നിയമസഭയിൽപോലും ചർച്ച ചെയ്യാതെ ഓർഡിനൻസിലൂടെ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാനുള്ള പിണറായി വിജയൻ സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ഘടനയിലും ഉള്ളടക്കത്തിലും സമൂലവും അപകടകരവുമായ മാറ്റങ്ങൾ നിർദേശിക്കുന്ന റിപ്പോർട്ടാണിത്. വിദ്യാഭ്യാസ അവകാശ നിയമം നിഷ്‌കർഷിക്കുംപ്രകാരം പരിഷ്‌കരണം നിർദേശിക്കണമെന്ന പേരിലാണ് കമ്മിറ്റിയെ നിയോഗിച്ചത്. പൊതുവിദ്യാഭ്യാസത്തിന്റെ സാമ്പത്തികമുൾപ്പെടെയുള്ള ചുമതലകൾ ക്രമേണ പൂർണ്ണമായും ജനങ്ങൾക്കുമേൽ കെട്ടിവെയ്ക്കുക എന്നതാണ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം. ഇതനുസരിച്ച് പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗ്രാമപ്പഞ്ചായത്തുകൾക്കും സെക്കന്ററി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലാ പഞ്ചായത്തുകൾക്കും നിയമപ്രകാരംതന്നെ കൈമാറ്റം ചെയ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ കേരളത്തിൽ ഇതുവരെ അതിനുതകുന്ന മറ്റ് ഘടനാപരിഷ്‌കാരങ്ങൾ നടന്നിരുന്നില്ല.
ഭരണപരമായ മേൽനോട്ടം ഒറ്റ ഡയറക്റ്ററേറ്റിൽ കേന്ദ്രീകരിച്ചുകൊണ്ട് മറ്റ് ഉത്തരവാദിത്വങ്ങൾ പരിപൂർണ്ണമായി വികേന്ദ്രീകരിക്കാനുള്ള നിർദേശങ്ങളാണ് ഖാദർ കമ്മിറ്റി മുന്നോട്ടുവെച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസത്തെ തകർക്കുക എന്ന ലോകബാങ്കിന്റെ താല്പര്യം നടപ്പിലാക്കുകതന്നെയാണ് റിപ്പോർട്ടും ലക്ഷ്യംവെയ്ക്കുന്നത്. അതുകൊണ്ടുതന്നെ റിപ്പോർട്ടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരികയും ചെയ്തു. ഈ പ്രതിഷേധങ്ങളെ മറികടക്കാനാണ് നിയമസഭയിൽ ചർച്ച ചെയ്യുക എന്ന ഔപചാരികമായ ജനാധിപത്യ പ്രക്രിയയ്ക്കുപോലും തയ്യാറാകാതെ ഓർഡിനൻസിലൂടെ റിപ്പോർട്ട് നടപ്പിലാക്കുന്നത്.
കേരളത്തിന്റെ വിദ്യാഭ്യാസ ഭാവിയെ അപകടപ്പെടുത്തുന്ന ഈ നടപടിയെ ശക്തമായ വിദ്യാഭ്യാസ പ്രക്ഷോഭത്തിലൂടെ പരാജയപ്പെടുത്തണമെന്ന് എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ്, പ്രസിഡന്റ് ബിനു ബേബി എന്നിവർ അഭ്യർത്ഥിച്ചു.