ഭീകരവാദത്തിനെതിരെയുള്ള കടുത്ത നടപടിയെന്ന പതിവ് പല്ലവിയുമായി ബിജെപി ഗവണ്മെന്റ് കഴിഞ്ഞ മാസം ദേശീയ അന്വേഷണ ഏജൻസി(NIA) ഭേദഗതി ബിൽ 2019 പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയെടുത്തിരിക്കുന്നു. കഷ്ടിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ഭീകരവാദത്തെ കർക്കശമായി തടയാനെന്ന കാര്യംതന്നെ പറഞ്ഞുകൊണ്ട് നിയമവിരുദ്ധ പ്രവർത്തനം(ഡഅജഅ) തടയൽ ഭേദഗതി ബിൽ 2019ഉം പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി പാസാക്കിയെടുത്തു.
മുംബൈയിലെ താജ് ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ 2008 ഡിസംബർ 31ന് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രഗവണ്മെന്റ് ദേശീയ അന്വേഷണ ഏജൻസി നിയമം 2008 പാർലമെന്റിൽ പാസാക്കിയതിനെത്തുടർന്നാണ് എൻഐഎ എന്ന കേന്ദ്ര അന്വേഷണ ഏജൻസിക്ക് രൂപം നൽകിയതെന്നോർക്കുക. കോൺഗ്രസ്സ് സർക്കാരും ഭീകരവാദത്തെ നേരിടാനെന്ന ന്യായമാണ് ഉന്നയിച്ചത്. ഇപ്പോൾ കൊണ്ടുവന്ന ഭേദഗതിയിലൂടെ താഴെപ്പറയുന്ന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്: 1) മനുഷ്യക്കടത്ത്, കള്ളനോട്ട്, ആയുധനിർമ്മാണവും വ്യാപാരവും, സൈബർ ഭീകരവാദം തുടങ്ങിയ മേഖലകളിലേയ്ക്കുകൂടി എൻഐഎയുടെ അധികാരപരിധി വിപുലപ്പെടുത്തി, 2) അധികാരപരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ രാജ്യത്തെവിടെയുമുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് തുല്യമായ അധികാരങ്ങൾ എൻഐഎ ഉദ്യാഗസ്ഥർക്കും ഉണ്ടാകും, 3) അധികാരപരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കായി സെഷൻസ് കോടതികളെ പ്രത്യേക കോടതികളായി ചുമതലെപ്പടുത്താൻ കേന്ദ്രഗവണ്മെന്റിന് അധികാരം നൽകുന്നു.
നിയമവിരുദ്ധ പ്രവർത്തനം തടയൽനിയമം ആകട്ടെ, 1967ലെ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് നിലവിൽ വരുന്നത്. 1963ലെ പതിനാറാം ഭരണഘടനാ ഭേദഗതിയുടെയും ദേശീയോദ്ഗ്രഥന കൗൺസിൽ നിയോഗിച്ച ദേശീയോദ്ഗ്രഥനവും പ്രാദേശികവാദവും സംബന്ധിച്ച കമ്മിറ്റിയുടെ ഐകകണ്ഠ്യേനയുള്ള ശുപാർശകളുടെയും ചുവടുപിടിച്ചുകൊണ്ടാണ് ഈ നിയമം പാസാക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം, സമാധാനപരമായും നിരായുധമായും സംഘംചേരൽ, അസോസിയേഷനുകളും യൂണിയനുകളും രൂപീകരിക്കൽ എന്നീ അവകാശങ്ങളുടെമേൽ ന്യായമായ നിയന്ത്രണങ്ങൾ, രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അന്തസ്സിന്റെയും താല്പര്യം മുൻനിർത്തിയും നിയമപരമായും ഏർപ്പെടുത്താൻ പാർലമെന്റിന് അധികാരം നൽകേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് 16-ാം ഭരണഘടനാഭേദഗതി കൈക്കൊണ്ടത്. പിന്നീട് ഗവണ്മെന്റിൽ കൂടുതൽ ഏകാധിപത്യപരമായ അധികാരങ്ങൾ നിക്ഷിപ്തമാക്കാനായി 1969, 2004, 2008, 2012 എന്നീ വർഷങ്ങളിൽ നാലുതവണ ഈ നിയമം ഭേദഗതി ചെയ്തുകൊണ്ട് ഇതിന്റെ വകുപ്പുകൾ കൂടുതൽ കർക്കശമാക്കി. 2002ൽ ബിജെപി ഗവണ്മെന്റ് കൊണ്ടുവന്നതും 2004ൽ കോൺഗ്രസ് ഗവണ്മെന്റ് പിൻവലിച്ചതുമായ ഭീകരപ്രവർത്തനം തടയൽ നിയമ(ജഛഠഅ)ത്തിലെ പല വകുപ്പുകളും ഉൾപ്പെടുത്തുന്നതിനുവേണ്ടിയാണ് യുഎപിഎ നിയമത്തിൽ ഭേദഗതികൾ കൊണ്ടുവന്നത്. മുംബെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ 2012ലും ഭേദഗതികൾ വന്നു. എൻഐഎ, യുഎപിഎ നിയമങ്ങൾ പോലെതന്നെ വേറെയും നിയമങ്ങൾ നിലവിലുണ്ട്. ആഭ്യന്തര സുരക്ഷാ നിയമം(MISA) 1971ൽ പാസാക്കുകയും 1975 മുതൽ 1977 വരെ നിലനിന്ന അടിയന്തരാവസ്ഥയുടെ നാളുകളിൽ പലതവണ ഭേദഗതി ചെയ്യുകയും രാഷ്ട്രീയ വിയോജിപ്പുകളെ അമർച്ച ചെയ്യാനായി ലക്കുകെട്ട രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്തു. 1977ൽ ഈ നിയമം പിൻവലിക്കപ്പെട്ടു. എന്നാൽ, സായുധസേന പ്രത്യേകാധികാര നിയമം 1958, (AFSPA), അവശ്യ സർവ്വീസ് സംരക്ഷണ നിയമം 1968, (ESMA) എന്നിവ ഇപ്പോഴും നിലവിലുണ്ട്. 1985 മുതൽ 1995 വരെ ഭീകരവാദവും വിഘടന പ്രവർത്തനങ്ങളും(തടയൽ) നിയമം(TADA) പ്രാബല്യത്തിലുണ്ടായിരുന്നു.
എന്തുകൊണ്ട് ഇവ കരിനിയമങ്ങൾ എന്ന് വിളിക്കപ്പെടുന്നു
വഞ്ചന, ഭീകരവാദം, വ്യവസ്ഥിതിക്കെതിരായ പ്രവർത്തനം എന്നിവയുടെയൊക്കെപ്പേരിൽ ഒരാളെ നിയമം അനുശാസിക്കുന്ന മാർഗത്തിലൂടെയല്ലാതെ തടവിൽ പാർപ്പിക്കാൻ ഗവണ്മെന്റിന് അന്യായമായ അധികാരങ്ങൾ നൽകുന്നതും അതുകൊണ്ടുതന്നെ ജനാധിപത്യവിരുദ്ധ സ്വഭാവമുള്ളതുമായ നിയമങ്ങളെയാണ് കരിനിയമങ്ങൾ എന്ന് പറയുന്നത്.
ബ്രിട്ടീഷ് രാജ്ഞിക്കെതിരെയുള്ള അരാജകത്വപരവും വിപ്ലവസ്വഭാവത്തിലുള്ളതുമായ പ്രവർത്തനങ്ങൾക്ക് തടയിടാനെന്ന പേരിൽ 1919 മാർച്ചിൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവണ്മെന്റ് കൈക്കൊണ്ട റൗലറ്റ് ആക്ട് ഇവ്വിധത്തിലുള്ള ഒരു കരിനിയമമായിരുന്നു. ഇതുപ്രകാരം ഒരാളുടെ കരുതൽ തടങ്കൽ കാലാവധി അനിശ്ചിതമായി നീട്ടാനുള്ള അധികാരം ബ്രിട്ടീഷ് ഗവണ്മെന്റിന് ലഭിച്ചു. 1915ലെ ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് പ്രകാരവും വിചാരണ കൂടാതെ ഒരാളെ തടങ്കലിൽ വയ്ക്കാനുള്ള അധികാരമുണ്ടായിരുന്നു. സ്വാതന്ത്ര്യപ്പോരാളികളിൽനിന്ന് വിശേഷിച്ച് വിപ്ലവധാരയിൽനിന്ന് ബ്രിട്ടീഷ് ഭരണത്തിന് ഭീഷണി ഉണ്ടായ പശ്ചാത്തലത്തിലാണ് ഇവ ആവിഷ്കരിക്കപ്പെട്ടത്. 1919 ഏപ്രിലിൽ നടന്ന കുപ്രസിദ്ധമായ ജാലിയൻവാലാബാഗ് കൂട്ടക്കൊല മറ്റ് പല പ്രതിഷേധങ്ങൾക്കുമൊപ്പം റൗലറ്റ് ആക്ടിനെതിരായ പ്രതിഷേധത്തെക്കൂടി അമർച്ചചെയ്യാൻവേണ്ടി നടത്തിയതായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ മുതലാളിവർഗ്ഗത്തിന്റെ കാര്യസ്ഥൻമാരായ കോൺഗ്രസ്സും ബിജെപിയുമൊക്കെ നയിച്ച ഗവണ്മെന്റുകൾ കൈക്കൊണ്ട മേല്പറഞ്ഞ കരിനിയമങ്ങളൊക്കെ മുതലാളിത്ത ചൂഷണവാഴ്ചയുടെ താല്പര്യാർത്ഥം, റൗലറ്റ് ആക്ടിന്റെ മാതൃകയിൽ, അതിനേക്കാൾ ക്രൗര്യത്തോടെ പടച്ചുണ്ടാക്കിയതായിരുന്നു.
പൗരസ്വാതന്ത്ര്യവും രാഷ്ട്രീയ അവകാശങ്ങളും നിഷേധിക്കുന്നതിനും ന്യായമായ ജനകീയ സമരങ്ങളെ അമർച്ച ചെയ്യുന്നതിനും ഏകാധിപത്യപരമായി അമിതാധികാരങ്ങൾ കയ്യാളുന്നതിന് വേണ്ടിയാണ് ഗവണ്മെന്റ് ഈ കരിനിയമങ്ങളെല്ലാം പാസ്സാക്കിയെടുത്തത് എന്ന വസ്തുത ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. മുതലാളിവർഗ്ഗ താല്പര്യത്തെ സേവിക്കുന്ന ഏതൊരു ഗവണ്മെന്റിന്റെയും ജനവിരുദ്ധ നയങ്ങളെയും നടപടികളെയും ചോദ്യംചെയ്യാൻ ധൈര്യപ്പെടുന്നവരെ ഭീഷണിപ്പെടുത്താനും വിരട്ടാനും അവരുടെമേൽ പ്രതികാരനടപടികൾ കൈക്കൊള്ളാനുമുള്ള ഹീനമാർഗ്ഗം എന്നനിലയിലാണ് ഈ കരിനിയമങ്ങളുടെ ഓരോ വകുപ്പും പ്രയോഗിച്ചിട്ടുള്ളത്, അഥവാ ദുരുപയോഗം ചെയ്തിട്ടുള്ളത്.
ടാഡ, പോട്ട പോലുള്ള കരിനിയമങ്ങൾ ഇപ്രകാരം ഏറെക്കാലം കോൺഗ്രസ്, ബിജെപി സർക്കാരുകൾ ദുരുപയോഗം ചെയ്തിട്ടുണ്ട്. ഒരാൾ കുറ്റംചെയ്തു എന്ന സംശയത്തിന്റെ പേരിൽ, കേസ് ചാർജ്ചെയ്യാതെ, 180 ദിവസംവരെ തടവിൽ വയ്ക്കാനും ഏകപക്ഷീയവും ഹ്രസ്വവുമായ വിചാരണയ്ക്ക് വിധേയമാക്കാനും പോട്ട നിയമപ്രകാരം കഴിയും. സെപ്തംബർ 11ന്റെ ആക്രമണത്തിന് ശേഷം അമേരിക്ക കൈക്കൊണ്ട ‘പാട്രിയട്ട്’ എന്ന കരിനിയമത്തേക്കാൾ പലകാര്യങ്ങളിലും ഇത് കൂടുതൽ കർക്കശമാണ്. കേസ് അന്വേഷിക്കുന്നതിനും ഭീകരനെന്ന് സംശയം തോന്നുന്ന ഏതൊരാളെയും കുറ്റംചുമത്തി നിയമത്തനുമുന്നിൽ കൊണ്ടുവരുന്നതിനും അനിയന്ത്രിതമായ അധികാരങ്ങളാണ് മേല്പറഞ്ഞ നിയമം അന്വേഷണ ഏജൻസികൾക്ക് നൽകുന്നത്. ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്ത 4000 കേസുകളിൽ മൂന്നിൽ രണ്ടിലും പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ ഒരു തെളിവും ഉണ്ടായിരുന്നില്ല എന്ന വസ്തുതയാണ് പോട്ട നിയമം പുനപരിശോധിക്കാൻ നിയോഗിക്കപ്പെട്ട സമിതി കണ്ടെത്തിയത്. ടാഡ നിയമപ്രകാരം അറസ്റ്റുചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. എന്നിട്ടും ഭീകരവിരുദ്ധ വകുപ്പുകളാണ് അവരുടെമേൽ ചുമത്തിയിരുന്നത്. ജനങ്ങളെ കള്ളക്കേസിൽ കുടുക്കാൻ ഈ നിയമം എത്രത്തോളം ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണിതെല്ലാം. ടാഡ നിയമം ദുരുപയോഗം ചെയ്യാനുള്ള പഴുതുകൾ നിയമത്തിൽത്തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്വാഭാവിക നിയമത്തിനും അതിന്റെ പ്രക്രിയയ്ക്കും പകരംവയ്ക്കപ്പെടുന്നതോടെ ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളെത്തന്നെ അത് കാർന്ന്തിന്നുന്നു. 1985നും 95നും ഇടയ്ക്ക് നടന്ന ദുരുപയോഗങ്ങൾ കളവുകൾകൊണ്ട് മൂടിവയ്ക്കപ്പെട്ടു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1994 ജൂൺ 30നകം 67000 അറസ്റ്റുകൾ ഈ നിയമപ്രകാരം നടന്നു എന്ന് ഔദ്യോഗികമായി പറയുമ്പോൾ യഥാർത്ഥ കണക്ക് 76000നും മേലെയാണ്. കുറ്റങ്ങളൊന്നും ചുമത്താനാകാതെ 25 ശതമാനം കേസുകൾ പോലീസ്തന്നെ ഉപേക്ഷിച്ചിട്ടുണ്ട്. 35 ശതമാനം കേസുകൾ മാത്രമാണ് വിചാരണയ്ക്ക് വന്നത്. അതിൽ 95 ശതമാനവും വെറുതെ വിടുകയായിരുന്നു. വെറും 2 ശതമാനം പേരെ മാത്രമാണ് ശിക്ഷിച്ചിട്ടുള്ളത്. 67000 പേരെ അറസ്റ്റ് ചെയ്തതിൽ 60000 പേരും നിരപരാധികളായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജേഷ് പൈലറ്റ് 1994 ആഗസ്റ്റ് 24ന് പാർലമെന്റിൽ സമ്മതിച്ചിട്ടുണ്ട്. 8000 കേസുകൾ വിചാരണയ്ക്ക് വന്നതിൽ 725 പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്.
ഫാസിസ്റ്റ് സ്വഭാവത്തിന്റെ കാര്യത്തിൽ, എൻഐഎ, യുഎപിഎ ഭേദഗതികൾ മുൻകാല കരിനിയമങ്ങളെഎല്ലാം കടത്തിവെട്ടുന്നു
സാധാരണക്കാർക്കുമേൽ ഭീകരവാഴ്ച അടിച്ചേല്പിക്കാനും രാഷ്ട്രീയ പ്രതിയോഗികളെയും യുക്തിവാദികളെയും മനുഷ്യാവകാശ പ്രവർത്തകരെയുമൊക്കെ വേട്ടയാടാനും നിർലജ്ജം നിയമവാഴ്ചയെ ചവുട്ടിമെതിക്കുകയാണ് ഭരണവർഗ്ഗത്തിന്റെ ഏറ്റവും വിശ്വസ്ത കാര്യസ്ഥൻമാരായ ബിജെപിയുടെ ഭരണം എന്നതിന് വിശദീകരണമാവശ്യമില്ല. അതോടൊപ്പം മതന്യൂനപക്ഷങ്ങളെയുംമറ്റും ഇരകളാക്കാനും കൊലപ്പെടുത്താനുമൊക്കെ ഈ മാർഗം അവലംബിക്കുന്നു. പൗരാവകാശങ്ങളെയും രാഷ്ട്രീയാവകാശങ്ങളെയും സംബന്ധിച്ച അന്താരാഷ്ട്ര കൺവെൻഷനിൽ (കഇഇജഞ) ഇന്ത്യയും പങ്കാളിയാണ്. ഇതുപ്രകാരം ഏതൊരാളെയും നിരപരാധി എന്നനിലയിൽവേണം സമീപിക്കാൻ എന്നത് അന്തർദ്ദേശീയമായി അംഗീകരിക്കപ്പെട്ട മനുഷ്യാവകാശ തത്വമാണ്. ഒരാളിൽ കുറ്റം ആരോപിച്ചാൽ ആരോപിക്കുന്നയാളാണ് തെളിയിക്കേണ്ടത് എന്നർത്ഥം. എന്നാൽ യുഎപിഎ നിയമം ഇതിന് വിപരീതമായ നിലപാടാണ് എടുക്കുന്നത്. ഒരാളിൽനിന്ന് ആയുധം കണ്ടെത്തിയതായോ ഒരു ഭീകരാക്രമണവുമായി ബന്ധപ്പെട്ട വസ്തുക്കളിൽ ആരുടെയെങ്കിലും വിരലടയാളം കണ്ടെത്തിയതായോ തെളിയിക്കാൻ ഗവണ്മെന്റിന് കഴിഞ്ഞാൽ, കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ട ബാദ്ധ്യത അയാളുടെ ചുമലിലാകും. ഇത് അടിസ്ഥാന ധാരണകൾക്ക് നിരക്കുന്നതല്ലെന്ന് മാത്രമല്ല കൃത്രിമമായി തെളിവുകളുണ്ടാക്കാൻ പ്രേരണയാകുകയും ചെയ്യും.
അതുപോലെതന്നെ കുറ്റം ചുമത്തുന്നതിൽ വെള്ളംചേർത്തും വിചാരണ പ്രഹസനമാക്കിയും ബിജെപി ഗവണ്മെന്റ് സ്വന്തക്കാരായ കുറ്റവാളികളെ സംരക്ഷിക്കുന്നതും പ്രതിയോഗികളെ കേസിൽ കുടുക്കുന്നതിന് അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തുന്നതുമൊക്കെ എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. ഹൈദരാബാദ് പള്ളിയിലെയും സംഝോത എക്സ്പ്രസിലെയും മാലെഗാവിലെയും സ്ഫോടനക്കേസുകളിലെ പ്രതികളെ വെറുതെ വിട്ടത് ഇതിന് നല്ല ഉദാഹരണമാണ്. ശേഖരിച്ച തെളിവുകൾപോലും ഹാജരാക്കാതെ മനപ്പൂർവ്വം കേസ് ദുർബലമാക്കിയതിന് അന്വേഷണം നടത്തിയ എൻഐഎ, ജഡ്ജിയുടെ ശകാരത്തിന് ഇരയാകുക പോലുമുണ്ടായി. ഭീകരപ്രവർത്തനവും അക്രമവും നിയമവിരുദ്ധ പ്രവർത്തനങ്ങളുമൊക്കെ തടയുന്നതിൽ ബിജെപിക്ക് എത്രത്തോളം താല്പര്യമുണ്ടെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.
യുഎപിഎയിലെ പുതിയ വകുപ്പുകൾ പ്രകാരം ഒരു കോടതി കുറ്റവാളിയാണെന്ന് കണ്ടെത്തുന്നതിനുമുമ്പുതന്നെ ഒരു വ്യക്തിയെ ഏകപക്ഷീയമായും തന്നിഷ്ടപ്രകാരവും ‘ഭീകരവാദി’യാക്കാൻ ഗവണ്മെന്റിന് കഴിയുമെന്ന സ്ഥിതിയാണുള്ളത്. ഇത് സ്വാഭാവിക നീതിയുടെ നഗ്നമായ ലംഘനമാണ്. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമായി ഭരണഘടനയുടെ 19-ാം അനുച്ഛേദം പ്രഖ്യാപിച്ചിരിക്കെയാണ് ഒരു അഭിപ്രായം വച്ചുപുലർത്തുന്നതിന്റെ പേരിൽ, ഒരു ആശയം പിന്തുടരുന്നതിന്റെ പേരിൽ രാഷ്ട്രീയ പ്രതിയോഗികളെ വലയിൽ കുടുക്കാൻ അന്വേഷണ ഏജൻസികൾക്ക് ഈ കരിനിയമത്തിലൂടെ കഴിയുന്നത്. യുവമനസ്സുകളിൽ ഭീകരതയുടെ വിത്തുപാകുന്നതോ രോഷമുണർത്തുന്നതോ ആയ സാഹിത്യം വിതരണം ചെയ്യുന്നവരെയും അത്തരം പ്രചാരണം നടത്തുന്നവരെയുംകൂടി ഭീകരരായി കണക്കാക്കുമെന്ന് നിയമം ഭേദഗതി ചെയ്തപ്പോൾ ഗവണ്മെന്റ് വ്യക്തമാക്കിയിരുന്നു. അതായത്, ഗവണ്മെന്റിന് തോന്നുന്നവരെ ഭീകരനാക്കാം എന്നർത്ഥം. ആദ്യം യുഎപിഎ നിയമം കൊണ്ടുവന്ന കോൺഗ്രസ,് ബിജെപിയുടെ ഈ ഭേദഗതിയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. വിവരാവകാശ നിയമം ഫലത്തിൽ പ്രവർത്തനരഹിതമാക്കിയതിന് ശേഷമാണ് ഈ ഭേദഗതികൾ കൊണ്ടുവരുന്നത്. ജനങ്ങൾ ഗവണ്മെന്റിൽനിന്ന് വിവരങ്ങൾ ആരായുന്നതിന്റെ ഒഴുക്ക് പൂർണമായും തടഞ്ഞില്ലെങ്കിലും നിയന്ത്രിക്കുകയെങ്കിലും ചെയ്യുക എന്നതായിരുന്നു ഉദ്ദേശം. യുഎപിഎ ഭേദഗതിമൂലം ഏതെങ്കിലും അറസ്റ്റിനെ സംബന്ധിച്ച് എന്തെങ്കിലും വിവരം ഒരാൾക്കും അറിയാൻ സാദ്ധ്യമല്ല എന്നുള്ളതാണ് സ്ഥിതി. പൗരാവകാശങ്ങളെയും അവശേഷിക്കുന്ന ജനാധിപത്യ മൂല്യങ്ങളെയുമാകെ മരവിപ്പിക്കുന്ന ഫലമാണ് ഇവ്വിധം അധികാരങ്ങളെല്ലാം ഗവണ്മെന്റിൽ കേന്ദ്രീകരിക്കുന്നതുവഴി ഉണ്ടാവുക.
എങ്ങനെയാണ് കരിനിയമങ്ങൾ ജനാധിപത്യത്തിന്റെ അന്തകരാകുന്നത്
മുതലാളി വർഗത്തിന്റെ ആവിർഭാവകാലത്ത്, മത്സരാധിഷ്ഠിതമായ മുതലാളിത്ത സമ്പദ്ഘടനയുടെ രാഷ്ട്രീയ ഉപരിഘടനയെന്നനിലയിൽ, പാർലമെന്ററി ജനാധിപത്യം ആവിഷ്കരിക്കപ്പെടുകയും അതിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി നിരവധി നിയമങ്ങളും തത്വങ്ങളും കീഴ്വഴക്കങ്ങളുമൊക്കെ കൈക്കൊള്ളുകയുമുണ്ടായി എന്നകാര്യം ഇവിടെ പരാമർശിക്കേണ്ടതുണ്ട്. ഇവയിൽ ചിലതൊക്കെ നിയമങ്ങൾ എന്നനിലയിൽ നിയമപുസ്തകത്തിൽ ഉൾപ്പെടുത്തുകയോ ഭരണതത്വങ്ങൾ എന്നനിലയിൽ പരിഗണിക്കുകയോ ചെയ്തു. ”നിയമത്തിന്റെ ദൃഷ്ടിയിൽ എല്ലാവരും തുല്യരാണ്”, ”ഏതൊരു പൗരനും സ്വതന്ത്രനായിരിക്കാനും അഭിപ്രായം പറയാനുമുള്ള അനിഷേധ്യമായ അവകാശമുണ്ടായിരിക്കും”, ”തെളിവില്ലാത്തതിന്റെ പേരിൽ അനേകം കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോയാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്”, ”ഒരാൾ മറ്റൊരാളുടെമേൽ കുറ്റമാരോപിച്ചാൽ അത് തെളിയിക്കാനുള്ള ബാദ്ധ്യത ആരോപിക്കുന്ന ആൾക്കായിരിക്കും”, ”ചെയ്തകുറ്റം അനിഷേധ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സംശയാതീതമായി തെളിയിക്കപ്പെടുന്നില്ലെങ്കിൽ ആരെയും ശിക്ഷിക്കാനാകില്ല” ഇങ്ങനെ പോകുന്നു അവ. പരമാധികാര സഭയായ പാർലമെന്റ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടതും നിയമനിർമാണാധികാരമുള്ളതും ആയിരിക്കും. അതിന്റെ പരമാധികാരം ജനങ്ങളുടെ പരമാധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. മുതലാളിവർഗമായിരുന്നു അന്ന് ജനാധിപത്യത്തിന്റെ പതാകവാഹകർ. നിയമനിർമാണ സഭയിൽ ഭൂരിപക്ഷമുള്ള പാർട്ടി ഗവണ്മെന്റ് രൂപീകരിക്കുന്നതോടെ ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളിൽ രണ്ടെണ്ണമായ നിയമനിർമ്മാണ, ഭരണനിർവ്വഹണ സംവിധാനങ്ങൾ തമ്മിൽ താദാത്മ്യം പ്രാപിക്കാനുള്ള എല്ലാ സാദ്ധ്യതയുമുണ്ടെന്ന് ബൂർഷ്വാജനാധിപത്യ തത്വങ്ങൾക്ക് രൂപംകൊടുത്തവർ ഭയന്നിരുന്നു. അതുകൊണ്ടവർ വെവ്വേറെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും നിർവ്വചിക്കുകയും അവ വ്യക്തമായി വേർതിരിച്ച് കാണിക്കുകയും ചെയ്തു. അതോടൊപ്പം ഏതെങ്കിലുമൊന്നിൽ അധികാരം കേന്ദ്രീകരിക്കപ്പെടാതിരിക്കാനും ഒന്നിന്റെ അധികാരപരിധിയിൽ മറ്റൊന്ന് കൈകടത്താതിരിക്കാനുമായി നിയമനിർമ്മാണം, ഭരണനിർവ്വഹണം, നീതിന്യായം എന്നീ മൂന്ന് തൂണുകൾക്കുമിടയിൽ സന്തുലിതാവസ്ഥ നിലനിർത്താനുള്ള സംവിധാനവും അവർ ആവിഷ്കരിച്ചു. ഒരാളുടെ സ്വാതന്ത്ര്യത്തിൽ മറ്റൊരാൾ ഇടപെടുകയാണെങ്കിൽ, ഒരു നീതിന്യായ കോടതിയിൽ തന്റെ പ്രവൃത്തി നിയമപരമാണെന്ന് സ്ഥാപിക്കാൻ അയാൾക്ക് ബാദ്ധ്യതയുണ്ടെന്നും അന്ന് നീതിന്യായ സംഹിത ഉദ്ഘോഷിച്ചിരുന്നു. അതായത്, പൗരന്റെ സ്വാതന്ത്ര്യത്തിൽ ഏകപക്ഷീയമായി ഭരണസംവിധാനം ഇടപെടുന്നതിൽനിന്ന് സംരക്ഷണം നൽകാനുള്ള പ്രത്യേക ഉത്തരവാദിത്വം നീതിന്യായ സംവിധാനത്തിൽ നിക്ഷിപ്തമായിരുന്നു എന്നർത്ഥം.
അങ്ങനെ, ആ ഘട്ടത്തിൽ ചരിത്രപരമായി സാധ്യമായിരുന്ന പരിധിവരെ മുതലാളിവർഗ്ഗത്തിന് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന അതിന്റെ മുദ്രാവാക്യം പ്രാവർത്തികമാക്കാൻ കഴിഞ്ഞു. ഭരണകൂടം നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്ന കാലത്തോളമേ അധികാരത്തിലിരിക്കുന്നവരുടെ തന്നിഷ്ടപ്രകാരമുള്ള ചെയ്തികളിൽനിന്ന് ഭരിക്കപ്പെടുന്നവർക്ക് മതിയായ സംരക്ഷണമുണ്ടാകൂ എന്ന് മുതലാളിത്ത രാഷ്ട്രീയ വിശാരദന്മാർ അന്ന് പറഞ്ഞിരുന്നു. പൊതുജനങ്ങൾക്ക് വിമർശനമുന്നയിക്കാനും ചോദ്യംചെയ്യാനുമുള്ള അനുമതിയില്ലാതെ നിയമങ്ങൾ ഉണ്ടാക്കുകയും ഇല്ലാതാക്കുകയും ചെയ്യുമ്പോഴാണ് ഏകാധിപത്യവും സ്വേച്ഛാധിപത്യവുമൊക്കെ ഉണ്ടാകുന്നത്. സ്വാതന്ത്ര്യസങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാലും, ഒരു ഗവണ്മെന്റ് നിലകൊള്ളുന്നത് ധാർമികമായ കടമകളുടെ അടിത്തറയിലാണ് എന്നകാര്യം പരിഗണിച്ചാലും അതിന്റെ ചെയ്തികൾ ശരിയാകുന്നത് അത് എത്രത്തോളം ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. രാഷ്ട്രീയാധികാരം കൈയ്യാളുന്നവരോടുള്ള ജനങ്ങളുടെ വിധേയത്വം പരമമല്ലെന്നും അത് അടിസ്ഥാന അവകാശങ്ങൾ അംഗീകരിച്ചുതരുന്നതിനെക്കൂടി ആശ്രയിച്ചിരിക്കുന്നുവെന്നും അവർ തുടർന്ന് പറയുന്നു.
എന്നാൽ കാലം മുന്നോട്ടുപോയപ്പോൾ മുതലാളിത്തം കുത്തകസ്വഭാവമാർജ്ജിക്കുകയും ഒടുവിൽ സാമ്രാജ്യത്വ ഘട്ടത്തിലെത്തുകയും ചെയ്തു. ഈ അത്യുന്നതഘട്ടം അതിന്റെ അപചയത്തിന്റെയും പിന്തിരിപ്പൻ സ്വഭാവത്തിന്റെയും ഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. പ്രതിസന്ധിയും ജീർണ്ണതയും നിറഞ്ഞ മുതലാളിത്തത്തിന്, അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങൾക്ക് ഇനിയൊന്നും നൽകാനില്ല. അതിന്റെ രാഷ്ട്രീയ സംവിധാനമായ പാർലമെന്ററി ജനാധിപത്യംതന്നെ അഴിമതിയും അധാർമികതയുംമൂലം ചീഞ്ഞുനാറുകയാണ്. മുതലാളിത്തവ്യവസ്ഥ കൂടുതൽ പ്രതിസന്ധിയിലാകുംതോറും മുതലാളിവർഗം മരണാസന്നവും ജീർണവുമായ അതിന്റെ വർഗഭരണം ദീർഘിപ്പിക്കുന്നതിനായി ഭരണകൂടത്തിന്റെ കൈകളിൽ കൂടുതൽ അധികാരങ്ങൾ കേന്ദ്രീകരിക്കാനും ക്രമേണ ഫാസിസത്തിലേക്ക് നീങ്ങാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. സ്വന്തം സൃഷ്ടിയായ ഈ പ്രതിസന്ധി ഒഴിവാക്കാനാകാത്തതായതിനാൽ, ജീർണവും മരണാസന്നവുമായ മുതലാളിത്തവ്യവസ്ഥ നാൾ ചെല്ലുംതോറും പാർലമെന്ററി ജനാധിപത്യത്തെ നശിപ്പിക്കാനും ജനാധിപത്യ മൂല്യങ്ങളും തത്വങ്ങളും ചിട്ടയായി കവർന്നെടുക്കാനും അനീതി അരക്കിട്ടുറപ്പിക്കാനും ചൂഷിതജനതയ്ക്കുമേലുള്ള അടിച്ചമർത്തലിന്റെ കുരുക്ക് മുറുക്കാൻ പുതിയ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ട് ഫാസിസ്റ്റ് ദംഷ്ട്രകൾ പുറത്തുകാട്ടാനും ശ്രമിച്ചുകൊണ്ടിരിക്കും. ഒടുങ്ങാത്ത ദുരിതങ്ങൾമൂലം ജനങ്ങൾ പ്രതിഷേധിക്കുകയും സമരപാത സ്വീകരിക്കുയും ചെയ്യുമ്പോൾ അതിനെ അടിച്ചമർത്തിക്കൊണ്ട് അങ്ങേയറ്റം അഴിമതി നിറഞ്ഞതും കാലഹരണപ്പെട്ടതുമായ മുതലാളിത്ത വാഴ്ച തുടർന്നുകൊണ്ടുപോകാനുള്ള അവസാന ശ്രമമെന്നനിലയിൽ മുതലാളിത്ത സാമ്രാജ്യത്വ ശക്തികൾ ഫാസിസത്തിൽ അഭയം പ്രാപിക്കുന്നു. ഏതൊരു മുതലാളിത്ത രാജ്യത്തെയും സംബന്ധിച്ചിടത്തോളം ഏറെക്കുറെ ഇതാണ് യാഥാർത്ഥ്യം. ഒന്നൊന്നായി കരിനിയമങ്ങൾ പടച്ചുണ്ടാക്കുന്നതിനെ ഈ ചരിത്ര പശ്ചാത്തലത്തിൽവേണം നമ്മൾ മനസ്സിലാക്കാൻ.
കരിനിയമങ്ങൾ റദ്ദ് ചെയ്യിക്കാൻ ശക്തവും പ്രബുദ്ധവുമായ സമരം വളർത്തിയെടുക്കുക
യുഎപിഎ, എൻഐഎ ഭേദഗതികൾ പോലുള്ള കരിനിയമങ്ങളെക്കുറിച്ച് വിലപിച്ചിട്ടുമാത്രം കാര്യമില്ല. കോടതികളെ സമീപിക്കുന്നതുകൊണ്ടും ഈ തകർച്ച ഒഴിവാക്കാനാകില്ല. ഇത്തരം ഫാസിസ്റ്റ് ഗൂഢാലോചനകൾക്കെതിരെ യോജിച്ചതും സംഘടിതവും പ്രബുദ്ധവുമായ ജനകീയ ചെറുത്തുനിൽപ് വളർത്തിയെടുക്കുകയാണ് വേണ്ടത്. സാമൂഹ്യ പുരോഗതിയുടെ പ്രയാണത്തിൽ പാർലമന്ററി ജനാധിപത്യം അന്തിമവാക്കല്ല എന്ന സത്യം തിരിച്ചറിയേണ്ട സന്ദർഭമാണിത്. അത് ഒരു ചരിത്രഘട്ടം മാത്രമാണ്.
ആ ഘട്ടത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുകഴിഞ്ഞാൽ അതിനെക്കുറിച്ച് വിലപിച്ചിട്ട് കാര്യമില്ല. അതാണ് വിവേകപൂർവ്വമായ നിലപാട്. മാനവരാശിയെ ചൂഷണത്തിന്റെ നുകത്തിൽനിന്ന് മോചിപ്പിക്കാനുള്ള പോരാട്ടത്തിൽ മുന്നേറുന്നതിലൂടെ എല്ലാ രാഷ്ട്രീയ ജീർണതകളും തുടച്ചുനീക്കുക എന്ന മാർഗമാണ് ശരിയെന്ന് നമ്മുടെ ധിഷണ നമ്മെ ഓർമപ്പെടുത്തുന്നു. ചരിത്രത്തിന്റെ ആ നിയോഗം നിറവേറ്റുന്നതിന് അനുപൂരകമായിട്ടുവേണം കരിനിയമങ്ങൾ അപ്പാടെ റദ്ദ് ചെയ്യിക്കുന്നതിനുള്ള വമ്പൻ ജനകീയ പ്രക്ഷോഭവും വികസിപ്പിച്ചെടുക്കാൻ.