ദില്ലി അക്രമം റിപ്പോർട്ടുചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ ടി.വി.ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂർ വിലക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവ് ജനാധിപത്യഘടനയുടെ അടിസ്ഥാനപ്രമാണങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാനക്കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്വതന്ത്രവും നിർഭയവുമായ മാധ്യമപ്രവർത്തനത്തെ തടഞ്ഞുകൊണ്ട് എതിരഭിപ്രായങ്ങളെയും വിയോജിപ്പുകളെയും അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ഒരു കാരണവശാലും വിലപ്പോവില്ലെന്ന് ചരിത്രത്തിന്റെ പാഠങ്ങൾ അസന്നിഗ്ദ്ധമായി തെളിയിക്കുന്നു.
അക്രമത്തിൽ പോലീസിന്റെ നിഷ്‌ക്രിയത്വത്തെയും സംഘപരിവാർ സംഘടനകളുടെ പങ്കിനെയും സംബന്ധിച്ച് ഇൻഡ്യയിലെ ഏതാണ്ട് മുഴുവൻ അച്ചടിമാധ്യമങ്ങളും ഇലക്‌ടോണിക് മാധ്യമങ്ങളും ഒരേ സ്വരത്തിൽ രൂക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു. വിദേശ മാധ്യമങ്ങളും ഇതേ കാര്യങ്ങൾതന്നെയാണ് ലോകം മുഴുവൻ റിപ്പോർട്ടു ചെയ്തിരുന്നത്. അതേ ദിശയിൽത്തന്നെയാണ് ഇപ്പോൾ മാധ്യമവിലക്ക് നേരിട്ട മാധ്യമങ്ങളും റിപ്പോർട്ടു ചെയ്തത്. ദില്ലി കോടതിപോലും പ്രാരംഭഘട്ടത്തിൽ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്ന വിഡിയോ ദൃശ്യങ്ങളെ ആധികാരികമായി ആശ്രയിക്കുകയുണ്ടായി. ഇപ്രകാരം സാർവ്വത്രികമായി അംഗീകരിക്കപ്പെട്ട ഉള്ളടക്കത്തിന്റെ പേരിൽ വിലക്ക് അടിച്ചേൽപ്പിച്ചത് ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മുഖത്തെയാണ് വെളിവാക്കുന്നത്. വ്യാപകമായ എതിർപ്പിനുമുമ്പിൽ പിന്നീട് വിലക്ക് പിൻവലിക്കാൻ സർക്കാർ തയ്യാറായെങ്കിലും വരുംനാളുകളിൽ വരാനിടയുള്ള സമാന സ്വഭാവത്തിലുള്ള അതിക്രമങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രതയോടെ നിലകൊള്ളണമെന്ന് എസ്‌യുസിഐ(സി) സംസ്ഥാനക്കമ്മിറ്റി അഭ്യർത്ഥിച്ചു.