കേരളത്തിലെ കലാലയങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാനായി നിയോഗിക്കപ്പെട്ട ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ കമ്മിഷൻ സെപ്തംബർ 2-ന് റിപ്പോർട്ട് സമർപ്പിച്ചു. സേവ് എജ്യൂക്കേഷൻ കമ്മിറ്റിയുടെയും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെയും സംയുക്ത പരിശ്രമഫലമായിട്ടാണ് സ്വതന്ത്ര ജനകീയ ജുഡീഷ്യൻ അന്വേഷണ കമ്മീഷനെ മെയ് 20-ാം തീയതി നിയോഗിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജിൽ മെയ് 2ന് ഒരു വിദ്യാർത്ഥിനി ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്നാണ് സേവ് യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പയിൻ കമ്മിറ്റി രൂപവൽക്കരിക്കപ്പെട്ടത്. മെയ് 10-ന് കമ്മിറ്റി തിരുവനന്തപുരത്ത് പൗര സംഗമം സംഘടിപ്പിച്ചു. ആ സംഗമത്തിന്റെ തീരുമാനപ്രകാരമാണ് സ്വതന്ത്ര ജനകീയ ജുഡീഷ്യൽ കമ്മീഷൻ രൂപീകൃതമായത്.
കലാലയങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കാനായി ഇത്തരമൊരു സ്വതന്ത്ര ജനകീയ ജുഡീഷ്യൽ കമ്മീഷൻ നിയോഗിക്കപ്പെടുന്നത് കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമാണ്.
തികച്ചും, സ്വതന്ത്രമായാണ് കമ്മീഷൻ പ്രവർത്തിച്ചത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായി അഞ്ചു ദിവസത്തെ തെളിവെടുപ്പ് നടത്തിയ കമ്മീഷൻ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാഭ്യാസ പ്രവർത്തകർ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, പത്രപ്രതിനിധികൾ എന്നിവരിൽനിന്ന് തെളിവുകൾ ശേഖരിച്ചു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇ-മെയിൽ വഴിയും സമാഹരിച്ചു. അവയെല്ലാം ക്രോഡീകരിച്ചാണ് റിപ്പോർട്ടിന് രൂപം നൽകിയത്.
യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നങ്ങളെ അധികരിച്ചാണ് കമ്മിഷൻ രൂപവൽക്കരിപ്പെട്ടതെങ്കിലും, പിന്നീട് ടേംസ് ഒഫ് റഫറൻസ് തീരുമാനിച്ചപ്പോൾ സംസ്ഥാനത്തെ എല്ലാ കലാലയങ്ങളിലെയും അക്രമങ്ങൾ, മനുഷ്യാവകാശ പ്രശ്നങ്ങൾ, പരീക്ഷാക്രമക്കേടുകൾ എന്നിവയെക്കുറിച്ചുകൂടി അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു. കൊച്ചിൻ, കേരള, കോഴിക്കോട്, കണ്ണൂർ, ടെക്നിക്കൽ സർവ്വകലാശാലകളിലെ അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പ്രാതിനിധ്യ പങ്കാളിത്തമുണ്ടായിരുന്നു തെളിവെടുപ്പുകളിൽ.
കേരളത്തിലെ ഒട്ടുമിക്ക കലാലയങ്ങളിലും ഏതെങ്കിലും രൂപത്തിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾ നടക്കുന്നതായി കമ്മിഷൻ കണ്ടെത്തുകയുണ്ടായി. അക്രമരാഷ്ട്രീയത്തിലൂടെ ആധിപത്യം സ്ഥാപിക്കുകയും അപ്രമാദിത്വം പുലർത്തുകയും ചെയ്യുന്ന വിദ്യാർത്ഥി യൂണിയനുകൾ കലാലയങ്ങളിലെ ജനാധിപത്യ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു. മറ്റ് വിദ്യാർത്ഥി സംഘടനകളെ പ്രവർത്തിക്കാനോ യൂണിയൻ തെരഞ്ഞെടുപ്പിൽ ഭയരഹിതമായി പങ്കെടുക്കാനോ അനുവദിക്കുന്നില്ല. അക്കാദമിക സാഹചര്യത്തെ അക്രമരാഷ്ട്രീയം പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണ് പലയിടങ്ങളിലും. വിദ്യാർത്ഥികളുടെ സ്വതന്ത്ര സഞ്ചാരത്തെപ്പോലും തടയുന്ന കോളേജ് യൂണിയനുകൾ അവരുടെ മനുഷ്യാവകാശങ്ങൾ ചവുട്ടിമെതിക്കുന്ന നിരവധി സംഭവങ്ങൾ വിവരിക്കുന്ന ഞെട്ടിക്കുന്ന മൊഴികളാണ് ചില വിദ്യാർത്ഥികൾ നൽകിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ‘ഇടിമുറി’ ഒറ്റപ്പെട്ടതല്ല. തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും കോഴിക്കോട് മടപ്പള്ളി കോളേജിലുമൊക്കെ ‘ഇടിമുറി’കൾ പ്രവർത്തിക്കുന്നുണ്ട്. കോളേജ് യൂണിയൻ റൂമുകളാണ് ഇടിമുറികളായി മാറുന്നതെന്നും കമ്മിഷൻ കണ്ടെത്തി.
കേരളത്തിലെ ഭൂരിപക്ഷം കലാലയ യൂണിയനുകൾ ഭരിക്കുന്ന എസ്എഫ്ഐ തന്നെയാണ് പ്രധാനമായും പ്രതിസ്ഥാനത്ത് നിൽക്കുന്നത്. വിദ്യാർത്ഥികൾ നൽകിയ പരാതികളിൽ കൂടുതലും എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണങ്ങളെക്കുറിച്ചായിരുന്നു. തിരുവനന്തപുരം എംജി കോളേജിൽ, എസ്എഫ്ഐയുടെ മാതൃക പിന്തുടർന്ന് എബിവിപിയും അക്രമ കേന്ദ്രങ്ങൾ നടത്തുന്നുവെന്ന പരാതികളും ലഭിച്ചു.
ഒന്നാം വർഷ വിദ്യാർത്ഥികളാണ് മിക്കപ്പോഴും ആക്രമണങ്ങൾക്ക് ഇരകളാകുന്നത്. എന്നാൽ, ഏറ്റവും ഞെട്ടിച്ച പ്രശ്നം, മേൽപ്പറഞ്ഞ ക്രൂരമായ സംഭവങ്ങൾ അരങ്ങേറുമ്പോൾ കാഴ്ചക്കാരായി നിൽക്കുന്ന അധ്യാപകരുടെ പങ്കാണ്. അവരിൽ ചിലർ അക്രമികൾക്ക് പ്രോത്സാഹനം നൽകുന്നുവെന്ന വസ്തുതയും ചില വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. മാതൃകായോഗ്യമായ വിധത്തിൽ, ഗുരുനാഥ സ്ഥാനത്തുനിന്ന് വഴികാട്ടേണ്ട അധ്യാപകർ സങ്കുചിത കക്ഷി രാഷ്ട്രീയ പരിഗണനകളോടെ അക്രമണങ്ങളെ ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ല. സംഘടിത അധ്യാപകപ്രസ്ഥാനത്തിലെ ചിലരെങ്കിലും അധ്യാപകവൃത്തിയുടെ മഹത്വം കളഞ്ഞുകുളിക്കുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
പരീക്ഷയുടെ വിശ്വാസ്യത കളങ്കപ്പെട്ടു
അതേപോലെ, അടിവേരുകൾ പിഴുതുമാറ്റേണ്ട മറ്റൊരു മേഖലയാണ് കലാലയ പ്രവേശനത്തിലെ ക്രമക്കേടുകളും പരീക്ഷാതിരിമറികളും. പരീക്ഷാചോദ്യങ്ങൾ ചോർത്തിക്കൊടുക്കുക, ഉത്തരക്കടലാസുകൾ യൂണിയൻ നേതാക്കൾക്ക് നിയമവിരുദ്ധമായി എത്തിച്ചുകൊടുക്കുക, അനർഹരെ സ്പോട്ട് അഡ്മിഷനിലൂടെയും സ്പോർട്ട്സ് ക്വാട്ടയിലൂടെയും ഇന്റർ-കോളേജ് ട്രാൻസ്ഫറിലൂടെയും കടത്തിവിടുക എന്നിവയും ചില കലാലയങ്ങളിൽ വ്യാപകമായി നടക്കുന്നുണ്ട്. അതിന് പിന്നിലും സംഘടനാ പിൻബലമുള്ള അധ്യാപകരുടെയും ജീവനക്കാരുടെയും കൈകൾ തെളിഞ്ഞ് കാണപ്പെടുന്നു. പരീക്ഷാ ഹാളിൽ നടക്കുന്ന കോപ്പിയടി, പരീക്ഷയുടെ വിശ്വാസ്യതയെത്തന്നെ കളങ്കപ്പെടുത്തിയിരിക്കുന്നു.
‘എതിരില്ലാതെ’തെരഞ്ഞെടുക്കപ്പെടുന്നു എന്ന് അവകാശപ്പെടുന്ന കലാലയ യൂണിയനുകൾ മിക്കപ്പോഴും എതിർസ്ഥാനാർത്ഥികളുടെ നോമിനേഷൻ നൽകാനുള്ള അവകാശംപോലും നിഷേധിച്ചുകൊണ്ടാണ് സ്വയം പ്രഖ്യാപിത വിജയികളായി പ്രത്യക്ഷപ്പെടുന്നത്. അപഹാസ്യമാണ് അത്തരമൊരു സാഹചര്യം. എന്നാൽ, എന്തുകൊണ്ട് സമാനമായ പ്രശ്നങ്ങൾ ദശാബ്ദങ്ങളായി ആവർത്തിക്കപ്പെടുന്നു; അവയുടെ കാരണങ്ങളും പരിഹാരങ്ങളും എന്ത് എന്ന വിഷയത്തെ സംബന്ധിച്ചാണ് ഈ ജനകീയ കമ്മിഷൻ അന്വേഷണത്തിൽ ഊന്നൽ നൽകിയത്.
അതിൽ ഒന്നാമതായി കണ്ടെത്തിയത് കളങ്കിതമായ രാഷ്ട്രീയ നേതൃത്വത്തിന്റെ സീമകളില്ലാത്ത പിന്തുണയാണ് കലാലയങ്ങളിൽ അക്രമരാഷ്ട്രീയം ആഴത്തിൽ വേരൂന്നാൻ ഇടയാക്കിയതെന്നതാണ്. സംസ്ഥാന ഭരണസംവിധാനങ്ങൾ, നിയമസംവിധാനങ്ങൾ എന്നിവ അക്രമത്തെ അമർച്ച ചെയ്യുന്നതിൽ പരാജയപ്പെട്ടു. നിയമങ്ങൾ കടലാസിൽ ഉറങ്ങുന്നു. 1998 ലെ റാഗിംഗ് വിരുദ്ധ നിയമം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനാൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ല.
കക്ഷിരാഷ്ട്രീയത്തിന്റെ കറുത്ത ചരടുകളാൽ ബന്ധനസ്ഥരായ പോലീസ് സേനയ്ക്ക് നിയമവാഴ്ച ഉറപ്പാക്കാനാകുന്നില്ല. പകരം, ഭരണപക്ഷാഭിമുഖ്യമുള്ള കുറ്റവാളികൾക്ക് സംരക്ഷണം നൽകേണ്ടിവരുന്ന സ്ഥിതി തുടരുന്നു. ക്രിമിനൽ കേസ്സുകളിൽപോലും, അസംഘടിതരായ വിദ്യാർത്ഥികൾ നൽകുന്ന പരാതികളിന്മേൽ തുടർനടപടികൾ നിശ്ചലമാകുന്നതിന് കാരണവും മേൽപ്പറഞ്ഞ കക്ഷി-രാഷ്ട്രീയ പാശം തന്നെ. ഒറ്റവാക്കിൽ, കളങ്കിത ജനാധിപത്യം.
സർവ്വകലാശാലകൾക്ക് അപരിമേയമായ അധികാരങ്ങൾ നിയമങ്ങളിലും ചട്ടങ്ങളിലുമുണ്ട്. എന്നാൽ, കേരളത്തിലെ കലാലയങ്ങളിൽ അക്രമങ്ങൾ പെരുകുന്നതിനും അക്കാദമിക അന്തരീക്ഷം ശോചനീയമാംവിധം തകരുന്നതിനും കാരണമാകുന്ന സാഹചര്യത്തെ നേരിടാനുള്ള ധാർമ്മികശക്തി സർവ്വകലാശാലകളുടെ അധികാരികൾ പ്രദർശിപ്പിക്കുന്നില്ല. വിദ്യാർത്ഥികളുടെ പരാതികൾക്ക് പരിഹാരം കാണാനുള്ള ഭദ്രമായ സംവിധാനങ്ങൾ നിശ്ചലമാണ് മിക്ക സർവ്വകലാശാലകളിലും.
ഇത്തരമൊരു സാഹചര്യത്തിൽ ഞങ്ങൾ സുപ്രധാനമായ ചില ശുപാർശകൾ ഗവൺമെന്റിന്റെ അടിയന്തര പരിഗണനയ്ക്കായി സമർപ്പിക്കുന്നു. പ്രധാന ശുപാർശകളുടെ സംഗ്രഹം താഴെകൊടുക്കുന്നു:
1. കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെ പ്രതിരോധിക്കാനാവശ്യമായ സുശക്തമായ നിയമ സംവിധാനം ഇപ്പോൾ സംസ്ഥാനത്ത് നിലവിലില്ല. 1998 ലെ റാഗിംഗ് വിരുദ്ധ നിയമം ഉൾപ്പെടെയുള്ളവ കലാലയങ്ങളിൽ അക്രമങ്ങളെ നേരിടാൻ പര്യാപ്തമല്ലായെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ, എല്ലാ നിയമങ്ങളുടെയും പിൻബലത്തോടെയുള്ള ഒരു സംസ്ഥാനതല പ്രശ്നപരിഹാര സമിതി-കലാലയങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനായി – ഒരു ഓംബുഡ്സ്മാൻ രൂപവൽക്കരിക്കണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു.
2. വിദ്യാർത്ഥിനികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി, തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയൽ നിയമത്തിന്റെ മാതൃകയിൽ, ഒരു ആഭ്യന്തര കമ്മിറ്റി എല്ലാ കലാലയങ്ങളിലും രൂപവൽക്കരിക്കുക.
3. കർശനമായ പെരുമാറ്റച്ചട്ടം ആവിഷ്കരിച്ച് എല്ലാ കലാലയങ്ങളിലും നിർബന്ധമായും നടപ്പാക്കുക. അക്രമങ്ങളോ, അനിഷ്ട സംഭവങ്ങളോ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കി അക്കാദമിക അന്തരീക്ഷം മികവുറ്റതാക്കുമെന്ന് ഉറപ്പാക്കണം.
4. നിർബന്ധപൂർവ്വം വിദ്യാർത്ഥികളെ പ്രകടനങ്ങളിലോ പരിപാടികളിലോ പങ്കെടുപ്പിക്കുന്നത് നിരോധിക്കണം. കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണം.
5. കോളേജ് യൂണിയന്റെ യോ സംഘനകളുടെയോ നിർബന്ധിത പണപ്പിരിവ് തടയാൻ ചട്ടം നിർമ്മിക്കണം.
6. സർവ്വകലാശാല നിയോഗിക്കുന്നവരുടെ പൂർണ്ണ മേൽനോട്ടത്തിൽ വേണം തെരഞ്ഞെടുപ്പുകൾ നടക്കാൻ. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ മത്സരിക്കാൻ അനുവദിക്കരുത്.
7. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന കോളേജ് യൂണിയനുകൾ ഏകപക്ഷീയമല്ലായെന്ന് ഉറപ്പാക്കാൻ, പരാതികളുണ്ടെങ്കിൽ തെരഞ്ഞടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കുക. പരാതി വസ്തുതാപരമെങ്കിൽ തെരഞ്ഞെടുപ്പ് റദ്ദാക്കണം.
8. വിദ്യാർത്ഥി പ്രവേശനത്തിനായി കോളേജുകൾ സ്പോട്ട് അഡ്മിഷൻ നടത്തുന്ന സമ്പ്രദായം അവസാനിപ്പിക്കുക. അത് സർവ്വകലാശാലകൾ നേരിട്ട് നടത്തണം.
9. ഇന്റർ-കോളേജ് ട്രാൻസ്ഫർ അനർഹർക്ക് കടന്നുകൂടാനുള്ള വഴിയാകരുത്. സൂക്ഷ്മ പരിശോധന സർവ്വകലാശാല നടത്തിയതിനുശേഷം പൂർണ്ണമായും മെരിറ്റ് പാലിച്ച് വേണം അനുമതി നൽകേണ്ടത്.
10. കോളേജ് പ്രവൃത്തി സമയം കഴിഞ്ഞ ശേഷം, അനധികൃതമായി വിദ്യാർത്ഥികൾ ക്യാമ്പസിൽ തങ്ങുന്ന പ്രവണത തടയണം.
11. ക്രമക്കേടുകൾ തടയാൻ, സർവ്വകലാശാലാ പരീക്ഷകളുടെ ഉത്തരക്കടലാസുകളും ചോദ്യക്കടലാസുകളും സൂക്ഷിക്കാനും, പരീക്ഷ കഴിഞ്ഞാലുടൻ തിരികെ വാങ്ങി ഓഡിറ്റ് ചെയ്യാനും സർവ്വകലാശാലകൾ പ്രത്യേകസംവിധാനം ഒരുക്കണം.
12. ഇന്റേണൽ മാർക്കിന്റെ ദുരുപയോഗം തടയാൻ അത് പകുതിയാക്കി കുറയ്ക്കാം.
13. റീഅഡ്മിഷനുള്ള സർവകലാശാലാ വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കണം.
14. റാഗിംഗ് വിരുദ്ധ നിയമം കർശനമായി നടപ്പിലാക്കുക.
15. മദ്യ-മയക്കുമരുന്ന് സംഘങ്ങളിൽനിന്ന് നമ്മുടെ കലാലയങ്ങളെ സുരക്ഷിതമാക്കാൻ അത്തരം കുറ്റകൃത്യസംഘങ്ങളുമായി ബന്ധമുള്ളവരെ മുഴുവൻ ഹോസ്റ്റലുകളിൽനിന്നും കോളേജുകളിൽനിന്നും പുറത്താക്കണം. യോഗ്യരായ, സ്ഥിരം വാർഡന്മാരെ അതിനായി ഹോസ്റ്റലുകളിൽ നിയോഗിക്കണം.
16. തിരുവനന്തപുരം പാളയത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ഹോസ്റ്റൽ നവീകരണം നടത്തി പെൺകുട്ടികളുടെ ഹോസ്റ്റലാക്കി മാറ്റണം. നഗരത്തിലെ പെൺകുട്ടികളുടെ താമസസ്ഥലം ഇല്ലായ്മ എന്ന പ്രശ്നത്തിന് പരിഹാരം കാണാൻ അതാവശ്യമാണ്. അതോടൊപ്പം തന്നെ ആൺകുട്ടികൾക്ക് മറ്റൊരു ഹോസ്റ്റൽ പണിത് നൽകണം.
17. പിറ്റിഎ, വിദ്യാർത്ഥി പരാതി പരിഹാര സെൽ, വനിതാസെൽ, റാഗിംഗ് വിരുദ്ധ സെൽ എന്നിവ പുനഃരുജ്ജീവിപ്പിച്ച് സജീവമാക്കി പ്രവർത്തിപ്പിക്കണം.
18. എല്ലാ വൈസ് ചാൻസലർമാരുടെയും നിയമനങ്ങൾ പൂർണ്ണമായി മെരിറ്റ് പാലിച്ചുവേണം നടപ്പിലാക്കേണ്ടത്.
19. കൊച്ചിയിലെ കുസാറ്റ്(കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആന്റ് ടെക്നോളജി) ഹോസ്റ്റലുകളിൽ പ്രവേശനനടപടികൾ കുറ്റമറ്റതാക്കാൻ വൈസ് ചാൻസലറുടെ ചുമതലയിൽ മേൽനോട്ട സമിതികൾക്ക് രൂപം നൽകണം.
20. ഏറ്റവും പ്രധാനമായി എല്ലാ കലാലയങ്ങളിലും ജനാധിപത്യാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ഒത്തുചേരുന്ന ഫോറങ്ങൾ രൂപവൽക്കരിക്കപ്പെടണം. അനുഭവങ്ങൾ പങ്കു വെയ്ക്കപ്പെടണം. കലാലയത്തിലെ പ്രശ്നങ്ങൾ ആരോഗ്യകരമായി ചർച്ച ചെയ്യുന്ന സാഹചര്യമുണ്ടായാൽ, അതിൽ വിദ്യാർത്ഥികൾക്ക് സജീവ പങ്കാളിത്തം നൽകാനായാൽ ഉത്തരവാദിത്വബോധം വളർത്താനും ഉത്തമ പൗരന്മാരെ സൃഷ്ടിക്കാനും കലാലയങ്ങൾക്ക് കഴിയും.
ആശയസംവാദങ്ങൾ അവയുടെ പൂർണ്ണ രൂപത്തിൽ നടക്കുമ്പോൾ മാത്രമേ യഥാർത്ഥ കലാലയങ്ങൾ പിറവിയെടുക്കുന്നുള്ളൂ. ജനാധിപത്യത്തിന്റെ പ്രശ്നങ്ങൾക്ക് കൂടുതൽ ഉയർന്ന ജനാധിപത്യം മാത്രമാണ് പോംവഴി എന്ന മഹത്തായ ചരിത്രപാഠം ഓർമിപ്പിച്ചുകൊണ്ടാണ് റിപ്പോർട്ട് സമാപിക്കുന്നത്.
സെപ്തംബർ 2ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ ചേർന്ന പ്രൗഢമായ സമ്മേളനത്തിൽവച്ചാണ് കമ്മിഷൻ റിപ്പോർട്ട് പ്രകാശനം ചെയ്തത്. ചെയർമാൻ ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ, യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നിഖിലാ സജിത്തിന് ഒരു കോപ്പി നൽകിയാണ് റിപ്പോർട്ട് പൊതുജനങ്ങൾക്കായി പ്രകാശനം ചെയ്തത്. കോപ്പി ഏറ്റുവാങ്ങിയശേഷം നിഖിലയും സംസാരിച്ചു. കൂടാതെ കമ്മിഷൻ അംഗങ്ങളായ ഡോ.വി.തങ്കമണി, അഡ്വ.ജെ.സന്ധ്യ, പ്രൊഫ.എസ്.വർഗ്ഗീസ്, മെമ്പർ സെക്രട്ടറി പ്രൊഫ.എ.ജി. ജോർജ്ജ് എന്നിവരും അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. പ്രൊഫ.എം.ജി.ശശിഭൂഷൺ, പ്രൊഫ.മോളി മെഴ്സലിൻ, ഡോ.പ്രസന്നകുമാർ, പ്രൊഫ.വിജയലക്ഷ്മി എന്നിവരും സംസാരിച്ചു. കമ്മിഷനെ നിയോഗിച്ച സേവ് യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പയിൻ കമ്മറ്റിയുടെ ചെയർമാൻ ആർ.എസ്.ശശികുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ഷാജർഖാൻ സ്വാഗതം പറഞ്ഞു.
രാഷ്ട്രീയ നേതൃത്വമാണ് തെറ്റുതിരുത്തേണ്ടത്
വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മഹത്വം പുനഃസ്ഥാപിക്കാതെ രാജ്യം ഇന്ന് നേരിടുന്ന ഭീഷണമായ വെല്ലുവിളികളെ അതിജീവിക്കാൻ സമൂഹത്തിന് കഴിയില്ല. കേരളത്തിലെ കലാലയങ്ങളെ അക്രമരാഷ്ട്രീത്തിലൂടെ കീഴ്പ്പെടുത്തി, അരാഷ്ട്രീയവൽക്കരണത്തെ വളർത്തി, പ്രതിലോമ ആശയങ്ങൾക്ക് വേരൂന്നാനുള്ള കവാടങ്ങൾ തുറന്നുകൊടുക്കുന്നതിൽ പ്രമുഖ സ്ഥാനത്ത് എസ്എഫ്ഐയാണ് എന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. അക്രമരാഷ്ട്രീയം മാത്രമല്ല, പിഎസ്എസിയുടെ ഉത്തരക്കടലാസുകളും ചോദ്യക്കടലാസുകളും ചോർത്തിക്കൊടുക്കുന്ന മാഫിയാസംഘം പോലും കലാലയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുവെന്നാണ് തുടരന്വേഷണങ്ങൾ വഴി പിന്നീട് കേരളം കണ്ടെത്തിയത്. അവയുടെ പുറകിലും, കുറ്റവൽക്കരിക്കപ്പെട്ട ഒരു രാഷ്ട്രീയ നേതൃത്വം പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യം പകൽപോലെ വ്യക്തമാണ്. സംസ്ഥാനം ഭരിക്കുന്ന സിപിഐ(എം) ഉൾപ്പെടെയുള്ള പാർട്ടികൾക്ക് ഇക്കാര്യങ്ങളിലെല്ലാമുള്ള പങ്ക് അത്രയെളുപ്പം നിഷേധിക്കാനാവില്ല.
ഫലത്തിൽ, ഇത്തരം ദുഷ്ചെയ്തികൾ സംഘപരിവാർ ശക്തികൾക്ക് അവരുടെ രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കാനുള്ള വഴികളായി മാറുന്നുവെന്നതാണ് ഏറ്റവും ദുഃഖകരം. ആയതിനാൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ, വിശേഷിച്ചും എസ്എഫ്ഐക്ക് ആശയനേതൃത്വം നൽകുന്ന സിപിഐ(എം) ഒരു പുനർവിചിന്തനത്തിന് തയ്യാറാകണം. എസ്എഫ്ഐ എന്ന സംഘടനയെ ജനാധിപത്യവൽക്കരിക്കാനുള്ള ആത്മാർത്ഥമായ പരിശ്രമങ്ങൾ രാഷ്ട്രീയ നേതൃത്വം നടത്തട്ടെ. കലാലയങ്ങളിൽ അക്രമങ്ങളല്ല ആശയ സംവാദങ്ങളാണ് വേണ്ടതെന്ന പ്രധാനപ്പെട്ടപാഠം ഒരിക്കലും വിസ്മരിക്കാതിരിക്കുക.
സ്വതന്ത്ര ജനകീയ ജുഡീഷ്യൻ കമ്മിഷൻ ശരിയായി ചൂണ്ടിക്കാണിച്ചതുപോലെ ജനാധിപത്യത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കൂടുതൽ ഉയർന്ന ജനാധിപത്യം മാത്രമാണ.് ആ ജനാധിപത്യബോധം, വിദ്യാർത്ഥി സംഘടനാ നേതാക്കൾക്ക് ആദ്യം പകർന്ന് നൽകണം. എങ്കിൽ മാത്രമേ വിദ്യാർത്ഥികൾക്ക് ജനാധിപത്യ പ്രബുദ്ധത കൈവരിക്കാനാവൂ. ഫാസിസ്റ്റ് ഭീഷണിയെ ചെറുക്കാനുള്ള ഏറ്റവും നല്ല പോംവഴി സ്വതന്ത്ര കലാലയങ്ങളാണ്. സ്വതന്ത്ര ജനാധിപത്യ കലാലയങ്ങളെ കീഴ്പ്പെടുത്താൻ ഫാസിസ്റ്റ് ശക്തികൾക്ക് കഴിയില്ല. അവർ, പ്രതിരോധത്തിന്റെ രാഷ്ട്രീയം വളർത്തിയെടുക്കും. ഭയരഹിതരായി പോരാടും. ബ്രിട്ടീഷ്വിരുദ്ധ പോരാട്ടത്തിന്റെ നാളുകളിൽ സ്വാതന്ത്ര്യത്തിന്റെ പതാകകൾ കൈയിലേന്തി തെരുവിലിറങ്ങാൻ പതിനായിരങ്ങൾ സന്നദ്ധരായി. അവരിൽ നല്ലൊരു പങ്ക് കലാലയങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളായിരുന്നുവെന്ന ചരിത്രപാഠം വിദ്യാർത്ഥി സംഘടനാനേതാക്കളെ, വിശേഷിച്ചും ഇടതുപക്ഷ ലേബലുള്ള നേതാക്കളെ ഞങ്ങൾ വിനയപൂർവം ഓർമ്മിപ്പിക്കുന്നു.