ബി.ഒ.ടി ചുങ്കപ്പാതകൾ; ജനങ്ങൾക്ക് അന്യമാകുന്ന പൊതുനിരത്തുകൾ

Paliyekkara-toll.jpg
Share

കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യംവച്ചുള്ള ദ്രുതഗതിയിലുള്ള നീക്കമാണ് തങ്ങൾ നടത്തുന്നതെന്നും ദേശീയപാതകൾ അതിന്റെ ഉദാഹരണമാണെന്നും സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനസർക്കാര്‍ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. സ്തംഭനാവസ്ഥയിലായിരുന്ന ദേശീയപാതയുടെ വികസനപ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും അതിവിശിഷ്ട നഷ്ടപരിഹാരം നൽകിക്കൊണ്ട് സ്ഥലം ഏറ്റെടുപ്പിനുള്ള എതിർപ്പിനെ മറികടക്കുകയും ചെയ്ത സർക്കാരിന്റെ കാര്യക്ഷമതയെക്കുറിച്ചും വികസനത്തോടുള്ള പ്രതിജ്ഞാബദ്ധതയെക്കുറിച്ചും സർക്കാർ അനുകൂലികൾ വാചാടോപം നടത്തുന്നു. ഈ അവകാശവാദങ്ങളിലെന്തെങ്കിലും കഴമ്പുണ്ടോ?

ദേശീയപാതയിൽ എന്താണ് സംഭവിക്കുന്നത്?


ദേശീയപാതയോരങ്ങളിലെ ജനങ്ങൾ നേരിടുന്ന വികസനദുരന്തത്തിന് ഏകദേശം അരനൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. സ്വന്തംവസ്തുവിനുമേൽ യാതൊരു അവകാശവുമില്ലാതെ അന്യനാക്കപ്പെട്ടവന്റെ ചരിത്രമാണത്. വലിയ വേദനയും നൊമ്പരവും നീതിനിഷേധവും നൽകിക്കൊണ്ട് അത് ഇന്നും തുടരുകയാണ്.


1972ല്‍ ദേശീയപാതയായി പ്രഖ്യാപിക്കപ്പെട്ടതും എറണാകുളം ഇടപ്പള്ളിമുതൽ കേരള-കർണ്ണാടക അതിർത്തിയായ തലപ്പാടി വഴി കടന്നുപോകുന്നതുമായ പഴയ എൻഎച്ച് 17ന്റെ ചരിത്രം നാം പരിശോധിക്കുന്നത് നന്നായിരിക്കും. പൊതുമരാമത്ത് വകുപ്പിനുകീഴിലുള്ള വിവിധ റോഡുകൾ കൂട്ടിയോജിപ്പിച്ചാണ് ദേശീയപാതയായി പ്രഖ്യാപിച്ചത്. പരമാവധി 15 മീറ്റർ മാത്രം വീതിയുണ്ടായിരുന്ന ആ റോഡിന് മിക്കവാറും സൗജന്യമായി സ്ഥലംവിട്ടുകൊടുത്ത കുടുംബങ്ങൾ തന്നെയാണ് പാതയുടെ വശങ്ങളിൽ താമസിച്ചിരുന്നത്. ദേശീയപാത പ്രഖ്യാപനം വന്നതോടെ ഏകദേശം 30 മീറ്റർ വീതിയിൽ സ്ഥലം റോഡിനുവേണ്ടി മരവിപ്പിക്കപ്പെട്ടു. ഇരുവശത്തും 7.5 മീറ്റർ വീതം മരവിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് ആ സ്ഥലം ഒരു ബാധ്യതയായി മാറി. തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനോ, വിൽപ്പനയ്‌ക്കോ, ലോണിനോ കഴിയാത്തവിധം സ്ഥലം മരവിപ്പിക്കപ്പെട്ടതിനെത്തുടർന്ന് ദേശീയപാത വികസനത്തിനുവേണ്ടി ആദ്യമായി മുറവിളി ഉയർന്നത് ആ കുടുംബങ്ങളിൽ നിന്നു തന്നെയായിരുന്നു. എൺപതുകളുടെ പകുതിയോടെ സ്ഥലം ഏറ്റെടുക്കൽ വിജ്ഞാപനം ഇറങ്ങിയെങ്കിലും അത് കാര്യമായി പുരോഗമിച്ചില്ല. അവസാനം 2003ലാണ് സ്ഥലം ഏറ്റെടുക്കൽ പ്രക്രിയ ആരംഭിച്ചത്.


എറണാകുളം ജില്ലയിലെ ഇടപ്പള്ളി മുതൽ തൃശൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന മൂത്തകുന്നം വരെയുള്ള റീച്ചിൽ, തുച്ഛമായ നഷ്ടപരിഹാരം വാങ്ങിയും സൗജന്യമായിപോലും സ്ഥലം വിട്ടുകൊടുക്കാൻ ജനങ്ങൾ തയ്യാറായിരുന്നു. വിട്ടുകൊടുത്ത സ്ഥലത്തിനോട് ചേർന്ന്, ബാങ്ക് ലോൺ എടുത്തും മറ്റ് വസ്തുവകകൾ വിറ്റും സ്വയം പുനഃരധിവസിച്ച് ആയിരക്കണക്കിന് മനുഷ്യർ നാടിന്റെ വികസനത്തിൽ സന്തോഷത്തോടെ പങ്കാളിയായി. നാലുവരി പാതയ്ക്ക് 14 മീറ്റർ മാത്രം മതിയാകുമായിരുന്നിട്ടും ദേശീയപാതയുടെ ഭാവി വികസനത്തിനുകൂടി ഉദ്ദേശിക്കപ്പെട്ട 30 മീറ്റർ വീതിയിൽ ഈ മേഖലയിൽ സ്ഥലം ഏറ്റെടുക്കപ്പെട്ടു. എന്നാൽ ഉദാരവൽക്കരണ-സ്വകാര്യവൽക്കരണ നയങ്ങളുടെ പുതിയ ഘട്ടത്തിലേയ്ക്ക് രാജ്യം കടന്നതോടെ ദേശീയപാതകൾ എന്ന സങ്കൽപ്പത്തിൽനിന്ന് മാറിമാറിവന്ന സർക്കാരുകൾ പിന്നോട്ടുപോയി. ദേശീയപാതകൾ ബിഒടി ചുങ്കപാതകളായി മാറ്റാനായിരുന്നു കേന്ദ്ര സർക്കാരുകളുടെ നീക്കം.
പാത നാലുവരിയാക്കണമെങ്കിൽ 45 മുതൽ 60 മീറ്റർ വരെ വീതിയിൽ സ്ഥലം ഏറ്റെടുക്കണമെന്ന പുതിയ നിർദ്ദേശം മുന്നോട്ടുവയ്ക്കപ്പെട്ടു. 2005ൽ സ്വയം പുനഃരധിവസിച്ച കുടുംബങ്ങളുടെമേൽ കനത്ത പ്രഹരം ഏൽപ്പിച്ചുകൊണ്ട് 45 മീറ്റർ സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം സർക്കാർ ആരംഭിച്ചു. മിച്ചമായി ലഭിച്ച ഭൂമിയിൽ സ്വയം നിർമ്മിച്ച പല വീടുകളുടെയും ഗൃഹപ്രവേശനചടങ്ങ് നടക്കാൻ പോകുമ്പോഴാണ് പലരും ഈ ദുരന്തവാർത്ത കേൾക്കുന്നതുതന്നെ. പാതയോരത്ത് ഉപജീവനമാർഗ്ഗങ്ങൾ പടുത്തുയർത്തിയവരുടെയും നെഞ്ചത്ത് ഈ വാർത്ത തീ കോരിയിട്ടു.
തുടർന്ന് ചുങ്കപ്പാതകളാക്കി ദേശീയപാതകൾ മാറ്റുന്ന നടപടിക്കെതിരെ ഭൂമി നഷ്ടപ്പെടുന്നവരും അല്ലാത്തവരുമായ സാമൂഹ്യബോധമുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും പ്രക്ഷോഭരംഗത്തേയ്ക്ക് വന്നു. ശക്തമായ ചെറുത്തുനിൽപ്പ് സമരങ്ങൾ ഉയർന്നുവന്നു. നാലുവരിദേശീയപാതയ്ക്ക് നിലവിൽ ഏറ്റെടുത്ത 30 മീറ്റർ ധാരാളമായിരിക്കെ ചുങ്കപ്പാതയ്ക്കുവേണ്ടിയുള്ള 45 മീറ്റർ സ്ഥലമേറ്റെടുപ്പും കുടിയൊഴിക്കലും പാടില്ലെന്ന ഡിമാന്റ് ഉയർത്തപ്പെട്ടു. സമരസമിതികളുടെ ശക്തമായ നിലപാടും ജനസാന്ദ്രത കൂടിയ ഗോവയിലുൾപ്പെടെ 30 മീറ്ററിൽ 4 വരിപ്പാത പണിതതും ചർച്ച ചെയ്യപ്പെട്ടു. തുടർന്ന് വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സർവ്വകക്ഷിയോഗം ചേർന്ന് ദേശീയപാത 30 മീറ്ററിൽ നാലുവരിപ്പാതയായി വികസിപ്പിക്കണമെന്ന തീരുമാനം കൈക്കൊണ്ടു.
എന്നാൽ ആ തീരുമാനം അട്ടിമറിക്കാൻ ഉപജാപകർക്ക് കഴിഞ്ഞു. തുടർന്ന് രണ്ടാം സർവ്വകക്ഷിയോഗം ചേർന്നു. ആ യോഗവും 30 മീറ്ററിൽ നാലുവരിപ്പാത പണിയണമെന്നുതന്നെ തീരുമാനമെടുത്തു. ആ തീരുമാനവും കേരളത്തിലെ ടോംജോസിനെപോലുള്ള ബ്യൂറോക്രാറ്റുകളിൽ ഒരു വിഭാഗവും പ്രധാന രാഷ്ട്രീയപാർട്ടികളിലെ കുപ്രസിദ്ധരായ നേതാക്കളും ചേർന്ന് അട്ടിമറിച്ചു. പിന്നീട് തട്ടിക്കൂട്ടിയ മൂന്നാം സർവ്വകക്ഷിയോഗം ഫലത്തിൽ ഒരു പ്രഹസനമായി മാറി. 45 മീറ്ററിൽ ദേശീയപാതകൾ ബിഒടി ചുങ്കപ്പാതയായി വികസിപ്പിച്ചാൽ മതിയെന്ന ജനദ്രോഹകരവും ദേശവിരുദ്ധവുമായ തീരുമാനമെടുക്കുകയെന്ന ചടങ്ങ് പരിപാടിയായി അത് മാറി. അങ്ങനെ കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ തീവ്രവലതുപക്ഷ സാമ്പത്തിക നയങ്ങളോടുള്ള ചായ്‌വ് വ്യക്തമാക്കപ്പെട്ടു. സർക്കാർ തീരുമാനം വന്നെങ്കിലും ശക്തമായ ജനരോഷവും പ്രക്ഷോഭവും കാരണം ആ തീരുമാനം നടപ്പാക്കാനുള്ള സാഹചര്യം വളരെക്കാലമുണ്ടായില്ല.


2018ലെ പ്രളയവും തുടർച്ചയായ പ്രകൃതിക്ഷോഭവും ജനജീവിതം തകർത്തെറിഞ്ഞു. കോവിഡ് മഹാമാരിയുടെ കടന്നുവരവാകട്ടെ ജനങ്ങളുടെ കൂടിചേരലുകൾ ഇല്ലാതാക്കി. സർക്കാർവക നിയമപരമായ വിലക്കുകൾ ആളുകളെ വീടുകൾക്കുള്ളിൽ തളച്ചിട്ടു. അങ്ങേയറ്റം ദുരിതപൂർണ്ണമായ ജനജീവിതത്തെ പിണറായി സർക്കാർ തങ്ങളുടെ ജനദ്രോഹനടപടികൾക്കുള്ള സുവർണ്ണാവസരമായി കണ്ടു. നിയമത്തിന്റെ മൂടിക്കെട്ടിയ കണ്ണുകളുടെ ബലത്തിൽ ജനങ്ങളെ പിടിച്ചുപറിച്ചും ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങളിലൂടെയും സർക്കാർ ജനാധിപത്യവിരുദ്ധമായ നീക്കങ്ങളിലൂടെ ഭൂമിയേറ്റെടുക്കൽ പ്രക്രിയ നടത്തിയെടുത്തു. 17 വർഷമായി ജനങ്ങൾ നടത്തിയ ചെറുത്തുനിൽപ്പിനെ മഹാമാരിയുടെ മറയിൽ മറികടക്കാൻ ജനദ്രോഹിയായ ഒരു ഭരണാധികാരി നടത്തിയ ക്രൂരമായ നടപടിയായി അത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.


ദേശീയപാതകളുടെ ഇരകൾക്ക് നൽകിയ സ്വർഗ്ഗീയ പാക്കേജിന്റെ യാഥാർത്ഥ്യമെന്ത്?


ദേശീയപാത ചുങ്കപ്പാതയാക്കു ന്നതിനെതിരെയുള്ള സമരം ആരംഭിച്ചത് 2005ൽ ആണ്. അന്ന് നിലവിലുള്ള സ്ഥലംഏറ്റെടുക്കൽ നിയമം 1986ലെ ബ്രിട്ടീഷ് പൊന്നുംവില നിയമം ആയിരുന്നു. അതനുസരിച്ച് സർക്കാരിന് സുഗമമായി സ്ഥലം ഏറ്റെടുക്കാനും തുച്ഛമായ നഷ്ടപരിഹാരം മാത്രം നൽകി ആളുകളെ കുടിയൊഴിപ്പിക്കാനും സാധിച്ചിരുന്നു. എന്നാൽ നന്ദിഗ്രാം, സിംഗൂർ, മൂലമ്പിള്ളി തുടങ്ങിയ കുടിയൊഴിപ്പിക്കലുകൾ ദേശീയതലത്തിലും അന്തർദേശീയ തലത്തിൽപോലും ചർച്ച ചെയ്യപ്പെട്ടതിനെത്തുടർന്ന് 2013ൽ കേന്ദ്ര യുപിഎ സർക്കാർ പുതിയ ഭൂമിയേറ്റെടുക്കൽ നിയമം പാർലമെന്റിൽ പാസ്സാക്കി. ഈ നിയമത്തിൽ പുനഃരധിവാസത്തിനും നഷ്ടപരിഹാരത്തിനും കൂടുതൽ ജനാനുകൂലമായ നിർദ്ദേശങ്ങൾ ഉൾചേർത്തിരുന്നു. ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് താരതമ്യേന മെച്ചപ്പെട്ട നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നു. വീട് നഷ്ടപ്പെടുന്ന കുടുംബത്തിന് 9.60 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. യഥാക്രമം വ്യാപാരസ്ഥാപനങ്ങൾക്ക് 8 ലക്ഷം, തൊഴിലാളികൾക്ക് 36000 രൂപ, തുടങ്ങിയവയൊക്കെ ആ നിയമം വാഗ്ദാനം ചെയ്യുന്നു. എന്നാൽ പിണറായി സർക്കാർ ദേശീയപാത ഓരങ്ങളിൽ പിടിച്ചുപറിച്ച വസ്തുവകകൾക്ക് നൽകിയ നഷ്ടപരിഹാരം താഴെപ്പറയുംവിധമാണ്. വീടിന് 2.85 ലക്ഷം, വ്യാപാരസ്ഥാപനത്തിന് 75,000 തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഒന്നുമില്ല. കേരളത്തിലെ ഏറ്റവും കണ്ണായ നഗരങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും ജനവാസകേന്ദ്രങ്ങളിലൂടെയും കടന്നുപോകുന്ന ദേശീയപാതയുടെ ഓരങ്ങളിലെ കോടികൾ വിലമതിക്കുന്ന ഭൂമിക്ക് ഏതാനും ലക്ഷങ്ങൾ മാത്രമാണ് വച്ചുനീട്ടിയത്. അത് കേരളത്തിലെ ഉൾപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന സിൽവർലൈൻപദ്ധതിക്കും മറ്റും ഒരിക്കലും ലഭ്യമാകുന്ന വിലയുമല്ല. നിർബന്ധപൂർവ്വം സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ രേഖകളുടെ പേരിൽ വർഷങ്ങളായി ലാന്റ് അക്വിസേഷൻ ഓഫീസുകളിൽ കയറി ഇറങ്ങേണ്ടിവരുന്ന സാധാരണ ജനങ്ങളുടെ ദുരവസ്ഥ വിവരണാതീതമാണ്. വർഷങ്ങളായി ദേശീയപാതയോരത്ത് വീടുവച്ചും ഉപജീവനമാർഗ്ഗങ്ങൾ കണ്ടെത്തിയും കഴിയുന്നവരുടെ ഭൂമി പഴയരേഖകളിൽ നിലമാണെന്നതും മറ്റും ചൂണ്ടിക്കാട്ടി യഥാർത്ഥത്തിൽ അർഹമായ നഷ്ടപരിഹാര പോലും നിഷേധിക്കുന്ന ഉദ്യോഗസ്ഥ ക്രൂരതകൾ വിവരിക്കാനാകാത്തതാണ്. കാലാകാലങ്ങളിൽ ഈ ഓഫീസുകളിൽ മാറിമാറിവരുന്ന ഉദ്യോഗസ്ഥരാകട്ടെ ജനങ്ങളുടെ ആവലാതികൾക്കുമുന്നിൽ കൈമലർത്തുന്നതുംകൂടിയാകുമ്പോൾ സ്വർഗ്ഗീയപാക്കേജെന്ന തട്ടിപ്പിന്റെ ചിത്രം പൂർത്തിയാ കുകയാണ്. നിവൃത്തികേടുകൊണ്ട് വീണ്ടും സമരരംഗത്തിറങ്ങാൻനിർബന്ധിതരാകുകയാണ് കുടിയിറക്കപ്പെട്ടവർ.


ചുങ്കപ്പാതകൾ ദേശീയ
പാതകളെ വിഴുങ്ങുമ്പോൾ ആരാണ് വികസിക്കുന്നത്?


അടിച്ചേൽപ്പിക്കപ്പെട്ട തീരാദുരിതംപേറി റോഡ് വികസനത്തിനുവേണ്ടി സ്ഥലംവിട്ടുകൊടുത്ത് തെരുവിലായ മനുഷ്യർക്ക് തങ്ങളുടെ ത്യാഗത്തിന് കിട്ടിയ പ്രത്യുപകാരമാണ് ബിഒടി ചുങ്കപ്പാതകൾ. രണ്ടും മൂന്നുവട്ടം ഭൂമി വിട്ടുകൊടുത്ത് അവശേഷിച്ച സ്വന്തം തുണ്ടുഭൂമിയിൽ വീണ്ടും അവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ചുങ്കപ്പാതയുടെ ഇരുവശവും ഭാവി വികസന ആവശ്യങ്ങൾക്കെന്ന പേരിൽ 7.5 മീറ്റർ വീതിയിൽ സ്ഥലം വീണ്ടും മരവിപ്പിക്കപ്പെട്ടിരിക്കുന്നു. ഭാഗികമായി പൊളിക്കപ്പെട്ട കെട്ടിടങ്ങൾ പുനർനിർമ്മിക്കാനോ, വസ്തുവകകൾ പണയപ്പെടുത്തി തങ്ങളുടെ ആവശ്യങ്ങൾ നടത്താനോ, അവശേഷിക്കപ്പെട്ട കെട്ടിടഭാഗങ്ങളിൽ വ്യാപാരം നടത്താനോ അവർക്ക് അനുമതി നിഷേധിക്കപ്പെടുകയാണ്. ഈ ബഫർസോണിനുപുറമേ സ്ഥലമുള്ളവർക്കാകട്ടെ തങ്ങളുടെ പുതുതായി നിർമ്മിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ദേശീയപാതയിലെ സർവ്വീസ് റോഡുകളിലേയ്ക്ക് നേരിട്ട് പ്രവേശന മാർഗ്ഗം വേണമെങ്കിൽ 5വർഷത്തേയ്ക്ക് ഏകദേശം 3 ലക്ഷം രൂപ ഫീസ് നൽകേണ്ടിവരും. അതുകൂടാതെ അത്തരം ഭൂമിയിൽ നിർമ്മാണപ്രവർത്തനം നടത്തണമെങ്കിൽ ബിഒടി റോഡ് കമ്പനി ഏർപ്പെടുത്തിയിരിക്കുന്ന ഏജൻസിയിൽനിന്നും അനുമതി വാങ്ങണം. അതിന് ഏകദേശം 2 ലക്ഷം രൂപ നൽകേണ്ടിവരും. കൂടാതെ അവർ തയ്യാറാക്കി നൽകുന്ന അനുമതി പത്രവുമായി ചെന്നാലും സർക്കാരിലേയ്ക്ക് 2 ലക്ഷം രൂപ കൂടി കെട്ടിയാലെ നിർമ്മാണാനുമതി ലഭ്യമാകൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
ഈ റോഡുവികസനമാകട്ടെ, പാലക്കാട് മുതൽ ചേർത്തലവരെയുള്ള ഭാഗവും തിരുവനന്തപുരം ജില്ലയിലെ കുറച്ചുഭാഗവും ഒഴിച്ച് എവിടെയും നാലുവരിപ്പാതകളായി ഇന്നും വികസിച്ചിട്ടില്ല. സ്ഥലം പിടിച്ചെടുക്കാൻ കാണിച്ച ശുഷ്‌കാന്തി റോഡുവികസനത്തിന്റെ കാര്യത്തിൽ സർക്കാരിന് ഇല്ലായെന്നുള്ളതാണ് യാഥാർത്ഥ്യം. പലയിടങ്ങളിലും ഇന്നും രണ്ടുവരിപ്പാതയായിപോലും പരിവർത്തനപ്പെടുത്താൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. എന്നിട്ടാണ് ദേശീയപാത വികസിപ്പിക്കാൻ എന്തോ ചെയ്തുവെന്ന അവകാശവാദം സിപിഐ(എം) നടത്തുന്നത്.


ബിഒടി റോഡുകൾ പൊതുറോഡുകളല്ല; ജനങ്ങളെ അത് നഗ്‌നമായി
കൊള്ളയടിക്കുന്നു


കേരളത്തിലെ ദേശീയപാതകളിൽ ആദ്യത്തെ ബിഒടി ടോൾപ്ലാസ വന്നത് തൃശൂർജില്ലയിലെ പാലിയേക്കരയിലാണ്. പിന്നീട് എറണാകുളംജില്ലയിലെ കുമ്പളത്തും മുളവുകാടും ഇപ്പോൾ വടക്കഞ്ചേരിക്കടുത്ത് പന്നിയങ്കരയിലും ടോൾപ്ലാസ്സകൾ വന്നുകഴിഞ്ഞു. ഇരുപതിലേറെ ടോൾപ്ലാസ്സകൾ കേരളത്തിലെ റോഡുകളിൽ നിറയാൻ പോവുകയാണ്. ഭീമമായ ടോളുകൾ കടന്നുപോകുന്ന വാഹനങ്ങൾ തടഞ്ഞ് ഗൂണ്ടകളെപോലെ സ്വകാര്യ-വിദേശകമ്പനികൾ പണം പിഴിഞ്ഞെടുക്കുന്നു. ഇടക്കാലത്ത് ടോൾപ്ലാസ്സകളിൽ വാഹനങ്ങളുടെ വലിയ ക്യൂ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് വേഗത്തിൽ ചുങ്കംപിരിക്കാനായി ഫാസ്റ്റ് ടാഗുകൾ എന്ന പേരിൽ ചുങ്കം മുൻകൂട്ടി ഓൺലൈനായി പിരിച്ചെടുക്കാനുള്ള പദ്ധതി ആരംഭിച്ചു. ഫാസ്റ്റാഗ് സ്വന്തം ചെലവിൽ വാഹനങ്ങളിൽ സ്ഥാപിക്കാൻ വാഹന ഉടമ ബാധ്യസ്ഥനാണ്. ഏതെങ്കിലും കാരണവശാൽ ഫാസ്റ്റാഗിൽ ആവശ്യത്തിന് പണമില്ലാതിരിക്കുകയോ ഫാസ്റ്റാഗ് ഏർപ്പെടുത്താൻ കഴിയാതെപോകുകയോ ചെയ്യുന്നവർക്ക് ഭീമമായി പിഴചുമത്താനും ഈ സ്വകാര്യകമ്പനികൾക്ക് നിയമപരമായ അവകാശം നൽകിയിരിക്കുന്നു. ഇനി ഈ ചുങ്കമെല്ലാം നൽകിയാലും റോഡുകളിൽ പെരുകുന്ന വാഹനങ്ങളും അശാസ്ത്രീയനിർമ്മാണം മൂലം ഓരോ ജംഗ്ഷനുകളിലുമുള്ള ട്രാഫിക് സിഗ്‌നലുകളിൽ രൂപപ്പെടുന്ന വാഹനകുരുക്കുകൾ സത്യത്തിൽ ഭീമമായ നികുതിക്കുപുറമേ ചുങ്കപ്പാതകളിൽ കൊള്ളയടിക്കപ്പെടുന്നവരുമായ ജനങ്ങളെ അങ്ങേയറ്റം അവഹേളിക്കുന്നവയുമാണ്. ഇതുകൂടാതെയാണ് ദേശീയപാതയിലെ നിയമലംഘനങ്ങളുടെ പേരിൽ ജനങ്ങളെ കൊള്ളയടിക്കാൻ കോടികൾ മുടക്കി സ്ഥാപിച്ചിരിക്കുന്ന ക്യാമറകളും കഴുകൻ കണ്ണുകളുമായി നിൽക്കുന്ന ഉദ്യോഗസ്ഥരും. നിയമലംഘനമാകാം പിഴ നൽകിയാൽ മതിയെന്ന നിലപാടാണ് ഫലത്തിൽ സർക്കാരിനും.


പുതുതായി വരുന്ന വാർത്ത അനുസരിച്ച് ചുങ്കപ്പാതയിൽ രണ്ട് ടോൾ ബൂത്തുകൾക്കിടയിൽ ചുങ്കം നൽകാതെ രക്ഷപെടുന്നവരെകുടുക്കാൻ കഴിയുന്ന പുതിയ സംവിധാനം വരും. ജിപിഎസ് എല്ലാ വാഹനങ്ങളിലും ഘടിപ്പിക്കാനും അവർ ചുങ്കപ്പാതയിൽ പ്രവേശിച്ച് ഉപയോഗിക്കുന്ന അത്രയും ദൂരത്തിന് ചുങ്കം ഓൺലൈനായി പിരിച്ചെടുക്കാനും കഴിയുന്നവിധം ടെക്‌നോളജി ഉപയോഗപ്പെടുത്താനും തങ്ങളുടെ കൊള്ളയുടെ പരിധിയിൽനിന്നും ആരെയും രക്ഷപെടുത്താതിരിക്കാനും ചുങ്കപ്പാതയുടെ മേൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന മുതലാളിമാർക്ക് കഴിയും.


സിപിഐ(എം)ന്റെയും
കൂട്ടരുടെയും ഇടതുപക്ഷനാട്യം തുറന്നുകാട്ടുന്ന
ചുങ്കപ്പാതകൾ


നരേന്ദ്രമോദിയുടെയും സംഘപരിവാറിന്റെയും ആഗോളവൽക്കരണനയങ്ങളുടെയും എതിരാളികളാണെന്ന സിപിഐ(എം)ന്റെയും കൂട്ടരുടെയും നാട്യം ദേശീയപാതകളിൽവരുമ്പോൾ പൊഴിഞ്ഞുവീഴുന്നത് കാണാം. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻപദ്ധതിയിൽ പെടുത്തി സുഗമമായി റോഡ് സ്വകാര്യവൽക്കരണം നടത്താനുള്ള നരേന്ദ്രമോദിയുടെയും കൂട്ടരുടെയും ശ്രമങ്ങൾക്ക് ഒത്താശപാടുകമാത്രമല്ല എത്ര ഭംഗിയായി ഈ സാമ്രാജ്യത്വ-മുതലാളിത്ത താൽപ്പര്യങ്ങൾ തങ്ങൾക്ക് നടത്തിക്കൊടുക്കാനാവുമെന്നും പിണറായിയും കൂട്ടരും കേരളത്തിലെ ദേശീയപാതകളിൽ കാണിച്ചുകൊടുക്കുകയാണ്. ബിഒടി ചുങ്കപ്പാതകളും പിപിപി സംരംഭങ്ങളും മാത്രമേ ഇനി അടിസ്ഥാന വികസനരംഗത്ത് ബാക്കിയായുള്ളൂവെന്ന് അവർ യാതൊരു മടിയുമില്ലാതെ വ്യക്തമാക്കുന്നു. തങ്ങളുടെ മുതലാളിത്ത അനുകൂല ഭരണനടപടികൾ ഒരു വശത്ത് അഭംഗുരം തുടരുമ്പോഴും തൊഴിലാളികളോടും സാധാരണക്കാരോടും അവർ കൂടെയുണ്ടെന്ന് പറയാൻ ലജ്ജ കാണിക്കുന്നതുമില്ല. രാജ്യത്തെ ജനങ്ങളുടെയും ജീവിതത്തിലും പശ്ചാത്തലവികസനത്തിലും പൊതുറോഡുകൾ വഹിക്കുന്ന പങ്ക് എത്രമാത്രമാണെന്ന് അവർക്ക് അറിയാത്തതല്ല. പക്ഷേ റോഡുകൾ വലിയ ലാഭം കൊണ്ടുവരുമെന്നറിയുന്ന കുത്തക മുതലാളിമാരും കമ്പനികളും ഭരണാധികാരികളെ വിലയ്‌ക്കെടുത്തിരിക്കുന്നു. അവരുടെ താൽപ്പര്യങ്ങൾ പുലരുമ്പോൾ ബഹുഭൂരിപക്ഷം ജനങ്ങളും കൊള്ളയടിക്കപ്പെടുന്നത് നാം കാണുകയാണ്. ചുരുക്കം ചിലരുടെ വികസനത്തിന്റെ കാഴ്ചയാണ് കോർപ്പറേറ്റ് വികസനം തരുന്നത്. അവിടെ വ്യവസ്ഥാപിത ഇടതുപക്ഷം അവരുടെ സോഷ്യൽഡെമോക്രാറ്റിക് അഥവാ വർഗ്ഗവഞ്ചനയുടെ മുഖം നഗ്‌നമായി പ്രദർശിപ്പിക്കുന്നു.


എസ്‌യുസിഐ(സി) ഈ നയത്തിനെതിരായ പോരാട്ടത്തിൽ ജനങ്ങൾക്കൊപ്പമുണ്ട്. ദേശീയപാത സമരം സംസ്ഥാന വ്യാപകമാക്കിയെടുക്കാനും ശരിയായ ഡിമാന്റുകളുടെ അടിസ്ഥാനത്തിൽ സമരസംഘടന രൂപപ്പെടുത്തിയെ ടുക്കാനും അവയെ കൂട്ടിയോജിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനും സാധ്യമായ തലത്തിലെല്ലാം ശ്രമിച്ചു. ജനകീയ സമരത്തിന്റെ ശക്തി ബോധ്യപ്പെട്ട് ഒപ്പം ചേർന്ന വലിയ പ്രസ്ഥാനങ്ങളും വ്യക്തികളിൽ പലരും പലഘട്ടങ്ങളിലായി സമരത്തെ വഞ്ചിക്കുകയും കൈയൊഴിയുകയും ചെയ്തു. അമിതമായ പ്രതീക്ഷയും പ്രലോഭനങ്ങളും ചിലപ്പോഴെങ്കിലും സമരത്തിന്റെ പാതയിൽനിന്നും ആളുകളെ അടർത്തിമാറ്റിയെടുക്കാനുള്ള അടവുകളായി അധികൃതർ ഉപയോഗപ്പെടുത്തി. എങ്കിലും ആ പ്രക്ഷോഭം വരുംകാല സമരങ്ങൾക്കെല്ലാം ഒരു വലിയ പാഠപുസ്തകമായി മാറുകയാണ്. ആ പാഠങ്ങൾ ഉൾക്കൊളളാതെ മറ്റൊരു സമരത്തിനും വിജയത്തിന്റെ പാതയിൽ മുന്നേറാൻ സാധിക്കില്ല.

Share this post

scroll to top