ഡൽഹിയിൽ നടന്ന അക്രമത്തെ സംബന്ധിച്ച് 2020 ഫെബ്രുവരി 26ന് എസ്‌യുസിഐ(സി) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ്‌ഘോഷ് പുറപ്പെടുവിച്ച പ്രസ്താവന.

Share

സൃഷ്ടിച്ചെടുത്ത ഒരു വർഗീയ ആക്രമണത്തിൽ ഡൽഹി കത്തിയെരിയുകയും കൊലപാതകങ്ങളും ന്യൂനപക്ഷങ്ങളുടെ വീടും കടകളും കൊള്ളയടിക്കുകയും ചെയ്യുന്ന വാർത്ത തുടർച്ചയായി വടക്കൻ ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ, പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് ട്രംപിന് ഒപ്പം ഉല്ലാസയാത്ര നടത്തുകയും ആർഭാടകരമായ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. പക്ഷേ, അദ്ദേഹത്തിന് വർഗീയസംഘർഷം അവസാനിപ്പിക്കാനുള്ള ഉത്തരവിറക്കുവാൻ മാത്രം സമയം ഉണ്ടായില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. റോമിലെ നീറോ ചക്രവർത്തിയുടെ മനുഷ്യത്വവിരുദ്ധവും നിർലജ്ജവുമായ പെരുമാറ്റത്തെയാണ് ഇത് ഓർമ്മപ്പെടുത്തുന്നത്. ഇന്ത്യയിൽനിന്ന് ലഭിച്ച വമ്പിച്ച പ്രതിരോധ കരാറിനുപകരമായി, മോദി സത്യസന്ധനും മതവിശ്വാസിയും മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ആളുമാണെന്ന് ട്രംപ് നൽകിയ നല്ല സർട്ടിഫിക്കറ്റിൽ മോദി സംതൃപ്തനായിരിക്കാം. പക്ഷേ, അച്ഛന്മാരെയും മക്കളെയും വീടും സ്വത്തും നഷ്ടപ്പെട്ട നിരപരാധികളായ സാധാരണക്കാരെ അത് ആശ്വസിപ്പിക്കുമോ?
ആരാണ് ഈ കൂട്ടക്കുരുതിക്ക് ഉത്തരവാദി എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. ബിജെപി സർക്കാർ ദുഷ്ടലാക്കോടെ എൻപിആർ, എൻആർസി, സിഎഎ എന്നിവ തയ്യാറാക്കുകയും ജനങ്ങളെ വീണ്ടും വർഗീയമായി വിഭജിക്കാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും, മതത്തിനും ഭാഷയ്ക്കും വംശത്തിനും അതീതമായി ആളുകൾ വൻതോതിൽ ഈ ജനവിരുദ്ധപദ്ധതിയെ തള്ളിക്കളഞ്ഞു. ഇതിനെതിരെ സ്വമേധയാ ഉയർന്നുവന്ന ജനകീയ പ്രക്ഷോഭങ്ങളെ പോലീസും ബിജെപി-ആർഎസ്എസ് ഗുണ്ടകളും ചേർന്ന് ക്രൂരമായി ആക്രമിക്കുകയും നിരവധിപേരെ കൊലപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. വർഗ്ഗീയസംഘർഷം വളർത്താനായി, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ, സമരത്തിൽ പങ്കെടുക്കുന്നവരുടെ വസ്ത്രങ്ങൾ നോക്കിയാൽ അവർ ഏതു സമുദായത്തിൽ പെട്ടവരാണ് എന്ന് തിരിച്ചറിയാൻ കഴിയും എന്നു പറഞ്ഞു. പക്ഷേ, അതും പരാജയപ്പെട്ടു. ഏതെങ്കിലും പാർട്ടിയുടെയോ പ്രമുഖ വ്യക്തികളുടെയോ ആഹ്വാനം ഇല്ലാതെതന്നെ, അഭൂതപൂർവ്വമായ, ചരിത്രപരമായ പ്രക്ഷോഭം, പ്രത്യേകിച്ചും വനിതകളുടെ നേതൃത്വത്തിൽ ഷഹീൻബാഗിൽ തുടങ്ങി. നിരവധിയായ ഭീഷണികളും പ്രകോപനങ്ങളുമുണ്ടായിട്ടും ജനങ്ങളുടെ വർദ്ധിതമായ പിന്തുണയോടെ സമാധാനപരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഷഹീൻബാഗ്. ആ മാതൃകയിലുള്ള ആയിരക്കണക്കിന് സമരങ്ങൾ രാജ്യമെമ്പാടും വളർന്നുകൊണ്ടിരിക്കുകയാണ്. പ്രക്ഷോഭങ്ങളുടെ ഈ കുത്തൊഴുക്കിൽപെട്ടുലഞ്ഞ ആഭ്യന്തരവകുപ്പ് മന്ത്രി, ഡൽഹിയിലെ ഇലക്ഷൻ പ്രചരണത്തിൽ ബിജെപിക്ക് വോട്ട് ചെയ്ത് ഷഹീൻബാഗ് സമരത്തിന് തിരിച്ചടിനൽകുവാൻ ജനങ്ങളോട് ആവശ്യപ്പെട്ടു; മറ്റൊരു കേന്ദ്രമന്ത്രി ഒരുപടികൂടി കടന്ന് ‘ഗോലിമാരോ’ എന്ന് ആഹ്വാനം ചെയ്തു. ബിജെപിക്കെതിരെ വോട്ട് ചെയ്താണ് ഡൽഹിയിലെ ജനങ്ങൾ ഇതിന് മറുപടി കൊടുത്തത്. പ്രതിഷേധക്കാർ കുത്തിയിരിപ്പ് സമരംചെയ്യുന്ന ചില സ്ഥലങ്ങളിൽനിന്ന് മൂന്നുദിവസത്തിനുള്ളിൽ ഒഴിയുവാനുള്ള അന്ത്യശാസനമാണ് ഡൽഹിയിലെ ബിജെപി നേതാവ് കപിൽമിശ്ര നൽകിയത്. പ്രതിഷേധക്കാർ ഈ മുന്നറിയിപ്പ് തള്ളിക്കളഞ്ഞപ്പോൾ, കേന്ദ്രആഭ്യന്തരമന്ത്രി നിയന്ത്രിക്കുന്ന പോലീസ് സംവിധാനത്തിന്റെ ഒത്താശയോടെ, ‘ജയ്ശ്രീറാം’, ‘ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടേതാണ്’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് സമരക്കാരെ ആക്രമിക്കുകയായിരുന്നു. തുടർന്ന്, പ്രതിഷേധക്കാരെ പുറത്താക്കുക എന്ന തന്റെ ദൗത്യം വിജയകരമായി എന്ന് ധിക്കാരപൂർവ്വം ബിജെപിയുടെ ഡൽഹിയിലെ എംപി കപിൽ മിശ്ര പ്രഖ്യാപിക്കുകയുണ്ടായി. ഈ കിരാതമായ ആക്രമണത്തിന് ഉത്തരവാദി ബിജെപിയും ആർഎസ്എസും ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരും ആണെന്ന് നൂറ് ശതമാനവും തെളിഞ്ഞിരിക്കുകയാണ്.


ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയും ജെഎൻയുവിലെ വിദ്യാർത്ഥികളെയും ആക്രമിക്കുകയും യുപിയുടെ വിവിധ ഭാഗങ്ങളിലായി നിരവധി സാധാരണ ജനങ്ങളെ കൊലപ്പെടുത്തുകയും ചെയ്തവരെ ശിക്ഷിക്കുവാനെന്നല്ല, കണ്ടെത്തുവാൻ പോലും സർക്കാരിനുകഴിഞ്ഞിട്ടില്ല എന്നത് പ്രത്യേകം പ്രസ്താവിക്കേണ്ടതാണ്.


പാകിസ്ഥാൻ ഒരു ഇസ്ലാം മതമൗലികവാദരാജ്യവും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആശീർവാദത്തോടെയുള്ള ഭീകരപ്രവർത്തകരുടെ പറുദീസയും ആണെങ്കിലും ബംഗ്ലാദേശ് ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യമാണെങ്കിലും നിർബന്ധപൂർവ്വമോ, സ്വമേധയായോ ഉള്ള ചിലഭിന്നമതവിവാഹങ്ങൾ അല്ലാതെ, കഴിഞ്ഞ 20 വർഷത്തിനുള്ളിൽ എന്ത് വർഗീയലഹളകളും ന്യൂനപക്ഷ കൊലപാതകങ്ങളുമാണ് അവിടെ നടന്നിട്ടുള്ളത് എന്ന് നാം ന്യായമായും ചോദിക്കേണ്ട ചോദ്യമാണ്. ‘മതേതര ജനാധിപത്യ’ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഈ രാജ്യങ്ങളിൽ നടന്നിട്ടുള്ള വർഗീയലഹളകളും ന്യൂനപക്ഷ പീഡനങ്ങളും കുറവാണെന്നുള്ളത് സംശയരഹിതമായ കാര്യമാണ്. നമ്മുടെ ഭരണാധികാരികൾക്ക് ഇതൊരു നാണക്കേടാണ്. നമ്മുടെ ഭരണാധികാരികൾ നമ്മളെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് ചിന്തിക്കുവാൻ മതേതര-ജനാധിപത്യ വിശ്വാസികളായ നമ്മുടെ നാട്ടിലെ ജനങ്ങളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this post

scroll to top