വൈദ്യുതി മേഖലയിൽ പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ അടിച്ചേൽപ്പിക്കുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിലെ അപകടം താഴെപ്പറയുന്നവയാണ്.
- ഇതുവരെ, ഉപയോഗിച്ച വൈദ്യുതിക്കാണ് നമ്മൾ പണം കൊടുത്തിരുന്നത്. ഇനി മുൻകൂറായി പണം അടയ്ക്കണം. 75 വർഷമായി ഉപഭോക്താക്കൾ അനുഭവിച്ചു വന്ന ഒരു അവകാശമാണ് ഇതിലൂടെ റദ്ദാക്കപ്പെടുന്നത്.
- അടച്ച പണം തീർന്നാൽ ഏതു പാതിരാത്രിയിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടും.
- കോൺടാക്ട് ലോഡിനപ്പുറം ഒരു യൂണിറ്റ് വൈദ്യുതി പോലും ഉപയോഗിക്കാനാവില്ല. കോൺടാക്ട് ലോഡ് വർദ്ധിപ്പിക്കുന്നതിന് മുമ്പുതന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാം.
- സ്മാർട്ട് മീറ്റർ വരുന്നതോടെ സബ്സിഡി വ്യവസ്ഥ മാറും. ഗുണഭോക്താവിന് സബ്സിഡി തുക അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഗ്യാസ് സബ്സിഡി വിഷയത്തിലെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ഫലത്തിൽ സബ്സിഡി തന്നെ ഇല്ലാതാക്കപ്പെടാം. കാർഷികോല്പന്നങ്ങളുടെ ഭീമമായ വില വർദ്ധനവിന് ഇതിടയാക്കും.
- ഡൈനാമിക് പ്രൈസിങ് സമ്പ്രദായം ഏർപ്പെടുത്തുന്നതോടെ ഒരു ദിവസം പല സമയങ്ങളിൽ പല ചാർജ് ഈടാക്കുന്ന സ്ഥിതി വരും. സ്വകാര്യവൽക്കരണത്തിലേക്കുള്ള ചുവടുവെപ്പാണിത്.
- എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സ്മാർട്ട് മീറ്ററിന് 8000 രൂപ മുതൽ 12000 രൂപ വരെ വില വരും. മീറ്റർ വാടക വൻതോതിൽ ഉയരും. നിലവിലുള്ള ഡിജിറ്റൽ മീറ്റർ മുഴുവൻ പാഴാകും.
- പണം പിരിക്കുന്നത് മീറ്റർ സ്ഥാപിക്കുന്ന കമ്പനിയായിരിക്കും. ഇതും സ്വകാര്യവൽക്കരണത്തിന് ആക്കം വർദ്ധിപ്പിക്കും.
- മീറ്റർ തകരാർ മൂലം പണം തിരികെ ലഭിക്കേണ്ട സാഹചര്യം ഉണ്ടായാൽ അത് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല.
- സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ രാജ്യത്താകെ ആവശ്യമായി വരുന്ന മൂന്ന് ലക്ഷം കോടി രൂപയിൽ ഒരു ലക്ഷം കോടി മാത്രമേ കേന്ദ്രഗവൺമെന്റ് നൽകൂ. ബാക്കി രണ്ടുലക്ഷം കോടിയും സംസ്ഥാന സർക്കാരുകളും ഉപഭോക്താക്കളും നൽകണം.
- ഇലക്ട്രിസിറ്റി ബോർഡ് ആയാലും സ്വകാര്യ കമ്പനി ആയാലും ഒരേ മാനദണ്ഡത്തിൽ ആയിരിക്കും സ്മാർട്ട് മീറ്റർ പ്രവർത്തിപ്പിക്കുക.
- 2,00,000 മീറ്റർ റീഡർമാർ ഇതോടെ തൊഴിൽരഹിതരാകും സബ്സിഡി സ്റ്റേഷനുകളിൽ തൊഴിലാളികൾ ആവശ്യമില്ലാതാകുന്നതോടെ സാങ്കേതികവിദഗ്ധരും അല്ലാത്തവരുമായ തൊഴിലാളികളും അധികപ്പറ്റാവും.
ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് സ്മാർട്ട് മീറ്റർ പദ്ധതി ജനവിരുദ്ധവും കർഷക വിരുദ്ധവും തൊഴിലാളി വിരുദ്ധവും ആണെന്നത്രെ. ഇതിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം ഉയർന്നു വരേണ്ടതുണ്ട്. ആൾ ഇന്ത്യ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ ഇത്തരമൊരു പ്രക്ഷോഭം വികസിപ്പിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. കേരളം ഭരിക്കുന്ന സിപിഐ(എം) ആകട്ടെ ബംഗാൾ, ആസാം തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ ഈ പദ്ധതിയെ എതിർക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇത് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. കേന്ദ്ര ഗവൺമെന്റ് ആവശ്യപ്പെടുന്നതിനാൽ നടപ്പിലാക്കുന്നു എന്നാണ് ഔദ്യോഗിക ഭാഷ്യം. പ്രത്യേക പ്രോജക്ട് ഇംബ്ലിമെന്റേഷൻ ഏജൻസി ഇല്ലാതെതന്നെ കെഎസ് ഇബിഎൽ ഈ പദ്ധതി നടപ്പിലാക്കും എന്നാണ് ചീഫ് എൻജിനീയറുടെ സർക്കുലറിൽ പറയുന്നത്. കേന്ദ്രസർക്കാരിൽ നിന്ന് ഗ്രാൻഡുകൾ ലഭിക്കാൻ പദ്ധതി നടപ്പിലാക്കണമെന്നും പറയുന്നു. സംസ്ഥാന ഗവൺമെന്റിന്റെ വായ്പ പരിധി ഉയർത്താൻ കേന്ദ്ര ഗവൺമെന്റ് മുന്നോട്ടുവെച്ച ഉപാധികളിലൊന്ന് സ്മാർട്ട് മീറ്റർ നടപ്പിലാക്കണമെന്നതായിരുന്നു എന്ന കാര്യം ഓർക്കുക. ആദ്യഘട്ടം പൂർത്തിയാക്കുന്നതിന് 2400 കോടി ചിലവ് വരുമെന്നും ചൂണ്ടിക്കാണി ക്കുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ മുഴുവൻ വൈദ്യുതി ഉപഭോക്താക്കളും കൺസ്യൂമേഴ്സ് അസോസിയേഷന്റെ യൂണിറ്റുകൾ രൂപീകരിച്ചുകൊണ്ട് സമരസജ്ജരായി മുന്നോട്ടുവരിക എന്നതാണ് ചെയ്യേണ്ടത്.