സര്‍ക്കാര്‍ അജണ്ട കെഎസ്ആര്‍ടിസിയുടെ സ്വകാര്യവല്‍ക്കരണം

image.jpg
Share

അതിരൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും ദാരിദ്ര്യവുമെല്ലാം കൊണ്ട് നട്ടം തിരിയുന്ന ജനങ്ങൾക്ക് കൊടിയ യാത്രാ ദുരിതവും സമ്മാനിച്ചിരിക്കുകയാണ് കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സർക്കാർ. ദേശസാൽകൃത റൂട്ടുകളിലടക്കം കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന ജനങ്ങൾ യാത്രാക്ലേശം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നു. വൈകിട്ട് 6 മണി കഴിഞ്ഞാൽ ഓർഡിനറി, ഫാസ്റ്റ് പാസ്സഞ്ചർ ബസ്സുകൾ നിരത്തൊഴിയുന്നു. തുണിക്കടകളിലും സ്വർണ്ണക്കടകളിലുമടക്കമുള്ള ഷോപ്പുകളിലും മറ്റു സ്ഥാപനങ്ങളിലുമൊക്കെ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള ടക്കമുള്ളവർ ബസ് സ്റ്റോപ്പുകളിലും ബസ് സ്റ്റാന്റുകളിലും കൂട്ടമായി കാത്തു നിൽക്കുന്നത് ഇന്ന് കേരളത്തിലെവിടെയുമുള്ള കാഴ്ചയാണ്. യാത്രാ ക്ലേശം പരിഹരിക്കുന്നതിന് യാതൊരുവിധ നടപടിയും കൈക്കൊള്ളുന്നില്ല എന്നു മാത്രമല്ല കെഎസ്ആർടിസിയെ തകർച്ചയിലേക്ക് തള്ളിവിടുന്ന കാഴ്ചയാണ് കാണുവാൻ കഴിയുന്നത്.
8 വർഷങ്ങൾക്ക് മുൻപ് 5600ൽപരം ബസ്സുകളും 5500 ഓളം ഷെഡ്യൂളുകളുമുണ്ടായിരുന്ന കെഎസ്ആര്‍ടിസിയിൽ നിലവിൽ 4000 ൽ താഴെ ബസ്സുകളും 3800 ഓളം ഷെഡ്യൂളുകളുമാണുള്ളത്. കഴിഞ്ഞ 8 വർഷമായി പുതിയ ബസ്സുകൾ വാങ്ങി നൽകാത്തതുമൂലം കാലാവധി കഴിഞ്ഞ ബസ്സുകൾ നിരത്തൊഴിയുകയും പകരം ബസ്സോടിക്കുവാൻ കഴിയാതിരിക്കുകയും ചെയ്യുന്നു. ഇപ്പോൾ ശബരിമല സീസൺ പ്രമാണിച്ച് 500 ലേറെ ബസ്സുകൾ റൂട്ടുകളിൽ നിന്നും പിൻവലിച്ച് പമ്പ സർവ്വീസിനായി മാറ്റിയതോടെ യാത്രാ ക്ലേശം അതിന്റെ പാരമ്യതയിലെത്തിയിരിക്കുന്നു. പത്തുവർഷങൾക്കുമുൻപ് 36,000 ൽ പരം സ്ഥിരം ജീവനക്കാരും 8000 ത്തിലധികം വരുന്ന താൽക്കാലിക(എംപാനൽ) ജീവനക്കാരുമുണ്ടായിരുന്ന സ്ഥാനത്തിപ്പോൾ കേവലം 25,000ൽ താഴെ മാത്രം ജീവനക്കാരാണുള്ളത്. ജീവനക്കാർക്ക് രണ്ടു ഗഡുക്കളായിട്ടാണ് ശമ്പളം നൽകുന്നത്. അതുതന്നെ യാതൊരു കൃത്യതയുമില്ലാതെ തോന്നും പടിയാണ് വിതരണം ചെയ്യുന്നത്. നിയമപരമായി ലഭിക്കേണ്ടുന്ന ക്ഷാമബത്ത(ഡിഎ) വർഷങ്ങളായി നൽകുന്നില്ല. ഷൂ അലവൻസ് , യൂണിഫോം അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളൊന്നും തന്നെ നൽകുന്നില്ല. പെൻഷൻ രണ്ടു മാസത്തിലേറെയായി മുടങ്ങിയിരിക്കുന്നു. സാധാരണ ശമ്പള പരിഷ്ക്കരണത്തോടനുബന്ധിച്ച് പെൻഷനും പരിഷ്ക്കരിക്കാറുണ്ടെങ്കിലും ഇപ്രാവശ്യം അതിന് സർക്കാർ തയ്യാറായില്ല. ഇപ്പോൾ പെൻഷൻ വിതരണം ഒരു വർഷക്കാലത്തേക്ക് സൊസൈറ്റികളുടെ കൺസോർഷ്യത്തെ ഏൽപ്പിച്ചിരിക്കുന്നു. 8.8% പലിശ സൊസൈറ്റികൾക്ക് നൽകുവാനും കരാറായിട്ടുണ്ട്. മുൻ കാലങ്ങളിലേതു പോലെ നേരിട്ട് പെൻഷൻ നൽകുകയാണെങ്കിൽ പലിശ ലാഭിക്കാമെന്നിരിക്കെ അങ്ങനെ ചെയ്യാതെ “സൊസൈറ്റി രാഷ്ട്രീയം ” വളർത്തുന്നതിനാണിങ്ങനെ ചെയ്യുന്നത്. ഇതുവഴി വീണ്ടും പെൻഷൻ പ്രതിസന്ധിയിലാകുമെന്ന ഭയത്തിലാണ് ജീവനക്കാർ. പ്രതിമാസം 220 കോടിയിലേറെ വരുമാനമുള്ള സ്ഥാപനത്തിൽ ശമ്പളം നൽകുന്നതിനാവശ്യമുള്ളത് 80 കോടിയോളം രൂപയാണ്. അത്യദ്ധ്വാനത്തിലൂടെ വരുമാനം ഉണ്ടാക്കുന്ന തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിന് പ്രാമുഖ്യം നൽകുന്നതിനു പകരം വായ്പാ തിരിച്ചടവ്, എണ്ണക്കമ്പനികൾ, സ്പെയർ പാർട്ട്സ്, ഉന്നതന്മാരുടെ ധൂർത്ത് തുടങ്ങിയ എല്ലാ ചെലവുകളും കഴിഞ്ഞ് ശമ്പളം നൽകാൻ പണമില്ല എന്നുപറഞ്ഞ് കൈമലർത്തുകയാണ് മാനേജ്മെന്റ് ചെയ്യുന്നത്. പ്രതിസന്ധിയുടെ മുഴുവൻ ഉത്തരവാദിത്തവും തൊഴിലാളികളുടെ തലയിൽകെട്ടിവെച്ച് കൈമലർത്തുകയാണ് സർക്കാരും മാനേജ്മെന്റും. യഥാസമയം ശമ്പളംപോലും കിട്ടാതെ, സർവ്വീസ് മേഖലയിലെ നിരവധിയായ പീഡനങ്ങൾ സഹിച്ച് കഠിനാദ്ധ്വാനം ചെയ്യുന്ന തൊഴിലാളികളുടെ ആത്മാഭിമാനത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന തരത്തിലുളള കുപ്രചാരണങ്ങളാണ് സർക്കാരും മാനേജ്മെന്റും സ്വകാര്യവൽക്കരണത്തിന്റെ വക്താക്കളായ ചില മാദ്ധ്യമങ്ങളും സ്വകാര്യ ബസ് ലോബികളുമെല്ലാം ചേർന്ന് നടത്തുന്നത്. കെഎസ്ആര്‍ടിസിയെ അടച്ചുപൂട്ടി സ്വകാര്യവൽക്കരണം നടപ്പിലാക്കുക എന്നതാണ് സർക്കാരിന്റെ അജണ്ടയെന്നത് ഇന്ന് പകൽ പോലെ വ്യക്തമാണ്. സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചതും കോൺട്രാക്ട് ക്യാരേജ് പെർമിറ്റുള്ള ബസ്സുകൾ സ്റ്റേജ് ക്യാരേജ് ആയി സർവ്വീസ് നടത്തുന്നത് തടയുന്നതിന്ന് ശക്തമായ നടപടികൾ സ്വീകരിക്കാത്തത്, ദേശസാൽകൃത റൂട്ടുകളിൽ പോലും യാതൊരു നിയന്ത്രണവുമില്ലാതെ സ്വകാര്യ ബസ്സുകൾക്ക് പെർമിറ്റ് നൽകുന്നതും കേന്ദ്ര സർക്കാർ സൗജന്യമായി അനുവദിച്ച ഇലക്ടിക് ബസ്റ്റുകൾ വേണ്ടെന്നു വെച്ചതും കെഎസ്ആര്‍ടിസിയെ നിലനിർത്തുന്നതിനുള്ള യാതൊരു നടപടികളും കൈക്കൊള്ളാത്തതുമെല്ലാം സർക്കാരിന്റെ അജണ്ട വെളിവാക്കുന്നതാണ്. കെഎസ്ആർടിസിയുടെ പണം വിനിയോഗിച്ച് ആരംഭിച്ച കെ സ്വിഫ്റ്റ് എന്ന സ്വകാര്യ കമ്പനി കെഎസ്ആർടിസിയുടെ സ്വകാര്യവത്ക്കരണം ഉറപ്പുവരുത്തുന്നതിനുള്ള നടപടിയാണ്.
രാജ്യത്താകെ 49 റോഡ് ട്രാൻസ്പോർട്ട് കോർപറേഷനു(ആര്‍ടിസി)കൾ ഉള്ളതിൽ 3 എണ്ണം മാത്രമാണ് നഷ്ടമില്ലാതെ പ്രവർത്തിക്കുന്നത്. ബാക്കി എല്ലാ ആര്‍ടിസികളും സാമ്പത്തികമായി നഷ്ടത്തിലാണ്. എന്നാൽ ഒരു ആര്‍ടിസിയിലും ശമ്പളം മുടങ്ങുകയോ ഡിഎയും മറ്റാനുകൂല്യങ്ങളും നൽകാതിരിക്കുകയോ ചെയ്യുന്നില്ല. മാത്രവുമല്ല, കേരളത്തിലേതിനേക്കാൾ ബസ്സ് ചാർജ് മറ്റു സംസ്ഥാനങ്ങളിൽ കുറവാണെങ്കിലും ധാരാളം സൗജന്യങ്ങൾ ജനങ്ങൾക്ക് നൽകുന്നുണ്ട്. ഉദാഹരണത്തിന് തമിഴ് നാട്ടിൽ ഓർഡിനറി മിനിമം ചാർജ് 5 രുപയാണ്. അവിടെ സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും യാത്ര സമ്പൂർണ്ണ സൗജന്യമാണ്. അതേസമയം ഇവിടെ വിദ്യാർത്ഥികളുടെ കൺസഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. കർണ്ണാടകത്തിൽ സ്ത്രീകൾക്ക് ഓർഡിനറി, ഫാസ്റ്റ് പാസ്സഞ്ചർ ബസ്സുകളിൽ പൂര്‍ണ്ണ സൗജന്യമാണുള്ളത്. ഡൽഹി, തെലുങ്കാന തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. അവിടങ്ങളിലെല്ലാം ആര്‍ടിസികൾക്ക് ബഡ്ജറ്റിൽ പണം അനുവദിക്കുകയും പുതിയ ബസ്സുകൾ വാങ്ങി നൽകുകയുമെല്ലാം ചെയ്യുന്നത് സംസ്ഥാന സർക്കാരുകളാണ്. ആന്ധ്രപ്രദേശ് അടക്കമുള്ള ചില സംസ്ഥാനങ്ങൾ ബാധ്യതകൾ മുഴുവൻ ഏറ്റെടുത്ത് ആര്‍ടിസിയെ സർക്കാർ ഡിപ്പാർട്ടുമെന്റാക്കി മാറ്റുകയുണ്ടായി. ഇവിടെയാകട്ടെ, കെടിഡിഎഫ്‌സി പോലുള്ള സ്ഥാപനങ്ങളിൽ നിന്നും 16 മുതൽ 19 ശതമാനം വരെയുള്ള കൊള്ളപലിശക്ക് പണം കടമെടുപ്പിച്ച് ഉപയോഗ ശൂന്യമായ കെട്ടിടങ്ങൾ ഉണ്ടാക്കുകയും ബസ്സു വാങ്ങിക്കുകയുമൊക്കെ ചെയ്ത് കടക്കെണിയിലാക്കുകയാണ് ചെയ്തിട്ടുള്ളത്. കെഎസ്ആര്‍ടിസിക്ക് പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് “കിഫ്ബി”യിൽ നിന്നും വായ്പ അനുവദിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രസ്താവിക്കുകയുണ്ടായി. എന്നാൽ, സർക്കാർ ധനകാര്യ സ്ഥാപനമായ കിഫ്ബി, മറ്റൊരു സർക്കാർ സ്ഥാപനമായ കെഎസ്ആര്‍ടിസിക്ക് വായ്പ അനുവദിക്കില്ല എന്നു പ്രഖ്യാപിക്കുന്ന വിചിത്രമായ നടപടിയാണ് കാണുവാൻ കഴിഞ്ഞത്.
കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകളായ സിഐടിയു, ബിഎംഎസ്, ഐഎന്‍ടിയുസി(ടിഡിഎഫ്) സംഘടനകളാകട്ടെ തൊഴിലാളികളെ കൈയൊഴിഞ്ഞ് മാനേജ്മെന്റിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രതീക്ഷയറ്റ് നിരാശയുടെ പടുകുഴിയിൽ വീണുകിടക്കുന്ന തൊഴിലാളികളെ സംഘടിപ്പിച്ച് അവർക്ക് ആത്മവിശ്വാസം പകർന്നു കൊടുത്തുകൊണ്ട്, തൊഴിലാളിദ്രോഹ നയ-നടപടികൾക്കെതിരെ അതിശക്തമായ പ്രക്ഷോഭണത്തിന്റെ പാതയിൽ അണിനിരത്തുകയാണ് വേണ്ടത്. അതിനായി ചെറുതും വലുതുമായ എല്ലാ യൂണിയനുകളും ഒറ്റക്കെട്ടായി മുൻപോട്ടുവരേണ്ടതുണ്ട്. എന്നാൽ മാനേജ്മെന്റ് വച്ചുനീട്ടുന്ന ചില്ലറ ആനുകൂല്യങ്ങളും അപ്പക്കഷണങ്ങളും വാങ്ങി വിശ്വസ്ത വിധേയൻമാരായി നിലകൊള്ളുന്ന അംഗീകൃത സംഘടനകൾ തൊഴിലാളികൾക്ക് ശാപമായി മാറിയിരിക്കുന്നു.
ജനങ്ങൾക്ക് നേരിട്ട് സേവനം ലഭ്യമാക്കുന്ന കെഎസ്ആര്‍ടിസിയെ പൊതുമേഖലയിൽ നിലനിർത്തി സംരക്ഷിക്കുകയും വിപുലീകരിക്കുകയും ചെയ്യേണ്ടത് ജനങ്ങളുടെ ഉത്തമ താൽപര്യസംരക്ഷണത്തിന് അനിവാര്യമാണ്. വാഹനപ്പെരുപ്പം, അതു മൂലമുണ്ടാകുന്ന ട്രാഫിക് ജാമുകൾ, വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾ, ഇന്ധന ദുർവ്യയം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പ്രശ്നങ്ങൾ വലിയൊരളവുവരെ പരിഹരിക്കുന്നതിന് പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിലൂടെ കഴിയും. കോവിഡ് കാലത്ത് പൊതു ഗതാഗതം നിരോധിക്കപ്പെട്ടതിനെത്തുടർന്ന് സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ വൻ കുതിപ്പുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജനാഭിമുഖ്യമുള്ള ഏതൊരു സർക്കാരും ചെയ്യേണ്ടത് ശക്തമായ പൊതു ഗതാഗത സംവിധാനങ്ങൾ സൃഷ്ടിച്ചെടുക്കുക എന്നതാണ്; ചെലവു കുറഞ്ഞതും സുരക്ഷിതവുമായ യാത്ര ജനങ്ങൾക്ക് ഉറപ്പുവരുത്തുക എന്നതാണ്. എന്നാൽ കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സർക്കാർ നേർ വിപരീതദിശയിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് പൊതു ഗതാഗതത്തിൽ (റോഡ്) കെഎസ്ആര്‍ടിസി വഹിച്ചിരുന്ന പങ്ക് 29% ശതമാനത്തിൽ നിന്നും ഇന്നിപ്പോൾ 22% ആയി കുറഞ്ഞത്.
ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് അടിയന്തരമായി പുതിയ ബസ്സുകൾ വാങ്ങി നിരത്തിലിറക്കുക, പുതിയ ഷെഡ്യൂളുകൾ ആരംഭിക്കുക, നിർത്തലാക്കിയ ഗ്രാമീണ സർവ്വീസുകൾ, സ്റ്റേ സർവ്വീസുകൾ എന്നിവ പുനഃസ്ഥാപിക്കുക, രാത്രികാല സർവ്വീസുകൾ വർദ്ധിപ്പിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുക, ജീവനക്കാർക്ക് ശമ്പളം മുടങ്ങാതെ മുഴുവനായി മാസാദ്യം തന്നെ നൽകുക, പെൻഷൻ സർക്കാർ ഏറ്റെടുത്ത് മുടങ്ങാതെ വിതരണം ചെയ്യുക, സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും സമ്പൂർണ്ണ സൗജന്യ യാത്ര അനുവദിക്കുക, പിരിച്ചുവിടപ്പെട്ട എംപാനൽ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബഹുജനങ്ങളെയും ജീവനക്കാരെയും പെൻഷൻകാരെയും സ്ത്രീകളെയും വിദ്യാർത്ഥികളെയുമെല്ലാം അണിനിരത്തി കൊണ്ടുള്ള ശക്തമായ പ്രക്ഷോഭണം വളർത്തിയെടുക്കേണ്ടതുണ്ട്.

Share this post

scroll to top