പ്രിയ സുഹൃത്തുക്കളെ, സഖാക്കളെ,
ഈ യുഗത്തിലെ മഹാനായ മാര്‍ക്സിസ്റ്റ് ചിന്തകനും പ്രിയപ്പെട്ട നമ്മുടെ പാര്‍ട്ടി സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)ന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ സഖാവ് ശിബ്ദാസ് ഘോഷിന്റെ ജന്മശതാബ്ദിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആചരണത്തിനായി സഖാക്കളോട് അഭ്യര്‍ത്ഥിക്കേണ്ട ആവശ്യകതയില്ല എന്ന കാര്യം എനിക്കറിയാം, ഞാനങ്ങനെ ഉറച്ചു വിശ്വസിക്കുന്നു. കാരണം, ആ മഹാനായ ഗുരുനാഥന്റെ ശിഷ്യരെന്ന നിലയില്‍ സഖാക്കളും അനുഭാവികളും എല്ലാ ഹൃദയ വികാരങ്ങളോടെയും ആത്മസമര്‍പ്പണത്തോടെയും അദ്ദേഹത്തിന് സമുചിത ഗാംഭീര്യത്തോടെ പ്രണാമങ്ങളര്പ്പിക്കാന് സ്വമേധയാ തയ്യാറെടുത്തിരിക്കുകയാണ്.
അടിച്ചമര്‍ത്തപ്പെടുന്നവരോടുള്ള നിസ്സീമമായ വികാരവായ്പോടെ സഖാവ് ശിബ്ദാസ് ഘോഷ് നടത്തിയ ഐതിഹാസികമായസമരം ഒരിക്കല്‍ക്കൂടി അനുസ്മരിക്കാനുള്ള അവസരമാണിത്. ചരിത്രത്തില്‍ അസുലഭമായൊരു ജീവന്മരണ പോരാട്ടമായിരുന്നു അത്. വിപ്ലവദര്ശനമായ മാര്‍ക്സിസം ഇന്ത്യന്‍ മണ്ണില്‍ മൂര്ത്തവല്ക്കരിക്കുക യെന്ന മഹത്തായ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി നടത്തിയ അങ്ങേയറ്റം കഠിനതരവും സങ്കീര്‍ണ്ണവുമായ സമരമായിരുന്നു അത്. ഉറച്ച ബോദ്ധ്യത്തോടെ, അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടെ, തളരാത്ത മനോവീര്യത്തോടെ, അജയ്യമായ ധീരതയോടെ, അസാമാന്യമായ സ്ഥിരോത്സാഹത്തോ ടെയാണ് ആ സമരം നടത്തിയത്. അതിലൂടെ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെ കൂടുതല്‍ സമ്പുഷ്ടമാക്കിക്കൊണ്ട്, നമ്മുടെ രാജ്യത്തെ ജനങ്ങളെ മുതലാളിത്ത ചൂഷണത്തില്‍നിന്ന് മോചിപ്പിക്കുന്നതിനും അതോടൊപ്പം, സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും ഉതകുംവിധമുള്ള ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുകയായിരുന്നു.
നമ്മുടെ മനഃസ്സാക്ഷിയെ ഉദ്ദീപിപ്പിച്ചുകൊണ്ട് യഥാര്‍ത്ഥ വിപ്ലവ പോരാളികളെന്ന നിലയില്‍ നമ്മെത്തന്നെ ശക്തിപ്പെടുത്തുക എന്നതാണ് ഈ അനുസ്മരണംകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത് നേടിയെടുക്കാനായി താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. g അദ്ദേഹത്തിന്റെ വിപ്ലവപാഠങ്ങള്‍ സ്വാംശീകരിക്കുന്നതിനും ജീവിതത്തില്‍ പ്രയോഗിക്കുന്നതി നുമായി അവ ആവര്‍ത്തിച്ച് പഠിക്കുന്നതിനുള്ള ഗൗരവാവഹവും നിരന്തരവുമായ പരിശ്രമം നടത്തണം. g അടിച്ചമര്‍ത്തപ്പെടുന്നവരെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനും അവരെ സംഘടിപ്പിച്ച് വര്‍ഗ- ബഹുജന സമരങ്ങളില്‍ അണിനിരത്തുന്നതിനുമായി, അവരുമായി ആഴത്തിലുള്ള ഹൃദയബന്ധത്തോടെ ഇടപഴകുന്നതിനും അവരോടൊത്ത് ജീവിക്കുന്നതിനും തടസ്സംനില്ക്കുന്ന പെറ്റിബൂര്‍ഷ്വാ മുന്‍വിധികള്‍ ഭേദിച്ച് മുന്നോട്ടുവരാന്‍ കഴിയുന്നതരത്തിലുള്ള ഒരു സമരം നിശ്ചയദാര്‍ഢ്യത്തോടെ ഏറ്റെടുക്കണം. g നമ്മുടെ പ്രത്യയശാസ്ത്ര- സംഘടനാ നിലവാരം ഉയര്‍ത്തുന്നതിനുള്ള നിരന്തരവും ഫലപ്രദവുമായ പരിശ്രമം നടത്തണം. g നമ്മളിലുള്ള ബൂര്‍ഷ്വാ ശീലങ്ങളും സ്വഭാവങ്ങളും മനസ്സിലാക്കുന്നതിനും അവ ഇല്ലാതാക്കുന്നതിനും തുറന്നതും വൈമനസ്യമേതുമില്ലാത്തതുമായ സ്വയംവിമര്‍ശനവും മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ സന്തോഷത്തോടെ അംഗീകരിക്കാനുള്ള മനോഭാവവും ആവശ്യമാണെന്നിരിക്കെ, അവ നേടിയെടുക്കുന്നതിനുള്ള അക്ഷീണമായ സമരം ഏറ്റെടുക്കണം; നേതൃത്വത്തില്‍നിന്ന് ആവശ്യപ്പെടാതെതന്നെ ഏത് ജോലിയും സ്വന്തം മുന്‍കൈയോടെ ഏറ്റെടുക്കുന്ന സ്വഭാവം വളര്‍ത്തിയെടുക്കുന്നതിനുള്ള സമരം നിര്‍ബന്ധബുദ്ധിയോടെ നടത്തണം. g ഏതൊരാളില്‍നിന്നും, എത്ര സാധാരണക്കാരനായാലും, പഠിക്കാനുള്ള മനോഭാവമുണ്ടാകണം. g ഏതുകാര്യത്തിലായാലും വിജയത്തില്‍ അഹങ്കരിക്കുകയോ ഭ്രമിക്കുകയോ, പരാജയത്തില്‍ നിരാശപ്പെടുകയോ ചെയ്യുന്ന സ്വഭാവത്തിന് അടിപ്പെടരുത്. g പ്രതികൂലാവസ്ഥകളോ ബുദ്ധിമുട്ടുകളോ വകവയ്ക്കാതെ പുതിയ പ്രവര്‍ത്തനമേഖലകള്‍ കണ്ടെത്താനുള്ള നിര്‍ഭയമായ മുന്‍കൈ നിലനിര്‍ത്തണം. g താമസിക്കുന്നിടത്തായാലും ജോലിചെയ്യുന്നിടത്തായാലും ചുറ്റുമുള്ള ജനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുകയും ഉയര്‍ന്ന സ്വഭാവഗുണം പുലര്‍ത്തുകയും ചെയ്തുകൊണ്ട് അവരിലൊരാളാണെന്നും ഒരു നേതാവാണെന്നും അവര്‍ക്ക് അനുഭവപ്പെടുംവിധം കൂട്ടായ ജീവിതം നയിക്കണം.
ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നമ്മുടെ മഹാനായ നേതാവിന്റെ അര്‍ഹരായ ശിഷ്യരായിത്തീരാനുള്ള പാതയില്‍ മുന്നേറാന്‍ നമുക്ക് കഴിയും. ഈ സന്ദര്‍ഭത്തില്‍ മേല്പറഞ്ഞ വിധമുള്ള നിലവാരം ആര്‍ജ്ജിക്കുന്നതിനുള്ള മുന്‍കൈ പ്രവര്‍ത്തനത്തിന് ആക്കം വര്‍ദ്ധിപ്പിക്കുന്നതിനും നിരന്തരവും സര്‍വ്വതലസ്പര്‍ശിയുമായ അത്തരമൊരു സമരത്തില്‍ മുഴുകുന്നതിനും വിപ്ലവകാരികള്‍ എന്ന നിലയില്‍ നമ്മള് ദൃഢ പ്രതിജ്ഞയെടുക്കണം.
മതപ്രസ്ഥാനങ്ങള്‍, നവോത്ഥാനം, ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവങ്ങള്‍, സ്വാതന്ത്ര്യ സമരങ്ങള്‍, റഷ്യയിലെയും ചൈനയിലെയും തൊഴിലാളിവര്‍ഗ്ഗ വിപ്ലവങ്ങള്‍ തുടങ്ങി ചരിത്രത്തിലെ എല്ലാ മഹത്തായ ജനമുന്നേറ്റങ്ങളും സാധാരണ ജനങ്ങളെ ഉണര്‍ത്താനും പ്രചോദിപ്പിക്കാനും അവരെ കാര്യങ്ങള്‍ പഠിപ്പിച്ച് അണിനിരത്താനുമായി സ്വന്തം നേതൃത്വങ്ങളെ സൃഷ്ടിച്ചെടുക്കുകയും അവരെ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തിട്ടുള്ളകാര്യം നമുക്കറിയാം. അതൊഴിവാക്കിക്കൊണ്ട് ഒരു വിപ്ലവപ്രസ്ഥാനത്തിനും മുന്നേറാനാവില്ല. എന്നാല്‍ എക്കാലത്തും ആരംഭഘട്ടത്തില്‍ വിപ്ലവാശയങ്ങളെയും അതിന്റെ നേതാക്കളെയും ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാന്‍ ഭരണവര്‍ഗ്ഗം ഭയപ്പാടോടെ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ആ ഗൂഢപദ്ധതി തകരുകയും വിപ്ലവാശയങ്ങളും നേതാക്കളും ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുകയും ചെയ്യുന്നതോടെ അവര്‍ അപവാദപ്രചരണങ്ങള്‍ നടത്തുകയും വിപ്ലവനേതാക്കളെ വേട്ടയാടുകയും പീഡിപ്പിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി അപകീര്‍ത്തികരവും അസത്യവുമായ പ്രചാരണങ്ങള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ നടത്തിക്കൊണ്ട് വിപ്ലവാശയങ്ങളെ നിന്ദിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതൊക്കെ നിഷ്ഫലമായിത്തീര്ന്നിട്ടുണ്ട്.
സഖാവ് ശിബ്ദാസ് ഘോഷിന്റെയും അദ്ദേഹത്തിന്റെ വിപ്ലവാശയങ്ങളുടെയും കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം മഹാനായ തൊഴിലാളിവര്‍ഗ്ഗ വിപ്ലവനേതാവും ചിന്തകനുമായി ഉയര്‍ന്നുവന്നിട്ടുണ്ട്. അത് നമ്മള് പാര്‍ട്ടി സഖാക്കളും അനുഭാവികളും അഭ്യുദയകാംക്ഷികളും അനുയായികളുമൊക്കെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ജനസാമാന്യത്തിന് അദ്ദേഹത്തെക്കുറിച്ച് അറിവില്ല. ഭരണവര്‍ഗ്ഗവും മാദ്ധ്യമങ്ങളും അദ്ദേഹത്തെ ബോധപൂര്‍വ്വം വിസ്മരിക്കുകയും നിശബ്ദത പാലിക്കുകയും അദ്ദേഹത്തിന്റെ നാമധേയവും പാഠങ്ങളും ഓര്‍മ്മയില്‍നിന്ന് മായ്ച്ചുകളയാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അല്ലാത്തപക്ഷം മര്‍ദ്ദിതജനത ശരിയായ വിപ്ലവപാത കണ്ടെത്തുമെന്ന് അവര്‍ ആശങ്കപ്പെടുന്നു.
ഇന്ന് ദേശീയമായും അന്തര്‍ദ്ദേശീയമായും ജനങ്ങള്‍ അഭൂതപൂര്‍വ്വമായ ആപല്‍ഘട്ടങ്ങളെ അഭിമുഖീകരിക്കുകയാണ്. അവര്‍ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും അനുദിനം തീവ്രമാകുന്ന ദുരിതങ്ങളില്പ്പെട്ടുഴലുന്ന, മരണാസന്ന മുതലാളിത്തത്തിന്റെ അവസാന ഘട്ടമാണിത്. പ്രതിസന്ധിഗ്രസ്തമായ മുതലാളിത്തം ഊര്‍ദ്ധശ്വാസം വലിക്കുകയാണ്. എന്നാല്‍ അത് താനേ മരണമടയുകയില്ല. ഒരു സാമൂഹ്യവ്യവസ്ഥയും അപ്രകാരം തിരോഭവിക്കുകയില്ല. അതിന്റെ മരണം വേഗത്തിലാക്കാനും എന്നെന്നേയ്ക്കുമായി കുഴിച്ചുമൂടാനും ചൂഷിതവര്‍ഗ്ഗത്തിന്റെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനം ആവശ്യമുണ്ട്. ഇന്ന് നമ്മള് കാണുന്നത് ചൂഷിതരായ ജനങ്ങളില്‍ ഊറിക്കൂടിയ അസംതൃപ്തി പലയിടത്തും സ്വാഭാവികമായ പൊട്ടിത്തെറിയിലേക്ക് എത്തുന്നതാണ്.
ചില പ്രതിഷേധങ്ങള്‍ മാസങ്ങള്‍ നീണ്ടുനില്ക്കുന്നുമുണ്ട്. തിരമാലകള്‍പോലെ അവ ആഞ്ഞടിക്കുകയും പിന്‍വാങ്ങുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ക്ക് നേതൃത്വം നല്കാന് ഒരു വിപ്ലവനേതാവോ വിപ്ലവ പ്രത്യയശാസ്ത്രമോ പാര്‍ട്ടിയോ ഇല്ല. എവിടെയും ജനങ്ങള്‍ അസംതൃപ്തരാണ്. അവര്‍ പ്രതിഷേധം ആഗ്രഹിക്കുന്നുണ്ട്. മാറ്റത്തിനായുള്ള ത്വര അവരിലുണ്ട്. ചൂഷിതജനതയാകെ മനസ്സിലാക്കുംവിധം വിപ്ലവനേതൃത്വം ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് ഇന്നത്തെ അടിയന്തരാവശ്യകത. നേരത്തെ പറഞ്ഞതുപോലെ, ചൂഷിത ജനതയുടെയാകെ മുമ്പാകെ തൊഴിലാളിവര്‍ഗ വിപ്ലവ നേതാവായ സഖാവ് ശിബ്ദാസ് ഘോഷിനെയും അദ്ദേഹത്തിന്റെ പാഠങ്ങളും ഉയര്‍ത്തിക്കാണിക്കാന്‍ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല.
ഇന്ന് മഹാനായ മാര്‍ക്സിസ്റ്റ് ചിന്തകനും തൊഴിലാളിവര്‍ഗ വിപ്ലവനേതാവുമായി സഖാവ് ശിബ്ദാസ് ഘോഷിനെ ഉയര്‍ത്തിക്കാണിക്കേണ്ടത് അടിയന്തരവും അനിവാര്യവുമായ കടമയാണ്. മാര്‍ക്സിസം-ലെനിനിസത്തിന്റെ വിജ്ഞാനശേഖരത്തെ സമ്പന്നമാക്കിയ അമൂല്യമായ ചര്‍ച്ചകള്‍ ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ കൃതികള്‍ പ്രചരിപ്പിച്ചുകൊണ്ട് ആദ്യം ദേശീയതലത്തിലും തുടര്‍ന്ന് അന്തര്‍ദ്ദേശീയതലത്തിലും ഈ കര്‍ത്തവ്യം നിറവേറ്റേണ്ടതുണ്ട്.
ഈ ലക്ഷ്യത്തോടെ, പ്രത്യേകിച്ചും ഈ സന്ദര്‍ഭത്തില്‍, സഖാക്കള്‍ രാജ്യമൊട്ടാകെ, ചുരുങ്ങിയപക്ഷം പ്രധാന നഗരങ്ങളും പട്ടണങ്ങളും ഉള്‍ക്കൊള്ളുംവിധം സഞ്ചരിച്ച്, സഖാവ് ശിബ്ദാസ് ഘോഷിന്റെ കൃതികള്‍ പ്രചരിപ്പിക്കണം. വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും തൊഴിലാളികളുടെയും കര്‍ഷകരുടെയും അദ്ധ്യാപകരുടെയും ബൗദ്ധിക വ്യക്തിത്വങ്ങളുടെയും ഇടയില്‍ നടത്തുന്ന ഈ പ്രചാരണത്തിലൂടെ പാര്‍ട്ടിയുടെയും വര്‍ഗ്ഗ-ബഹുജന സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മേഖലകളില്‍ തുടക്കം കുറിക്കാന്‍ കഴിയണം. അതോടൊപ്പം അന്തര്‍ദ്ദേശീയതലത്തില്‍ സമാനമനസ്കരായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിക്കാനുള്ള സാദ്ധ്യതകള്‍ കണ്ടെത്തുന്നതിനായി തീവ്രശ്രമം നടത്തുകയും വേണം.
ഇതുകൂടാതെ, അദ്ദേഹത്തിന്റെ വിപ്ലവപാഠങ്ങളെ അധികരിച്ച് തൊഴിലാളികള്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, വനിതകള്‍, ബൗദ്ധിക വ്യക്തിത്വങ്ങള്‍ എന്നിവര്‍ക്കിടയില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചുകൊണ്ട് വിപ്ലവ സമരങ്ങളെ ശക്തിപ്പെടുത്താനായി അവരെ കാര്യങ്ങള്‍ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും സംഘടിപ്പിക്കുകയും വേണം. രാജ്യത്താകെത്തന്നെ ബുക്സ്റ്റാളുകളും ഉദ്ധരണി പ്രദര്‍ശനങ്ങളും സംഘടിപ്പിക്കണം. മറ്റ് കര്‍ത്തവ്യങ്ങളെ സംബന്ധിച്ച് ‘പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ പ്രശ്നങ്ങളെ സംബന്ധിച്ച് ഒരിക്കല്‍കൂടി’ എന്ന കൃതിയില്‍ ഞാന്‍ ചര്‍ച്ചചെയ്തിട്ടുണ്ട്.
വിപ്ലവാഭിവാദനങ്ങളോടെ,
പ്രൊവാഷ് ഘോഷ്
ജനറല്‍ സെക്രട്ടറി
എസ്യുസിഐ(കമ്മ്യൂണിസ്റ്റ്)
സഖാവ് ശിബ്ദാസ് ഘോഷ് ജന്മശതാബ്ദി; വിദേശ രാജ്യങ്ങളിലെ സഹോദര പാര്‍ട്ടികളില്‍നിന്ന് ലഭിച്ച സന്ദേശങ്ങള്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പാക്കിസ്ഥാന്
എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെ സ്ഥാപകനും ഉപഭൂഖണ്ഡത്തിലെയും അന്തര്‍ദ്ദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെയും മഹാനായ സൈദ്ധാന്തികനുമായ സഖാവ് ശിബ്ദാസ് ഘോഷിന്റെ ജന്മശതാബ്ദി ആചരണവേളയില്‍ സിപിപി ആത്മാര്‍ത്ഥവും ഹൃദ്യവുമായ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.
ഉപഭൂഖണ്ഡത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പലവിധ യാതനകളും പ്രതിസന്ധികളും അഭിമുഖീകരിക്കുന്ന ഈ വേളയില്‍ അവയെക്കുറിച്ചൊക്കെ ആഴമാര്‍ന്ന വിശകലനം ഉണ്ടാകേണ്ടത്, പുതിയ തന്ത്രങ്ങളും പ്രവര്‍ത്തന പദ്ധതികളുമൊക്കെ ആവിഷ്കരിക്കുന്നതില്‍ സുപ്രധാനമാണെന്ന സുചിന്തിത അഭിപ്രായമാണ് സിപിപിക്ക് ഉള്ളത്. മാര്‍ക്സിസം-ലെനിനിസത്തെ മുറുകെപ്പിടിച്ചുകൊണ്ടേ മുതലാളിത്തം നമുക്കുനേരെ ഉയര്‍ത്തിയിരിക്കുന്ന വെല്ലുവിളികളെ നേരിടാനാകൂ. തെളിമയാര്‍ന്ന പുരോഗമന ആശയങ്ങളാല്‍, അന്തര്‍ദ്ദേശീയ സാമ്രാജ്യത്വ ശക്തികള്‍ക്കും പ്രാദേശിക മുതലാളിത്ത-ജന്മിത്ത ശക്തികള്‍ക്കുമെതിരെ ശക്തമായ ആശയസമരം വളര്‍ത്തിയെടുക്കുകയും തൊഴിലാളിവര്‍ഗ മുന്നേറ്റങ്ങള്‍ക്ക് ധീരമായ നേതൃത്വം നല്‍കുകയും ചെയ്ത എല്ലാ ആചാര്യന്മാരുടെയും അമൂല്യങ്ങളായ പാഠങ്ങള്‍ നമ്മള് പിന്തുടരേണ്ടതുണ്ട്.
ഇന്ന് മതാഭിമുഖ്യത്തിന്റെയും വിഘടനവാദത്തിന്റെയും പിന്തുണയോടെ സാമ്രാജ്യത്വം പുതിയ രൂപഭാവങ്ങള്‍ കൈക്കൊണ്ട് നമുക്കുമുന്നില്‍ ഭീഷണി ഉയര്‍ത്തുകയാണ്. ഇന്ന് വര്‍ഗീയവും വിഭാഗീയവുമായ സംഘര്‍ഷങ്ങളില്‍ പങ്കാളിയാകാതെ നിവൃത്തിയില്ലാത്തവിധം സാധാരണക്കാരില്‍ വര്‍ഗീയ വികാരങ്ങള്‍ നിറയ്ക്കുന്നതും അവന്റെ ജീവിതത്തെ അടിമുടി ബന്ധിച്ചിരിക്കുന്ന സാമൂഹ്യ-സാമ്പത്തിക പ്രശ്നങ്ങ ളെക്കുറിച്ച് ചിന്തിക്കാന്‍ സമയം ലഭിക്കാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുന്നതും വളരെ ആസൂത്രിതമായ ഒരു ഗൂഢാലോചനയുടെ ഫലമാണ്. വംശീയതയുടെയും പ്രാദേശിക വാദത്തിന്റെയുമൊക്കെ പേരില്‍ പണിയെടുത്തു ജീവിക്കുന്നവരെ പരസ്പരം കലഹിപ്പിക്കുന്നു എന്നതാണ് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത്. ട്രേഡ് യൂണിയന് പ്രസ്ഥാനങ്ങളുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയുമൊക്കെ ശക്തി ക്ഷയിക്കാന്‍ ഇത് കാരണമാകുന്നു.
നമ്മള് പ്രത്യയശാസ്ത്ര നിലപാടുകളെ മുറുകെപ്പിടിക്കുകയും ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ സങ്കീര്‍ണ്ണതകളില്‍പ്പെട്ട് വഴിതെറ്റിപ്പോകാതിരിക്കുകയും ചെയ്താല്‍ ചൂഷകശക്തികള്‍ക്ക് മാരക പ്രഹരമേല്പ്പിക്കാന്പോന്ന ശക്തിയായി മാറാനും സോഷ്യലിസ്റ്റ് വിപ്ലവം സാദ്ധ്യമാക്കാനും കഴിയുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സഖാവ് ശിബ്ദാസ് ഘോഷിന്റെ പങ്കും സേവനങ്ങളും അവഗണിക്കാവുന്നതല്ല. ചൂഷക-മര്‍ദ്ദക ശക്തികള്‍ക്കെതിരായ അദ്ദേഹത്തിന്റെ അനിതരസാധാരണമായ പോരാട്ടം കണ്ടില്ലെന്ന് നടിക്കുകയല്ല, വിശാലമായ അര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നല്കിയ സംഭാവനകളുടെയും മറക്കാനാവാത്ത സമരങ്ങളുടെയും പേരില്‍ ആ പോരാട്ടത്തെ ഒരു ഉദാത്ത മാതൃകയായി ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. അദ്ദേഹത്തിന്റെ ആശയങ്ങളെയും പാഠങ്ങളെയും വഴികാട്ടിയായി സ്വീകരിച്ചുകൊണ്ട് എസ് യുസിഐ(സി) കൈവരിച്ചുകൊണ്ടിരിക്കുന്ന മുന്നേറ്റങ്ങള്‍ തീര്‍ച്ചയായും വിജയം വരിക്കുകതന്നെ ചെയ്യും. അന്ധത, വര്‍ഗ്ഗീയത, പിന്തിരിപ്പത്തം, ചൂഷണം, അടിച്ചമര്‍ത്തല്‍ എന്നിവയുടെയൊക്കെ അകമ്പടിയോടെ സോഷ്യലിസത്തിനുമുന്നില് പ്രതിബന്ധം തീര്‍ക്കുന്ന മുതലാളിത്തത്തെ പരാജയപ്പെടുത്തി സോഷ്യലിസം ഉദയം കൊള്ളുന്നത് ഇന്ത്യന്‍ ജനത ദര്‍ശിക്കുകതന്നെ ചെയ്യും.
പാര്‍ട്ടി ഓഫ് കമ്മ്യൂണിസ്റ്റ്സ് യുഎസ്എ
മഹാനായ മാര്‍ക്സിസ്റ്റ് നേ താവ് ശിബ്ദാസ് ഘോഷിന്റെ ജന്മശതാബ്ദി ദിനമായ 2022 ആഗസ്റ്റ് 5ന് സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയെ ദ പാര്‍ട്ടി ഓഫ് കമ്മ്യൂണിസ്റ്റ് യുഎസ്എ (പിസിയുഎസ്എ) അഭിവാദ്യം ചെയ്യുന്നു.
ശിബ്ദാസ് ഘോഷ് സ്വാതന്ത്ര്യത്തിനുവേണ്ടിയും സാമ്രാജ്യത്വത്തിനെതിരെയുമുള്ള പോരാട്ടത്തിലെ പോരാളിയായിരുന്നു. ഇന്ത്യയിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ പ്രമുഖ പ്രസ്ഥാനമായ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെ സ്ഥാപകനുമാണ്. ഈ ജന്മശതാബ്ദി വേളയില്‍ എസ് യുസിഐ(സി)ക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നു.
സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ബംഗ്ലാദേശ് (മാര്‍ക്സിസ്റ്റ്)
ഈ യുഗത്തിലെ സമുന്നത മാര്‍ക്സിസ്റ്റ് ചിന്തകളിലൊരാളും തൊഴിലാളിവര്‍ഗ്ഗത്തിന്റെ മഹാനായ നേതാവും സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ സഖാവ് ശിബ്ദാസ് ഘോഷിന്റെ ജന്മശതാബ്ദി വേളയില്‍, സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ബംഗ്ലാദേശ്(മാര്‍ക്സിസ്റ്റ്) വിപ്ലവാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.
ഞങ്ങളുടെ പാര്‍ട്ടിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയും സഖാവ് ശിബ്ദാസ് ഘോഷിന്റെ ശിഷ്യനുമായ സഖാവ് മൊബിനുള്‍ ഹൈദര്‍ ചൗധരിയാണ് സഖാവ് ശിബ്ദാസ് ഘോഷിന്റെ ആശയങ്ങള്‍ ബംഗ്ലാദേശിലേക്ക് കൊണ്ടുവന്നത്. ജീവിതത്തിന്റെ നാനാതുറകളിലുള്ള ആയിരക്കണക്കിനാളുകളെ, വിശേഷിച്ച് യുവാക്കളെയും യുവതികളെയും മാര്‍ക്സിസം-ലെനിനിസം-ശിബ്ദാസ് ഘോഷ് ചിന്ത ആകര്‍ഷിക്കുകയും പലരും വീടും കുടുംബവുമൊക്കെ ഉപേക്ഷിച്ച് മുന്നോട്ടുവരികയും ചെയ്തു. ഇന്ന് ഞങ്ങളുടെ രാജ്യത്ത് ഒരു യഥാര്‍ത്ഥ വിപ്ലവപാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള തീവ്രമായ സമരത്തിലാണ് ഞങ്ങള്‍. മാര്‍ക്സ്-എംഗല്‍സ്-ലെനിന്-സ്റ്റാലിന്-മാവോ സെതുംഗ് എന്നിവര്‍ക്കുശേഷം പ്രാമാണിക മാര്‍ക്സിസ്റ്റ് നേതൃത്വമായാണ് ഞങ്ങള്‍ സഖാവ് ശിബ്ദാസ് ഘോഷിനെ കാണുന്നത്.
ഈ ജന്മശതാബ്ദി ആചരണവേളയില്‍ ലോകത്തെ ചൂഷിതരും മര്‍ദ്ദിതരുമായ ജനങ്ങള്‍ക്ക് സഖാവ് ശിബ്ദാസ് ഘോഷിന്റെ ചിന്തകള്‍ വിമോചനപാത തെളിച്ചുകൊടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
സഖാവ് മസൂദ് റാണ
കോ-ഓര്‍ഡിനേറ്റര്‍ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് ഫോറം,
സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ്
ബംഗ്ലാദേശ്(മാര്‍ക്സിസ്റ്റ്)
സിലോൺ കമ്മ്യൂണിസ്റ്റ് യൂണിറ്റി സെന്റര്‍
സഖാവ് ശിബ്ദാസ് ഘോഷ് ജന്മശതാബ്ദി ആചരിക്കുന്ന സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിക്ക് വിജയാശംസകള്‍ അറിയിക്കുന്നതില്‍ ഞങ്ങള്‍ സിലോണ്‍(ശ്രീലങ്ക) കമ്മ്യൂണിസ്റ്റ് യൂണിറ്റി സെന്ററിന് സന്തോഷമുണ്ട്. മനുഷ്യസമൂഹത്തിന് വഴികാട്ടുകയും മനുഷ്യജീവിതത്തെ ചിട്ടപ്പെടുത്തുകയും ചെയ്ത തത്ത്വചിന്തകള്‍ക്ക് ജന്മം നല്കുന്ന കാര്യത്തിലും മറ്റ് ഭൂഖണ്ഡങ്ങളിലുണ്ടായ തത്ത്വചിന്തകളെ വ്യാഖ്യാനിക്കുകയും അവ പ്രയോഗിക്കുകയും ചെയ്യുന്ന കാര്യത്തിലും ഇന്ത്യന്‍ ഉപഭൂഖണ്ഡം മറ്റൊരു ഭൂഖണ്ഡത്തെക്കാളും പിന്നിലല്ല.
മാര്‍ക്സിസം-ലെനിനിസം പ്രയോഗവല്‍ക്കരിക്കുന്നതിലും അതിനെ കൂടുതല്‍ വികസിപ്പിക്കുന്നതിലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളരെയേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് എസ് യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുമായി രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ബന്ധമുണ്ട്. മാര്‍ക്സിസം-ലെനിനിസത്തെ വ്യാഖ്യാനിക്കുന്നതിലും അതിന്റെ പ്രയോഗത്തിലും സഖാവ് ശിബ്ദാസ് ഘോഷ് നല്കിയ സംഭാവനകള്‍ മനസ്സിലാക്കാനും ഞങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്.
സഖാക്കളെ, ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്ന കാര്യത്തിലും മാര്‍ക്സിസത്തിന്റെ അനുഷ്ഠാനപരമായ വശങ്ങള് വികസിപ്പിച്ചെടുക്കുന്നതിലും സഖാവ് ശിബ്ദാസ് ഘോഷിന്റെ പൈതൃകം പേറുന്നവരാണ് നിങ്ങള്‍. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിപ്ലവ ചൈതന്യം, പാര്‍ട്ടി കേഡര്‍മാര്‍ വ്യക്തിജീവിതത്തില്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് സഖാവ് ശിബ്ദാസ് ഘോഷ് നല്കിയ സംഭാവനകള്‍ ഞങ്ങള്‍ക്ക് വലിയ പ്രചോദനമായിട്ടുണ്ട്. സഖാവ് ശിബ്ദാസ് ഘോഷിനെപ്പോലൊരു മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റിന്റെ ജന്മശതാബ്ദി ആചരണം, അതുകൊണ്ടുതന്നെ മാര്‍ക്സിസം-ലെനിനിസത്തില്‍നിന്ന് മാര്‍ഗനിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ട് മനുഷ്യസമൂഹത്തിന്റെ മോചനത്തിനായി സമര്‍പ്പിതമായി പ്രവര്‍ത്തിക്കുന്ന ഏതൊരാളെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട ഒരു കര്‍ത്തവ്യമാണ്.
ജന്മശതാബ്ദി ആചരണത്തിന് ഞങ്ങള്‍ എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു. അത് മനുഷ്യസമൂഹത്തിന്റെ മോചനത്തിനായി പ്രയത്നിക്കുന്ന ഇന്ത്യയിലെയും ഈ മേഖലയിലെ മറ്റ് രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും ശക്തിപ്പെടലിനും ഇടയാക്കുമെന്നും പ്രത്യാശിക്കുന്നു.
സഖാവ് ഇ.തമ്പയ്യ
ജനറല്‍ സെക്രട്ടറി,
സിലോണ്‍ കമ്മ്യൂണിസ്റ്റ്
യൂണിറ്റി സെന്റര്‍