ജനങ്ങളെ വഞ്ചിച്ച് മുതലാളിത്തസേവനടത്തുന്ന കേന്ദ്രബജറ്റ്

Union-Budget.jpg
Share

കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഏഴാമത്തെയും മൂന്നാം മോദി സ‍ർക്കാരിന്റെ ആദ്യത്തെയും ബജറ്റ് അവതരിപ്പിച്ചിരിക്കുന്നു. ലോക്‌സഭയിൽ അവതരിപ്പിച്ച കേന്ദ്രബജറ്റ് അങ്ങേയറ്റം നിരാശാജനകവും മുതലാളിവർഗ്ഗത്തിന്റെ താത്പര്യങ്ങൾ മാത്രം പേറുന്നതും, ജനത്തിന്റെ കണ്ണിൽ പൊടിയിടുന്നതും, അടിസ്ഥാനപ്രശ്നങ്ങൾ അവഗണിക്കുന്നതുമാണെന്ന് പറയേണ്ടിവരുന്നു.

ബജറ്റ് എന്നത് കേവലം വരവുചെലവു കണക്കുകളല്ല. രാജ്യത്തിന്റെ സാമ്പത്തികദിശയും അതുവഴി പൗരജീവിതവും നി‍ർണ്ണയിക്കുന്ന പ്രധാനപ്രക്രിയ കൂടിയാണ്. ഏതൊരു ബജറ്റിനെയും വിലയിരുത്തേണ്ടത് അത് ആ‍ർക്കുവേണ്ടി, അതായത് ഏതുവിഭാഗത്തിനു വേണ്ടിയുള്ളതാണ് എന്ന് മനസ്സിലാക്കിക്കൊണ്ടാകണം. രാജ്യത്തെ പൗരസമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളെന്തെന്നും അതിനുള്ള പരിഹാരം എങ്ങനെ കാണുന്നു എന്നതും ബജറ്റിനെ വിലയിരുത്തുമ്പോൾ പരിഗണിക്കണം.
എന്താണ് ഇന്ന് രാജ്യം നേരിടുന്ന പ്രധാനവിഷയങ്ങൾ? കമ്പോളപ്രതിസന്ധി രൂക്ഷമാകുന്നതിന്റെ ഫലമായി വർദ്ധിക്കുന്ന തൊഴിലില്ലായ്മ, അസമത്വം, ദാരിദ്ര്യം, പണപ്പെരുപ്പം തുടങ്ങിയവ സാമ്പത്തികമായും സാമൂഹികമായും ഇന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും ജീവിതത്തെ നേരിട്ടു തകർത്തുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇത് പരിഗണിക്കാതെ, തങ്ങളുടെ യജമാനന്മാരായ മുതലാളിമാരുടെ ലാഭം പെരുപ്പിക്കാനുള്ള നടപടികൾ മാത്രം ധാർഷ്ട്യത്തോടെ കൈക്കൊണ്ടുവന്ന ബിജെപിക്ക് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി സ്വാഭാവികമായും അവരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. എന്നാൽ അതുണ്ടായിട്ടില്ല എന്നതാണ് ഈ ബജറ്റ് കാണിക്കുന്നത്. പുറമേയ്ക്ക് പറയുന്ന പദ്ധതികളിലും വാചകക്കസർത്തിലും, തൊഴിലില്ലായ്മയും ജനത്തിന്റെ ക്രയശേഷിയിലുള്ള ഇടിവിനെയും പരിഹരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചു കേൾക്കാമെങ്കിലും, അതെല്ലാം ആത്മാ‍ർത്ഥതയില്ലാത്തതും തങ്ങളുടെ മുതലാളിത്തപ്രീണനത്തെ മറച്ചുവെയ്ക്കാനുള്ളതും മാത്രമാണെന്നത് നമുക്ക് എളുപ്പം മനസ്സിലാക്കാം. മറുവശത്ത്, തങ്ങളുടെ അധികാരം നിലനിർത്താനായി വേണ്ടപ്പെട്ട സഖ്യകക്ഷികളെ പ്രീതിപ്പെടുത്താനായി വിഭവവിതരണത്തിലെ പ്രാദേശികസന്തുലനം പോലും അട്ടിമറിച്ചുകൊണ്ടുള്ള പ്രീണനരാഷ്ട്രീയം ബജറ്റിൽ കാണാം.


മുന്‍നിലപാടിൽ നിന്നു വ്യത്യസ്തമായി തൊഴിലില്ലായ്മ ഒരു വിഷയമായി ഇത്തവണത്തെ ബജറ്റിൽ പ്രധാനസ്ഥാനം നേടിയിട്ടുണ്ട്. പക്ഷേ തൊഴിലില്ലായ്മയുടെ കാരണമായി സ‍ർക്കാർ ആവർത്തിക്കുന്നത് യുവാക്കൾക്ക് വേണ്ടത്ര തൊഴിൽനൈപുണിയില്ല എന്നതാണ്. എത്ര അപഹാസ്യവും സത്യവിരുദ്ധവുമാണിത്! കൊട്ടിഘോഷിക്കുന്ന സാമ്പത്തികവളർച്ചയ്ക്ക് അനുസൃതമായി രാജ്യത്ത് തൊഴിലുകളുണ്ടാകുന്നില്ലെന്നു മാത്രമല്ല, യഥാർത്ഥത്തിലുള്ള കമ്പോളപ്രതിസന്ധിയും ജിഎസ്‌ടി പോലുള്ള തെറ്റായ നയങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തൊഴിൽനഷ്ടവുമാണ് തൊഴിലില്ലായ്മയ്ക്ക് കാരണമെന്ന് യാഥാർത്ഥ്യബോധമുള്ള സാമ്പത്തികവിദഗ്‌ദ്ധരെല്ലാം ചൂണ്ടിക്കാട്ടിയതാണ്. മാതൃകാ തൊഴിൽദാതാവാകേണ്ട സ‍ർക്കാരുകളാകട്ടെ, നിയമനനിരോധനമേർപ്പെടുത്തിയും കരാർതൊഴിലിനെ പ്രോത്സാഹിപ്പിച്ചും പൊതുമേഖലയിലെ ലക്ഷക്കണക്കിന് ഒഴിവുകളെ തൊഴിൽരഹിത‍ർക്ക് നിഷേധിക്കുന്നു. റെയിൽവേ അടക്കം മിക്ക സ‍ർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ആൾക്ഷാമത്താൽ വീർപ്പുമുട്ടിയിട്ടും പൊതുമേഖലയിലെ ഒഴിവുകൾ നികത്തുന്നതിനെക്കുറിച്ച് ബജറ്റിൽ മിണ്ടാട്ടമില്ല.
യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കുന്ന തിനായി പ്രധാനമന്ത്രിയുടെ പേരിലുള്ള രണ്ടു ലക്ഷം കോടിയുടെ പാക്കേജിൽ അഞ്ചു പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തെ പദ്ധതി പ്രകാരം, പുതുതായി സംഘടിതമേഖലയിൽ ജോലിക്ക് കയറുന്ന തൊഴിലാളിക്ക് (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ അംഗമാകുന്നത് ആധാരമാക്കി) ഒരു മാസത്തെ കൂലി എന്ന നിലയിൽ 15,000 രൂപ വരെ, മൂന്നു തവണകളായി സ‍ർക്കാർ നൽകും. 210 ലക്ഷം യുവാക്കൾക്ക് പുതുതായി തൊഴിൽ നൽകാൻ ഇത് സഹായകമാകും എന്നാണ് ബജറ്റിലെ വാദം. രണ്ടാമത്തെ പദ്ധതിയനുസരിച്ച് വ്യവസായമേഖലയിലെ അധികമായി നിയമിക്കപ്പെടുന്ന തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം ആദ്യ നാലു വ‍ർഷം സ‍ർക്കാർ നൽകും. ഇത് തൊഴിൽ നേടുന്ന 30 ലക്ഷം യുവാക്കൾക്ക് ഗുണം ചെയ്യുമെന്ന് ധനമന്ത്രി പ്രത്യാശിക്കുന്നു. മൂന്നാമത്തെ പദ്ധതിയിൽ, എല്ലാ മേഖലയിലെയും അധികതൊഴിലവസരങ്ങളിൽ, ഓരോ അധികതൊഴിലാളിയുടെയും ഇപിഎഫ് നിക്ഷേപത്തിൽ രണ്ടു വ‍ർഷത്തേക്ക് പ്രതിമാസം 3000 രൂപവരെ തൊഴിലുടമയക്ക് സ‍ർക്കാർ തിരിച്ചുനൽകും. നാലാമത്തെ പദ്ധതി, അഞ്ചു വർഷം കൊണ്ട് 20 ലക്ഷം ചെറുപ്പക്കാർക്ക് നൈപുണ്യവികസനത്തിനുള്ളതാണ്. അഞ്ചാമത്തെ പദ്ധതിയനുസരിച്ച്, ഒരു കോടി ചെറുപ്പക്കാർക്ക് ഏറ്റവും മികച്ച 500 കമ്പനികളിൽ, 12 മാസത്തേക്ക് സർക്കാർ വക അലവൻസോടെ ഇന്റേണ്‍ഷിപ്പ് അവസരമൊരുക്കാനുള്ളതാണ്.


തൊഴിലില്ലായ്മ പരിഹരിക്കാനെന്ന പേരിൽ പൊതുഖജനാവിലെ പണം വീണ്ടും മുതലാളിമാരുടെ കൈകളിലേക്ക് കൈമാറാനുള്ള തട്ടിപ്പു മാത്രമല്ലേ ഈ പദ്ധതികൾ? പ്രൊവിഡന്റ് ഫണ്ടിൽ അംഗത്വമെടുക്കുന്നതാണ് പുതിയ തൊഴിൽ നൽകിയതിന്റെ മാനദണ്ഡമായി പരിഗണിക്കുന്നത്. പ്രൊവിഡന്റ് ഫണ്ടിൽ ആളെ ചേ‍ർത്താൽ ചെലവ് മുതലാളിമാരല്ല, പകരം സർക്കാർ വഹിക്കും എന്നതല്ലാതെ വ്യാപകമായി പുതിയ തൊഴിൽ സൃഷ്ടിക്കുന്ന തിനുള്ള യാതൊരു മാന്ത്രികവിദ്യയും ഇതിലില്ല. പിന്നെ ഇന്റേണ്‍ഷിപ്പ് എന്ന തട്ടിപ്പ്. ഇപ്പോൾതന്നെ പല കോഴ്‍സുകളും പൂർത്തിയാക്കാൻ ഇന്റേണ്‍ഷിപ്പുകൾ നിർബന്ധമാക്കുന്നു. ഏതെങ്കിലുമൊക്കെ സ്ഥാപനങ്ങളിൽ കയറിക്കൂടി ഇത് പൂർത്തിയാക്കാൻ വിദ്യാർത്ഥികളും നിർബന്ധിതരാകുന്നു. നിലവിൽ തന്നെ ചില മേഖലകളിൽ ഇന്റേണ്‍ഷിപ്പ് ചെയ്യിക്കാന്‍ സർക്കാർ സാമ്പത്തികസഹായം നൽകിക്കൊണ്ട് ആ രീതി പ്രോത്സാഹിപ്പിക്കുന്നുണ്ട്. അത് സ്വകാര്യമേഖലയിൽ വ്യാപകമാക്കുന്നതാണ് പദ്ധതി. കഷ്ടിച്ച് പഠനം പൂർത്തിയാക്കിയിറങ്ങിയ ഒരാളെ ഒരു വർഷത്തേക്ക് ഒരു സ്ഥാപനത്തിൽ ഇന്റേണ്‍ ആയി എടുക്കുമ്പോൾ അതിനു വളരെ തുച്ഛമായ കൂലിയേ വേണ്ടിവരുന്നുള്ളൂ. അതിന്റെ പകുതി സർക്കാർ നൽകുകയും ചെയ്യും. തൊഴിലുടമ അവസാനം നൽകുന്ന സർട്ടിഫിക്കറ്റ്, കോഴ്‍സ് പൂർത്തിയാക്കാനടക്കം ആവശ്യമായതിനാൽ കടലാസിലെ മാനദണ്ഡം എന്തു തന്നെയായാലും, പറയുന്ന ജോലിയൊക്കെ അങ്ങനെയൊരാൾ ചെയ്യേണ്ടിവരും. ഓരോ വർഷവും ഇങ്ങനെ പുതിയ ബാച്ച് ഇന്റേണുകളെ ലഭിക്കും. ആരെയും സ്ഥിരപ്പെടുത്തേണ്ടതില്ല. പിഎഫോ മറ്റ് ആനുകൂല്യങ്ങളോ നൽകേണ്ടതില്ല. കരാർ തൊഴിലിലും ലാഭകരമായ മാതൃക. വമ്പിച്ച തൊഴിൽചൂഷണത്തിനു വഴിവെയ്ക്കുന്ന ഈ രീതിയാണ് സർക്കാർ ഇന്ന് മുന്‍കൈയെടുത്ത് പ്രോത്സാഹിപ്പിക്കുന്നത്, അതും പൊതുപണമുപയോഗിച്ച്! ഇന്റേണുകളായി ഇങ്ങനെ ലാഭത്തിൽ അധ്വാനശക്തി ലഭിക്കുമ്പോൾ, ഉയർന്ന പ്രാവീണ്യം ആവശ്യമില്ലാത്ത തൊഴിലുകൾക്ക് ഒരു മുതലാളി എന്തിന് പുതിയ സ്ഥിരം തൊഴിലാളികളെ എടുക്കണം. ഉണ്ടാകുമായിരുന്ന തൊഴിലുകൾ കൂടി ഇല്ലാതാക്കുന്ന ഈ പരിപാടിയാണ് സർക്കാർ കൊട്ടിഘോഷിക്കുന്നത്. ഒരു പ്രൊഫഷണൽ കോഴ്‌സുമായി ബന്ധപ്പെട്ട തൊഴിൽമേഖലയെ പ്രായോഗികമായി പഠിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് ഹ്രസ്വകാലത്തേക്ക് അവസരമൊരുക്കൽ മാത്രമാകണം ഇന്റേണ്‍ഷിപ്പുകൾ. അല്ലാതെ അവരെക്കൊണ്ട് മാസങ്ങളോളം പണിയെടുപ്പിക്കാനാകരുത്. പഠനത്തിനല്ലാതെ പണിയെടുപ്പിക്കണമെങ്കിൽ അവരെ ആദ്യം സ്ഥിരം ജോലിക്കാരാക്കുക. അല്ലാതെ മുതലാളിമാർക്കു മാത്രം പ്രയോജനപ്പെടുന്ന ഈ ചൂഷണം അനുവദിക്കാൻ പാടില്ല.
അതുപോലെ തന്നെയാണ് തൊഴിൽനൈപുണി വികസിപ്പിക്കാനെന്ന പേരിൽ നടത്തുന്ന പ്രഹസനവും. തൊഴിൽ നൽകാനില്ലാത്തതാണ് തൊഴിലില്ലായ്മയുടെ അടിസ്ഥാന കാരണം. അത് അംഗീകരിക്കുന്നതിനു പകരം തൊഴിലന്വേഷകരുടെ പോരായ്മ മൂലമാണ് അവർക്ക് തൊഴിലില്ലാതാകുന്നത് എന്ന മിഥ്യാധാരണ പരത്തുകയാണ് സർക്കാരും മുതലാളിത്ത ലോകവും. ഒരു പ്രൊഫഷണൽ കോഴ്‌സ് വിജയകരമായി പഠിച്ച് പൂർത്തിയാക്കി ഇറങ്ങിയ ഒരു വിദ്യാർത്ഥിക്ക് ആ മേഖലയിൽ ജോലി ചെയ്യാനുള്ള നൈപുണികൾ ഇല്ല എന്നാണ് പറയുന്നതെങ്കിൽ അത് ആ വിദ്യാർത്ഥിയുടെ കുഴപ്പമാണോ? അതോ, അയാൾ തന്റെ പഠനം കൊണ്ടു നേടിയ തൊഴിൽവൈദഗ്ദ്യം കൊണ്ട് നേടാവുന്ന ജോലികൾ രാജ്യത്തില്ല എന്നാണോ? എങ്കിൽ യാതൊരു പ്രയോജനവുമില്ലാത്ത അത്തരം കോഴ്‍സുകൾ എന്തിനു തുടരണം? ഇവിടെ ഒരു കാര്യം ചൂണ്ടിക്കാട്ടാം. 2008ന് മുമ്പുവരെ ഐടി മേഖലയിൽ വളരെയധികം തൊഴിലാളികളെ ആവശ്യമുണ്ടായിരുന്നു. എന്നാൽ എഞ്ചിനീയറിങ്ങോ അനുബന്ധ കോഴ്‍സുകളോ പൂർത്തിയാക്കിയ അത്രയും ആളുകൾ ലഭ്യമല്ലാതിരുന്ന അക്കാലത്ത് കമ്പനികൾ വ്യാപകമായി ആളുകളെ ജോലിക്കെടുത്തിരുന്നു. ഇന്നു പറയുന്ന ‘നൈപുണികൾ’ ഇല്ലാത്തതൊന്നും അന്ന് പ്രശ്നമേ ആയിരുന്നില്ല. ആദ്യമായി ജോലിക്കെടുക്കുന്ന ആളുകൾക്ക് തങ്ങളുടെ സ്ഥാപനത്തിലെ ജോലിക്ക് ആവശ്യമായ പരിശീലനം അതത് സ്ഥാപനങ്ങൾതന്നെ നൽകിയിരുന്നു. ഇന്ന് ജോലികൾ കുറഞ്ഞു, എന്നാൽ പഠനം പൂർത്തിയാക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. അല്ലാതെ അഭ്യസ്തവിദ്യരുടെ ‘നൈപുണിയും’ തൊഴിൽലഭ്യതയും തമ്മിൽ ബന്ധമില്ല. പ്രവൃത്തിപരിചയമുള്ളവരും പുതിയ തൊഴിൽ കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ അത് ഈ നൈപുണിയുടെ കുറവു കൊണ്ടാകില്ലല്ലോ!


രൂക്ഷമാവുന്ന മുതലാളിത്ത പ്രതിസന്ധിയുടെ ഫലമാണ് തൊഴിലില്ലായ്മയും തൊഴിൽനഷ്ടവുമെന്ന വസ്തുത അംഗീകരിക്കാൻ മുതലാളിത്തവും അവരുടെ വിനീതദാസരായ ഭരണകൂടവും തയ്യാറാകില്ല. തൊഴിലില്ലാത്ത യുവതയോട് എന്തെങ്കിലും ആത്മാ‍ർത്ഥത മോദി സ‍ർക്കാരിനുണ്ടായിരുന്നെങ്കിൽ ആൾക്ഷാമം കൊണ്ട് വീർപ്പുമുട്ടുന്ന പൊതുമേഖലയിലെ ലക്ഷക്കണക്കിന് ഒഴിവുകളിൽ പകുതിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ നികത്താനുള്ള നടപടിയെടുക്കണമായിരുന്നു. അഗ്നിവീർ അടക്കമുള്ള കരാർ തൊഴിലുകൾ അവസാനിപ്പിച്ച് സ്ഥിരനിയമനങ്ങൾ നടത്താൻ തയ്യാറാകണമായിരുന്നു. ബജറ്റിൽ പ്രഖ്യാപിച്ച, മുതലാളിമാരുടെ കീശവീർപ്പിക്കാൻ മാത്രമുള്ള, തട്ടിപ്പുപദ്ധതികൾക്കു മാറ്റിവെച്ച പണം പുതിയ തൊഴിലുകൾ പൊതുമേഖലയിൽ സൃഷ്ടിക്കാൻ ഉപയോഗിക്കണമായിരുന്നു. എന്നാൽ മോദി സർക്കാരിന്റെ ഒരേയൊരു പരിഗണന മുതലാളിത്ത യജമാനന്മാരുടെ താത്പര്യം മാത്രമാണെന്ന് അവർ വീണ്ടും തെളിയിച്ചിരിക്കുന്നു.


58,900 കോടി രൂപയുടെ പദ്ധതികളാണ് ബീഹാറിനായി മാത്രം ബജറ്റിൽ അവതരിപ്പിച്ചത്. എന്നാൽ ഇതൊക്കെ ബീഹാറിലെ ജനങ്ങൾ നേരിടുന്ന യഥാ‍ർത്ഥ ജീവിതപ്രശ്നങ്ങളെ നേരിടാനുള്ളവയാണോ? 26,000 കോടി റോ‍ഡ് പദ്ധതികൾക്ക്, 21,400 കോടിയുടെ വൈദ്യുതി നിലയം, 11,500 കോടി പ്രളയപ്രതിരോധത്തിന് എന്നിങ്ങനെയാണ് പദ്ധതി. ബീഹാർ ആവശ്യപ്പെട്ട പ്രത്യേകപദവി ഇല്ല. ബീഹാറിന് വാരിക്കോരി നൽകി എന്ന് ബിജെപിക്കും സഖ്യകക്ഷിയായ ജനതാദൾ യുണൈറ്റഡിനും മേനിനടിക്കാം എന്നല്ലാതെ ബീഹാറിലെ സാധാരണജനത്തിനോ കർഷകർക്കോ ഇതിൽ നിന്ന് എന്തു നേട്ടമാണ് ഉണ്ടാകുന്നത്? വാസ്തവത്തിൽ നേട്ടം ആ‍ർക്കാണ്? ബിജെപിക്കു വേണ്ടപ്പെട്ട കുത്തകമുതലാളിമാരുടെ പ്രിയപ്പെട്ട മേഖലകളാണ് റോഡ് നിർമ്മാണവും വൈദ്യുതിയുമെന്നത് പരസ്യമായ രഹസ്യമാണ്. ഈ പദ്ധതികൾ ആത്യന്തികമായി ആ‍ർക്കാണ് പ്രയോജനം ചെയ്യുകയെന്നത് ഊഹിക്കാവുന്നതേയുള്ളൂ. ബീഹാറിലെ പ്രാദേശിക കോണ്‍ട്രാക്ട‍മാ‍ർക്കും ഭരണകക്ഷിക്കും അനുബന്ധഘടകങ്ങൾക്കും ഇതിന്റെ സാമ്പത്തികനേട്ടമുണ്ടാകും. ജനത്തിന് എന്തുകിട്ടുമെന്നത് കാത്തിരുന്നു കാണണം. ഇനി ടിഡിപിയെ പ്രീതിപ്പെടുത്താനായി രണ്ടാമത് പ്രത്യേക പരിഗണന നൽകിയ ആന്ധ്രാപ്രദേശിന്റെ കാര്യമെടുക്കാം. ചന്ദ്രബാബു നായിഡുവിന്റെ മുടങ്ങിപ്പോയ സ്വപ്നപദ്ധതിയായ അമരാവതി തലസ്ഥാനനഗര നിർമ്മാണത്തിനായി 15,000 കോടിയുടെ സഹായം കേന്ദ്രസർക്കാർ വഴി വാഗ്ദാനം ചെയ്തിരിക്കുന്നു. കൂടാതെ പൊള്ളാവരം ജലസേചന പദ്ധതിയും പിന്നാക്കമേഖലകൾക്കുള്ള പ്രത്യേക ഗ്രാന്റുകളും. ഇവിടെയും നിർമ്മാണ പദ്ധതികളാണ് എന്നത് ശ്രദ്ധിക്കുക. ആന്ധ്രയിലെ ജനത്തിന്റെ ഏറ്റവും പ്രധാനവിഷയമാണോ അമരാവതി? ഇത്തരം നി‍ർമ്മാണപദ്ധതികളുടെ നേട്ടം ആ‍ർക്കാണ്? അതായത്, ഇവിടെ രാഷ്ട്രീയനേട്ടത്തിനായി ചില സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നൽകുന്നു എന്ന പ്രതീതിയുണ്ടാക്കുകയും, യഥാർത്ഥത്തിൽ അതിന്റെ മറവിൽ ദേശീയവും പ്രാദേശികവുമായ മുതലാളിത്ത കുത്തകകളുടെ താത്പര്യം നിറവേറ്റുകയും ഭരണകൂടത്തിലെ പ്രമുഖ‍ർക്ക് അതിന്റെ പങ്ക്പറ്റാൻ അവസരമൊരുക്കുകയും മാത്രമാണിവിടെ. ഇത് തിരിച്ചറിയേണ്ടതുണ്ട്.
കൂടാതെ, ഇത്തരം നടപടികളിലൂടെ വിഭവവിതരണത്തിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള അന്തരവും ബോധപൂർവ്വം നടപ്പിലാക്കുന്നു. പ്രാദേശികമായി ഇതുണ്ടാക്കുന്ന വിഭജനവും അസന്തുലിതാവസ്ഥയും സ‍ർക്കാരിന് അറിയാത്തതല്ലല്ലോ. അതേപോലെ തന്നെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനു കീഴിലുണ്ടായിരുന്ന പല പദ്ധതികള്‍ക്കുമുള്ള തുകയിൽ കുറവുവരുത്തുന്നു. ഇതൊക്കെ എന്താണ് അർത്ഥമാക്കുന്നത്? മതത്തിന്റെയും ഭാഷയുടെയും പ്രദേശത്തിന്റെയും പേരിലുള്ള വിഭജനങ്ങളെ ആളിക്കത്തിച്ചു നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ ഹീനമായ രാഷ്ട്രീയത്തിന്റെ പ്രതിഫലനമല്ലേ ബജറ്റിലും കാണുന്നത് എന്ന് സംശയിക്കേണ്ടി വരുന്നു.


കാർഷികമേഖലയെ സഹായിക്കാൻ വേണ്ട പദ്ധതികളില്ല. കർഷകർ ദീർഘകാലമായി ആവശ്യപ്പെടുന്ന താങ്ങുവിലകൾ അടക്കം പരിഗണിച്ചിട്ടില്ല. ചെറുകിട-ഇടത്തരം സംരംഭങ്ങളെ വളരെയധികം പ്രോത്സാഹിപ്പിക്കുമെന്ന വാചാടോപം ഉണ്ട്. എന്നാൽ മേഖലയെ തകർക്കുന്ന ജിഎസ്‌ടി, വ്യാപാരമേഖലയിലെ കുത്തകവൽക്കരണം, ഇതിലൊന്നും മിണ്ടാട്ടമേയില്ല. ഈ മേഖലയ്ക്കായി മുദ്ര ലോണിന്റെ പരിധി 20 ലക്ഷമായി ഉയർത്തിയിട്ടുണ്ടത്രേ! കൂടുതൽ വായ്പകളല്ല, രാജ്യത്തെ വമ്പൻ കോർപ്പറേറ്റുകളുടെ ഒപ്പം പിടിച്ചുനിൽക്കാനായി ക്രിയാത്മകമായ നടപടികളും പിന്തുണയുമാണ് ഈ മേഖലയ്ക്ക് ആവശ്യം. ഭവന നിർമ്മാണ മേഖലയ്ക്കായി 10 ലക്ഷം കോടി രൂപയാണ് ബജറ്റ് പ്രഖ്യാപിച്ചത്. പിഎം ആവാസ് യോജന വഴിയുളള വായ്പകളുടെ പലിശ സബ്സിഡിക്കാണ് ഇതിൽ നല്ലൊരു പങ്ക്. ഭവനനിർമ്മാണവും റോഡ് നി‍‍ർമ്മാണവുമടക്കമുള്ള നിർമ്മാണപദ്ധതികള്‍ക്കാണ് ബജറ്റിൽ മുൻഗണന. ഭക്ഷ്യവസ്തുക്കളുടെയടക്കം വിലക്കയറ്റവും തൊഴിലില്ലായ്മയും വരുമാനനഷ്ടവും കൊണ്ട് പൊറുതിമുട്ടുന്ന ഇന്ത്യയിലെ സാധാരണക്കാരിൽ ബഹുഭൂരിപക്ഷത്തിനും സ്വന്തമായൊരു വീട് എന്നത് ഇന്നും സ്വപ്നം മാത്രമാണ്. അവർക്ക് പരിഹരിക്കേണ്ട പ്രശ്നങ്ങളിൽ ഒന്നാം സ്ഥാനത്തല്ല ഹൈവേയുടെയും മറ്റ് വലിയ പദ്ധതികളുടെയും നി‍ർമ്മാണം. പണമില്ലാത്തതുകൊണ്ട് സാധാരണക്കാരന്റെ ഭവനനിർമ്മാണം പലയിടത്തും പാതിവഴിയിൽ നിൽക്കുന്നത് നമ്മൾ നേരിട്ടുകാണുന്നുണ്ട്. അതുകൊണ്ടു തന്നെ സിമന്റ് പോലെയുള്ള നിർമ്മാണവസ്തുക്കൾക്ക് പൊതുവിപണിയിൽ ഡിമാന്റ് കുറയും. എന്നാൽ കാർട്ടൽ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന സിമന്റുൽപ്പാദന കുത്തകകളാകട്ടെ വില കുറയ്ക്കാൻ തയ്യാറാകില്ല. എന്നാൽ സർക്കാർ തന്നെ വമ്പൻ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഇവർക്ക് കൃത്രിമമായി വിപണിയുണ്ടാവുകയാണ്. ഒപ്പം വായ്പാധിഷ്ഠിത നിർമ്മാണങ്ങളെക്കൂടി പ്രോത്സാഹിപ്പിക്കുന്നു. സിമന്റ് കമ്പനികള്‍ക്ക് വില കുറയ്ക്കേണ്ടതുമില്ല, വിപണി ഉറപ്പാക്കുകയും ചെയ്യുന്നു. മോദിയുടെ ഉറ്റസുഹൃത്തായ അദാനി, കഴിഞ്ഞ കുറച്ചു വർഷം കൊണ്ടുമാത്രം അനവധി ഏറ്റെടുക്കലുകൾ നടത്തി ഇന്ത്യയിലെ സിമന്റ് ഉത്പാദകരിൽ രണ്ടാം സ്ഥാനത്തെത്തി എന്നതും നമ്മൾ ചേ‍ർത്തുവായിക്കണം. ഇന്ത്യയിലെ സിമന്റ് ഉത്പാദനം തന്നെ അദാനി, ബിർല എന്നീ രണ്ടു കുത്തകകളിലേക്ക് അതിവേഗം ചുരുങ്ങുന്നു. ഈ കുത്തകകളുടെ താത്പര്യം ഒന്നു മാത്രമല്ലേ സ‍ർക്കാരുകൾക്ക് നി‍ർമ്മാണപദ്ധതികളോടുള്ള ഈ അമിതപ്രതിപത്തിയുടെ കാരണം?
ജനത്തിന്റെ കണ്ണിൽ പൊടിയിട്ടുകൊണ്ട് തങ്ങളുടെ യജമാനന്മാരായ മുതലാളിമാ‍ർക്കു വേണ്ടി മോദി സർക്കാർ ചെയ്യുന്ന സേവനത്തിന്റെ രൂപരേഖ മാത്രമാണ് ഈ ബജറ്റ്. ആദായനികുതിയിലും ചില ഉത്പന്നങ്ങളുടെ നികുതിയിലും നാമമാത്ര കുറവു വരുത്തിയാൽ ഇല്ലാതാകുന്നതല്ല ഇന്ന് ഈ നാട്ടിൽ സാധാരണക്കാരൻ അനുഭവിക്കുന്ന സാമ്പത്തികദുരിതം. മറുവശത്ത് സഹസ്രകോടികൾ പൊടിച്ച് ധൂർത്ത് കാണിക്കുന്ന കുബേരന്മാർക്ക് യാതൊരും നികുതിഭീതിയുമില്ല. അവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ മാത്രം. ജനത്തോട് യാതൊരു ആത്മാർത്ഥതയും പുലർത്താതെ അവരെ വഞ്ചിച്ചുകൊണ്ട് മുതലാളിത്തസേവ മാത്രം ചെയ്യുന്ന ഈ കാപട്യം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്, തള്ളിക്കളയേണ്ടതുണ്ട്.

Share this post

scroll to top