62 വയസ്സ് പൂര്‍ത്തിയായവരും മൂന്നു മാസം തുടര്‍ച്ചയായി ഇന്‍സന്റീവ് തുക 500 രൂപയില്‍ താഴെയാകുന്നവരുമായ ആശ വര്‍ക്കര്‍മാരെ സര്‍വ്വീസ്സില്‍നിന്നും ഒഴിവാക്കുമെന്നതുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷൻ ആരോഗ്യ മന്ത്രി വീണ ജോർജ്ജിന് നിവേദനം സമർപ്പിച്ചു.
ഉത്തരവിനെതിരെ എന്‍എച്ച്‌എം സ്റ്റേറ്റ് മിഷന്‍ ഓഫീസ്സിനുമുമ്പിലും ജില്ലകളില്‍ ഡിപിഎം ഓഫീസ്സുകള്‍ക്കു മുമ്പിലും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നു. പ്രതിഷേധം വ്യാപകമായപ്പോള്‍, പ്രസ്തുത ഉത്തരവ് ഉദ്യോഗസ്ഥരുടെ കൈപ്പിഴയാല്‍ ഉണ്ടായതാണെന്നും അതു കൊണ്ടുതന്നെ നടപ്പാക്കുകയില്ലെന്നും അത് മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ വരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും നാളിതുവരെയായിട്ടും അത് പ്രാബല്യത്തിലായിട്ടില്ല. അതുകൊണ്ട്തന്നെ കാസര്‍ഗോഡ് ജില്ലയില്‍ 62 വയസ്സ് പൂര്‍ത്തിയായ ആശവര്‍ക്കറെ സര്‍വ്വീസ്സില്‍നിന്നും ടെര്‍മിനേറ്റ് ചെയ്തുകൊണ്ട് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കാസര്‍ഗോഡ് ഡിപിഎംന്റെയും കുമ്പഡാജെ പിഎച്ച്‌സി മെഡിക്കല്‍ ഓഫീസ്സറുടെയും ഉത്തരവിറങ്ങിയിരുന്നു. സ്വാഭാവികമായും ഈ നടപടി, കാസര്‍ഗോഡ് ജില്ലയിലെതന്നെ മറ്റ് ആരോഗ്യകേന്ദ്രങ്ങളിലേക്കും മറ്റ് ജില്ലകളിലേക്കും വ്യാപിക്കുമെന്നതില്‍ സംശയമില്ല. രണ്ട് പതിറ്റാണ്ടിലേറെക്കാലം ആരോഗ്യവകുപ്പിനുവേണ്ടി നിസ്വാര്‍ത്ഥ സേവനം നടത്തിയ സഹോദരിമാരെ യാതൊരു വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കാതെ പിരിച്ചുവിടുന്നത് അപലപനീയമാണ്.
2023 മാര്‍ച്ച് 2ലെ ഉത്തരവ് പിന്‍വലിച്ചുകൊണ്ട് ഉടന്‍ ഉത്തരവിറക്കണമെന്നും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (KAHWA) നേതാക്കളായ എം.എ. ബിന്ദു, എസ്. മിനി, ആർ. ഗിരിജ എന്നിവർ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് സെക്രട്ടേറിയറ്റിൽവച്ച് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കാസർഗോഡ് കുമ്പഡാജെ പിഎച്ച്‌സിയിലെ സിസിലിയ എന്ന ആശ വർക്കറെ പിരിച്ചുവിട്ട നടപടിയെ മുന്‍നിര്‍ത്തിയാണ് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ വീണ്ടും ആരോഗ്യമന്ത്രിയെക്കണ്ട് നിവേദനം നല്‍കിയത്. നിവേദനത്തില്‍ ഉടന്‍ നടപടിയുണ്ടാകുകയും ആശാവര്‍ക്കറെ പിരിച്ചുവിട്ട നടപടി റദ്ദാക്കുകയും ചെയ്തു.