‘മേരേ പ്യാരേ ദേശ് വാസി യോം!’ രാജ്യത്തെ പ്രധാനമന്ത്രിയുടെ ഈ വ്യാജ അഭിസംബോധന നാം ഏറെ കേട്ടതാണ്. രാജ്യത്തെ ജനങ്ങളെ പൊതുവെയും കർഷകരെ പ്രത്യേകിച്ചും തീരാദുരിതത്തിലേയ്ക്ക് തള്ളിവിടാൻ അറിഞ്ഞുകൊണ്ട് കരുക്കൾ നീക്കിയ, അല്ലയോ പ്രധാനമന്ത്രി, താങ്കൾക്കെങ്ങനെ ”എന്റെ പ്രീയപ്പെട്ട ജനങ്ങളെ” എന്ന് വിളിക്കാൻ കഴിയുന്നു? കാർഷിക മേഖല പൂർണ്ണമായും വൻകിട കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലാക്കുവാൻ ലക്ഷ്യംവച്ച് കൊണ്ടുവന്ന മൂന്ന് കർഷക വിരുദ്ധ നിയമങ്ങളും വൈദ്യുതി (ഭേദഗതി) ബിൽ 2020ഉം പിൻവലിക്കുവാൻ ആവശ്യപ്പെട്ട് എട്ട് മാസം പിന്നിട്ട കർഷക സമരത്തോട് എന്തിനാണിത്ര അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്? കോർപ്പറേറ്റ് ഭീമൻമാരുടെ ചെറിയ കുടുംബ വിശേഷങ്ങളിൽപോലും അതിഥിയായി എത്താൻ സമയം കണ്ടെത്തുന്ന താങ്കൾക്ക് കർഷക നേതാക്കളുമായി മുഖാമുഖം ഇരുന്ന് മുൻവിധിയില്ലാതെ ഒരു ചർച്ചനടത്തുവാൻ എന്തേ ഇനിയും കഴിയാത്തത്?
താങ്കളെയും താങ്കളുടെ സംഘടനയുടേതുൾപ്പെടെ രാജ്യത്തെ മുഴുവൻ ജനങ്ങളെയും തീറ്റിപ്പോറ്റുവാൻ അഹോരാത്രം പണിയെടുക്കുന്നവരുടെ നിലനിൽക്കുവാനുള്ള അവകാശത്തെ ചവിട്ടിമെതിക്കുവാൻ ആരാണ് താങ്കൾക്ക് അധികാരം നൽകിയത്? ശത്രുരാജ്യത്തെ സൈന്യത്തോടെന്നപോലെ നാടിന്റെ അന്നദാതാക്കളോട് പെരുമാറുന്ന താങ്കൾ യഥാർത്ഥത്തിൽ ആരുടെ പ്രധാനമന്ത്രിയാണ്?
ഡൽഹി വീണ്ടും സമരച്ചൂടിൽ
പാർലമെന്റിന്റെ മൺസൂൺ സെഷൻ ആരംഭിച്ച ജൂലൈ 22ന് കർഷകരുടെ പാർലമെന്റ് മാർച്ച് നടത്തുവാനും തുടർന്ന് സമ്മേളനം തീരുന്നതുവരെ (ആഗസ്റ്റ് 13) എല്ലാ ദിവസവും പ്രതിഷേധ സമരം നടത്തുവാനും തയ്യാറെടുത്ത് ഡൽഹി അതിർത്തികളിൽ ട്രാക്ടറുകളുമായി കർഷകർ ആയിരങ്ങളായി വന്നുകൊണ്ടേയിരുന്നു. എന്നാൽ കർഷക സമരത്തെ ഭയപ്പെടുന്ന ഭരണാധികാരികൾ എവ്വിധവും പാർലമെന്റ് മാർച്ച് തടയുവാനുള്ള നീക്കം നടത്തി. പോലീസുമായി നിരവധിവട്ടം നടത്തിയ ചർച്ചകൾക്കൊടുവിൽ ദിവസേന 200 കർഷകരെവീതം മാത്രം ജന്തർമന്തറിൽ സമരം ചെയ്യാൻ അനുവദിച്ചു. എന്നാൽ ജൂലൈ 22 എത്തിയപ്പോൾ ഡൽഹി പൂർണ്ണമായും പോലീസ് നിയന്ത്രണത്തിലായി. 200 കർഷക സരമക്കാരെ നേരിടാൻ മുപ്പതിമായിരം പോലീസ്-അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചു. ഏഴ് സ്ഥലങ്ങളിൽ കർഷകരെ തടഞ്ഞുവച്ച് നടത്തിയ പരിശോധനകൾ നേരിട്ട ശേഷമാണ് ആദ്യദിനം ജന്തർമന്തറിൽ സമരഭടൻമാർക്ക് എത്തുവാൻ കഴിഞ്ഞത്. അതിനാൽ മൂന്ന് മണിക്കൂർ വൈകിയാണ് സമരം ആരംഭിച്ചത്.
കർഷക വിരുദ്ധ നിയമങ്ങളും വൈദ്യുതിബില്ലും അനുബന്ധ വിഷയങ്ങളും ഇഴകീറി പരിശോധിക്കുന്ന ‘കിസാൻ പാർലമെന്റ്’ തെരുവിൽ സംഘടിപ്പിച്ചുകൊണ്ടാണ് സംയുക്ത കിസാൻ മോർച്ച കർഷകരുടെ പ്രതിഷേധത്തിന് രൂപംനൽകിയത്. എപിഎംസികളിൽ വില നിശ്ചയിക്കുമ്പോൾ, കർഷക കുടുംബത്തിലെ സ്ത്രീകളുടെ, വീടുകളിലെ അദ്ധ്വാനംകൂടി വിലമതിക്കണമെന്ന് വനിതാ പാർലമെന്റ് ആവശ്യപ്പെട്ടു. ജൂലൈ 22ന് നടന്ന കിസാൻ പാർലമെന്റിനെ എഐകെകെഎംഎസ് പ്രസിഡന്റ് സഖാവ് സത്യവാൻ അഭിസംബോധന ചെയ്തു.
കർഷക വിരുദ്ധ നിയമങ്ങളെല്ലാം കിസാൻ പാർലമെന്റ് വോട്ടിനിട്ട് തള്ളി. തെരുവിൽതന്നെ ഭക്ഷണം കഴിച്ചും മുദ്രാവാക്യം വിളിച്ചും സമരം മുന്നേറുകയാണ്. എല്ലാ സംസ്ഥാനങ്ങളില്നിന്നും എല്ലാ കർഷക സംഘടനകളിൽനിന്നും പ്രാതിനിധ്യം ഉണ്ടാകത്തക്കവിധമാണ് പങ്കാളിത്തം ക്രമീകരിച്ചത്. അടുത്ത ലക്ഷ്യം യുപി തെരഞ്ഞെടുപ്പാണെന്നും ബിജെപിയെ അവിടെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സംയുക്ത കിസാൻമോർച്ച പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനായി സെപ്തംബറിൽ ആയിരക്കണക്കിന് കർഷകർ പങ്കെടുക്കുന്ന കിസാൻ മഹാപഞ്ചായത്തുകൾ യുപിയിൽ സംഘടിപ്പിക്കുവാനുള്ള നീക്കത്തിലാണ് സംയുക്ത കിസാൻ മോർച്ച.
കർഷകരുടെ പാർലമെന്റ് മാർച്ചിന്റെ ഭാഗമായും തുടർന്നും കേരളത്തിലും വിവിധ ജില്ലകളിൽ ഓൺലൈനായും ഓഫ്ലൈനായും സമരപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ജൂലൈ 22ന് കേരളത്തിലുടനീളം ഡൽഹി ചോലോ കർഷക സമര എക്യദാർഢ്യ സമിതികളുടെ ആഭിമുഖ്യത്തിലും എഐകെകെഎംഎസ്, കർഷക പ്രതിരോധ സമിതി തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലും പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം രേഖപ്പെടുത്തി. കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിൽ ധർണ്ണകളും യോഗങ്ങളും നടത്തി. അഞ്ച് മാസം തുടർച്ചയായി ഐക്യദാർഢ്യ സമരങ്ങൾ സംഘിപ്പിച്ച ആലപ്പുഴയിൽ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ നടന്ന ധർണ്ണ കോ-ഓർഡിനേറ്റർ ടി.മുരളി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ നടന്ന ധർണ്ണ ഡോ.ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ നടന്ന ധർണ്ണ മദ്യവിരുദ്ധ ജനകീയ സമരസമിതി സംസ്ഥാന പ്രസിഡന്റ് ഡോ.വിൻസന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. മാവേലിക്കരയിൽ നടന്ന ധർണ്ണ ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ് അഡ്വ.മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്തു. ചാലക്കുടിയിൽ നടന്ന ധർണ്ണ കർഷക കൂട്ടായ്മ നേതാവ് സി.എൽ.ആന്റോ ഉദ്ഘാടനം ചെയ്തു. കൊടുമണിൽ നടന്ന ധർണ്ണ കർഷക പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് ജോർജ് മാത്യു കൊടുമൺ ഉദ്ഘാടനം ചെയ്തു. കോഴിക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും കർഷകരുടെ പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമരപരിപാടികൾ സംഘടിപ്പിച്ചു.