സാമ്രാജ്യത്വശക്തികളുടെ കൊടുംക്രൂരതകളും ആഗോള തീവ്രവാദവും

isis-financc3a9-par-les-usa.jpg
Share

കുറഞ്ഞത് 290 പേരുടെ മരണത്തിനും ഏതാണ്ട് 500 പേരുടെ പരിക്കുകൾക്കും ഇടയാക്കിക്കൊണ്ട് ഇക്കഴിഞ്ഞ ഏപ്രിൽ 21ന് ശ്രീലങ്കയിലെ പള്ളികളെയും മുന്തിയ ഹോട്ടലുകളെയും തകർത്തുകളഞ്ഞ, കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ എട്ടു സ്‌ഫോടനങ്ങൾ നടക്കുകയുണ്ടായി. ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ചിലെ രണ്ടുമുസ്ലീം പള്ളികളിൽ മാർച്ച് 15ന് നടന്ന 50 പേരുടെ കിരാതമായ കൊലപാതകം കഴിഞ്ഞ് ഒരു മാസത്തിനുശേഷമാണ് ഇതുനടന്നത്. ഇസ്ലാമിക മതമൗലിക സംഘടനയായ ഐഎസ്(ഇസ്ലാമിക സ്റ്റേറ്റ്)ന്റെ ആറു ചാവേറുകളാണ് ശ്രീലങ്കയിലെ സ്‌ഫോടനം നടത്തിയതെന്നും വെള്ളക്കാരുടെ അധീശത്വ ഗ്രൂപ്പുകളുമായി ബന്ധമുള്ള ഒരാളാണ് ന്യൂസിലാന്റ് സ്‌ഫോടനത്തിന് ഉത്തരവാദിയെന്നും റിപ്പോർട്ടുകളുണ്ട്.

വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ സ്‌ഫോടനപരമ്പരകളും പരക്കെയുള്ള വെടിവയ്പ്പുകളും മുൻപും നടന്നിട്ടുണ്ട്. 2005ൽ തിരക്കേറിയ സമയത്ത് ലണ്ടൻ റയിൽ യാത്ര സംവിധാനങ്ങളിൽ ഭീകരാക്രമണം നടന്നിട്ടുണ്ട്. ഒരേ സമയം നടന്ന സ്‌ഫോടനങ്ങൾ വഴി 56പേർ മരിക്കുകയും 700 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വീണ്ടും 2017 സെപ്റ്റംബറിൽ ലണ്ടനിലെ മർമ്മ പ്രധാനമായ ഭൂഗർഭറയിൽ സംവിധാനത്തിൽ ‘ബക്കറ്റ് ബോംബ്’ പൊട്ടി 29 പേർക്ക് ഗുരുതരമായ പരിക്കേറ്റു. ആ വർഷം ബ്രിട്ടണിൽ നടന്ന അഞ്ചാമത്തെ ഭീകരാക്രമണമായിരുന്നു അത്.
2015 നവംബറിൽ തോക്കുധാരികളായ ഒരു സംഘം ചാവേർ ബോംബർമാർ പാരീസിൽ ഒരു സംഗീതശാലയും ഒരു പ്രധാന സ്റ്റേഡിയവും നിരവധി ഹോട്ടലുകളും ബാറുകളും ഒരേസമയം സ്‌ഫോടനത്തിനിരയാക്കുകയും 130 പേരെ കൊല്ലുകയും നിരവധിയാളുകളെ പരിക്കേൽപ്പിക്കുകയും ചെയ്തു. 2016 ലെ വേനൽക്കാലത്ത് 80 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനുശേഷം ജർമ്മനി തുടരാക്രമണങ്ങളെക്കുറിച്ചുള്ള ഭീതിയിലാണ്. ബ്രസ്സൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ബെൽജിയത്തിലെ സിറ്റി മെട്രോ സ്റ്റേഷനിലും നടന്ന ഭീകരാക്രമണങ്ങളിൽ 31 പേരെങ്കിലും വധിക്കപ്പെടുകയും അനേകംപേർക്ക് ഗുരുതരങ്ങളായ പരിക്കുകളേൽക്കുകയും ചെയ്തു. നിരവധി നിരപരാധികളുടെ പ്രാണനെടുത്ത രണ്ടു പ്രധാന ഭീകരാക്രമണങ്ങൾ, 1993ലും പിന്നീട് 2008ലും മുംബൈയിൽ നടക്കുകയുണ്ടായി. 2007ൽ ഡൽഹി-ലാഹോർ സംഝോധ എക്‌സ്പ്രസ്സിൽ സ്ഥാപിച്ച സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് 68 പേർ മരിക്കുകയും ഏറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 2006 സെപ്റ്റംബറിലും 2008ലും മഹാരാഷ്ട്രയിലെ മലെഗാവ് പട്ടണത്തിലെ ഒരു മുസ്ലീം പള്ളിക്കുസമീപം നടന്ന രണ്ടു സ്‌ഫോടനങ്ങളിൽ ഓരോന്നും അമ്പതിലധികം ആളുകളുടെ മരണത്തിനിടയാക്കിയിട്ടുണ്ട്. 2017 മെയ്മാസത്തിൽ ഹൈദരാബാദ് മക്കാ മസ്ജിദിൽ നടന്ന രണ്ടു സ്‌ഫോടനങ്ങളും രാജസ്ഥാനിലെ അജ്മീർ ദർഗാ ശരീഫിൽ നടന്ന മറ്റൊരു വൻസ്‌ഫോടനവും ഇരുപതിലധികം പേരെ കൊല്ലുകയുണ്ടായി. 2014 ഡിസംബറിൽ ആയുധധാരികളായ ആറുഭീകരർ, പാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറൻ നഗരമായ പെഷവാറിലെ ആർമി പബ്ലിക് സ്‌കൂളിലേയ്ക്ക് നുഴഞ്ഞു കയറി 149പേരെ വെടിയുണ്ടയ്ക്കിരയാക്കി. അതിൽ 132 പേരും എട്ടിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള സ്‌കൂൾ കുട്ടികളായിരുന്നു.

നാളിതുവരെയായി അഫ്ഗാനിസ്ഥാൻ, കെനിയ, നൈജീരിയ, സൊമാലിയ, ഇറാഖ്, ലിബിയ, മാലി, ബർക്കിനഫാസോ, സിറിയ തുടങ്ങിയ രാജ്യങ്ങളിലായി ആയിരക്കണക്കിന് ഭീകരാക്രമണങ്ങൾ നടന്നിട്ടുണ്ട്. ഈ പ്രധാന സംഭവങ്ങൾക്കൊപ്പംതന്നെ ഈയടുത്തകാലത്ത് ലാഹോറിലെ മതപരമായ ഒരു പുണ്യസങ്കേതത്തിനടുത്ത് നടന്നതുപോലുള്ള ഒറ്റപ്പെട്ട അനേകം സ്‌ഫോടനങ്ങളും, അമേരിക്കയിലെയും മറ്റു പാശ്ചാത്യരാജ്യങ്ങളിലെയും കൗമാരക്കാരായ വിദ്യാർത്ഥികളുൾപ്പെടെയുള്ള, കാഞ്ചിവലിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന മാനസിക വൈകല്യമുള്ളവർ നടത്തുന്ന ലക്ഷ്യമില്ലാതെയുള്ള വെടിവയ്പ്പുകളും അശരണരായ പൗരന്മാരെ കൊല്ലുന്ന നീചവൃത്തി നിസ്സാരമായ ഒന്നാണെന്നമട്ടിൽ, നിർബാധം നടന്നുവരികയാണ്. ഈ സൂചനകൾ അശുഭകരവും സാഹചര്യം അങ്ങേയറ്റം ഗുരുതരവും വിഷമിപ്പിക്കുന്നതുമാണ്.

ആക്രമണങ്ങൾക്കും  കൊലപാതകത്തിനും പിന്നിലെ ശക്തികൾ

‘ഭീകര’രും ‘ഭീകരവാദി’കളുമൊക്കെ തങ്ങളുടെ ശത്രുക്കളെന്നു കരുതുന്നവരോട് കണക്കു തീർക്കാൻ നിരപരാധികൾക്കുനേരെ വെളിവില്ലാത്ത ആക്രമണങ്ങളും ദയാരഹിതമായ കൊലപാതകങ്ങളും നടത്തുന്നവരാണ്. ഇത്തരം ഒളിപ്രവർത്തനങ്ങൾ നടത്തുന്നതിൽ തങ്ങൾക്കുള്ള ശക്തിയിലും വൈദഗ്ദ്ധ്യത്തിലും ഡംഭുകാട്ടുന്നവരുമാണവർ.
വർദ്ധിച്ചുവരുന്ന ഈ ഭീകരാക്രമണങ്ങളുടെ കാരണമായി പുറമേയ്ക്ക് ചൂണ്ടിക്കാണിക്കപ്പെടുന്നത് വളർന്നുവരുന്ന മതതീവ്രവാദവും വംശീയവും മതപരവുമായ കാലുഷ്യങ്ങളും സെമിറ്റിക് മതങ്ങളോടുള്ള വിരോധവുമൊക്കെയാണ്. കാരണം ഇത്തരം വികലവും വിഷലിപ്തവുമായ ചിന്തകൾ വച്ചുപുലർത്തുന്ന ശക്തികൾ, ഈവിധമുള്ള ആസൂത്രിതാക്രമണങ്ങളുടെയും കൂട്ടക്കൊലകളുടെയും ഉത്തരവാദിത്തം അഭിമാനപൂർവ്വം ഏറ്റെടുക്കുന്നതായി കാണുന്നു. അതുമാത്രമല്ല, ഒളിവിൽ നടക്കുന്ന ഇത്തരം സ്‌ഫോടനങ്ങൾ ഇപ്പോൾ മതസ്ഥാപനങ്ങൾക്കും പുണ്യമന്ദിരങ്ങൾക്കും നേരെ തിരിയുന്നതായും കാണുന്നു. ഇത് മതമൗലികവാദ ഗ്രൂപ്പുകളുടെ പങ്കാളിത്തത്തെയാണ് സൂചിപ്പിക്കുന്നത്. തീവ്രവാദവും മതമൗലിക നിഷ്ഠുരതയും ഏതെങ്കിലുമൊരു പ്രത്യേകമതവുമായിമാത്രം ബന്ധപ്പെട്ടതല്ലെങ്കിൽക്കൂടി. എല്ലാ മത-വംശീയ ഭ്രാന്തുകളുടെയും പൊതുസ്വഭാവമായി ഇന്നതുമാറിയിരിക്കുന്നു.
ഇസ്ലാമികമൗലികവാദഗ്രൂപ്പുകളായ താലിബാൻ, അൽ-ഖ്വയ്ദ, ഐഎസ്, അൽ-ഷബാബ്, ലഷ്‌ക്കർ-ഇ-തൊയ്ബ, ബോകോ ഹറാം, ജയ്‌ഷെ-മൊഹമ്മദ്, തെഹ്‌രികി താലിബാൻ പാകിസ്ഥാൻ(റ്റിറ്റിപി) എന്നിവരോടൊപ്പം വെള്ളക്കാരുടെ അധീശത്വത്തിൽ വിശ്വസിക്കുന്ന കൂ ക്ലസ് ക്ലാൻ, ജർമ്മനിയിലും മറ്റിടങ്ങളിലുമുള്ള നവനാസി സംഘങ്ങൾ, എൽടിടിഇ, ആർഎസ്എസ് നേതൃത്വത്തിലുള്ള സംഘപരിവാറിനോട് ചേർന്നു നിൽക്കുന്ന ‘അവിനവ് ഭാരത്’ തുടങ്ങിയ സംഘങ്ങളെയുംപോലുള്ള ദേശഭ്രാന്ത് മൂത്തവർ-ഇവരെല്ലാവരുംതന്നെ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്യുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരപരാധികളെ ലാക്കാക്കിയുള്ള കൂട്ടക്കൊലകൾ നടത്തുകയും ചെയ്യുന്നതായി നാം കാണുന്നു. അതിനാൽ ഭീകരാക്രമണമെന്നത് ഇസ്ലാമിക മൗലികവാദത്തിന്റെ മാത്രം നീക്കിയിരിപ്പൊന്നുമല്ല, തൽപ്പരകക്ഷികൾ അങ്ങനെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിൽക്കൂടി. അത് വംശീയ ഗ്രൂപ്പുകളും വർഗ്ഗീയ ഭ്രാന്തന്മാരും ദേശഭ്രാന്തുമൂത്തവരും ഹിന്ദുത്വ ക്രിമിനലുകളുമെല്ലാം നടത്തുന്ന ആക്രമണങ്ങൾക്കു കൂടി ബാധകമാണ്. കൂടാതെ ലോകത്തറിയപ്പെടുന്ന കുറച്ച് ആഗോള ഭീകരഗ്രൂപ്പുകൾക്കുപുറമേ നിരവധി വംശീയ-പ്രാദേശിക-അതിദേശീയ-വിഘടനവാദ-മൗലികവാദ-തീവ്രവാദ സംഘങ്ങളും തങ്ങളുടെ ലക്ഷ്യം നേടാനായി നിരവധി സ്‌ഫോടനങ്ങളും കൂട്ടക്കൊലകളും നടത്തുന്നതായും കാണാം.

ഭീകരവാദ പ്രവർത്തനങ്ങളുടെ കുതിച്ചുചാട്ടത്തിന്റെ കാരണം

നിരപരാധികളായ സാധാരണക്കാരെ എളുപ്പത്തിൽ കീഴടക്കാവുന്ന ലക്ഷ്യങ്ങളായി കണ്ടുകൊണ്ട് ഒന്നിനുപിറകെ ഒന്നായി നടക്കുന്ന ആസൂത്രിതാക്രമണങ്ങളും ക്രൂരമായ രക്തച്ചൊരിച്ചിലുകളും ലോകവ്യാപകമായി പ്രതിഷേധത്തിനും ദുഃഖാചരണത്തിനും തിരികൊളുത്തുന്നു. പക്ഷേ കേവലം ദുഃഖിക്കുകയും, ഓരോ ദുരന്തങ്ങൾക്കുംശേഷം ദുഖിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടുമാത്രമായില്ല. പാടവത്തോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഈ കൂട്ടക്കൊലകളോടുള്ള പൊള്ളയായ പ്രതികരണങ്ങൾ ഈ നിഷ്ഠുരകൃത്യങ്ങൾക്ക് കടിഞ്ഞാണിടില്ല. കാരണം, ആഗോളഭീകരവാദം ശൂന്യതയിൽ നിന്നുയിരെടുക്കുന്നതല്ല, നിശ്ചിതമായ കാരണങ്ങൾ കൊണ്ടുടലെടുക്കുന്നതാണ്. ചരിത്രവസ്തുതകളുടെയും, നിലനിൽക്കുന്ന സാമുഹിക-രാഷ്ട്രീയ സാഹചര്യങ്ങളോടും ചരിത്രഗതിയോടും ബന്ധപ്പെടുത്തിയുള്ള ആ വസ്തുതകളുടെ യുക്തിപരമായ വിശകലനത്തിന്റെയും, അടിസ്ഥാനത്തിൽ വളർന്നുവരുന്ന ഭീകരാക്രമണങ്ങളുടെ ഉൽപ്പത്തിയെക്കുറിച്ച് നാം പര്യാലോചിക്കേണ്ടതുണ്ട്. യഥോചിതമായ ഒരു പരിഹാരമാർഗ്ഗം അപ്പോൾ മാത്രമേ നമുക്ക് കണ്ടെത്താൻ കഴിയൂ.
മാനുഷികഭാവങ്ങളും യുക്തിചിന്തയും മനസ്സിൽനിന്നൊഴിഞ്ഞുപോകുകയും തൽസ്ഥാനത്ത് അന്ധമായ വിശ്വാസങ്ങളുടെയും ഭ്രാന്തമായ പ്രബോധനങ്ങളുടെയും യാഥാസ്ഥിതികത്വം കുടിയേറുകയും ചെയ്യുമ്പോഴാണ് ഒരാൾ സ്വയം സ്‌ഫോടനത്തിന് ഇരയായിക്കൊണ്ടുപോലും ഇത്തരം ക്രൂരതകളിലേർപ്പെടുന്നത് എന്നു മനസ്സിലാക്കുന്നതിന് വലിയ ബുദ്ധിയുടെ ആവശ്യമില്ല. ഇത്തരം അപമാനവീകരണത്തിന്റെയും നടുക്കുന്ന മൂല്യപ്രതിസന്ധികളുടെയും മൂലകാരണങ്ങളിലേയ്ക്ക് നമുക്ക് ആദ്യമായി പോകേണ്ടിവരും. അതിനായി ചരിത്രം അൽപ്പം മറിച്ചു നോക്കേണ്ടതായും വരും.

ജനാധിപത്യം എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന മുതലാളിത്ത വ്യവസ്ഥയിലാണ് നാം ജീവിക്കുന്നത് എന്ന് നമുക്കെല്ലാവർക്കുമറിയാം. ബൂർഷ്വാ ജനാധിപത്യ വിപ്ലവത്തിലൂടെ പഴഞ്ചനും ഏകാധിപത്യപരവുമായ ജന്മിത്ത-നാടുവാഴിത്ത ഭരണക്രമത്തെ കടപുഴക്കി പുതിയൊരു സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ശക്തിയായി സ്വയം അവരോധിക്കുന്ന കാലത്ത് മുതലാളിത്തം ഒരു വളരുന്ന ശക്തിയായിരുന്നു. പഴയ വ്യവസ്ഥയുടെ മതാന്ധതയ്ക്കും വിജ്ഞാനവിരോധത്തിനും പകരം അത് നവംനവങ്ങളായ മാനവികമൂല്യങ്ങളും ധാർമ്മിക-നൈതിക ഘടനയും ആവിഷ്‌ക്കരിക്കുകയും അന്നുവരെ നിലനിന്നിരുന്ന മതസംഹിതകളെയും വിശാസ പ്രമാണങ്ങളെയും ദൈവസങ്കൽപ്പങ്ങളെയും നിഷേധിക്കുകയും ചെയ്തു.
ഉയർന്നുവരുന്ന മുതലാളിത്തത്തിന്റെ സാംസ്‌കാരിക ഉപരിഘടനയെന്ന നിലയിൽ, ബൂർഷ്വാ ജനാധിപത്യ വിപ്ലവത്തിന്റെ പൂർത്തീകരണത്തിന് മുന്നോടിയായ നവോത്ഥാനം ഈ മാനവിക മൂല്യങ്ങളെ പരിരക്ഷിക്കുകയും ശാസ്ത്രീയ ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ മൂല്യങ്ങൾ ‘സമത്വം’, ‘സാഹോദര്യം’, ‘സ്വാതന്ത്ര്യം’ എന്നീ ഉദാത്ത സങ്കൽപ്പങ്ങളുടെ അടിസ്ഥാനത്തിൽ, വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും സ്ത്രീസ്വാതന്ത്ര്യത്തെയും സ്‌നേഹിക്കാനുള്ള സ്വാതന്ത്ര്യത്തെയും അംഗീകരിച്ചുകൊണ്ട്, പഴയ യാഥാസ്ഥിതിക ഏകാധിപത്യത്തിനെതിരെ പുതിയ ജനാധിപത്യ വ്യവസ്ഥയിൽ ജീവിതത്തെ നയിക്കുവാനും ചിട്ടപ്പെടുത്തുവാനുമുള്ള വെളിച്ചം വീശലായി മാറി.

മുളപൊട്ടിവരുന്ന ബൂർഷ്വാ മാനവികതയുടെ ഏറ്റവും മുൻപന്തിയിലുള്ള വീക്ഷണമായ മതേതര മാനവികത, യാതൊരു പ്രകൃത്യാതീത ശക്തിയെയും അംഗീകരിക്കാതിരിക്കുക എന്ന സങ്കൽപ്പത്തെ ശക്തമായി പിന്താങ്ങുകയും ബൂർഷ്വാ ജനാധിപത്യത്തിന്റെ പ്രയോക്താക്കൾ, മതം സാമൂഹിക-രാഷ്ട്രീയ ജീവിതത്തിലും ഭരണകൂട വ്യവഹാരങ്ങളിലും ഇടപെടില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മതം വ്യക്തിഗത വിശ്വാസങ്ങളുടെ പരിധിക്കുള്ളിൽത്തന്നെ ഒതുങ്ങി നിൽക്കും. വിശ്വാസികളും അവിശ്വാസികളും സമൂഹത്തിൽ തുല്യതയോടെ നിലകൊള്ളുകയും സാഹോദര്യത്തോടെ സന്തോഷപൂർവ്വം നിലകൊള്ളുകയും ചെയ്യും.
അത്തരം പ്രഖ്യാപിത സമത്വ സങ്കൽപ്പങ്ങൾക്കെല്ലാം അൽപ്പായുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാരണം, കാലഹരണപ്പെട്ടതും പിന്തിരിപ്പനുമായ ജന്മിത്തവുമായി താരതമ്യപ്പെടുത്തുമ്പോൾ മുതലാളിത്തം പുരോഗമനപരവും അതിനാൽ ഒരു ചരിത്രഘട്ടത്തിൽ സാമൂഹിക മുന്നേറ്റത്തെ പ്രചോദിപ്പിക്കുന്നതുമായിരുന്നുവെങ്കിലും അതും മനുഷ്യൻ മനുഷ്യനുമേൽ നടത്തുന്ന ചൂഷണത്തിലധിഷ്ഠിതമായിരുന്നു. നാടുവാഴി പ്രഭുക്കളുടെയും രാജാധിപത്യത്തിന്റെയും സ്ഥാനത്ത് ഉയർന്നുവരുന്ന ബൂർഷ്വാസി, ഉൽപ്പാദനോപാധികളുടെമേൽ ആധിപത്യം സ്ഥാപിക്കുകയും ബൂർഷ്വാ ഉടമകൾക്കു ലാഭം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. അതായത്, മുതലാളിത്തത്തിനകത്തുതന്നെ സഹജമായ ഒരു അസമത്വം നിലനിന്നിരുന്നു. സമ്പദ് രംഗത്തെ നിയന്ത്രിക്കുന്നവർ രാഷ്ട്രീയത്തെയും സാമൂഹിക ജീവിതത്തെയും സംസ്‌കാരത്തെയും കൂടി നിയന്ത്രിക്കുമെന്ന് രാഷ്ട്രീയ സമ്പദ് ശാസ്ത്രം പഠിക്കുന്ന ഏവർക്കുമറിയാം മുതലാളിത്തത്തിന്റെ ആദ്യഘട്ടങ്ങളിൽ വ്യത്യസ്ത മുതലാളിമാർ തമ്മിൽ സ്വതന്ത്രമത്സരം നിലനിന്നിരുന്നു. ‘ലെസ്സെ ഫെയർ’ എന്നറിയപ്പെടുന്ന ഈ സ്വതന്ത്രമത്സരത്തിന്റെ ഘട്ടത്തിൽ ബൂർഷ്വാ അർത്ഥത്തിലുള്ള കുറച്ചു സമത്വവും സ്വാതന്ത്ര്യവും അനുവദിക്കപ്പെടുകയും മതശാഠ്യങ്ങളെയും മറ്റു പിന്തിരിപ്പൻ ചിന്തകളെയും ബൂർഷ്വാസി എതിർക്കുകയും ചെയ്തിരുന്നു.
എന്നാൽ തടയാൻ കഴിയാത്ത ചരിത്രഗതിയുടെ പ്രയാണത്തിൽ മുതലാളിത്തം കുത്തക സ്വഭാവമാർജ്ജിക്കുന്ന ഘട്ടത്തിലെത്തിയതോടെ ഒരു വ്യവസ്ഥയെന്ന നിലയിൽ ജീർണ്ണിക്കാൻ തുടങ്ങി. അതിന്റെ പുരോഗമനത്തിന്റെ കാലത്ത് അനുവർത്തിച്ചിരുന്ന മതത്തോടുള്ള കലഹമുൾപ്പെടെയുള്ള എല്ലാ ജനാധിപത്യമൂല്യങ്ങളും സങ്കൽപ്പങ്ങളും തത്വങ്ങളും കീഴ്‌വഴക്കങ്ങളും കാൽക്കീഴിലിട്ടരയ്ക്കാൻ തുടങ്ങി. മുതലാളിത്തം സാമ്രാജ്യത്വഘട്ടത്തിലേയ്ക്ക് പ്രവേശിച്ചതോടെ അത് മരണാസന്നവും അങ്ങേയറ്റം പിന്തിരിപ്പനും സാമൂഹിക പുരോഗതിക്കുമുമ്പിലെ തടസ്സവുമായി മാറുകയും ചെയ്തു. അനിഷേധ്യമായ ശാസ്ത്രീയ വിശകലനത്തിലൂടെ മഹാനായ കാൾമാർക്‌സ് സാമൂഹ്യ വികാസനിയമങ്ങൾ പ്രകാരം അനിവാര്യമെന്നു സ്ഥാപിച്ച, മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തെക്കുറിച്ചുള്ള ഭയാശങ്കകൾമൂലം ഭരണമുതലാളിവർഗ്ഗം അതിന്റെ മുഴുവൻ ആയുധശേഖരവും ഈ വിപ്ലവമുന്നേറ്റത്തെ തടയാനായി അണിനിരത്തി. ജനങ്ങളുടെ, പ്രത്യേകിച്ച് വിപ്ലവം നയിക്കാൻ ചരിത്രപരമായി നിയോഗിക്കപ്പെട്ട തൊഴിലാളി വർഗ്ഗത്തിന്റെ ധാർമ്മിക നട്ടെല്ല് തകരാത്തിടത്തോളം, ചിന്താ പ്രക്രിയയുടെ മൂർച്ച നഷ്ടപ്പെടാത്തിടത്തോളം, സാമൂഹിക ജീവിതത്തിൽനിന്ന് മാനുഷികഗുണങ്ങളും മാനവികമായ ഉൾക്കാഴ്ചകളും മൃദുല വികാരങ്ങളും അപ്രത്യക്ഷമാകാത്തിടത്തോളം കാലം ഈ അനിവാര്യമായ വിപ്ലവത്തെ തടയാൻ കഴിയില്ലെന്ന് ബൂർഷാസിക്ക് അറിയാം. അതുകൊണ്ട് ബൂർഷ്വാസി തങ്ങൾതന്നെ ഒരു കാലത്ത് എതിർത്തിരുന്ന മതത്തെയും മറ്റു പിന്തിരിപ്പൻ ചിന്താഗതികളെയും തിരികെക്കൊണ്ടുവരാൻ തുടങ്ങുകയും കഴിയാവുന്നിടത്തോളം ഊതിപ്പെരുപ്പിക്കുകയും ചെയ്തുകൊണ്ട് ശാസ്ത്രീയ മനോഘടനയെ തകർത്ത് ഫാസിസം സ്ഥാപിച്ചെടുക്കാനുള്ള നിലമൊരുക്കുകയും ചെയ്യുകയാണ്.
പക്ഷേ സോവിയറ്റ് വിപ്ലവത്തിന്റെ വിജയവും പുതിയൊരു യുഗപ്പിറവിയും ബൂർഷ്വാസിയുടെ ഈ കൂതന്ത്രത്തെ തകിടം മറിച്ചു. ‘മനുഷ്യസമൂഹം ആഗ്രഹിച്ചിരുന്ന പുതിയ നാഗരികത’ എന്ന് സോവിയറ്റ് സോഷ്യലിസത്തെ റൊമെയ്ൻ റോളണ്ട്, ഐൻസ്റ്റൈൻ, ബർണാഡ്ഷാ, രവീന്ദ്രനാഥ ടാഗോർ തുടങ്ങിയവരുൾപ്പെടെ ലോകത്തെ പ്രഗത്ഭമതികളായ വ്യക്തിത്വങ്ങളൊന്നൊഴിയാതെ പ്രകീർത്തിച്ചു. അതിനെത്തുടർന്ന് മർദ്ദക, പിന്തിപ്പൻ മുതലാളിത്ത-സാമ്രാജ്യത്വത്തിന് അഭിലഷണീയമായ ബദലായി, ശക്തമായ ഒരു സോഷ്യലിസ്റ്റ് ചേരി ഉയർന്നുവന്നു. സോവിയറ്റ് സോഷ്യലിസം പൂർണ്ണ പ്രഭയിൽ നിൽക്കുകയും സോഷ്യലിസ്റ്റ് ചേരി അതിന്റെ മുഴുവൻ കരുത്തും കീർത്തിയും പ്രകടിപ്പിക്കുകയും ചെയ്തപ്പോൾ, മാർക്‌സിസം-ലെനിനിസമെന്ന ഉദാത്ത ദർശനം സാമ്രാജ്യത്വ-മുതലാളിത്ത ആക്രമണങ്ങൾക്കെതിരെ ലോകവ്യാപകമായി ചൂഷിത ജനകോടികളെ ഉണർത്തിവിട്ടു. സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആക്കം വർദ്ധിക്കുകയും കോളനിരാജ്യങ്ങളിലെ സാമ്രാജ്യത്വ വിരുദ്ധ ദേശീയ വിമോചനപ്പോരാട്ടങ്ങൾ ഒന്നൊന്നായി വിജയത്തിലേക്കെത്തുകയും ചെയ്തു. ലോകത്തെമ്പാടുമുള്ള അദ്ധ്വാനിക്കുന്നവർ എല്ലാത്തരത്തിലുമുള്ള അക്രമങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെയുള്ള പ്രക്ഷോഭണത്തിൽ തിളച്ചുമറിയുകയായിരുന്നു. ഉയർന്നുവരുന്ന ജനസമരത്തിന്റെ സാഹചര്യത്തിൽ ഉയർന്ന മാനവികമൂല്യങ്ങളും തൊഴിലാളിവർഗ്ഗനൈതികതയും ധാർമ്മികതയും വളരുകയും ജനങ്ങളുടെയാകെ സാംസ്‌കാരിക-നൈതിക ധാരണകൾ ഉയർന്ന തലത്തിലെത്തുകയും ചെയ്തു. ജനങ്ങളെ ഉള്ളിൽനിന്നേ ദുർബ്ബലപ്പെടുത്താനും വൈജ്ഞാനിക അന്ധകാരത്തിന്റെ പടുകുഴിയിലേക്കവരെ തള്ളിയിടാനുമുള്ള മുതലാളിത്ത-സാമ്രാജ്യത്വത്തിന്റെ പദ്ധതികളെ തടഞ്ഞുകൊണ്ടിരുന്നത് ഇതാണ്.
ലെനിന്റെ അർഹനായ പിൻഗാമിയും സോഷ്യലിസ്റ്റ് പുനഃർനിർമ്മാണത്തിന്റെ ശിൽപ്പിയും സോഷ്യലിസത്തിന്റെ വീറുറ്റ കാവൽഭടനും തൊഴിലാളിവർഗ്ഗത്തിന്റെ മഹാനായ നേതാവുമായ സ്റ്റാലിൻ 1953ൽ നിര്യാതനായതിനെത്തുടർന്ന് ക്രൂഷ്‌ചേവിന്റെ നേതൃത്വത്തിലുള്ള വഞ്ചക പ്രതിവിപ്ലവ സംഘം സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലെത്തിയതോടെ ലോകസാഹചര്യം ഒരു പിന്നോട്ടടി നേരിടാൻ തുടങ്ങി. പരാജയപ്പെടുത്തപ്പെട്ടിരുന്നുവെങ്കിലും തുടച്ചുനീക്കപ്പെടാതിരുന്ന റഷ്യൻമണ്ണിലെ മുതലാളിത്തമാണ് ഈ പ്രതിവിപ്ലവ സംഘത്തിന് രൂപം കൊടുത്തതും പിന്തുണ നൽകിയതും. സോഷ്യലിസ്റ്റ് തത്വങ്ങളും നയങ്ങളും പിന്നോട്ടേയ്ക്ക് തിരിച്ചുവിട്ടുകൊണ്ടും പ്രതിവിപ്ലവകരമായ എല്ലാ ആശയങ്ങളെയും മാർക്‌സിസം-ലെനിനിസമായി അംഗീകരിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടും, പ്രതിവിപ്ലവം നടത്തി മുതലാളിത്തത്തെ പുനഃസ്ഥാപിക്കാനുമുള്ള നിശ്ചിതമായ പദ്ധതി രഹസ്യമായി നടപ്പാക്കുകയായിരുന്നു പ്രതിവിപ്ലവ-പിന്തിരിപ്പൻ സംഘം. അതൊടൊപ്പംതന്നെ ഈ സംഘം സ്റ്റാലിന്റെ ആധികാരികതയുടെ അടിത്തറ തകർക്കാൻ അദ്ദേഹത്തിനെതിരെ ഒരു വിദ്വേഷപ്രചാരണം അഴിച്ചുവിടുകയും സമൂഹത്തിന്റെ ഓർമ്മയിൽനിന്ന് സ്റ്റാലിനെ മായിച്ചുകളയാനുള്ള നിരവധി നടപടികളെടുക്കുകയും ചെയ്തു.

ഈ യുഗത്തിലെ സമുന്നത മാർക്‌സിസ്റ്റ് ചിന്തകരിലൊരാളും എസ്‌യുസിഐ(സി)യുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന സഖാവ് ശിബ്ദാസ്‌ഘോഷ്, ക്രൂഷ്‌ചേവിന്റെ പ്രതിവിപ്ലവ സംഘത്തിന്റെ ഇരുണ്ട നീക്കങ്ങൾ ഉടനടി ശ്രദ്ധിക്കുകയും ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സോവിയറ്റ് ജനതയ്ക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തു. അദ്ദേഹം ചൂണ്ടിക്കാട്ടി, ‘സ്റ്റാലിന്റെ ആധികാരികതയെ തകർക്കാനുള്ള ശ്രമം വസ്തുനിഷ്ഠമായി ലെനിനെത്തന്നെ നിഷേധിക്കുന്നതാണ്.’ ആ മുന്നറിയിപ്പ് പ്രവാചകസ്വഭാവമുള്ളതായിരുന്നു. എന്തെന്നാൽ പ്രതിവിപ്ലവസംഘം അധികാരം കൈയാളിയതിനുശേഷം അന്തർദ്ദേശീയ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങളുടെയും പ്രചാരവും ഉത്സാഹവും പിൻവാങ്ങാൻ തുടങ്ങി.

ആഞ്ഞടിക്കുന്ന പ്രക്ഷോഭണങ്ങളുടെ, സാംസ്‌കാരിക പരിതസ്ഥിതിയുടെ അഭാവവും പ്രതിവിപ്ലവശക്തികൾ അധികാരം പിടിച്ചടക്കിയതിനാൽ ലക്ഷ്യമില്ലാതെയുഴലുന്ന പൊരുതുന്ന ജനങ്ങളുടെ തദനുബന്ധമായ നിരാശയും പിന്തിരിപ്പൻ ചിന്താഗതികൾക്ക് വേരുറപ്പിക്കാനുള്ള ഫലഭൂയിഷ്ഠമായ മണ്ണൊരുക്കുകയും ജനതയെ ഉള്ളിൽനിന്ന് ഷണ്ഠീകരിക്കുകയും ചെയ്തു. മൂല്യപ്രതിസന്ധിയോടൊപ്പം സോവിയറ്റ് പാർട്ടിയുടെയും ഭരണകൂടത്തിന്റെയും തലപ്പത്തേയ്ക്കുള്ള പ്രതിവിപ്ലവകാരികളുടെ കടന്നുവരവ്, സാമ്രാജ്യത്വ-മുതലാളിത്തത്തിന് എല്ലാത്തരത്തിലുമുള്ള വിജ്ഞാനവിരുദ്ധ-മതനവീകരണ-യഥാസ്ഥിതിക ചിന്താഗതികളെയും പോറ്റിവളർത്താനും ധാർമ്മിക മൂല്യങ്ങളുടെ നേർക്ക് സർവ്വശക്തിയുമുള്ള ആക്രമണമഴിച്ചുവിടാനും ലോകംമുഴുവനും തങ്ങളുടെ സ്വാധീനവും നിയന്ത്രണവും ഉറപ്പാക്കുന്ന പദ്ധതികളാവിഷ്‌ക്കരിക്കാനുമുള്ള പരിശ്രമങ്ങൾക്ക് പുത്തനുണർവ്വു നൽകിയിരിക്കുന്നു.
അവസാനമായി ശക്തിമത്തായ അന്തർദ്ദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കോളനികളിലെയും ലോകത്തെ മറ്റു പ്രദേശങ്ങളിലെയും സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളും ഇന്ന് വമ്പൻ തിരിച്ചടി നേരിടുകയും ഏതാണ്ട് കെട്ടടങ്ങുകയും ചെയ്തിരിക്കുന്നു. അങ്ങനെ ആധുനിക നാഗരികത ലോകത്തിന് കാണിച്ചുകൊടുത്ത പ്രകാശദീപം മങ്ങിയില്ലാതാകുന്നു, അത് പ്രദാനം ചെയ്ത വമ്പിച്ച പ്രതീക്ഷകളും. തത്ഫലമായി ചൂഷിത ജനത നൈരാശ്യത്തിലേയ്ക്ക് കൂപ്പുകൂത്തുകയും ചെയ്തിരിക്കുന്നു.

സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ കൂടാരത്തിൽനിന്നാണ് ഭീകരവാദത്തിന്റെ ജനനം

ചരിത്രത്തിന്റെ ഈ ഘട്ടത്തിലാണ് യുഎസ് സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ കാര്യപരിപാടിയിലേയ്ക്ക്, വംശീയ, വർഗ്ഗീയ, ജാതീയ സംഘർഷങ്ങളെ വളർത്തുന്നതും, നിസ്സാരകാരണങ്ങളുടെ പേരിൽ ഒന്നല്ലെങ്കിൽ മറ്റൊരു രാജ്യത്തിനുനേർക്ക് നേരിട്ടുള്ള സൈനികാക്രമണങ്ങൾ നടത്തുന്നതും, ഭരണാധികാരികളെ മാറ്റാനായി അട്ടിമറി നടത്തുന്നതും, ആഭ്യന്തരയുദ്ധം രൂപപ്പെടുത്തുന്നതുപോലുള്ള കൊടിയ കുറ്റകൃത്യങ്ങൾ കടന്നുവരുന്നത്.
യഥാർത്ഥത്തിൽ, 1950കളുടെ അവസാനംതൊട്ട് ആഫ്രിക്കയും ലാറ്റിനമേരിക്കയും യുഎസ് സാമ്രാജ്യത്വത്തിന്റെയും കൂട്ടാളികളുടെയും വൻതോതിലുള്ള കൊള്ളയും പൈശാചികത്വവും നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്വർണ്ണം, വജ്രം, അമൂല്യ ലോഹങ്ങൾ തുടങ്ങിയവയുൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങളുടെ അന്തമില്ലാത്ത കലവറയായ ആഫ്രിക്കയിൽ തങ്ങളുടെ കഴുകൻ കണ്ണുകൾ വച്ച യുഎസ് സാമ്രാജ്യത്വവും സഹചാരികളും പ്രാദേശിക ജനതയെ പരസ്പരനശീകരണസംഘർഷങ്ങളിൽ തളച്ചിടാൻ അവരുടെ വംശീയ വൈജാത്യങ്ങളെ ഊതിക്കത്തിച്ചു. സാമ്രാജ്യത്വ ശക്തികളുടെ കടിഞ്ഞാണില്ലാത്ത കൊള്ളയ്ക്കും കവർച്ചയ്ക്കും അടിച്ചമർത്തലിനുമെതിരെ ഒറ്റക്കെട്ടായി അണിനിരക്കാതിരിക്കാനായി, ആധുനിക ജനാധിപത്യ ധാരണകളുടെയും വിജ്ഞാനത്തിന്റെയും തലത്തിൽനിന്നും അവരെ പരമാവധി അകറ്റിനിർത്തുകയും ചെയ്തു. ആഫ്രിക്ക അവസാനിക്കാത്ത വർഗ്ഗീയ സംഘർഷങ്ങളുടെ പിടിയിലാണ്; അതിനാൽ ജനാധിപത്യം സ്ഥാപിക്കാൻ അന്താരാഷ്ട്ര ഇടപെടൽ അവിടെ വേണ്ടതാണെന്നുള്ള വ്യാജപ്രചാരണം അഴിച്ചുവിട്ടാണ് ഈ സാമ്രാജ്യത്വ ശക്തികൾ ഇത് സാധിച്ചെടുത്തത്.

എത്യോപ്യ, കെനിയ, സൊമാലിയ, സുഡാൻ, ടാൻസാനിയ, ഉഗാണ്ട, റുവാണ്ട, വടക്കൻ നൈജീരിയ, കോട്ടെ-ഡി-ഐവൊർ, സാമ്രാജ്യത്വ ഹീനപദ്ധതികളുടെ വീരഗാഥകൾ ഇവയെയെല്ലാം വലയം ചെയ്തിരിക്കുന്നു. യുഎസ് മേധാവിത്വത്തെയോ വ്യാപനശ്രമത്തെയോ എതിർക്കാൻ ധൈര്യം കാണിക്കുന്നവരെ അധികാരത്തിൽനിന്നു വലിച്ചു താഴെയിടുകയോ, കുപ്രസിദ്ധരായ സിഐഎ നയിക്കുന്ന ചാര അട്ടിമറി സംഘത്തെ ഉപയോഗിച്ച് വധിക്കുകയോ ചെയ്യും. നിരവധി ആഫ്രിക്കൻ കോളനി രാജ്യങ്ങളിലെ വളർന്നുവരുന്ന ദേശീയ വിമോചന സമരങ്ങളിൽ നിന്ന് ആവേശംകൊണ്ട സ്വാതന്ത്ര്യപ്രസ്ഥാനത്തിലെ പ്രമുഖനേതാവും സ്വതന്ത്രകോംഗോയിലെ ആദ്യ പ്രസിഡന്റും സാമ്രാജ്യത്വവിരുദ്ധ ദേശീയ വിമോചനസമരങ്ങളിലെ സുപ്രധാന വ്യക്തിയുമായിരുന്ന പാട്രിസ് ലുമുംബ 1958ൽ ക്രൂരമായി വധിക്കപ്പെട്ടു. ലുമുംബയെ വധിക്കാൻ സിഐഎയോട് യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു എന്ന്, അന്വേഷണത്തിനായുള്ള ‘ചർച്ച് കമ്മിറ്റി’ക്ക് മുമ്പാകെ സാക്ഷിയായി ഹാജരായ സിഐഎയുടെ മുൻഡെപ്യൂട്ടി ഡയറക്ടർ സമ്മതിച്ചു.
ആധിപത്യം ഉറപ്പാക്കൻ ഭീകരവാദത്തെ ആയുധമായി ഉപയോഗിക്കാൻ അഹോരാത്രം അദ്ധ്വാനിച്ചുകൊണ്ടിരിക്കുന്ന യുഎസ് സാമ്രാജ്യത്വകഴുകൻമാർക്ക് ലാറ്റിനമേരിക്കയും ഒരു വേട്ടക്കളമാണ്. ഫോർട്ട് ബെന്നിംഗ് ജോർജ്ജിയയിൽ യുഎസ് സാമ്രാജ്യത്വം ഹിംസയ്ക്കായുള്ള അക്കാദമി (മരരമറലാ്യ ീള ീേൃൗേൃല) അഥവാ ‘കൊലയാളി സ്‌കൂൾ’ എന്ന പേരിൽ ഒരു സ്‌കൂൾ സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ ഡയറക്ടറായിരുന്ന കേണൽ ബസ്റ്റൺ പറഞ്ഞത്, ലാറ്റിനമേരിക്കയിൽ യുഎസ് താൽപര്യങ്ങൾക്കും അതിന്റെ സൈനികാവശ്യങ്ങൾക്കുമനുസൃതമായി ഭരിക്കാൻ കഴിയുന്ന ഭരണാധികാരികളെ സൃഷ്ടിക്കാൻ സൈനികമായതുൾപ്പെടെയുള്ള പരിശീലനം അവർക്ക് നൽകാറുണ്ടെന്നാണ്. പനാമയിലെ യഥാർത്ഥ കൊലയാളി പ്രസിഡന്റായിരുന്ന കുപ്രസിദ്ധനായ മാനുവൽ അന്റോണിയോ നോറിയേഗ മൊറേനോ, ഗ്വാട്ടിമലയിൽ 1980ലെ കൂട്ട നരഹത്യ നടത്തിയ ഹെക്ടർ ഗ്രമാസെ, കഴിഞ്ഞ സൈനിക ഭരണകാലത്ത് അർജന്റീനയിലെ ജനറലും പ്രസിഡന്റുമായിരുന്ന ലിയോ പോൾഡോ ഫോർചുനാറ്റോ ഗൾട്ടിയേരി തുടങ്ങിയവരെല്ലാംതന്നെ ഈ സ്‌കൂളിൽനിന്ന് പരിശീലനം നേടിയവരായിരുന്നു.

യുഎസ് സാമ്രാജ്യത്വത്തിന്റെയും കൂട്ടാളികളുടെയും ആഗോളഭീകരവാദത്തെക്കുറിച്ചു സൂചിപ്പിക്കാൻ ധൈര്യം കാട്ടിയ എൽസാൽവദോറിലെ പാതിരിയായ ഫാദർ മാർട്ടിൻ ബാരോ ക്രൂരമായി വധിക്കപ്പെട്ടു. പെറുവിലെയും ഹോണ്ടുറാസിലെയും മരണസംഘങ്ങളും മേൽപ്പറഞ്ഞ ഫോർട്ട് ബെന്നിംഗ് സ്‌കൂളിൽനിന്ന് പരിശീലനം നേടിയവരാണ്. ഹെയ്ത്തിയിലെ രഹസ്യ കൊലയാളിപ്പോലീസ് മേധാവി ആയിരുന്ന ടൺടൺ മാകൗട് സിഐഎയാൽ പരിശീലിപ്പിക്കപ്പെട്ടയാളാണ്. 2.5ലക്ഷം ഹെയ്ത്തി ജനങ്ങളെയാണ് ഇയാൾ കൊലപ്പെടുത്തിയിട്ടുള്ളത്. ബൊളീവിയയിൽ യുഎസ് നിർദ്ദേശങ്ങൾക്കനുസരിച്ച് 180 തവണ ഭരണമാറ്റമുണ്ടായിട്ടുണ്ട്. യുഎസ് സാമ്രാജ്യതവും കൂട്ടാളികളും ഏതെല്ലാം വിധത്തിൽ ഭീകരവാദപ്രവർത്തനങ്ങളുമായും അട്ടിമറികളുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നു സാക്ഷ്യപ്പെടുത്തുന്ന ഏതാനും ഉദാഹരണങ്ങൾ മാത്രമാണിത്. സോവിയറ്റ് യൂണിയനിൽ ക്രൂഷ്‌ചേവിന്റെ പ്രതിവിപ്ലവസംഘം എത്രത്തോളം സോഷ്യലിസ്റ്റ് വിരുദ്ധ നയങ്ങൾ പിന്തുടർന്നോ അത്രത്തോളം യുഎസ് സാമ്രാജ്യത്വത്തിന് ‘പണവും അക്രമങ്ങളും’, ‘തോക്കിൻമുനയിൽ ജനാധിപത്യം കയറ്റിയയയ്ക്കുക’ എന്നീ ഹീനനയങ്ങളുടെ നടത്തിപ്പിന് ഉത്തേജനം കിട്ടി.

ഏകധ്രുവലോകത്തിൽ ആഗോളഭീകരവാദത്തിന്റെ വ്യാപനം

ലോകസാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ പ്രേരണയിലും സഹായത്തിലും തിരുത്തൽവാദ ഗൂഢാലോചനയാൽ നടന്ന സോവിയറ്റ് സോഷ്യലിസത്തിന്റെയും, തുടർന്ന് ശക്തമായിരുന്ന സോഷ്യലിസ്റ്റ് ക്യാമ്പിന്റെതന്നെയും തകർച്ചയ്ക്കുശേഷം യുഎസിന്റെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ-മുതലാളിത്ത ശക്തികൾ എവ്വിധത്തിലുമുള്ള ദുഷ്‌ചെയ്തികളിലൂടെയും ജനങ്ങളുടെമേൽ മർദ്ദനവും ചൂഷണവും അടിച്ചേൽപ്പിക്കാനുള്ള കുടിലമായ വർഗ്ഗതന്ത്രങ്ങൾ കടിഞ്ഞാണില്ലാതെ പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളെ യന്ത്രപ്പാവകളെപ്പോലെയാക്കാൻ, സംസ്‌കാരത്തിന്റെയും മൂല്യങ്ങളുടെയും നൈതികതയുടെയും ധാർമ്മികതയുടെയും മണ്ഡലങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന മാരകമായ ആക്രമണങ്ങളുടെ വീറുകൂടിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ, പ്രത്യേകിച്ച് യുവാക്കളുടെ ധാർമ്മിക നട്ടെല്ലു തകർക്കാനും അവരുടെ ചിന്താപ്രക്രിയയുടെ മുനയൊടിക്കാനും യുക്തിയുടെ ശബ്ദങ്ങളെ ഒതുക്കി, മാനുഷികഗുണങ്ങൾ, മനുഷ്യചേതന, മൃദുലവികാരങ്ങൾ എന്നിവയുടെയെല്ലാം അവസാനതരിപോലും തുടച്ചുനീക്കുവാനുള്ള ശ്രമങ്ങൾ വർദ്ധിച്ചിരിക്കുന്നു. ചിന്താപ്രക്രിയയെ മരവിപ്പിക്കാനും മനുഷ്യമനസ്സിൽ എല്ലാത്തരത്തിലുമുള്ള ജീർണ്ണാശയങ്ങൾ നിറയ്ക്കുവാനുമുള്ള ശ്രമങ്ങൾക്കൊപ്പംതന്നെ സാമ്രാജ്യത്വ-മുതലാളിത്തം, ജാതി-മത-വംശ-വർഗ്ഗീയതകളുടെ അടിസ്ഥാനത്തിലുള്ള വിഭാഗീയതകളും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യത്തിന് വിള്ളലേൽപ്പിക്കാനുള്ള പദ്ധതികളും ഒരുക്കിക്കൊണ്ടിരിക്കുന്നു. മൂല്യങ്ങളും മനുഷ്യഭാവങ്ങളുമൊഴിഞ്ഞ ഒരു അയുക്തിക മനസ്സ,് വിഘടനവാദം, മതഭ്രാന്ത്, ധാർമ്മികാധ:പതനം തുടങ്ങിയ അധമവികാരങ്ങൾക്ക് എളുപ്പം കയറിച്ചെല്ലാവുന്ന ഇടമാണെന്നവർക്കറിയാം. ഈ ചിന്താശൂന്യതയും അന്ധവികാരങ്ങളും മനുഷ്യരെ കീഴടക്കിക്കഴിഞ്ഞാൽ അവർ വിഭാഗീയവും വിലക്ഷണവുമായ മാനസിക ഘടനയിലേയ്ക്ക് എളുപ്പത്തിൽ വീണുപോകുമെന്നും അതുവഴി സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ ചൂഷണവ്യവസ്ഥയ്‌ക്കെതിരെ അനിവാര്യമായും നടക്കേണ്ട വിപ്ലവസമരത്തെ കഴിയുന്നത്ര നീട്ടിക്കൊണ്ടുപോകാമെന്നുമവർ കണക്കുകൂട്ടുന്നു.
ജനങ്ങൾ രണ്ടുവശത്തുനിന്നും ആക്രമണങ്ങൾ നേരിടുന്നു. ഒരു ഭാഗത്തുനിന്ന് സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ നിർദ്ദയ സാമ്പത്തികാക്രമണങ്ങൾ അവരെ സർവ്വനാശത്തിന്റെ ഗർത്തത്തിലേയ്ക്ക് തള്ളിവിടുന്നു. വർദ്ധിച്ചുവരുന്ന ദാരിദ്ര്യവും കഷ്ടപ്പാടുകളും അവരെ ദീനമായ നിസ്സഹായാവസ്ഥയിലേയ്‌ക്കോ വിധിവിശ്വാസത്തിലേയ്‌ക്കോ തള്ളിവിടുകയും ലക്ഷ്യമില്ലാതെ ദൈന്യയിലുഴലുവാൻ വിടുകയും ചെയ്യുന്നു. ഇതോടൊപ്പം, ഇപ്പോൾ മൃതപ്രായമായ മുതലാളിത്തത്തിൽ ഒരു വിശേഷാവകാശമായി മാറിയ ബൂർഷ്വാ വ്യക്തിവാദം ജീവിതത്തിന്റെ ഓജസ്സുമുഴുവനും കാർന്നുതിന്നുന്നു. ജനങ്ങളെ സമൂഹത്തിൽനിന്ന് അന്യവത്ക്കരിക്കുകയും സ്വന്തം ജീവിതത്തിനും സമൂഹത്തിനുമുണ്ടാകുന്ന കെടുതികളെ പരിഗണിക്കതെ തോന്നിയതെന്തും ചെയ്യുന്ന മനോഘടന അവരിൽ സൃഷ്ടിക്കുകയും ചെയ്യുന്നു. സ്വയം നശീകരണത്തിലേയ്ക്കാണിവയെല്ലാം നയിക്കുന്നത്. ധാർമ്മിക-നൈതിക വൈകല്യങ്ങളും അനിയന്ത്രിതമായ മൂല്യപ്രതിസന്ധിയും ഈ സ്വയം നശീകരണ പ്രക്രിയ വേഗത്തിലാക്കുന്നു. മാനവികസത്തയുടെ ആസൂത്രിതമായ തകർച്ചയിലേയ്ക്കും മൂല്യപ്രതിസന്ധിയുടെ അതിദ്രുത വ്യാപനത്തിലേയ്ക്കുമാണ് സാമ്രാജ്യത്വ-മുതലാളിത്തം തങ്ങളുടെ കുടിലപദ്ധതികൾ ആവിഷ്‌ക്കരിക്കുന്നത്. ആഗോള ഭീകരവാദത്തിന്റെയും ഭീകരവാദ സംവിധാനങ്ങളുടെയും പ്രചാരം ഇതിന്റെ അനിവാര്യഫലമാണ്.
ആഗോള തീവ്രവാദത്തിന്റെ ആവിർഭാവത്തിന്റെയും പെട്ടെന്നുള്ള വ്യാപനത്തിന്റെയും പശ്ചാത്തലമിതാണ്. സാമ്രാജ്യത്വ-മതുലാളിത്തം പ്രത്യേകിച്ച് യുഎസ് സാമ്രാജ്യത്വം, മറ്റുള്ളവരെ സ്വന്തം ചൊൽപ്പടിയിൽ നിർത്താൻ എത്ര ആർത്തിയോടെ തങ്ങളുടെ വ്യാപന നയങ്ങളെ പിന്തുടരുന്നുവോ അത്രതന്നെ കുപ്രസിദ്ധ ഭീകരവാദിസംഘങ്ങളുടെ ലോകമെമ്പാടുമുള്ള ഒന്നിനുപിറകെ ഒന്നായുള്ള രൂപീകരണവും കാണാനാകുന്നു. ആഫ്രിക്കയ്ക്കും ലാറ്റിനമേരിക്കയ്ക്കും ശേഷം യുഎസ് സാമ്രാജ്യത്വത്തിന്റെയും കൂട്ടാളികളുടെയും മുഖ്യലക്ഷ്യം എണ്ണ സമൃദ്ധമായ മധ്യ കിഴക്കൻ (ാശററഹല ലമേെ) പ്രവിശ്യയാണ്. ബലപ്രയോഗത്തിലൂടെ എണ്ണപ്പാടങ്ങൾ കൈയടക്കുന്നതിനൊപ്പം ഭൗമ-രാഷ്ട്രീയ പരിഗണനയിൽ തന്ത്രപ്രധാനമായ സ്ഥലങ്ങളിലുള്ള രാജ്യങ്ങളുടെ മേൽ കണ്ണുവയ്ക്കുകയും ചെയ്യുന്നു. ജനാധിപത്യപരമായ തെരഞ്ഞെടുക്കപ്പെട്ട, സോവിയറ്റ് പിന്തുണയുണ്ടായിരുന്ന അഫ്ഗാനിസ്ഥാൻ ഗവൺമെന്റിനെ യുഎസ് സാമ്രാജ്യത്വം താഴെയിറക്കുന്നതോടെയാണിത് തുടങ്ങുന്നത്. പ്രതിവിപ്ലവ ക്രൂഷ്‌ചേവ് സംഘത്തിന്റെ വികലവും അങ്ങേയറ്റം തെറ്റായതുമായ നയങ്ങളെയും നിലപാടുകളെയും മുതലെടുത്തുകൊണ്ട് യുഎസ് സാമ്രാജ്യത്വം 1970കളിൽ തങ്ങളുടെ ചാരസംഘങ്ങളുടെ സഹായത്തോടെ അഫ്ഗാനിസ്ഥാനിൽ നുഴഞ്ഞുകയറുകയും അവിടുത്തെ ആഭ്യന്തരകാര്യങ്ങളിലിടപെടുകയും ചെയ്യാൻ തുടങ്ങി. ആദ്യമേതന്നെ അഫ്ഗാനിസ്ഥാനിലെ മതേതര ജനാധിപത്യ ശക്തികളെ അവർ കീഴടക്കി. അവിടെത്തന്നെയുണ്ടായിരുന്ന മതമൗലികവാദ ചിന്താഗതികളെ ഊതിപ്പെരുപ്പിക്കുകയും, അഫ്ഗാൻ ജനതയുടെ സമരോത്സുകതയെ ഈ മതഭ്രാന്തും വിജ്ഞാനവിരുദ്ധ മനോഭാവവുമായി ഉദ്ഗ്രഥിക്കുകയും ചെയ്തു. ഈ നീചശ്രമങ്ങളുടെ ഭാഗമായി സിഐഎയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയോടെ ഇസ്ലാമിക മൗലികവാദ സംഘങ്ങളുടെ കൂട്ടാളിയായി മുജാഹുദ്ദീൻ എന്ന സംഘടന രൂപം കൊണ്ടു. സിഐഎയുടെതന്നെ രേഖകളിൽ സമ്മതിക്കുന്നതുപോലെ പെന്റഗൺ മേധാവികൾ പരസ്പരം പോരടിക്കുന്ന കലാപസംഘങ്ങളെയും മുജഹുദ്ദീനിനുള്ളിൽത്തന്നെയുള്ള വ്യത്യസ്ത ഗ്രൂപ്പുകളെയും ഉത്തേജിപ്പിക്കുകയുംചെയ്തു. പണവും ആയുധങ്ങളും ഉപഗ്രഹപരിശോധനാരേഖകളും രഹസ്യ രേഖകളും നൽകിക്കൊണ്ടും എന്തിന് പലപ്പോഴും പാകിസ്ഥാന്റെ സഹായത്തോടെ അഫ്ഗാൻ അഭയാർത്ഥികളിൽനിന്ന് തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനും അവരെ പരിശീലിപ്പിക്കാനുമുള്ളസഹായങ്ങൾ ചെയ്തുകൊടുത്തുകൊണ്ടുപോലുമാണ് അവർ ഇതു നടപ്പിലാക്കിയത്. 1988ൽ ഒരു അഫ്ഗാൻ ഇതര മുജാഹുദ്ദീനായ ഒസാമ ബിൻ ലാദൻ ഇസ്ലാമിക മൗലികവാദികളുടെ മറ്റൊരു വിഷമയമായ സംഘമെന്ന നിലയിൽ അൽ ഖ്വോയ്ദ സ്ഥാപിച്ചു. യുഎസ് സാമ്രാജ്യത്തിന്റെ പൂർണ്ണ അറിവോടെയും പിന്തുണയോടെയും അമേരിക്കയുടെയും സൗദി അറേബ്യയുടെയും സാമ്പത്തിക സഹായത്തോടെയുമാണിത് നടന്നത്. തുടക്കംമുതൽതന്നെ അൽ ഖ്വോയ്ദ സിഐഎയുമായി അടുത്ത ബന്ധം സ്ഥാപിച്ചു. തുടർന്ന് അത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് പടർന്നു. അറുപിന്തിരിപ്പനും വിജ്ഞാനവിരുദ്ധവുമായ ആശയങ്ങളുടെയും ചിന്തകളുടെയും അടിസ്ഥാനത്തിലുള്ള മുസ്ലീം മതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കുകയും അതുവഴി എല്ലാത്തരം പുരോഗമനാശയങ്ങളെയും തകർക്കാനും തങ്ങളുടെവീക്ഷണങ്ങൾക്കെതിരെയുള്ള ഏതൊരു എതിർപ്പിനെയും ഉന്മൂലനം ചെയ്യാനും ആരംഭിച്ചു. അഫ്ഗാൻ മണ്ണ് സ്വന്തം കാൽക്കീഴിലാകുകയും ആഗോളഭീകരവാദ സംഘങ്ങൾ തങ്ങൾ നൽകുന്ന സഹായത്തെ ആശ്രയിക്കുകയും അവർക്കുള്ള പിന്തുണ സർവ്വാർത്ഥത്തിലും പ്രയോഗത്തിൽ വരികയും ചെയ്തു. അപ്പോൾ യുഎസ് സാമ്രാജ്യത്വത്തിന് തന്ത്രപ്രധാനമായ അഫ്ഗാൻ ഭൂമി സ്പ്രിംഗ് ബോർഡ് പോലെ ഉപയോഗിച്ചുകൊണ്ടും മുജാഹുദ്ദീൻ, അൽ ഖ്വോയ്ദ തുടങ്ങിയ മതമൗലികസംഘങ്ങളെ ഏർപ്പെടുത്തി, ഏതുതരത്തിലുള്ള പുരോഗമനാശയങ്ങളുടെ മുളപൊട്ടലുകളെയും തടഞ്ഞുകൊണ്ടും മധ്യകിഴക്കൻ പ്രദേശത്തെ തങ്ങളുടെ നീരാളിപ്പിടുത്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാനുള്ള മാർഗ്ഗം തുറന്നുകിട്ടി. ബ്രിട്ടീഷ് ഹൗസ് ഓഫ് കോമ്മൺസിൽ മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായ റോബിൻ കുക്ക് പറഞ്ഞത്, അൽ ഖ്വോയ്ദ, സിഐഎ പോലുള്ള പാശ്ചാത്യ ഇന്റലിജൻസ് ഏജൻസികളുടെ സൃഷ്ടിയാണെന്നും സൗദി അറേബ്യയാണ് അവർക്ക് ഫണ്ട് നൽകുന്നത് എന്നുമാണ്. 1980കളിൽ മുജാഹുദ്ദീനുകൾ പിന്തുണയ്ക്കുന്ന ഒരു സർക്കാരിനെ അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ അവരോധിച്ചിരുന്നു. എങ്കിലും യുദ്ധ പ്രഭുക്കളുടെയിടയിലുള്ള അധികാരത്തർക്കങ്ങളുടെ ഭീഷണമായ ആവർത്തനം നീണ്ടുനിൽക്കുന്ന സായുധ കലാപങ്ങളിലേയ്ക്ക് നയിക്കുകയും രാഷ്ട്രീയ അരാജകത്വം സൃഷ്ടിക്കുകയും അന്തിമമായി വിവിധ പ്രാദേശിക യുദ്ധപ്രഭുക്കളുടെ കീഴിലുള്ള വ്യത്യസ്ത പ്രദേശങ്ങളായി രാജ്യം വിഘടിതമാകുകയും ചെയ്തു. ഇത്തരം കലങ്ങിമറിയലുകൾക്കിടയിൽ, 1990കളിൽ വീണ്ടും യുഎസ് സാമ്രാജ്യത്വത്തിന്റെയും പാകിസ്ഥാൻ ഭരണാധികാരികളുടെയും അനുഗ്രഹവും പിന്തുണയും സഹായവുംകൊണ്ട് താലിബാൻ സൈന്യം നിലവിൽവന്നു. അൽ ഖ്വോയ്ദയുടെ മതമൗലികവാദനയങ്ങളോടും അടിച്ചമർത്തൽ രീതികളോടും സമ്പൂർണ്ണമായ ചേർച്ചയുള്ള താലിബാൻ സേന അവസാനം അഫ്ഗാനിസ്ഥാനിൽ സർക്കാർ അധികാരം പിടിച്ചെടുത്തു. മധ്യ കിഴക്കൻ മേഖലയിലെ ഭീകരവാദത്തിന്റെ വളർച്ചയെ തീവ്രതരമാക്കാനുള്ള പദ്ധതിയുമായി യുഎസ് ഭരണാധികാരികൾ രംഗത്തിറങ്ങി. അറബ് ജനങ്ങൾക്കിടയിൽ ഒരു വിഭാഗത്തെ മറ്റൊന്നിന് എതിരാക്കുന്നതിനായി ഇസ്ലാം മതവിശ്വാസം പിന്തുടരുന്നവരിൽ ഷിയാകളും സുന്നികളുമായുള്ള വിടവ് വർദ്ധിപ്പിക്കാൻ ഉപജാപങ്ങൾ നടത്തുകയും, അതുവഴി അറബ് ലോകത്ത് ഒരു സമസ്ത അറബിദേശീയവികാരത്തിന്റെയടിസ്ഥാനത്തിലുള്ള സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭണങ്ങൾ വളരുന്നതിനെ തടയുകയും ചെയ്തു.

ഐഎസ്-യുഎസ് പിന്തുണയോടെയുള്ള കൊടുംഭീകരസംഘങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയത്

ഭീകരവാദം എന്നത് ഒരു ലക്ഷണമാണെന്നും മധ്യകിഴക്കൻ മേഖലയിലെ യുഎസ് സാമ്രാജ്യത്വഗൂഢതന്ത്രങ്ങൾ അർബുദമാണെന്നും ഇപ്പോൾ ഐഎസ്(ഇസ്ലാമിക് സ്റ്റേറ്റ്) എന്നു പുനർനാമകരണം ചെയ്യപ്പെട്ട ഐഎസ്‌ഐഎസ്(ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ) ന്റെ രൂപീകരണത്തോടെ വീണ്ടും തെളിഞ്ഞിരിക്കുകയാണ്. അൽ ഖ്വോയ്ദ എന്ന പേരിൽ ഈ സംഘം 2004ൽ ആണ് ഇറാഖിൽ രൂപം കൊണ്ടത്. രണ്ടുവർഷത്തിനുശേഷം ഐഎസ്‌ഐഎസ് എന്ന് പുനർമുദ്രണം ചെയ്യപ്പെട്ടു. ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ, മൃഗീയ കൊലപാതകങ്ങളുടെയും കടുത്ത ധാർഷ്ട്യത്തിന്റെയും പേപിടിച്ച മതമൗലികവാദത്തിന്റെയും തട്ടിക്കൊണ്ടുപോകലിന്റെയും സ്ത്രീകളെയും കുട്ടികളെയും വിൽക്കുന്നതിന്റെയും മാനഭംഗപ്പെടുത്തുന്നതിന്റെയും അത്യന്താധുനികമായ ആയുധങ്ങൾ സംഭരിക്കുന്നതിന്റെയും ഒക്കെ ഏറ്റവും ഭീഷണമായ ഒരു ഭീകരവാദ സംഘമായി അത് മാറി. മാധ്യമപ്രവർത്തകരുടെയും ജീവകാരുണ്യ പ്രവർത്തകരുടെയും ശിരഛേദനം, കടുത്ത ശരി അത്ത് നിയമങ്ങളോട് ചേർന്നുപോകാത്ത നിരപരാധികളായ പൗരന്മാരെ വധിക്കുന്നത്, മുസ്ലീമിതര സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കി ലൈംഗികവേഴ്ചക്കായി ഉപയോഗിക്കുന്നത് തുടങ്ങി അവരുടെ എല്ലാ ക്രൂരകൃത്യങ്ങളെയും ഐഎസ് ഭീകരർ ദൈവത്തിന്റെ നാമത്തിൽ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. ഏറ്റവും ആധുനികമായ ആയുധങ്ങൾ സഹിതം ഇറാഖിന്റെയും പിന്നീട് സിറിയയുടെയും വിസ്തൃതമായ പ്രദേശത്ത് ഐഎസ് ആധിപത്യമുറപ്പിച്ചിരുന്നു. വേട്ടനായ്ക്കെളപ്പോലുള്ള ഈ ഭീകരവാദ സംഘം തങ്ങൾക്കുതോന്നുന്നതെന്തും ചെയ്യുന്ന ഒരു ഭരണകൂടമെന്നതുപോലെതന്നെയാണ് പെരുമാറുന്നത്. ഐഎസിനും മറ്റു ഭീകരവാദസംഘങ്ങൾക്കുമെതിരെ യുദ്ധം നടത്തുന്നു എന്ന് നടിച്ച പെന്റഗൺ യുദ്ധവെറിയൻമാർ യഥാർത്ഥത്തിൽ രഹസ്യമായി അവർക്ക് ആയുധങ്ങളും ധനവും നൽകുകയായിരുന്നു എന്നാണ് വസ്തുതകൾ തെളിയിക്കുന്നത്.
ഇറാഖ് അധിനിവേശത്തിനുശേഷം അമേരിക്കൻ തിട്ടൂരങ്ങൾക്ക് വഴങ്ങാതിരിക്കുന്ന അസാദ് ഭരിക്കുന്ന സിറിയയിലേയ്ക്കാണ് യുഎസ് സാമ്രാജ്യത്വം തിരിഞ്ഞിരിക്കുന്നത്. സിറിയയിൽ അശാന്തി സൃഷ്ടിക്കാനായി സായുധരായ മതസംഘങ്ങളെ അവിടെ സ്ഥാപിക്കുന്നതിനോടൊപ്പം ആ ഗവൺമെന്റ് സുന്നികളെ അടിച്ചമർത്തുകയാണ് എന്ന് പ്രചരിപ്പിച്ചുകൊണ്ട് വളരെ കൗശലപൂർവ്വം യുഎസ് സാമ്രാജ്യത്വം അസാദ് ഗവൺമെന്റിനെ അട്ടിമറിക്കാൻ ഐഎസിനെ ഏർപ്പെടുത്തിയിരിക്കുകയാണ്. സാമ്പത്തിക-രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അമേരിക്ക സിറിയയിൽ കണ്ണുവച്ചനാൾമുതൽ പുറത്തുവരുന്ന തെളിവുകൾ കാണിക്കുന്നത്, പെന്റഗൺ ഭരണാധികാരികളും സിഐഎയും തങ്ങളുടെ ‘സുഹൃത് രാഷ്ട്രങ്ങളായ’ സൗദി അറേബ്യയും തുർക്കിയും വഴി ഐഎസിന് ആയുധങ്ങളും ധനവും എത്തിച്ചുകൊടുക്കുകയായിരുന്നു എന്നാണ്.

ഇറാഖിലെ ജനകീയ ശക്തികളുടെ ഒരു ഗ്രൂപ്പ് യുഎസ് സേനയുടെ ഹെലികോപ്ടർ വെടിവച്ചിടുകയുണ്ടായി. ഐഎസിനായി കൊണ്ടുപോയിരുന്ന ആയുധങ്ങളായിരുന്നു അതിലെന്നാണ് കണ്ടെത്തിയത്. ഇറാഖ് പാർലമെന്റിന്റെ ദേശീയ സുരക്ഷാ മേധാവി പറഞ്ഞത് അമേരിക്കൻ അപ്പാച്ചെ ഹെലികോപ്റ്ററുകൾ വിമാനവേധ ആയുധങ്ങൾ ഉൾപ്പെടെയുള്ള പടക്കോപ്പുകളും ഭക്ഷ്യവസ്തുക്കളും ഐഎസിന് ഇട്ടുകൊടുക്കുന്നതിന്റെ ഫോട്ടോഗ്രാഫുകളും രേഖകളും തന്റെ കൈവശം ഉണ്ട് എന്നാണ്. 2012ൽ ലിബിയയിൽ ഗദ്ദാഫി ഭരണം അവസാനിച്ചതിനുശേഷം, ലിബിയൻ സംഭരണകേന്ദ്രങ്ങളിൽനിന്ന് സിറിയയിലേയ്ക്ക് ഐഎസിന് ആയുധങ്ങൾ കടത്തുന്നതിനായി, ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എംഐ6, സിഐഎയുമായി ചേർന്നു പ്രവർത്തിച്ചിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. മുകളിൽ സൂചിപ്പിച്ചതുപോലെ യുഎസ് സാമ്രാജ്യത്വം, മധ്യകിഴക്കൻ മേഖലയിൽ തങ്ങളുടെ ശത്രുക്കളെ ആക്രമിക്കാൻ ഐഎസിനെ ഉപയോഗിക്കുകയാണ്. വിദേശത്ത് യുഎസ് സൈനിക ഇടപെടലിന് സാധൂകരണം നേടാനും സ്വന്തം നാട്ടിൽ സമ്പദ് രംഗത്തിന്റെ സൈനികവത്ക്കരണത്തെയും വ്യക്തിജീവിത്തിലേയ്ക്ക് കടന്നുകയറുന്ന ആഭ്യന്തരമേൽനോട്ടത്തെയും ന്യായീകരിക്കാനുതകുംവിധം ഒരു ആന്തരികഭീഷണി ഇളക്കിവിടാനുമാണ് ഇതുവഴിയവർ ലക്ഷ്യമാക്കുന്നത്.
സ്റ്റാലിന്റെയും മാവോയുടെയും കാലത്തിനുശേഷവും നിരവധി ദൗർബല്യങ്ങളോടെയെങ്കിലും ഒരു പ്രതിരോധ കവചംപോലെ നിലനിന്നിരുന്ന സോഷ്യലിസ്റ്റ് ചേരിയുടെ പിൻവാങ്ങലിനുശേഷമുള്ള ഏകധ്രുവലോകത്ത് ഭീകരവാദമെന്നത് സാമ്രാജ്യത്വമുതലാളിത്തത്തിന്റെ സൃഷ്ടിയാണെന്നും അതിന്റെ രൗദ്രതയ്ക്കും വന്യമായ നടപടികൾക്കും വലിയ ഉത്തേജനം ലഭിക്കുന്നുണ്ടെന്നും ഇതുവഴി വ്യക്തമായിരിക്കുകയാണ്. നാം നേരത്തെ ചൂണ്ടിക്കാട്ടിയ മാനുഷിക മൂല്യങ്ങളുടെയും മാനവസത്തയുടെയും അതിവേഗത്തിലുള്ള പിൻവാങ്ങലിന്റെ സാഹചര്യത്തിൽ, തക്കം പാർത്തിരിക്കുന്ന മുതലാളിത്ത-സാമ്രാജ്യത്വം അവയെ എല്ലാത്തരത്തിലുമുള്ള വിഷലിപ്തമായ നിഗൂഢവാദ- മതമൗലികവാദ-വർഗ്ഗീയ-വംശീയ മനോഘടനകളുടെ അന്ധമാർഗ്ഗത്തിലേയ്ക്ക് വഴിതിരിച്ചുവിടുകയും അങ്ങനെ ആഗോളഭീകരവാദത്തിന്റെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും അനുകൂല സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു.
മതത്തെ മൗലികവാദവും മതഭ്രാന്തുമായി തുലനം ചെയ്യാനുള്ള കൗശലപൂർണ്ണമായ ശ്രമങ്ങളും നടക്കുന്നു. ഒരേമതത്തെ അംഗീകരിക്കുന്നവർതന്നെ പരസ്പരം കൊല്ലുന്ന തരത്തിലേയ്ക്ക് മതമൗലിവാദ വെറി വളർന്നിരിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും അരക്ഷിതാവസ്ഥയും അനിശ്ചിതഭാവിയും മൂല്യപ്രതിസന്ധിയുമെല്ലാംമൂലം നിരാശയിൽ ഉഴലുന്ന, മയക്കുമരുന്നിലേയ്ക്കും ലൈംഗിക അരാജകത്വത്തിലേയ്ക്കും അതുപോലുള്ള ജീവിതം നശിപ്പിക്കുന്ന സ്വഭാവരീതികളിലേയ്ക്കും വഴുതിവീഴുന്ന ധാരാളം ചെറുപ്പക്കാർ കുറ്റവാസനയുടെ മനോഭാവം പ്രകടിപ്പിച്ചുതുടങ്ങുന്നുണ്ട്. ഈ ചെറുപ്പക്കാർ ഭീകരവാദ സംഘങ്ങളുടെ വലയിലകപ്പെടുകയും വർഗ്ഗീയ-മൗലികവാദ-വംശവെറിയാൽ സ്വബോധം നഷ്ടപ്പെട്ട് പിന്നീട് സ്‌ഫോടനങ്ങളും ആക്രമണങ്ങളും ദയാരഹിതമായ കൊലപാതകങ്ങളും നടത്താൻ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. നിരപരാധികളെ കൊല്ലുന്നതോ ഒരു കൂട്ടം ആളുകളെ കശാപ്പുചെയ്യുന്നതോപോലും ഇവരുടെ ഹൃദയത്തിൽ ഒരലയും സൃഷ്ടിക്കുന്നില്ല. മതഭ്രാന്തും മതമൗലികവാദവും കൊലപാതകമനോഘടനയുമെല്ലാം അവരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു. ഈ പ്രക്രിയയിൽ സ്വയം പൊട്ടിച്ചിതറി മരിക്കുന്നതും ഉചിതമായ ഒന്നായാണിവർ കാണുന്നത്. ഈ അപമാനവീകരണ പ്രക്രിയ ഫാസിസത്തിന്റെ നങ്കൂരമിടലാണ്; തങ്ങളുടെ ചൂഷകഭരണം തുടർന്നുകൊണ്ടുപോകാനുള്ള സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ അവസാന പിടിവള്ളിയും. എല്ലാ സാമ്രാജ്യത്വ-മുതലാളിത്ത രാഷ്ട്രങ്ങളിലെയും ഒരു പൊതുസവിശേഷതയാണ് ഇന്ന് ഫാസിസം.

സാമ്രാജ്യത്വ ഗൂഢപദ്ധതികൾ നടപ്പാക്കുന്നതിനെ ഈ ഭീകരസംഘങ്ങൾ എങ്ങനെയാണ്
സഹായിക്കുന്നത്?

ഭീകരവാദത്തിന്റെ വ്യാപനത്തിൽ, യുഎസ് സാമ്രാജ്യത്വവും അവരുടെ ചാരസംഘടനകളും തങ്ങളുടെ ലക്ഷ്യം നേടിയെടുക്കാനുള്ള സൗകര്യപ്രദമായ ഒരു ഉപകരണത്തെയാണ് കാണുന്നത്. നികൃഷ്ടമായ സ്വന്തം വർഗ്ഗതാൽപര്യത്തിന് ചേർന്നു നിർക്കുന്നതാണ് ഈ തന്ത്രമെന്ന് മറ്റുസാമ്രാജ്യത്വശക്തികളും മനസ്സിലാക്കിയിട്ടുണ്ട്. ഒന്നാമതായി. മധ്യ കിഴക്കൻ മേഖലയിലെ വിവിധ ഇസ്ലാമിക രാജ്യങ്ങളിൽ തങ്ങളുടെ പുത്തൻ കൊളോണിയൽ ചൂഷണം ഉറപ്പിച്ചെടുക്കാൻ അവർക്കു കഴിഞ്ഞിരിക്കുന്നു. രണ്ടാമതായി, വിജ്ഞാനവിരോധത്തിന്റെയും മതമൗലിക വാദത്തിന്റെയും അന്ധകൂപങ്ങളിലേയ്ക്ക് ജനങ്ങളുടെ മനസ്സിനെ ഒതുക്കിക്കൊണ്ടും ഏതുനിമിഷവും സംഭവിക്കാവുന്ന ഒരു ഭീകരാക്രമണത്തെക്കുറിച്ചുള്ള ഭീതിയുടേതായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടും ഏതുവിധത്തിലുമുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ വളർച്ചയെയും വിഫലമാക്കാനവർക്കു കഴിയുന്നു. മൂന്നാമതായി, ഭീകരാക്രമണം എന്ന ഉമ്മാക്കി കാണിച്ചുകൊണ്ട് തങ്ങളുടെ വരുതിയിൽ നിൽക്കാത്ത ഭരണാധികാരികളുള്ള രാജ്യങ്ങളിൽ നിഷ്ഠൂരമായ സൈനിക ആക്രമണങ്ങൾ നടത്താനുള്ള അവകാശം ഈ സാമ്രാജ്യത്വ രാഷ്ട്രങ്ങൾക്കു ലഭിക്കുന്നു. നാലാമതായി, ഭരണ അട്ടിമറി, ആഭ്യന്തരയുദ്ധം, വംശീയ കലാപം എന്നിങ്ങനെ മറ്റുരാജ്യങ്ങളിൽ ഒളിവിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം സാമ്രാജ്യത്വ ശക്തികൾക്ക് ഈ ഭീകരവാദി ഗ്രൂപ്പുകളുടെ തലയിൽ കെട്ടിവയ്ക്കാനും പിന്നീട് ഈ കൃത്യങ്ങളെല്ലാം ഭീകരവാദികൾ ചെയ്തതാണ് എന്നു പറഞ്ഞ് കാപട്യത്തോടെ അവയോടുള്ള എതിർപ്പ് പ്രകടിപ്പിക്കാനും കഴിയുന്നു. അഞ്ചാമതായി, സമ്പദ്‌രംഗത്തിന്റെ സൈനികവൽക്കരണത്തിന്റെ ഫലമായി ഉൽപ്പാദനം ഗണ്യമായി വർദ്ധിച്ച ആയുധങ്ങളുടെ ഒരു വലിയ വിപണിയാണ് ഈ ഭീകരവാദസംഘങ്ങൾ തുറന്നിരിക്കുന്നത്. യുഎസ് സാമ്രാജ്യത്വത്തിന്റെ വ്യവസായ-സൈനിക കൂട്ടുകെട്ട് കൂട്ടിവച്ചിരിക്കുന്ന ആയുധ ശേഖരം കൈയൊഴിയുന്നതിന് പുതിയൊരു മാർഗ്ഗവും ഇതുവഴി കണ്ടെത്തിയിരിക്കുന്നു. അവസാനമായി, ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധം എന്ന മുദ്രാവാക്യം യഥാർത്ഥത്തിൽ ഏറ്റവും ആധുനികവും അപകടകരവുമായ ഭീമാകാരമായ യുഎസ് സൈനിക ശക്തിയെ നിലനിർത്തിക്കൊണ്ടുപോകാനുള്ള ന്യായീകരണവും ഭീകരാക്രമണങ്ങൾക്കെതിരെയെന്ന പേരിൽ നടക്കുന്ന മുൻകൂർ ആക്രമണങ്ങളെ സാധൂകരിക്കാനുള്ള വഴിയുമായി മാറുന്നു. 2001 ഒക്‌ടോബറിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷ് ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധം പ്രഖ്യാപിച്ചതുമുതൽ അമേരിക്കൻ നികുതി ദായകർ 6.6 ട്രില്യൺ ഡോളറാണ് നൽകിയിട്ടുളളത്. അതായത് ഭീകരവാദസംഘടനകളുടെ വളർച്ച അമേരിക്കൻ സാമ്രാജ്യത്വത്തിനും സഹയാത്രികർക്കും സാമ്പത്തികവും രാഷ്ട്രീയവുമായ നേട്ടങ്ങൾ നൽകിയെന്നത് വ്യക്തമാണ്.

ഭരണകൂടഭീകരതയുടെ ഭീതിജനകമായ വളർച്ച

ഉയർന്നുപൊങ്ങുന്ന ഭീകരവാദത്തിന്റെ ഉത്ഭവത്തെയും അതിനെ നേരിടാനുള്ള വഴികളെക്കുറിച്ചുമാലോചിക്കുമ്പോൾ, സാമ്രാജ്യത്വ-മുതലാളിത്ത ഭരണാധികാരികൾ എതിർസ്വരങ്ങളെ അമർച്ച ചെയ്യാൻ ഉപയോഗിച്ചുവരുന്ന ഭരണകൂടഭീകരതയുടെ വളർച്ചയെക്കുറിച്ചും നാം മനസ്സിലാക്കേണ്ടതുണ്ട്. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ഒളിവിലുള്ള കൊലകൾ, ജയിലിനുള്ളിലും കസ്റ്റഡിയിലുമുള്ള കുറ്റാരോപിതരുടെ കൊലപാതകങ്ങൾ ഇവയെല്ലാം ഭരണകൂടഭീകരതയാണ്. സർക്കാർ പിന്തുണയോടെയുള്ള കൊലപാതകങ്ങളും വംശഹത്യകളുമെല്ലാം ഭരണകൂടഭീകരതതന്നെ. ഇന്ത്യയിലെയും മറ്റുനിരവധി മുതലാളിത്ത-സാമ്രാജ്യത്വരാഷ്ട്രങ്ങളിലെയും ജനങ്ങൾ ഭരണകൂടഭീകരതയുടെതായ അനേകം കൃത്യങ്ങൾ കണ്ടിട്ടുണ്ട്. അതുകൊണ്ട് അറുപിന്തിരിപ്പനും കരുണയില്ലാത്ത ചൂഷകസ്വഭാവവുമുള്ള മനുഷ്യത്വരഹിതമായ സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ ഉൽപ്പന്നമാണ് ഭരണകൂട ഭീകരത. ഈ ഏകധ്രുവ ലോകത്തിൽ അത് തടസ്സങ്ങളേതുമില്ലാതെ വർദ്ധിച്ചും വരുന്നു. ജനതാൽപര്യത്തിന്റെ വീക്ഷണകോണിൽനിന്നു നോക്കുമ്പോൾ ആക്രമണങ്ങളും ജീർണ്ണിച്ച വിഭാഗീയ ചിന്തകളും പ്രചരിപ്പിക്കാനുള്ള ഭീകരവാദ സംഘങ്ങളുടെ വളർച്ച, മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തെ തടയാനുള്ള മുതലാളിത്ത-സാമ്രാജ്യത്വ ശക്തികളുടെ വിശാലമായ പദ്ധതികളുടെ ഭാഗമാണ്.

സംഘടിതമായ പ്രക്ഷോഭണങ്ങൾക്കുമാത്രമാണ് സംരക്ഷണം നൽകാൻ കഴിയുക

ഈ അവസരത്തിൽ മറ്റുചിലതരം ആക്രമണങ്ങളെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ട്. അവയുണ്ടാക്കുന്ന ദൂഷ്യഫലങ്ങളുടെ അടിസ്ഥാനത്തിൽ ഇവയും ഭീകരവാദത്തിന്റെ ഗണത്തിൽ പെടുത്താവുന്നവയാണ്. നിരന്തരപീഡനം, വംശീയതയെയും ജാതീയതയെയും മതവിശ്വാസങ്ങളെയും അധികരിച്ചുള്ള വിവേചനങ്ങളും അവഗണനകളും ന്യായമായ ജനാധിപത്യ പ്രക്ഷോഭണങ്ങളുടെമേലുള്ള സർക്കാരിന്റെ അടിച്ചമർത്തൽ ഇവയെല്ലാം ഭീകരവാദ ആക്രമണങ്ങളുടെ രൂപത്തിലുള്ള തിരിച്ചടികൾക്കു കാരണമാണ്.
ന്യൂനപക്ഷ വിഭാഗങ്ങളെയും കുടിയേറുന്നവരെയും മറ്റു ജനവിഭാഗവുമായി ഉദ്ഗ്രഥിക്കുന്നതിൽ വിവിധ രാഷ്ട്രങ്ങളിലുണ്ടായ പിഴവുകൾ അവരുടെ അന്യവത്ക്കരണത്തിലേയ്ക്കും പ്രാന്തവത്ക്കരണത്തിലേയ്ക്കും നയിക്കുന്നു. അത് പരാതികളിലേയ്ക്കും, ഉചിതമായ മാർനഗ്ഗിർദ്ദേശത്തിന്റെയും അവ പ്രകടിപ്പിക്കാനുള്ള ജനാധിപത്യമാർഗ്ഗങ്ങളുടെയും അഭാവം നിമിത്തം ചില ഗ്രൂപ്പുകളെ അക്രമത്തിലേയ്ക്കും ഭീകരതയിലേയ്ക്കും നയിക്കും. അതുകൊണ്ട് സാമ്രാജ്യത്വ-മുതലാളിത്തം ഒരുക്കിയെടുക്കുന്ന ഭീകരവാദവും, ചിന്താക്കുഴപ്പത്തിലുള്ള തെറ്റിദ്ധരിക്കപ്പെട്ടവരും തെറ്റായി നയിക്കപ്പെട്ടവരും മുതലാളിത്ത ചൂഷണത്തിൽപ്പെട്ടു ഞെരുങ്ങുന്ന അസംതൃപ്തരായവരും നടത്തുന്ന ഭീകരപ്രവർത്തനങ്ങളും രണ്ടും രണ്ടായിട്ടു കാണണം. മുതലാളിത്ത-സാമ്രാജ്യത്വത്തിന്റെ കൂടാരത്തിൽ പിറന്ന, ജനങ്ങളെ വിഭജിക്കുന്നതും അവർക്ക് സത്യം എല്ലായ്‌പ്പോഴും ഒരു മരീചികയായി മാറുന്നതുമായ ഭീകരവാദം മനുഷ്യവംശത്തിന്റെ കടുത്ത ശത്രുവായ ശക്തികളുടെ സൃഷ്ടിയാണ്. മത-ഭാഷ- വംശീയ-ജാതി ഭേദങ്ങൾക്കെല്ലാമതീതമായി, ശരിയായ വിപ്ലവ നേതൃത്വത്തിനുകീഴിൽ ഉയർന്ന തൊഴിലാളിവർഗ്ഗ നൈതികതയുടെയും സംസ്‌കാരത്തിന്റെയുമടിസ്ഥാനത്തിൽ നടക്കുന്ന നീണ്ടുനിൽക്കുന്ന സംഘടിതമായ ഐക്യപ്രക്ഷോഭണങ്ങളിലൂടെ മാത്രമേ അതിനെ പരാജയപ്പെടുത്താൻ കഴിയൂ.

ഭരിക്കുന്ന മുതലാളിത്ത-സാമ്രാജ്യത്വത്തിനെതിരെ, പണിയെടുക്കുന്ന മുഴുവൻ ജനവിഭാഗങ്ങളുടെയും വമ്പൻ പ്രക്ഷോഭം സംഘടിപ്പിക്കുകയെന്നതാണ് ഇന്നത്തെ ആവശ്യകത ഉദ്ദേശരഹിതമായ ആക്രമണങ്ങളും കയ്‌പേറിയ ശത്രുതയുമെല്ലാം പൊരുതുന്ന ജനങ്ങളുടെ ഐക്യം തകർക്കാനും അത്തരം സമരം വളർന്നുവരുന്നതിനും ശക്തി പ്രാപിക്കുന്നതിനും തടസ്സമായി നിലനിൽക്കാനും മാത്രമേ സഹായിക്കൂ. സഖാവ് ശിബ്ദാസ് ഘോഷ് വികസിപ്പിച്ച, മാർക്‌സിസം-ലെനിനിസത്തെക്കുറിച്ചുള്ള അവബോധം ജനങ്ങൾക്കുണ്ടാകുമ്പോഴാണ് മുതലാളിത്ത-സാമ്രാജ്യത്വത്തിന്റെ ഗൂഢാലോചനയ്‌ക്കെതിരായ ബോധപൂർവ്വമായ പ്രക്ഷോഭണം സാധ്യമാകൂ. അവരുടെ പോരാട്ടത്തിലെ ഐക്യവും സാഹോദര്യവും ഐക്യദാർഢ്യവും കൂടുതൽ ഉറയ്ക്കുന്നത് അപ്പോഴാണ്. മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിനനുരോധമായി ശരിയായ പാതയിലൂടെ ജനങ്ങൾ നടത്തുന്ന സമരമാണ് ഈ ഏകധ്രുവലോകത്തിൽ സാമ്രാജ്യത്വ-മുതലാളിത്തം ഏർപ്പാടുചെയ്യുന്ന മതമൗലിക സംഘടനകൾ നടത്തുന്ന തീവ്രവാദപ്രവർത്തനങ്ങൾക്ക് പ്രതിവിധി.
അതേസമയം സാമ്രാജ്യത്വ വിരുദ്ധ സമാധാന പ്രസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള ജനകീയ സമരങ്ങൾ ഉയർന്നുവരികയും ശക്തി നേടുകയും ചെയ്യുമ്പോൾ, സഹകരണത്തിന്റെയും സൗഹൃദത്തിന്റെതുമായ ഊർജ്ജം പൊരുതുന്ന ജനവിഭാഗങ്ങൾക്കിടയിൽ പ്രസരിക്കുകയും ജാതി-മത-വർഗ്ഗീയ ഭേദങ്ങൾക്കതീതമായി ഒരു ഏകഭാവം അവരിൽ ഉടലെടുക്കുകയും ചെയ്യും. ഈ പ്രക്ഷോഭണത്തിന്റെ സാംസ്‌കാരിക പരിസരം ഭരണവർഗ്ഗവും അവരുടെ സേവകരും ജനങ്ങളിൽ കുത്തിവച്ച എല്ലാത്തരം വികലമാനസികാവസ്ഥകളെയും വിഭാഗീയ ചിന്തകളെയും തുടച്ചുനീക്കുന്നതുമായിരിക്കും.
അസംതൃപ്തിയിലേയ്ക്കും നിരാശയിലേയ്ക്കും തള്ളിവിടപ്പെട്ട ചൂഷിതരിലെ ഒരു വിഭാഗം അവരെ അമർച്ച ചെയ്യാനുള്ള ഭരണകൂട ഭീകരതയുടെ വർദ്ധിച്ച ഉപയോഗത്തിനെതിരെ തിരിച്ചടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയും ഭീകരതയുടെ വഴിയും ഉദ്ദേശരഹിതമായ ആക്രമണങ്ങളും ഒരു പരിഹാരവും കൊണ്ടുവരില്ല എന്ന സത്യം മനസ്സിലാക്കുകയും ചെയ്യും. ഈ ശരിയായ ധാരണയും രാഷ്ട്രീയബോധവും അവരെ എല്ലാ തെറ്റിദ്ധാരണകളിൽനിന്നകറ്റുകയും വർഗ്ഗീയ-മതമൗലികവാദ-വംശീയ-വിഘടന ഗ്രൂപ്പുകളാൽ തെറ്റായി നയിക്കപ്പെടുന്നതിൽനിന് തടയുകയും ചെയ്യും. അതുകൊണ്ട് ഭീകരവാദത്താൽ ഭയചകിതരാകാതെ അടിച്ചമർത്തപ്പെട്ട കഷ്ടപ്പെടുന്ന ജനങ്ങൾ സാമ്രാജ്യത്വ-മുതലാളിത്തത്തിനെതിരെ സമരൈക്യവും ബോധപൂർവ്വമായ പ്രവർത്തനവും ഉറപ്പാക്കിക്കൊണ്ട് പോരാടുകയാണ് വേണ്ടത്.

Share this post

scroll to top