ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിപത്കരമായ വിജയം സൂചിപ്പിക്കുന്നതെന്ത് ? കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ത്?

80910429_modiworry.jpg
Share

അഞ്ചുവർഷം മോദിഭരണം അടിച്ചേൽപ്പിച്ച കടുത്ത ജനവിരുദ്ധ
നയങ്ങൾമൂലം പൊറുതിമുട്ടിയ ജനങ്ങൾ രോഷംകൊണ്ട് തിളച്ചുമറിയുന്ന സ്ഥിതിയായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് നാം കണ്ടുകൊണ്ടിരുന്നത്. കർഷകരും ചെറുകിട വ്യാപാരികളും ചെറുകിട ഉൽപ്പാദകരും സ്വയം സംഘടിച്ച് തെരുവിൽ വന്നു. മഹാരാഷ്ട്രയെയും വടക്കേഇന്ത്യൻ സംസ്ഥാനങ്ങളെയും കർഷകപ്രക്ഷോഭങ്ങൾ പിടിച്ചുലച്ചു. ജനങ്ങളുടെ പ്രതിഷേധങ്ങൾക്ക് ഈ നയങ്ങളെ ചെറുക്കുവാനും മാത്രം സംഘടിതരൂപം കൈവരിക്കാനായില്ലെങ്കിലും ഇന്ത്യയെമ്പാടും പ്രതിഷേധം അണപൊട്ടിയൊഴുകി. മോദിയുടെ ദുർഭരണത്തിനെതിരെ രാജ്യം 48 മണിക്കൂർ പണിമുടക്കി.

മോദിസർക്കാരാകട്ടെ മുതലാളിമാർക്കുവേണ്ടി ആത്മാർത്ഥമായി പണിയെടുത്തു. ലോകംമുഴുവൻ മുതലാളിമാരുമായി യാത്രചെയ്ത് അവർക്ക് കച്ചവടം ഉറപ്പാക്കിക്കൊടുത്തു. മുതലാളിമാർ ലാഭംകൊയ്തുകൂട്ടിക്കൊണ്ടേയിരുന്നു. ജനജീവിതം തകർച്ചയിൽനിന്ന് തകർച്ചയിലേയ്ക്ക് കൂപ്പുകുത്തി.

നോട്ടുനിരോധനവും ജിഎസ്ടിയും സമ്പദ്ഘടനയുടെ നടുവൊടിച്ചു. വിലക്കയറ്റം എല്ലാവിഭാഗം ജനങ്ങളുടെയും ജീവിതം ദുസ്സഹമാക്കി. അരനൂറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ തൊഴിലില്ലായ്മയിലൂടെ രാജ്യം കടന്നുപോയി. പെട്രോൾ-ഡീസൽ വില വർദ്ധനവ് സർവ്വകാല റിക്കോർഡിൽ എത്തി. ലോകത്ത് സ്ത്രീകൾക്ക് ജീവിക്കാൻ കൊള്ളാത്ത ഇടങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ എന്ന് ഫോബ്‌സ് മാഗസിൻ അഭിപ്രായപ്പെട്ടു. കത്വയും ഉന്നാവയും ഉൾപ്പെടെയുള്ള സംഭവങ്ങൾ ഫോബ്‌സ് മാഗസിന്റെ അഭിപ്രായം ശരിവച്ചു. ഖാപ് പഞ്ചായത്തുകൾ ജനജീവിതത്തിൽ പിടിമുറുക്കി. എതിർ ശബ്ദങ്ങളെ മുഴുവൻ നിശ്ശബ്ദമാക്കി. പശുവിന്റെ പേരിൽ 39 മനുഷ്യജീവനുകൾ തെരുവിൽ അരുംകൊലചെയ്യപ്പെട്ടു. സുപ്രീംകോടതിയടക്കം ജനാധിപത്യ സ്ഥാപനങ്ങളെ പിടിച്ചുകെട്ടി. റഫാൽ, ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതിയായി. തെരഞ്ഞെടുപ്പിലേയ്ക്ക് രാജ്യംപോകുമ്പോൾ ഇതായിരുന്നു സ്ഥിതി.

ശ്വാസംമുട്ടിക്കുന്ന ഈ സ്ഥിതിയിൽനിന്ന് അല്പമെങ്കിലും ആശ്വാസം ലഭിക്കണമെന്ന് ജനങ്ങൾ വളരെയേറെ ആഗ്രഹിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇതൊന്നുമല്ല പ്രതിഫലിച്ചുകണ്ടത്. മൃഗീയഭൂരിപക്ഷത്തിൽ മോദി വീണ്ടും അധികാരത്തിലേറി.
ജനജീവിതത്തെ കശക്കിയെറിഞ്ഞ പ്രശ്‌നങ്ങളൊന്നുംതന്നെ തെരഞ്ഞെടുപ്പ് വേളയിൽ ചർച്ചചെയ്യപ്പെട്ടില്ല. ജനജീവിതത്തിലെ നീറുന്ന പ്രശ്‌നങ്ങളെ കൗശലപൂർവ്വം പിന്തളളിക്കൊണ്ട് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി ഒരുപിടി കൃത്രിമ പ്രശ്‌നങ്ങൾ മുൻപന്തിയിലേയ്ക്ക് ആനയിക്കപ്പെട്ടു. മതഭ്രാന്ത്, യുദ്ധാസക്തിപൂണ്ട ദേശീയഭ്രാന്ത്, യുദ്ധവെറി, ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള ധ്രുവീകരണം തുടങ്ങിയവയൊക്കെ തീവ്രമായി ആളിക്കത്തിച്ചു.

തെരഞ്ഞെടുപ്പിലേയ്ക്ക് രാജ്യം കടക്കുന്നതിന് മുമ്പുതന്നെ പുൽവാമ സൃഷ്ടിച്ചെടുത്തു. മോദി ഓടിനടന്ന് വോട്ടു ചോദിച്ചതുമുഴുവൻ പുൽവാമയുടെയും സൈനികരുടെയും പേരിലാണ്. ഓരോ സംസ്ഥാനത്തും ജാതി-മത വർഗ്ഗീയ ശക്തികളുടെ പിന്തുണ ഉറപ്പാക്കി. അനുചരവൃന്ദം വർഗ്ഗീയ വിഷം ചീറ്റിക്കൊണ്ടേയിരുന്നു. പ്രകോപനപരമായ പ്രസ്താവനകൾ മണ്ടത്തരത്തിന്റെ മാത്രം സൃഷ്ടിയായിരുന്നില്ല. യഥാർത്ഥ ജനകീയ പ്രശ്‌നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കുക എന്ന വലിയ ലക്ഷ്യവും പ്രസ്തുത പ്രസ്താവനകൾ നിറവേറ്റി. രാമന്റെയും സീതയുടെയും കാലത്തുനിന്നും അശേഷം മുന്നോട്ടുപോയിട്ടില്ലാത്ത വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രചാരണം പതിവുപോലെ രാമക്ഷേത്രത്തിന്റെ പരിസരത്ത് കറങ്ങിക്കറങ്ങി നിന്നു. ജനങ്ങളുടെ അജ്ഞത പരമാവധി മുതലാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനെ സമ്പൂർണ്ണമായും വരുതിയിലാക്കി. എല്ലാ ജനാധിപത്യ തത്വങ്ങളും ലംഘിച്ചുകൊണ്ട്, നിർലജ്ജം, ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് താല്പര്യങ്ങൾ സംരക്ഷിക്കാനായി ആവുന്നതെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തു സഹായിച്ചു.

പത്രങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണ ഉറപ്പാക്കി. കോടികൾ വാരിയെറിഞ്ഞു. ജനഹിതത്തെയും തെരഞ്ഞെടുപ്പ് സംവിധാനങ്ങളെയും അട്ടിമറിച്ചു. ജനാഭിലാഷത്തിന് തീർത്തും എതിരായി, ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായ ഒരു തെരഞ്ഞെടുപ്പ് ഫലം കൗശലപൂർവ്വം കൃത്രിമമായി സൃഷ്ടിച്ചെടുക്കാനായി, ഭരണമുതലാളിവർഗ്ഗത്തിന്റെ ആശീർവാദത്തോടെ, പണത്തിന്റെയും പേശീബലത്തിന്റെയും മാധ്യമങ്ങളുടെയും ഭരണസംവിധാനത്തിന്റെയുമൊക്കെ ശക്തികളെ കയറൂരിവിട്ടു. കൃത്യമായ കണക്കുകൂട്ടലുകളുമായി അധികാരത്തിലേറാൻ വേണ്ടതെല്ലാം കൃത്യമായ ചേരുവകളോടെ മുൻകൂട്ടി തയ്യാറാക്കി.

ബിജെപി മാത്രമല്ല, അധികാരത്തിലേറാൻ വെമ്പൽകൊണ്ടിരുന്ന രാഷ്ട്രീയ പാർട്ടികളും മുന്നണികളുമെല്ലാം ഇതേ കൡതന്നെയാണ് ആവർത്തിച്ചത്. വോട്ട് രാഷ്ട്രീയം കളിക്കുന്ന മറ്റ് ബൂർഷ്വാ പ്രതിപക്ഷ പാർട്ടികളും സിപിഐ(എം), സിപിഐ പാർട്ടികൾപോലും ഇതാണ് ചെയ്തത്. ഏറ്റവും നന്നായി കളിച്ചവർ ജയിച്ചു എന്നുമാത്രം. അതല്ലാതെ നമ്മുടെ ഭരണാധികാരികളും നേതാക്കന്മാരും പറയുന്നതുപോലെ ജനാധിപത്യത്തിന്റെ വിജയമൊന്നുമല്ല.
സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പ് അല്ല നടന്നത് എന്നത് ശരിവയ്ക്കുന്ന വാർത്തകളും തെളിവുകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇത് ഏറെ ആശങ്ക ഉളവാക്കുന്ന കാര്യമാണ്. 19ലക്ഷം ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ കാണാതായിരിക്കുന്നു. പലയിടങ്ങളിലും ബൂത്ത്പിടുത്തംതന്നെ നടന്നതായി റിപ്പോർട്ടുകൾ വരുന്നു. ഉദ്യോഗസ്ഥർ വീടുകളിലെത്തി വിരലിൽ മഷിപുരട്ടിക്കൊടുത്തു എന്നതടക്കമുള്ളവാർത്തകളാണ് പുറത്തുവരുന്നത്. നിജസ്ഥിതി എന്നെങ്കിലും പുറത്തുവരുമോ, എന്തെങ്കിലും അന്വേഷണം നടക്കുമോ എന്നറിയില്ല.

സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പ് എന്നത് ഏതാണ്ട് അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പ് ഇന്ന് വെറുമൊരു പ്രഹസനമായി മാറിയിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ ആർഎസ്എസ്-ബിജെപി ശക്തികൾ നടത്തിയ ഹീനമായ ഉപജാപങ്ങളും വഞ്ചനയും കള്ളത്തരങ്ങളും കാപട്യവുമൊക്കെ ഈ സുപ്രധാന വസ്തുത സംശയാതീതമായി തെളിയിച്ചിരിക്കുകയാണ്.
ആർഎസ്എസ്-ബിജെപി ശക്തികളുടെ തികച്ചും വർഗ്ഗീയവും ഫാസിസ്റ്റുമായ രാഷ്ട്രീയത്തെയും ആക്രമണ പദ്ധതികളെയും, ജനജീവിതത്തിന്റെ നീറുന്ന പ്രശ്‌നങ്ങളെ ആധാരമാക്കി വളർത്തിയെടുക്കപ്പെടുന്ന, നിരന്തരവും ശക്തവുമായ, യോജിച്ച ഇടതു-ജനാധിപത്യ പ്രസ്ഥാനത്തിലൂടെ പ്രതിരോധിക്കുക എന്നതാണ,് മാർക്‌സിസം-ലെനിനിസം-ശിബ്ദാസ്‌ഘോഷ് ചിന്തയാൽ നയിക്കപ്പെടുന്ന നമ്മുടെ പാർട്ടി, ജനങ്ങളുടെ അടിയന്തര കർത്തവ്യമെന്ന നിലയിൽ അടിവരയിട്ട് പറഞ്ഞിട്ടുള്ളത്. മതത്തിന്റെ പേരിലും മറ്റ് ഹീനമാർഗ്ഗങ്ങളിലൂടെയും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ്-ബിജെപി കുടില പദ്ധതി വിഫലമാക്കാൻ, ഇത്തരമൊരു യോജിച്ച ഇടതു-ജനാധിപത്യ മുന്നേറ്റത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന സാംസ്‌കാരികാന്തരീക്ഷത്തിലൂടെയേ സാധിക്കൂ.

നമ്മുടെ രാജ്യത്ത് കർഷകരുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയുമൊക്കെ സ്വമേധയായുള്ള, തുടർച്ചയായ സമരങ്ങൾ വളർന്നുവന്നിരുന്നു. സുഘടിതമായൊരു ഇടതു-ജനാധിപത്യ പ്രക്ഷോഭം വളർത്തിയെടുക്കാനുള്ള സാദ്ധ്യത അതിലൂടെ സൃഷ്ടിക്കപ്പെട്ടിരുന്നു. ബൂർഷ്വാ പാർലമെന്ററി രാഷ്ട്രീയത്തിൽ കടിച്ചുതൂങ്ങാതെ ഇവ്വിധമൊരു യോജിച്ച ബഹുജനപ്രക്ഷോഭം വളർത്തിയെടുക്കാനായി മുന്നോട്ടുവരണമെന്ന് സിപിഐ(എം), സിപിഐ പാർട്ടികളോടും കൂട്ടാളികളോടും നാം ആവർത്തിച്ച് അഭ്യർത്ഥിക്കുകയുണ്ടായി. എന്നാൽ, അവർ അതൊന്നും ചെവിക്കൊള്ളാൻ തയ്യാറായില്ല. ബൂർഷ്വാ പാർട്ടികളെയും, ചിലപ്പോഴൊക്കെ പ്രദേശികവാദികളായ പാർട്ടികളെയുംപോലും ‘മതേതര’, ‘ജനാധിപത്യ’ ശക്തികളെന്ന മുദ്ര ചാർത്തിക്കൊടുത്ത് അവരുമായി തത്വരഹിതവും അവസരവാദപരവുമായ സഖ്യങ്ങളിലും ധാരണകളിലും ഏർപ്പെട്ടുകൊണ്ട് ഏതാനും സീറ്റുകൾ തരപ്പെടുത്താനുള്ള തത്രപ്പാടിലായിരുന്നു അവർ. ഇതുമൂലം, തങ്ങളുടെ ഏറ്റവും വിശ്വസ്ത രാഷ്ട്രീയ കാര്യസ്ഥന്മാരായ ബിജെപിയെ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ അവരോധിക്കുന്നതിൽ ഭരണ മുതലാളിവർഗ്ഗം വിജയിച്ചു.
ഇത്തരമൊരു സാഹചര്യത്തിലും, എല്ലാ പ്രതികൂലാവസ്ഥകളെയും പ്രയാസങ്ങളെയും തരണം ചെയ്തുകൊണ്ടും, മാർക്‌സിസം-ലെനിനിസം-ശിബ്ദാസ്‌ഘോഷ് ചിന്തയും വീറുറ്റ ഇടതുപക്ഷ രാഷ്ട്രീയവും ഉയർത്തിപ്പിടിച്ചുകൊണ്ടും നമ്മുടെ പാർട്ടി ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പങ്കെടുക്കുകയും നേരായി ചിന്തിക്കുന്നവരുടെ അംഗീകാരം വലിയ അളവിൽ പിടിച്ചുപറ്റുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്.

ജനതാല്പര്യം പരിഗണിക്കുമ്പോൾ ഈ തെരഞ്ഞെടുപ്പുഫലം വിനാശകരമാണെങ്കിലും ഒട്ടും നിരാശരാകേണ്ടതില്ല. അവസരത്തിനൊത്തുയരാനും ഭരണ മുതലാളിവർഗ്ഗത്തിന്റെയും ബിജെപി ഗവണ്മെന്റിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന എത്ര കിരാതമായ ആക്രമണത്തിനും തക്കതായ തിരിച്ചടി നൽകുമെന്ന് പ്രതിജ്ഞയെടുക്കാനുമാണ്, ഞെട്ടലുളവാക്കുന്ന ഈ തെരഞ്ഞെടുപ്പ് ഫലം നമ്മോടാവശ്യപ്പെടുന്നത്. ആർഎസ്എസ് – ബിജെപി ശക്തികളുടെ തീർത്തും ജനവിരുദ്ധവും കടുത്ത വർഗ്ഗീയ-ഫാസിസ്റ്റ് സ്വഭാവത്തിലുള്ളതുമായ ചെയ്തികളെ, പൊരുതുന്ന ഇടതുപക്ഷീയതയുടെ ശരിയായ അടിസ്ഥാന രാഷ്ട്രീയ ലൈനിനെ ആധാരമാക്കിയുള്ളതും ഉന്നതമായ നൈതിക-സദാചാര-സാംസ്‌കാരിക ധാരണകളിൽ അടിയുറച്ചതുമായ വർഗ്ഗ-ബഹുജന പ്രക്ഷോഭങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചുകൊണ്ട് തുരത്താനാകുമെന്നുറപ്പാണ്. നിരന്തരം വളർത്തിയെടുക്കപ്പെടുന്ന ഇത്തരത്തിലുള്ള ന്യായയുക്തവും വീറുറ്റതുമായ ബഹുജനസമരങ്ങളുടെ കുന്തമുനയാകാനുള്ള പ്രയത്‌നത്തിൽ പങ്കാളികളാകാൻ രാജ്യത്തെ ജനങ്ങളോടും എല്ലാ ഇടതുപക്ഷ പാർട്ടികളുടെയും സത്യസന്ധരായ പ്രവർത്തകരോടും അനുഭാവികളോടും ഹൃദയംഗമമായി ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം

ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഇരുപത് സീറ്റുകളിൽ പത്തൊമ്പതിലും യുഡിഎഫ് വിജയിക്കുകയാണുണ്ടായത്. ഇത്തരമൊരു വിജയം യുഡിഎഫ് നേതൃത്വം പോലും പ്രതീക്ഷിച്ചിരുന്നതല്ല. വോട്ടെണ്ണലിനു മുമ്പ് യുഡിഎഫ് നേതൃത്വം 15,000 വോട്ടിന്റെ വിജയം പ്രവചിച്ചിരുന്ന ഇടുക്കിയിൽ വോട്ടെണ്ണിയപ്പോൾ ലഭിച്ചത് ഒന്നേമുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. വളരെ ദുർബ്ബലമായ സംഘടനാസംവിധാനം, പ്രതിപക്ഷധർമ്മം പോലും നിറവേറ്റാനാകാതെ കഴിവുകേടിന്റെ പ്രതീകമായി മാറിയ സ്ഥിതി ഇവയൊക്കെ യുഡിഎഫിന് പ്രതികൂലമായി ഉണ്ടായിരുന്ന ശക്തമായ ഘടകങ്ങളായിരുന്നു. എന്നിട്ടും യുഡിഎഫ് പത്തുമണ്ഡലങ്ങളിൽ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം നേടി വിജയിച്ചു. രണ്ടു മണ്ഡലങ്ങളിൽ ഭൂരിപക്ഷം 2 ലക്ഷത്തിനു മേലെയാണ്. എൽഡിഎഫ് ജയിച്ച ഒരേയൊരു മണ്ഡലത്തിൽ ഭൂരിപക്ഷമാകട്ടെ പതിനായിരത്തിൽത്താഴെയും. ഇത്തരമൊരു കണ്ണഞ്ചിപ്പിക്കുന്ന വിജയം എങ്ങിനെയാണ് യുഡിഎഫിന് ലഭിച്ചത്. അത്രമേൽ ജനാനുകൂലമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ സംവിധാനമായി യുഡിഎഫ് മാറി എന്ന് ഇത് അർത്ഥമാക്കുന്നുണ്ടോ? നേർബുദ്ധിയുള്ള ഒരാളും കേരളത്തിൽ അങ്ങിനെ ചിന്തിക്കുന്നതേയില്ല. യഥാർത്ഥത്തിൽ ചത്തുകെട്ടു കിടന്ന യുഡിഎഫിന്റെ തലയിൽ ജനങ്ങൾ വിജയം കൊണ്ടിടുകയാണ് ചെയ്തത്.
യുഡിഎഫ് അനുകൂലമായ വിധിയെഴുതാൻ ജനങ്ങളെ പ്രേരിപ്പിക്കുംവിധം ജനാനുകൂലമായ രാഷ്ട്രീയം കൈയാളുന്ന മുന്നണിയല്ലല്ലോ അവർ. സ്വകാര്യമൂലധന ശക്തികൾക്കുവേണ്ടിയും ജനങ്ങളെ വൻതോതിൽ കൈയൊഴിഞ്ഞും നടത്തുന്ന ഭരണം മാത്രമാണ് അവരുടെ ചരിത്രം. സ്വാർത്ഥനേട്ടങ്ങൾക്കായി ഏതറ്റം വരെയും പോകുന്ന, ഭാഗ്യാന്വേഷണത്തിന്റെ രാഷ്ട്രീയം മാത്രം പയറ്റുന്ന കോൺഗ്രസ്സിനും യുഡിഎഫ് ഘടകകക്ഷികൾക്കും ജനങ്ങൾക്കിടയിൽ വൻതോതിൽ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യമുണ്ട്. ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന നിലയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നതിനാൽ ജനങ്ങൾക്ക് യുഡിഎഫിൽ ഒരു പ്രതീക്ഷയുമില്ല. എങ്കിലും ജനങ്ങൾ വൻതോതിൽ യുഡിഎഫിന് വോട്ടു ചെയ്തു. യുഡിഎഫ് എന്ന രാഷ്ട്രീയ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസമല്ല, മറിച്ച് യുഡിഎഫിന്റെ രാഷ്ട്രീയ എതിരാളികളോടുള്ള പ്രതിഷേധവും വെറുപ്പും ഭയവും യുഡിഎഫിന് വോട്ടുചെയ്യാൻ ജനങ്ങളെ-പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളെ-നിർബ്ബന്ധിതരാക്കി. കോൺഗ്രസ്സ് അനുകൂല വോട്ടിംഗ് എന്നതല്ല, ബിജെപി-എൽഡിഎഫ് വിരുദ്ധ വോട്ടിംഗാണ് കേരളത്തിൽ നടന്നത്.

വൻതോതിൽ വോട്ടുചോർന്നിട്ടുള്ളത് എൽഡിഎഫിൽ നിന്നുമാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച 43 ശതമാനം വോട്ട് 35 ശതമാനമായി എൽഡിഎഫിന് കുറയുകയാണ് ഉണ്ടായത്. അതായത് 8 ശതമാനം വോട്ട് ഇടതുമുന്നണിക്കു നഷ്ടപ്പെട്ടു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിൽ 5 ശതമാനവും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 0.6% വർദ്ധനവ് മാത്രമേ ബിജെപിക്ക് സൃഷ്ടിക്കാനായുള്ളൂ. എന്നാൽ യുഡിഎഫിന്റെ നേട്ടം 8.65% ആണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 5.26 ശതമാനവും. കുറച്ചുനാളുകളായി കേരളത്തിലെ ഇടതു-വലതു മുന്നണികൾക്കിടയിൽ നിലനിന്നുവരുന്ന രണ്ടോ മൂന്നോ ശതമാനത്തിന്റെ നേരിയ വോട്ടുവ്യത്യാസം ഇത്തവണ വലിയ തോതിൽ മാറുകയാണുണ്ടായത്. 2004ൽ ഒരു സീറ്റിൽ മാത്രം ഒതുങ്ങിക്കൊണ്ട് ദയനീയ പരാജയം യുഡിഎഫ് ഏറ്റുവാങ്ങുമ്പോഴും വോട്ടു വ്യത്യാസം 5.62 ശതമാനം മാത്രമായിരുന്നു. എന്നാൽ ഇത്തവണ എൽഡിഎഫ് നേടിയതിനേക്കാൾ 12.16 ശതമാനം വോട്ടാണ് യുഡിഎഫ് നേടിയത്. ജയിക്കുന്ന മുന്നണിക്ക് പതിവായി ലഭിക്കാറുള്ളത് ഏറിയാൽ 4 ലക്ഷത്തിന്റെ വരെ മാത്രം അധികവോട്ടാണ്. എന്നാൽ ഇത്തവണ യുഡിഎഫിന് ലഭിച്ചിട്ടുള്ള അധികവോട്ടാകട്ടെ 24 ലക്ഷത്തിനുമേലെയാണ്. ഇത്രയും കനപ്പെട്ട ഒരു വിജയം യുഡിഎഫിന് എങ്ങിനെ ഉണ്ടായി എന്നത് വസ്തുനിഷ്ഠമായി പരിശോധിക്കപ്പെടേണ്ടതാണ്.
ബിജെപി അനുവർത്തിക്കുന്ന ആക്രമണോൽസുകമായ വർഗ്ഗീയതയും അന്യമതവിദ്വേഷവും ന്യൂനപക്ഷ വിഭാഗങ്ങളിൽ സൃഷ്ടിച്ചിട്ടുള്ള ഭീതി അളക്കാനാവാത്തതാണ്. പശുവിന്റെ പേരിൽ രാജ്യമെമ്പാടും പാവപ്പെട്ട മനുഷ്യരെ തല്ലിക്കൊന്നു. ഭരിക്കുന്ന പാർട്ടിയെയും ഭരണത്തിന്റെ നയങ്ങളെയും വിമർശിക്കുക എന്നാൽ രാജ്യവിരുദ്ധ പ്രവർത്തനമായി ചിത്രീകരിക്കപ്പെടുന്ന ഭയജനകമായ സാഹചര്യം കഴിഞ്ഞ 5 വർഷത്തെ മോദി ഭരണത്തിലൂടെ സൃഷ്ടിക്കപ്പെട്ടു. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലുള്ള രാജ്യസ്‌നേഹം തങ്ങൾക്കുണ്ടെന്നു ഓരോ നിമിഷവും സ്വയം സാക്ഷ്യപ്പെടുത്തിക്കൊണ്ടും ബോദ്ധ്യപ്പെടുത്തിക്കൊണ്ടും മാത്രമേ ജീവൻ സംരക്ഷിക്കാനാവൂ എന്ന സ്ഥിതി ന്യൂനപക്ഷങ്ങൾക്കുണ്ടായിരിക്കുന്നു. ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയർത്തിയവരെ തോക്കിന്നിരയാക്കി. വിയോജിപ്പിന്റെ ശബ്ദങ്ങൾക്ക് ഇടമില്ലാത്ത രാജ്യമായി ഇൻഡ്യ മാറി. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിൽ ഇന്നോളമുണ്ടായിട്ടില്ലാത്ത വിധം ന്യൂനപക്ഷങ്ങൾ സ്വന്തം രാജ്യത്ത് അന്യരാക്കപ്പെട്ടു. നിർഭയമായ, അഭിമാനകരമായ സാമൂഹ്യജീവിതം സാദ്ധ്യമാക്കാൻ ബിജെപിയെ എവ്വിധവും പുറത്താക്കുക എന്നതായിരുന്ന ജനങ്ങളുടെ മുമ്പിലെ – പ്രത്യേകിച്ചും ന്യൂനപക്ഷ വിഭാഗങ്ങളുടെ മുമ്പിലെ – ഏകമാർഗ്ഗം. ദേശീയതലത്തിൽ പ്രസ്തുത ദൗത്യം നിറവേറ്റാൻ കോൺഗ്രസ്സിനു പരമാവധി എംപിമാരെ നൽകുക എന്ന സാധാരണ രാഷ്ട്രീയയുക്തി ജനങ്ങളിൽ ഒരു വലിയ വിഭാഗം സ്വീകരിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷ ധ്രുവീകരണത്തിന് അത് വഴിയൊരുക്കി. യുഡിഎഫിന്റെ വലിയ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്.
തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലുൾപ്പടെ കോൺഗ്രസ്സുമായും മുസ്ലീം ലീഗുമായും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി സിപിഐ(എം)ഉം സിപിഐയും തെരഞ്ഞെടുപ്പിനെ നേരിട്ടത്, സംസ്ഥാനത്ത് സിപിഐ(എം) സ്വീകരിക്കുന്ന കോൺഗ്രസ്സ് വിരുദ്ധ രാഷ്ട്രീയം കാപട്യമാണെന്ന് ചിന്തിക്കാൻ സാധാരണജനങ്ങളെ പ്രേരിപ്പിച്ചു. ആഴമാർന്ന രാഷ്ട്രീയ വിലയിരുത്തലിനു തയ്യാറാകാത്തവരായ സാധാരണജനങ്ങളെ സംബന്ധിച്ചിടത്തോളം ശക്തമായ കോൺഗ്രസ്സ് വിരുദ്ധ നിലപാട് സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമാകാത്ത സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു. കോൺഗ്രസ്സിന് അനുകൂലമായ വോട്ടിംഗിൽ അധാർമ്മികമായി ഒന്നുമില്ല എന്ന അന്തരീക്ഷം സൃഷ്ടിക്കാൻ ഇത് ഇടവരുത്തി. വ്യക്തവും വ്യതിരിക്തവുമായ ഇടതുരാഷ്ട്രീയം ശക്തമായി സ്ഥാപിക്കപ്പെടാതെ പോവുകകൂടി ചെയ്തതോടെ യുഡിഎഫ് വിജയത്തിന് വഴി തെളിഞ്ഞു.
ഇരുമുന്നണിക്കും മാറി മാറി വോട്ടുചെയ്യുന്ന ഒരു ചെറുശതമാനം ആരെ അനുകൂലിക്കുമോ അവർക്കാണ് സാധാരണനിലയിൽ വിജയം ഉണ്ടാകാറുള്ളത് – ഒരു തരംഗം സൃഷ്ടിക്കാനുള്ള മറ്റ് പ്രബലമായ കാരണങ്ങൾ ഒന്നുമില്ലെങ്കിൽ. ഈ ചെറുവിഭാഗം ഇത്തവണ യുഡിഎഫിനോടൊപ്പം നിന്നുവെന്നത് വസ്തുതയാണ്. എന്നാൽ ഇപ്പോൾ ദൃശ്യമായിരിക്കുന്ന അളവിലുള്ള വലിയ വിജയം സൃഷ്ടിക്കാൻ ഈ ചാഞ്ചാടി നിൽക്കുന്ന വിഭാഗത്തിന് ആവില്ല. അതിലും വ്യാപ്തിയേറിയ, ഒരു മാറ്റം ഇത്തവണ സംഭവിച്ചിരിക്കുന്നുവെന്ന് സംശയാതീതമായി വിലയിരുത്താം. കാലങ്ങളായി ഇടതുമുന്നണിക്ക് അനുകൂലമായി വോട്ടുചെയ്യുന്ന ജനങ്ങളിൽ അത്ര ചെറുതല്ലാത്ത ഒരു വിഭാഗം അവരെ കൈയൊഴിയുന്നുവെന്നതാണ് ഗൗരവതരമായ ഈ മാറ്റം. കേരളത്തിന്റെ ഇടതുമനോഘടന വീണ്ടും ദുർബ്ബലമാകുന്നുവെന്നതിന്റെ പ്രതിഫലനമാണിത്. ഇടതുരാഷ്ട്രീയത്തിന്റെ മനോഭാവത്തിൽനിന്നും അകന്നുകൊണ്ടിരിക്കുന്ന ഈ വിഭാഗത്തിൽ വലിയൊരു പങ്ക് ഇന്ന് കോൺഗ്രസ്സിന് അനുകൂലമായി നിലകൊണ്ടെങ്കിൽ, നാളെ ഇതിലും തീവ്രമായ വലതുപാളയത്തിലേക്ക് പോയിക്കൂട എന്നില്ല.
ഇത്രമേൽ ഒരു വോട്ടുചോർച്ച ഇടതുമുന്നണിക്കുണ്ടായത് എന്തുകൊണ്ടാണ്? സത്യസന്ധമായി വിലയിരുത്താനും പോരായ്മകൾ പരിഹരിക്കാനും സിപിഐ(എം) നയിക്കുന്ന ഇടതുമുന്നണി തയ്യാറാകുന്നില്ലെങ്കിൽ കേരളത്തിന്റെ ഇടതു – ജനാധിപത്യ മുന്നേറ്റം വലിയ തിരിച്ചടികളെ നേരിടേണ്ടിവരും. ബംഗാൾ നൽകുന്ന പാഠം അതാണ്.

ഇടതു മൂല്യങ്ങളെയും രാഷ്ട്രീയത്തെയും ഏതാണ്ട് പൂർണ്ണമായും തിരസ്‌കരിച്ചിരിക്കുന്ന, സംസ്ഥാനത്തെ എൽഡിഎഫ് ഭരണം ഇപ്രകാരമൊരു വിധിയെഴുത്തിന് ജനങ്ങളെ പ്രേരിപ്പിച്ചിരിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. കേന്ദ്രത്തിന്റെ ജിഎസ്റ്റി, കുടുതൽ ശക്തമായി സംസ്ഥാനത്തെ ജനങ്ങളുടെ ശിരസ്സിൽ അടിച്ചേൽപ്പിച്ചും പെട്രോളിന്റെ നികുതി വർദ്ധിപ്പിച്ചും നട്ടെല്ല് തകർക്കുന്ന വിലക്കയറ്റത്തിന് ഇടവരുത്തിയത്, വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യമുതലാളിമാരെ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചുകൊണ്ട് കൈയയച്ച് സഹായിച്ചത്, റോഡ് വികസനത്തിന്റെ പേരിൽ സാധാരണ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ കാട്ടിയ വ്യഗ്രത, ജനങ്ങളുടെ പൊതുസ്വത്തായ വനവും ഭൂമിയും വൻകിടമുതലാളിമാക്ക് അധീനപ്പെടുത്താനായി കോടതികളിൽ ഉൾപ്പടെ നടത്തുന്ന നിർലജ്ജമായ ഒത്താശകൾ, മറുവശത്ത് തല ചായ്ക്കാൻ ഇടം ചോദിക്കുന്ന ആദിവാസി-ദരിദ്ര ജനവിഭാഗങ്ങളോടും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടു സമരം നടത്തുന്ന സാധാരണജനങ്ങളോടും കാട്ടുന്ന അക്രമവും ധിക്കാരവും അവഗണനയും, തെരുവാധാരമാക്കപ്പെടുന്ന കരാർ തൊഴിലാളികൾ, യുഡിഎഎഫ് ഭരണം നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി തുടരുന്നത്, അഹന്തയും അധികാരമത്തും തലയ്ക്കുപിടിച്ച പെരുമാറ്റങ്ങൾ, രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന ജനാധിപത്യധ്വംസനത്തിന്റെ രാഷ്ട്രീയം ഇപ്രകാരമുള്ള എണ്ണമറ്റ ജനവിരുദ്ധ നടപടികളിലൂടെയും സമീപനങ്ങളിലൂടെയും ജനങ്ങളുടെ പ്രതിഷേധത്തിനു പാത്രമായ സർക്കാരിനെ നയിക്കുന്ന ഇടതുമുന്നണിയാണ് തെരഞ്ഞെടുപ്പിൽ ജനങ്ങളെ അഭിമുഖീകരിച്ചത്. സ്വാഭാവികമായും രാഷ്ട്രീയബോധത്തിന്റെയും നയങ്ങളുടെയും അടിസ്ഥാനത്തിൽ വോട്ടു ചെയ്യുന്ന ജനവിഭാഗങ്ങളുടെ വിധിയെഴുത്തിന് ഇവയൊക്കെ ആധാരമാവുകയും ചെയ്തു.
ശബരിമല വിഷയം സിപിഐ(എം) കൈകാര്യം ചെയ്തത് വളരെ സങ്കുചിതമായ പാർലമെന്ററി ലക്ഷ്യത്തോടെയായിരുന്നുവെന്ന് അപ്പോൾത്തന്നെ ഞങ്ങൾ ചൂണ്ടിക്കാട്ടിയതാണ്. പരമാവധി മുതലെടുക്കാൻ അവസരം നൽകി, ബിജെപിയെ ഒരു ശക്തിയായി അവതരിപ്പിച്ച് യുഡിഎഫിന്റെ വോട്ട് ക്ഷയിപ്പിക്കുക എന്നതായിരുന്നുസിപിഐ(എം)ന്റെ ലക്ഷ്യം. അതു തിരിച്ചടിക്കുകയാണുണ്ടായത്. സാധാരക്കാരായ മതവിശ്വാസികളിൽ കൂടുതൽ ആക്രമണോൽസുകമായി ചിന്തിക്കുന്ന ഒരു പരിമിത വിഭാഗത്തിന്റെ പിന്തുണ നേടാൻ ബിജെപിക്ക് കഴിഞ്ഞുവെന്നത് ഒരു യാഥാർത്ഥ്യമാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിച്ചതിലേറെ വോട്ട് നേടാൻ അവർക്കു കഴിഞ്ഞതിന്റെ ഒരു കാരണവും അതുതന്നെയാണ്. ശബരിമലയെ മുൻനിർത്തി സിപിഐ(എം) അനുവർത്തിച്ച നിലപാട് വഴി കേരളത്തിന്റെ മതേതരമനോഘടനയ്ക്കുമേൽ സൃഷ്ടിച്ച ആഘാതമെന്തെന്ന്, മോദി ഭരണത്തിനെതിരെയുള്ള ശക്തമായ ജനവികാരമെന്ന പ്രതികൂല ഘടകത്തെയും മറികടന്ന് ബിജെപി നേടിയ 16 ശതമാനം വോട്ട് വ്യക്തമാക്കുന്നു. എന്നാൽ മതവിശ്വാസത്തെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് തിരിച്ചറിഞ്ഞ കടുത്ത നിലപാടുകളില്ലാത്ത മതവിശ്വാസികളിലെ വലിയൊരുവിഭാഗവും യുഡിഎഫിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. അതിൽ നല്ലൊരു പങ്ക് ഇടതുവോട്ടർമാരാണെന്നുള്ളതും സിപിഐ(എം)ന്റെ വോട്ടു നഷ്ടം വ്യക്തമാക്കുന്നു.

മതവിശ്വാസത്തെ ആധാരമാക്കി വോട്ട് ചെയ്യാൻ വലിയൊരു വിഭാഗം ജനങ്ങൾ പ്രേരിതരായി എന്ന അപചയമാണ് ഇതിന്റെ ആത്യന്തിക ഫലം. ഈ സാഹചര്യം സൃഷ്ടിച്ചതിൽ സിപിഐ(എം)നാണ് കൂടുതൽ പങ്ക്, കോൺഗ്രസ്സ് നേതൃത്വത്തിനും ഒട്ടും കുറയാത്ത പങ്കുണ്ട്.
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം സാമൂഹ്യപുരോഗതിയെ ഗൗരവപൂർവ്വം കാണുന്നവർക്കും ഇടതുവിശ്വാസികൾക്കും ആശങ്ക ജനിപ്പിക്കുന്നതാണ്. കേരളം ആപൽക്കരമായ ഒരു തിരിച്ചുപോക്കിലാണ്. മതാന്ധതയും മതവെറിയും കത്തിയാളിക്കുന്ന ശക്തികൾ സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സമൂഹത്തിൽ ഇരുട്ടുപരത്തുകയാണ്. സാമൂഹ്യനന്മയ്ക്കും ഉയർന്ന ജനാധിപത്യ-മതേതര മൂല്യങ്ങൾക്കുംവേണ്ടി പോരടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇടതുപ്രസ്ഥാനങ്ങൾ വളരെ സങ്കുചിതമായ പാർലമെന്ററി അധികാര രാഷ്ട്രീയത്തിന്റെ മാർഗ്ഗത്തിൽ ഉന്നതമായതെല്ലാം വലിച്ചെറിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങളുടെ അവകാശപ്പോരാട്ടങ്ങൾ, ജനാധിപത്യമുന്നേറ്റങ്ങൾ, ഉയർന്ന സംസ്‌കാരത്തിന്റെ പ്രതിപ്രവാഹങ്ങൾ – ഇവ സൃഷ്ടിക്കാൻ ഇനി ഒരു നിമിഷം പോലും വൈകാനാകില്ല. എത്ര ശ്രമകരമെങ്കിലും ഈ ദൗത്യം നിറവേറ്റാൻ ജനാധിപത്യവിശ്വാസികളും മനുഷ്യസ്‌നേഹികളും മുന്നോട്ടുവന്നാൽ ഈ അന്ധകാരം നമുക്ക് മാറ്റിയെടുക്കാൻ കഴിയും. വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയില്ലാതെ, ജാതിക്കും മതത്തിനും അതീതമായി, ജനങ്ങൾ സ്വന്തം കരുത്തിൽ പടുത്തുയർത്തിയ നിരവധി ജനകീയ പ്രക്ഷോഭങ്ങൾ വിജയം വരിക്കുന്നത് സമീപകാലത്തെ ആവേശകരമായ അനുഭവമാണ്. ജനകീയ പ്രക്ഷോഭത്തിന്റെ മാർഗ്ഗത്തിലേയ്ക്ക് ഇടതു-ജനാധിപത്യ പ്രസ്ഥാനങ്ങൾ മടങ്ങിവന്നാൽ ഈ മുന്നേറ്റങ്ങൾ കൂടുതൽ ശക്തിപ്പെടും. സാമൂഹ്യാന്തരീക്ഷമാകെ ഉയർന്ന മൂല്യങ്ങളാൽ പ്രകാശം നിറഞ്ഞതാകും. ജനങ്ങളുടെ സാഹോദര്യവും ഐക്യവും ആർക്കും ഭേദിക്കാനാവാത്തവിധം കൂടുതൽ ദൃഢമാകും. മതേതരമായ ജീവിതവീക്ഷണം ജനങ്ങളെയാകെ ഒന്നിപ്പിക്കുന്ന ശക്തമായ സാമൂഹ്യഘടകമായി ഉയർന്നുവരും. ഒരു വിഭാഗവും അവരുടെ മതവിശ്വാസത്തിന്റെപേരിൽ അകറ്റിനിർത്തപ്പെടാത്ത, ആക്രമിക്കപ്പെടാത്ത സാഹചര്യം അങ്ങിനെ മാത്രമേ ഉയർന്നുവരൂ. സാമൂഹ്യസുരക്ഷിതത്വം ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനം ഔദാര്യമായി നൽകുന്നതല്ലെന്ന് ന്യൂനപക്ഷങ്ങൾ തിരിച്ചറിയണം. ജനാധിപത്യ-മതേതര മൂല്യങ്ങൾ ദൃഢമായി സ്ഥാപിക്കപ്പെട്ട ഒരു സമൂഹത്തിൽമാത്രമേ അഭിമാനകരമായ ജീവിതം സാദ്ധ്യമാകൂ. അതിനായി സമർപ്പിതമായി പ്രയത്‌നിക്കുവാൻ എസ്‌യുസിഐ(കമ്യൂണിസ്റ്റ്) ഏവരോടും അഭ്യർത്ഥിക്കുന്നു.

Share this post

scroll to top