എസ്യുസിഐ(സി) ജനറല്‍ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് ഏപ്രില്‍ 17ന് പുറപ്പെടുവിച്ച പ്രസ്താവന
2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ 40 ജവാന്മാര് ദാരുണമായി കൊല്ലപ്പെട്ട വിഷയത്തില്‍ മുന്‍ ജമ്മു-കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടലുളവാക്കുന്നതാണ്. മുഴുവന്‍ സത്യവും പുറത്തു കൊണ്ടുവരാന്‍ ഉന്നതാധികാരമുള്ള ജുഡീഷ്യല്‍ അന്വേഷണം ഉടനടി നടത്തണമെന്നാണ് എസ് യുസിഐ(സി) കേന്ദ്രകമ്മിറ്റിയുടെ അഭിപ്രായം.
മുന്‍കൂര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പട്ടാളക്കാരുടെ യാത്രയ്ക്കായി നാലോ അഞ്ചോ വിമാനങ്ങള്‍ വിട്ടുനല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് 40 ജവാന്മാര്ക്ക് ജീവന് നഷ്ടമായത്. എന്നാല്‍ ആഭ്യന്തര മന്ത്രിക്കെതിരെ ചെറിയ നടപടിപോലും പ്രധാനമന്ത്രി കൈക്കൊണ്ടില്ല. ഈ ഗുരുതരമായ പിഴവ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ വരാന്‍പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തന്നോട് നിശ്ശബ്ദനായിരിക്കാന്‍ പറഞ്ഞതായി സത്യപാല്‍ മാലിക് പറയുന്നു. ഗോവയിലെ ഗവര്‍ണ്ണറായിരുന്ന കാലത്തും ഗോവ സര്‍ക്കാരിന്റെ അഴിമതികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി യപ്പോള്‍ തന്നോട് നിശ്ശബ്ദത പാലിക്കാനാണ് ആവശ്യപ്പെട്ടതെന്നും സത്യപാല്‍ മാലിക് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് മേഘാലയ ഗവര്‍ണ്ണറായി സ്ഥലം മാറ്റുകയാണുണ്ടായത്.
ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ സത്യവും ജനങ്ങള്‍ക്കുമുമ്പാകെ വെളിപ്പെടുത്തണമെന്ന് എസ്യുസിഐ(സി) കേന്ദ്രകമ്മിറ്റി ആവശ്യപ്പെടുന്നു.