സര്‍ക്കാരാശുപത്രികളില്‍ സൗജന്യചികില്‍സ നിഷേധിച്ച് : ദരിദ്രര്‍ക്ക് മരണം വിധിക്കുന്ന സര്‍ക്കാര്‍

Health-Care.jpg
Share

സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യമേഖല ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെയാണ് നേരിടുന്നത്. നിര്‍ദ്ധന രോഗികളുടെ ഏക ആശ്രയമായിരുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ ഫലത്തില്‍ സൗജന്യ ചികില്‍സയും മരുന്നും പരിശോധനയും ഏതാണ്ട് അസ്തമിച്ചിരിക്കുന്നു. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളുടെ വ്യവസ്ഥകളുടെ പരിധിയില്‍പ്പെടുന്ന വള രെ ചെറിയവിഭാഗത്തിനുമാത്രമായി സൗജന്യചികില്‍സ പരിമിതപ്പെടുത്തുകയും ബാക്കിയുള്ളവരില്‍ വലിയൊരു വിഭാഗത്തെ ഇന്‍ഷ്വറന്‍സിന്റെ വലയില്‍പ്പെടത്തുകയും അവശേഷിക്കുന്നവര്‍ക്ക് സൗജന്യചികില്‍സ പൂര്‍ണ്ണമായും നിഷേധിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് പൊതുജനാരോഗ്യമേഖലയില്‍ നടപ്പാക്കുന്ന നയങ്ങളുടെ ആകെത്തുക.

ആധുനിക സംവിധാനങ്ങള്‍ ഒന്നുമില്ലാതിരുന്ന 1965ല്‍ മലേറിയയെ ഇല്ലാതാക്കിയ, കുഷ്ഠരോഗത്തെ ഫലപ്രദമായി തടയാന്‍ ദശാബ്ദങ്ങള്‍ക്കു മുമ്പുതന്നെ കഴിഞ്ഞ കേരളത്തില്‍, ഈ ആധുനികകാലഘട്ടത്തില്‍ ഓരോ മഴക്കാലത്തും സാംക്രമികരോഗങ്ങളാല്‍ നൂറുകണക്കിന് ആളുകള്‍ മരണപ്പെടുന്നു. വിവിധ പദ്ധതികളുടെ പേരില്‍ പണിതുയര്‍ത്തുന്ന കെട്ടിടങ്ങളുടെ പേരില്‍ വലിയ പബ്ലിസിറ്റി പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാര്‍ പൊതുജനാരോഗ്യമേഖലയെ ആന്തരികമായി ശക്തിപ്പെടുത്താന്‍ യഥാര്‍ത്ഥത്തില്‍ കൈക്കൊള്ളേണ്ടുന്ന ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇന്നുള്ള അടിസ്ഥാനസൗകര്യങ്ങളുടെ പത്തിലൊന്നുപോലും ഇല്ലാതിരുന്ന രണ്ട് ദശാബ്ദം മുമ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമായിരുന്ന കിടത്തി ചികില്‍സ, പ്രസവ ശുശ്രൂഷ പോലുള്ള സംവിധാനങ്ങള്‍ വലിയ കെട്ടിടങ്ങളുള്ള താലൂക്ക് ആശുപത്രികളില്‍ പോലും ഇന്ന് പേരിനുമാത്രമായിരിക്കുന്നു.
മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ ഇന്ന് സാധാരണക്കാരുടെ നിസ്സഹായ നിലവിളികളാല്‍ മുഖരിതമാണ്. സാധാരണനിലയിലുള്ള പ്രവര്‍ത്തനത്തിന് അവശ്യമായി വേണ്ടുന്ന ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും എണ്ണത്തിന്റെ പകുതിപോലും സര്‍ക്കാരാശുപത്രികളില്‍ ഇന്ന് നിയമിക്കപ്പെടുന്നില്ല. തൃപ്തികരമായ ചികില്‍സ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് രോഗികളും ബന്ധുക്കളും രാപകല്‍ പണിയെടുത്ത് തളര്‍ന്നുവീഴുന്ന ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും ആക്രമിക്കുന്നു. അത്യാസന്ന നിലയില്‍ ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് പോലും ചികില്‍സ ലഭിക്കാതെ വരുന്നതിന്റെ ഉത്തരവാദികള്‍ ഡോക്ടര്‍മാരല്ല മറിച്ച് സര്‍ക്കാരാണെന്നത് വളരെ തന്ത്രപൂര്‍വ്വം മറച്ചുവയ്ക്കുന്നു. അതിനാല്‍ അത്യാഹിത വിഭാഗങ്ങളും വാര്‍ഡുകളും ഒക്കെ സംഘര്‍ഷഭരിതമാകുന്നത് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍വ്വസാധാരണമായിരിക്കുന്നു. ഡോക്ടര്‍മാരെയും രോഗികളെയും തമ്മലടിപ്പിച്ച് സ്വന്തം തടി രക്ഷിക്കുന്ന ചെന്നായ ബുദ്ധിയാണ് പിണറായി സര്‍ക്കാര്‍ കാട്ടുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഔദ്യോഗികമായി ഒരു വിശദീകരണം പോലും നല്‍കാതെയാണ് സിഎച്ച്‌സി മുതല്‍ താഴേക്ക് കിടത്തി ചികില്‍സാ സൗകര്യമുണ്ടായിരുന്ന ഒട്ടനവധി ആശുപത്രികളില്‍ ഒറ്റയടിക്ക് അത് പിന്‍വലിച്ചത്. സൗജന്യചികില്‍സ നിഷേധിക്കാനും നിര്‍ദ്ധനരെ പിഴിഞ്ഞ് കോടികള്‍ സമ്പാദിക്കാനുമുള്ള കൊടിയ ചതിയായിരുന്നു ആരോഗ്യ ഇന്‍ഷ്വറന്‍സെന്ന് ഇന്ന് ജനങ്ങള്‍ ഞെട്ടലോടെ തിരിച്ചറിയുന്നു. ഏറ്റവും കുറഞ്ഞത് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നെങ്കിലും ഉറപ്പാക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാരാണ് ‘ആര്‍ദ്രം’ ‘ആരോഗ്യകിരണം’ ‘ഹൃദ്യം’ ‘താലോലം’ ‘സുകൃതം’ ഇങ്ങിനെ സുന്ദരപദങ്ങളുടെ അകമ്പടിയോടെയുള്ള പദ്ധതികളുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്നത്.


കൊടുംകൊള്ളയുടെ കേന്ദ്രങ്ങളായി മാറിയ സര്‍ക്കാരാശുപത്രികള്‍


പണം നല്‍കാതെ ഒരു ചികില്‍സയും ഇന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ കിട്ടുന്നില്ല. ആശുപത്രിയിലേക്ക് കയറുമ്പോള്‍ മുതല്‍ പിരിവു തുടങ്ങുന്നു ഒപി ടിക്കറ്റ്, ലാബ് പരിശോധന, എക്‌സ്-റേ, സ്‌കാന്‍ തുടങ്ങി മരുന്നുവരെ എല്ലാം പണം കൊടുത്താല്‍ മാത്രം കിട്ടുന്ന സേവനങ്ങളായി മാറിയിരിക്കുന്നു. പാര്‍ക്കിങ്ങിന്റെ പേരിലുള്ള ഫീസുമുണ്ട്.
തലച്ചോറില്‍ രക്തം കട്ടപിടിച്ച രോഗവുമായി ഗുരുതരമായ അവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ തിരുവല്ല സ്വദേശിയായ ഒരു ദരിദ്ര പട്ടികജാതി കുടുംബത്തിലെ വീട്ടമ്മയുടെ ബന്ധുക്കളോട് ആശുപത്രി അധികൃതര്‍ ഫീസ് ആയി ആവശ്യപ്പെട്ടത് 5 ലക്ഷം രൂപയാണ് ! പണം വാങ്ങിയ ശേഷമാണ് അവര്‍ക്ക് ചികിത്സ ലഭിച്ചത്. വീണു പരിക്കേറ്റ വൃദ്ധയായ ഒരു അമ്മയുടെ സര്‍ജറിക്ക് അതേ ആശുപത്രിയില്‍ ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപ ! പണമില്ലാതെ മടങ്ങി പോകാന്‍ ഒരുങ്ങിയ ബന്ധുക്കളോട് 20,000 രൂപ എങ്കിലും അടച്ചാല്‍ ചികിത്സ നല്‍കാമെന്ന് പറഞ്ഞ് വിലപേശുന്ന സ്ഥിതിയില്‍ എത്തി!. ബോധരഹിതയായ ഒരു രോഗിയുമായി മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ എത്തിയപ്പോള്‍ അവിടെയുള്ളത് ഒരേയൊരു ജൂനിയര്‍ ഡോക്ടര്‍! രോഗിയുടെ ഷുഗര്‍ പരിശോധിക്കാന്‍ വേണ്ടി രക്തം എടുക്കാനുള്ള ഒരു ഉപകരണം പോലും അവിടെയില്ല. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യാതൊരു ചികിത്സയും ലഭിക്കാതെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടപ്പോള്‍, ‘നിങ്ങള്‍ക്കിത് ആദ്യമേ ചെയ്തുകൂടായിരുന്നോ? എന്നാണ് ആ ഡോക്ടര്‍ ചോദിച്ചത്. പട്ടികടിയേറ്റ ഒരു കുഞ്ഞുമായി ആശുപത്രിയില്‍ എത്തിയ രക്ഷിതാക്കള്‍ ആന്റി റാബിസ് കുത്തിവെപ്പിന് 6000 രൂപ കൊടുക്കേണ്ടി വന്നത് അടുത്ത നാളുകളിലാണ്. ജനകീയ ഇടപെടലുകളിലൂടെ ആരോഗ്യ മേഖലയെ വാനോളം ഉയര്‍ത്തി എന്ന് വീമ്പിളക്കുന്ന ഇടതു പക്ഷക്കാരുടെ ഭരണത്തിലാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. ‘സ്വകാര്യ ആശുപത്രികളില്‍ വലിയ തുകകള്‍ മുടക്കി ജനങ്ങള്‍ ചികിത്സിക്കുന്നുണ്ട്, എന്നതിനാല്‍ മെഡിക്കല്‍ കോളേജിലും മറ്റും ചികിത്സയ്ക്ക് എത്തുന്നവരിയില്‍ നിന്നും പണം വാങ്ങാ’മെന്ന് കഴിഞ്ഞ ബജറ്റ് അവതരണം വേളയില്‍ ധനമന്ത്രി പറഞ്ഞതിന്റെ തുടര്‍ച്ചയാണ് ഈ ‘സംഭാവന’ വാങ്ങല്‍. സംഭാവന എന്നാണ് പറയപ്പെടുന്നതെങ്കിലും വിലപേശി വാങ്ങുക, കുത്തിന് പിടിച്ചുവാങ്ങുക എന്നതാണ് നയമെന്ന് മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ സൂചിപ്പിക്കുന്നു.
ചികിത്സ ലഭിക്കാതെ മരിച്ച അമ്മയുടെ മൃതദേഹവുമായി ഒരു മകന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സംഭവം ഉണ്ടായത് സമീപകാലത്തായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരിടത്തും ആവശ്യാനുസരണം ഡോക്ടര്‍മാരില്ല. മെഡിക്കല്‍ കോളേജുകളില്‍ പോലും ഡോക്ടര്‍മാരുടെ എണ്ണം വളരെ കുറവ്. ഒ.പി.ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണുന്നതിനു പോലും മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വരുന്നു. ഡോക്ടറെ കണ്ടാല്‍ തന്നെ വിലയേറിയ മരുന്നുകള്‍ പുറമെനിന്ന് വാങ്ങുകയേ തരമുള്ളൂ. സൗജന്യ പരിശോധനകളില്ല. ആശുപത്രികളില്‍ എത്തുന്ന പലരും ചികിത്സ കിട്ടാതെ മടങ്ങേണ്ട ഗതികേടാണ് ഉള്ളത്.


1965ലെ സ്റ്റാഫ് പാറ്റേണ്‍ ജനസംഖ്യാനുപാതികമായി പരിഷ്‌കരിക്കാന്‍ ഇന്നും സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. സ്റ്റാഫിന്റെ എണ്ണത്തിലുള്ള അപര്യാപ്തതമൂലം കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറ്റവും അവശ്യമായ പരിചരണം പോലും ലഭിക്കുന്നില്ല. ഒരേ ബെഡ്ഡ് നമ്പരില്‍ മൂന്നും നാലും രോഗികള്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നു. ഉള്‍ക്കൊള്ളാവുന്നതിന്റെ രണ്ടും മൂന്നും ഇരട്ടി രോഗികള്‍ ഓരോ വാര്‍ഡിലും ഉണ്ടാകുന്നതുമൂലം, നിശ്ചയിക്കപ്പെട്ടിട്ടുള്ളതിനേക്കാള്‍ വളരെ കൂടുതല്‍ രോഗികളെ ഒരേസമയം പരിചരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാകുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ എത്തുന്നവരില്‍ വലിയ പങ്കും അതീവ ഗുരുതരമായ രോഗങ്ങളാല്‍ വലയുന്നവരാണ്. അവര്‍ക്ക് അവശ്യമായ പരിചരണം നല്‍കാന്‍ ജീവനക്കാര്‍ക്ക് കഴിയാതെ വരുന്നു. ഒന്നിലേറെ രോഗികള്‍ ഒരേ സമയം ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ അടിയന്തിര പരിചരണം ലഭിക്കാതെ രോഗികള്‍ മരിക്കാന്‍ പോലും ഇടയാകുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്കെതിരായി ജനരോഷം തിരിച്ചുവിട്ട് യഥാര്‍ത്ഥ കാരണക്കാരായ ഭരണാധികാരികള്‍ വിദഗ്ധമായി രക്ഷപ്പെടുന്നു. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരായ വാര്‍ത്തകളായി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ആശുപത്രികളെയും ജീവനക്കാരെയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നവരെ നിരുത്സാഹപ്പെടുത്തുക എന്ന താല്‍പര്യം ഇതിന്റെ എല്ലാം പിന്നിലുണ്ട്.


ആരോഗ്യമേഖലയുടെ ജനാധിപത്യ സമീപനത്തെ കുഴിച്ചുമൂടുന്നു


രാജഭരണ കാലത്ത് തുടക്കം കുറിച്ചതാണ് കേരളത്തിലെ ആരോഗ്യപരിപാലന സംവിധാനം. ക്ഷേമ രാഷ്ട്ര സങ്കല്പം ആയിരുന്നു അതിന്റെ അടിസ്ഥാനം സര്‍വ്വദേശീയമായിത്തന്നെ അത്തരം ഒരു ഭരണ സമീപനം അക്കാലത്ത് നിലനിന്നിരുന്നു. രാജവാഴ്ചയെ പിന്തള്ളി ജനാധിപത്യ മുന്നേറ്റങ്ങള്‍ ലോകമെമ്പാടും വളര്‍ന്നു വന്നതിനാലും 1917 നടന്ന റഷ്യന്‍ വിപ്ലവത്തെ തുടര്‍ന്ന് സ്ഥാപിതമായ സോവിയറ്റ് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ, ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങൾ മുതലാളിത്ത ലോകത്തും ജനങ്ങളെ ആകര്‍ഷിച്ചിരുന്നു എന്നതിനാലും ആ കാഴ്ചപ്പാട് പിന്തുടര്‍ന്നു കൊണ്ടുള്ള ക്ഷേമ രാഷ്ട്ര സങ്കല്പം പിന്തുടരുവാന്‍ ഭരണാധികാരികളെ പ്രേരിപ്പിച്ചിരുന്നു.


താഴെ തലങ്ങളിലുള്ള പ്രാദേശിക ആശുപത്രികളില്‍ കിടത്തി ചികിത്സ ഇല്ലാതാകുമ്പോള്‍, അവിടങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും മറ്റ് സംവിധാനങ്ങളും ഇല്ലാതാകുമ്പോള്‍, രോഗികള്‍ എല്ലാവരും ഉയര്‍ന്ന റഫറല്‍ ആശുപത്രികളിലേക്ക് പോകാന്‍ നിര്‍ബ്ബന്ധിതരാകും. സ്വാഭാവികമായും അവിടങ്ങളില്‍ അനിയന്ത്രിതമായി തിരക്ക് വര്‍ദ്ധിക്കുകയും ഏറ്റവും അര്‍ഹരായ രോഗികള്‍ക്ക് പോലും ചികിത്സ ലഭിക്കാതെ വരികയും ചെയ്യും. ഇനി ചികിത്സ ലഭിക്കുന്നവര്‍ ഫീസ് നല്‍കേണ്ട സാഹചര്യം കൂടി ഉണ്ടാകുമ്പോള്‍ സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നതാണ് നല്ലത് എന്ന് ജനങ്ങള്‍ സ്വയം തീരുമാനിക്കും. ഇതാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയിരുന്ന ആനുകൂല്യങ്ങള്‍ ഒന്നും ഫലത്തില്‍ അര്‍ഹരായ ആളുകള്‍ക്ക് ലഭിക്കാത്ത വിധത്തിലാണ് നടപടിക്രമങ്ങള്‍. ചെറിയ ചികിത്സാ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി പോലും മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വിവിധ കൗണ്ടറുകളില്‍ കയറിയിറങ്ങി, മണിക്കൂറുകളോളം രോഗിയോടൊപ്പമുള്ളവര്‍ ക്യൂവില്‍ ചിലവഴിക്കേണ്ട സാഹചര്യമാണുള്ളത്. സങ്കീര്‍ണമായ നടപടിക്രമങ്ങളാണ് ആനുകൂല്യങ്ങള്‍ ആവശ്യമായവര്‍ പൂര്‍ത്തീകരിക്കേണ്ടത്. രോഗിക്കോ രോഗിയോടൊപ്പം കൂട്ടുനില്‍ക്കുന്ന ആള്‍ക്കോ ഇത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടി സമയം ചെലവഴിക്കാന്‍ ആവില്ല. പാവപ്പെട്ട തൊഴിലാളി കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇതു പ്രായോഗികമല്ലാതെ വരികയും പലപ്പോഴും ഇക്കാരണത്താല്‍ തന്നെ ആളുകള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരികയും ചെയ്യുന്നു. പരിമിതമായ ആനുകൂല്യത്തിനുവേണ്ടിയുള്ള യാചനയുമായി കൗണ്ടറുകള്‍ തോറും കയറിനിരങ്ങി അക്ഷരാര്‍ത്ഥത്തില്‍ ശരണംകെടുന്ന ഒരു നിര്‍ദ്ധനനായ രോഗി അനുഭവിക്കുന്ന നിന്ദയും അപമാനവും വാക്കുകള്‍കൊണ്ട് വിവരിക്കനാവില്ല. ഇന്‍ഷ്വറന്‍സ് തുറന്നത് ഈ അപമാനത്തിന്റെ മാര്‍ഗ്ഗമാണ്. അന്തസ്സാര്‍ന്ന ചികില്‍സയുടെ മാര്‍ഗ്ഗമല്ല.
ആകര്‍ഷകങ്ങളായ പേരുകളില്‍ വിവിധ പദ്ധതികള്‍ കൊണ്ടുവരുന്നത് സൗജന്യചികില്‍സ ആസൂത്രിതമായി ഇല്ലാതാക്കുന്നതിനു വേണ്ടി മാത്രമാണ്. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല അടിമുടി ഭദ്രവും കാര്യക്ഷമവുമാണെങ്കില്‍ പിന്നെ പ്രത്യേക പദ്ധതികളുടെ ആവശ്യമെന്താണ്? സര്‍ക്കാര്‍ ആശുപത്രിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യചികില്‍സ ഉറപ്പാണെങ്കില്‍ അവര്‍ക്കുവേണ്ടിയെന്ന പരസ്യത്തോടെയുള്ള സുകൃതം എന്ന വേറിട്ട പദ്ധതിയുടെ ലക്ഷ്യമെന്താണ്? കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യചികില്‍സക്ക് ചില വ്യവസ്ഥകള്‍ വച്ച് വലിയൊരു വിഭാഗം രോഗികളെ ചികില്‍സയില്‍ നിന്ന് പുറത്താക്കാനുള്ള പദ്ധതി മാത്രമാണ് ‘സുകൃതം’. ഫലത്തില്‍ ദുഷ്‌കൃതം തന്നെ. ഇതുതന്നെയാണ് ‘താലോല’വും ‘ആരോഗ്യകിരണ’വും ‘ഹൃദ്യ’വുമെല്ലാം. സൗജന്യചികില്‍സക്ക് വ്യവസ്ഥകള്‍ വച്ച് വലിയൊരു വിഭാഗത്തിന് ചികില്‍സ നിഷേധിക്കാനുള്ള കുടിലപദ്ധതികളാണ് ഇവയെല്ലാം. അതിന്റെ പേരാകട്ടെ, ‘ആര്‍ദ്ര’മെന്നും ‘സുകൃത’മെന്നും ‘കരുണ’യെന്നുമൊക്കെയുള്ള പുതുമൊഴികളും. എത്ര വഞ്ചനാപരമായാണ് ഇടതുസര്‍ക്കാര്‍ ജനങ്ങളോട് പെരുമാറുന്നത് എന്നതിന്റെ തികഞ്ഞ സാക്ഷ്യമാണ് ഈ പദ്ധതികള്‍.


ചികില്‍സയെ കൊള്ള വരുമാനത്തിന്റെ മാര്‍ഗ്ഗമാക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ്


ഇനിമേല്‍ പൗരന് ചികില്‍സ നല്‍കേണ്ടത് സര്‍ക്കാരിന്റെ ചുമതലയല്ല, ആരോഗ്യം അവനവന്റെമാത്രം ചുമതലയാണ് എന്ന പൊതുബോധം സൃഷ്ടിച്ചുകൊണ്ടാണ് രോഗമെന്ന ദുരിതാവസ്ഥയെ വിപണിയാക്കുന്ന ശക്തികള്‍ രംഗപ്രവേശം ചെയ്തത്. ആരോഗ്യ ഇന്‍ഷ്വറന്‍സ് അത്തരമൊരു ബിസിനസ് രംഗമാണ്. ഇന്ത്യയില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് വലിയ പ്രചാരം നേടിയ വിപണിയായിരുന്നില്ല. വികസിത രാജ്യങ്ങളില്‍ ഈ രംഗത്ത് കുത്തകകളുടെ ആധിപത്യം വന്നതോടെ അവിടുത്തെ ചികില്‍സാരംഗം എവ്വിധമാണ് തകര്‍ന്നതെന്ന് നിരവധി അന്തര്‍ദ്ദേശീയ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ ഇന്‍ഷ്വറന്‍സ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ആര്‍എച്ച്എം നടപ്പാക്കിയത്. ‘പൊതു-സ്വകാര്യ പങ്കാളിത്തം’ എന്‍ആര്‍എച്ച്എംന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഭാവിയില്‍ പിടിപെട്ടേക്കാവുന്ന രോഗത്തെക്കുറിച്ചുള്ള ഭയം, അതിനുവേണ്ടിവരുന്ന ഭീമമായ ചികില്‍സാ ചിലവിനെ സംബന്ധിച്ച ഭീതി തുടങ്ങിയവമൂലം ആശങ്കയിലാകുന്ന ജനങ്ങള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ അഭയം പ്രാപിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
സര്‍ക്കാര്‍ ചുമതലയില്‍ നടക്കേണ്ട ഒരു ക്ഷേമ നടപടിയെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് വ്യക്തമായും, സര്‍ക്കാര്‍ ക്ഷേമ പ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറുന്നു എന്ന നഗ്‌നമായ പ്രഖ്യാപനമാണ്. പണമില്ലാത്തത് മൂലം പാവപ്പെട്ടവന് ചികിത്സ മുടങ്ങുന്ന സാഹചര്യത്തിന് ഉള്ള പരിഹാരം എന്ന നിലയിലാണ് ഇത് കൊണ്ടുവന്നത്. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളുടെയോ മുന്നണികളുടെയോ ഭാഗത്തുനിന്ന് യാതൊരു എതിര്‍പ്പും കൂടാതെ വളരെ ന്യായമായ ഒരു കാര്യം എന്ന നിലയിലാണ് 2008ല്‍ ഇത് നടപ്പാക്കപ്പെട്ടത്. ദരിദ്രരായ ആളുകള്‍ക്ക് വേണ്ടിയുള്ള ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കുമെന്നതായിരുന്നു വ്യവസ്ഥ. അങ്ങനെ മുടക്കുന്ന മുതല്‍ ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നേരിട്ട് മുടക്കിയാല്‍ യാതൊരു സാങ്കേതിക തടസ്സവും കൂടാതെ ജനങ്ങള്‍ക്ക് ചികിത്സ ലഭിക്കുമായിരുന്നു. എന്നാല്‍ ഈ പദ്ധതി വന്നതിലൂടെ പൊതു ഖജനാവിലെ പണം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കുന്ന സ്ഥിതി വന്നു. പണം മുടക്കി ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ ചേരാന്‍ കഴിയുന്ന ആളുകള്‍ കുറവായിരുന്നതിനാല്‍ ഈ പദ്ധതിയില്‍ അധികം ആളുകള്‍ ചേരുകയും ഉണ്ടായില്ല. പലവിധ സാങ്കേതിക കാരണങ്ങളാല്‍ ജനങ്ങള്‍ക്ക് അത് പ്രയോജനപ്പെടാത്ത സാഹചര്യവും ഉണ്ടായി. സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ ചികില്‍സയ്ക്ക് ഏകീകൃതമായ നിരക്ക് ഇല്ലാത്തതിനാലും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് അംഗീകരിക്കാന്‍ ആശുപത്രി മുതലാളിമാര്‍ തയ്യാറാകാതിരുന്നതിനാലും ഈ പദ്ധതി തുടക്കത്തിലെ പ്രതിസന്ധിയിലായി. പിന്നീട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിലനിന്നിരുന്ന പദ്ധതിയോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ‘ആയുഷ്മാന്‍ ഭാരത്’, കാരുണ്യ ലോട്ടറി വില്‍പ്പനയിലൂടെ നടപ്പാക്കിയിരുന്ന ‘കാരുണ്യ ബലവനന്‍സ് സ്‌കീം’ തുടങ്ങിയ പദ്ധതികള്‍ സംയോജിപ്പിച്ച് ‘കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി’ എന്ന പേരില്‍ നടപ്പാക്കി. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് സര്‍ക്കാര്‍ ഇപ്പോള്‍ ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കുന്നത് നിര്‍ത്തി വച്ചിരിക്കുന്നു. ചുരുക്കത്തില്‍ ഈ പദ്ധതികള്‍ എല്ലാം പൊളിയുകയും ജനങ്ങള്‍ സമ്പൂര്‍ണ അരക്ഷിതാവസ്ഥയില്‍ ആകുകയും ചെയ്തിരിക്കുന്നു! ഈ പദ്ധതികള്‍ എല്ലാം തകര്‍ന്നു കൊണ്ടിരിക്കുന്നത് യാദൃശ്ചികമല്ല. കേവലം കെടുകാര്യസ്ഥതയോ പിടിപ്പുകേടോ അല്ല. അറിവില്ലായ്മ മൂലമുള്ള അശാസ്ത്രീയമായ മാനേജ്‌മെന്റ് രീതിയിലൂടെ സ്വാഭാവികമായി വന്നതാണ് എന്നും കരുതാന്‍ പറ്റില്ല. ഒരു മഹാസംവിധാനത്തെ തകര്‍ക്കുന്നതിന് വേണ്ടിയുള്ള കൃത്യമായ തിരക്കഥയുടെ നടപ്പാക്കല്‍ ആയിരുന്നു ഇതെല്ലാം എന്നാണ് മനസിലാക്കേണ്ടത്. കാരണം അടിസ്ഥാന നയം സ്വകാര്യ മൂലധനത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ്; അത് ഇന്‍ഷുറന്‍സ് കമ്പനികളെ ആയാലും സ്വകാര്യ ചികിത്സാ വ്യവസായികളെ ആയാലും!


സൗജന്യമരുന്നും ഗുണനിലവാരവും ഇല്ലാതാക്കിയ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍


സര്‍ക്കാരിന്റെ കീഴില്‍ ആരോഗ്യ വകുപ്പ് നേരിട്ട് പണം മുടക്കി ആശുപത്രികളില്‍ മരുന്നും മറ്റും എത്തിച്ചിരുന്ന സംവിധാനം നിര്‍ത്തലാക്കി, മരുന്നുകളുടെ പര്‍ച്ചേസിംഗും വിതരണവും മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എന്നൊരു സംവിധാനം രൂപീകരിച്ച് അതിന്റെ നിയന്ത്രണത്തിലാക്കി. പണം മുടക്കുന്നത് സര്‍ക്കാര്‍ ആണെങ്കിലും ലാഭ നഷ്ടങ്ങളുടെ മാനദണ്ഡം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന് കീഴിലേക്ക് മരുന്ന് വിതരണത്തിന്റെ ചുമതലയെ എത്തിയപ്പോള്‍, മരുന്നുകളുടെ ഗുണനിലവാരം നോക്കുന്നതിനു പകരം ലാഭമുള്ളതും ഗുണനിലവാരം കുറഞ്ഞതുമായ മരുന്നുകള്‍ വാങ്ങുന്ന രീതി വന്നു. അതുമൂലം ഗവണ്‍മെന്റാശുപത്രികളില്‍ നിന്ന് മരുന്ന് കഴിക്കുന്നവരുടെ രോഗങ്ങള്‍ കുറയാതെ വരികയും ആശുപത്രിയുടെയും ഡോക്ടര്‍മാരുടെയും വരെ വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥിതിയും വന്നു. ഇതെല്ലാം അത്യന്തികമായി സ്വകാര്യ മൂലധന ശക്തികളുടെ ലാഭത്തിലുള്ള മാര്‍ഗ്ഗങ്ങളായി മാറിക്കൊണ്ടിരുന്നു.


നവലിബറല്‍ സാമ്പത്തികനയങ്ങളാണ് സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം


സേവന മേഖലകളെ ഘട്ടം ഘട്ടമായി തകര്‍ത്ത് തല്‍സ്ഥാനത്ത് സ്വകാര്യ മൂലധനത്തിന് പ്രവഹിക്കുവാന്‍ വഴിയൊരുക്കുക എന്ന ദൗത്യവുമായി ലോകബാങ്ക് വിവിധ മേഖലകളിലേക്ക് പണം കുത്തിയൊഴുക്കിക്കൊണ്ട് പദ്ധതികള്‍ നടപ്പാക്കി വരുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ കണ്‍മുമ്പില്‍ ഉണ്ട്. ആരോഗ്യമേഖലയില്‍ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍ആര്‍എച്ച്എം), നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ (എന്‍യുഎച്ച്എം) എന്നീ പദ്ധതികളിലൂടെയും ആണ് ആരോഗ്യ മേഖലയുടെ പുനഃസംഘാടനം നടപ്പാക്കിത്തുടങ്ങിയത്. ഈ രണ്ട് പദ്ധതികളുടെയും കാലാവധി കഴിഞ്ഞ് ഇപ്പോള്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍(എന്‍എച്ച്എം)എന്ന പദ്ധതിയാണ് നടപ്പാക്കി വരുന്നത്. ഇതെല്ലാം ലോക ബാങ്ക് പദ്ധതികളാണ്.


എല്ലാ ലോകബാങ്ക് പദ്ധതികളുടെയും പൊതുവായ സമ്പ്രദായം തന്നെയാണ് ഈ പദ്ധതികളിലും കാണുന്നത്. ഘടനാപരമായ പരിഷ്‌കരണങ്ങളുടെ കര്‍ശനമായ വ്യവസ്ഥകള്‍ പദ്ധതികളുടെ ഭാഗമാണ്. ആ പണം സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയല്ല, മറിച്ച് വലിയ തുകകള്‍ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും വേണ്ടി ചെലവഴിക്കുക. വന്‍തോതില്‍ പണം മുടക്കിയുള്ള പദ്ധതികളിലൂടെ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും പദ്ധതിയിലേക്ക് ആകര്‍ഷിക്കുക. നിലവിലുള്ള സമ്പ്രദായത്തിന്റെ ഉള്ളടക്കവും ക്ഷേമ സ്വഭാവവും തകര്‍ക്കത്തക്ക വിധം നയപരിപാടികളില്‍ ഇടപെട്ട് മാറ്റങ്ങള്‍ കൊണ്ടുവരിക. അധികാരവികേന്ദ്രീകരണത്തിന്റെ പേര് പറഞ്ഞു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിന്‍ കീഴിലേക്ക് ക്ഷേമ സംരംഭങ്ങളെയെല്ലാം മാറ്റുക. യൂസര്‍ഫീസാണ് ഈ പരിഷ്‌കാരങ്ങളുടെ ആകെത്തുക. ഇത്രയും ഗൗരവമേറിയ ചുമതലകള്‍ നിര്‍വഹിക്കുവാന്‍ ഉള്ള പ്രാപ്തിയോ സാമ്പത്തിക സ്ഥിതിയോ ഇല്ലാത്ത പഞ്ചായത്തുകള്‍ക്ക് കീഴില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്ത നക്ഷമമല്ലാ തെയാക്കുക. ആശുപത്രി നടത്തിപ്പിന്റെ സാമ്പത്തിക ചുമതല പൂര്‍ണ്ണമായും പഞ്ചായത്തുകളുടെ ഉത്തരവാദിത്വത്തിലേക്ക് എത്തുമ്പോള്‍ സൗജന്യ ചികിത്സ പൂര്‍ണമായും ഇല്ലാതായിത്തീരും. ഫലത്തില്‍ ആരോഗ്യ രംഗം അനാഥമാക്കുകയും സ്വകാര്യമേഖലയ്ക്ക് വളരാന്‍ അനുകൂലമായ സാഹചര്യം ഒരുങ്ങുകയും ചെയ്യും.
ആരോഗ്യ മേഖലയില്‍ പുന:സംഘടനത്തിന്റെ നടത്തിപ്പുകാരായി നിലകൊണ്ട ഇടത്-വലത്-ബിജെപി രാഷ്ട്രീയ നേതൃത്വങ്ങള്‍ കേരള ജനതയോട് ചെയ്തത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്. മാറിമാറി വന്ന സംസ്ഥാന ഭരണത്തില്‍ ഇരുന്നുകൊണ്ടും വിവിധ തലങ്ങളിലെ തദ്ദേശഭരണത്തിലെ പങ്കാളിത്തം വച്ചുകൊണ്ടും വികസന സമിതി, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തുടങ്ങിയ പേരുകളിലുള്ള വിവിധ സര്‍ക്കാര്‍ കമ്മറ്റികളിലും കൃത്യമായ അനുപാതത്തില്‍ ഭാഗഭാക്കുകള്‍ ആയിക്കൊണ്ടും ഈ മൂന്നു കൂട്ടരും ജനങ്ങളെ നഗ്നമായി വഞ്ചിച്ചു. ഈ പരിഷ്‌കരണങ്ങളുടെയെല്ലാം ഫലമായുള്ള ആത്യന്തിക ദുരന്തങ്ങളിലേക്ക് കേരളം എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യമാണിത്. ആശുപത്രികളില്‍ നിന്നുള്ള വാര്‍ത്തകളും നിലവിളികളും പൊട്ടിത്തെറികളും പ്രക്ഷോഭങ്ങളും എല്ലാം സൂചിപ്പിക്കുന്നത് ഇതാണ്.
‘ഉച്ചിയില്‍ വെച്ചവന്‍ തന്നെ ഉദകക്രിയയും ചെയ്യുന്നു’ എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കും വിധം കേരള മോഡലിന്റെ പേരില്‍ വീമ്പിളക്കിയവര്‍ ഇന്ന് കേരള മോഡലിനെ തകര്‍ക്കുന്നതിന് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നു. ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരും ഈ ചതിക്കു കൂട്ടുനിന്നു. ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ചതിക്കുഴികള്‍ തിരിച്ചറിയാത്ത ജനങ്ങളും പ്രാദേശിക ജനപ്രതിനിധികളും എല്ലാം ഇതില്‍ ഭാഗമായി. അതിശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ കേരളത്തിന്റെ ആരോഗ്യ മേഖലയെ തിരിച്ചു പിടിക്കുവാന്‍ ജനങ്ങള്‍ രാഷ്ട്രീയ ഭേദം മറന്ന് പ്രക്ഷോഭ രംഗത്തേക്ക് മുന്നിട്ടിറങ്ങുക മാത്രമാണ് ഇതിന് പ്രതിവിധി.

Share this post

scroll to top