അവശ്യസാധനങ്ങൾക്ക് തീവില : സമ്പൂർണ സ്റ്റേറ്റ്-ട്രേഡിംഗ് മാത്രം പരിഹാരം

image.jpg
Share

അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും കുതിച്ചുയരുന്ന ജീവിതച്ചെലവിനും മുന്നിൽ ജനങ്ങൾ പകച്ചുനിൽക്കുകയാണ്. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം, അധികനികുതി, ചാർജ്ജ് വർദ്ധനവുകൾ, വിദ്യാഭ്യാസ, ചികിത്സാചെലവുകളുടെ കുതിച്ചുകയറ്റം, സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർദ്ധനവ് തുടങ്ങിയവയെല്ലാം സാധാരണക്കാരന്റെ ജീവിതം കഠിനമാക്കുന്നു. ചെലവുകൾക്ക് ആനുപാതികമായി ശമ്പളമോ കൂലിയോ വർദ്ധിക്കുന്നില്ല, ഒപ്പം ഭയപ്പെടുത്തുന്ന തൊഴിലില്ലായ്മയും. ഓണക്കാലം കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വറുതിക്കാലമായേക്കും എന്ന് വ്യക്തമാണ്. ന്യായമായ വില കർഷകർക്ക് നൽകി ഉൽപ്പന്നങ്ങൾ സംഭരിക്കുകയും മിതമായ വിലയ്ക്കും മതിയായ അളവിലും അവ ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് അടിയന്തരമായി സർക്കാർ ചെയ്യേണ്ടത്.
അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറിയുൾപ്പെടെ എല്ലാ ഭക്ഷ്യസാധനങ്ങളുടെയും സിമന്റ് ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളുടെയും വില തുടർച്ചയായി വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. വില കുറയുന്നത് അപൂർവമായി മാത്രം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചുവരുന്ന കുത്തകാനുകൂല നയങ്ങളുടെ സൃഷ്ടിയാണ് പണപ്പെരുപ്പവും വിലക്കയറ്റവുമെല്ലാം.
ചരക്കുകളുടെയും സേവനങ്ങളുടെയും വില ഉയരുമ്പോൾ, ഒരു യൂണിറ്റ് പണത്തിന് വാങ്ങാൻ കഴിയുന്ന സാധനങ്ങളുടെയോ സേവനങ്ങളുടെയോ അളവ് ആനുപാതികമായി കുറയുന്നു, അതായത് കൂടുതൽ പണം നൽകേണ്ടിവരുന്നു. ഇതാണ് പണപ്പെരുപ്പം. പണപ്പെരുപ്പവും വിലക്കറ്റവും പരസ്പരബന്ധിതമായ പ്രതിഭാസങ്ങളാ ണെന്നർത്ഥം.


ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് അളക്കുന്നത് രണ്ടുസൂചികകൾ ഉപയോഗിച്ചാണ്. ഒന്ന്, ഉപഭോക്തൃവിലസൂചിക(സിപിഐ അഥവാ കൺസ്യൂമർ പ്രൈസ് ഇൻഡക്സ്). മറ്റൊന്ന് മൊത്തവില സൂചിക(ഡബ്ല്യുപിഐ അഥവാ ഹോൾസെയിൽ പ്രൈസ് ഇൻഡക്സ്) മൊത്തവ്യാപാരഘട്ടത്തിലെ സാധനങ്ങളുടെ വിലയാണ് മൊത്തവിലസൂചിക പ്രതിനിധീകരിക്കുന്നത്. സ്ഥാപനങ്ങൾക്കി ടയിൽ മൊത്തമായി വിൽക്കുന്നതും വ്യാപാരം ചെയ്യുന്നതുമായ സാധനങ്ങളാണ് ഹോൾസെയിൽ പ്രൈസ് ഇൻഡക്സിന്റെ പരിധിയിൽവരുന്നത്, പ്രാഥമികമായി നിർമ്മാതാവിന്റെയോ വിതരണക്കാരന്റെയോ തലത്തിലുള്ള വിലയിലെ ചലനങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഡബ്ല്യുപിഐ കണക്കാക്കാൻ മൊത്തവ്യാപാരവിപണയിൽ വിൽക്കുന്ന സാധനങ്ങളുടെ ശരാശരി വിലനിലവാരം പരിഗണിക്കുമ്പോൾ സാധാരണക്കാർ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ശരാശരി വിലനിലവാരവും അതിലെ വ്യതിയാനങ്ങളുമാണ് സിപിഐ കണക്കാക്കാൻ പരിഗണിക്കുന്നത്. ചില്ലറവിൽപ്പനതലത്തിലെ വിലയുടെ ചലനങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. സിപിഐയും ഡബ്ല്യുപിഐയും കണക്കാക്കുന്നതിനുള്ള മാനദണ്ഡം ഡോളറാണ് എന്നതുകൊണ്ട് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യത്തിനുണ്ടാകുന്ന ഇടിവ് പണപ്പെരുപ്പത്തെയും വിലക്കയറ്റത്തെയും സ്വാധീനിക്കും. ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപ ഏറ്റവും അധികം തകർച്ചയെ നേരിടുന്ന കാലഘട്ടമാണിത്.
പണപ്പെരുപ്പം വിലക്കയറ്റത്തിന് വഴിവയ്ക്കുമെന്നതിനാൽ സമസ്ത ജീവിതമേഖലകളെയും ഇത് ബാധിക്കും. മൊത്തവിലസൂചികയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ പണപ്പെരുപ്പം 2024 ജൂണിൽ 3.36 ശതമാനമായി വർദ്ധിച്ചു. മെയ് മാസത്തിൽ ഇത്  2.61 ശതമാനം ആയിരുന്നു.  കഴിഞ്ഞ 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കൾ,  പെട്രോളിയം, പ്രകൃതിവാതകം, മിനറൽ ഓയിലുകൾ, മറ്റ് നിർമ്മാണ മേഖലകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്ക് ഉയരുന്നതിലേക്ക് നയിച്ചത്. മെയ് മാസത്തിലെ 9.82 ശതമാനത്തിൽ നിന്ന് ജൂണിൽ ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധവ് 10.87 ശതമാനമായി ഉയർന്നു. പച്ചക്കറികളുടെ കാര്യത്തിൽ ഇത് ജൂണിൽ 38.76 ശതമാനമാണ്. ധാന്യങ്ങളുടെ വിലക്കയറ്റം 9.27 ശതമാനമാണ്. ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ വിലക്കയറ്റം യഥാക്രമം 66.37 ശതമാനവും 93.35 ശതമാനവും ആണ്.  പഴങ്ങളുടെ വിലവർദ്ധനവ് 10.14% വും പാലിന്റേത് 3.37% വും ആണ്. മെയ് മാസത്തിൽ 1.35 ശതമാനമായിരുന്ന ഇന്ധന, വൈദ്യുതി വിലവർദ്ധന ജൂണിൽ 1.03 ശതമാനമായിട്ടുണ്ട്. ജൂണിൽ  പെട്രോളിയം, പ്രകൃതിവാതക മൊത്തവിലവർദ്ധന 12.55 ശതമാനവും ക്രൂഡ് പെട്രോളിയത്തിന്റേത് 14.04 ശതമാനവുമാണ്.


വിലക്കയറ്റവും വരുമാനത്തിലെ കുറവും ഇന്ത്യക്കാരെ ഭക്ഷണരീതി പുനക്രമീകരിക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് യുഎൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. ആരോഗ്യകരമായ ഭക്ഷണത്തിന് ഇന്ത്യയിൽ ചെലവേറിയെന്ന് യുഎൻ ഏജൻസിയായ സ്റ്റേറ്റ് ഓഫ് സെക്യൂരിറ്റി ആൻഡ് ന്യൂട്രീഷ്യൻ ഇൻ ദ വേൾഡ് (സോഫി) 2023ലെ റിപ്പോർട്ട് പറയുന്നു. വരുമാനത്തിന്റെ പകുതിയിലേറെ ചെലവഴിച്ചിട്ടും 70ശതമാനം ഇന്ത്യക്കാർക്ക് ആരോഗ്യകരമായ ഭക്ഷണം കഴിക്കാനാകുന്നില്ല എന്നും പ്രസ്തുത റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വിലക്കയറ്റം ഗുണമേന്മയുള്ള ഭക്ഷണം ജനങ്ങൾക്ക് അപ്രാപ്യമാക്കുന്നു. ഇതും സമീപഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ക്ക് ഇടവരുത്തും. അല്ലെങ്കിൽതന്നെ ആഗോളപട്ടിണിസൂചികയിൽ 111-ാം സ്ഥാനത്തും സന്തോഷ സൂചികയിൽ 110-ാം സ്ഥാനത്തുമുള്ള ഇന്ത്യയിലാണ് മാതൃമരണത്തിന്റെ 17 ശതമാനവും ശിശുമരണത്തിന്റെ 21ശതമാനവും. പോഷകാഹാരക്കുറവും തന്മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും വരുംതലമുറകളെ പ്രതിസന്ധിയിലാഴ്ത്തുമെന്നുറപ്പാണ്.


പൊതുവിപണിയിൽ അരിയുടെ വില കുതിക്കുകയാണ്. പണപ്പെരുപ്പംകൂടാതെ അരിയുടെ വിലവർദ്ധനവിന് പ്രധാനമായും രണ്ടുകാരണങ്ങളാണുള്ളത്. അരിയുൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ ജിഎസ്‌ടിയുടെ പരിധിയിൽകൊണ്ടുവന്നതും പൊതുവിതരണസംവിധാനത്തിന്റെ തകർച്ചയും. ജിഎസ്‌ടി ആദ്യം നടപ്പിലാക്കിയപ്പോൾ ഭക്ഷ്യസാധനങ്ങൾ ഒഴിവാക്കിയിരുന്നു. ബ്രാൻഡഡ് സാധനങ്ങൾക്കും പാക്കറ്റ് സാധനങ്ങൾക്കും മാത്രമേ നികുതി ബാധകമാകുകയുള്ളൂ എന്നാണ് നിത്യോപയോഗ സാധനങ്ങളെ ജിഎസ്‌ടിയുടെ പരിധിയിലേയ്ക്ക് കൊണ്ടുവന്നുകൊണ്ട് ജിഎസ്‌ടി വകുപ്പ് പറഞ്ഞത്. എന്നാൽ ജിഎസ്‌ടി നിയമം ഭേദഗതി ചെയ്ത് 25 കിലോ പരിധി സർക്കാർ എടുത്തുകളഞ്ഞപ്പോൾ ബ്രാൻഡഡ് അല്ലാത്ത സാധനങ്ങൾക്കും നികുതി ബാധകമായി. അഞ്ചുശതമാനമാണ് ചുമത്തപ്പെട്ടിരിക്കുന്ന നികുതി. ഇത് വിലകുതിച്ചുയരാൻ ഇടയാക്കി.
കാർഷികമേഖലയിൽ കുത്തകകൾ പിടിമുറുക്കുന്നത് ചെറുകിട ഇടത്തരം കർഷകരുടെ തകർച്ചയ്ക്കും വിലക്കയറ്റത്തിനും കാരണമാകുന്നു. അവധിവ്യാപാരം ചെറുകിട കർഷകരുടെ നട്ടെല്ലൊടിക്കുകയാണ്. കുത്തകകൾക്കുവേണ്ടി കാർഷികനിയമങ്ങൾ പൊളിച്ചെഴുതുന്നതും കുത്തകകൾക്ക് ഭക്ഷ്യധാന്യങ്ങൾ യഥേഷ്ടം സംഭരിക്കാനുള്ള അവസരം നൽകുംവിധം കുത്തകസംഭരണ നിയമം മാറ്റുന്നതും പൂഴ്ത്തിവയ്പ്പിനും തദ്വാരാ വിലക്കയറ്റത്തിനും ഇടവരുത്തുന്നു. അതോടൊപ്പം വളത്തിനും വൈദ്യുതിക്കും വിലവർദ്ധിപ്പിച്ച് കൃഷി ചെലവേറിയതാക്കി. കേരളത്തിലെ ഭക്ഷ്യമന്ത്രി അരിയന്വേഷിച്ച് ആന്ധ്രയും തമിഴ്നാടും കറങ്ങുമ്പോൾ കേരളത്തിൽ വിറ്റ നെല്ലിന് കർഷകർക്ക് പണം നൽകിയിട്ടില്ല. നെൽകൃഷി അടക്കം എല്ലാ കാർഷിക വിളകൾക്കും താങ്ങുവില പ്രഖ്യാപിച്ച്, സംഭരണത്തിന് സർക്കാർതലത്തിൽ ക്രമീകരണങ്ങൾ ഉണ്ടാക്കി, കർഷകർക്ക് ന്യായമായ വില നൽകി, മിതമായ വിലയ്ക്ക് ജനങ്ങൾക്ക് എത്തിച്ചുകൊടുക്കാനുള്ള സംവിധാനമാണ് സർക്കാർ ഉണ്ടാക്കേണ്ടത്. കാർഷിക- പൊതുവിതരണമേഖലകൾ ശക്തിപ്പെടുത്തണം. സപ്ലൈകോയുടെ തകർച്ച വിലക്കയറ്റത്തിന്റെ നിലയില്ലാക്കയത്തിലേയ്ക്ക് ജനങ്ങളെ തള്ളിയിരിക്കുന്നു.
നരസിംഹറാവു സർക്കാരിന്റെ കാലംമുതൽ സ്വീകരിച്ചുവന്ന നടപടികളിലൂടെ റേഷൻ ഉപഭോക്താക്കളുടെ എണ്ണം ക്രമാനുഗതമായി വെട്ടിക്കുറച്ചു. അതിന്റെ തുടർച്ചയായി കേന്ദ്രത്തിൽ അധികാരത്തിൽവന്ന സർക്കാരുകൾ കൈക്കൊണ്ട നടപടികളിലൂടെ പൊതുവിതരണസംവിധാനം ഏതാണ്ട് സമ്പൂർണതകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്. പൊതുവിതരണസംവിധാനം ശക്തിപ്പെടുത്തിക്കൊണ്ടേ വിലക്കയറ്റം നിയന്ത്രിക്കാനാകൂ.


ചരക്കുകൾക്കൊപ്പം സേവനങ്ങളും നികുതിയുടെ പരിധിയിൽ കൊണ്ടുവന്നുകൊണ്ടാണ് ജിഎസ്‌ടി അഥവാ ഗുഡ്സ് ആന്റ് സർവീസ് ടാക്സ് നടപ്പിലാക്കിയത്. കേന്ദ്ര, സംസ്ഥാനതലങ്ങളിലായി നിലനിന്നിരുന്ന രണ്ടായിരത്തോളം പരോക്ഷനികുതികൾക്കുപകരമായി ഏകീകൃതവും സംയോജിതവുമായ നികുതി സമ്പ്രദായം എന്നനിലയിലാണ് ജിഎസ്‌ടി കൊണ്ടുവന്നതെങ്കിലും ഉൽപ്പാദനംമുതൽ ഉപഭോഗംവരെയുള്ള എല്ലാ ഘട്ടങ്ങളിലും ചുമത്തപ്പെടുന്ന തിനാലും നിലവിലുള്ള ചില്ലറ വിൽപ്പന സമ്പ്രദായത്തിൽ വിൽപനയുടെ നിരവധി ഘട്ടങ്ങൾ അനിവാര്യമാെണന്നതിനാലും ഓരോ ഘട്ടത്തിലും ചുമത്തപ്പെടുന്ന മൂല്യവർദ്ധിതനികുതി അഥവാ വാറ്റ് അന്തിമമായി ഉൽപ്പന്നങ്ങളുടെ വിലവർദ്ധവിന് കാരണമാകും, ഭീമമായ നികുതി ഭാരം ഉപഭോക്താക്കളായ സാധാരണ ജനങ്ങളുടെമേൽ പതിക്കും. ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന മൂല്യവർദ്ധനവിനാണ് നികുതി ചുമത്തപ്പെടുന്നത് എന്നതുകൊണ്ട് നികുതിയുടെ ഭാരം സഞ്ചിതമായി ഉപഭോക്താവിനുമേൽ പതിക്കും. അഞ്ചുശതമാനം മുതൽ ഇരുപത്തിയെട്ട് ശതമാനംവരെയാണ് നികുതി നിരക്ക് എന്നതിനാൽ ഏത് സാധനത്തിനും വില ഭീമമായി വർദ്ധിക്കുന്നു.


സർക്കാർ സേവനങ്ങൾക്കാകെ ഏർപ്പെടുത്തിയിരിക്കുന്ന യൂസർഫീസുകളും നികുതി, ചാർജ്ജ് വർദ്ധനവുകളും കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും വിലക്കയറ്റവുമെല്ലാം ജീവിതത്തിൽ പിടിച്ചുനിൽക്കാൻ സാധാരണക്കാരൻ നടത്തുന്ന ശ്രമങ്ങൾക്കുമേൽ കനത്ത പ്രഹരമേൽപ്പിക്കു കയാണ്. യൂസർ ഫീ എന്നത് ആഗോളവത്ക്കരണത്തിന്റെ തിട്ടൂരമാണ്. ജനക്ഷേമത്തിന്റെ പേരിൽ ഇനിമേലൊന്നും സൗജന്യമായി കിട്ടില്ലെന്നും എല്ലാം കാശുമുടക്കി വാങ്ങേണ്ടതാണെന്നുമുള്ള കാഴ്ചപ്പാടാണ് ഇതിന്റെ അടിസ്ഥാനം. സേവനമേഖലകളായി കരുതപ്പെട്ടുപോന്നിരുന്ന വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയവയെല്ലാം അങ്ങനെ വിൽപ്പനച്ചരക്കായി. വാഹനനികുതിയും അനുബന്ധ ചാർജ്ജുകളും വെള്ളക്കരം, കെട്ടിടനികുതി, വൈദ്യുതി ചാർജ്ജ് തുടങ്ങിയവയെല്ലാം രണ്ടും മൂന്നും മടങ്ങാണ് വർദ്ധിപ്പിക്കുന്നത്. എല്ലാ സേവനങ്ങൾക്കുമുള്ള ഫീസ് വർദ്ധിപ്പിക്കാനുള്ള അനുമതി ധനവകുപ്പ് എല്ലാ വകുപ്പുകൾക്കും നൽകിക്കഴിഞ്ഞു. പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിന്റെ പേരിലും ജനങ്ങളെ നിർബന്ധിതമായി പിഴിയുന്നു. പോലീസ് സ്റ്റേഷൻ, കോടതി, സർക്കാർ ഓഫീസുകൾ എല്ലാം ഫീസ് ഈടാക്കി സേവനംനൽകുന്ന കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.


ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന വർദ്ധനവാണ് ചികിത്സാരംഗത്ത് ഉണ്ടായിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ സൗജന്യചികിത്സ ഇല്ലാതായിരിക്കുന്നു. എക്സ്റേ, ലാബ് പരിശോധനകൾ, സ്കാനിംഗുകൾ തുടങ്ങി മരുന്നുകൾ, ശസ്ത്രക്രിയകൾ എല്ലാത്തിനും പണം ഈടാക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. സർക്കാർആശുപത്രിക്കുള്ളിൽ ഈ പരിശോധനകൾ നടക്കണമെങ്കിൽ മാസങ്ങളോളം കാത്തിരിക്കണം. ഒപി ടിക്കറ്റിനും വാഹന പാർക്കിംഗിനുംവരെ ചാർജ്ജ് ഈടാക്കുന്നു. മരുന്നുകളുടെ ഗുണനിലവാരം സംശയാസ്പദമാണ്. മെഡിക്കൽ കോളജുകളിൽ മരുന്നുകമ്പനികളുടെയോ, ഇൻഷ്വറൻസ് കമ്പനിയുടെയോ, അതുമല്ലെങ്കിൽ ശസ്ത്രക്രിയാസാമഗ്രികൾ വില്ക്കുന്ന കമ്പനികളുടെയോ നിർദ്ദേശപ്രകാരമാണ് ചികിത്സാവിധി നിശ്ചയിക്കുന്നത് എന്ന സ്ഥിതിവന്നിരിക്കുന്നു. സർക്കാർ ആശുപത്രി കോമ്പൗണ്ടിനുള്ളിൽത്തന്നെ അദാനിയുടെ ഹിന്ദ് ലാബടക്കം സ്കാൻസെന്ററുകളും സ്വകാര്യ ലാബുകളും പ്രവർത്തിക്കുന്നു. ജീവൻരക്ഷാ ഔഷധങ്ങളുടെപോലും വില ഭീകരമായി വർദ്ധിച്ചിരിക്കുന്നു. ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന തൊഴിലാളികളും സാധാരണക്കാരുമായ ജനങ്ങൾക്ക് ഇരുട്ടടി നൽകിയ തീരുമാനമാണ് അവശ്യമരുന്നുകളുടെ വിലവർധിപ്പിക്കുവാൻ കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന അനുമതി. 850ലധികം മരുന്നു സംയുക്തങ്ങളുടെ വില ഏപ്രിൽമുതൽ ഉയർത്താനുള്ള അനുമതിയാണ് കേന്ദ്രസർക്കാർനൽകിയിരിക്കുന്നത്. 2021ലെ മൊത്തവില സൂചികയനുസരിച്ച 10.8% വരെ വിലകൾ ഉയർത്താനാണ് അനുമതി. പത്തുശതമാനം വിലവർദ്ധിപ്പിക്കാനുള്ള സർക്കാർ അനുമതിക്കൊപ്പം പേറ്റന്റ് നിയമഭേദഗതിയും ഈ വിലക്കയറ്റത്തിന്റെ അടിസ്ഥാന കാരണമായി വർത്തിക്കുന്നു. ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയത്തിന് ജിഎസ്‌ടി ഏർപ്പെടുത്തിയതുവഴി 2021 ഏപ്രിൽ മുതൽ 2024 മാർച്ചുവരെയുള്ള മൂന്നുവർഷംകൊണ്ട് സർക്കാർ ജനങ്ങളിൽനിന്ന് പിഴിഞ്ഞത് 21,225 കോടിരൂപയാണ്. പതിനെട്ടുശതമാനമാണ് നികുതി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒമ്പതുശതമാനം വീതം. ചികിത്സാരംഗമൊന്നാകെ സ്വകാര്യകുത്തകകൾക്ക് കൈമാറുന്നതിന്റെ ഭാഗമാണിതെല്ലാം. സർക്കാർ ആശുപത്രികളിൽ സൗജന്യചികിത്സ ഉറപ്പാക്കുകയും മതിയായ അളവിൽ ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരെ നിയമിക്കുകയും ആധുനിക ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും മരുന്നിന്റെ ഗുണനിലവാരം ഉറപ്പാക്കുകയുമാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്.
ഇന്ധനവിലവർദ്ധനവും വിലക്കയറ്റവും
ഭീകരമാംവിധം വർദ്ധിക്കുന്ന തൊഴിലില്ലായ്മമൂലം വരുമാനം ഗണ്യമായി കുറയുമ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നത് സാധാരണക്കാരന്റെ ജീവിതം കൂടുതൽ പ്രതിസന്ധിയി ലാക്കുന്നു. ഇന്ധനവിലവർദ്ധനവ് കടത്തുകൂലിയടക്കം എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കുമെന്നതിനാൽ അതുമൂലവും വിലക്കയറ്റം സൃഷ്ടിക്കപ്പെടുന്നു. അന്തർദ്ദേശീയ മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോഴും പെട്രോളിനും ഡീസലിനും ഇന്ത്യയിൽ വില ഉയരുന്നു എന്നതാണ് അനുഭവം. പെട്രോൾ വിലയിൽ 32 ശതമാനവും ഡീസൽ വിലയിൽ 35 ശതമാനവും കേന്ദ്ര എക്സൈസ് ഡ്യൂട്ടിയാണ്. പെട്രോൾ വിലയിൽ 23 ശതമാനവും ഡീസൽ വിലയിൽ 14 ശതമാനവും സംസ്ഥാനത്തിന്റെ വാറ്റ് നികുതിയാണ്. വിലയെക്കാളേറെ നികുതിയാണ് പെട്രോളിനും ഡീസലിനും ചുമത്തപ്പെട്ടിരി ക്കുന്നത്. 2014ൽ പെട്രോളിന്റെ കേന്ദ്രനികുതി 9.48രൂപയായിരുന്നതാണ് 32 രൂപയായി ഉയർന്നിരിക്കുന്നത്. ഡീസലിനാകട്ടെ 3.56രൂപയിൽനിന്നും 35 രൂപയായി ഉയർന്നിരിക്കുന്നു. ഇതൊന്നും പോരാതെയാണ് സംസ്ഥാനം വീണ്ടും രണ്ടുരൂപ അധികനികുതി ഏർപ്പെടുത്തിയിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലനിർണയിക്കുന്നത് എണ്ണക്കമ്പനികളാണ്, സർക്കാരിന് അതിൽ യാതൊന്നും ചെയ്യാനില്ല എന്നാണ് ഓരോ വിലവർദ്ധനവിന്റെയും ന്യായീകരണം. ലോകവിപണിയിലെ വിലയിടിവ് വഴിമാത്രം കേന്ദ്രസർക്കാർ അധികമായി നേടിയത് 8 ലക്ഷംകോടി രൂപയാണെന്ന ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവന്നിരിക്കുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെമാത്രമല്ല നിത്യോപയോഗസാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയുമെല്ലാം വില ഉയരുന്നതിന് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ് കളമൊരുക്കും.


വിദ്യാഭ്യാസവും വളരെയേറെ പണച്ചെലവുള്ള മേഖലയായി മാറിയിരിക്കുന്നു. പ്രൊഫഷണൽ, വൊക്കേഷണൽ കോഴ്സുകൾ മാത്രമല്ല, ആർട്സ് ആന്റ് സയൻസ് ബിരുദ കോഴ്സുകൾപോലും പലതും സെൽ ഫ് ഫൈനാൻസിംഗ് ആയിമാറിക്കൊണ്ടിരിക്കുന്നു. പുതുതായി ആരംഭിച്ച നാലു വർഷ ഡിഗ്രി കോഴ്സിന്റെ ഫീസ് ഘടന അമ്പരപ്പിക്കുന്ന വിധത്തിൽ ഉയർന്നതാണ്. രാജ്യത്തിനുള്ളിലെ തൊഴിൽ സാധ്യത മങ്ങുന്നതിനാൽ വിദേശത്തേയ്ക്ക് കുടിയേറുന്ന സാഹചര്യവും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ജനങ്ങളെ സംബന്ധിച്ചിടത്തോളം മനുഷ്യോചിതമായ ജീവിതം അസാധ്യമായിക്കൊണ്ടിരിക്കുന്നു. സർക്കാരുകളുടെ കോർപ്പറേറ്റ് അനുകൂല നയങ്ങളും നടപടികളുമാണ് ജനജീവിതം മേൽക്കുമേൽ ദുസ്സഹമാക്കുന്നത്. ഇന്ത്യയിലെ മുതലാളിത്ത സാമൂഹ്യക്രമത്തിന്റെ ആഴമാർന്ന പ്രതിസന്ധിയാണ് ജനങ്ങളുടെ ജീവിതദുരിതങ്ങളായി പ്രത്യക്ഷപ്പെ ടുന്നത്. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ സംഭരണവും വിതരണവും സർക്കാർ ഏറ്റെടുക്കുന്ന സമ്പൂർണ്ണ സ്റ്റേറ്റ് ട്രേഡിംഗ് ഏർപ്പെടുത്തുക എന്ന, ജനങ്ങളുടെ ദീർഘകാലഡിമാന്റ് നേടിയെടുക്കുന്നതിലൂടെയേ ജനങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം ലഭിക്കൂ. അതിന് അതിശക്തമായ ബഹുജനപ്രക്ഷോഭം അനിവാര്യമായിരിക്കുന്നു.

Share this post

scroll to top