ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റത്തെക്കുറിച്ച് സഖാവ് പ്രൊവാഷ് ഘോഷ് 2020 ഫെബ്രുവരി 28 ന് പുറപ്പെടുവിച്ച പ്രസ്താവന

muralidar.jpg
Share

കിരാതമായ ഡൽഹി കലാപത്തെ നേരിടുന്നതിൽ ബോധപൂർവമായ വീഴ്ച വരുത്തിയ ഡൽഹി പോലീസിനെ ശക്തമായി വിമർശിക്കുകയും നിരവധിയായ മരണങ്ങൾക്കും അക്രമത്തിനും കൊള്ളക്കും നശീകരണത്തിനും ഉത്തരവാദിത്വം അവർക്കാണെന്ന് പറയുകയും, വിദ്വേഷം ജനിപ്പിക്കുന്ന വർഗീയ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുവാൻ ഉത്തരവിടുകയും ചെയ്ത ജസ്റ്റിസ് മുരളീധറിനെ മണിക്കൂറുകൾക്കകം ഒരു ‘പാരിതോഷികം’എന്നവണ്ണം അർദ്ധരാത്രിയിൽ സ്ഥലംമാറ്റിയ നടപടി ബിജെപി ഭരണത്തിനുകീഴിൽ ഒരു അത്ഭുതമല്ല. ഒരു ജഡ്ജിയുടെ അത്തരമൊരു ധീരമായ നടപടി എങ്ങനെയാണ് ബിജെപി സർക്കാരിന് അംഗീകരിക്കാൻ ആകുക.
നീതിന്യായ വ്യവസ്ഥ സ്വതന്ത്രവും ഭരണനിർവ്വഹണ വിഭാഗത്തിന്റെ ഇടപെടലുകളിൽനിന്ന് മുക്തവുമാണെന്ന് അവകാശപ്പെടുന്നുവെങ്കിലും ബൂർഷ്വാഭരണത്തിനു കീഴിൽ കാലങ്ങളായി അത് വെറുംകടലാസിൽ മാത്രമാണുള്ളത്. വളരെക്കാലം മുമ്പുതന്നെ പാർലമെൻററി ജനാധിപത്യം ഫാസിസ്റ്റ് ആധിപത്യമായി മാറി എന്നത് അവിതർക്കിതമായ ഒരു വസ്തുതയാണ്. നീതിന്യായവ്യവസ്ഥയുടെ സാപേക്ഷികമായ സ്വാതന്ത്ര്യം ഏതെങ്കിലും അളവിൽ നമ്മുടെ നാട്ടിൽ നിലനിന്നിരുന്നുവെങ്കിൽ, ശ്രീമതി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകാലത്ത് അതിന്റെ ഉന്മൂലന പ്രക്രിയയ്ക്ക് തുടക്കമിട്ടു. ഇപ്പോൾ ബിജെപി സർക്കാർ ശവപ്പെട്ടിയുടെ അവസാനത്തെ ആണിയും അടിച്ചിരിക്കുകയാണ്. ഭരണകക്ഷിയുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്താത്ത നിരവധിയായ ജഡ്ജിമാർ സ്ഥലം മാറ്റപ്പെടുകയും സർക്കാരിന്റെ ഇച്ഛയ്‌ക്കൊപ്പം നിന്നവർക്ക് അനർഹമായ സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. ജസ്റ്റിസ് ലോയ എന്ന ജഡ്ജി ദുരൂഹമായ മരണത്തിന് ഇരയായി. ഇന്നത്തെ ആഭ്യന്തരവകുപ്പ് മന്ത്രി പ്രതിയായ ഒരു കൊലപാതകക്കേസിന്റെ വിചാരണയിൽ അധ്യക്ഷനായ അദ്ദേഹം കോഴയ്ക്ക് വിധേയനാകുവാൻ വിസമ്മതിച്ചതിനാൽ കൊല്ലപ്പെട്ടതാണെന്നാണ് അദ്ദേഹത്തിന്റെ കുടുംബം പറയുന്നത്. ഭരണകക്ഷിയും ഭരണവർഗവും നിയന്ത്രിക്കുന്ന ഭരണനിർവഹണ വിഭാഗത്തിന്റെ ദാസന്മാരായി നീതിന്യായവ്യവസ്ഥ ചുരുങ്ങി. അതിന്റെ സാപേക്ഷികമായ സ്വാതന്ത്ര്യം ഭരണവർഗ്ഗത്തിന്റെ കാൽക്കീഴിൽ അമരുകയും അത് അനീതിമാത്രം നൽകുന്ന ഒന്നായി മാറുകയും ചെയ്തു. ഇത് രാജ്യത്തിന് വളരെ ഗുരുതരമായ അപകടമാണെന്നും സഖാവ് പ്രൊവാഷ്‌ഘോഷ് പ്രസ്താവനയിൽ പറഞ്ഞു.

Share this post

scroll to top