2021 ജനുവരി 6ന് അമേരിക്കയിൽ, വാഷിംഗ്ടണിലെ ക്യാപ്പിറ്റോളിൽ, ആയിരക്കണക്കിന് വെളുത്തവർഗ്ഗ മേൽക്കോയ്മവാദികളായ വംശീയഭ്രാന്തന്മാരും, പ്രസിഡന്റ് ട്രംപിന്റെ ഫാസിസ്റ്റ് അനുയായികളും ചേർന്ന് ആക്രമണം അഴിച്ചുവിടുകയുണ്ടായി. അഞ്ചു മരണങ്ങള്ക്ക് ഇടയാക്കിയ ആക്രമണം അമേരിക്കന് ജനാധിപത്യമെന്ന മിത്തിന്റെ പൊള്ളത്തരം വെളിവാക്കാന് പോന്നതായിരുന്നു.
അടുത്തിടെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ, ഡൊണാൾഡ് ട്രംപിനെതിരെയുള്ള ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കുവാനുള്ള ഭരണഘടനാ പ്രക്രിയയായ ഇലക്ടറൽ കോളേജ് വോട്ടിങ്ങിനെ തടസ്സപ്പെടുത്തുവാനോ അട്ടിമറിക്കുവാനോ ഉള്ള ഉദ്ദേശ്യത്തോടെയാണ്, ‘വീ വാണ്ട് ട്രംപ’് (ഞങ്ങൾക്ക് ട്രംപിനെ വേണം) എന്ന മുദ്രാവാക്യമുയർത്തി വടിയും തോക്കും രാസവസ്തുക്കളുമടക്കമുള്ള ആയുധങ്ങളണിഞ്ഞ, ഹെൽമറ്റ് ധരിച്ച റൗഡികൾ യുഎസ് പാർലമെന്റ് ആക്രമിച്ചത്. പുറത്തുനിന്നുള്ള ശത്രുക്കളോ തീവ്രവാദിസംഘങ്ങളോ അല്ല, പ്രസിഡന്റ് ട്രംപ് തന്നെയാണ്, കാടൻ പ്രതിഷേധത്തിനായി അപരിഷ്കൃതരും ആയുധധാരികളുമായ വെളുത്തവർഗ്ഗവംശീയവാദികളും നവഫാസിസ്റ്റുകളുമായ അനുയായികളെ വിദ്വേഷപ്രസംഗങ്ങളിലൂടെ ഇളക്കിവിട്ടത്. ‘അമേരിക്കയുടെ ഭരണഘടനയെ നിലനിർത്താനും സംരക്ഷിക്കാനും പ്രതിരോധിക്കു വാനും തങ്ങളുടെ അപ്രായോഗികമായ പോരാട്ടത്തെ യുഎസ് ക്യാപ്പിറ്റോളിലേക്ക് കൊണ്ടുപോവുക,’ അഥവാ, തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കുക എന്നത് ആഹ്വാനങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. പാർലമെന്റ് മന്ദിരത്തിനുനേരേയുള്ള ആക്രമണത്തിനുപിന്നിൽ പ്രസിഡന്റിന്റെതന്നെ ആസൂത്രണം ഉണ്ടായിരുന്നതുകൊണ്ട്, തത്സമയം മതിയായ സുരക്ഷാഭടന്മാരും അവിടെ ഉണ്ടായിരുന്നില്ല. കാവൽനിന്ന പൊലീസുകാരെ ഭ്രാന്തന്മാരായ ജനക്കൂട്ടം എളുപ്പത്തിൽ കീഴടക്കി, മതിലുകൾ ചാടിക്കടന്ന് ക്യാപ്പിറ്റോളിന്റെ അകത്തളങ്ങളിലെത്തി. നടപടികൾ തടസ്സപ്പെടുത്തി, പ്രതിനിധികളെയും സെനറ്റർമാരെയും ചേംബറിൽനിന്നും ഒഴിപ്പിച്ചു. ജനക്കൂട്ടം ക്യാപ്പിറ്റോളിൽ കലാപം നടത്തുമ്പോഴും നാഷണൽ ഗാർഡിന് ഉത്തരവു കൊടുക്കാതെയും കലാപനിയമത്തിന്റെ വ്യവസ്ഥകൾ ഉപയോഗിച്ച് സായുധസേനയെ രംഗത്തിറക്കാതെയും പ്രസിഡന്റ് ട്രംപ് മണിക്കൂറുകളോളം നോക്കിനിന്നു. വിറളി പിടിച്ച അനുയായികളോട് അടങ്ങാൻ ആവശ്യപ്പെടുന്നതിനുപകരം, കാര്യങ്ങൾ കൈവിട്ടു പോകുമ്പോഴും ട്രംപ് അവരെ പ്രോൽസാഹിപ്പി ക്കുകയാണ് ചെയ്തത്. വ്യക്തമായും ഈ തെമ്മാടിത്തം മുൻകൂട്ടി ആസൂത്രണം ചെയ്തതും, ട്രംപ് ഭരണകൂടം അനുവദിച്ചുകൊടുത്തതുമാണ്. ഒരുപക്ഷേ അടിച്ചമർത്തപ്പെടുന്ന തൊഴിലാളികളോ സാധാരണക്കാരായ ജനങ്ങളോ ആണ് ന്യായമായ ഒരു ആവശ്യത്തിനായി ഇങ്ങനെ ഒരു പ്രതിഷേധം സംഘടിപ്പിച്ചിരുന്നതെങ്കിൽ, എത്ര ക്രൂരമായി പൊലീസ് അടിച്ചമർത്തിയേനെ. എന്നാൽ, ഈ തെമ്മാടിക്കൂട്ടങ്ങളുടെ കോമാളികളെപ്പോലെയുള്ള പെരുമാറ്റവും ദേശീയ പാർലമെന്റ് മന്ദിരത്തിനുള്ളിലേക്കുള്ള അവരുടെ എളുപ്പത്തിലുള്ള കടന്നുകയറ്റവും തെളിയിക്കുന്നത്, എല്ലാം മുൻകൂട്ടി തയ്യാറെടുത്തു നടത്തിയതാണെന്നാണ്. ട്രംപിനെ അനുകൂലിക്കുന്ന തെമ്മാടികൾ ക്യാപ്പിറ്റോളിനുനേർക്ക് നടത്തിയ ആക്രമണം ചില ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. അമേരിക്കൻ ബൂർഷ്വാ ജനാധിപത്യം എത്രത്തോളം അധഃപതിച്ചിരിക്കുന്നു! അധികാരക്കൊതിയനായ, സ്വേച്ഛാധിപതിയായ ഒരു ബൂർഷ്വാ രാഷ്ട്രീയക്കാരന്, അവശേഷിക്കുന്ന ജനാധിപത്യ മൂല്യങ്ങളും മര്യാദകളും ചട്ടങ്ങളുംപോലും എങ്ങനെയാണ് ഇത്ര എളുപ്പത്തിൽ കാൽക്കീഴിലിട്ട് ചവിട്ടിയരക്കാൻ പറ്റിയത്? ഈ സംഭവം ലോകത്തെയാകെ അന്ധാളിപ്പിച്ചു. ട്രംപിനോട് വളരെ അടുപ്പം പുലർത്തുന്നവർ എന്ന് കരുതപ്പെട്ട സാമ്രാജ്യത്വ-മുതലാളിത്ത ലോകനേതാക്കൾക്കുപോലും ഈ സംഭവത്തെ അപലപിക്കേണ്ടിവന്നു.
ജനാധിപത്യമനസ്സുള്ള അമേരിക്കക്കാരുടെ അതൃപ്തിക്ക് ട്രംപ് പാത്രമായി.
യുഎസ് സമ്പദ്ഘടന മൂക്കുകുത്തുന്നതിൽനിന്നും തടയുന്നതിലുള്ള ട്രംപിന്റെ തികഞ്ഞ പരാജയത്തിനുപുറമേ, അദ്ദേഹത്തിന്റെ വ്യാജോക്തികളുടെയും ജുഗുപ്സാവഹമായ ആത്മപ്രശംസയുടെയും അധികാരക്കൊതിയുടെയും പലപ്പോഴും സ്ത്രീവിരുദ്ധത നിറഞ്ഞ അസഭ്യപരാമർശങ്ങളുടെയും മര്യാദയില്ലാത്ത പെരുമാറ്റത്തിന്റെയും വംശീയവിദ്വേഷം പച്ചയ്ക്ക് ആളിക്കത്തിക്കുന്നതും വിദേശികളോടുള്ള വെറുപ്പ് നിറഞ്ഞ സംസാരവും അതിരുകടന്ന അഹങ്കാരവും ഏകാധിപത്യപരമായ സമീപനവും പ്രവൃത്തികളും ഒക്കെമൂലം യുഎസിന് അകത്തും പുറത്തുമുള്ള വിവേകവും ജനാധിപത്യബോധവുമുള്ള എല്ലാവരും ട്രംപിനെ വ്യാപകമായി വിമർശിച്ചിരുന്നു എന്നത് ഇവിടെ ഓര്മ്മിക്കേണ്ടതാണ്. കോവിഡ്-19 ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യമായിരുന്നിട്ടും, 4 ലക്ഷത്തിലേറെ മരണമുണ്ടായിട്ടും, മതിയായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുള്ള ശാസ്ത്ര-വൈദ്യസമൂഹത്തിന്റെ ഉപദേശത്തിന് പുല്ലുവിലപോലും കൽപ്പിക്കാതെ തള്ളിക്കളയുന്നയത്രയും ധാർഷ്ട്യമാണ് അദ്ദേഹം വെച്ചുപുലർത്തിയത്. തന്നെയുമല്ല, ഏറ്റവും അടിസ്ഥാനപരമായ ആരോഗ്യ പ്രോട്ടോക്കോളുകളെ അദ്ദേഹം പരസ്യമായി തള്ളിപ്പറഞ്ഞു. മൊത്തത്തിലുള്ള പിടിപ്പുകേടിനെപ്പറ്റി എടുത്തു പറയേണ്ടതുതന്നെയില്ല. വംശീയ അതിക്രമങ്ങളോടും ന്യൂനപക്ഷമായ ആഫ്രിക്കൻ-അമേരിക്കക്കാർക്കെതിരായ പോലീസ് അതിക്രമങ്ങളോടുമുള്ള അദ്ദേഹത്തിന്റെ നിഷ്ക്രിയമായ നിശ്ശബ്ദപിന്തുണ, ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്ന രാജ്യവ്യാപക പ്രസ്ഥാനത്തിന് കാരണമായി. വർദ്ധിച്ചുവരുന്ന ദാരിദ്ര്യം, ഉയരുന്ന തൊഴിലില്ലായ്മ, കുറ്റകൃത്യങ്ങളുടെ നിരക്കിലെ വർദ്ധന, കൊറോണ കേസുകളുടെ അനിയന്ത്രിതമായ വർദ്ധനവ് എന്നിവ ട്രംപിനെ ഏറ്റവും കൂടുതൽ അപ്രീതിക്ക് പാത്രമായ യുഎസ് പ്രസിഡന്റുമാരിൽ ഒരാളാക്കി. എന്നാൽ, മറ്റു പല രാജ്യങ്ങളിലെയും തന്റെ പകർപ്പുകളെപ്പോലെതന്നെ, അധികാരഭ്രാന്തനും പൊങ്ങച്ചക്കാരനുമായ ട്രംപ്, തന്നെ അധികാരത്തിൽനിന്നും പുറത്താക്കുന്ന ഒരു വിധിയെഴുത്തിനെ അംഗീകരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിന് മുന്നേതന്നെ ധാരണ നൽകിയിരുന്നു. എന്തിനേറെ പറയുന്നു, ഈ മഹാമാരിക്കാലത്തും മാസ്ക് ധരിക്കാൻ വിസ്സമ്മതിക്കുകയും, അങ്ങനെ ചെയ്യുന്നതിൽമറ്റുള്ളവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്ത ട്രംപ്, തപാൽ വോട്ടിലൂടെ വോട്ടുചെയ്യാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കാൻ പല രീതിയിൽ ശ്രമിക്കുകയും ചെയ്തു. അതിന്റെ ഫലത്തെക്കുറിച്ച് തെരഞ്ഞെടുപ്പിന് ഏറെ മുന്നേതന്നെ സംശയത്തിന്റെ വിത്തും വിതച്ചു. തെരഞ്ഞെടുപ്പുദിനം അടുക്കുന്തോറും അദ്ദേഹം കൂടുതൽ അസ്വസ്ഥനാവുകയും എങ്ങനെയും അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള ശ്രമങ്ങൾ നടത്തുകയും തന്നെ ആരെങ്കിലും എതിർക്കുന്നുവെന്ന് തോന്നിയാൽ അവർക്കെതിരേ ശകാരവർഷം ചൊരിയുകയും ചെയ്തു. അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ച സഹപ്രവർത്തകരെയും, ഉന്നത ഉദ്യോഗസ്ഥരെയും, സൈനികമേധാവികളെയും അദ്ദേഹം പുറത്താക്കി. എഴുതപ്പെട്ട എല്ലാ ചട്ടങ്ങളും പെരുമാറ്റമര്യാദകളും കാറ്റിൽ പറത്തി. അദ്ദേഹത്തിന്റെ സ്വയംപുകഴ്ത്തൽ എല്ലാ അതിരുകളും ലംഘിച്ചു. ‘എന്റെ സൗന്ദര്യമെന്തെന്നാൽ ഞാൻ വളരെ സമ്പന്നനാണ്..; ‘മറ്റാരേയുംകാൾ മഹത്തായ മനോനിലയാണ് എനിക്കെന്നതിൽ ഞാൻ അഭിമാനിക്കുന്നു…’; ‘ഡൊണാൾഡ് ട്രംപിനേക്കാൾ ബുദ്ധിശക്തിയെ ബഹുമാനിക്കുന്ന മറ്റാരുമില്ല…’; ‘ഇന്നേവരെ പ്രസിഡന്റാകാൻ മൽസരിച്ചതിൽ ഏറ്റവും വിജയിയായ വ്യക്തി ഞാനാണ്…’; ഇങ്ങനെയൊക്കെ പറയാനുള്ള തൊലിക്കട്ടി അദ്ദേഹം കാണിച്ചു. അങ്ങനെ ഒരു ഫാസിസ്റ്റ് ഏകാധിപത്യ നേതാവിന്റെ ശക്തമായ പ്രതിരൂപമായി അദ്ദേഹം സ്വയം ഉയർത്തിക്കാട്ടി. തന്റെ ഫാസിസ്റ്റ് ഏകാധിപത്യപാത പിന്തുടർന്ന് അധികാരക്കസേരകളിൽ ഒട്ടിയിരിക്കാൻ താത്പര്യപ്പെട്ട സമാനമനസ്കരായ സുഹൃത്തുക്കളെയും ആരാധകരെയും മറ്റ് രാജ്യങ്ങളിലും അദ്ദേഹം കണ്ടെത്തി.ബൂർഷ്വാ ജനാധിപത്യത്തെക്കുറിച്ചുള്ള വ്യാമോഹം വച്ചുപുലർത്തുന്ന വലിയൊരു വിഭാ ഗം സാധാരണക്കാരായ അമേരിക്കക്കാർക്കും, കാര്യങ്ങൾ ഇങ്ങനെ മാറിമറിഞ്ഞത് നടുക്കം ഉളവാക്കി. വ്യക്തിപരമായ ചെളിവാരിയെറിയലുകളും മോശം ഭാഷയും അന്തമില്ലാത്ത സംഘട്ടനങ്ങളുംകൊണ്ട് അവർ പൊറുതിമുട്ടി. എന്തെങ്കിലും തരത്തിൽ സാധാരണനില തിരികെയെത്തണമെന്ന് അവർ ആഗ്രഹിച്ചു. ട്രംപിന്റെ പ്രവർത്തനത്തിൽ വലിയൊരു വിഭാഗം സാധാരണക്കാരായ അമേരിക്കക്കാരും അതൃപ്തരോ രോഷാകുലരോ ആയിരുന്നു എന്നത്, അദ്ദേഹത്തിന്റെ തോൽവി ഒഴിവാക്കാനാകാത്തതാണ് എന്നതിന്റെ സൂചനയായിരുന്നു. അത് മനസ്സിലാക്കിയ ട്രംപ്, ഇക്കാലത്തെ മറ്റെല്ലാ ബൂർഷ്വാ നേതാക്കളെയുംപോലെ, എല്ലാത്തരത്തിലുമുള്ള കള്ളത്തരങ്ങളുംകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട്, വംശീയമായ വിഭാഗീയതകൾ ആളിക്കത്തിക്കാൻ ശ്രമിച്ചു. വളരെ മുമ്പേതന്നെ, ‘അമേരിക്ക ആദ്യം’, ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’, തുടങ്ങിയ വഞ്ചനാത്മകമായ മുദ്രാവാക്യങ്ങളിലൂടെ ട്രംപ്, നിരന്തരം ഗൂഢമായ സിദ്ധാന്തങ്ങൾ മെനഞ്ഞെടുത്തുകൊണ്ട്, അതിതീവ്ര ദേശീയവികാരത്തിന് തിരികൊളുത്താൻ ശ്രമിച്ചു. തൊഴിൽരഹിതരായ വെള്ളക്കാരായ മധ്യവർഗ്ഗക്കാരുടെയിടയിൽ, പ്രത്യേകിച്ചും യുവാക്കളുടെ ഇടയിൽ, വംശീയഭ്രാന്തിന്റെയും വിഭാഗീയതയുടെയും മനോഭാവം വളർത്തിയെടുത്ത്, നല്ല ജോലിയും ജീവിതമാർഗ്ഗവും തങ്ങൾക്ക് ലഭിക്കുന്നതിനുള്ള തടസ്സം മറ്റ് വംശീയതയിൽനിന്നുള്ള സഹപൗരന്മാരാണെന്ന് ബോധിപ്പിച്ച് അവർക്കെതിരേ ഇളക്കിവിടുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം. അമേരിക്കതന്നെ അടിച്ചേൽപ്പിക്കുകയും ആഘോഷിക്കുകയും ചെയ്ത മുതലാളിത്ത ആഗോളവൽക്കരണത്തിന്റെ സിദ്ധാന്തത്തിൽ നിന്ന് പിന്മാറുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയു ണ്ടായി. മറ്റ് രാജ്യങ്ങളിൽനിന്നും ജനങ്ങൾ അമേരിക്കയിൽ പ്രവേശിക്കുന്നത് തടയാനും, കുടിയേറ്റക്കാരെ ബലമായി പുറന്തള്ളാനും നടപടികളുമെടുത്തു. ഇങ്ങനെയുള്ള നടപടികളിലൂടെയും, താൻ വിദഗ്ദ്ധമായി ഉപജാപങ്ങൾ നിർവ്വഹിക്കുന്ന സമൂഹമാധ്യമങ്ങൾ അടക്കമുള്ള മാർഗ്ഗങ്ങളിലൂടെയും, വെള്ളക്കാരായ മധ്യവർഗ്ഗക്കാർക്കിടയിൽ പിന്തുണയുടെ ഒരു അടിത്തറ സൃഷ്ടിക്കുവാൻ ട്രംപ് ശ്രമിച്ചു. ഏറ്റവുമധികം ഇലക്ടറൽ കോളേജ് വോട്ടുകളുള്ള സംസ്ഥാനങ്ങളിൽ ഭൂരിപക്ഷമുള്ള ഇവരെ ഉപയോഗിച്ചുകൊണ്ട് രണ്ടാമതൊരുവട്ടംകൂടി പ്രസിഡന്റ് പദവി നേടിയെടുക്കാമെന്ന് അദ്ദേഹം കണക്കുകൂട്ടി.
ഇലക്ടറൽ കോളേജ് സംവിധാനം
കൂടുതൽ ചർച്ച ചെയ്യുന്നതിനുമുമ്പ്, യുഎസിലെ ഇലക്ടറൽ കോളേജ് സംവിധാനത്തെക്കുറിച്ചു കൂടി വിശദീകരിക്കേണ്ടതുണ്ട്. യുഎസിൽ, ഒരു പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് കിട്ടുന്ന മൊത്തം വോട്ട് വെച്ചല്ല തെരഞ്ഞെടുപ്പിലെ വിജയം നിർണ്ണയിക്കുന്നത്. പകരം അത് ഇലക്ടറൽ കോളേജ് അടിസ്ഥാനമാക്കിയ തെരഞ്ഞെടുപ്പാണ്. അതായത്, സ്റ്റേറ്റ് അസംബ്ലിയിലെ വോട്ടു നിലയെ പ്രതിനിധീകരിക്കുക എന്ന യോജിച്ച ഉത്തരവാദിത്തമുള്ള ഒരുകൂട്ടം പ്രതിനിധികളെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇവരാണ് ഇലക്ടർമാർ. അവരുടെ ജോലിയാണ് പ്രസിഡന്റിനെയും വൈസ്-പ്രസിഡന്റിനെയും തെരഞ്ഞെടുക്കുക എന്നത്. ഓരോ സംസ്ഥാനത്തുനിന്നുമുള്ള ഇലക്ടറൽമാരുടെ എണ്ണം, അവിടെ നിന്നുള്ള ജനസംഖ്യക്ക് ആനുപാതികമായാണ്. മറ്റു വാക്കുകളിൽ പറഞ്ഞാല്, ഓരോ സംസ്ഥാനത്തിനും ഒരു നിശ്ചിത എണ്ണം ഇലക്ടറൽ വോട്ടുകളുണ്ട്. ഉദ്ദാഹരണത്തിന്, ഏറ്റവുമധികം ഇലക്ടർമാരുള്ള കാലിഫോർണിയയ്ക്ക് 55 ഇലക്ടർമാരുള്ളപ്പോൾ ജനസംഖ്യ തീരെക്കുറവുള്ള വ്യോമിംഗ്, അലാസ്ക, നോർത്ത് ഡക്കോട്ട, വാഷിംഗ്ടൺ ഡിസി തുടങ്ങിയവയ്ക്ക് 3 പേർ വീതമേയുള്ളു. മൊത്തം 538 ഇലക്ടർമാരാണ് ഉള്ളത്. ഒരു സംസ്ഥാനത്തെ മുഴുവൻ ഇലക്ടറൽ വോട്ടുകളും ഒരു സ്ഥാനാർത്ഥിക്കുമാത്രം മുഴുവനായും ലഭിക്കുകയോ നഷ്ടമാവുകയോ ചെയ്യും. മൊത്തം വോട്ടിൽ 270-ഓ അതിലധികമോ നേടുന്നയാൾ പ്രസിഡന്റാകും. അതായത്, ടെക്സാസിലെ വോട്ടിലെ 50.1% ഒരു സ്ഥാനാർത്ഥി നേടിയാൽ ആ സംസ്ഥാനത്തിന്റെ 38 ഇലക്ടറൽ വോട്ടുകളും അപ്പാടെ അയാൾക്ക് ലഭിക്കുകയാണ്. ഇനി വമ്പിച്ച ഭൂരിപക്ഷം അവിടെ നേടിയാൽപോലും അതേ എണ്ണം വോട്ടുകൾ മാത്രമേ ആ ആൾക്ക് ലഭിക്കുകയുള്ളു. ഉദ്ദാഹരണത്തിന്, 2016ൽ, ഡൊണാൾഡ് ട്രംപ് തന്റെ എതിരാളിയായിരുന്ന ഹിലരി ക്ലിന്റണേക്കാൾ 30 ലക്ഷത്തോളം വോട്ടുകൾക്ക് ദേശീയതലത്തിൽ പിന്നിലായിരുന്നു. എന്നിട്ടും ഇലക്ടറൽ കോളേജിൽ ഭൂരിപക്ഷം നേടി എന്നതുകൊണ്ടുമാത്രം അദ്ദേഹം പ്രസിഡന്റായി. അതുപോലെതന്നെ 2000ൽ 271 ഇലക്ടറൽ വോട്ട് നേടി ജോർജ് ഡബ്ല്യു ബുഷ് വിജയിച്ചു. പക്ഷേ അദ്ദേഹത്തിന്റെ എതിരാളി അൽഗോർ അഞ്ചുലക്ഷത്തിലേറെ പൊതുവോട്ട് നേടിയിരുന്നു. ഇത്തവണയാകട്ടെ, ട്രംപിന് 232 ഇലക്ടറൽ കോളേജ് വോട്ടാണ് ലഭിച്ചത്. എതിരാളിയായ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് 306 വോട്ടും ലഭിച്ചു. മൊത്തം പോൾ ചെയ്യപ്പെട്ട വോട്ടിന്റെ 51.3% അഥവാ 81.3 ദശലക്ഷം വോട്ടുകൾ എന്ന റെക്കോർഡോടെ ട്രംപിനേക്കാൾ 7 ദശലക്ഷം കൂടുതൽ വോട്ടാണ് ബൈഡൻ നേടിയത്.
ട്രംപ് തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാൻ വിസമ്മതിച്ചു
തെരഞ്ഞെടുപ്പുപ്രക്രിയ അട്ടിമറിച്ചുകൊണ്ടുമാത്രമേ തന്നെ തോൽപ്പിക്കാനാകു എന്നാണ് തെ രഞ്ഞെടുപ്പിന് രണ്ടു മാസം മുമ്പു ട്രംപ് പ്രഖ്യാപിച്ചത്. വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കെ, രാത്രി ഏറെ വൈകി പത്രസമ്മേളനം വിളിച്ചുകൊണ്ട് താൻ മുന്നിട്ടു നിൽക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. പക്ഷേ, തെരഞ്ഞെടുപ്പുഫലം എതിരായി തുടങ്ങിയപ്പോൾ, അദ്ദേഹം കോപാകുലനാവുകയും സാമാന്യബോധത്തിന്റെ എല്ലാ പരിധിയും ലംഘിച്ച് കൊടിയ ധാർഷ്ട്യം പ്രകടിപ്പിക്കുകയും ചെയ്തു. ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ തന്നെ കൃത്രിമമായി പരാജയപ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുപ്പ് അട്ടിമറിച്ചിരിക്കുന്നു എന്ന് അദ്ദേഹം പൊട്ടിത്തെറിച്ചു. ഭൂരിഭാഗം സംസ്ഥാനങ്ങളും പരമ്പരാഗതമായി റിപ്പബ്ലിക്കൻ, അല്ലെങ്കിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്ക് അനുകൂലമായി മാത്രം വോട്ടു ചെയ്യുന്നവയാണ്. തെരഞ്ഞെടുപ്പുഫലത്തെ നിശ്ചയിക്കുന്നത് ചാഞ്ചാട്ടസംസ്ഥാനങ്ങൾ എന്ന് വിളിക്കപ്പെടുന്ന, അങ്ങോട്ടും ഇങ്ങോട്ടും പിന്തുണ മാറ്റാവുന്ന ഒരു പറ്റം സംസ്ഥാനങ്ങളാണ്. അതുകൊണ്ടു തന്നെ, മിഷിഗൺ, പെൻസിൽവാനിയ, കൂടാതെ പരമ്പരാഗതമായി റിപ്പബ്ലിക്കൻ ശക്തികേന്ദ്രമായ ജോർജിയ എന്നിവയടക്കമുള്ള ഈ സംസ്ഥാനങ്ങളിലെ ഫലം അനുകൂലമാക്കാൻ വേണ്ടി ട്രംപ് തീവ്രമായി പൊരുതി. ബൈഡന് അനുകൂലമായി വിധിയെഴുതിയ ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ട്രംപിന്റെ നിയമസംഘവും അനുഭാവികളും കോടതികളിൽ അമ്പതിലേറെ പരാതികളാണ് നൽകിയത്. തെരഞ്ഞെടുപ്പുതട്ടിപ്പ് ആരോപിച്ച്, തെരഞ്ഞെടുപ്പുഫലം അസാധുവാക്കണമെന്നതായിരുന്നു ആവശ്യം. എന്നാൽ എല്ലാ കോടതികളും ഈ പരാതികളൊക്കെയും തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പുതട്ടിപ്പ് എന്ന ആരോപണം ഉന്നയിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെങ്കിലും കോടതികളിലടക്കം അവതരിപ്പിക്കാൻ കുറേ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമായ ആവശ്യങ്ങളുമല്ലാതെ യാതൊരു തെളിവും അവർക്കുണ്ടായിരുന്നില്ല. എന്നിട്ടും ട്രംപ് വഴങ്ങിയില്ല. തുടർന്നും, താനാണ് ജയിച്ചത്, തന്റെ എതിരാളി ജോ ബൈഡന്റെ വിജയം തട്ടിപ്പാണെന്നും അത് തട്ടിയെടുത്ത വോട്ടുകൾകൊണ്ടാണെന്നുമുള്ള കള്ളം അദ്ദേഹം ആവർത്തിച്ചു. ആഴ്ച്ചകളോളം ട്രംപിന്റെ അന്ധരായ അനുയായികൾ സമൂഹമാധ്യമങ്ങളിൽ അലമുറയിട്ടത് തെരഞ്ഞെടുപ്പ് തട്ടിയെടുത്തു എന്നാണ്. ഈ ഫലം അംഗീകരിക്കുന്നതിനായി കോൺഗ്രസ് കൂടുന്ന ദിവസം അക്രമാസക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് പരസ്യമായിതന്നെ അവർ ചർച്ച ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്ക് അധികാരം കൈമാറുന്നത് തടസ്സപ്പെടുത്തുന്നതിനാണ് പിന്നീട് ട്രംപ് ശ്രമിച്ചത്. കലാപത്തിന് ആഹ്വാനം ചെയ്യുക എന്ന കടുത്ത കുറ്റത്തിന്റെയും ശിക്ഷാർഹമായ പെരുമാറ്റത്തിന്റെയും പേരിൽ രണ്ടാമത്തെ ഇംപീച്ച്മെന്റിന് അദ്ദേഹം വിധേയനാകുന്നതുവരെ കാര്യങ്ങൾ എത്തിച്ചേര്ന്നു. തെരഞ്ഞെടുപ്പുഫലത്തെ അസാധുവാക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ, അവസാനവട്ട ശ്രമമെന്ന നിലയിൽ തെരഞ്ഞെടുപ്പുഫലത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നത് തടസ്സപ്പെടുത്തുന്നതിനായി അക്രമം ആസൂത്രണം ചെയ്യുന്നതിനും, പൊലീസ് സേനയെ പരമാവധി സ്തംഭിപ്പിക്കുന്നതിനും ട്രംപ് ശ്രമിച്ചു. ജനുവരി 6ന് വൈറ്റ് ഹൗസിന് സമീപം തന്റെ അനുയായികളുടെ ‘സേവ് അമേരിക്ക റാലി’ അദ്ദേഹം സംഘടിപ്പിച്ചു. ഈ തെരഞ്ഞെടുപ്പ് തന്നിൽനിന്നും തട്ടിയെടുത്തതാണ് എന്ന് ഇതിനകംതന്നെ അവരെ വിശ്വസിപ്പിച്ച അദ്ദേഹം, എന്തെങ്കിലും പ്രവർത്തിക്കാൻ അവരെ പ്രേരിപ്പിച്ചു. ‘നിങ്ങൾ അങ്ങേയറ്റം പോരാടിയില്ലെങ്കിൽ നിങ്ങൾക്ക് ഒരു രാജ്യമുണ്ടാകില്ല’ എന്ന് അദ്ദേഹം ആൾക്കൂട്ടത്തോടു പറഞ്ഞു. ക്യാപ്പിറ്റോളിലേക്ക് നീങ്ങാൻ അവരോട് ആഹ്വാനം ചെയ്തു. വെല്ലുവിളി നിറഞ്ഞ ഈ പ്രസംഗത്തിൽനിന്നും ആവേശം ഉൾക്കൊണ്ടുകൊണ്ട്, ആൾക്കൂട്ടം ക്യാപ്പിറ്റോളിലേക്ക് മാർച്ച് ചെയ്യുകയും, അവിടം അക്രമിച്ച് കീഴ്പ്പെടുത്തി നാശമുണ്ടാക്കുകയും ചെയ്തു. ഇത്തരമൊരു നടപടിയോടെ, നാടിന്റെ നിയമം പാലിക്കുവാൻ അദ്ദേഹത്തെ നിയുക്തനാക്കിയ പാർലമെന്ററി ജനാധിപത്യത്തിന്റെ ഭരണഘടനാപരമായ പ്രതിജ്ഞയാണ് പ്രസിഡന്റ് ട്രംപ് കൈയൊഴിഞ്ഞത്. ഇതിലൂടെ താൻ പറയുന്ന, ‘അമേരിക്കയുടെയും അമേരിക്കന് ജനതയുടെയും മഹത്വ’മല്ല, അധികാരക്കൊതി മാത്രമാണ് തനിക്കുവലുതെന്ന് അദ്ദേഹം കാണിച്ചുതന്നു. ലോകം മുഴുവൻ ഈ സംഭവത്തിൽ നടുങ്ങിയപ്പോൾ, അമേരിക്കക്കാർതന്നെ ഇതിനെ ജനാധിപത്യത്തിനുമേലെയുള്ള ആക്രമണമായികണ്ട് അപലപിച്ചപ്പോൾ, ട്രംപ് മലക്കംമറിഞ്ഞ് പരാജയം അംഗീകരിച്ചു. അക്രമത്തെയും നിയമവിരുദ്ധതയെയും അപലപിച്ചുവെങ്കിലും, പിന്നിടും അദ്ദേഹം അതിൽനിന്ന് പിന്നാക്കം പോയി.
അമേരിക്കൻ ജനാധിപത്യമെന്ന മിത്തിന്റെ തകർച്ച
പലരുടെ മനസ്സിലും അമേരിക്കൻ ജനാധിപത്യം എന്ന ഒരു മിത്ത് നിലനിന്നിരുന്നു. തങ്ങളുടെ രാജ്യത്ത് പ്രവർത്തിക്കുന്ന സജീവമായ ജനാധിപത്യത്തെക്കുറിച്ച് പലപ്പോഴും അമേരിക്കൻ ഭരണാധികാരികൾ മേനി നടിക്കാറുണ്ടായിരുന്നു.
തങ്ങളുടെ കൽപ്പനകൾക്കുമുന്നിൽ മുട്ടുമടക്കാൻ വിസ്സമ്മതിക്കുന്ന മറ്റു രാജ്യങ്ങളിൽ ജനാധിപത്യം കൊലചെയ്യപ്പെടുന്നതിനെക്കുറിച്ച് തങ്ങൾക്കുള്ള ഉത്കണ്ഠ അവർ പലപ്പോഴും പ്രകടിപ്പിക്കാറുണ്ടായിരുന്നു. അതായത്, അത്തരം ‘തെമ്മാടി രാഷ്ട്രങ്ങളിലേക്ക്’ യുദ്ധക്കപ്പലുകളിലൂ ടെയും ഭീകരമായ സാമ്പത്തിക ഉപരോധങ്ങളിലൂടെയും ‘ജനാധിപത്യം കയറ്റിയയക്കാനുള്ള അവകാശം’ അവർ സ്വയം പതിച്ചെടുത്തിരുന്നു. അടുത്തിടെ നടന്ന യുദ്ധക്കുറ്റങ്ങൾ, അട്ടിമറികൾ, കൊലപാതകങ്ങൾ, ആസൂത്രിതമായ അക്രമങ്ങൾ, കലാപങ്ങൾ – ഇതെല്ലാം യുഎസ് ഭരണാധികാരികൾ, ജനാധിപത്യം നടപ്പാക്കുക എന്ന മറയിൽ, ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ, ലിബിയ, വെനസ്വെല, തുടങ്ങിയ രാജ്യങ്ങളില് നടപ്പാക്കിയതാണ്. പക്ഷേ ഇപ്പോൾ എന്താണ് അവരുടെ സ്വന്തം രാജ്യത്തു കാണുന്നത്? ആ ജനാധിപത്യത്തിന്റെ ഫലസിദ്ധിയെ ചോദ്യം ചെയ്തുകൊണ്ട്, യുഎസ് പ്രസിഡന്റുതന്നെ അതിന്റെ പ്രവർത്തനത്തെകുറിച്ച് ചോദ്യങ്ങളുയർത്തുകയാണ്. നവംബറിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവിയെ അംഗീകരിക്കാൻ ഡൊണാൾഡ് ട്രംപ് രണ്ടുമാസം വിസ്സമ്മതിച്ചു. അടിസ്ഥാനമില്ലാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പടച്ചുവിട്ടുകൊണ്ടും, ഉത്തരവാദിത്തമില്ലാതെ തെരഞ്ഞെടുപ്പു തട്ടിപ്പിനെക്കുറിച്ച് തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ ഉന്നയിച്ചും, സമൂഹമാധ്യമങ്ങൾവഴി വ്യാജവാർത്തകൾ പ്രചരിപ്പിച്ചും, തന്റെ അനുയായിക്കൂട്ടങ്ങളെ കുത്തിയിളക്കി അവരുടെ രോഷത്തീയിൽ എണ്ണയൊഴിച്ചും, അദ്ദേഹം മുന്നോട്ടുപോയി. ചില സമൂഹമാധ്യമങ്ങൾക്കും ടെലിവിഷൻ ചാനലുകൾക്കും ഏറെക്കാലം അദ്ദേഹത്തെ ബഹിഷ്കരിക്കേണ്ട അളവുവരെ അത് മുന്നോട്ടു പോയി. ഇന്നും, തന്റെ അനുയായികളെ ഇളക്കിവിടുന്നതിൽനിന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതില്നിന്നും അദ്ദേഹത്തെ തടയുന്നതിനായി, അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. തന്റെ ശത്രുക്കളോട്-അതായത്, താൻതന്നെ തെരഞ്ഞെടുത്ത തന്റെ ക്യാബിനറ്റ് അംഗങ്ങളടക്കം തന്നെ എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്നവർ-പകരംവീട്ടുന്നതിനായി സർക്കാർ ഉദ്യോഗസ്ഥരെ അദ്ദേഹം സമ്മർദ്ദത്തിലാഴ്ത്തുകയായിരുന്നു. അവസാനമായി, തെരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാനായി, അനുയായികളെയും ആൾക്കൂട്ടങ്ങളെയും കുത്തിയിളക്കിവിട്ട് ക്യാപ്പിറ്റോളിനുനേർക്ക് നടത്തിയ ആക്രമണവും.
ബൂർഷ്വ ജനാധിപത്യത്തിന്റെ അധഃപതനം
ഈ സംഭവത്തെകുറിച്ചുള്ള വിവരങ്ങളും അതിന്റെ പശ്ചാത്തലവുമാണ് ഇതുവരെ നമ്മൾ ചർച്ച ചെയ്തത്. പക്ഷേ, എന്താണിതെല്ലാം വ്യക്തമായും വെളിവാക്കുന്നത് എന്നതാണ് ചോദ്യം. പൂർണ്ണമായും ജനാധിപത്യപരമായ ഒരു സംവിധാനത്തിൽ, ജനാധിപത്യവിരുദ്ധരും ജനാധിപത്യ അനുകൂലികളും തമ്മിലുള്ള സംഘർഷമായിരുന്നു ട്രംപ്-ബൈഡൻ പോരാട്ടം എന്നാണോ? ട്രംപ് അധികാരക്കൊതിയനായ ഒരു ക്രൂരനാണ്, അദ്ദേഹത്തിന്റെ പരാജയം ആ ക്രൂരതയുടെ അവസാനത്തെ കുറിക്കുന്നു എന്നാണോ വിശ്വസിക്കേണ്ടത്? അങ്ങനെയൊക്കെ ചിന്തിക്കുന്നത്, സത്യത്തെ നമ്മിൽനിന്നും അകറ്റിനിർത്തും. മരണാസന്നമായ ദുഷിച്ച മുതലാളിത്ത സംവിധാനത്തിനുള്ളിൽ ബൂർഷ്വാ ജനാധിപത്യത്തിന്റെ വര്ധിച്ചുവരുന്ന തകർച്ചയാണ് ഇവിടെ നഗ്നമായി വെളിവാക്കുന്നത്. പക്ഷേ, എന്തുകൊണ്ടാണിത്? ചരിത്രത്തിന്റെ ദൃഢമായ പാതയിലാണ് ഇതിന്റെ ഉത്തരം തേടേണ്ടത്. വികാസത്തിന്റെ പാത പിന്തുടർന്ന് മുതലാളിത്തം സ്വതന്ത്രവ്യാപാരത്തിന്റെ ഘട്ടത്തിൽനിന്നും കുത്തക എന്ന ഘട്ടത്തിലേക്ക് പ്രവേശിച്ചു. കുത്തകകളുടെ വരവ്, സ്വതന്ത്രമൽസരത്തിന്റെ മരണമണി മുഴക്കി. അപ്പോൾ, രാഷ്ട്രീയ ഉപരിഘടനയിൽ സമതയുടെയും, ചങ്ങലകളില്ലാത്ത ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെയും തത്വത്തിന് പ്രഹരമേറ്റു. സമ്പദ്ഘടനയെ, അതായത് ഉത്പാദന സംവിധാനത്തെ നിയന്ത്രിക്കുന്നവർ തന്നെയാണ് രാഷ്ട്രീയത്തെയും, ആത്മീയ ഉത്പാദനത്തിന്റെ മേഖലയെയും, ആശയങ്ങളും സംസ്ക്കാരവും അടങ്ങുന്ന മാനസിക ഉത്പാദനത്തെയുമടക്കം, സമൂഹത്തിന്റെ എല്ലാ തുറകളെയും നിയന്ത്രിക്കുന്നത്. സമ്പദ്വ്യവസ്ഥയ്ക്കുമേലുള്ള കുത്തകകളുടെ പിടിയും നിയന്ത്രണവും കൂടുതൽ കരുത്താർജ്ജിച്ചതോടെ പാർലമെന്റിന്റെ പരമാധികാരത്തെ കൂടുതൽ വെട്ടിച്ചുരുക്കുന്നതിലേക്കും അതിനെ തങ്ങളുടെ അനുബന്ധം മാത്രമാക്കി തീർക്കുന്നതിലേക്കും അവർ നീങ്ങി. പക്ഷേ, തങ്ങളുടെ ലക്ഷ്യങ്ങളും പ്രവൃത്തികളും ജനങ്ങളിൽനിന്നും മറച്ചുപിടിക്കുന്നതിനായി പാർലമെന്ററി ജനാധിപത്യത്തിന്റെ മേലാപ്പ് നിലനിർത്തുന്നത് അവർ തുടർന്നു. പ്രതിസന്ധിയും ദുഷിപ്പും നിറഞ്ഞ മുതലാളിത്തത്തിന്, ചൂഷണവും വഞ്ചനയും ദുരിതവുമല്ലാതെ മറ്റൊന്നും സാധാരണക്കാരായ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് നൽകുവാനില്ല. അതിന്റെ രാഷ്ട്രീയസംവിധാനമായ പാർലമെന്ററി ജനാധിപത്യമാകട്ടെ, അഴിമതിയും, നൈതിക-ധാർമ്മിക തകര്ച്ചയുംമൂലം പുഴുത്തു നാറുന്നു. അലംഘ്യമായ പ്രവർത്തന നിയമംമൂലം, മുതലാളിത്തസംവിധാനം കൂടുതൽ പ്രതിസന്ധി ഗ്രസ്തമാകുമ്പോൾ, ഭരണമുതലാളിവർഗ്ഗം ഏതുവിധേനയും തങ്ങളുടെ ചൂഷണ വാഴ്ചയുടെ ആയുസ്സു നീട്ടുന്നതിനായി, മുതലാളിത്ത ജനാധിപത്യത്തിൽ നിലനിൽക്കുന്ന എല്ലാ ചട്ടങ്ങളെയും മൂല്യങ്ങളെയും കീഴ്വഴക്കങ്ങളെയും നൈതികതയെയും നശിപ്പിച്ചുകൊണ്ട്, ഫാസിസ്റ്റ് ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണ്.
ഇരുകക്ഷി ജനാധിപത്യം,പ്രസിഡൻഷ്യൽ ഭരണരീതി എന്നിവയെ കുറിച്ചുള്ള മിഥ്യാബോധം.
ഒരുപാട് പാർട്ടികൾ പൊട്ടിമുളച്ചതാണ് എല്ലാ അനർത്ഥത്തിനും കാരണം എന്നൊരു ചിന്ത നമ്മുടെ രാജ്യത്തുണ്ട്. യഥാർത്ഥത്തിൽ, ഇത്തരമൊരു തോന്നൽ ഉണർത്തിവിടുന്നതിനും, ചെറുകക്ഷികളെ ഒഴിവാക്കിക്കൊണ്ട് തെരഞ്ഞെടുക്കപ്പെടാൻ രണ്ട് കക്ഷികൾ മാത്രം നിലനിൽക്കുന്ന അവസ്ഥയുണ്ടാക്കുന്നതിനും അതിനനുസൃതമായ തെരഞ്ഞെടുപ്പു പരിഷ്കാരങ്ങൾക്കായുള്ള നീക്കങ്ങള്ക്ക് കൗശലപൂർവ്വം ഇന്ധനം പകരുന്നതിനും പിന്നിൽ, ഭരണവൃത്തങ്ങൾ തന്നെയാണ്. ഇതിലൂടെ അനാവശ്യഘടകങ്ങൾ പാർലമെന്റിൽ കടന്നുകൂടുന്നത് ഒഴിവാക്കാനാകും എന്നവർ അവകാശപ്പെടുന്നു. ഒരുപാട് കക്ഷികളെ ശ്രദ്ധിക്കുന്നതിലും എളുപ്പമാണത്രെ രണ്ടു കക്ഷികളെ മാത്രം ശ്രദ്ധിക്കുന്നത്. അതിലുപരി, അവർ ആഗ്രഹിക്കുന്ന, അധികാരത്തിന്റെ കേന്ദ്രീകരണത്തിനാണ് ഇത് സഹായിക്കുക. ആശയക്കുഴപ്പത്തിലാകുന്ന ഒരു വിഭാഗം ജനങ്ങൾ ഇതിനു വശംവദരാകുന്നു. പാർലമെന്റിനെ നിഷ്ക്രിയമാക്കിക്കൊണ്ട്, ബൂർഷ്വ ജനാധിപത്യത്തിന്റെ സത്തയെത്തന്നെ ഇല്ലാതാക്കിക്കൊണ്ട്, അതിനെ തങ്ങളുടെ ഒരു അനുബന്ധം മാത്രമാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് ഭരണകുത്തകകൾ ഇന്ന് നെയ്തെടുക്കുന്നത്. ഇരുകക്ഷി ജനാധിപത്യം ഈ രൂപകൽപ്പനക്ക് കൃത്യമായി യോജിക്കും. ഏറെമുമ്പുതന്നെ, എസ്യുസിഐ(സി) സ്ഥാപക ജനറൽ സെക്രട്ടറിയും മഹാനായ മാർക്സിസ്റ്റ് ചിന്തകനുമായ സഖാവ് ശിബ്ദാസ് ഘോഷ് ഇപ്രകാരം അഭിപ്രായപ്പെട്ടു. “…രൂപത്തെ സംബന്ധിച്ചിടത്തോളം ഫാസിസം നിയതമായ ഒരു രൂപഘടനയും അവതരിപ്പിക്കുന്നില്ല. വിവിധ രാജ്യങ്ങളിൽ പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് അത് വിവിധ രൂപങ്ങൾ കൈക്കൊണ്ടു. ചിലയിടങ്ങളിൽ അത് വ്യക്തിയുടെ ഏകാധിപത്യത്തിന്റെ രൂപം സ്വീകരിച്ചു. ചിലയിടങ്ങളിൽ ഫാസിസം സൈനികഭരണത്തിന്റെ ഏകാധിപത്യമായി. പിന്നെയും ചില രാജ്യങ്ങളിൽ അത് ജനാധിപത്യത്തിന്റെ മേലങ്കി അണിഞ്ഞുകൊണ്ട് പാർലമെന്റിനെ പേരിന് നിലനിർത്തിയെങ്കിലും, രാഷ്ട്രീയവും സാമ്പത്തികവും ആയ കേന്ദ്രീകരണത്തിലൂടെ അതിന്റെ അധികാരത്തെ ചുരുക്കി. ഇരുകക്ഷി പാർലമെന്ററി ഭരണസംവിധാനത്തിലൂടെ, ജനാധിപത്യരൂപത്തിൽ ഫാസിസം പ്രത്യക്ഷപ്പെടുന്നത് തീർച്ചയായും ചരിത്രത്തിൽ മുൻമാതൃകകളില്ലാത്ത ഒരു യുദ്ധാനന്തര സാമൂഹികപ്രതിഭാസമാണ്. പ്രത്യക്ഷത്തിൽ അത് വളരെ ജനാധിപത്യപരമായി തോന്നാമെങ്കിലും, അതേസമയംതന്നെ അത് തികച്ചും വഞ്ചനാപരവുമാണ്. ഫാസിസത്തെ അതിന്റെ ഉള്ളടക്കവും വ്യതിരിക്ത ലക്ഷണങ്ങളുംകൊണ്ടല്ലാതെ അതിന്റെ രൂപം കൊണ്ട് മാത്രം തിരിച്ചറിയാൻ ശ്രമിക്കുന്ന പല ബുദ്ധിജീവികളെയും വാസ്തവത്തിൽ അതിന് കബളിപ്പിക്കാൻ സാധിക്കുന്നുമുണ്ട്…” (കോൾ ഓഫ് ദ അവർ, സമാഹൃത കൃതികൾ, രണ്ടാം വോള്യം) കൃത്യമായും ഇതു തന്നെയാണ് യുഎസ്, യുകെ തുടങ്ങി മറ്റു പല രാജ്യങ്ങളിലും കാണുന്നത്. ഒരു ദ്വികക്ഷി സംവിധാനത്തിൽ, ഭരണവർഗ്ഗം തങ്ങളുടെ താത്പര്യാർത്ഥം തങ്ങൾക്കു വിധേയരായ രണ്ടു പാർട്ടികളെ ഭരണത്തിനായി തെരഞ്ഞെടുക്കും. ജനങ്ങൾക്കാകട്ടെ, തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ച്, തങ്ങളുടെ താത്പര്യത്തിനനുസരിച്ചുള്ള സർക്കാരിനെ തെരഞ്ഞെടുക്കുന്നു എന്ന വിശ്വാസത്തിൽ, ഈ രണ്ടെണ്ണത്തിലൊന്നിനെ മാത്രം തെരഞ്ഞെടുക്കേണ്ടി വരുന്നു. വാസ്തവത്തിൽ, ഭരണവൃത്തങ്ങൾ കുത്തകകളുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട് ഇങ്ങനെയൊരു സംവിധാനം ഏറെക്കുറെ നടപ്പിൽ വരുത്തിക്കഴിഞ്ഞു. ഇത് നിലവിൽതന്നെ തെരഞ്ഞെടുപ്പുകളിൽ കാണാവുന്നതാണ്. ബൂർഷ്വ പ്രചരണയന്ത്രം, തെരഞ്ഞെടുക്കപ്പെടുന്നതിനായി രണ്ടുപാർട്ടികളെ അല്ലെങ്കിൽ മുന്നണികളെ മാത്രം ഉയർത്തിക്കാട്ടുകയും, മറ്റു പാർട്ടികളെയൊക്കെ അവഗണിക്കുകയും തമസ്ക്കരിക്കുകയും ചെയ്യുന്നു. ഇന്ത്യയിലും വിവിധ തെരഞ്ഞെടുപ്പുകളിൽ ഇത് കാണാവുന്നതാണ്. തെരഞ്ഞെടുപ്പ് യുദ്ധത്തെ ഒന്നുകിൽ മുതലാളിവർഗ്ഗത്തിന്റെ രണ്ടു പാർട്ടികളുടേത് മാത്രമായോ, അല്ലെങ്കിൽ രണ്ടു മുന്നണികളുടേത് മാത്രമായോ ചുരുക്കുന്നു. അപ്പോൾ ഇവിടെയും യഥാർത്ഥത്തിൽ അതിവേഗം ഇരുപാർട്ടി ജനാധിപത്യമായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ഒരു പ്രസിഡൻഷ്യൽ രീതിയിലുള്ള ഭരണത്തിനനുകൂലമായും പിന്തുണയുണ്ടാകുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിനെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി സംസാരിച്ചത് കഴിഞ്ഞ ദിവസമാണ്. ഈ പശ്ചാത്തലത്തിൽ നോക്കിയാൽ, എക്സിക്യൂട്ടീവിന്റെ കരങ്ങളിലേക്ക് പരമാധികാരം കേന്ദ്രീകരിക്കുന്ന പ്രസിഡൻഷ്യൽ സംവിധാനത്തിന് അനുകൂലമായി പൊതുജനപിന്തുണ നേടിയെടുക്കുന്നതിനായി, നിലമൊരുക്കുന്നതിനുള്ള ശ്രമമായി ഇതിനെ കാണാം. പക്ഷേ, പ്രസിഡൻഷ്യൽ സംവിധാനവും ദ്വികക്ഷി ജനാധിപത്യവും നിലനിൽക്കുന്ന യുഎസിൽ ഇപ്പോൾ ഉണ്ടായ ഈ സംഭവം, ഈ രണ്ടു രൂപങ്ങൾ അല്ലെങ്കിൽ ഇവയുടെ സങ്കരമെന്നത് എത്രത്തോളം ജനാധിപത്യപരമാണെന്നതിൽ കണ്ണുതുറപ്പിക്കേണ്ടതാണ്. കൂടാതെ, ഈ ദ്വികക്ഷി സമ്പ്രദായമോ പ്രസിഡൻഷ്യൽ ഭരണമോ നിലനിൽക്കുന്ന രാജ്യങ്ങളിൽ ജനങ്ങളുടെ കഷ്ടസ്ഥിതിക്കു മാറ്റമുണ്ടായിട്ടുണ്ടോ? അതോ അത് ഇരട്ടിച്ചോ? അവിടെ അഴിമതിയും ദുർഭരണവും വഴിപിഴയ്ക്കലും കുറഞ്ഞോ അതോ കൂടിയോ? എല്ലായിടത്തും പാർലമെന്ററി ജനാധിപത്യത്തെ, അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളും പ്രതിജ്ഞകളും ഉരിഞ്ഞുകളഞ്ഞ്, വെറും അസ്ഥികൂടം മാത്രമായി മാറ്റിയിട്ടില്ലേ? അമേരിക്കയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങൾ ഇതിന്റെ കൃത്യമായ നിദർശനമാണ്. ശരിയായി ചിന്തിക്കുന്ന ജനാധിപത്യബോധമുള്ള ജനങ്ങളൊക്കെയും വളരെ വിഷമത്തോടെ നിരീക്ഷിക്കുന്നത്, അധികാരക്കൊതിപൂണ്ട സ്വാർത്ഥമതികൾ മാത്രമല്ല, കുറ്റവാളികളും സാമൂഹികവിരുദ്ധരുംപോലും ബൂർഷ്വാ പാർട്ടികളുടെ നേതൃത്വത്തിലേക്കെത്തുകയും, ഉന്നതമായ നിയമനിർമ്മാണകേന്ദ്രങ്ങളായ നിയമനിർമ്മാണസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും, നിയമനിർമ്മാതാക്കളും മന്ത്രിമാരുമൊക്കെയായി മാറി, അതുവഴി കശാപ്പു ചെയ്യപ്പെട്ട പാർലമെന്ററി ജനാധിപത്യത്തിന്റെ നടത്തിപ്പുകാരായി മാറുന്നു. പണം-മാഫിയ-മാധ്യമം – ഇവരാണ് ഇന്ന് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇത് രാഷ്ട്രീയത്തിന്റെ ക്രിമിനൽവൽക്കരണമല്ലാതെ ഒന്നുമല്ല. ഈ പ്രക്രിയയിലൂടെ ഭരണവർഗ്ഗം നേടുന്നതെന്തെന്നാൽ, ജനങ്ങളുടെ യഥാർത്ഥപ്രതിനിധികളുടെ കടന്നുവരവിനെ തടുത്തുകൊണ്ട്, പാർലമെന്റിനുള്ളിൽ ജനശ്ശബ്ദം മുഴങ്ങുന്നത് തടയുക എന്നതാണ്. ഭരണകുത്തകകൾ ഒരു കാര്യത്തെക്കുറിച്ച് എപ്പോഴും ജാഗരൂകരായിരിക്കും. ജനവിരുദ്ധനയങ്ങൾ തീവ്രമായി പിന്തുടരുന്നതു കൊണ്ടോ, സ്വയം പുകഴ്ത്തൽ കൊണ്ടോ, കാര്യങ്ങൾ പരിധിവിട്ട് ചെയ്യുന്നതുകൊണ്ടോ ഏ തെ ങ്കിലും ഭരണകക്ഷിക്കോ നേതാവിനോ ജനങ്ങളുടെ മുന്നിൽ തീർത്തും വിശ്വാസ്യത നഷ്ടപ്പെടാൻ പാടില്ല. കാരണം, ഭരണവിരുദ്ധ വികാരം എന്നതിനപ്പുറം ജനരോഷം വളർന്ന് അത് വ്യവസ്ഥിതിക്കെതിരേയുള്ള മനോഭാവമായി മാറാം എന്നവർ ഭയപ്പെടുന്നു. അങ്ങനെ സംഭവിക്കുന്നപക്ഷം, ഭരണവർഗ്ഗം കൗശലപൂർവ്വം, ഭരിക്കുന്ന പാർട്ടിയെയോ നേതാവിനെയോ തങ്ങളോടു വിശ്വസ്തരായ മറ്റൊരു പാർട്ടിയെയോ നേതാവിനെയോ മാറ്റി തല്സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. അപ്പോൾ, തേഞ്ഞുതീർന്ന പാർലമെന്ററി ജനാധിപത്യത്തിനുള്ളിൽ ഭരണമുതലാളിത്തത്തിന്റെ ഒന്നല്ലെങ്കിൽ മറ്റൊരു പ്രതിനിധിയെ മാറിമാറി ജനം തെരഞ്ഞെടുക്കേണ്ടി വരുന്നു. ചൂഷണമുതലാളിത്ത സംവിധാനം പോറലേൽക്കാതെ നിലകൊള്ളുന്നു. ഇത് നാം നമ്മുടെ രാജ്യത്ത് കണ്ടുകഴിഞ്ഞു. ഇത് നമ്മൾ യുഎസിലും കണ്ടു. അധികാര ദുരുപയോഗവും തീർത്തും അധമമായ പെരുമാറ്റവും തോന്നിയപോലെയുള്ള പ്രവൃത്തികളും കൊണ്ട് ജനങ്ങളെ ശത്രുപക്ഷത്താക്കിയ ട്രംപിന്, യുഎസ് കുത്തകകളുടെ സമ്പൂർണ്ണമായ പിന്തുണ കിട്ടിയില്ലെന്നത് വ്യക്തമാണ്. അതുകൊണ്ട് ജോ ബൈഡന് ട്രംപിനുമേൽ വിജയം വരിക്കാൻ സാധിച്ചു.
ട്രംപിനും മോദിക്കുമിടയിലെ ചങ്ങാത്തംഒരു കാര്യം ശ്രദ്ധാർഹമാണ്.
പ്രതിസന്ധിയിൽമുങ്ങിയ പഴഞ്ചനും അഴിമതി നിറഞ്ഞതും പിന്തിരിപ്പനുമായ മുതലാളിത്ത സംവിധാനമാണ്, സാമ്പത്തികദുരിതം, വർധിക്കുന്ന അസമത്വം, ഇല്ലായ്മ, മലിനമായ സാമൂഹിക-സാംസ്ക്കാരിക മേഖലകൾ, മൂല്യത്തകര്ച്ച തുടങ്ങി എല്ലാ തിന്മകളുടെയും മൂലകാരണം. ഈ സത്യത്തെ മറച്ചുപിടിക്കുവാനും, ജനങ്ങളെ കബളിപ്പിച്ച് തെരഞ്ഞെടുപ്പു തിരിച്ചടി ഒഴിവാക്കാനുള്ള ശ്രമത്തിലും, നേരത്തേ സൂചിപ്പിച്ചതുപോലെ വെള്ളക്കാരുടെ മേധാവിത്വ മനോഭാവത്തെ ആളിക്കത്തിച്ച് ഉപയോഗിക്കുക എന്ന മാർഗ്ഗമാണ് ട്രംപ് ഉപയോഗിച്ചത്. ഇത്രയൊക്കെ നാണംകെട്ട പ്രവൃത്തികൾ ചെയ്തുകൂട്ടിയിട്ടും, അമേരിക്കൻ ചരിത്രത്തിൽത്തന്നെ രണ്ടാമത്തെ ഉയർന്ന വോട്ടുനേട്ടമായ 70 ദശലക്ഷം വോട്ടുകൾ കരസ്ഥമാക്കുന്നതിൽ അദ്ദേഹം വിജയിച്ചു എന്ന വസ്തുത, ട്രംപിന്റെ ശ്രമം വിജയിച്ചു എന്നതിന്റെ തെളിവാണ്.ദേശീയതലത്തിലെ മൊത്തം വോട്ടുകളുടെ 47% അദ്ദേഹത്തിന്റേതായിരുന്നു. ഇത് കാണിക്കുന്നത്, രാജ്യത്തെ വലിയ വിഭാഗം ജനങ്ങൾക്കിടയിൽ സ്വാധീനമുറപ്പിക്കുന്നതിൽ ട്രംപ് വിജയിച്ചു എന്നതാണ്. യുക്തിക്ക് നിരക്കാത്ത ഈ ബന്ധത്തിലൂടെ ആയിരക്കണക്കിന് അനുയായികളെ, ആരാധനയോളംപോന്ന അർപ്പണബോധത്തിലേക്കാണ് അദ്ദേഹം കൊണ്ടുചെന്നെത്തിച്ചത്. വർഗ്ഗീയസംഘർഷങ്ങളെ ഊതിപ്പെരുപ്പിച്ചും ട്വീറ്റുകളിൽ വംശീയത നിറഞ്ഞ ഭാഷ ഉപയോഗിച്ചും, ആളുകളെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചും, വെള്ളക്കാരായ വംശീയവാദികളെ അധിക്ഷേപിക്കുന്നതില് മടികാണിച്ചും, ബുദ്ധിജീവി നാട്യവും വിചിത്രമായ ആത്മപ്രശംസനടത്തിയും അദ്ദേഹം ആയിരക്കണക്കിന് അനുയായികളിൽ ആരാധന നിറഞ്ഞ അർപ്പണത്തോടെയുള്ള യുക്തിഹീനമായ ബന്ധമാണ് സൃഷ്ടിച്ചത്. ഇപ്പോൾ യുഎസിലെയും ഇന്ത്യയിലെയും സാഹചര്യങ്ങളെ താരതമ്യം ചെയ്യുകയാണെങ്കിൽ പല സാമ്യങ്ങളും കണ്ടെത്താൻ സാധിക്കും. ഈ രണ്ടു സാമ്രാജ്യത്വരാജ്യങ്ങളിലെയും സമ്പദ്ഘടനകൾ മൂക്കുകുത്തിക്കൊണ്ടിരി ക്കുന്നു. സാധാരണജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും, തൊഴിലില്ലായ്മയും, തൊഴിൽനഷ്ടവും, കുറ്റകൃത്യങ്ങളുമൊക്കെ മാനംമുട്ടെ കുതിച്ചുയരുന്നു. രണ്ടു രാജ്യങ്ങളിലെയും ഭരണകൂടങ്ങളാകട്ടെ, അതിതീവ്ര ദേശീയതയുടെ മുദ്രാവാ ക്യങ്ങളുയർത്തിയാലും ശരി, ഐക്യത്തിന്റെ ആശ്വാസപ്രഭാഷണം നടത്തിയാലുംശരി, അവരെല്ലാംതന്നെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണു ശ്രമിക്കുന്നത്. സാമ്പത്തികതകർച്ചയുടെയും, സാമൂഹിക അരക്ഷിതാവസ്ഥയുടെയും ജീവിതത്തിന്റെ അനിശ്ചിതാവസ്ഥയുടെയും, സാധാരണ ബഹുജനങ്ങളെ അകപ്പെടുത്തിയിരിക്കുന്ന കൊടിയ ദുരിതങ്ങളുടെയും ഒക്കെ യഥാർത്ഥ കാരണങ്ങളിൽനിന്നും അവരുടെ ശ്രദ്ധതിരിക്കുക എന്നതാണ് ഉദ്ദേശ്യം. ജനങ്ങളെ ഭിന്നിപ്പിച്ച് നിർത്തുവാൻവേണ്ടി ഭരണകർത്താക്കൾതന്നെ സൃഷ്ടിച്ച വംശീയ-വർഗ്ഗീയ-വിഭാഗീയ വേർതിരിവുകൾകൊണ്ട് രണ്ട് സമൂഹങ്ങളും രോഗാതുരമായിരിക്കുന്നു. രണ്ട് രാജ്യങ്ങളിലും ന്യൂനപക്ഷങ്ങളെയും അധഃസ്ഥിതരെയും ശിക്ഷാഭീതിയില്ലാതെ ദ്രോഹിക്കുന്നതും കൊല്ലുന്നതും വ്യാപകമാകുന്നു. ഈ രണ്ട് രാജ്യങ്ങളിലെയും ഉന്നതനേതാക്കൾക്ക് ഒരു അതിമാനുഷ പരിവേഷം നൽകാനുള്ള നിരന്തരമായ ശ്രമവും ദൃശ്യമാണ്. അതുകൊണ്ട്, ട്രംപിനും മോദിക്കും വിശ്വസ്തരായ സഖ്യകക്ഷികളായും ഒരേ തോണിയിലെ യാത്രക്കാരായും പരസ്പരം തിരിച്ചറിയാൻ സാധിച്ചു. അതുകൊണ്ടുതന്നെ, അവർ പരസ്പരം പ്രശംസകൾ ചൊരിയുന്നു. ഏകാധിപതികളായ കരുത്തന്മാരോടുള്ള ആരാധനയാണ് രണ്ടുപേരെയും ചേർത്തുനിർത്തുന്നത്. രണ്ടുപേരുടെയും അടുപ്പത്തിന്റെ കരുത്തുകാണിക്കാൻ രണ്ട് സംഭവങ്ങൾ എടുത്തുപറയേണ്ടതുണ്ട്. 2019 സെപ്റ്റംബറിൽ യുഎസിലെ ഹൂസ്റ്റണിൽ, ‘ഹൗഡി മോദി’ എന്ന ചടങ്ങ് ട്രംപ് സംഘടിപ്പിച്ചു. ഇന്ത്യൻ വംശജരായ വോട്ടർമാരെ ആകർഷിക്കുക എന്നതായിരുന്നു ഇതിന്റെ യഥാർത്ഥ ഉദ്ദേശ്യം. മോദി ആഹ്ലാദഭരിതനായി അവിടെ എല്ലാവരോടും ആഹ്വാനം ചെയ്തത്, രണ്ടാമതൊരു വട്ടംകൂടി ട്രംപിനെ തെരഞ്ഞെടുക്കണമെന്നായിരുന്നു. ‘അബ്കി ബാർ ട്രംപ് സർക്കാർ’ (അടുത്ത തവണയും ട്രംപിന്റെ സർക്കാർ തന്നെ) എന്നതായിരുന്നു മോദി അവിടെ ഉയർത്തിയ മുദ്രാവാക്യം. മാസങ്ങൾക്കകംതന്നെ, അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിൽ ട്രംപിനെ സ്വീകരിക്കാനായി, 100 കോടി രൂപ ചെലവിട്ട്, ‘നമസ്തേ ട്രംപ്’ എന്ന പരിപാടി മോദി സംഘടിപ്പിച്ചു. മലിനമായ ചേരിപ്രദേശങ്ങളെ രാത്രിക്കുരാത്രി മതിൽ പണിഞ്ഞ് മറച്ചുകൊണ്ടാണ് ‘തിളങ്ങുന്ന ഇന്ത്യയുടെ’ കാഴ്ച്ച ട്രംപിന് സമ്മാനിച്ചത്. ട്രംപുമായുള്ള അടുപ്പത്തിലൂടെ, താനും യുഎസ് പ്രസിഡന്റിന് തുല്യനാണെന്ന് ലോകത്തിനുമുമ്പിൽ തോന്നിപ്പിക്കുന്നതിനായി പ്രധാനമന്ത്രി മോദി ശ്രമിച്ചു എന്നത് വ്യക്തമാണ്. ഇതിലൂടെ, പ്രധാനമന്ത്രി മോദിയും അതേ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് തെളിയിച്ചു. ജനാധിപത്യവിരുദ്ധമായ ശീലങ്ങളിലും രീതികളിലും അധികാരഭ്രാന്തിലും സ്വയം ഉയർത്തിക്കാട്ടുന്നതിലും ഭരണകുത്തകകളോട് അടിമത്തപരമായ വിധേയത്വം കാട്ടുന്നതിലും വേരൂന്നിയതാണ് ഈ രാഷ്ട്രീയം.ട്രംപിനെ സംബന്ധിച്ചിടത്തോളം, വ്യക്തിപരമായ ദുർവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, തന്റെതന്നെ കോർപ്പറേറ്റ്-വാണിജ്യ താത്പര്യങ്ങൾ പിന്തുടരുകയായിരുന്നു അദ്ദേഹം. അതുവഴി ദുഷിച്ച മുതലാളിത്ത സംവിധാനത്തെ ജനരോഷത്തിൽനിന്നും സംരക്ഷിച്ചുപിടിക്കാൻ അദ്ദേഹം സഹായിച്ചു. അപ്പോൾ ട്രംപും മോദിയും തമ്മിലുള്ള ഈ ചങ്ങാത്തമെന്നത്, ഫാസിസ്റ്റ് ഏകാധിപത്യമെന്ന ഒരേ തോണിയിൽ ഒരുമിച്ചു തുഴയുന്നതിലല്ലാതെ മറ്റെന്തിൽ അടിസ്ഥാനപ്പെടുത്തിയതാണ്? ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ അധഃപതനത്തിനും ഉപരിയായി, യുഎസിലെ നീതിന്യായ വകുപ്പ്, മാധ്യമങ്ങളിലെ ഒരു വിഭാഗം, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ എന്നിവർക്ക്, വഴിവിട്ട രീതിയിൽ പ്രവർത്തിക്കുന്നു എന്നു തോന്നിയാൽ പ്രസിഡന്റിനെതിരെയും ശബ്ദമുയർത്താൻ സാധിക്കുന്നു. ഇംപീച്ചമെന്റിലേക്കു പോകാൻപോലും അവർ ധൈര്യം കാണിക്കുന്നു. പക്ഷേ ഇന്ത്യയിൽ ഈ രീതിയിലുള്ള ജനാധിപത്യവീക്ഷണത്തിന്റെ അഭാവമുണ്ട്. പകരം ഓരോ ദിനം പിന്നിടുമ്പോഴും, ബ്യൂറോക്രസിമുതൽ ജുഡീഷ്യറി വരെ യും, മാധ്യമങ്ങളും കാണിക്കുന്ന സ്വഭാവമെന്താണ്? എന്ത് കൊടിയ തെറ്റുചെയ്താലും, കള്ളത്തരം കാട്ടിയാലും, ജനാധിപത്യ പ്രക്രിയ അട്ടിമറിച്ചാലും, ഏകാധിപത്യപരമായി പെരുമാറിയാലും, അധികാരത്തിനായി വളരെ പച്ചയായി എന്ത് വഞ്ചന കാണിച്ചാലും, ക്യാബിനറ്റ് മന്ത്രിമാർ അടക്കമുള്ള എക്സിക്യൂട്ടീവിനെ പ്രതിരോധിക്കാനുള്ള ജുഗുപ്സാവഹമായ പ്രവണതയാണ് ഇവരെല്ലാം ഇപ്പോൾ കാണിക്കുന്നത്. നമ്മുടെ രാജ്യത്ത് ഇംപീച്ച്മെന്റ് പോകട്ടെ, ഇവർക്കൊക്കെ എതിരേയുള്ള ക്രിമിനൽ കേസുകൾപോലും ഒന്നുകിൽ തള്ളിക്കളയുന്നു, അല്ലെങ്കിൽ ഒളിപ്പിച്ചുവെക്കുകയോ സൂത്രത്തിൽ അവസാനിപ്പിക്കുകയോ ചെയ്യുന്നു. സർക്കാരിനെയോ ഭരണകക്ഷിയെയോ വിമർശിക്കുന്ന ഏതൊരാളിനെയും ഉടനടി രാജ്യദ്രോഹിയായും ദേശവിരുദ്ധനായും വഞ്ചകനായും മുദ്രകുത്തുന്നു. പലപ്പോഴും കസ്റ്റഡിയിലെടുത്ത് വിചാരണ പോലുമില്ലാതെ തടവിൽവച്ച് കള്ളക്കേസുകൾ ചാർത്തുന്നു. ഇതിൽ ചില ആളുകൾ ദുരൂഹമായി കൊല്ലപ്പെടുന്നു. ഇനി, ജനങ്ങളുടേതായി എന്തെങ്കിലും ന്യായമായ പ്രക്ഷോഭങ്ങ ളുണ്ടായി വന്നാൽ സർക്കാർ തങ്ങളുടെ മുഴുവൻ ശേഷിയും ഉപയോഗപ്പെടുത്തി അതിനെ അടിച്ചമർത്തുന്നു. അതേസമയംതന്നെ ഭരണകൂടത്തിന്റെ തണലിൽ കഴിയുന്ന ക്രിമിനലുകൾക്ക് ആൾക്കൂട്ട കൊലപാതകമടക്കംഎന്തുതരത്തിലുള്ള കുറ്റം ചെയ്താലും രക്ഷപെട്ടു പോകാൻ കഴിയുന്നു. നേരിട്ട് ഒരു ബന്ധവുമില്ലാത്തതോ, വിഷയത്തിനു വെളിയിലുള്ളതോആയ കേസുകളിൽപോലും ദൂരവ്യാപക പ്രത്യാഘാതങ്ങളു ണ്ടാകുന്ന തരത്തിൽ, എക്സിക്യൂട്ടീവിന് അനുകൂലമായ വിധിന്യായങ്ങൾ പുറപ്പെടുവിച്ച് കോടതികള് അവരെ സംപ്രീതരാക്കുന്നു. ജുഡീഷ്യറിയുടെ ഇത്തരം രീതികൾക്കെതിരെ നീതിന്യായസമൂഹത്തിന്റെ ഒരു വിഭാഗവും പല ഉന്നതവ്യക്തിത്വങ്ങളും അതൃപ്തി രേഖപ്പെടുത്തുന്ന സ്ഥിതിയിലെത്തി യിരിക്കുന്നു കാര്യങ്ങള്.
ശരിയായ പരിഹാരമാർഗ്ഗം കണ്ടെത്തുകയും കൃത്യമായി പിന്തുടരുകയും വേണം
ജനാധിപത്യത്തിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന പ്രഹസനങ്ങളും, ഭരണഘടനാപരമായ വ്യവസ്ഥകളിൽനിന്നുള്ള വ്യക്തമായ വ്യതിചലനങ്ങളും, അധികാരത്തിനായുള്ള അസഹ്യമായ പിടിവലികളും, തെമ്മാടിത്തരവും ചെളിവാരിയെറിയലും സ്വാർത്ഥമതികളായ രാഷ്ട്രീയനേതാക്കളുടെ വക്രോക്തികളും, രാഷ്ട്രീയത്തിന്റെ മലിനീകരണവും എല്ലാത്തിനുമുപരിയായി അധികാരത്തിന്റെ ഇടനാഴികളിൽ വിരാജിക്കുന്ന രാഷ്ട്രീയക്കാരുെട ആത്മാർത്ഥതയും സത്യസന്ധതയും പക്വതയും തൊട്ടുതീണ്ടാത്ത അവസ്ഥയുമൊക്കെ ജനാധിപത്യമനസ്സുള്ളവരെയും ധിഷണാശാലികളെയും സാമൂഹികപ്രവർത്തകരെയും വളരെയധികം അസ്വസ്ഥരാക്കുകയും വിഷമത്തിലാഴ്ത്തുകയും ചെയ്തിട്ടുണ്ട്. അവർ മനസ്സിലാക്കേണ്ടതെന്തെന്നാൽ, ബൂർഷ്വ ജനാധിപത്യത്തിന്റെ ഈ വ്യക്തമായ അധഃപതനം, യുഎസിലോ ഇന്ത്യയിലോ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച്, അൽപ്പം ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും ഇത് മുഴുവൻ സാമ്രാജ്യത്വ-മുതലാളിത്ത ലോകത്തിന്റെയും പൊതുസ്വഭാവമായി തീർന്നിരിക്കുന്നു. ബൂർഷ്വാ ജനാധിപത്യം ഇന്ന് രൂപപ്പെടുത്തിയിരിക്കുന്നത് ദുഷിപ്പും കളളവും അഴുക്കും പിന്നെ നിയമങ്ങളുടെയും മൂല്യങ്ങളുടെയും മര്യാദകളുടെയും നഗ്നമായ നിരാസവും കൊണ്ടാണ്. ബൂർഷ്വാ നയതന്ത്രജ്ഞരും അവരുടെ അനുയായികളും എത്ര ഉറക്കെ ജനാധിപത്യത്തെക്കുറിച്ച് വിലപിച്ചാലും, ഈ പിന്തിരിപ്പൻ, പഴഞ്ചൻ സംവിധാനത്തിന്റെ ഉള്ളിലെ ജീര്ണ്ണത കൂടുതൽ തീവ്രമായി വെളിവാക്കപ്പെട്ടുകൊണ്ടേയിരിക്കും. ചിന്തിക്കുന്ന ജനങ്ങളോടുള്ള ഞങ്ങളുടെ അപേക്ഷ, സമൂഹത്തിന്റെ പ്രയാണത്തിൽ പാർലമെന്ററി ജനാധിപത്യം അവസാനവാക്കല്ല എന്ന യാഥാര്ത്ഥ്യം മനസ്സിലാക്കണം എന്നതാണ്. അത് ഒരു ഘട്ടം മാത്രമാണ്. ചരിത്രപരമായി ആ ഘട്ടത്തിന്റെ പ്രാധാന്യം ഇല്ലാതായിക്കഴിയുമ്പോൾ, പിന്നെ അതേ ചൊല്ലി ദുഃഖിക്കുന്നത് അർത്ഥശൂന്യമാണ്. അതാണ് വിവേകം. ജ്ഞാനവും ധിഷണയും ആവശ്യപ്പെടുന്നത്, സാമൂഹ്യവികാസത്തിന്റെ ശരിയായ പാത കണ്ടെത്തി, അതിലൂടെ മുന്നോട്ടു പോകണമെന്നാണ്. അങ്ങനെ, മനുഷ്യൻ മനുഷ്യനുമേൽ നടത്തുന്ന ചൂഷണത്തിന്റെ ചങ്ങലയിൽനിന്നും, വർധിക്കുന്ന ദാരിദ്ര്യത്തിലും ദുരിതത്തിലും നിന്നും, മനുഷ്യരാശിയെ മോചിപ്പിക്കാൻ സംഘടിപ്പിക്കുന്ന വിപ്ലവത്തിലൂടെ മാത്രമേ, എല്ലാ അവശ്യ ഉപാധികളും പൂർത്തീകരിച്ചുകൊണ്ട് മുതലാളിത്തത്തെ തകർത്തെറിയുമ്പോൾ മാത്രമേ, രാഷ്ട്രസംവിധാനത്തെ മലീമസമാക്കുന്ന എല്ലാ കറകളും മാലിന്യങ്ങളും സമൂഹത്തെ വിട്ടൊഴിയുകയുള്ളു എന്ന് തിരിച്ചറിയണമെന്നതാണ്.