ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു കൊണ്ടുവന്നിരിക്കുന്ന, സിനിമാരംഗത്ത് വനിതാ പ്രവർത്തകർ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന സംസ്ഥാന കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. ഒരു ജനാധിപത്യ സാമൂഹ്യ വ്യവസ്ഥിതിയിൽ നിലനിൽക്കുന്ന നിയമങ്ങളും പൗരാവകാശങ്ങളും പാലിക്കപ്പെടാത്ത ഒരു തൊഴിൽ മേഖലയാണ് സിനിമാ വ്യവസായരംഗം എന്നാണ് ഈ റിപ്പോർട്ട് വെളിവാക്കുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് സിനിമാരംഗത്തെ ഇത്തരം പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയാണിത്. പൊതുഖജനാവിൽ നിന്ന് പണം മുടക്കി നിയോഗിച്ച ഈ കമ്മിറ്റിയുടെ റിപ്പോർട്ട് കഴിഞ്ഞ അഞ്ചു വർഷമായിട്ടും പുറത്തു വിടാതിരുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. അഭിനേതാക്കൾ മാത്രമല്ല, സംവിധായകരും പ്രൊഡ്യൂസർമാരും മുതൽ ജൂനിയർ ആർട്ടിസ്റ്റുകളും ടെക്നിക്കൽ ജീവനക്കാരുംവരെയുള്ള നിരവധി വനിതകളാണ് സിനിമ ഇൻഡസ്ട്രിയിലുള്ളത്. അവർ നേരിടുന്ന വളരെ ഗുരുതരമായ വിവേചനങ്ങളും ലൈംഗിക പീഡനങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ട് സമൂഹത്തിനു മുന്നിൽ വ്യക്തമാക്കിയിരിക്കുന്നു.
ഈ റിപ്പോർട്ട് പുറത്തു വിടാൻ വൈകിയതിനു പിന്നിൽ സർക്കാരിന്റെ നിക്ഷിപ്ത താല്പര്യങ്ങളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാതിരുന്നതിലൂടെ ഉണ്ടായ നീതി നിഷേധം മാപ്പർഹിക്കാത്തതാണ്. ഇത്തരമൊരു വിഷയത്തിൽ സമയോചിതം നടപടി സ്വീകരിക്കേണ്ട സർക്കാർ കാണിച്ചിരിക്കുന്ന കുറ്റകരമായ അനാസ്ഥയിൽ അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.