റൊമീല ഥാപ്പറോട് കരിക്കുലം വിറ്റെ സമർപ്പിക്കാനാവശ്യപ്പെട്ട ജെഎൻയു അധികൃതരുടെ നടപടി പ്രതിഷേധാർഹം

Share

പ്രമുഖ ചരിത്രപണ്ഡിത റൊമീല ഥാപ്പർ ജവഹർ ലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിൽ എമിററ്റ്‌സ് പ്രൊഫസറായി തുടരേണ്ടതുണ്ടോ എന്നു പരിശോധിക്കുവാനായി അവരുടെ കരിക്കുലം വിറ്റെ (അക്കാദമിക് യോഗ്യതകൾ പ്രസ്താവിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ) സമർപ്പിക്കാൻ ആവശ്യപ്പെട്ട ജെഎൻയു അധികൃതരുടെ ഹീനമായ നടപടിയിൽ എഐഡിഎസ്ഒ പ്രതിഷേധം രേഖപ്പെടുത്തി.

എമിററ്റ്‌സ് പ്രൊഫസർ എന്ന പദവി യാതൊരു സാമ്പത്തിക നേട്ടവും ഉളളതല്ല. മറിച്ച് അക്കാദമികമായ താത്പര്യത്തിനും വിഞ്ജാനത്തിന്റെ വികാസത്തിനും വേണ്ടിയുളളതാണ്. അന്താരാഷ്ട്ര പ്രാധാന്യമുള്ള പണ്ഡിതരുടെ ഗവേഷണവും വിജ്ഞാനവും അനുഭവസമ്പത്തും വൈഞ്ജാനികവികാസത്തിന് ഉറപ്പു വരുത്തുന്ന ഒന്നാണ് എമിററ്റ്‌സ് പ്രൊഫസർഷിപ്പ്. ഗവേഷകവിദ്യാർത്ഥികളെ സഹായിക്കുകയും ചില സന്ദർഭങ്ങളിൽ ക്ലാസെടുക്കുകയുമാണ് എമിററ്റ്‌സ് പ്രൊഫസർമാർ ചെയ്യുക. ഇതൊരു അക്കാദമിക്കിന് നൽകുന്ന ആജീവനാന്ത പദവിയാണ്.

1970 മുതൽ 1991 വരെ ജെഎൻയുവിൽ പ്രൊഫസറായി സേവനമർപ്പിച്ച വ്യക്തിയാണ് റൊമീല ഥാപ്പർ. 1993ലാണ് പ്രൊഫ ഥാപ്പർക്ക് എമിററ്റ്‌സ് പ്രൊഫസർഷിപ്പ് നൽകുന്നത്. ചരിത്രപഠനരംഗത്തെ റൊമീല ഥാപ്പറുടെ ആജീവനാന്ത സംഭാവനകൾക്ക് യുഎസ് ലൈബ്രറി കൗൺസിലിന്റെ ക്ലൂഗ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നോബൽ സമ്മാനത്തിന് പരിഗണിക്കാത്ത വിജ്ഞാനശാഖകളിലെ സംഭാവനകൾക്ക് ലഭ്യമാകുന്ന തത്തുല്യമായ പുരസ്‌കാരമാണിത്.
നിരവധി ചരിത്ര പുസ്തകങ്ങളുടെ രചയിതാവാണ് റൊമീല ഥാപ്പർ. നിരവധി സർവകലാശാലകൾ ഡിലിറ്റും ഡോക്ടറേറ്റും നൽകി ഈ പ്രതിഭയെ ആദരിച്ചിട്ടുണ്ട്. ഇത്തരമൊരു പ്രതിഭയുടെ സേവനത്തെ ആദരിക്കേണ്ടതിനുപകരം, അവരുടെ കരിക്കുലം വിറ്റെ ആവശ്യപ്പെട്ട ജെഎൻയു നിലപാട് അത്യന്തം ലജ്ജാകരമാണ്. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്ക്കരണത്തെയും ചരിത്രത്തെ വക്രീകരിക്കുന്നതിനെയും സർവകലാശാലയുടെ സ്വയംഭരണാവകാശങ്ങളിൽ കൈകടത്തുന്നതിനെയുമെല്ലാം നിശിതമായി വിമർശിക്കുന്ന ഈ പണ്ഡിതയെ ജെഎൻയുവിൽനിന്നും ഒഴിവാക്കുകയെന്ന രാഷ്ട്രീയപ്രേരിതമായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ നടപടി.

ഹീനമായ ഈ നടപടി എത്രയുംവേഗം പിൻവലിക്കണമെന്ന് എഐഡിഎസ്ഒ, ജെഎൻയു അധികൃതരോട് ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളും അക്കാദമിക സമൂഹവും ജെഎൻയു അധികൃതരുടെ വിജ്ഞാനവിരുദ്ധമായ ഈ നീക്കത്തെ പ്രതിരോധിക്കാൻ രംഗത്ത് വരണമെന്ന് അഭ്യർത്ഥിക്കുന്നു, എഐഡിഎസ്ഒ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അശോക് മിശ്ര സെപ്തംബർ 3ന് പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.

Share this post

scroll to top