പുതുതായി അവതരിപ്പിച്ച പോസ്റ്റ് ഓഫീസ് ബില്ലിനെ ശക്തമായി അപലപിച്ചുകൊണ്ട് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് താഴെ പറയുന്ന പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി.
മറ്റൊരു കരിനിയമം ആവിഷ്കരിക്കാനുള്ള ബില്ല് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ കൊണ്ടുവന്നിരിക്കുന്നത് കടുത്ത ആശങ്കയുണർത്തുന്നു. ദേശരക്ഷ, പൊതുജന സുരക്ഷ എന്നതിന്റെയൊക്കെ പേരിൽ തപാൽ ഉരുപ്പടികള്‍ ‘തുറക്കാനും തടഞ്ഞു വയ്ക്കാനും നശിപ്പിക്കാനും’ പോസ്റ്റൽ അധികൃതര്‍ക്ക് അധികാരം നൽകുന്ന ബില്ലാണിത്. സ്വകാര്യതയ്ക്കുള്ള ജനങ്ങളുടെ മൗലികാവകാശത്തിലേക്കുള്ള കടന്നുകയറ്റമാണിത്. അതുകൊണ്ടുതന്നെ പൗരന്റെ അടിസ്ഥാന ജനാധിപത്യ അവകാശങ്ങളെ അട്ടിമറിക്കുന്നതുമാണ്. നിഷ്ഠുരമായ ഈ ബില്ലിനെ ഞങ്ങൾ ശക്തമായി എതിർക്കുന്നു. ഇത് ഉയർത്തുന്ന ആപൽസൂചനകളെ മനസ്സിലാക്കണമെന്നും യോജിച്ച, സുസംഘടിതമായ ജനാധിപത്യ പ്രക്ഷോഭണത്തിന്റെ സമ്മർദ്ദത്താൽ ഈ അപകടത്തെ തടഞ്ഞു നിർത്താൻ മുന്നോട്ടു വരണമെന്നും എല്ലാ ജനാധിപത്യവിശ്വാസികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.