുകളും നിരത്തിവച്ചുകൊണ്ടാണ് ‘മൂലധന’ത്തിൽ മഹാനായ മാർക്‌സ് ഇത് സമർത്ഥിക്കുന്നത്. മാർക്‌സ് പറയുന്നു: ”ഭൗതിക സമ്പത്തിന്റെ ഉറവിടം അദ്ധ്വാനംമാത്രമല്ല. അതായത് ഉപയോഗമൂല്യം സൃഷ്ടിക്കുന്നത് അതുമാത്രമല്ല…ഭൗതികസമ്പത്തിന്റെ പിതാവാണത്. ഭൂമിയാണ് അമ്മ. മൂലധനം മൃതമായ അദ്ധ്വാനമാണ്. ജീവത്തായ അദ്ധ്വാനത്തിന്റെ ചോര ഊറ്റിക്കുടിക്കുന്ന യക്ഷിയാണത്. ചോര കുടിക്കാൻ കിട്ടുന്ന അദ്ധ്വാനത്തിനനുസരിച്ചാണ് അതിന്റെ ആയുസ്സ്. തൊഴിലാളി എത്ര സമയം അദ്ധ്വാനിക്കുന്നോ അത്രയും സമയത്തെ അദ്ധ്വാനശക്തിയാണ് മുതലാളി അയാളിൽനിന്ന് വിലയ്ക്ക് വാങ്ങിയിരിക്കുന്നത്.” ഇത് വിശദീകരിക്കാനായി ഉൽപ്പാദനത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും ചില ആന്തരിക വശങ്ങൾ അദ്ദേഹം ചർച്ച ചെയ്യുന്നു. മനുഷ്യന്റെ ആവശ്യകതകൾ പൂർത്തീകരിക്കാനുള്ള ഉപാധികളാണ് ചരക്കുകൾ. ഒരു ചരക്കിന്റെ മൂല്യം അളക്കാനുള്ള അടിസ്ഥാനമാനദണ്ഡം അതിന് എത്രത്തോളം ഉപയോഗമുണ്ട് എന്നതാണ്. ഇതിന് ‘ഉപയോഗമൂല്യം’ എന്നു പറയുന്നു. ഇത് ഒരു ചരക്കിൽ അന്തർലീനമായിരിക്കുന്നു. ചരക്കുകൾക്ക് ഒരു ‘വിനിമയമൂല്യം’ കൂടിയുണ്ട്. ഇത് ചരക്കിൽ ഉൾച്ചേർന്നിരിക്കുന്നതല്ല. മറ്റ് ചരക്കുകളുമായുള്ള കൈമാറ്റത്തിൽ ഒരു ചരക്കിന് കൈവരുന്ന സാപേക്ഷിക മൂല്യമാണത്. കമ്പോളത്തിലെ മൂല്യം എന്ന് ലളിതമായി പറയാം. ഈ മൂല്യം എവിടെനിന്നു വരുന്നു എന്നതാണ് അടിസ്ഥാന പ്രശ്‌നം. വ്യത്യസ്ത ഉപയോഗമൂല്യമുള്ള ചരക്കുകൾ ഒരേ യൂണിറ്റ് വച്ച് അളക്കാൻ കഴിയുമോ? ഈ ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം, വ്യത്യസ്ത ഉപയോഗമൂല്യമുള്ള ചരക്കുകൾക്ക് പൊതുവായുള്ളത് അവയുടെ നിർമ്മാണത്തിന് ആവശ്യമായ അദ്ധ്വാനസമയം മാത്രമാണ് എന്നത്രേ! അതിനാൽ കൈമാറ്റം ചെയ്യുമ്പോൾ അവയുടെ മൂല്യം അളക്കാൻ ഇതുമാത്രമേ മാനദണ്ഡമാക്കാൻ കഴിയൂ. ഒരു ചരക്കിന്റെ നിർമ്മാണത്തിന് ആവശ്യമായ അദ്ധ്വാനം അതേപടി അത് പ്രതിഫലിപ്പിക്കുന്നില്ല. നേരെമറിച്ച് എന്തുതരം സാമൂഹ്യ ഉൽപ്പാദനബന്ധങ്ങൾക്കകത്താണ് അദ്ധ്വാനം നടന്നത് എന്നാണ് അത് വെളിവാക്കുന്നത്. ഒരു മുതലാളിത്ത സമൂഹത്തിൽ ഒരു ചരക്കിന്റെ ഗുണം അല്ലെങ്കിൽ മൂല്യം നിർണ്ണയിക്കുന്നത് കൈമാറ്റത്തിലുള്ള മാധ്യമം അഥവാ വില അടിസ്ഥാനമാക്കി മാത്രമാണ് എന്നുള്ളതുകൊണ്ട് അദ്ധ്വാനത്തിന്റെ സാമൂഹ്യവശങ്ങൾ പ്രകടമാക്കപ്പെടുന്നില്ല. ഉൽപ്പാദനവും കൈമാറ്റവും സാമൂഹിക സംവിധാനങ്ങൾ ആണെന്നും അതുകൊണ്ടുതന്നെ അതിന്റെ സംഘാടനം സാമൂഹികമായ പ്രത്യാഘാതങ്ങൾ ഉളവാക്കുമെന്നും മാർക്‌സ് ചൂണ്ടിക്കാണിക്കുന്നു. മുതലാളിത്തത്തിൽ ഉൽപ്പാദനോപാധികളുടെ(ഫാക്ടറികൾ, മെഷീനുകൾ, അസംസ്‌കൃതവസ്തുക്കൾ) ഉടമസ്ഥർ മുതലാളിമാരാണ്. അവർ ലാഭം ഉണ്ടാക്കാനായി ‘അദ്ധ്വാനശക്തി’ കൈവശപ്പെടുത്തുന്നു. ചൂഷണത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതും ചൂഷകരും ചൂഷിതരുമായ വർഗ്ഗങ്ങൾക്കിടയിൽ ശത്രുത ഉളവാക്കുന്നതുമായ ഒരു സാമൂഹ്യ പ്രക്രിയയെ ആണ് ചരക്കുൽപ്പാദനമെന്ന് മാർക്‌സ് പറയുന്നത്. ബൂർഷ്വാ സാമ്പത്തിക ശാസ്ത്രം ഇക്കാര്യം പരിഗണിക്കുന്നേയില്ല. അവരുടെ വ്യാഖ്യാനത്തിൽ സാമ്പത്തിക ശാസ്ത്രവും ചരക്കിന്റെ ഉൽപ്പാദനവും വിനിമയവുമൊക്കെ പണത്തിന്റെ ഇടപാടുമാത്രമാണ്. സഹജമായിത്തന്നെ ചൂഷണാധിഷ്ഠിതമായ കൂലിവേല എന്ന സംവിധാനത്തിലൂടെയാണ് ചരക്ക് ഉണ്ടാകുന്നത് എന്ന വസ്തുത ഇവിടെ സൗകര്യപൂർവ്വം മൂടിവയ്ക്കപ്പെടുകയാണ്. മാർക്‌സിന്റെ മിച്ചമൂല്യസിദ്ധാന്തത്തിന്റെ സാരാംശം ഇതാണ്.

മുതലാളിത്ത ചൂഷണത്തിന്റെ സാമ്പത്തിക വശത്തെ സംബന്ധിച്ച് ഒരു ഉൾക്കാഴ്ച മാർക്‌സ് പ്രദാനം ചെയ്യുന്നുണ്ട്. മനുഷ്യന്റെ നിലനിൽപ്പിന് ഉൽപ്പാദനം അവശ്യോപാധിയാണ്. എന്നാൽ മുതലാളിത്ത ഉൽപ്പാദനരീതി ചൂഷണത്തിലും അനീതിയിലും അടിസ്ഥാനപ്പെടുത്തിയുള്ളതാകയാൽ മുതലാളിത്ത വ്യവസ്ഥതന്നെ അനീതിയിലധിഷ്ഠിതമാണെന്ന് മാർക്‌സ് പറയുന്നു. സമൂഹത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യകതകളെ തൃപ്തിപ്പെടുത്താൻ തക്കവണ്ണം ഉൽപ്പാദനശക്തികൾ വികാസം പ്രാപിക്കേണ്ടതുണ്ട് എന്നിരിക്കെ, മുതലാളിത്ത സമൂഹത്തിലെ മുതലാളി-തൊഴിലാളി ഉൽപ്പാദനബന്ധം അതിന് വിലങ്ങുതടിയായി മാറുകയാണ്. ചൂഷണവാഴ്ചയെ അടിസ്ഥാനപ്പെടുത്തിയ മുതലാളിത്തവ്യവസ്ഥയാണ് സാമൂഹ്യവൈരുദ്ധ്യത്തിന്റെ, കൃത്യമായി പറഞ്ഞാൽ വർഗ്ഗവൈരുദ്ധ്യത്തിന്റെ ഉറവിടം. ഇത് മുതലാളിത്തവ്യവസ്ഥയുടെതന്നെ തകർച്ചയിലേയ്ക്കും മനുഷ്യൻ മനുഷ്യനുമേൽ നടത്തുന്ന ചൂഷണത്തിന് അന്ത്യം കുറിക്കുന്നതിലേയ്ക്കും അനിവാര്യമായും നയിക്കുന്നു. വർഗ്ഗ വിഭജനം ഇല്ലാതാക്കപ്പെടുന്നതോടെ അവശ്യോപാധികൾ പൂർത്തീകരിച്ചുകൊണ്ട് സമൂഹം ക്രമേണ, വർഗ്ഗരഹിതവും ചൂഷണമുക്തവുമായ കമ്മ്യൂണിസ്റ്റ് സമൂഹത്തിലേയ്ക്ക് ആത്യന്തികമായി പരിവർത്തനം ചെയ്യപ്പെടും. മഹാനായ മാർക്‌സിന്റെ 134-ാമത് ചരമവാർഷികവും തുടർന്ന് 200-ാം ജന്മവാർഷികവും ആചരിക്കപ്പെടുന്ന ഈ വേളയിൽ ‘മൂലധനം’ എന്ന അദ്ദേഹത്തിന്റെ വിഖ്യാത കൃതിയുടെ ചില സുപ്രധാനവശങ്ങൾ നാം ഒരിക്കൽക്കൂടി അനുസ്മരിക്കുകയാണ്.

Share this post

scroll to top