അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം : പാര്‍ലമെന്ററി വ്യാമോഹം വെടിഞ്ഞ് ഇടതുപക്ഷ സമരബദല്‍ പടുത്തുയര്‍ത്തണം

Mir-Suhails-Cartoons-31-800x533-7bkrqnui8o5op91or0euqrhfm13mp4ywwz35ussrfi8.jpg
Share

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ മാധ്യമങ്ങള്‍ പലതരത്തിലുള്ള കോലാഹലങ്ങളാണ് ഉയര്‍ത്തിയത്. ബിജെപിയുടെ വിജയത്തിന്റെ കാരണംവും കോൺഗ്രസിന്റെ പരാജയകാരണവും അവര്‍ ചര്‍ച്ചചെയ്തു. രാജ്യത്തെ ബഹുഭൂരിപക്ഷം അധ്വാനിക്കുന്ന ജനങ്ങൾക്ക് ഈ തിരഞ്ഞെടുപ്പ് എന്ത് നേട്ടമുണ്ടാക്കി, അവരുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടോ തുടങ്ങിയ ചോദ്യങ്ങള്‍ അവർ ഉന്നയിക്കില്ല. കോൺഗ്രസും ബിജെപിയും തിരിച്ചും മറിച്ചും പലതവണ അധികാരത്തിലെത്തി. ജനജീവിതത്തിന്റെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായോ? ഇത് എവിടെയും ചര്‍ച്ചയാകുന്നില്ല.


ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് പുതുതായി ഒന്നും നേടാനുണ്ടായിരുന്നില്ല. വാസ്തവത്തില്‍, ഭരണ-പ്രതിപക്ഷ വ്യത്യാസം മറച്ചുവെച്ച് ഇരുരാഷ്ട്രീയത്തിന്റെയും ഒറ്റരൂപം ഉരുത്തിരിയുകയാണ് ഉണ്ടായത്. ഇരുകൂട്ടരുടെയും നിലപാടും പ്രതിബദ്ധതയും ഒന്നുതന്നെയായിരുന്നു. ജനജീവിതത്തിൽ വലിയ പുരോഗതി കൈവരിച്ചതായും പൊതുതാൽപ്പര്യത്തിനായി മഹത്തായ പ്രവർത്തനങ്ങൾ നടത്തിയതായും ഭരണകക്ഷികളെല്ലാം അവകാശപ്പെട്ടു. യഥാർത്ഥ്യമെന്താണ്? പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങി എതെങ്കിലും കാര്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായോ ? സാമ്പത്തിക അസമത്വം കുറഞ്ഞോ? ജാതി-മത വേർതിരിവ് കുറയ്ക്കാൻ ഈ സർക്കാരുകൾ എന്തെങ്കിലും ശ്രമം നടത്തിയോ? ഈ പ്രശ്‌നങ്ങളൊന്നും തന്നെ അവസാനിച്ചിട്ടില്ല എന്നുമാത്രമല്ല ജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു.
രാമക്ഷേത്ര നിർമ്മാണം തങ്ങളുടെ ഏറ്റവും വലിയ ‘വിജയമായി’ ബിജെപി ഉയര്‍ത്തിക്കാട്ടിയപ്പോള്‍, ‘ബാബറി മസ്ജിദിന്റെ പൂട്ട് ആദ്യംതുറന്നത് ഞങ്ങളാണ്’ എന്നായിരുന്നു ആ വിജയത്തിൽ പങ്കുചേര്‍ന്നുകൊണ്ട് കോൺഗ്രസിന്റെ അവകാശവാദം. പൊതുജീവിതത്തിലെ പൊള്ളുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കി, ബിജെപി നേതാക്കൾ ഹിന്ദുത്വകാര്‍ഡ് ഉയര്‍ത്തി ഹിന്ദു വോട്ട് ബാങ്കുകൾ സൃഷ്ടിക്കാൻ ക്യാമറാമാൻമാരുമായി ക്ഷേത്രങ്ങൾ ചുറ്റി, പൂജകൾ നടത്തി. കോൺഗ്രസ് നേതാക്കളും ഇതേ രീതിയിൽ ക്ഷേത്രങ്ങള്‍ കയറിയിറങ്ങി. വോട്ട് ആകർഷിക്കാൻ കോൺഗ്രസ് സൗജന്യങ്ങള്‍ പ്രഖ്യാപിക്കുമ്പോൾ, അതിനെ കവച്ചുവയ്ക്കുംവിധം ബിജെപിയും വാഗ്‌ദാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ലേലംവിളി നടക്കുന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. അപ്പോൾ രാഷ്ട്രീയത്തിലെ ഈ രണ്ട് ക്യാമ്പുകൾ തമ്മിലുള്ള വ്യത്യാസം എവിടെയാണ്?
ഈ പാർട്ടികൾ ജീവിതത്തിന്റെ കാതലായ പ്രശ്‌നങ്ങളെ സ്പർശിക്കാതെ ഔദാര്യങ്ങള്‍ നൽകി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താമെന്ന വ്യാമോഹം ജനിപ്പിക്കുന്നു. രാഷ്ട്രീയത്തെ വഞ്ചനയുടെ പര്യായമായി കാണുന്ന, നിരാശരായ, നിരാലംബരായ ആളുകൾക്ക് മറ്റ് പോംവഴികളില്ല; ഒന്നല്ലെങ്കിൽ മറ്റൊരു പാര്‍ട്ടിയെ പിന്തുണയ്ക്കാൻ ജനങ്ങള്‍ നിർബന്ധിതരാകുന്നു. ഈ തട്ടിപ്പുസംഘങ്ങൾ വാഗ്‌ദാനം ചെയ്യുന്നതിന്റെ എത്രയോ മടങ്ങ് തങ്ങളുടെ ജീവിതത്തിൽ നിന്ന് ഓരോ ദിവസവും അവര്‍ അപഹരിക്കുന്നുണ്ടെന്ന് ചിന്തിക്കാൻപോലും സാധാരണക്കാര്‍ക്ക് അവസരമില്ല. ഗ്യാസ് സിലിണ്ടറിന് അഞ്ഞൂറ് രൂപയാണ് കൂട്ടിയത്. ചികിത്സ, വിദ്യാഭ്യാസ ചെലവുകൾ പലമടങ്ങ് വർദ്ധിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില താരതമ്യം ചെയ്യാനാവാത്തവിധം ഉയർന്നു. എട്ട് മണിക്കൂർ ജോലി സമയം പന്ത്രണ്ട് മണിക്കൂറായി ഉയർത്തി. മിനിമം കൂലിയുടെ പരിധി നിശ്ചയിക്കാന്‍പോലും ഒരു സർക്കാരും തയ്യാറായില്ല. ചൂഷണാധിഷ്ഠിതമായ മുതലാളിത്ത സാമൂഹിക വ്യവസ്ഥിതി നിലനിൽക്കുന്നതിനാൽ, പൊതുജീവിതത്തിൽ ഇത്തരം കഷ്ടപ്പാടുകൾ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ആ വ്യവസ്ഥയുടെ പിന്തുണക്കാരും സംരക്ഷകരുമായവര്‍ക്ക് എങ്ങനെ ജനങ്ങളെ ഈ ദുരിതത്തിൽനിന്ന് രക്ഷിക്കാനാകും! അങ്ങനെയെങ്കിൽ, അധ്വാനിച്ച് ജീവിക്കുന്നവരുടെ ഭാവി എന്താണ്? ഇതിനൊരു മാറ്റവും ഇല്ലേ? ഇത് എക്കാലവും തുടരുമോ?
തീർച്ചയായും മാറ്റമുണ്ടാകും. എന്നാൽ ഈ വ്യവസ്ഥയുടെ സംരക്ഷകരായ ബൂർഷ്വാ-പെറ്റി ബൂർഷ്വാ പാർട്ടികളിൽ ഒന്നിന് പകരം മറ്റൊന്നിന് വോട്ട് ചെയ്യുന്നതിലൂടെ ആ മാറ്റം സംഭവിക്കില്ല. ഈ മുതലാളിത്ത രാഷ്ട്രീയത്തിന്റെ ബദൽ അധ്വാനിക്കുന്ന ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയം സര്‍ക്കാരുണ്ടാക്കാനുള്ള രാഷ്ട്രീയമല്ല, ജനകീയ സമരത്തിന്റെ വിപ്ലവ രാഷ്ട്രീയമാണ്.


പക്ഷേ, സമരംചെയ്യുന്ന ഇടതുപക്ഷത്തിന്റെ ബദൽ രാഷ്ട്രീയം എവിടെ? ഇടതുപക്ഷ പാർട്ടികളെന്ന് അവകാശപ്പെടുന്നവർക്ക്, ഇത്രയധികം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ എവിടെയെങ്കിലും ബദൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മാതൃക കാണിക്കാൻ കഴിഞ്ഞിട്ടുണ്ടോ? കഴിഞ്ഞില്ലെന്ന് മാത്രമല്ല, സിപിഐ(എം), സിപിഐ പോലുള്ള പാർട്ടികൾ ബൂർഷ്വാ ബദലായ ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായി. ഈ സഖ്യം ബിജെപിക്ക് ബദലാണോ? ഈ സഖ്യത്തിനുള്ളിൽ ഒരു ബദൽ നയം അവതരിപ്പിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടോ? ബിജെപിയുടെ സാമ്പത്തികനയത്തിന് ഒരു ബദൽ ഇന്ത്യാ സഖ്യത്തിനുണ്ടോ? അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം വിജയിച്ചാൽ സ്വകാര്യവൽക്കരണ നയം ഉപേക്ഷിക്കുമോ? തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തി അധ്വാനിക്കുന്ന ജനങ്ങളുടെ എല്ലാ അവകാശങ്ങളും പുനഃസ്ഥാപിക്കുമോ? ഇല്ല, അത്തരമൊരു പ്രഖ്യാപനം ഈ സഖ്യം നടത്തിയിട്ടില്ല. അധ്വാനിക്കുന്ന ജനങ്ങളുടെ ഐക്യം തകർക്കുന്ന ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനെങ്കിലും ബദൽ കാണിക്കാൻ ഇന്ത്യാ സഖ്യത്തിന് കഴിഞ്ഞോ? വാസ്തവത്തിൽ, ഇന്ത്യാ സഖ്യത്തിലെ പാർട്ടികളൊന്നും മതേതരത്വമെന്ന ബൂർഷ്വാ സങ്കൽപ്പംപോലും തത്വത്തിൽ ഉയർത്തിപ്പിടിക്കുന്നില്ല. ബിജെപി തീവ്രഹിന്ദുത്വം പിന്തുടരുമ്പോള്‍ മൃദുഹിന്ദുത്വത്തിന്റെ പാതയിലാണ് കോൺഗ്രസ് പ്രവർത്തി ക്കുന്നത്.


കോൺഗ്രസ്, തൃണമൂൽ, സമാജ്‌വാദി, ആർജെഡി, ഡിഎംകെ, എഎപി തുടങ്ങിയ ബൂർഷ്വാ-പെറ്റി ബൂർഷ്വാ പാർട്ടികളുടെ നയംപിന്തുടർന്നാണ് പ്രബല ഇടത് കക്ഷികൾ ഈ സഖ്യത്തിൽ ചേർന്നത്. കോൺഗ്രസിനും ആർജെഡിക്കും മറ്റുള്ളവർക്കും വോട്ടുചെയ്യാൻ തരംപോലെ അവർ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. അപ്പോള്‍, ഇന്ത്യാ കൂട്ടുകെട്ടിൽ ചേരുന്നതുകൊണ്ട് രാജ്യത്തെ ചൂഷണവും അവശതയും അനുഭവിക്കുന്നവർക്ക് എന്ത് നേട്ടമാണ് ഉണ്ടാകുക? സിപിഐ(എം)ന് രാജസ്ഥാനിലോ മധ്യപ്രദേശിലോ തെലങ്കാനയിലോ തങ്ങളുടെ സീറ്റുകളൊന്നും വിട്ടുനൽകാൻ കോൺഗ്രസ് തയ്യാറായില്ല. രാജസ്ഥാനിൽ കഴിഞ്ഞ തവണ വിജയിച്ച രണ്ട് സീറ്റിലും സിപിഐ(എം) തോറ്റു. ഈ രണ്ട് സീറ്റുകള്‍ അവര്‍ നിലനിർത്തുകയോ സീറ്റ് വർദ്ധിപ്പിക്കുകയോ ചെയ്തിരുന്നെങ്കിൽ ഇടതുപക്ഷം കൂടുതൽ കരുത്താര്‍ജ്ജിക്കുമായിരുന്നോ? അധ്വാനിക്കുന്ന ജനങ്ങളുടെ നിലനിൽപ്പിനായുള്ള സമരം കൂടുതൽ ശക്തമാകുമായിരുന്നോ? അവരുടെ ജയത്തിനും തോൽവിക്കും ഇടതുപക്ഷത്തിന്റെ ശക്തിയുമായി എന്തെങ്കിലും ബന്ധമുണ്ടോ? അവർ 34 വർഷം പശ്ചിമ ബംഗാൾ ഭരിച്ചു. അതുകൊണ്ട് ഇടതുപക്ഷം ശക്തിപ്പെട്ടോ? പകരം ഇടതുപക്ഷത്തിന് കളങ്കം സംഭവിച്ചുവെന്ന് സിപിഐ(എം) നേതാക്കൾക്കും അറിയാം. പശ്ചിമ ബംഗാളിൽ അവർക്ക് പിന്തുണ നഷ്‌ടപ്പെട്ടു, അഴിമതി-സ്വജനപക്ഷപാതം തുടങ്ങിയവ കാണുമ്പോൾ ഇടതുപക്ഷത്തെക്കുറിച്ച് ചിലരുടെ മനസ്സിൽ താൽക്കാലികമായെങ്കിലും ആശയക്കുഴപ്പം ഉണ്ടാകും. കേരളത്തിലും അവർ ഭരണത്തിലുണ്ട്. ഇടതുപക്ഷ സമീപനത്തെ അടിസ്ഥാനമാക്കി അവർ എന്തെങ്കിലും ബദൽ അവതരിപ്പിച്ചിട്ടുണ്ടോ? സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും അവര്‍ ബിജെപി-കോൺഗ്രസ് പാതതന്നെ പിന്തുടരുന്നു!
അധ്വാനിക്കുന്ന ജനതയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രാഷ്ട്രീയം, അവരുടെ വിമോചനസമരം ശക്തിപ്പെടുത്തുക എന്ന രാഷ്ട്രീയം അവർ അനുവര്‍ത്തിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇടതുപക്ഷത്തിന്റെ പേരിൽ അവർ മുതലാളിത്തത്തെ സേവിച്ചു. ‘ഇങ്കിലാബ് സിന്ദാബാദ്’, ‘സര്‍‌വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍’ എന്നൊക്കെ മുദ്രാവാക്യം മുഴക്കി അധികാരത്തിൽ വന്നു. വലിയൊരു വിഭാഗം ജനങ്ങൾ അവര്‍ തൊഴിലാളിവർഗത്തിന്റെ പാർട്ടിയാണെന്ന് ധരിച്ചു. ബംഗാളിലെ ജനങ്ങൾക്ക് അവരുടെ സ്വഭാവം തിരിച്ചറിയാൻ കഴിഞ്ഞു. നുണകൾ ജനങ്ങള്‍ തിരിച്ചറിയും, എന്നാൽ, സത്യവും നുണയും കലർന്നാൽ, സത്യത്തെ വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നിട്ടും അവരുടെ കുതന്ത്രങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു.
ഇതിന്റെ ഫലമോ? ഇടതുപക്ഷം ദുർബലമായി. ഇടതുപക്ഷബദൽ തിരഞ്ഞെടുപ്പില്‍ സീറ്റുകൾ നേടുമെന്ന് ഉറപ്പില്ലായിരിക്കാം. പക്ഷേ, വിമോചനത്തിലേക്കുള്ള ശരിയായ പാത അടിച്ചമർത്തപ്പെട്ട ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാകും. തത്വങ്ങളുടെ അടിസ്ഥാനത്തിൽ ഐക്യപ്പെടാതെ, സമരം കെട്ടിപ്പടുക്കാതെ ചൂഷിത ജനതയ്ക്ക് ഒരിക്കലും അവരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയില്ലെന്ന് ബോദ്ധ്യപ്പെടുത്താനാകും. പക്ഷേ, അധികാരമോഹത്താൽ സിപിഐ(എം), സിപിഐ പാര്‍ട്ടികള്‍ ഈ ദുഷ്‌കരമായ പാത ഒഴിവാക്കുന്നു. മുതലാളിത്തത്തിന്റെ ഏറ്റവും വിശ്വസ്ത പാർട്ടികളിലൊന്നായ കോൺഗ്രസുമായി എപ്പോഴും സഖ്യമുണ്ടാക്കുന്നു. അങ്ങനെ ഇടതുപക്ഷ ബദല്‍ ധാരയെ ദുര്‍ബലപ്പെടുത്തുന്നു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കൂടി മുൻകൈയെടുത്ത് രൂപീകരിച്ച ആറ് ഇടതുപാർട്ടികളുടെ സഖ്യത്തില്‍നിന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയെ ഒഴിവാക്കി. രാജ്യത്തെ ഇടതുപക്ഷ മുന്നേറ്റത്തിന് ഈ നിലപാടുകള്‍ വരുത്തുന്ന അളവറ്റ ഹാനി തിരിച്ചറിഞ്ഞ് പാര്‍‌ലമെന്ററി വ്യാമോഹം വെടിഞ്ഞ് യഥാര്‍ത്ഥ ഇടതുപക്ഷ സമര ബദല്‍ രൂപീകരിക്കുവാന്‍ സിപിഐ, സിപിഐ(എം) പ്രസ്ഥാനങ്ങള്‍ തയ്യാറാകണം.

സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് ജനങ്ങളെ വഞ്ചിക്കുന്ന ബൂര്‍ഷ്വാ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയം തിരിച്ചറിയുക

അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം വന്നുകഴിഞ്ഞു. മധ്യപ്രദേശിലും ഛത്തിസ്ഗഢിലും രാജസ്ഥാനിലും ബിജെപി അധികാരത്തിലെത്തി. തെലങ്കാനയില്‍ ഭരണകക്ഷിയായ ടിആര്‍എസില്‍നിന്നും കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു. മണിപ്പൂരിലെ വംശഹത്യയില്‍ ബിജെപിയുടെ പങ്കിനെതിരെയുള്ള ജനവികാരംമൂലം മിസ്സോറാമില്‍ ബിജെപി ചിത്രത്തിലേ ഇല്ല. രണ്ടുസീറ്റിലാണ് ബിജെപി ജയിച്ചിരിക്കുന്നത്. ഇതുവരെ അവരെ പിന്തുണച്ചിരുന്ന ക്രിസ്ത്യന്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള മിസ്സോ നാഷണല്‍ ഫ്രണ്ട് ബിജെപിയുമായി അകലം പാലിച്ചെങ്കിലും രക്ഷപ്പെട്ടില്ല.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങൾ അടിസ്ഥാനസൗകര്യങ്ങൾപോലുമില്ലാതെ ദുരന്തജീവിതം നയിക്കുകയാണെന്ന കാര്യം ഞങ്ങൾ നേരത്തെ പ്രതിപാദിച്ചിരുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും തൊഴിൽനഷ്ടപ്പെടലും കാരണം രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. കർഷകർ ദുരിതത്തിലാണ്. വിദ്യാഭ്യാസമേഖലയും ആരോഗ്യരംഗവും തകർന്നുകിടക്കുന്നു. സ്ത്രീകൾക്കെതി രെയുള്ള അതിക്രമങ്ങൾ പെരുകുന്നു. ഭരണരംഗമാകട്ടെ സർവത്ര അഴിമതിയിൽ മുങ്ങിയിരിക്കുന്നു. ഇത്രയും പരിതാപകരമായ അവസ്ഥയിൽ ഈ വിഷയങ്ങളെല്ലാം തിരഞ്ഞെടുപ്പ് സമയത്ത് ചർച്ചചെയ്യപ്പെടേണ്ടതായിരുന്നു. എന്നാൽ അതൊന്നും ഉണ്ടായില്ല. കാരണം, മുതലാളിത്തം മൃതപ്രായത്തിലെത്തിയിരിക്കുന്ന ഇക്കാലത്ത് ജനാധിപത്യം എന്നത് അന്തസ്സാരശൂന്യമായ പൊയ്‌മുഖം മാത്രമായി മാറിയിരിക്കുന്നു. ജനങ്ങൾ തങ്ങൾക്കെതിരെ തിരിയുമെന്ന് ഭയക്കുന്ന മുതലാളിവർഗ്ഗം അവർ സത്യമറിയാതിരിക്കാനും യുക്തിഭദ്രമായി ചിന്തിച്ച് വസ്തുതകൾ തിരിച്ചറിയാതിരിക്കാനും വേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. അവരുടെ ശ്രദ്ധ തിരിച്ചുവിടാൻവേണ്ടി സകലതന്ത്രങ്ങളും പയറ്റുന്നു. കോലാഹലങ്ങൾ ഉയർത്തിയും കൃത്രിമപ്രശ്നങ്ങളിലേയ്ക്ക് ശ്രദ്ധ തിരിച്ചുവിട്ടും തത്ക്കാലത്തേയ്ക്ക് ചില അപ്പക്കഷണങ്ങൾ എറിഞ്ഞുകൊടുത്തും ജനങ്ങളെ വഞ്ചിക്കുന്നു. പ്രചാരണ കോലാഹലങ്ങളിലൂെട ജനങ്ങളെ അനുസരണയുള്ള, ചൊല്‍പ്പടിക്ക് നിൽക്കുന്ന വോട്ടുബാങ്കാക്കി മാറ്റിയെടുത്ത് തിരഞ്ഞെടുപ്പിനെ മറികടക്കുന്നു. ജീവിതത്തിന്റെ സമസ്യകളെ പരിഗണിക്കാത്ത ബൂർഷ്വാ പാർട്ടികളെ എവ്വിധവും അധികാരത്തിലെത്താൻ സഹായിക്കുന്നു. തിരഞ്ഞെടുപ്പുകൾ വെറും പ്രഹസനങ്ങളായി മാറുന്നു.


സൗജന്യങ്ങൾ പ്രഖ്യാപിക്കാൻ ബൂർഷ്വാ പാർട്ടികൾ മത്സരിക്കുന്നു


തിരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും അരങ്ങേറിയത് ഇതേ നാടകമാണ്. പൊള്ളയായ വാഗ്ദാനങ്ങൾ, ജനങ്ങളെ വിഡ്ഢികളാക്കൽ, യഥാർത്ഥ പ്രശ്നങ്ങളിൽനിന്ന് മാറിയുള്ള വിഴുപ്പലക്കൽ തുടങ്ങിയവതന്നെ. ബിജെപിയുടെ തിരഞ്ഞെടുപ്പ് സംഘത്തിന് നേതൃത്വം നൽകിയ മോദി, ഒരിക്കൽ പ്രതിപക്ഷ കക്ഷികൾ ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകുന്നതിനെ പരിഹസിച്ചുകൊണ്ട്, ഇത് ഖജനാവ് കാലിയാക്കുന്ന പരിപാടിയാണ് എന്നു പറഞ്ഞിരുന്നു. എന്നാൽ സ്വന്തം പാർട്ടിതന്നെ ഇതുതുടങ്ങിയപ്പോൾ മിണ്ടാട്ടമില്ല. അധികാരത്തിനുവേണ്ടി മലക്കംമറിയുന്ന അവസരവാദരാഷ്ട്രീയംതന്നെയാണ് ഇവിടെ കാണുന്നത്. എന്നുമാത്രമല്ല, ആരാണ് ഏറ്റവും കൂടുതൽ വാഗ്ദാനങ്ങള്‍ നല്‍കുന്നത് എന്നതിൽ കോൺഗ്രസും ബിജെപിയും തമ്മിൽ മത്സരം തന്നെയുണ്ടായി.
മധ്യപ്രദേശിൽ ബിജെപി പതിമൂന്നുലക്ഷം സ്ക്രീകൾക്ക് മാസംതോറും 1250രൂപ നൽകുന്ന പദ്ധതി പ്രഖ്യാപിക്കുമ്പോൾ അവർക്ക് 1500രൂപ നൽകുന്ന ‘നാരീ സന്താൻ യോജന’ യുമായി കോൺഗ്രസ് രംഗത്തുവന്നു. ഈ കളിയിൽ കോൺഗ്രസ് തങ്ങളെ കവച്ചുവയ്ക്കുന്നതുകണ്ട ബിജെപി, തുക 3000 ആയി വർദ്ധിപ്പിച്ചു. കൂടാതെ മുഖ്യമന്ത്രിയുടെ ‘കന്യാവിവാഹ് യോജന’യുടെ തുക 49000ത്തിൽനിന്ന് 51000ആയി ഉയർത്തുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ ഇത്തരം നടപടികളെ പരിഹസിച്ചവരായിരുന്നു ഇവർ എന്നോർക്കണം. പാചകവാതകം അഞ്ഞൂറുരൂപയ്ക്ക് നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തപ്പോൾ നാനൂറ്റി അമ്പത് രൂപയ്ക്ക് നൽകുമെന്ന് ബിജെപി പറഞ്ഞു. കർഷകർക്ക് ‘പിഎം കിസാൻ സമ്മാൻ നിധി’ വഴി വർഷം ആറായിരം രൂപയും മുഖ്യമന്ത്രി കിസാൻ കല്യാൺ യോജനവഴി മറ്റൊരു ആറായിരും രൂപയും നൽകുമെന്ന് ബിജെപി പറയുന്നു. അഞ്ച് എച്ച്പി പമ്പുകൾക്കുവരെ വൈദ്യുതി സൗജന്യമായി നൽകുമെന്നും കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നാണ് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത്. ഗോതമ്പിന് ക്വിന്ററിലിന് രണ്ടായിരത്തി എഴുനൂറ് രൂപയും നെല്ലിന് ക്വിന്റലിന് മൂവായിരത്തി ഒരുനൂറുരൂപയും ബിജെപി വാഗ്ദാനം ചെയ്യുമ്പോൾ കോൺഗ്രസിന്റേത് യഥാക്രമം രണ്ടായിരത്തി അറുനൂറും രണ്ടായിരത്തി അഞ്ഞൂറുമാണ്.
രാജസ്ഥാനിലെ ഭരണകക്ഷിയായിരുന്ന കോൺഗ്രസ് അവർ കർണാടകയിൽ ചെയ്തതുപോലെ ഗൃഹലക്ഷ്മി സ്കീമിലൂടെ സ്ത്രീകൾക്ക് പതിനായിരം രൂപവരെ നൽകുമെന്ന് പറഞ്ഞു. എന്നാൽ തങ്ങൾ അധികാരത്തിലേറിയാൽ പന്തീരായിരം നൽകുമെന്ന് ബിജെപിയും. അധികാരത്തിലേറിയാൽ ദീപാവലിക്കും ഹോളിക്കും രണ്ട് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് 2022ലെ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപി വാഗ്ദാനം നൽകിയിരുന്ന കാര്യം ഇവിടെ ഓർക്കേണ്ടതാണ്. അവർ അധികാരത്തിൽ എത്തിയെങ്കിലും ഇതുവരെ ആർക്കും എൽപിജി സിലിണ്ടറുകൾ നൽകിയിട്ടില്ല. കോൺഗ്രസ് ഭരണകാലത്ത് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യമായി നൽകിയിരുന്നു. തങ്ങൾ അത് തുടരുമെന്ന് ബിജെപി പറഞ്ഞു. ഉർന്ന ക്ലാസ്സുകളിലെ പെൺകുട്ടികൾക്ക് ലാപ്‌ടോപ്പുകൾ സൗജന്യമായി നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തു. അതിനെ മറികടക്കാൻ ബിജെപി നൽകുന്ന വാഗ്ദാനം വളരെ തുച്ഛമായ പലിശയ്ക്ക് വിദ്യാഭ്യാസവായ്പ ലഭ്യമാക്കും എന്നാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് നഴ്സറി മുതൽ ഉന്നതതലംവരെ വിദ്യാഭ്യാസം സൗജന്യമായി ലഭ്യമാക്കുമെന്നും അവർ പറഞ്ഞു. പെൺകുട്ടികൾക്ക് രണ്ടുലക്ഷംവരെ സാമ്പത്തിക സഹായവും സ്കൂട്ടറുകളും അവരുടെ പ്രകടനപത്രികയിൽ ഉണ്ട്. കോൺഗ്രസ് അവരുടെ ‘ചിരഞ്ജീവി ബീമാ യോജന’ എന്ന അപകട ഇൻഷുറൻസ് തുക ഇരുപത്തിയഞ്ചിൽനിന്നും അമ്പത് ലക്ഷമാക്കി വർദ്ധിപ്പിക്കും എന്ന് പറഞ്ഞു.


സമാനമായ വാഗ്ദാനങ്ങളാണ് ഛത്തിസ്‌ഗഢിലും തെലങ്കാനയിലും നൽകിയത്. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ വിദ്യാർത്ഥികൾക്ക് ഫ്രീ കോച്ചിംഗ് ക്ലാസ്സുകളും സൗജന്യബസ് യാത്രയും നല്‍കുമെന്ന് ഛത്തിസ്‌ഗഢ് മുഖ്യമന്ത്രി പറഞ്ഞു. അമ്പതുവയസ്സിന് മുകളിലുള്ള തൊഴിലാളികൾക്ക് ആയിരത്തിഅഞ്ഞുറുരൂപ പെൻഷനും വാഗ്ദാനത്തിൽ ഉണ്ട്. ബിജെപിയും സൗജന്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നാലും സൗജന്യങ്ങൾ നൽകുമെന്ന് ബിജെപിയുടെ രാജ്യസഭാ എംപിയും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ സന്ദീപ് പഥക് പറഞ്ഞു. ആദിവാസികൾക്ക് ജഴ്സി പശുവിനെയും പന്ത്രണ്ടാംക്ലാസ്സ് പാസ്സായവർക്കെല്ലാം അയ്യായിരംരൂപ തൊഴിലില്ലായ്മ വേതനവും കർഷകർക്ക് ബോണസ്സും അവരുടെ വാഗ്ദാനങ്ങളാണ്. തെലങ്കാനയിൽ ഭരണകക്ഷിയായ ബിആർഎസിന്റെ വാഗ്ദാനങ്ങൾ നിറവേറ്റാൻ ഏതാണ്ട് മുപ്പത്തയ്യായിരം കോടി രൂപ വേണ്ടിവരും. കോൺഗ്രസിന്റേത് അതിലും കൂടുതലാണ്. അവരുടെ ‘റൈത ബന്ധുസ്കീം’ പ്രകാരം കർഷകർക്ക് ഏക്കറിന് പതിനായിരം രൂപ എന്നത് പതിനാറായിരം രൂപയായി ഉയർത്തും. കോൺഗ്രസ് വനിതകൾക്ക് അഞ്ഞൂറുരൂപയ്ക്ക് ഗ്യാസ് സിലിണ്ടറും സംസ്ഥാനസർക്കാരിന്റെ ബസ്സുകളിൽ സൗജന്യ യാത്രയും പറഞ്ഞു.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇങ്ങനെ പൊതുഫണ്ടുപയോഗിച്ച് സൗജന്യങ്ങൾ വാരിക്കോരി കൊടുക്കുന്നതിനെതിരെയുള്ള പരാതിയിൽ സുപ്രീംകോടതി മധ്യപ്രദേശിലെയും രാജസ്ഥാനിലെയും സർക്കാരുകളോട് വിശദീകരണം ചോദിച്ചിരുന്നു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻവേണ്ടി പൊതുഖജനാവിലെ ഫണ്ട് ഉപയോഗിച്ച് സൗജന്യങ്ങൾ നൽകുന്നത് കൈക്കൂലിക്ക് തുല്യമാണെന്നും ഐപിസി 171ബി, 171സി പ്രകാരം കുറ്റകരമാണ് എന്നുമായിരുന്നു പരാതിക്കാരന്റെ വാദം. ആർബിഐ റിപ്പോർട്ട് പ്രകാരം മധ്യപ്രദേശിന്റെ പൊതുകടം 2006ൽ 49646കോടി രൂപയായിരുന്നത് ഇപ്പോൾ 3.78ലക്ഷം കോടിരൂപയായതായി പരാതിക്കാരൻ പറയുന്നു. ഇലക്ഷന് തൊട്ടുമുമ്പ് ഇങ്ങനെ പണം വിതരണം ചെയ്യുന്നത് വളരെ മോശമാണ്. ഇതിന്റെ ബാധ്യത ആത്യന്തികമായി നികുതിദായകന് തന്നെവരുന്നു എന്ന് പരാതിക്കാരൻ ആരോപിക്കുന്നു. എന്തുകൊണ്ടാണ് ഭരിക്കുന്ന അഞ്ചുവർഷം ഇതൊന്നും ചെയ്യാതെ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്കുമുമ്പ് ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നതെന്ന് കേന്ദ്ര ഇലക്ഷൻ കമ്മീഷണറും ചോദിക്കുകയുണ്ടായി. തിരഞ്ഞെടുപ്പ്പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്കുമുമ്പുമാത്രം രാജസ്ഥാനിലെ കോൺഗ്രസ് ഗവൺമെന്റ് ഇരുപത്തിയൊന്നായിരംകോടിരൂപയുടെ ജലവിതരണപദ്ധതിയും മധ്യപ്രദേശിലെ ബിജെപി ഗവൺമെന്റ് മൂന്നു പുതിയ മെഡിക്കൽ കോളജുകളും പ്രഖ്യാപിച്ചപ്പോഴായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് ചോദിച്ചത്.


മതവിദ്വേഷം വളർത്തുന്നതിൽ എല്ലാവര്‍ക്കും പങ്ക്


ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഹിന്ദുവർഗ്ഗീയതയെ അടിസ്ഥാനപ്പെടുത്തി മുസ്ലീംവിദ്വേഷം വളർത്തിയെടുക്കുന്ന തരത്തിലാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ മതേതരമെന്ന് അവകാശപ്പെടുന്ന തങ്ങളും അങ്ങനെതന്നെ എന്ന് സിപിഐയും സിപിഐ(എം) ഉം സർട്ടിഫൈ ചെയ്തിട്ടുള്ള കോൺഗ്രസ്സും സനാതന ഹിന്ദുക്കളാണെന്ന് തെളിയിക്കാൻ എല്ലാ അടവുകളും പയറ്റുന്നുണ്ടായിരുന്നു. തിരഞ്ഞെടുപ്പിലേയ്ക്ക് സംസ്ഥാനങ്ങൾ നീങ്ങുമ്പോൾ രാഹുൽ ഗാന്ധി ഒരു കേദാർനാഥ് ‘ആത്മീയ യാത്ര’ നടത്തി. പ്രധാനമന്ത്രി മോദി ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേദാർ നാഥ് സന്ദർശിച്ചതിനെ അനുകരിക്കുകയാണ് എന്നുപറഞ്ഞ് ബിജെപി പരിഹസിച്ചു. എക്സിലെ(പഴയ ട്വിറ്റർ) ഒരു പോസ്റ്റിൽ രാഹുൽ ഗാന്ധി എത്ര ശ്രമിച്ചാലും കോൺഗ്രസ് സനാതന വിരുദ്ധരാണെന്ന കാര്യം ജനം മറക്കില്ലെന്ന് ബിജെപി പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനകാലത്ത് അവിടെയുള്ള ആളുകൾ ‘മോദി, മോദി’ എന്ന് മുദ്രാവാക്യം വിളിച്ച വീഡിയോയും അവർ ഷെയർ ചെയ്യുകയുണ്ടായി. തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തിലും രാഹുൽ ഗാന്ധി പ്രാർത്ഥന നടത്തി. നർമ്മദ നദിയെ വന്ദിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി മധ്യപ്രദേശിൽ പ്രചാരണം ആരംഭിച്ചത്. ജബൽപൂർ സിറ്റിയിൽ ഹനുമാന്റെ ഗദകളുടെ അകമ്പടിയോടെ ശംഖ് ഊതിയാണ് തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തത്. മൂവായിരംകോടിയോളം രൂപയാണ് മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രി ക്ഷേത്രങ്ങൾ പുനരുദ്ധരിക്കാൻ ചെലവിട്ടത്. ആദിശങ്കരാചാര്യരുടെ നൂറ്റിയെട്ട് അടി ഉയരമുള്ള പ്രതിമ ഖാന്ത്‌വ ജില്ലയിലെ ഓംകാരേശ്വറിൽ അദ്ദേഹം അനാച്ഛാദനം ചെയ്തത് സെപ്റ്റംബറിൽ ആണ്. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ കമൽനാഥ് സ്വന്തം മണ്ഡലമായ ഛിന്ദ്‌വാരയിൽ പതിനായിരങ്ങൾ പങ്കെടുത്ത പൂജനടത്തുകയുണ്ടായി. ഛിന്ദ്‌വാരയിൽ താൻ നിർമ്മിച്ച നൂറ്റിരണ്ടടി ഉയരമുള്ള ഹനുമാൻ പ്രതിമയെക്കുറിച്ച് അയാൾ അവരെ ഓർമ്മിപ്പിക്കുകയും ചെയ്തു. അതിന് മുമ്പ് കാവിധാരികളായ ഹിന്ദുസന്യാസിമാർ പങ്കെടുത്ത ഒരു വലിയ റാലിയും കമൽനാഥ് തന്നെ സംഘടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ അവരുടെ പ്രധാന അജണ്ട ജാതി സെൻസസ് നടത്തും എന്നതായിരുന്നു. മധ്യപ്രദേശിലെ ജനങ്ങളിൽ 45ശതമാനം പിന്നാക്കവിഭാഗക്കാരാണ്. അവരുടെ വോട്ടുകൾ ആകർഷിക്കാൻ കോൺഗ്രസ് 29ശതമാനവും ഒബിസി വിഭാഗത്തിൽപെട്ട സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയത്. പ്രധാനമന്ത്രി മോദിയാകട്ടെ താൻ ഒബിസിയിൽതന്നെ ഏറ്റവും പിന്നാക്കക്കാരനാണ് എന്നവകാശപ്പെടുന്നു. ബിജെപിയുടെ മുഖ്യമന്ത്രിയായ ശിവ് രാജ് സിംഗ് ചൗഹാൻ സ്വയം അവതരിപ്പിക്കുന്നത് ഒരു ഒബിസി നേതാവായിട്ടാണ്.
പതിനാറുശതമാനത്തോളം ദളിത് വോട്ടുകൾ ആകർഷിക്കാൻവേണ്ടി ബിജെപിയും കോൺഗ്രസും സന്ത് രവിദാസ് എന്ന പതിനഞ്ചാം നൂറ്റാണ്ടിലെ ഭക്ത കവിയെ കൂട്ടുപിടിച്ചിരിക്കുകയാണ്. ജാതിക്കും ലിംഗപരമായ വിവേചനങ്ങൾക്കും എതിരെ തന്റെ കവിതയിലൂടെ പ്രതികരിച്ച രവിദാസ് ദളിതർക്ക് വളരെ പ്രിയപ്പെട്ട ആളാണ്. നൂറുകോടി രൂപ ചെലവിൽ രവിദാസിന് സ്മാരകം പണിയുമെന്ന് ബിജെപി വാഗ്ദാനം ചെയ്യുന്നുണ്ട്. രവിദാസിന്റെ പേരിൽ ഒരു സർവകലാശാല ആരംഭിക്കുമെന്ന് കോൺഗ്രസും പറയുന്നു. ഒരു ദളിത് ആക്ടിവിസ്റ്റ് ഇതെക്കുറിച്ച് പരിഹാസരൂപേണ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, “2018ൽ ഗ്വാളിയറിൽ ദളിതർക്കെതിരെ നടന്ന കലാപത്തിനുശേഷം ദളിത് സംബന്ധിയായ വിഷയങ്ങൾ പൊതുവെ മൂടിവച്ചിരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദളിതർ വീണ്ടും ചർച്ചയാകുന്നത് നല്ല കാര്യം തന്നെ.!” ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കാൻ കോൺഗ്രസിന്റെ മറ്റൊരു തുരുപ്പ് ചീട്ട്, ഒബിസി സംവരണം 27ശതമാനമാക്കി കൂട്ടും എന്നതാണ്. ഇവിടെ ഒരു കാര്യം ഓർക്കേണ്ടത്, ഗോരക്ഷകർ ദളിതരെയും മുസ്ലീങ്ങളെയും ആൾക്കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കുമ്പോൾ രാജസ്ഥാനിലെ കോൺഗ്രസ് മുഖ്യമന്ത്രി ഹിന്ദുപുരോഹിതന്മാരുടെ കൂടെ നിന്ന് പറഞ്ഞത് പശുക്കളെ സംരക്ഷിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ് എന്നായിരുന്നു.
ഒരാഴ്ചക്കയ്ക്കകംതന്നെ കമൽനാഥ് സർക്കാർ ഗോശാലകൾക്കുള്ള സഹായം വർദ്ധിപ്പിക്കുകയും പശുസംരക്ഷണത്തിനായി ഒരു പുതിയ ഡിപ്പാർട്ട്മെന്റുതന്നെ രൂപീകരിക്കുകയുംചെയ്തു. ഛത്തിസ്ഗഢിലെ കോൺഗ്രസ് മുഖ്യമന്ത്രിയും ബിജെപിയുടെ കടുത്ത ഹിന്ദുത്വത്തെ ചെറുക്കാൻ ഒരു മൃദുഹിന്ദുത്വ നയമാണ് അവലംബിച്ചത്. സംസ്ഥാനതലസ്ഥാനത്തെ രാംലീല മൈതാനിയിൽ ദേശീയ രാമായണ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി തന്നെയായിരുന്നു. രാമായണത്തിലെ വിവിധ ഭാഗങ്ങൾ ഒരു നൃത്തനാടക രൂപത്തിൽ കലാകാരന്മാർ അവതരിപ്പിക്കുന്നതായിരുന്നു ഈ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം. രാമന്റെ പതിനാലുവർഷത്തെ വനവാസത്തിൽ പത്തുവർഷവും താമസിച്ച ദണ്ഡകാരണ്യം ഛത്തിസ്ഗഢിലായിരുന്നുവെന്ന് ചിലർ വിശ്വസിക്കുന്നു. അതിനാൽത്തന്നെ ഈ ഭാഗങ്ങൾ അവതരിപ്പിക്കുന്നതിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയും. ഇതിനെച്ചെറുക്കാൻ ബിജെപി സംസ്ഥാനം മുഴുവൻ ഗീതാപാരായണം സംഘടിപ്പിച്ചു. അടുത്തവർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന രാമമന്ദിർ ഉദ്ഘാടനവും ബിജെപി പ്രചാരണത്തിന് ഉപയോഗിച്ചു. ബിജെപിയുടെയും കോൺഗ്രസിന്റെയും പുറമേയ്ക്കുള്ള വായ്ത്താരികൾ വ്യത്യസ്തമെന്ന് തോന്നാം. എന്നാൽ രണ്ടുകൂട്ടരും ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ തമ്മിലടിപ്പിച്ച് മുതലെടുക്കാൻ ശ്രമിക്കുകയാണ്.


ചീഞ്ഞുനാറുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയം


ബൂർഷ്വാ രാഷ്ട്രീയത്തിന്റെ അധഃപതനമാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ആശയപരമായും രാഷ്ട്രീയമായും ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കാൻ അവരുടെ കൈയിൽ യാതൊന്നുമില്ല. ജനങ്ങൾക്ക് രാഷ്ട്രീയബോധം ഏതെങ്കിലു ംതരത്തിൽ നൽകുന്ന എല്ലാ പരിപാടികളും അവർ ശ്രദ്ധയോടെ ഒഴിവാക്കുന്നു. അത് തങ്ങൾക്കുതന്നെ വിനയാകുമെന്ന് അവർക്കറിയാം. പകരം തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചില അപ്പക്കഷണങ്ങൾ എറിഞ്ഞുകൊടുത്ത് അവർ വോട്ടർമാരെ ആകർഷിക്കാൻ ശ്രമിക്കുന്നു, ജാതിമത വികാരങ്ങൾ ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. തങ്ങളുടെ അടിയാന്മാരുടെ അവസാനത്തുള്ളി ചോരയും ഊറ്റിയെടുത്തിരുന്ന പഴയ ജമീന്ദാർമാരും വർഷത്തിൽ ഒന്നുരണ്ടുതവണ പാവങ്ങൾക്കായി വിരുന്നൊരുക്കിയിരുന്നു. ഗതിയില്ലാത്ത, പട്ടിണിക്കാരായ അടിയാന്മാർ കരുതിയത് തങ്ങളോടുള്ള ദയയും കരുതലും കാരണമാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ്. എന്നാൽ തങ്ങളെ ഗതികെട്ടവരും പട്ടിണിക്കാരുമാക്കി തടിച്ചുകൊഴുക്കുന്ന ജമീന്ദാർമാർ എറിഞ്ഞുകൊടുക്കുന്ന ഭിക്ഷയാണിത് എന്ന കാര്യം അവർ മനസ്സിലാക്കിയില്ല. ഇന്നത്തെ രാഷ്ട്രീയ ജമീന്ദാർമാരും ഇതേ കുതന്ത്രം പയറ്റുന്നു. സത്യസന്ധമായി തങ്ങളുടെരാഷ്ട്രീയ ലൈൻ അവതരിപ്പിച്ച് വോട്ടുവാങ്ങുന്നതിന് പകരം പണവും സൗജന്യങ്ങളും വാഗ്ദാനം ചെയ്ത് വോട്ടുവാങ്ങുന്നു. അധികാരത്തിലെത്തിയാൽ ഇതിൽ ഭൂരിഭാഗവും സൗകര്യപൂർവം മറക്കുകയുംചെയ്യുന്നു. ഇതുവഴി ജനാധിപത്യത്തിലെ യഥാർത്ഥ യജമാനന്മാരാകേണ്ടുന്ന ജനങ്ങളെ അവർ യാചകരാക്കി മാറ്റുന്നു. തങ്ങളുടെ പ്രശ്നങ്ങൾ രാഷ്ട്രീയമായി പരിഹരിക്കാൻ സാധിക്കുന്നതല്ല എന്ന വിശ്വാസം അവരിൽ ഊട്ടിയുറപ്പിക്കുന്നു. അപ്പക്കഷണങ്ങൾ പരമാവധി കൈക്കലാക്കുന്ന ഭാഗ്യാന്വേഷികളാക്കി ജനങ്ങളെ മാറ്റിയെടുക്കുന്നു. ഇതിന്റെയൊക്കെ ചെലവ് വിലക്കയറ്റമായും പരോക്ഷനികുതികളായും ജനങ്ങളിൽനിന്ന് ഈടാക്കുമെന്നുപോലും അവർ അറിയുന്നില്ല.
മാത്രവുമല്ല, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാർട്ടികൾക്ക് പണം നൽകുന്ന വൻബിസിനസ്സുകാരും കുത്തകമുതലാളിമാരും ആ പണം പലമടങ്ങായി തിരിച്ചുപിടിക്കാൻ വേണ്ടിത്തന്നെയാണ് ചെലവാക്കുന്നത്. തങ്ങൾക്ക് പരമാവധി ലാഭം ഉറപ്പാക്കുന്ന വിധത്തിൽ നയരൂപീകരണം നടത്താൻ അവർ ഗവൺമെന്റുകളെ നിർബന്ധിക്കും. ഖനികളും കാടുകളും അവർക്ക് കൈമാറി ഗവൺമെന്റ് നന്ദി പ്രകടിപ്പിക്കും. പാവങ്ങൾക്ക് സ്വന്തം കൂരകൾപോലും നഷ്ടപ്പെടും. പൊതുമുതൾ അന്യാധീനപ്പെടും. ഫലത്തിൽ എല്ലാ ചെലവുകളും പലിശസഹിതം ജനങ്ങൾത്തന്നെ വഹിക്കുന്നു. ഇതൊടൊപ്പമാണ് ജനങ്ങളെ മതത്തിന്റെ പേരിൽ തമ്മിലടിപ്പിക്കുന്നത്. മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരയൂറ്റുകയും അവസാനം അവയെത്തന്നെ തിന്നുകയും ചെയ്യുന്ന കുറുക്കൻ കൗശലം ഇവിടെ യാതൊരു ഒളിയും മറയുമില്ലാതെ നടപ്പിലാക്കപ്പെടുന്നു. മുതലാളിത്തത്തിന്റെ ഭീകരമുഖമാണ് ഇവിടെ ദൃശ്യമാകുന്നത്.
സാധാരണ ജനങ്ങൾ ഈ അധികാര കരുനീക്കങ്ങളിലെ കാലാളുകളായി ഇങ്ങനെ എത്ര കാലം തുടരും? ഈ ചതിയും വഞ്ചനയും പ്രതിഷേധത്തിന്റെ ഒരു മൂളൽപോലുമില്ലാതെ അവർ എത്രകാലം സഹിക്കും? തങ്ങളുെട ജീവിതത്തെ ഇങ്ങനെ നിയന്ത്രിക്കാൻ ഈ ദുഷ്ടശക്തികളെ ഇനിയും അനുവദിക്കണമോ? ഇതിനെ ചെറുക്കണമെങ്കിൽ ജനങ്ങൾ മയക്കത്തിൽനിന്നുമുണർന്നേ മതിയാകൂ. സത്യം അറിയാൻ ശ്രമിക്കുകയും തങ്ങളുടെ ശത്രുക്കളെ തിരിച്ചറിയുകയുംവേണം. ശരിയായ വിപ്ലവപ്രസ്ഥാനത്തിന്റെ കീഴിൽ അണിനിരന്നുകൊണ്ട് ഈ ജനവഞ്ചകരെ ചെറുത്തുതോൽപ്പിച്ച് സ്വന്തം ഭാവി കരുപ്പിടിപ്പിക്കാൻ പ്രാപ്തരാകണം.

Share this post

scroll to top