മഹാകവി കുമാരനാശാന്‍ പല്ലനയാറ്റിലെ ബോട്ടപകടത്തില്‍ മരിച്ചിട്ട് 2024 ജനുവരി 16ന് ഒരു നൂറ്റാണ്ട് തികയുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാളകവിതയിലുണ്ടായ ഭാവുകത്വനവീകരണത്തില്‍ ആശാനോളം പങ്കുവഹിച്ചവര്‍ വേറെയില്ല.
മനുഷ്യരെയും സാമൂഹികബന്ധങ്ങളെയും കുറിച്ചുള്ള പുതിയ സങ്കല്പങ്ങള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടാണ് കേരളനവോത്ഥാനം കടന്നുവന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളിലുമായി നടന്ന ആ പ്രക്രിയ സാഹിത്യരംഗത്ത് സൃഷ്ടിച്ച ചലനങ്ങളാണ് ആശാന്റെ സര്‍ഗ്ഗസൃഷ്ടികളുടെ ഉറവിടം. നവോത്ഥാനപ്രസ്ഥാനത്തിന്റെ പ്രതീകമായിരുന്ന ശ്രീനാരായണഗുരു പ്രദര്‍ശിപ്പിച്ച മാനവവാദമൂല്യങ്ങളാണ് ആശാന്‍ കൃതികളുടെ അകക്കാമ്പായി വര്‍ത്തിച്ചത്. മാറാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ വ്യഥകളും അന്തര്‍ദ്ദാഹങ്ങളും കാവ്യാത്മകമായി പ്രതിഫലിപ്പിക്കുന്ന തോടൊപ്പം സാമൂഹ്യപരിഷ്‌കര്‍ത്താവ്, സംഘടനാ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ കേരളസമൂഹത്തില്‍ ആഴത്തിലുള്ള മുദ്രപതിപ്പിക്കുകയും ചെയ്തു അദ്ദേഹം.
മനുഷ്യരെ ജാതിയിലൂടെ മാത്രം വ്യവച്ഛേദിച്ചറിയുന്ന സാമൂഹിക സ്ഥിതിയായിരുന്നു ആശാന്റെ ജീവിത കാലത്ത് നിലനിന്നിരുന്നത്. സാമ്പത്തികമായി, ജന്മിത്ത വ്യവസ്ഥ. രാഷ്ട്രീയമായി, മലബാറില്‍ നേരിട്ടുള്ള ബ്രിട്ടീഷ് ഭരണവും തിരുവിതാംകൂര്‍ കൊച്ചി ദേശങ്ങളില്‍ രാജവാഴ്ചയും റസിഡന്റു മുഖേനയുള്ള പരാേക്ഷ ബ്രിട്ടീഷ് നിയന്ത്രണവും. തിരുവിതാംകൂറിലും കൊച്ചിയിലുമായി നിലനിന്നിരുന്ന ബ്രിട്ടിഷ് സാന്നിദ്ധ്യം പ്രധാന ഉല്പാദനോപാധിയായ ഭൂമിയുടെ ഉടമസ്ഥതയിലും വിനിയോഗത്തിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. ദേവസ്വം, ബ്രഹ്മസ്വം, പണ്ടാരവക എന്നിങ്ങനെയുള്ള ഭൂവുടമസ്ഥതയില്‍ ബ്രാഹ്മണര്‍ക്കായിരുന്നു മുന്‍തൂക്കം. ബ്രിട്ടീഷുകാര്‍ക്കു നികുതി കൊടുക്കുക എന്ന ബാധ്യത നിറവേറ്റാന്‍ രാജാവ് പണ്ടാരപ്പാട്ട വിളംബരം വഴി സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കു പതിച്ചു നല്‍കി. അവിടങ്ങളില്‍, വന്‍തോതില്‍ തൊഴിലാളികളെ ആവശ്യമായ തോട്ടംവിളകള്‍ കൃഷിചെയ്യാന്‍ തുടങ്ങി. ജാതിയുടെ കുടുസ്സുകോട്ടകള്‍ ദേദിച്ച് വ്യക്തികള്‍ തൊഴിലാളികളായി മാറുന്ന സാഹചര്യം അങ്ങനെ സൃഷ്ടിക്കപ്പെട്ടു.
സമാന്തരമായി ചെറിയ തോതിലെങ്കിലും വ്യവസായങ്ങള്‍ വന്നു. ഓട്ടുകമ്പനികള്‍, മില്ലുകള്‍ അങ്ങനെ പലതരം മൂലധനനിക്ഷേപമേഖലകള്‍ ഉയര്‍ന്നുവന്നു. മിഷണറിമാരുടെ പ്രവര്‍ത്തന ഫലമായും പിന്നീട് രാജ്ഞിയുടെ പിന്തുണയോടെയും വിദ്യാഭ്യാസം ക്രമേണ പ്രചരിക്കാന്‍ തുടങ്ങി. ഒരു വശത്ത് ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനവും അതുവഴി ജാതിഘടന അടിച്ചേല്‍പ്പിച്ച ദുരാചാരങ്ങളില്‍ നിന്നുമുള്ള മോചനവും സാധ്യമായി. അവര്‍ണ്ണര്‍ക്ക് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം മതപരിവര്‍ത്തനത്തിലൂടെ ലഭ്യമായി. അനുബന്ധമായുള്ള സംഘര്‍ഷങ്ങളും ഉണ്ടാകുന്നുണ്ട്. പ്രിന്റിംഗ്പ്രസ്സുകളും പത്രമാസികകളും വരാന്‍ തുടങ്ങി. അതു സൃഷ്ടിക്കുന്ന പ്രബുദ്ധതയും ഉറവയെടുത്തു. അങ്ങനെ ബ്രിട്ടീഷ് മേല്‍ക്കോയ്മയ്ക്കു കീഴില്‍, മൂലധനനിക്ഷേപം നടത്തുന്ന മുതലാളിയുടെയും ജാതിനുകങ്ങളില്‍നിന്ന് സ്വതന്ത്രരായ തൊഴിലാളിയുടെയും സൃഷ്ടിക്കുള്ള സാമൂഹിക സാഹചര്യമൊരുങ്ങി. എല്ലാത്തരം കെട്ടുപാടുകളില്‍നിന്നും മോചിതനായ ഒരു സ്വതന്ത്ര വ്യക്തിയെക്കുറിച്ചുള്ള സ്വപ്‌നം അങ്ങനെ സാമൂഹികാവബോധത്തിന്റെ ഭാഗമായി. ഈ സ്വാതന്ത്ര്യ ബോധത്തിന്റെ പ്രതിഫലനങ്ങളായിരുന്നു ആശാന്‍ കൃതികള്‍.
1873ല്‍ ജനിച്ച കുമാരനാശാന്‍ പ്രാഥമിക വിദ്യാഭ്യാസത്തിനും അതിനു ശേഷമുള്ള സംസ്‌കൃത പഠനത്തിനുംശേഷം യൗവനാരംഭകാലത്തു തന്നെ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടുന്നുണ്ട്. അരുവിക്കര ക്ഷേത്രത്തിന്റെ കാര്യക്കാരനായി ഗുരു ആശാനെ നിയോഗിക്കുന്നു. പിന്നീട് ഉപരിപഠനത്തിനായി ഡോ.പല്പുവിനോടാെപ്പം ബാംഗ്ലൂരിലേക്കു വിടുന്നു. അവര്‍ണ്ണനാണെന്നതിനാല്‍ പഠനം പൂര്‍ത്തീകരിച്ചു പരീക്ഷയെഴുതാന്‍ കഴിയുന്നില്ല. പിന്നെ മദ്രാസിലും തുടര്‍ന്ന് കല്‍ക്കത്തയിലും പോയി പഠനം നടത്തുന്നു. ബിരുദങ്ങളൊന്നും നേടുന്നില്ലെങ്കിലും 1900ല്‍ അദ്ദേഹം തിരിച്ചെത്തുന്നത് തികച്ചും പ്രബുദ്ധനായ ഒരാളായിട്ടാണ്. വിദേശവാസക്കാലത്ത് ആശാന്‍ ഇംഗ്ലീഷ് കുറേക്കൂടി ആഴത്തില്‍ പഠിക്കുന്നുണ്ട്. കൂടുതലും സ്വന്തം നിലയിലാണ്. ആ പഠനം ഇംഗ്ലീഷ് സാഹിത്യ ലോകത്തേക്ക് അദ്ദേഹത്തെ എത്തിക്കുന്നു. പ്രധാനമായും പാശ്ചാത്യ കാല്പനികകവിതാസരണിയുമായി പരിചയത്തിലാകുന്നു. അത് അദ്ദേഹത്തിന്റെ കവിത്വത്തെ പുതുക്കിപ്പണിയുന്നു. അതുമാത്രമല്ല ഭാരതീയ നവോത്ഥാനപ്രസ്ഥാനത്തിന്റെ സംഗ്രാമഭൂമികളിലൊന്നായ കല്‍ക്കത്തയിലെ വാസം ആധുനിക ജനാധിപത്യധാരണകളുമായി പരിചയപ്പെടാനും അദ്ദേഹത്തിന്നിടനല്‍കി. ഈശ്വരചന്ദ്ര വിദ്യാസാഗര്‍, മൈക്കിള്‍ മധുസൂദന്‍ ദത്ത് എന്നിവരൊക്കെ പ്രദര്‍ശിപ്പിച്ചിരുന്ന, മതേതരമെന്ന് വിശേഷിപ്പിക്കാവുന്ന നവോത്ഥാനചിന്തകളുടെ ധാരയെക്കാള്‍ ആശാനെ ആകര്‍ഷിച്ചത് വിവേകാനന്ദനും ടാഗോറുമൊക്കെ പ്രതിനിധീകരിച്ച ആത്മീയത കലര്‍ന്ന ചിന്താധാരയായിരുന്നു. ആധുനികമായ മാനവവാദമൂല്യങ്ങളുമായി പരിചയപ്പെട്ടതും ഇംഗ്ലീഷ് കാല്പനികകവിതകളില്‍ മുഴുകിയതും ആശാന്റെ കാവ്യവ്യക്തിത്വത്തെ സാരമായി മാറ്റിമറിച്ചു. ഗുരുവിന്റെ സ്വാധീനത്തില്‍ ആദ്യഘട്ടത്തില്‍ സ്‌തോത്രകൃതികള്‍ എഴുതിയിരുന്ന ആശാന്‍ പുതിയ മൂല്യങ്ങളും സൗന്ദര്യാവബോധവും ആര്‍ജ്ജിച്ചതോടെ ഭാവഗീതങ്ങളെഴുതിത്തുടങ്ങുന്നു.
മുതലാളിത്ത ഉല്പാദനബന്ധങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്നുവന്ന സ്വതന്ത്രവ്യക്തിയുടെ കാമനകളുമായാണ് ആശാന്റെ കാവ്യസ്വരൂപം താദാത്മ്യപ്പെടുന്നത്. സമൂഹത്തിന്റെ ചട്ടക്കൂട് പക്ഷേ പഴയതുതന്നെയാണ്. ഈ പുതിയ ഭാവുകത്വം സാമൂഹികഘടനയെ അകമേനിന്നു പിളര്‍ക്കുന്നുണ്ട്. ഈ സംഘര്‍ഷമാണ് സ്‌തോത്രകൃതികളുടെയും വിദേശവാസത്തിന്റെയും ഘട്ടം പിന്നിടുന്ന ആശാന്‍, കവിതകളില്‍ ഏറ്റുവാങ്ങുന്നത്. സാമൂഹികമായ എല്ലാ കെട്ടുപാടുകളില്‍നിന്നും മുക്തനായ സ്വതന്ത്രവ്യക്തിയെക്കുറിച്ചുള്ള സങ്കല്പവും കാല്പനികതയില്‍ അഭിരമിക്കുന്ന ഭാവനയും സംയോജിക്കുമ്പോള്‍ വളരെ സ്വാഭാവികമായി പ്രണയം എന്നത് ഒരു കാവ്യവിഷയമാകുന്നു.
പ്രണയത്തെക്കുറിച്ചുള്ള ആധുനികവും ജനാധിപത്യ ധാരണകള്‍ക്കിണങ്ങുന്നതുമായ സങ്കല്പം മലയാള കവിതയില്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് ‘വീണപൂവി’ലാണ്. സ്വതന്ത്രമായ മനസ്സുകളിലാണ് പ്രണയം മുളപൊട്ടുന്നതും വികസിക്കുന്നതും. സ്‌നേഹമെന്നത് രണ്ടു വ്യക്തികള്‍ തമ്മിലുളള കേവലാകര്‍ഷണം മാത്രമല്ല, അതൊരു ഉയര്‍ന്ന സാമൂഹികമൂല്യം കൂടിയായി മാറുകയാണ്. നശ്വരത എന്ന യാഥാര്‍ത്ഥ്യവും നിത്യത എന്ന സ്വപ്‌നവും തമ്മിലുള്ള സംഘര്‍ഷവും ഇതോടൊപ്പം കടന്നു വരുന്നു.
‘വീണപൂവി’നു ശേഷം ആശാന്റെ പ്രണയസങ്കല്പം അതിന്റെ തീക്ഷ്ണമായ ഭാവം ആര്‍ജ്ജിക്കുന്നത് ‘നളിനി’യിലാണ്. അസാധാരണമായ ഒരു പ്രണയാന്വേഷണമാണ് നളിനിയുടേത്. നിത്യജീവിതത്തില്‍ ചിന്തിക്കാനേ പറ്റാത്ത ജീവിത പരിസരത്തിലേക്കാണ് ആശാന്‍ നളിനിയെ പറഞ്ഞു വിടുന്നത്. സ്‌നേഹത്തിന്റെ രണ്ടു തരം ഭാവങ്ങളാണ് ‘നളിനി’യിലുള്ളത്. വ്യക്തികള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ ഏറ്റവും പരിശുദ്ധമായ രൂപമാണ് നളിനിയുടേത്. പരമമായ സമര്‍പ്പണത്തിലൂടെയാണതിന്റെ സാക്ഷാത്കാരം.
സ്‌നേഹത്തെക്കുറിച്ച് തീര്‍പ്പു കല്പിക്കാത്ത ആശാന്റെ ചില സംഘര്‍ഷസങ്കല്പങ്ങള്‍ ‘നളിനി’യില്‍ നമുക്കുകാണാം. ഒന്ന്, ഉരുത്തിരിഞ്ഞു വരുന്ന ഒരു കാലഘട്ടത്തിന്റെ അന്തര്‍ദ്ദാഹമെന്ന നിലയില്‍, കെട്ടുപാടുകളില്‍ നിന്നെല്ലാം മോചിതരായ സ്വതന്ത്ര വ്യക്തികളുടെ പരസ്പരസ്‌നേഹം എന്ന സങ്കല്പം. കേവലം സ്ത്രീപുരുഷ പ്രണയത്തിലൊതുങ്ങുന്നതല്ല ഇത്. മനസ്സിനാഹ്ലാദം പകരുന്ന സന്മാര്‍ഗ്ഗനിഷ്ഠമായ ജീവിതരതി തന്നെയാണിത്. ‘നളിനി’ എഴുതിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം ആമഗ്‌നനായിരുന്ന പൊതുപ്രവര്‍ത്തനം അഥവാ ഭൗതികജീവിതം നല്‍കുന്ന സാമൂഹികവീക്ഷണമാണിതിനു പിന്നിലുള്ളത്. രണ്ട്, ഈ ഭൗതിക ജീവിതരതിയെ നിയന്ത്രിക്കുവാനും സംസ്‌കരിക്കാനും ആധ്യാത്മികോന്മുഖമായിരുന്ന അദ്ദേഹത്തിന്റെ ധിഷണാസ്വത്വം ശ്രമിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ലോകസ്‌നേഹം എന്ന സങ്കല്പം. ലോകത്തിനു മേല്‍ വഴിഞ്ഞൊഴുകുന്നതും വ്യക്തിനിരപേക്ഷവുമായ സ്‌നേഹമാണിത്. ഈ രണ്ടു സ്‌നേഹസങ്കല്പങ്ങളും തമ്മിലുള്ള സംഘര്‍ഷം ആശാനില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നുണ്ട്. നളിനിയും ദിവാകരനും ഈ രണ്ടു തരം സ്‌നേഹസങ്കല്പത്തിന്റെ പ്രതിനിധികളാണ്.
‘ഒരു വശത്ത് കാമത്തെ പ്രേമമായി ഉയര്‍ത്തുക, മറുവശത്ത് ഭക്തിയെ പ്രേമമാക്കി ലോകോന്മുഖമാക്കി ഇറക്കിക്കൊണ്ടു വരിക. ഈ രണ്ടു ചരിത്രദൗത്യങ്ങളും ഒരേ ഭാവത്തില്‍ ഏകോപിച്ചുവെന്നതാണ് മലയാളിയുടെ അനുഭൂതി ചരിത്രത്തില്‍ ‘നളിനി’ക്കുള്ള സ്ഥാനം’ എന്നാണ് പി.പവിത്രന്‍ ‘പ്രണയരാഷ്ട്രീയം ആശാന്‍ കവിതാപഠനങ്ങള്‍’ എന്ന ഗ്രന്ഥത്തില്‍ പറയുന്നത്.
ആശാന്റെ ഈ സ്‌നേഹസങ്കല്പം, ഉരുവംകൊണ്ടുവരുന്ന ഒരു സാമൂഹികവ്യവസ്ഥയുടെ സ്‌നേഹസങ്കല്പമാണെന്നതിനോടൊപ്പം, അതു കാവ്യധര്‍മ്മമനുസരിച്ച് ആദര്‍ശാത്മകവുമാണ്. അതിനാല്‍ നമ്മുടെ ഭൗതിക ജീവിതത്തിനു പൊരുത്തപ്പെടാനാകാത്തവിധം അലൗകികമോ ആധ്യാത്മികമോ ആയതാണത്. നമ്മുടെ സമകാലീന സമൂഹം ആ നിലയിലേക്കുയര്‍ന്നിട്ടില്ല. അതിനാലത് ഇവിടെ സാര്‍ത്ഥകമാകില്ല. കെട്ടുപാടുകളില്ലാത്ത ശുദ്ധപ്രണയത്തിന്റെ പരമമായ ഈ രൂപം ഇവിടെ സഫലമാകില്ല. ജാതിയുടെ, മതത്തിന്റെ, സമ്പത്തിന്റെ എല്ലാം വിഭജനങ്ങള്‍ക്കകത്താണ് നമ്മുടെ സമൂഹം. അതിനാലാണ് ഈ വ്യത്യാസങ്ങളൊന്നും ബാധകമാകാത്ത ഹിമവല്‍സാനുക്കളിലേക്കു നളിനിയെയും ദിവാകരനെയും കവി കൊണ്ടുപോകുന്നത്. ‘ലീല’യില്‍ രേവാസവിധവനങ്ങളിലാണ് പ്രണയ സായൂജ്യം. ‘കരുണ’യിലാകട്ടെ മാനുഷഗര്‍വ്വമെല്ലാമസ്തമിക്കുന്ന ചുടുകാട്ടിലും.
‘നളിനി’യിലേതുപോലെ തീവ്രമായ പ്രണയാന്വേഷണമാണു ‘ലീല’യിലും. നിത്യജീവിതത്തില്‍ ഒരിക്കലും സംഭവിക്കാനിടയില്ലാത്തത്. എങ്കിലും ‘നളിനി’യില്‍ നാം കണ്ട പ്രണയ സങ്കല്പങ്ങള്‍ അതിന്റെ എല്ലാ സംഘര്‍ഷങ്ങളോടെയും ആശാന്‍ അവതരിപ്പിക്കുന്നു. ഒട്ടും ആവര്‍ത്തനവിരസതയില്ലാതെ. ലൗകികവും ഭൗതികവും മാംസനിബദ്ധവുമായ, ജീവന്റെ തുടര്‍ച്ചയ്ക്കാധാരവുമായ സ്‌നേഹം പ്രകൃതിയിലെ സ്വാഭാവികത തന്നെയാണ്. അതിനെ നിഷേധിക്കാന്‍ കഴിയില്ല. ലൈംഗികതയില്‍നിന്നു പരമാവധി വിട്ടുനില്‍ക്കുന്ന വിശുദ്ധപ്രണയം ആദര്‍ശവല്‍ക്കരിക്കുമ്പോള്‍ ഭൗതിക ജീവിതത്തിനുമപ്പുറത്തേക്ക് അതുയര്‍ന്നു പോകുന്നു. അതുകൊണ്ടാണ് ‘ലീല’യിലും ലൗകിക വീക്ഷണത്തിലുള്ള പ്രണയസാഫല്യം കൈവരുത്താന്‍ ആശാന് കഴിയാതെ പോകുന്നത്.
ആധുനിക സ്വതന്ത്രവ്യക്തിയുടെ പ്രണയവും പ്രണയനഷ്ടവും രാജാധികാരത്തിനും ബ്രാഹ്മണാധിപത്യത്തിനുമെതിരായ സ്ത്രീകര്‍തൃത്വവും ‘ചിന്താവിഷ്ടയായ സീത’യില്‍, സീതയിലൂടെ ആശാന്‍ ആവിഷ്‌ക്കരിച്ചു. കാവ്യത്തില്‍ രാമനെ ശകാരിക്കുന്ന സീത ത്രേതായുഗത്തിലെ മൂല്യവ്യവസ്ഥയെയാണു ചോദ്യം ചെയ്യുന്നത്.
സ്വതന്ത്രവ്യക്തിക്കു മാത്രം അനുഭവവേദ്യമാകുന്ന പ്രണയമെന്ന വികാരവും ‘തരുണീപാദജ ഗര്‍ഹിണി ശ്രുതി’യോടുള്ള എതിര്‍പ്പും പ്രകടിപ്പിക്കുന്ന സീതയെ ആധുനിക മൂല്യവ്യവസ്ഥയുടെ തട്ടകത്തിലാണ് ആശാന്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്നാല്‍ രാമനാകട്ടെ ത്രേതായുഗത്തില്‍ത്തന്നെ നിലകൊള്ളുന്നു. സീതയ്ക്കു മാത്രം ആധുനികതയിലേക്കു പ്രവേശനം അനുവദിച്ചപ്പോള്‍ രാമന്‍ നിന്നിടത്തു തന്നെ നില്ക്കുന്നു. പുതിയകാല ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ പഴയ കാലത്തെ വിമര്‍ശിക്കുന്നതു ചരിത്രപരമായ നീതികേടാണല്ലോ.
‘അതിവിസ്തൃത കാലദേശജ
സ്ഥിതിയില്‍ നീതി വിഭിന്നമാകിലും’
എന്ന് സീത പറയുന്നുമുണ്ട്. അപ്പോള്‍ സീതയുടെ രാമവിമര്‍ശനത്തിലൂടെ ആശാന്‍ ലക്ഷ്യമാക്കുന്നത് ഇരുപതാം നൂറ്റാണ്ടിലും പ്രബലമായി നിലകൊള്ളുന്ന, കാലഹരണപ്പെട്ടതെങ്കിലും മാഞ്ഞു പോകാത്ത പഴയ കാലത്തിന്റെ അവക്ഷിപ്തപരമായ മൂല്യങ്ങളെത്തന്നെയാണ്. ആ മൂല്യവ്യവസ്ഥയെ വിമര്‍ശനവിധേയമാക്കേണ്ട ജീവിത പരിസരമായിരുന്നുവല്ലോ ആശാന്റെ കാലത്തേത്. രാമകഥ പോലെ ജനമനസ്സിനെ സ്വാധീനിക്കാന്‍ കഴിയുന്ന പ്രമേയത്തെ വിധ്വംസകമായ വിധത്തില്‍ത്തന്നെ അദ്ദേഹം ഉപയോഗിക്കുകയും ചെയ്തു.
സാമൂഹിക പുരോഗതി ലാക്കാക്കിയ കൃതികളാണ് പിന്നീട് ആശാനെഴുതിയത് (‘പ്രരോദന’മൊഴികെ). ‘ദുരവസ്ഥ’യില്‍ നിലനിന്നിരുന്ന വ്യവസ്ഥയുടെ ശാസനകളെ വെല്ലുവിളിക്കുന്ന ഒരു വിവാഹമാണ് ആശാള്‍ അവതരിപ്പിക്കുന്നത്. മലബാര്‍ കലാപത്തില്‍, ആക്രമിക്കപ്പെട്ട ഒരു ബ്രാഹ്മണഗൃഹത്തില്‍ നിന്നു രക്ഷപ്പെട്ട് ചാത്തന്റെ കുടിലിലഭയം തേടി അവന്റെ സംരക്ഷണയില്‍ കഴിയുന്ന സാവിത്രി തനിക്കൊരു തിരിച്ചു പോക്കില്ലെന്നു മനസ്സിലാക്കുന്നു. ഗത്യന്തരമില്ലാത്ത അവസ്ഥയിലാണ് അവള്‍ ചാത്തനെ വരിക്കുന്നതിനെക്കുറിച്ചാലോചിക്കുന്നതെങ്കിലും ഒരു ബ്രാഹ്മണസ്ത്രീ ഒരു ചെറുമയുവാവിനെ വിവാഹം കഴിക്കുന്നു എന്ന് കാവ്യത്തിലെങ്കിലുമവതരിപ്പിക്കുന്നത് ജാതിവ്യവസ്ഥയ്ക്കു നേരെയുള്ള വലിയ കലാപം തന്നെയായിരുന്നു അക്കാലത്ത്.
പിന്നീടെഴുതിയ ‘ചണ്ഡാലഭിക്ഷുകി’ ഒരു പ്രണയാന്വേഷണത്തില്‍ നിന്നാണു തുടങ്ങുന്നതെങ്കിലും. ആത്യന്തികമായി ജാതിവിമര്‍ശനം ലക്ഷ്യമാക്കിയുള്ളതാണ്. ‘ദുരവസ്ഥ’യിലുള്ളതുപോലെ, ജാതിവിവേചനത്തിന്റെ അര്‍ത്ഥശൂന്യതയെക്കുറിച്ചുള്ള, ഈ കൃതിയിലെ ഈരടികള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതും കേരളമൊട്ടാകെ ഏറ്റു പാടിയതുമാണ്. ‘കരുണ’യിലെത്തുമ്പോള്‍ നളിനിയുടെയും ലീലയുടെയും പോലെയുള്ള ഉത്ക്കടമായ ഒരു പ്രണയാഭിലാഷത്തെ ആശാന്‍ വീണ്ടും അവതരിപ്പിക്കുന്നു. പാപിനിയായ ഗണികയുടെ പാപമോചനത്തിന്റെ കഥയല്ല, അവളുടെ പ്രണയസാഫല്യത്തിന്റെ കാവ്യമാണത്.
കവിതയെഴുത്ത് ആശാന്റെ ബഹുമുഖവ്യക്തിത്വത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു. യൗവനകാലത്തുതന്നെ ഗുരുവിന്റെ സവിധത്തിലെത്തിയ ആശാന് കാവി കൊടുക്കുകയല്ല മറിച്ച് അരുവിക്കര ക്ഷേത്രത്തിന്റെ കാര്യദര്‍ശിയാക്കുകയാണ് ഗുരു ചെയ്തത്. പിന്നീട് എസ്എന്‍ഡിപി യോഗം സെക്രട്ടറിയാക്കുന്നു. എസ്എന്‍ഡിപി യോഗത്തിന്റെ രൂപീകരണം അക്കാലത്തെ വെളിച്ചം പരത്തിയ ഒരു പരിവര്‍ത്തനത്തിന്റെ നാന്ദിയായിരുന്നു. അതുവരെ അടിച്ചമര്‍ത്തപ്പെട്ടു കിടന്നിരുന്ന ഒരു വിഭാഗം ജനങ്ങള്‍ ഉണര്‍ന്നെഴുന്നേറ്റ് രൂപീകരിച്ച, എല്ലാ അര്‍ത്ഥത്തിലും ആധുനികമായ ഒരു സംഘടനയായിരുന്നു അത്. അതിന്റെ സെക്രട്ടറിയായി നീണ്ട പതിനാറു വര്‍ഷം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ആശാന്‍. പ്രജാസഭാ മെമ്പറായും യോഗം സെക്രട്ടറിയായുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാമുദായികമായ ഉച്ചനീചത്വങ്ങള്‍ക്കെതിരായ സമാധാനപരമായ പോരാട്ടങ്ങളായിരുന്നു.
‘നാം ജാതിമതഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു’ എന്ന് 1916ല്‍ പ്രഖ്യാപിച്ച ശ്രീനാരായണഗുരുവിനെത്തന്നെ ഒരു ഹിന്ദു സന്യാസിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് തീവ്രമാണ്. സമാനമാണ് കുമാരനാശാനെ ഒരു ഹൈന്ദവകവിയാക്കാനുള്ള ശ്രമങ്ങളും. തന്റെ കാലഘട്ടത്തിലെ സാമൂഹ്യ സ്ഥിതിക്കുനേരെ ആശാനുയര്‍ത്തിയ ചോദ്യങ്ങള്‍ ഇന്നും പ്രസക്തമാണ്. നവോത്ഥാനമുന്നേറ്റം പൂര്‍ത്തിയാക്കാതെപോയ സാമൂഹിക-രാഷ്ട്രീയദൗത്യങ്ങള്‍ ഇപ്പോഴും നിര്‍വ്വഹിക്കപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവാണത്. കവിതയിലൂടെയും സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയും ആശാന്‍ ലക്ഷ്യമാക്കിയിരുന്ന ഉയര്‍ന്ന ലക്ഷ്യങ്ങള്‍ ഇന്ന് വെല്ലുവിളി നേരിടുന്നുണ്ട്. പ്രണയത്തിന്റെ പേരിലുള്ള ദുരഭിമാന കൊലകളും പ്രണയത്തെ ആധിപത്യമായി കാണുന്ന ദുഷ്പ്രവണതകളും വര്‍ദ്ധിച്ചു വരുന്നു. ജാതിമതബോധങ്ങള്‍ സമുദായ ശരീരത്തില്‍ വ്രണങ്ങള്‍ സൃഷ്ടിക്കുന്നു. പരസ്പരസ്പര്‍ദ്ധ വളരുന്നു. ആശാന്‍കൃതികളുടെ പുനര്‍വായനകളും അദ്ദേഹത്തിന്റെ സാമൂഹികപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും ആവശ്യമാകുന്ന ഘട്ടമാണിത്.
ഇന്നത്തെ സമൂഹം നേരിടുന്ന സാംസ്‌കാരിക അപചയങ്ങള്‍ മറികടക്കാന്‍ പര്യാപ്തമായ സാംസ്‌കാരിക പ്രതിപ്രവാഹം സൃഷ്ടിക്കാന്‍ അത്തരം ചര്‍ച്ചകള്‍ ഊര്‍ജ്ജം പകരും. അതു കേരളത്തില്‍ പുതിയൊരു സാംസ്‌കാരികജാഗ്രതയ്ക്കു വഴിതുറക്കും. ആശാന്റെ ചരമശതാബ്ദി ഉചിതമായി ആചരിച്ചുകൊണ്ട് ഈ ലക്ഷ്യത്തിലേക്ക് നമുക്കു നീങ്ങാം.