പ്രകൃതിക്കു മേലുള്ള നിർദ്ദയമായ മുതലാളിത്ത ചൂഷണവും പ്രത്യാഘാതങ്ങളും

ContactSheet-003_2.jpg
Share


എച് ഐവി ഒരു ഇനം ആൾ കുരങ്ങിൽ നിന്ന് വന്നതാണ്. എബോള കുരങ്ങുകളിൽ നിന്നും വവ്വാലുകളിൽ നിന്നും, നിപാ പന്നികളിൽ നിന്നും മാർബർഗ് വവ്വാലുകളിൽ നിന്നും വന്നെങ്കിൽ, MERS ഒട്ടകങ്ങളിൽ നിന്നും SERS വവ്വാലുകളിൽ നിന്നും ZIKA കുരങ്ങിൽ നിന്നും ലസ്സാ പനി എലികളിൽ നിന്നും വന്നവയാണ്. ഐക്യരാഷ്ട്രസഭയുടെ (UNO) ജൈവവൈവിധ്യത്തിനും ആവാസ വ്യവസ്ഥാ സേവനത്തിനുമുള്ള രാജ്യാന്തര ശാസ്ത്ര നയ വേദി (Intergovernmental Science Policy Platform of Biodiversity and Ecosystem Services) യുടെ അഭിപ്രായത്തിൽ വനങ്ങളുടെയും നീർത്തടങ്ങളുടെയും അഭൂതപൂർവ്വമായ നശീകരണവും വ്യാപാര ആവശ്യങ്ങൾക്കായി വന്യമൃഗങ്ങളെ കൊല്ലുകയും കടത്തുകയും ചെയ്യുന്നതും ഈ രണ്ട് ദശകങ്ങളിൽ നടന്നിരുന്നു. 10 ലക്ഷത്തോളം സസ്യ-ജന്തു ജീവജാതികൾ വംശനാശത്തിന്റെ വക്കിലാണ്. 2011നും 2019 നും ഇടയിൽ 12,000 ചതുരശ്ര കിലോമീറ്റർ വനം നശിപ്പിക്കപ്പെട്ടതായി സർവ്വേകൾ വ്യക്തമാക്കി. മിത-നിബിഢ വനങ്ങളുടെ നശീകരണവും തുറന്ന വനങ്ങൾ ഏറിവരുന്നതും എല്ലാം ചേർന്ന് മനുഷ്യനും വന്യജീവികളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നു. വനങ്ങൾ നശിച്ച് മണ്ണൊലിപ്പ് അനിയന്ത്രിതമായാൽ വന്യമൃഗങ്ങളുടെ സ്വാഭാവിക വാസസ്ഥലങ്ങൾ തകരുന്നു. അങ്ങനെ വരുമ്പോൾ അതുവരെ വനത്തിലെ പരിസ്ഥിതിയിൽ സസ്യങ്ങളിലും ജന്തുക്കളിലും കഴിഞ്ഞിരുന്ന സൂക്ഷ്മജീവികൾ (ബാക്ടീരിയ, വൈറസ്) മനുഷ്യശരീരത്തിൽ ഇടം കണ്ടെത്താൻ ശ്രമിക്കുകയും, പലമടങ്ങ് അവയുടെ സാംക്രമിക ശേഷി വർദ്ധിപ്പിക്കുന്ന ത്വരിത ജനിതക മാറ്റങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്നു. അതിനാൽ മൃഗങ്ങളിൽ നിന്ന് ( പൊതുവെ നട്ടെല്ലുള്ള വലിയ മൃഗങ്ങളിൽനിന്ന് ) മനുഷ്യനിലേക്ക് കടന്നുകയറുന്ന ഉപദ്രവകാരികളായ സൂക്ഷ്മജീവികൾ (വൈറസ്, ബാക്ടീരിയ, ഫംഗസുകൾ, പരാദങ്ങൾ) ഉണ്ടാക്കുന്ന ജന്തുജന്യരോഗങ്ങൾ (zoonotic diseases) ഇന്നൊരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു. ഒരു ജന്തുവിന്റെ ശരീരത്തിൽ നിരുപദ്രവകാരിയായി കഴിയുന്ന ഒരു വൈറസ്/ ബാക്ടീരിയ മറ്റൊരു ജന്തുവിന്റെ ശരീരത്തിൽ കയറിപ്പറ്റിയാൽ പലപ്പോഴും വളരെ അപകടകാരിയായി മാറുന്നു. ഇതിനെ സ്പീഷീസുകൾക്കിടയിലെ രോഗസംക്രമണം അല്ലെങ്കിൽ വൈറസ് സംക്രമണം എന്ന് പറയുന്നു. ചിന്താശൂന്യവും അനിയന്ത്രിതവുമായ വനനശീകരണവും, സമുദ്രതീരം നികത്തി നിർമ്മിതികൾ ഉണ്ടാക്കുന്നതും, കണ്ടൽകാട് വെട്ടി നശിപ്പിക്കുന്നതും, കുന്നിടിക്കലും, നദികളെ വഴിമാറ്റി ഒഴുക്കുന്നതും എത്രകണ്ട് വർദ്ധിക്കുന്നുവോ, അത്രകണ്ട്, ജന്തുക്കളിലും സസ്യങ്ങളിലും പാർക്കുന്ന, പ്രത്യക്ഷത്തിൽ നിരുപദ്രവകാരികളായ വൈറസുകളും ബാക്ടീരിയകളും മനുഷ്യ ശരീരത്തിലേയ്ക്ക് കൂടുമാറി, മനുഷ്യ നാഗരികതയ്ക്ക് തന്നെ ഗൗരവതരമായ ഭീഷണി ഉയർത്തിക്കൊണ്ടിരിക്കും. കൂടാതെ മാംസ വില്പനയ്ക്കും, അവയവങ്ങൾ നീക്കം ചെയ്തത് ഉപയോഗിക്കാനും, തോലുരിക്കാനും മറ്റുമുള്ള വ്യാപാര ഉദ്ദേശ്യങ്ങൾക്കായി വൻതോതിൽ മൃഗങ്ങളെ വേട്ടയാടുകയും നിയമവിരുദ്ധമായി കടത്തുകയും ചെയ്യുന്നുണ്ട്. ഇതിനൊക്കെ വിധേരാക്കപ്പെടുന്ന ജന്തുക്കൾ അവയനുഭവിക്കുന്ന പിരിമുറുക്കവും, തന്മൂലമുണ്ടാകുന്ന പ്രതിരോധശേഷി കുറവും മൂലം സ്വന്തം ശരീരത്തിലെ രോഗാണുക്കളെ പുറന്തള്ളുകയും ചെയ്യും. മാർക്കറ്റിൽ ഈ മൃഗങ്ങളുടെ ശരീര സ്രവങ്ങളുമായി വലിയതോതിൽ ആളുകൾ സമ്പർക്കത്തിൽ വരികയും പല രോഗങ്ങളുടെയും ആവിർഭാവത്തിനും സംക്രമണത്തിനും അത് കാരണമാവുകയും ചെയ്യുന്നു, മാരകമായവ ഉൾപ്പെടെ.

നമ്മുടെ ആരോഗ്യം വലിയൊരളവിൽ കാലാവസ്ഥയെയും ഭൂമിയിൽ നമ്മോടൊപ്പം സഹവസിക്കുന്ന മറ്റു ജീവികളെയും ആശ്രയിച്ചിരിക്കുന്നു. പക്ഷേ അമ്പരപ്പുണ്ടാക്കുന്ന വസ്തുതയെന്തെന്നാൽ, കോർപ്പറേറ്റ് അധികാരികളുടെ അത്യാഗ്രഹം പൂർത്തീകരിക്കു വാൻ അന്തംവിട്ട മനുഷ്യനിർമ്മിതമായ മാറ്റിമറിക്കലുകൾ, പ്രത്യേകിച്ച് നഗരവൽക്കരണത്തിന്റെയും വികസനത്തിന്റെയും പേരിൽ വൻതോതിലുള്ള വനനശീകരണം കടിഞ്ഞാണില്ലാതെ നടക്കുന്നു. വ്യവസായങ്ങളുടെ ഉൽപ്പാദന ചെലവ് കുറയ്ക്കാനും, ലാഭം വർധിപ്പിക്കാനും വേണ്ടി, അവ പുറത്തു വിടുന്ന വിഷവാതകങ്ങൾക്കെതിരെയുള്ള സംരക്ഷണമോ ശരിയായ മാലിന്യ സംസ്കരണമോ ഇല്ലാതെ അവ സ്ഥാപിക്കുന്നു. മണ്ണ് തുരന്നെടുത്തും മാലിന്യം തള്ളിയും ഫലഭൂയിഷ്ഠതയുള്ള ഭൂമി നശിപ്പിക്കുന്നതും, ആണവ വികിരണമുള്ള പാറകളും ഖനിജങ്ങളുമുൾപ്പെടെ ഖനികൾ പുറംതള്ളുന്ന വസ്തുക്കൾ കുടിവെള്ളം മലിനമാക്കുന്നതും ഉൾപ്പടെ, അപകടകരവും അശ്രദ്ധവുമായ ഖനനം, ഖനി തൊഴിലാളികൾക്കും സമീപ ജനസമൂഹങ്ങൾക്കും പ്രത്യേക അപായ സാധ്യതകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇതിനുപുറമേ വൻ സാമ്രാജ്യത്വശക്തികൾ സമ്പദ് വ്യവസ്ഥയുടെ സൈനികവൽകരണത്തിന്റയും പ്രാദേശിക, ഭാഗിക യുദ്ധങ്ങളും അതിനിവേശ യുദ്ധങ്ങളും കുത്തിപ്പൊക്കുന്നതിന്റെയും ഭാഗമായി വൻതോതിൽ ആണവ ജൈവായുധ നിർമ്മാണം നടത്തുന്നു. വഴിവിട്ടതും കുറ്റകരവുമായ ഇത്തരം പ്രവർത്തനങ്ങ ളുടെ ആകെ ഫലമായി പാരിസ്ഥിതിക സന്തുലനം തകർക്കുന്ന വിവിധ സൂക്ഷ്മജീവികളുടെയും ഹാനികരമായ രാസവസ്തുക്കളുടെയും ലബോറട്ടറി നിർമ്മാണത്തിന് പുറമേ, ഹരിതഗൃഹവാതകങ്ങളുടെ വമ്പിച്ച പുറന്തള്ളൽ, മാസങ്ങളോളം നീണ്ടുനിൽക്കുന്ന വമ്പിച്ച കാട്ടുതീ, ഹിമ നദികളും ധ്രുവങ്ങളിലെ ഹിമപാളികളും ഉരുകുന്നത്, വർദ്ധിച്ചുവരുന്ന ജല ദൗർലഭ്യം, നദീ ജല മലിനീകരണം എന്നിവയുണ്ടാകുന്നു. ഇതിന് പുറമേയാണ് ജീവനും സ്വത്തിനും വൻനാശനഷ്ടം വരുത്തുന്ന പ്രകൃതി ദുരന്തങ്ങൾ. ഭൂകമ്പങ്ങൾ, വരൾച്ചകൾ, ഇടയ്ക്കിടെയുള്ള ചുഴലിക്കാറ്റുകൾ വലിയ പ്രളയങ്ങൾ, സുനാമികൾ തുടങ്ങിയവ. ഇതിനെല്ലാം പുറമേ, കാലാവസ്ഥാ മാറ്റത്തിന്റെ മറ്റ് ദൂഷ്യഫലങ്ങളായ വർദ്ധിച്ചുവരുന്ന കീടങ്ങളുടെ ആക്രമണം, മഴയുടെ താളം തെറ്റൽ മൂലം ഉണ്ടാകുന്ന വരൾച്ചയും പ്രളയവും, തീവ്ര കാലാവസ്ഥ സംഭവങ്ങളുടെ ശക്തിയും എണ്ണവും വർദ്ധിക്കുന്നത് തുടങ്ങിയവ. ഇവയെല്ലാംതന്നെ ഭക്ഷ്യശൃംഖല യുടെ നിലവാരത്തെ ബാധിക്കുകയും കാർഷിക ഉത്പാദനം കുറയ്ക്കുകയും സർവോപരി ദരിദ്ര കർഷകരുടെ ജീവനും ജീവനോപാധികളും തകർക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

നമ്മൾ പ്രകൃതിയിൽ വലിയ സമ്മർദ്ദം ഏൽപ്പിക്കുമ്പോൾ പ്രകൃതിയിൽ നിന്ന് തിരികെ, തുടരുന്ന കാലാവസ്ഥ പ്രതിസന്ധി നമുക്ക് ഏൽക്കേണ്ടി വരുന്നു. SARS, MERS, HIV, മുതലായ പകർച്ചവ്യാധികളും മഹാമാരികളും ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്നതിലൂടെ നമുക്ക് ദീർഘകാലമായി പ്രതികാര സൂചനകൾ നൽകുകയായിരുന്നു. കൊറോണാ വൈറസ് പോലുള്ള രോഗങ്ങളുടെ ആവിർഭാവം അടിസ്ഥാനപരമായി ചില പ്രദേശങ്ങളും വ്യക്തികളും രോഗത്തിന് വിധേയമാകും വിധം പ്രാദേശിക കാരണങ്ങൾ പ്രവർത്തിക്കുകയും പിന്നീട് ആഗോള വ്യോമ ഗതാഗത ശൃംഖല പോലെ ആഗോളവൽക്കരണം സൃഷ്ടിച്ചിട്ടുള്ള വ്യാപാര വാണിജ്യ ഘടനകളിലൂടെ നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് വ്യാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഭാസമാണ്. 1918 ൽ ന്യൂയോർക്കിലും മെക്സിക്കോ സിറ്റിയിലും ഉണ്ടായ സ്പാനിഷ് ഫ്ലൂ, പശ്ചിമ ആഫ്രിക്കയിൽ 2014 ൽ ഉണ്ടായ എബോള വൈറസ് രോഗം തുടങ്ങിയ പകർച്ചവ്യാധികളുടെ നീണ്ട ലിസ്റ്റിൽ ഇപ്പോൾ കോവിഡ്-19 ഉം ഉൾപ്പെട്ടിരിക്കുന്നു. നഗര ജീവിതത്തിന്റെ ഇടങ്ങളിൽ അത് നീണ്ടുനിൽക്കുന്ന മാറ്റം വരുത്തുമെന്നുറപ്പാണ്.
രാഷ്ട്രീയ സമ്പദ്ശാസ്ത്രവും ശാസ്ത്രവും പഠിക്കുന്ന ഏതൊരു വിദ്യാർഥിക്കുമറിയാം പ്രകൃതിയിൽ ഒന്നും ഒറ്റപ്പെട്ട് സംഭവിക്കുന്നില്ല. ഏതൊന്നും മറ്റെല്ലാത്തിനെയും സ്വാധീനിക്കുന്നു, അവയാൽ സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു. പ്രകൃതി ദ്വന്ദാത്മകമായാണ് നിലനിൽക്കുന്നത്, ദ്വന്ദാത്മകമായാണ് പ്രവർത്തിക്കുന്നതും. അതിനാൽ മനുഷ്യൻ മറ്റ് മൃഗങ്ങളെപ്പോലെ തന്റെ നിലനിൽപ്പും പ്രവർത്തനവും മൂലം പരിസ്ഥിതിയെ സ്വാധീനിക്കുന്നു, ദ്വന്ദാത്മകമായി അതിനാൽ സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു. പക്ഷേ മൃഗങ്ങൾ പരിസ്ഥിതിയെ സ്വാധീനിക്കുന്നത് ഉദ്ദേശ പൂർണമായല്ല. മനുഷ്യന്, മുൻകൂട്ടി കാണുന്ന ലക്ഷ്യം നേടാനായി, മുൻനിശ്ചയിച്ച ആസൂത്രിതമായ പ്രവർത്തന ങ്ങളിലൂടെ അത് ചെയ്യാൻ കഴിയും അങ്ങനെയാണവൻ ചെയ്യുന്നത്. എങ്കിലും മനുഷ്യന് തന്റെ ഇച്ഛയെ മാത്രം അടിസ്ഥാനമാക്കി അത് ചെയ്യാനാവില്ല. മഹാനായ എംഗൽസ്, ചൂണ്ടിക്കാട്ടി യതുപോലെ മനുഷ്യന് ഒരു ചക്രവർത്തിയെപ്പോലെയോ, മറ്റൊരു രാജ്യത്തെ കീഴടക്കിയ ജേതാവിനെ പോലെയോ പ്രകൃതിയുടെമേൽ വാഴാനാവില്ല. മനുഷ്യന് പ്രകൃതിനിയമങ്ങൾ സൃഷ്ടിക്കാനാവില്ല. അവന് ശാസ്ത്രത്തിന്റെ സഹായത്തോടെ പ്രകൃതിനിയമങ്ങൾ കണ്ടെത്താനേ കഴിയൂ. ഒരു പ്രകൃതി നിയമത്തിന്റെ ദോഷഫലങ്ങൾക്ക് തടയിടാൻ മറ്റൊരു പ്രകൃതി പ്രക്രിയ ഉപയോഗിക്കാനും അതിന്റെ പാതയിൽ പ്രവർത്തിച്ചുകൊണ്ട് അതിനെ തനിക്കനുകൂലമായി ഉപയോഗിക്കാനുമേ മനുഷ്യന് കഴിയൂ. ഇതേ വിധത്തിൽ കാലം കഴിയുന്തോറും പരിസ്ഥിതിയെ രൂപപ്പെടു ത്തുന്നതിനും പാകപ്പെടുത്തുന്നതിനും പിന്നിൽ പ്രവർത്തിക്കുന്ന വിവിധ നിയമങ്ങൾ നാം മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. നമ്മൾ നടത്തുന്ന വിവിധ ഉൽപാദന പ്രവർത്തനങ്ങളുടെ ഉടനടിയുള്ള ഫലങ്ങളും ദീർഘകാല ഫലങ്ങളും അറിയാനും, അവ എങ്ങനെയാണ് പ്രകൃതിയുടെ പാതയെ തടസ്സപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കാനും പറ്റും വിധം ഓരോ ദിവസവും നമ്മൾ ഈ നിയമങ്ങളെക്കുറിച്ച് കൂടുതൽ മെച്ചപ്പെട്ട ധാരണ ആർജിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് മഹാനായ മാർക്സ് ഇങ്ങനെ നിരീക്ഷിച്ചത്: “ചരിത്രം തന്നെ പ്രകൃതിയുടെ ഒരു യഥാർത്ഥ ഭാഗമാണ് – പ്രകൃതി മനുഷ്യനായി വികസിക്കുന്ന ഭാഗമാണത്” (സാമ്പത്തിക, തത്വചിന്താ കയ്യെഴുത്തുപ്രതികൾ 1844)
മാർക്സിന്റെ ഉറ്റ സഖാവും ദ്വന്ദാത്മകഭൗതികവാദമെന്ന ശാസ്ത്രീയ തത്വചിന്തയുടെ സഹസ്ഥാപകനുമായ മഹാനായ എംഗൽസ് 137 വർഷം മുമ്പ് ഒരു മുന്നറിയിപ്പ് നൽകി: “മനുഷ്യൻ പ്രകൃതിയെ കീഴടക്കിയതിന്റെ പേരിൽ നമുക്ക് ഏറെ സ്വയം പുകഴ്ത്താതിരിക്കാം. എന്തെന്നാൽ അത്തരത്തിലുള്ള ഓരോ വിജയവും നമുക്കുമേൽ അതിന്റെ പ്രതികാരം ചെയ്യും. അവയിൽ ഓരോന്നിനും ഒന്നാമതായി നമ്മൾ കണക്കാക്കിയ ഫലങ്ങളുണ്ട് എന്നത് ശരിയാണ്. എന്നാൽ രണ്ടാമതും മൂന്നാമതും ആയി അതിന് തീർത്തും വ്യത്യസ്തമായ മുൻകൂട്ടി കാണാനാവാതിരുന്ന ഫലങ്ങളുണ്ട്, പലപ്പോഴും അതിന്റെ ഒന്നാമത്തെ ഫലത്തെ നിഷ്ഫലമാക്കുന്ന മുൻകൂട്ടി കാണാതിരുന്ന പ്രത്യാഘാതങ്ങൾ. മെസപ്പൊട്ടേമിയ, ഗ്രീസ്, ഏഷ്യാമൈനർ തുടങ്ങിയ നാടുകളിൽ കൃഷിഭൂമി പാകപ്പെടുത്താനായി വനം നശിപ്പിച്ച ജനങ്ങൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, തങ്ങൾ വനത്തോടൊപ്പം നീരുറവകളുടെ ശേഖരണ സ്ഥലവും സംഭരണിയുമാണ് നീക്കം ചെയ്യുന്നതെന്നും, അതിലൂടെ, കാർഷിക മേഖലയൊന്നാകെ നാശമയുവാന്‍പോകുന്ന പദ്ധതിക്കാണ് അടിത്തറ ഇടുന്നതെന്നും. ആൽപ്സ് പർവ്വത നിരകളുടെ വടക്കെ ചെരിവുകളിൽ ശ്രദ്ധാപൂർവ്വം സംരക്ഷിക്കപ്പെടുന്ന അതേ പൈൻകാടുകൾ തെക്കേ ചെരുവുകളിൽ ഇറ്റലിക്കാർ ഉപയോഗിച്ച് തീർത്തപ്പോൾ അവർ അറിഞ്ഞില്ല, തങ്ങളുടെ പ്രദേശത്തെ പാൽ വ്യവസായത്തിന്റെ വേരാണ് അറുത്ത് മാറ്റുന്നത് എന്ന്. തങ്ങളുടെ പർവ്വതനീരുറവകൾക്ക് വർഷത്തിലെ പ്രധാന ഭാഗവും ജലം നിഷേധിക്കുകയാണ് തങ്ങളെന്ന് അവർ അത്ര പോലും കരുതിയില്ല. ഫലമോ വർഷകാലത്ത് ഇതേ നീരുറവകൾ കൂടുതൽ രൂക്ഷമായ പ്രളയജലം സമതലങ്ങളിലേക്ക് ഒഴുക്കിവിടുന്നു. അതുകൊണ്ട് ഒരു വിദേശ ജനതയെ കീഴടക്കിയ വിജയിയെപ്പോലെ, പ്രകൃതിക്ക് പുറത്തുനിൽക്കുന്ന ഒരാളെപ്പോലെ, പ്രകൃതിക്കുമേൽ നമുക്ക് വാഴാനാവില്ല എന്ന് ഓരോ ചുവടിലും നാം ഓർമ്മിപ്പിക്കപ്പെടുന്നുണ്ട്. മറിച്ച് നമ്മൾ, മാംസവും രക്തവും മസ്തിഷ്കവും ഉൾപ്പെടെ പ്രകൃതിയുടേതാണ്, അതിനു നടുവില്‍ ജീവിക്കുന്നു. മറ്റു ജീവികളെ അപേക്ഷിച്ച് പ്രകൃതിയുടെ നിയമങ്ങളെ അറിയാനും ശരിയായി പ്രയോഗിക്കാനും കഴിയുന്നു എന്നതിനാലാണ് നമുക്ക് പ്രകൃതിക്കുമേല്‍ മേധാവിത്വം സ്ഥാപിക്കാനാകുന്നത്. ഉൽപ്പാദനവും വിതരണവും നിയന്ത്രിക്കുന്ന മുതലാളിമാർ അവരുടെ പ്രവൃത്തികളുടെ ഉടനടിയുള്ള ഫലം മാത്രമേ പരിഗണിക്കുന്നുള്ളൂ. തീർച്ചയായും ഈ ഗുണഫലവും ക്രമേണ അവരുടെ വീക്ഷണകോണിൽ പശ്ചാത്തലത്തിലേക്ക് പിന്മാറുന്നു. ഒരേ ഒരു പ്രചോദനം വിൽക്കുമ്പോൾ കിട്ടുന്ന ലാഭം ആയി മാറുന്നു. പ്രകൃതിയുമായുള്ള ബന്ധത്തിൽ, സമൂഹത്തോട് എന്നതുപോലെതന്നെ ഇന്നത്തെ ഉൽപാദന സമ്പ്രദായത്തിന് ഉടനെയുള്ള ഏറ്റവും പ്രകടമായ ഫലത്തെക്കുറിച്ച് മാത്രമേ ചിന്തയുള്ളു. പിന്നീട് പ്രവൃത്തിയുടെ വിദൂര ഫലങ്ങൾ വിരുദ്ധ സ്വഭാവത്തിൽ ഉള്ളതാണല്ലോ എന്ന് അവർ അത്ഭുതപ്പെടുകയും ചെയ്യുന്നത് കാണാം”. (വാനരനിൽ നിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അദ്ധ്വാനം വഹിച്ച പങ്ക്) അദ്ദേഹത്തിന്റെ സങ്കല്പനങ്ങൾ പ്രവചന തുല്യം സത്യമായി തീർന്നിരിക്കുന്നത് നാം കാണുന്നു.

അതിനാൽ പ്രാകൃതമായ അത്യാഗ്രഹവും ആർത്തിയും ആണ്, നഗ്നരൂപത്തിൽ നാണംകെട്ട കിരാതത്വം ആയി മാറിയ ലാഭാർത്തിയാണ് മാരകമായ ഈ വൈറസിനെ മനുഷ്യ നാഗരികതയെ വിറപ്പിച്ചുകൊണ്ട് വെല്ലുവിളി ഉയർത്താൻ പാകത്തിൽ അഴിച്ചുവിട്ടത്. ഇത് ഒരുവട്ടം കൂടി ശരിയെന്ന് കോവിഡ്-19 മഹാമാരി തെളിയിക്കുന്നു. നിർദ്ദയമായ മർദ്ദക സ്വഭാവമുള്ള, പിന്തിരിപ്പനും തീർത്തും അഴിമതി ഗ്രസ്തവുമായ, അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ മുതലാളിത്തവും, പണിയെടുക്കുന്ന ജനങ്ങളെ മാത്രമല്ല പ്രകൃതിയെയും ചൂഷണം ചെയ്ത് പരമാവധി ലാഭം നേടുവാന്‍ ലക്ഷ്യമിട്ടുള്ള അതിന്റ നയങ്ങളുമാണ് മാരകമായതും അല്ലാത്തതുമായ ആരോഗ്യ ഭീഷണികൾ ഒന്നിന് പിറകേ ഒന്നായി മനുഷ്യനുമേൽ അഴിച്ചുവിടുന്നതിന് പൂർണ്ണമായ ഒരേയൊരു ഉത്തരവാദി.

Share this post

scroll to top