ജനങ്ങളുടെ പ്രശ്‌നങ്ങളിൽനിന്ന് തന്ത്രപൂർവ്വം ഒഴിഞ്ഞുമാറുന്ന കേന്ദ്രബജറ്റ്

RUPPES-SYMBOL.jpg
Share

രാജ്യത്തിന്റെ സമ്പദ്‌രംഗം പ്രതിസന്ധിയുടെ ചതുപ്പിലാണ്ടിരിക്കുകയാണ്. സർവ്വാംഗീണമായ പ്രതിസന്ധിയിലാഴ്ന്നിരിക്കുന്ന മുതലാളിത്തത്തിൽ ഇതേതരമുള്ളൂ. ദയാരഹിതമായ അടിച്ചമർത്തലും ക്രൂരതയും മനുഷ്യത്വവിരുദ്ധതയും മുഖമുദ്രയാക്കിയ മുതലാളിത്തത്തിന്, ദുരിതത്തിലാണ്ട് കിടക്കുന്ന ജനതയ്ക്ക് നൽകാൻ, അതിന്റെ പ്രതിസന്ധിയുടെ ഭാരമല്ലാതെ മറ്റെന്താണുള്ളത്? ഈ വ്യവസ്ഥയുടെ കുഴലൂത്തുകാരെല്ലാം, സാമ്പത്തികരംഗത്തെ പ്രതിസന്ധി ‘ആഴത്തിലുള്ളതോ ഘടനാപരമായതോ’ അല്ലെന്നും കേവലം ‘ചാക്രികമായ ഒരു മെല്ലെപ്പോക്കു’ മാത്രമാണെന്നും സ്ഥാപിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്.

ചില മിനുക്കുപണികളും സർക്കാരിന്റെ കർശനമായ സാമ്പത്തിക നിയന്ത്രണവും വഴി എല്ലാം ശരിയായി വരുമെന്ന വ്യാമോഹമാണവർ പരത്താൻ ശ്രമിക്കുന്നത്. വാർഷിക ബജറ്റ് അവതരണം എന്ന അനുഷ്ഠാനം ഈ വ്യാമോഹം പടർത്താനുള്ളഅവസരമാണ്. കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ഒടുവിലത്തെ ബജറ്റും ഇതേ വഴിയിലുള്ളതു തന്നെ. ബിജെപി സർക്കാർ മുതലാളിമാർക്ക് ആനുകൂല്യങ്ങൾ വാരിക്കോരിക്കൊടുത്തിട്ടും ജി.ഡി.പി. വളർച്ചാനിരക്ക് ഏറ്റവും താഴ്ന്ന നിലയിലും തൊഴിലില്ലായ്മ കഴിഞ്ഞ നാലുപതിറ്റാണ്ടിലെ ഏറ്റവുമുയർന്ന തോതിലുമായി എന്നതാണ് ഈ ജനുവരി 31 ന് പുറത്തു വന്ന വിവരം.

‘സിന്ധു സരസ്വതി’ നാഗരികതയിൽ രാജ്യത്തിനുണ്ടായ അഭിവൃദ്ധിയെക്കുറിച്ചൊക്കെയുള്ള പൊങ്ങച്ചമടങ്ങിയ ബജറ്റ് പ്രഭാഷണം ജനജീവിതത്തിലെ നീറുന്നപ്രശ്‌നങ്ങളൊന്നും സ്പർശിക്കാത്ത വാചകക്കസർത്തു മാത്രമായിരുന്നു. അദ്ധ്വാനിക്കുന്ന ജനങ്ങൾ മല്ലിട്ടു കൊണ്ടിരിക്കുന്നത് എന്തു പ്രശ്‌നങ്ങളുമായാണ്? തീർച്ചയായും അത് ആസ്ഥാന പണ്ഡിതർ എടുത്തു പ്രയോഗിക്കുന്ന സാമ്പത്തിക സൂചകങ്ങളൊന്നുമല്ല. അവശ്യസാധനങ്ങളുടെ വില കുറയുന്നുണ്ടോ, കരിഞ്ചന്തയും ഊഹക്കച്ചവടവും നിയന്ത്രണ വിധേയമാക്കുന്നുണ്ടോ, എവ്വിധവും നാൾ കഴിക്കാനുള്ള ജീവനോപാധികൾ ഉണ്ടാകുന്നുണ്ടോ, കുതിച്ചുയരുന്ന തൊഴിലില്ലായ്മയ്ക്കറുതി വരുത്താൻ നടപടിയെന്തെങ്കിലുമുണ്ടോ കർഷകരുടെ ഉല്പന്നങ്ങൾക്ക് നൂലാമാലകളില്ലാതെ ന്യായവില ലഭിക്കാൻ സംവിധാനമുണ്ടോ, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ പൊതുസംവിധാനങ്ങൾ നിലനിൽക്കുമോ എന്നതൊക്കെയാണ് ജനങ്ങൾ ഉറ്റുനോക്കുന്ന പ്രശ്‌നങ്ങൾ. ഈ ബജറ്റിൽ ഇവയൊന്നും വിഷയമായിട്ടില്ലെന്നുമാത്രമല്ല വൻകിടക്കാർക്കു വേണ്ടി സാധാരണക്കാരെ കൂടുതൽ പിഴിയാനുള്ള മാർഗ്ഗങ്ങളിൽ മാത്രമാണ് സർക്കാർ താല്പര്യം കാണിച്ചിട്ടുള്ളത്. സർക്കാരുകൾ ബി.ജെ.പി.യുടേതായാലും കോൺഗ്രസ്സിന്റേതായാലും അധികാരത്തിലിരിക്കുന്ന മുതലാളി വർഗ്ഗത്തിന്റെ വിശ്വസ്ത രാഷ്ട്രീയ കാര്യകർത്താക്കൾ മാത്രമാണെന്ന വസ്തുതയാണ് ഇതിലൂടെ സ്ഥാപിക്കപ്പെടുന്നത്.

ചോദനയിലെ ഇടിവും മൂലധന നിക്ഷേപത്തിലെ മുരടിപ്പും ഗ്രസിച്ച സാമ്പത്തിക രംഗത്തെ രക്ഷിച്ചെടുക്കാനുള്ള നൂതന മാർഗ്ഗങ്ങൾ

ഈ ബജറ്റെന്ന ഹാസ്യചിത്രത്തിലെ ഏതാനും നിർദ്ദേശങ്ങൾ നമുക്കൊന്നു പരിശോധിച്ചുനോക്കാം. സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലായതെന്തുകൊണ്ടാണ്? ചോദന അഥവാ ഡിമാന്റ് ഇല്ല എന്നതാണ് കാരണം.എന്തുകൊണ്ട് ചോദനയില്ല? കാരണം, കമ്പോളത്തിൽ നിന്നു സാധനങ്ങൾ വാങ്ങാൻ ജനങ്ങളുടെ കൈയിൽപണമില്ല. അതാകട്ടെ, ജനങ്ങൾക്കു പണിയില്ലാത്തതുകൊണ്ടും കാർഷികോല്പന്നങ്ങൾക്ക് വില കിട്ടാത്തതുകൊണ്ടുമാണ്. ജോലിയുള്ളവരുടെ വരുമാനമാകട്ടെ, നാൾകഴിയുന്തോറും ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പൂർത്തികരിക്കാൻ തികയാതെ വരുന്നു. വിരലിലെണ്ണാവുന്ന വൻകിടക്കാരെ അപേക്ഷിച്ച് പാവങ്ങളായ ജനകോടികൾക്ക് തങ്ങളുടെ വരുമാനത്തിന്റെ ഏറിയ പങ്കും ചെലവഴിക്കേണ്ടി വരുന്നു. അവരുടെ ക്രയശേഷിയിലെ കുറവ് മൊത്തം ചോദനയിൽ വലിയ ഇടിവുണ്ടാക്കും. ഇതു മുതലാളിത്തത്തിൽ കമ്പോള പ്രതിസന്ധി സൃഷ്ടിക്കും. ചോദനയില്ലാത്തതിനാൽ ചരക്കുകെട്ടിക്കിടക്കുകയും ഉല്പാദനോപാധികളുടെ ഉടമസ്ഥരായ മുതലാളിമാർ ഉല്പാദനം നിർത്തുകയോ കുറയ്ക്കുകയോ ചെയ്യും. അത് കമ്പോളത്തിന്റെ ഇടിവിലേക്കും മാന്ദ്യത്തിലേക്കും നയിക്കുകയും ചെയ്യും.

ആകമാന ചോദനയെ ഉജ്ജീവിപ്പിക്കാനെന്താണു ചെയ്യേണ്ടത്? തീർച്ചയായും ജനങ്ങളുടെ വരുമാനവും അതുവഴി ക്രയശേഷിയും വർദ്ധിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളണം. പുതിയ വ്യവസായങ്ങളും സംരംഭങ്ങളും ആരംഭിച്ചു കൊണ്ടേ ഇതു സാദ്ധ്യമാകൂ. എന്നാൽ ഏതാണ്ട് 6.8 ലക്ഷം വ്യവസായ സ്ഥാപനങ്ങൾ ഉടമകൾ തന്നെ അടച്ചുപൂട്ടിയിരിക്കുകയാണ്. എന്തെങ്കിലും തൊഴിൽ പ്രശ്‌നമല്ല മറിച്ച് കമ്പോള മാന്ദ്യമാണിതിനു കാരണം. എട്ടു സുപ്രധാന ഉല്പാദന മേഖലകളിലെ (എണ്ണ,കൽക്കരി,പ്രകൃതിവാതകം, റിഫൈനറി ഉല്പന്നങ്ങൾ, വളം,ഉരുക്ക്,സിമന്റ്,വൈദ്യുതി) തളർച്ച തുടരുകയാണ്. സ്വകാര്യ ഉല്പാദകരാകട്ടെ പരമാവധി ലാഭം നേടാൻ തൊഴിൽ ശേഷിയെകുറച്ചു കൊണ്ടുള്ള യന്ത്രവൽക്കൃത ഉല്പാദനമാണു സ്വീകരിക്കുന്നത്. എന്നാൽ സർക്കാരെന്താണു ചെയ്യുന്നത്? കൂടുതൽ വ്യവസായങ്ങൾ ആരംഭിക്കുകയും, ധൂർത്തും കെടുകാര്യസ്ഥതയും മൂലം നഷ്ടത്തിലായ പൊതുമേഖലാസ്ഥാപനങ്ങളെ ഉദ്ധരിക്കുന്നതിനും പകരം,സ്വതന്ത്ര ഇന്ത്യയിൽ ജനകീയാവശ്യകതയ്ക്കനുസരിച്ചു തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി സ്വകാര്യ കുത്തകകൾക്കു വെള്ളിത്തളികയിലെന്നവണ്ണം സമർപ്പിച്ചു കൊണ്ടിരിക്കുകയാണ്. ലാഭകരമായി പ്രവർത്തിക്കുന്ന എൽഐസി, ഐഡിബിഐ, ബിപിസിഎ., റെയിൽവേ തുടങ്ങിയവയൊക്കെ ഇതിൽപ്പെടുന്നു. ബിഎസ്എൻഎല്ലിനെ അവഗണിച്ചു രോഗശയ്യയിലാക്കി ടെലികോം മേഖലയെ ഒരു കുത്തകയ്ക്കു തീറെഴുതുന്ന തരത്തിലുള്ള നടപടികളും സർക്കാർ കൈക്കൊള്ളുന്നു. അതുപോലെ തന്നെ ലക്ഷക്കണക്കിനാളുകൾ ജോലി ചെയ്യുന്ന, രാജ്യത്തെ ഗതാഗത സംവിധാനത്തിന്റെ ജീവനാഡിയായ ഇന്ത്യൻ റെയിൽവേയെ സ്വകാര്യ നടത്തിപ്പുകാർക്കു കൈമാറുകയാണ്. അവർ യാത്രാക്കൂലി കൂട്ടുകയും പരമാവധി ലാഭം കൊയ്യാൻ തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കുകയും ചെയ്യുമെന്നതുറപ്പാണ്. ദശലക്ഷക്കണക്കിനു തൊഴിലാളികളുടെ പണി തെറിപ്പിച്ചു കൊണ്ടുള്ള നൂതനമായ തൊഴിൽ സൃഷ്ടി!

മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയുടെ അടുത്ത സവിശേഷത അത് മൂലധന നിക്ഷേപത്തിൽ ദാരിദ്ര്യമനുഭവിക്കുന്നു എന്നതാണ്. ബാങ്ക് പലിശ നിരക്കു കുറച്ചു കൊണ്ടും കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചു കൊണ്ടും നികുതി വെട്ടിപ്പുകളെ വെറുതെ വിട്ടും തൊഴിൽ നിയമങ്ങളെല്ലാം ഭേദഗതി ചെയ്തു ബിസിനസ് തുടങ്ങാനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചും കൊണ്ട് മൂലധന നിക്ഷേപം വർദ്ധിപ്പിക്കാനുള്ള നടപടികൾ തങ്ങളെടുക്കുന്നുണ്ടെന്ന് സർക്കാർ വക്താക്കൾ അവകാശപ്പെടുന്നുണ്ട്. (തൊഴിൽ നിയമ ഭേദഗതിയെന്നാൽ പണിയെടുക്കുന്നവർ പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ കവർന്നെടുക്കുകയും സ്ഥിരം തൊഴിൽ അവസാനിപ്പിച്ച് തുച്ഛവേതനത്തിനു കരാർ തൊഴിൽ വ്യാപകമാക്കുകയുംഫാക്ടറി അടച്ചുപൂട്ടാനും തൊഴിലാളികളെ പിരിച്ചു വിടാനും കൂലി നിശ്ചയിക്കാനും മുതലാളിമാർക്കു സകല അവകാശവും കൊടുക്കുമ്പോൾത്തന്നെ കൂട്ടായി വിലപേശാനുള്ള അവകാശം തൊഴിലാളികൾക്കു നിഷേധിക്കുകയും ചെയ്യുക എന്നാണർത്ഥം) എന്നിട്ടും എത്ര നിക്ഷേപം വന്നു? ബാങ്കു പലിശ കുറയ്ക്കുന്നതുവഴി മുതിർന്ന പൗരന്മാരുൾപ്പടെയുള്ള നിക്ഷേപകരുടെ വരുമാനം കുറച്ചുവെന്നതല്ലാതെ ഫലപ്രദമായ നിക്ഷേപത്തെ സഹായിച്ചിട്ടില്ല. മാത്രമല്ല നിക്ഷേപത്തിലെ വർദ്ധനയോ ജി.ഡി.പി. വളർച്ചയോ ഒന്നും വരുമാനമുണ്ടാക്കുന്ന തൊഴിൽ സൃഷ്ടിക്കുന്നില്ല. ‘തൊഴിൽ രഹിത വളർച്ച’ എന്നതാണ് മുതലാളിത്ത പദാവലിയിലെ പുതിയ ആപ്തവാക്യം തന്നെ. ആധുനിക സാങ്കേതിക വിദ്യകളും റോബോട്ടുകളുമെല്ലാം ചേർന്ന് മനുഷ്യാദ്ധ്വാനത്തെ പരമാവധി ഒഴിവാക്കുകയാണ് ഇപ്പോൾ.

ജിഡിപി വളർച്ചയെക്കുറിച്ച് തുടരുന്ന ശബ്ദഘോഷം

ജിഡിപി വളർച്ച സാമ്പത്തിക വളർച്ചയെ സൂചിപ്പിക്കുന്നില്ല എന്നു പലകുറി ഞങ്ങൾ വിശദീകരിച്ചിട്ടുണ്ട്. സമ്പത്തിന്റെ വിതരണത്തെ അതു പ്രതിഫലിപ്പിക്കുന്നില്ല. സമ്പത്തിന്റെ വിതരണത്തിൽ ഇന്ത്യയിലുള്ള അതി ഭീമമായ അസമത്വം ആർക്കാണറിയാത്തത്? രാജ്യത്തെ 1% വരുന്ന അതിസമ്പന്നർ ജനസംഖ്യയുടെ 70% ത്തോളം വരുന്ന സാധാരണക്കാരുടേതിനേക്കാൾ നാലുമടങ്ങു സമ്പത്ത് കയ്യടക്കിവച്ചിട്ടുണ്ട്. ഇന്ത്യയിലെ 63 ശതകോടീശ്വരന്മാരുടെ സമ്പത്ത് (24.42 ലക്ഷം കോടി രൂപ) 2018-19 സാമ്പത്തിക വർഷത്തെ യൂണിയൻ ബജറ്റു തുകയേക്കാൾ കൂടുതലാണ്. മുകേഷ് അംബാനിയുടെ സ്വത്ത് 2019-ൽ മാത്രം 1.19 ലക്ഷം കോടി രൂപ വർദ്ധിച്ച് 4.20 ലക്ഷം കോടി രൂപ കടന്നിരിക്കുന്നു. മറുഭാഗത്ത് വികസ്വര രാഷ്ട്രങ്ങൾക്കായി അംഗീകരിക്കപ്പെട്ട, പ്രതിദിനം 140 രൂപ വരുമാനം എന്ന ദാരിദ്ര്യരേഖയ്ക്കു താഴെയാണ്80% ഗ്രാമീണരും 70% നഗരവാസികളും. 60% കുടുംബങ്ങളുടേയും മാസവരുമാനം 5000 രൂപയിൽ താഴെയാണ്.90% വ്യവസായങ്ങളിലും 7-ാം ശമ്പളക്കമ്മീഷൻ നിർണ്ണയിച്ച കുറഞ്ഞ കൂലിയിലും താഴെയാണു വേതനം. 2400 കലോറി ഊർജ്ജം നേടാൻ ആവശ്യമായ 375 രൂപ പ്രതിദിന വരുമാനം ആക്കണമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ ഒരു സമിതി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പി. ഗവണ്മെന്റ് കൊണ്ടുവന്ന വേജ് കോഡ് ബില്ലിൽ 178 രൂപയാണ് കുറഞ്ഞവേതനമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. 80 ശതമാനത്തിലധികം തൊഴിലാളികളും സ്ഥിര വരുമാനമോ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളോ ഇല്ലാതെ പണിയെടുക്കുന്നു. കമ്പോളത്തിലെ ചോദനയിലെ കുറവിന്റെ പ്രാഥമിക കാരണം സാധാരണക്കാരുടെ ഈ വേതനക്കുറവും സമ്പത്തിന്റെ വിതരണത്തിലെ അസമത്വവുമാണ്. ഭാവിയിൽ അതിനിയും രൂക്ഷമാകുമെന്നാണ് സൂചന. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ഈ വിടവ് അമ്പരപ്പിക്കുന്ന രീതിയിൽ ഇങ്ങനെ വലുതായാൽ കമ്പോളം എങ്ങനെ വികസിക്കാനാണ്?

രണ്ടാമതായി, കണക്കുകൂട്ടലിൽ തിരുത്തലും കൈക്രിയയും നടത്തി ജിഡിപി വളർച്ചാനിരക്ക് 4.7% ത്തിൽ നിന്ന് 6.9% എത്തുമെന്നൊക്കെ അവകാശപ്പെട്ടെങ്കിലും അത് 4.5% ശതമാനത്തിലേയ്ക്ക് ചുരുങ്ങിയിരിക്കുകയാണ്. ബജറ്റിനുമുമ്പുള്ള സാമ്പത്തികസർവ്വേയിൽ, 2020-21-ൽ ഇത് 7% ആകുമെന്നാണ് പറയുന്നത്. എന്നിട്ടും എന്തുകൊണ്ടിതുനേടാൻ കഴിയുന്നില്ല എന്നോ,സമ്പദ്‌രംഗം കിതയ്ക്കുന്നതെന്തുകൊണ്ടെന്നോ ചോദിച്ചാൽ അവരുടെ സ്ഥിരം ഉത്തരം ആഗോള സാമ്പത്തികമാന്ദ്യം എന്നതാണ്. സംശയമുന്നയിക്കുന്നവരോട്, എല്ലാ സൂചകങ്ങളും പോസിറ്റീവ് ആണ് എന്ന മറുപടി മാത്രമാണ് ധനമന്ത്രിയുൾപ്പടെയുള്ളവർക്കു പറയാനുള്ളത്. യഥാർത്ഥ ജിഡിപി വളർച്ചാ നിരക്കിനുപകരം നാമമാത്ര ജിഡിപിയുടെ നിരക്കാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ഉപയോഗിച്ചതും 10% ആകുമെന്നു പറഞ്ഞതും. യഥാർത്ഥ ജിഡിപി വളർച്ചാനിരക്ക്, ഉല്പന്നങ്ങളുടേയും സേവനങ്ങളുടേയും പണമൂല്യം എന്ന തരത്തിൽ കണക്കാക്കുമ്പോൾ നാമമാത്ര ജിഡിപി ഉല്പന്നങ്ങളുടേയും സേവനങ്ങളുടേയും ഇപ്പോഴത്തെ വിലയാണ് (സാമ്പത്തിക ഉൽപാദനം എന്നർത്ഥം) കണക്കുകൂട്ടലിൽ ഉൾപ്പെടുത്തുന്നത്. വ്യത്യസ്ത കാലഘട്ടങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഉയരുന്ന വിലയുടെ വേഗതയെ അത് ഒഴിവാക്കുന്നുഎന്നതിനാൽ ഊതിവീർപ്പിച്ച സംഖ്യയാണതിൽ ലഭിക്കുക. നാമമാത്ര ജിഡിപി 10% എന്നു പറയുന്ന ധനമന്ത്രിക്ക് എതിർപ്രവാഹത്തെക്കുറിച്ച് ബോധ്യമുണ്ടാകണം. പക്ഷേ ധനമന്ത്രി പറയുന്ന സൂചകങ്ങൾ എന്തൊക്കെയാണ്? ജിഡിപിയിലെ താഴ്ച്ച, വ്യാവസായിക ഉൽപാദനത്തിലെ ഇടിവ്, ഉൽപാദനപരമായ നിക്ഷേപത്തിന്റെ അഭാവം, ഉയരുന്ന പണപ്പെരുപ്പം (യഥാർത്ഥ വരുമാനത്തിലെ ഇടിവ് എന്നർത്ഥം), കുറഞ്ഞു കൊണ്ടിരിക്കുന്ന വേതനം, ഉപഭോഗത്തിലെ ഇടിവ്, നികുതി വരുമാനത്തിലെ കുറവ്, ഉയരുന്ന കറണ്ട് അക്കൗണ്ട് കമ്മി (കയറ്റുമതിയേക്കാൾ കൂടുതൽ ഇറക്കുമതി എന്നർത്ഥം), കൂടിവരുന്ന ധനക്കമ്മി ഈ പട്ടിക നീണ്ടു നീണ്ടു പോകും. എന്നിട്ടും വളർച്ചയുടെ കെട്ടുകഥയിൽ അഭിരമിക്കുന്ന ധനമന്ത്രി ബൃഹദ് സാമ്പത്തിക സൂചകങ്ങളെല്ലാം അനുകൂലമാണെന്നു വിശ്വസിപ്പിക്കാൻ പണിപ്പെടുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ സർക്കാരിലേയും പാർട്ടിയിലേയും തലമൂത്തവരുടെയൊപ്പം ധനമന്ത്രി എത്തുന്നില്ല എന്നാരെങ്കിലും പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നു.

നികുതി രംഗത്തെ ചെപ്പടിവിദ്യകൾ

നികുതിപിരിവിലെ തിരിമറികളെക്കുറിച്ചിനിനോക്കാം. 2020-21 ലെ ബജറ്റ് 24.23 ലക്ഷം കോടി രൂപയുടെ നികുതി വരുമാനമാണ് ലക്ഷ്യമിടുന്നത്.ഇത് 2019-20 ബജറ്റിലെ പ്രതീക്ഷിത നികുതി വരുമാനത്തേക്കാൾ അല്ലം കുറവാണ്. എങ്കിലുമിത് ഈ സാമ്പത്തിക വർഷത്തെ പുതുക്കിയ ലക്ഷ്യത്തേക്കാൾ 12% ത്തോളം കൂടുതലാണ്. ഇത് യാഥാർത്ഥ്യബോധത്തോടെയുള്ളതാണോ? പാർലമെന്റിൽ സർക്കാർ തന്നെ സമ്മതിച്ചത് 2019-20 ഏപ്രിൽ- നവംബർ കാലയളവിൽ ജി.എസ്.ടി. വരുമാനത്തിൽ ബജറ്റ് എസ്റ്റിമേറ്റിനെ അപേക്ഷിച്ച് 40% കുറവുണ്ടായിരിക്കുന്നു എന്നാണ്. കൂടുതൽ വരുമാനമുള്ളവരിൽ നിന്നു കൂടുതൽ നികുതി പിരിക്കണമെന്നതാണ് സാമാന്യബോധം പറയുന്നത്. കൂടുതൽ വരുമാനമുള്ളവരാരാണ്? തീർച്ചയായും അതു കോർപ്പറേറ്റുകൾ ആണ്. കഴിഞ്ഞ ജൂലൈ മാസത്തിൽ അവതരിപ്പിച്ച 2019-ലെ ബജറ്റിൽ കോർപ്പറേറ്റ് നികുതി 33% ത്തിൽ നിന്ന് 22% ആയി കുറച്ചിരിക്കുകയാണ് ധനമന്ത്രി. ഈ വർഷവും അതു തുടരുന്നു. ഒക്ടോബർ 1 നു ശേഷം പ്രവർത്തനം തുടങ്ങിയ ഉൽപ്പന്ന നിർമ്മാണ സംരംഭങ്ങൾക്ക് നികുതി 15% ആയി കുറച്ചു കൊടുത്തിട്ടുണ്ട്. ജൂലൈ 5 നു മുമ്പ് ഷെയറുകൾ തിരികെ വാങ്ങാൻ പ്രഖ്യാപനം നടത്തിയ ലിസ്റ്റ് ചെയ്ത കമ്പനികളുടെ അധിക നികുതി ഒഴിവാക്കിക്കൊടുത്തിരിക്കുന്നു. 25 കോടിരൂപ വരെ വിറ്റുവരവുളള സ്റ്റാർട്ട് അപ് സംരംഭങ്ങൾക്ക് ആദ്യ 7 വർഷങ്ങളിൽ തുടർച്ചയായ ഏതെങ്കിലും മൂന്നു വർഷങ്ങളിലെ നികുതി ഒഴിവാക്കിക്കൊടുത്തിരിക്കുന്നു. പ്രത്യേക സാമ്പത്തിക മേഖലകളിലെ സംരംഭങ്ങൾക്കും വൈദ്യുതി ഉൽപാദന-പ്രസരണ-വിതരണമേഖലകളിലെ കമ്പനികൾക്കുമെല്ലാം നികുതിയിളവുകളും മറ്റാനുകൂല്യങ്ങളും ധാരാളം വേറേയുണ്ട്. 2017-18 ൽ ഇത്തരം നികുതിയിളവു വഴിയുള്ള റവന്യൂ നഷ്ടം ഏതാണ്ട് 9.38 ലക്ഷം കോടി രൂപ ആയിരുന്നു. അതും തുടരുകയാണ്. കോർപ്പറേറ്റ് നികുതി 22% ആയി കുറച്ചതുവഴിയുള്ള വരുമാന നഷ്ടം 1.46 ലക്ഷം കോടിയുടേതാണെന്ന് കഴിഞ്ഞ ജൂലൈ മാസത്തിൽ ധനമന്ത്രിവെളിപ്പെടുത്തിയിരുന്നു. സർക്കാർ നികുതിയിളവുകളും ആനുകൂല്യങ്ങളും വാരിക്കോരിക്കൊടുക്കുന്നതിനൊപ്പം നികുതിഅടവിൽ വീഴ്ച്ച വരുത്തുന്നവരേയും വെട്ടിപ്പുകാരേയും യാതൊരു നടപടിയും കൂടാതെ വെറുതെ വിടുകയും ചെയ്യുന്നു. വിവിധ അപ്പലേറ്റ് അതോറിട്ടികളിലും മറ്റും കേസ് നടത്തിക്കൊണ്ടിരിക്കുന്നവരുടെപിഴയും പലിശയും എഴുതിത്തള്ളി ഒറ്റത്തവണ തീർപ്പാക്കലുംസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. ഇതെത്ര തുകയുണ്ടാകുമെന്നു ധനമന്ത്രി പറയുന്നില്ലെങ്കിലും വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നറിയുന്നത്8 ലക്ഷം കോടി രൂപയ്ക്കു മേൽ വരുമെന്നാണ്. 2019 -20 ലെ ബജറ്റ് കമ്മിതന്നെഏകദേശം ഇത്രത്തോളമാണ്. പ്രധാനമായും കോർപ്പറേറ്റുഭീമന്മാർ വായ്പയെടുത്തു തിരിച്ചടക്കാത്തവകയിൽ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 14 ലക്ഷം കോടി രൂപയ്ക്കടുത്താണ്. എന്നിട്ടും വീണ്ടും വായ്പ കൊടുക്കാൻ പൊതുമുതലിൽ നിന്ന് ബാങ്കുകൾക്ക് സർക്കാർ പണമനുവദിക്കുന്നു.

ഈ റവന്യൂ നഷ്ടം എങ്ങനെയാണു സർക്കാർ പരിഹരിക്കുന്നത്?

തീർച്ചയായും പാപ്പരായ ജനകോടികളുടെ മേൽ കൂടുതൽ പ്രത്യക്ഷനികുതിയുടെ ഭാരം അടിച്ചേല്പിച്ചു കൊണ്ടു തന്നെ. റിസർവ്ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് സർക്കാർ 1.76 ലക്ഷം കോടി രൂപബലം പ്രയോഗിച്ചെന്നവണ്ണം കൈക്കലാക്കിയതെങ്ങനെയെന്നു നമ്മൾ കണ്ടതാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ കുത്തകഗ്രൂപ്പുകൾക്കു വിറ്റ് 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. കഴിഞ്ഞ ഡിസംബർ 10 ന് പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ തന്നെ പറയുന്നത് പൊതുമേഖലാ ഓഹരി വിറ്റഴിക്കലിന്റെ ലക്ഷ്യം തന്നെ നേടിയിട്ടില്ല എന്നാണ്. മറുഭാഗത്ത് , കുറഞ്ഞ വരുമാനമുള്ള വൃക്തിഗത നികുതിദായകർക്ക് പുതിയ ഒരു നികുതി സ്ലാബു കൂടി ഏർപ്പെടുത്തുകയും അതേസമയം തന്നെ നിക്ഷേപങ്ങൾ വഴി ലഭിച്ചിരുന്ന നികുതിയിളവുകൾ എടുത്തു കളയുകയും ചെയ്തതിന്റെ വങ്കത്തരം എല്ലാവർക്കും മനസ്സിലാകുകയും ചെയ്തിട്ടുണ്ട്.

കൃഷിയും കൃഷിക്കാരും- മരിച്ചവരെ വീണ്ടുംകൊല്ലുന്നു

ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസംതുടങ്ങിയ പൊതുജനക്ഷേമമേഖലകളെപ്പോലെതന്നെ കൃഷിയുടെ കാര്യത്തിലും സർക്കാരിന്റെ മുതലാളിത്ത അനുകൂല മനോഭാവം തന്നെയാണ് കാണാൻ കഴിയുക. സാധാരണക്കാർക്കും പാവങ്ങൾക്കും മധുരം പുരട്ടിയ ചവറുകൾ വിളമ്പുന്ന പതിവ് അനുസരിച്ച് ധനമന്ത്രി ഇത്തവണ അഭിലാഷങ്ങളുടെ ഇന്ത്യ എന്ന ഗണത്തിലാണ് കൃഷിയെ പെടുത്തിയിരിക്കുന്നത്. വ്യക്തമായ പിൻബലം ഒന്നുമില്ലാതെ തന്നെ, കൃഷിയെ വളർച്ചയുടെ പാതയിലേക്ക് നയിക്കും എന്നുപറഞ്ഞുകൊണ്ട് ധനമന്ത്രി ഇത്തവണയും കുറേ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നു. തരിശായി കിടക്കുന്ന വലിയ അളവിലുള്ള കൃഷിഭൂമി, നഗരവൽക്കരണത്തിനും വികസനത്തിനുമായി പിടിച്ചെടുത്തഫലഭൂയിഷ്ഠമായ ഭൂമി, ഭക്ഷ്യോൽപാദനത്തിലെ കുറവ്, വിത്ത് വളം, കീടനാശിനി, ഡീസൽ എന്നിവയുടെ വിലക്കയറ്റം,വരൾച്ചയും വെള്ളപ്പൊക്കവും മൂലം ഉണ്ടാകുന്നനാശനഷ്ടങ്ങൾ, ഇവയ്‌ക്കെല്ലാം പുറമേ ഭരണകക്ഷി നേതാക്കളുടെയും ഗ്രാമമുഖ്യന്മാരുടേയും പഞ്ചായത്ത് അധികാരികളുടെയും പോലീസിന്റേയും ഉദ്യോഗസ്ഥന്മാരുടെയും നേതൃത്വത്തിലുള്ള, സർവത്ര അഴിമതി നിറഞ്ഞ ഉൽപ്പന്ന സംഭരണ സംവിധാനങ്ങൾ, ഇവയിലൂടെയൊക്കെയാണ് ഗ്രാമീണ ഇന്ത്യയുടെ കഷ്ടസ്ഥിതി തെളിഞ്ഞു കാണുന്നത്. ലേബർ ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം 2019 ഒക്ടോബറിൽ ഗ്രാമീണ ദരിദ്രരുടെ യഥാർത്ഥ വരുമാനം 4.7 ശതമാനം കുറഞ്ഞിരിക്കുന്നു. കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനെഎക്കണോമിക് സർവ്വേ വിമർശിച്ചിരുന്നു. (യഥാർത്ഥത്തിൽ അതു വൻകിട കർഷകരെ മാത്രമാണ് സഹായിക്കുന്നത്). പക്ഷേ, മണ്ണിന്റേയും ജലദൗർലഭ്യത്തിന്റേയും പ്രശ്‌നങ്ങൾ, കാലാവസ്ഥ വ്യതിയാനവും ആവർത്തിക്കുന്ന വരൾച്ചയും വെള്ളപ്പൊക്കവും സൃഷ്ടിക്കുന്ന നാശനഷ്ടങ്ങൾ ഇവയൊക്കെ എങ്ങനെ പരിഹരിക്കണമെന്ന യാതൊരു നിർദേശവും അവർക്കില്ല. കർഷകരുടെ പ്രശ്‌നങ്ങളോട് അനുഭാവം ഉണ്ടായിരുന്നുവെങ്കിൽ ഈ ബജറ്റിൽ അവരുടെ മണ്ണും വെള്ളവും വിത്തും സംരക്ഷിക്കുവാനുള്ള സഹായ പദ്ധതികൾ ഉണ്ടാകുമായിരുന്നു.

ഈ നാട്ടിലെ പാവങ്ങളുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും പ്രശ്‌നങ്ങൾ ഒന്നുപോലും അഭിസംബോധന ചെയ്യപ്പെട്ടിട്ടില്ല എന്നതാണു വാസ്തവം.’പി.എം.ഫസൽ ബിമാ യോജന’ വഴിഇൻഷ്വർ ചെയ്യപ്പെട്ട 6.11 കോടി കർഷകർക്ക് തങ്ങളുടെ സർക്കാർ ആശ്വാസം പകർന്നതായി ധനമന്തി പറയുന്നു. അനൗദ്യോഗിക റിപ്പോർട്ടുപ്രകാരം ഈ സംഖ്യ ഇതിലും താഴെയാണ്. ഇൻഷ്വർ ചെയ്യുന്നവർ നേരത്തെ പൊതുമുതലിന്റെ 12 ശതമാനത്തിൽ താഴെ കൈവശം വെക്കുകയും ബാക്കി കർഷകർക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴാകട്ടെ അവർ 44 ശതമാനം കൈവശം വെയ്ക്കുകയാണ്. കർഷകർ ആകട്ടെ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളിൽനിന്ന്പ്രശ്‌നപരിഹാരത്തിനായി നെട്ടോട്ടമോടുകയാണ്. ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസം നൽകുകയാണോഅതോ കോർപ്പറേറ്റ് ഇൻഷുറൻസ് കമ്പനികൾക്ക് പൊതുധനം കൈമാറ്റം ചെയ്യുകയാണോ എന്ന ചോദ്യം ന്യായമായി ഉന്നയിക്കപ്പെടുന്നുണ്ട്. എല്ലാചെറുകിട കർഷകർക്കും 6000 രൂപ വീതം പ്രതിവർഷം നൽകുമെന്ന്പ്രഖ്യാപിക്കപ്പെട്ട പി.എം.കിസാൻ പദ്ധതിയിലേക്കുള്ള വകയിരുത്തൽ 75,000 കോടി രൂപയിൽ നിന്നു മാറ്റമില്ലാതെ നിലനിർത്തിയിരിക്കുകയാണ്.അഭിലാഷങ്ങളുടെ ഇന്ത്യ എന്ന ഈ നിർദ്ദേശങ്ങൾ പ്രസക്തമായ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയും കൊട്ടിഘോഷിക്കപ്പെട്ട വിള ഇൻഷുറൻസ്, തരിശുനിലങ്ങളെ സൗരോർജ പാർക്കുകൾ ആക്കി മാറ്റൽ, കാർഷിക ചരക്കുനീക്കംവ്യോമയാന സംവിധാനം വഴിയാക്കൽ, ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള കൃഷി ആവിഷ്‌ക്കരിക്കൽ, കൃഷി സ്വതന്ത്രവും മത്സരാധിഷ്ഠിതവുമാക്കൽ,കാർഷികമേഖലയെ ധന കമ്പോള മേഖലകളുമായി ഉദ്ഗ്രഥിക്കൽ തുടങ്ങിയവയെ ചുറ്റിത്തിരിയുകയും ചെയ്യുകയാണ്. ഇവയെല്ലാം നിരാലംബരായ കർഷകരെ കൂടുതൽ ചൂഷണം ചെയ്യുന്നതിന്ഗ്രാമീണ കുലാക്കുകൾക്കും എം.എൻ.സി.കൾക്കും അവസരംഒരുക്കും എന്നതാണ് അനുഭവം. മറുഭാഗത്ത്,കാർഷിക മേഖല ഒന്നാകെസ്വദേശ-വിദേശ കുത്തകകളുടെ കൊള്ളയ്ക്ക് തുറന്നിടുകയും ചെയ്യുന്നു. വളം സബ്‌സിഡി, കാർഷികോൽപന്നങ്ങൾ സംഭരിക്കുന്നതിനും പൊതു വിതരണത്തിനുമായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കു നൽകുന്ന ധനസഹായം ഇവയെല്ലാം സർക്കാർ ഗണ്യമായി വെട്ടിക്കുറച്ചിരിക്കുന്നു.കഴിഞ്ഞവർഷം ബജറ്റ് തുകയുടെ 2.88 ശതമാനത്തിൽ കൂടുതൽ കാർഷികോൽപ്പന്നങ്ങൾ സംഭരിക്കുന്നതിന് സർക്കാർ ചെലവഴിച്ചിട്ടില്ല. കാർഷികോൽപ്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കാൻതീരെ താല്പര്യം കാണിക്കാത്ത സർക്കാർ രാജ്യത്തെ 69 ശതമാനം വരുന്ന കർഷകരുടെ ദുരവസ്ഥയെ പരിഹസിച്ചുകൊണ്ടെന്നവണ്ണം പറയുന്നു,2022 -ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്ന്. കാർഷികരംഗത്തെ നിയന്ത്രിക്കുന്ന മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ കണക്കുകളും വിശദീകരണങ്ങളും പ്രകാരം തന്നെ കർഷകരുടെ യഥാർത്ഥ വരുമാനംഅടുത്ത മൂന്നു വർഷത്തേക്കെങ്കിലും 15 ശതമാനം വീതം വർദ്ധിപ്പിക്കേണ്ടതുണ്ട്. വീർത്തുവരുന്ന കോർപ്പറേറ്റ് കുടുംബങ്ങളുടെ ലാഭവും ശോഷിച്ചു വരുന്ന കർഷകരുടെ വരുമാനവും കൂട്ടിച്ചേർത്തു ശരാശരി എടുക്കുന്ന ചെപ്പടിവിദ്യ കൊണ്ടു മാത്രമേ ഇത് നേടിയെടുത്തു എന്നു പറയാനാകൂ. ദിവസം കഴിയുന്തോറും കർഷകരുടെ വരുമാനം കുറഞ്ഞുവരുന്നുവെന്നും കർഷകരുടെ ആത്മഹത്യ നിയന്ത്രണാതീതമായി പെരുകുന്നുവെന്നും കൃഷി ഭൂമിയിൽ നിന്ന് പുറത്താക്കപ്പെട്ട കർഷകർ നഗരങ്ങളിൽ ചേക്കേറി കുടിയേറ്റ തൊഴിലാളികളായും യാചകരായും മാറുന്നു എന്നുമാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. വിലയില്ലാത്തതു കാരണം കർഷകർ തങ്ങളുടെ ഉൽപ്പന്നങ്ങൾ പൊതുവഴിയിൽ നശിപ്പിച്ചു പ്രതിഷേധിക്കുന്ന കാഴ്ചകൾ നാം കണ്ടുകൊണ്ടിരിക്കുന്നു. ഗ്രാമീണ ഇന്ത്യയുടെ ഉപഭോഗച്ചെലവ് വർദ്ധിപ്പിക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ പണം വകയിരുത്തേണ്ടതിനു പകരം കഴിഞ്ഞ ബജറ്റിൽ 13% വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. ഭക്ഷ്യസബ്‌സിഡിയിലും ഗണ്യമായകുറവാണ് വരുത്തിയിരിക്കുന്നത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്ന വാഗ്ദാനവും ഈ യാഥാർത്ഥ്യങ്ങളും തമ്മിൽ എങ്ങനെ പൊരുത്തപ്പെടും?


സമ്പത്തിന്റെ സ്രഷ്ടാക്കൾ ആരാണ്?

അപ്പോൾ സർക്കാർ ആരെയാണ് സംരക്ഷിക്കുന്നത്? പണപ്പെരുപ്പം നിയന്ത്രണമില്ലാതെ തുടരുമ്പോഴും വരുമാനംകുറഞ്ഞുകൊണ്ടിരിക്കുന്ന സാധാരണക്കാരെയോ, അതോ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തുകയും ബാങ്കുകളിൽനിന്ന് കോടിക്കണക്കിന് കടമെടുത്തു മുങ്ങി വിദേശത്തുപോയി സുഖജീവിതം നയിക്കുകയും ചെയ്യുന്ന അതിസമ്പന്നരെയോ, ഏഴ് ലക്ഷത്തോളം ഫാക്ടറികൾ അടച്ചുപൂട്ടി ദശലക്ഷക്കണക്കിനാളുകളെ തൊഴിലിൽ നിന്നു പുറത്താക്കുകയും കർഷകരെ നാശത്തിന്റെ ഗർത്തത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നമനഃസാക്ഷിയില്ലാത്ത കോർപ്പറേറ്റ് ഭീമന്മാരെയോ? പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിനപ്രസംഗത്തെ അനുസ്മരിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു സമ്പത്ത് സൃഷ്ടിക്കുന്നവർ ആദരിക്കപ്പെടുമെന്ന്. സമ്പത്തിന്റെ ഹേതു അധ്വാനമാണ് അഥവാ അധ്വാനത്തിന്റെ സൃഷ്ടിയാണ് സമ്പത്ത് എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. അങ്ങനെയെങ്കിൽ തങ്ങളുടെ അധ്വാനശക്തി, സമ്പത്ത് സൃഷ്ടിക്കാനായി ഉഴിഞ്ഞു വയ്ക്കുന്ന അശരണരായ തൊഴിലാളികളോ, അതോ തൊഴിലാളികളുടെ അധ്വാനത്തിൽ നിന്ന് മിച്ചമൂല്യം അഥവാ കൊടുക്കാത്തവേതനംകവർന്നെടുത്തു ലാഭം കുന്നുകൂട്ടുകയും പൊതുധനം കവരുകയും കള്ളപ്പണം ഉണ്ടാക്കി വിദേശത്തേക്ക് കടത്തുകയും ചെയ്യുന്ന ചെറുന്യൂനപക്ഷം കുത്തകകളോ ആരാണു സമ്പത്തിന്റെ സ്രഷ്ടാക്കൾ?

ജനക്ഷേമ മേഖലകളെ അവഗണിക്കൽ

വിദ്യാഭ്യാസമേഖലയെ സ്വകാര്യ കുത്തകകൾക്കു തീറെഴുതാൻ സർക്കാർ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. പുതിയ വിദ്യാഭ്യാസ നയം ഉടൻ ആവിഷ്‌ക്കരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അതാകട്ടെ സ്വകാര്യവൽക്കരണത്തെയും വാണിജ്യവൽക്കരണത്തെയും പ്രോത്സാഹിപ്പിക്കുന്നതും ആയിരിക്കും. വിദ്യാഭ്യാസ അവകാശ നയത്തിൽ എന്തെങ്കിലും ആത്മാർഥത ഉണ്ടായിരുന്നുവെങ്കിൽ സർക്കാർനാടെമ്പാടും പുതിയ സ്‌കൂളുകൾആരംഭിക്കുകയും ലക്ഷക്കണക്കിന്അധ്യാപകരെ നിയമിക്കുകയും ചെയ്യുമായിരുന്നു. അതുപോലെ ഉന്നതവിദ്യാഭ്യാസരംഗത്തെക്കുള്ള പ്രവേശനം ഒരു സാർവ്വത്രിക അവകാശമായി സർക്കാർ കണക്കാക്കിയിരുന്നെങ്കിൽ ധാരാളം കോളേജുകൾ ആരംഭിക്കുകയും അഭ്യസ്തവിദ്യരായ അനേകം യുവതീയുവാക്കളെ അധ്യാപകരായി നിയമിക്കുകയും ചെയ്യുമായിരുന്നു. ജി.ഡി.പി.യുടെ ആറു ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവെക്കണമെന്ന് വിദ്യാഭ്യാസ വിചക്ഷണർ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും സ്വാതന്ത്ര്യത്തിനുശേഷം ഇക്കാലം വരെ അതു നടപ്പിലാക്കിയിട്ടില്ല. കഴിഞ്ഞ വർഷത്തെ 0.45 ശതമാനത്തിൽ നിന്ന് ഇത്തവണ അത് 0.44 ശതമാനമായി കുറഞ്ഞിരിക്കുന്നു. വിദ്യാഭ്യാസത്തിനുള്ള നീക്കിയിരിപ്പ് കൂട്ടിയിരിക്കുന്നു എന്നുള്ള സർക്കാർ അവകാശവാദം തീർത്തും സത്യവിരുദ്ധമാണ്. മാത്രമല്ല, വിദ്യാഭ്യാസരംഗത്ത് ബാഹ്യവാണിജ്യ കടമെടുപ്പും നേരിട്ടുള്ള വിദേശ നിക്ഷേപവും കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ മൂലധനത്തിന്പരമാവധി ലാഭമുണ്ടാക്കാനുള്ളവേട്ടനിലങ്ങളായി വിദ്യാഭ്യാസരംഗം മാറുമെന്ന് വിദ്യാഭ്യാസസ്‌നേഹികൾ ഭയപ്പെടുന്നു. കുതിച്ചുയരുന്ന വിദ്യാഭ്യാസച്ചെലവുകൾ മൂലം ബഹുഭൂരിപക്ഷം സാധാരണക്കാരും വിദ്യാഭ്യാസ രംഗത്തു നിന്നു പുറത്താകാൻ പോകുകയാണ്. പൊതുവിദ്യാഭ്യാസരംഗത്ത് വിദ്യാഭ്യാസവും തൊഴിൽ ക്ഷമതയും തമ്മിൽ ബന്ധിപ്പിക്കുമെന്ന ബജറ്റ് നിർദേശം, മനുഷ്യനെ സൃഷ്ടിക്കുകയും സ്വഭാവരൂപീകരണം നടത്തുകയും ചെയ്യുക എന്ന മഹത്തായ വിദ്യാഭ്യാസ ലക്ഷ്യത്തെ അട്ടിമറിക്കും. ആരോഗ്യരംഗത്താകട്ടെ, പ്രൈമറി, സെക്കൻഡറി തലങ്ങളിലെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളെ മെച്ചപ്പെടുത്താൻ എന്തൊക്കെ മൂർത്തമായ നടപടികളാണ് കൊണ്ടുവരാൻ പോകുന്നത് എന്നു പറയുന്നതിനു പകരം ധനമന്ത്രിയുടെ വാചാടോപം ഇങ്ങനെയാണ്, ”വ്യക്തിയുടെ ഉന്നമനത്തിലേക്കു നയിക്കുന്ന സമഗ്രമായ ആരോഗ്യപരിരക്ഷാ ദർശനമാണ് നമുക്കുള്ളത്”. അങ്ങനെയെങ്കിൽ പ്രാഥമിക-ദ്വിതീയ തലങ്ങളിലെ ആരോഗ്യപരിരക്ഷാ നിലവാരം ഉയർത്തുകയും സർക്കാർ ആശുപത്രികളെ മെച്ചപ്പെടുത്തുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. എങ്കിൽ നിരവധി സാധാരണക്കാർക്ക് അത് അനുഗ്രഹമാകുകയും അനേകം പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്യുമായിരുന്നു. ബജറ്റ് അതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല എന്നു മാത്രമല്ല പി.എം.ജെ.എ.വൈ., ആയുഷ്മാൻ ഭാരത്, സ്വച്ഛ്ഭാരത് തുടങ്ങിയ പദ്ധതികൾക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്തിരിക്കുന്നു.പിൻവാതിലിൽക്കൂടി സ്വകാര്യവൽക്കരണത്തിന് അരങ്ങൊരുക്കുന്ന പൊതു-സ്വകാര്യ ആശുപത്രികളെ കുറിച്ചും ധനമന്ത്രി സൂചിപ്പിക്കുന്നുണ്ട്. അഴിമതി, രോഗികളെ പിഴിഞ്ഞു പണമൂറ്റൽ, മരുന്ന്-ഉപകരണ കമ്പനികളുടെ ചൂഷണം തുടങ്ങി ആരോഗ്യരംഗത്തെ നിരവധി അനാരോഗ്യ ശീലങ്ങൾക്കെതിരെ ഒരു നിർദ്ദേശവും ഇല്ല. അനുവദിക്കപ്പെട്ട 69,000 കോടി രൂപയിൽ 6400 കോടി രൂപ രൂപ അആ ജങഖഅഥ പദ്ധതികൾക്ക് വേണ്ടിയാണ്. അതായത് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് പ്രീമിയം കൊടുക്കാൻ വേണ്ടി.
മറുഭാഗത്ത്, പോലീസിനു വേണ്ടി 1.05 ലക്ഷം കോടി രൂപയും പട്ടാളത്തിനു വേണ്ടി 4.70ലക്ഷം കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. പട്ടാള ബജറ്റ് ജി.ഡി.പി.യുടെ 2.1 ശതമാനവും വിദ്യാഭ്യാസത്തിനുള്ളതിന്റെ 5 ഇരട്ടിയുമാണ്.

സ്ഥിതിവിവരക്കണക്കുകളിലെ വളച്ചൊടിക്കലും കൃത്രിമവും

കുറച്ചുകാലമായി സർക്കാർ പുറപ്പെടുവിക്കുന്ന കണക്കുകളും രേഖകളും പുകമറയ്ക്കുള്ളിൽ ആണ്. ഉദാഹരണത്തിന് ഈ വർഷത്തെ പ്രത്യക്ഷനികുതി വരുമാനം 13.35 ലക്ഷം കോടിരൂപയായി കണക്കാക്കിയിരിക്കുന്നു. അതിൽ 7.6 ലക്ഷംകോടി രൂപ കോർപ്പറേറ്റ് നികുതിയും 5.6 ലക്ഷം കോടിരൂപ ആദായനികുതിയുമാണ്. നികുതിപിരിവ് 12.3 ശതമാനം വർദ്ധിക്കും എന്ന് ധനമന്ത്രി പറയുന്നു. പക്ഷേ ജിഡിപി വളർച്ച 10 ശതമാനമായി നിശ്ചയിക്കുമ്പോൾ നികുതിവരുമാനം എങ്ങനെയാണ് 12 ശതമാനത്തിലധികം ആവുന്നത്? ബൂർഷ്വാസാമ്പത്തിക നിയമങ്ങൾ പ്രകാരം തന്നെ ഇത് അസംഭവ്യമാണ്. എന്ന് മാത്രമല്ല, കോർപ്പറേറ്റ് നികുതി പിരിവ് കഴിഞ്ഞ ജനുവരി 10 വരെ, സർക്കാർ ലക്ഷ്യമിട്ടതായി പറയുന്നതിന്റെ പകുതിയോളം മാത്രമെ എത്തിയിട്ടുള്ളൂ. വ്യക്തിഗത ആദായ നികുതി പിരിവും വളരെ താഴ്ന്ന നിലയിലാണ്. പരോക്ഷ നികുതി പിരിവ് ആകട്ടെ ഒരു വർഷം കൊണ്ട് 5 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി കുറഞ്ഞിരിക്കുന്നു. എന്നിട്ടും സർക്കാർ പ്രതിമാസ ജി.എസ്.ടി. നികുതി വരുമാനം 17 ശതമാനം വർധിക്കും എന്നു പറയുന്നു. ഈ സാമ്പത്തികത്തളർച്ചയുടെ കാലത്ത് ഇത് സാധ്യമാണോ? രണ്ടാമതായി ധനമന്ത്രി പറയുന്നത് ബജറ്റ് കമ്മി ജി.ഡി.പി.യുടെ 3.8 ശതമാനം ആണെന്നാണ്. പക്ഷേ ബജറ്റിനു പുറമേയുള്ള സർക്കാരിന്റെ ബാധ്യതകൾ കൂടി പരിഗണിച്ചാൽ ഇത് 5.5 ശതമാനം വരും എന്നും കണക്കാക്കപ്പെട്ടിട്ടുണ്ട്. കണക്കുകൾ കൃത്രിമമാണെന്നതിനാൽ ഇത്തരം വ്യത്യാസങ്ങൾ ഇനിയും ധാരാളമുണ്ടാകും.

ജനവിരുദ്ധവും മുതലാളിത്താനുകൂലവുമായ ബജറ്റ്

ജനങ്ങളുടെ കഷ്ടപ്പാടുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തരിമ്പു പോലുമില്ല ഈ ബജറ്റിൽ. മറിച്ച് അതിൽ ദുരുദ്ദേശങ്ങളും കള്ളത്തരങ്ങളും മാത്രമേയുള്ളൂ. ഇത് ചൂഷക വർഗ്ഗത്തിനു വേണ്ടിയുള്ള, കോർപ്പറേറ്റുകൾക്കു വേണ്ടിയുള്ള,കുത്തകകൾക്ക് വേണ്ടിയുള്ള, ഫിനാൻസ് മൂലധനത്തിനു വേണ്ടിയുള്ള ബജറ്റാണ്. പാർലമെൻറിൽ മൂന്നു മണിക്കൂർ കാടും പടലുംതല്ലിഈ വസ്തുത മറച്ചുപിടിക്കാനാണ് ധനമന്ത്രി ശ്രമിച്ചത്. അതുകൊണ്ട് ഈ ബജറ്റ്, ഭരിക്കുന്ന ബി.ജെ.പി.യുടെ രാഷ്ട്രീയ പ്രഖ്യാപനമാണ്. ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും അല്ലാതെ മറ്റൊന്നും ഇതിൽനിന്ന് പ്രതീക്ഷിക്കാനില്ല. അതുകൊണ്ട് ഈ ബജറ്റ് ജനവിരുദ്ധം എന്ന് മാത്രമല്ല ജനങ്ങളുടെ മേലുള്ള സാമ്പത്തിക ആക്രമണങ്ങളെ രൂക്ഷമാക്കുന്നതും കൂടിയാണെന്ന വസ്തുത മനസ്സിലാക്കുവാൻ ജനങ്ങളോട് എസ്.യു.സി.ഐ. (കമ്മ്യൂണിസ്റ്റ്) ആഹ്വാനം ചെയ്യുന്നു. ആവശ്യമായ രാഷ്ട്രീയബോധം ആർജ്ജിച്ചു കൊണ്ട്, ജനജീവിതം നേരിടുന്ന നീറുന്ന പ്രശ്‌നങ്ങളെ അധികരിച്ച്,ഉയർന്ന സാംസ്‌കാരിക-നൈതിക ധാരണകളുടെ അടിസ്ഥാനത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി സമരരംഗത്ത് അണിനിരക്കുമ്പോൾ മാത്രമാണ് ഈ കിരാതമായ ആക്രമണങ്ങളെ ചെറുക്കാൻ കഴിയുക

Share this post

scroll to top