ഏപ്രിൽ മാസത്തിൽ രാജ്യത്തെ ചരക്കു-സേവന നികുതിപിരിവ് രണ്ടു ലക്ഷം കോടി രൂപ കടന്നുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് റെക്കോർഡ് പിരിവാണ് ജിഎസ്‍ടി ഇനത്തിൽ നടന്നത്. ഇത് ശക്തമായ സമ്പദ്ഘടനയുടെ തെളിവാണെന്നാണ് കേന്ദ്രസർക്കാർ വാദം. ഈ വാദം വിശദമായി പരിശോധിക്കുന്നതിനു മുമ്പ് അടുത്തിടെ കേന്ദ്രത്തിൽ നിന്നുതന്നെ പുറത്തുവന്ന മറ്റു ചില കണക്കുകള്‍കൂടി പരിശോധിക്കേണ്ടതുണ്ട്. നികുതിപിരിവിൽ വർദ്ധനയുണ്ടായി എന്ന് അവകാശപ്പെടുന്ന കണക്കനുസരിച്ച്, വ്യക്തിഗത ആദായനികുതിയുടെയും സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സിന്റെയും പിരിവിലാണ് ജിഎസ്‍ടിക്കു പുറമെ വർദ്ധനയുള്ളത്. മറുവശത്ത് കോർപ്പറേറ്റ് നികുതിപിരിവിൽ കുറവും രേഖപ്പെടുത്തുന്നു. കുറച്ചുകൂടി വ്യക്തമാക്കിയാൽ, വ്യക്തിഗതനികുതികളുടെയും ചരക്കുസേവനനികുതിയുടെയും പിരിവിൽ നിരന്തരം വർദ്ധനയുണ്ടാകുമ്പോള്‍ സമ്പന്നകുത്തകകളിൽ നിന്ന് ഈടാക്കേണ്ട കോർപ്പറേറ്റ് നികുതിയടക്കമുള്ളവ കുറഞ്ഞുകൊണ്ടേയിരിക്കുന്നു എന്നതാണ് കഴിഞ്ഞ വർഷങ്ങളിൽ ദൃശ്യമാകുന്ന പ്രവണത. ആകെ നികുതി വരുമാനത്തിന്റെ 28% ആദായനികുതിയും 26% കോർപ്പറേറ്റ് നികുതിയുമാണ്. എൻഡിഎ സർക്കാർ 2019ൽ കോർപ്പറേറ്റ് നികുതിയിൽ വമ്പിച്ച കുറവു വരുത്തിയിരുന്നു. അതിനുശേഷം കോർപ്പറേറ്റ് നികുതിപിരിവിൽ ഇടിവുണ്ടാവുകയാണ്. അതേപോലെതന്നെ, കേന്ദ്രത്തിന്റെ മൊത്തം നികുതിവരുമാനത്തിൽ ആദായനികുതിയും കോർപ്പറേറ്റ് നികുതിയുമടക്കമുള്ള പ്രത്യക്ഷനികുതികളുടെ പങ്ക് കുറഞ്ഞുവരികയും, ജിഎസ്‍ടി പോലെയുള്ള പരോക്ഷനികുതികളുടെ പങ്ക് വർദ്ധിക്കുകയും ചെയ്യുന്നു എന്നാണ് കണക്കുകള്‍. കുറഞ്ഞ വരുമാനമുള്ളവർക്കുമേൽ കുറഞ്ഞ നികുതിയും വരുമാനം കൂടുന്നതിനനുസരിച്ച് കൂടിയ നികുതിയും എന്ന സങ്കൽപ്പമുള്ള പ്രത്യക്ഷനികുതികള്‍ അതുകൊണ്ടുതന്നെ പുരോഗമനോന്മുഖമെ ന്നാണ് കണക്കാക്കുക. എന്നാൽ ഏവരും ഒരേ നിരക്കിൽ നികുതിയൊടുക്കേണ്ടി വരുന്ന പരോക്ഷനികുതികളാകട്ടെ നേരേ തിരിച്ചും വിലയിരുത്തപ്പെടുന്നു. അതായത്, ഒരു സമ്പദ്ഘടനയിൽ പ്രത്യക്ഷനികുതിയുടെ പങ്ക് കുറയുകയും പരോക്ഷനികുതിയുടെ പങ്ക് ഉയരുകയും ചെയ്യുന്നുവെങ്കിൽ, അത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണക്കിലെടുക്കാതെ, സമ്പന്നർക്കു മാത്രം വിധേയപ്പെട്ടു നിൽക്കുന്ന ഒന്നാണ് എന്നു പറയേണ്ടിവരും. 1980കള്‍ മുതൽ പരോക്ഷനികുതികള്‍ കുറഞ്ഞുവരികയും പ്രത്യക്ഷനികുതികള്‍ വർദ്ധിച്ചുവരികയും ചെയ്തുകൊണ്ടിരുന്ന രീതിക്ക്, കഴിഞ്ഞ ഒരു ദശകമായി മാറ്റമുണ്ടായിരിക്കുന്നു. ഈ ദശകത്തിൽ പ്രത്യക്ഷനികുതികളുടെ പങ്ക് കുറയുകയും പരോക്ഷനികുതികള്‍ വർദ്ധിച്ചുകൊണ്ടുമിരിക്കുകയാണ്. ഇതിൽതന്നെ കോർപ്പറേറ്റുകളുടെ നികുതികള്‍ കുറയുകയും വ്യക്തിഗത നികുതികള്‍ കൂടുകയും ചെയ്യുന്നു. ആദായനികുതിയിൽ, കൂടുതൽ റിട്ടേണുകളും ഫയൽ ചെയ്യുന്നത് താഴ്‌ന്ന വരുമാനമുള്ളവരാണ്. 50 ലക്ഷത്തിനുമേൽ വാർഷികവരുമാനമുള്ളവർ ഫയൽ ചെയ്ത നികുതി റിട്ടേണുകളുടെ എണ്ണം ആകെ റിട്ടേണുകളുടെ 0.8 ശതമാനവും, അവരുടെ നികുതി ആകെ പിരിച്ച തുകയുടെ 42.3ശതമാനവും മാത്രമാണെന്നാണ് കണക്കുകള്‍ പറയുന്നത്. ലോകത്തുതന്നെ ഏറ്റവും ഉയർന്ന നിരക്കിൽ (വരുമാനത്തിലും ചെലവിലും നികുതി ചുമത്തുന്നത് കണക്കിലെടുക്കുമ്പോള്‍) ജനത്തിനുമേൽ നികുതി ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. അതായത്, ഇന്ത്യയില്‍ ഈ കനത്ത നികുതിയുടെ ഭാരം താങ്ങുന്നത് ദരിദ്രരും ഇടത്തട്ടുകാരുമായ സാധാരണക്കാർ മാത്രമാണ്. അവരെയാണ് ജിഎസ്‍ടിയും ആദായനികുതിയും കണ്ണിൽച്ചോരയില്ലാത്ത നിരക്കിൽ ചുമത്തി സർക്കാർ പിഴിയുന്നത്. കഴിഞ്ഞ പത്തുവർഷത്തെ നരേന്ദ്രമോദി സർക്കാരിന്റെ ഭരണമാകട്ടെ, വളരെ വ്യക്തമായി ഇന്ത്യയിലെ ദരിദ്രജനകോടികളെയും സാധാരണക്കാരെയും ചൂഷണം ചെയ്ത് മുതലാളിവർഗ്ഗത്തെ മൂക്കറ്റം ഊട്ടിയ ഒന്നായിരുന്നുവെന്ന് സംശയരഹിതമായി സ്ഥാപിക്കുന്ന തെളിവുകളിൽ ഒന്നാണ് ഈ കണക്കുകള്‍.
കുതിച്ചുയരുന്ന ജീവിതച്ചെലവിൽ നട്ടംതിരിഞ്ഞ് ജനങ്ങൾ
രാജ്യത്തിന്റെ ജിഎസ്‍ടി വരുമാനം ഉയരുന്നതിന്റെയും ജിഡിപി വളർച്ചയുടെയും പേരിൽ കേന്ദ്രസർക്കാരും ബിജെപിയും വീരവാദം ഉയർത്തുമ്പോള്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിലാണ് സാധാരണക്കാർ. ഗാർഹികച്ചെലവുകള്‍ കുതിച്ചുയരുകയാണ്. പുറത്തുവരുന്ന പഠനങ്ങളും കണക്കുകളുമനുസരിച്ച് ഭക്ഷണത്തിനായി ഒരു കുടുംബം ചെലവിടേണ്ട തുകയിൽ വന്‍വർദ്ധനയാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഉണ്ടായിട്ടുള്ളത്. ഒരു ഇടത്തരം കുടുംബത്തിന് ഒരു നേരത്തെ വെജിറ്റേറിയൻ ഊണിനായി ചെലവിടേണ്ടി വരുന്ന തുകയിൽ 71 ശതമാനത്തോളം വർദ്ധന അഞ്ചു വർഷത്തിനിടെയുണ്ടായി എന്നാണ് കണക്കുകള്‍. ഇക്കാലയളവിൽ ശമ്പളവരുമാനത്തിലെ വർദ്ധനയാകട്ടെ വെറും 37 ശതമാനം മാത്രവും. അവശ്യവസ്തുക്കളുടെ വിലക്കയറ്റവും പണപ്പെരുപ്പവുമാണിത് കാണിക്കുന്നത്. സാധാരണജനത്തിന് ഈ കണക്കുകളൊന്നും പറയാതെതന്നെ അവരുടെ ജീവിതത്തിലെ നേരിട്ടുള്ള അനുഭവത്തിൽനിന്നും അറിയുന്ന കാര്യമാണിത്. മാസശമ്പളക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം അവരുടെ വരുമാനത്തിൽനിന്നും കുടുംബത്തിന്റെ ഭക്ഷണ ആവശ്യങ്ങള്‍ക്കായി നീക്കിവെക്കേണ്ടിവരുന്ന തുക ഓരോ മാസവും വർദ്ധിക്കുന്നു എന്നാണ് ഇതിന്റെ അർത്ഥം. അതായത്, അവർ മറ്റു ചെലവുകള്‍ ചുരുക്കാനും കടം വാങ്ങാനും നിർബന്ധിതരാകുന്നു. ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ക്കും പിടിച്ചുനിൽക്കാനാകുന്നില്ല. രാജ്യത്ത് പട്ടിണി വർദ്ധിക്കുന്നു എന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. ഈ അനിയന്ത്രിതമായ വിലക്കയറ്റം സൃഷ്ടിക്കുന്നതിൽ ചരക്കു-സേവനനികുതി എന്ന നികുതി സമ്പ്രദായത്തിന് വലിയ പങ്കുണ്ട്. അരി അടക്കമുള്ള ഭക്ഷണസാധനങ്ങള്‍ക്കുവരെ നികുതി കൊടുക്കേണ്ടിവരികയാണ് സാധാരണക്കാർ. അക്ഷരാർത്ഥത്തിൽ ജനത്തിന്റെ പോക്കറ്റടിക്കുന്നു സർക്കാരുകള്‍. അങ്ങനെ കൊള്ളയടിച്ചുകൊണ്ടുവരുന്ന മുതലിന്റെ വർദ്ധനയെപ്രതി അവർ ഊറ്റംകൊള്ളുമ്പോള്‍, ആ ഭാരം താങ്ങുന്ന ജനത്തിന് തിരികെ എന്തു കിട്ടുന്നു എന്നതു കൂടി അവർ പറയേണ്ടതുണ്ട്.
ഭാരതത്തിലെ കുടുംബങ്ങളുടെ ഗാർഹികകടം എക്കാലത്തേയും ഉയർന്ന നിലയിലാണ്. 2023 ഡിസംബറിൽ, ജിഡിപിയുടെ 40 ശതമാനമായി ഗാർഹികകടം ഉയർന്നു എന്നാണ് കണക്ക്. ഗാർഹികസമ്പാദ്യമാകട്ടെ ജിഡിപിയുടെ 5% എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലുമെത്തിയിരിക്കുന്നു. എന്നാൽ ഇത് പ്രതിസന്ധിയുടെയല്ല, ആളുകള്‍ കൂടുതലായി വായ്പയെടുത്ത് ആസ്തികള്‍ വാങ്ങിക്കൂട്ടുന്നതിന്റെ ലക്ഷണമാണെന്നാണ് കേന്ദ്രസർക്കാർ നിലപാട്. അത് സമ്പദ്ഘടനയിലുള്ള വിശ്വാസത്തിന്റെ ലക്ഷണമാണത്രേ! പക്ഷേ, ബാങ്കുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗാർഹികകടങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്നത് സുരക്ഷിതമല്ലാത്ത വ്യക്തിഗതവായ്പകളാണ്. അത്തരം വായ്പകള്‍ എന്തായാലും ആസ്തി വർദ്ധിപ്പിക്കാനായല്ല, അടിയന്തര ചിലവുകള്‍ക്കായാണ് പൊതുവെ ആളുകള്‍ എടുക്കാറുള്ളത്. അപ്പോള്‍ കേന്ദ്രസർക്കാരിന്റെ നിലപാട് എത്രത്തോളം വസ്തുതകള്‍ക്ക് നിരക്കുന്നതാണ്?
സമ്പന്നരെ കാണാത്ത നികുതികള്‍
ആദായനികുതിയുടെ പിരിവിലെ വർധന നോക്കാം. പണപ്പെരുപ്പം മാനംമുട്ടിയിട്ടും ആദായനികുതി സ്ലാബുകളിൽ മാറ്റംവരുത്താൻ നരേന്ദ്രമോദി സർക്കാർ തയ്യാറായിട്ടില്ല. നികുതിദായകരുടെ കണ്ണിൽ പൊടിയിടുന്ന ചില പരിഷ്കാരങ്ങള്‍ വരുത്തി, യഥാർത്ഥത്തിൽ ഉണ്ടായിരുന്ന ആനുകൂല്യങ്ങള്‍ കൂടി ഇല്ലാതാക്കിയ പുതിയ നികുതി സമ്പ്രദായവും, നവീന സാങ്കേതികവിദ്യയുപയോഗിച്ച് കൂടുതലാളുകളെയും ഇടപാടുകളെയും നികുതിവലയിൽ കൊണ്ടുവന്നതുമൊക്കെവഴി മാസവരുമാനക്കാരായവരുടെയെല്ലാം മേൽ ആദായനികുതിയുടെ ഭാരം അടിച്ചേൽപ്പിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ ആദായനികുതി അടച്ചവരുടെ പേരുകള്‍ നോക്കിയാൽ ക്രിക്കറ്റ് താരങ്ങളെയും സിനിമാതാരങ്ങളെയുമാണ് കാണാൻ കഴിയുക. ഇന്ത്യയിലെ കൊടികെട്ടിയ മുതലാളിമാരൊന്നും രാജ്യത്തെ വലിയ ആദായനികുതിദായകരല്ല. അവർക്ക് വ്യക്തിഗതവരുമാനം കുറവാണത്രേ! പകരം അവരുടെ സ്ഥാപനങ്ങള്‍ കോർപ്പറേറ്റ് നികുതി അടയ്ക്കുന്നുണ്ട്. ഒരു നികുതിവലയും അതുപോലെയുള്ളവർക്ക് മോദിയുടെ ഇന്ത്യയിൽ ഇന്ന് പേടിക്കേണ്ടി വരുന്നില്ല. മറുവശത്ത് സാധാരണ ജീവനക്കാരെയും പെൻഷന്‍കാരെയും പോലും കണക്കും വകുപ്പും പറഞ്ഞും ചെറുകിട നിക്ഷേപങ്ങള്‍ പോലും നിരീക്ഷിച്ചും ഭയപ്പെടുത്തി ആദായനികുതി പിടിച്ചുപറിക്കുന്നു. ഒരു സാധാരണ സർക്കാർ ജീവനക്കാരന് ഒരു വർഷം കിട്ടേണ്ട മൊത്തം ശമ്പളത്തിൽ നിന്നും ഏകദേശം ഒരു മാസത്തെ ശമ്പളമെങ്കിലും നികുതിയായി സർക്കാർ തന്നെ പിടിച്ചെടുക്കുന്നു എന്നതാണ് അവസ്ഥ. മാസവരുമാനക്കാരല്ലെങ്കിലും, സ്വയംതൊഴിൽ ചെയ്യുന്നവർക്കും പ്രൊഫഷണലുകള്‍ക്കും ചെറുകിടവ്യാപാരികള്‍ക്കുമെല്ലാം ഇന്ന് ആദായനികുതിവലയ്ക്കുള്ളില്‍ പെട്ട് ഉഴലേണ്ടി വരുന്നു.
ഏറ്റവും സമ്പന്നരായവർക്ക് യാതൊരു നികുതിഭയവുമില്ലാതെ കോടികളുടെ ധാരാളിത്തം കാണിക്കാനാവുന്നതും സമ്പത്ത് കുന്നുകൂട്ടാനാവുന്നതും ജനം കാണുന്നുണ്ട്. അതേസമയം, പെൻഷൻകാരും ചാരിറ്റബിള്‍ സൊസൈറ്റികളും രാഷ്ട്രീയപാർട്ടികളും പോലും ആദായനികുതി വലയ്ക്കുള്ളിലാണ്. സമ്പന്നന് കൂടുതൽ സമ്പത്ത് കുന്നുകൂട്ടാന്‍ തടസ്സമില്ലാത്തതും, സാധാരണക്കാരന്റെ തുച്ഛവരുമാനത്തിൽനിന്നു പോലും പിഴിഞ്ഞെടുക്കാൻ മടിയില്ലാത്തതുമായ ഈ നികുതിസംവിധാനത്തെ എങ്ങനെയാണ് ജനാധിപത്യപരമെന്നു വിശേഷിപ്പിക്കാനാവുക. കൊള്ളലാഭം കൊയ്യുന്ന കോർപ്പറേറ്റുകള്‍ക്കുള്ള നികുതികളാകട്ടെ പല തവണയായി നരേന്ദ്രമോദി സർക്കാർ വെട്ടിക്കുറച്ചിരുന്നു. കോർപ്പറേറ്റുകളുടെ ലാഭത്തില്‍ ഇക്കാലയളവിലുണ്ടായ വർദ്ധനവിന് അനുസൃതമായി നികുതികള്‍ കൂടുതലായി ഇന്ന് ഖജനാവിലെത്തുന്നില്ല. അതിനുപുറമേ അവർക്കായി സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും കടം എഴുതിത്തള്ളലും മുറയ്ക്ക് നടക്കുന്നുമുണ്ട്. കോർപ്പറേറ്റ് നികുതി കുടിശ്ശികകളിലും ഇളവുകള്‍ നൽകുന്നു. അതായത് സാധാരണക്കാരനെ പിഴിഞ്ഞ് നികുതി പിരിച്ച് ഈ സമ്പന്നർക്ക് ആനുകൂല്യം നൽകുന്നു എന്നതല്ലേ യാഥാർത്ഥ്യം?
മറുവശത്ത്, പണപ്പെരുപ്പത്തിനനുസരിച്ച് സാധാരണക്കാർക്കും തൊഴിലാളികള്‍ക്കും അവരുടെ വരുമാനത്തിലുണ്ടായ തുച്ഛമായ വർദ്ധനവിനെ, അതേ പണപ്പെരുപ്പത്തിനനുസരിച്ച് ആദായനികുതി സ്ലാബുകളിൽ മാറ്റം വരുത്താതെ, നികുതി ചുമത്താവുന്നതും വർദ്ധിപ്പിക്കാവുന്നതുമൊക്കെയാക്കി ഈ സർക്കാർ മാറ്റിയത്. അതായത്, സാധാരണക്കാരുടെ വരുമാനത്തിൽ ഉണ്ടായ ചെറിയ വർദ്ധനവിന്റെ നല്ലൊരു പങ്ക് നികുതിയായി സർക്കാർ തന്നെ പിടിച്ചുവാങ്ങുന്നു. ഇതിലും വലിയ പകൽക്കൊള്ള എന്തുണ്ട്?
സ്വകാര്യനിക്ഷേപം തൊഴിൽ സൃഷ്ടിക്കുന്നു എന്ന പൊള്ളത്തരം
കോർപ്പറേറ്റുകളുടെ നികുതി വെട്ടിക്കുറയ്ക്കാനും, അവർക്ക് ആനുകൂല്യങ്ങള്‍ നൽകാനും സമ്പന്നർക്ക് ഇളവുകള്‍ നൽകാനും എല്ലാ സർക്കാരുകളും എപ്പോഴും കണ്ടെത്തുന്ന ന്യായീകരണമുണ്ട്. അവർ തൊഴിൽ സൃഷ്ടിക്കുന്നവരാണ്. അവർക്ക് ആനുകൂല്യങ്ങള്‍ നൽകിയെങ്കിൽ മാത്രമേ സമൂഹത്തിലേക്ക് കൂടുതൽ തൊഴിലും വരുമാനവും വന്നെത്തുകയുള്ളൂ. നരേന്ദ്രമോദി തന്നെ പലതവണ പരസ്യമായി പറഞ്ഞത് അവർ സമ്പത്ത് സൃഷ്ടിക്കുന്നവരും ആദരിക്കപ്പെടേണ്ടവരുമാണെന്നാണ്! എന്നാൽ ഈ മുതലാളിത്തവിധേയരുടെ വാഴ്ത്തുപാട്ടുകളിൽ എത്രത്തോളം വസ്തുതയുണ്ട്?
നാള്‍ക്കുനാള്‍ രൂക്ഷമാവുന്ന കമ്പോളപ്രതിസന്ധിയിൽ ആണ്ടുമുങ്ങുന്ന മുതലാളിത്തത്തിന് ഒരു പ്രതിസന്ധിയും പരിഹരിക്കാനുള്ള ശേഷി അവശേഷിക്കുന്നില്ല. നൽകുന്നതിലുമേറെ തൊഴിലുകള്‍ ഇല്ലായ്മ ചെയ്യപ്പെടുന്നു എന്നതാണ് വാസ്തവം. കഴിഞ്ഞ 10 വർഷത്തിനിടയിൽ കൊട്ടിഘോഷിച്ചു വന്ന സ്വകാര്യ മൂലധന പദ്ധതികള്‍ നോക്കൂ. എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്? കേരളത്തിൽ തന്നെ, സ്മാർട്ട് സിറ്റി, വല്ലാർപാടം തുടങ്ങി വികസന വായ്ത്താരി മുഴക്കിയ പദ്ധതികളിലേതിലാണ് ഉറപ്പു തന്ന തൊഴിലുകള്‍ കൈവന്നത്? ഒരു കാര്യം പ്രത്യേകം ഓർക്കണം, കരാർ തൊഴിലോ, ദിവസവേതനജോലിയോ കൊടുക്കുന്നത് സ്ഥിരംതൊഴിലായി കണക്കാക്കാനാകില്ല. തൊഴിലെന്നാൽ സ്ഥിരവരുമാനമുള്ളതും സുനിശ്ചിതത്വവും സുരക്ഷയുമുള്ളതായിട്ടാണ് കണക്കാക്കേണ്ടത്. രണ്ടു കോടി തൊഴിലുകള്‍ നൽകുമെന്നു പറഞ്ഞ് അധികാരത്തിലേറിയ ബിജെപി സർക്കാരിന്റെ കാലത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നതാണ് നമ്മള്‍ കണ്ടത്. അതേസമയം തന്നെ കഴിഞ്ഞ പത്തുവർഷത്തെ ബിജെപി ഭരണം കോടിക്കണക്കിനു തൊഴിലുകളെ ഇല്ലാതാക്കുന്നതിൽ പങ്കുവഹിച്ചു. ഇന്ത്യയിലെ യുവത്വത്തിന് മാന്യമായ തൊഴിൽ ഉറപ്പു നൽകിയിരുന്ന റെയിൽവെയില്‍ പതിനായിരക്കണക്കിന് ഒഴിവുകള്‍ നികത്താതെ, ജോലികള്‍ ഔട്ട്സോഴ്സിങ്ങ് എന്ന പേരിൽ സ്വകാര്യ കോണ്‍ട്രാക്ടർമാർക്ക് കൈമാറുന്നു. സൈന്യത്തിലാകട്ടെ ‘അഗ്നിവീർ’ പദ്ധതി കൊണ്ട് വന്ന് സ്ഥിരം തൊഴിൽ സങ്കൽപ്പം ഇല്ലാതാക്കുന്നു. വിമാനത്താവളങ്ങളടക്കം പൊതുസ്വത്തുക്കള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറിക്കൊണ്ട് ആ മേഖലകളിലൊക്കെയുണ്ടായിരുന്ന സ്ഥിരം തൊഴിലുകള്‍ ഇല്ലാതാക്കി. അവിടെയൊക്കെ സ്വകാര്യമേഖലയിലെ കരാർതൊഴിലാളികളാകും പണിയെടുക്കുക. സ്വകാര്യമൂലധനമാകട്ടെ, വൻതോതിൽ തൊഴിൽ സൃഷ്ടിക്കുന്ന പുതിയ നിക്ഷേപങ്ങളൊന്നും തന്നെ നടത്താൻ തയ്യാറുമല്ല. അപ്പോള്‍ പുതിയ തൊഴിലുകള്‍ ഉണ്ടാകുന്നുമില്ല. ഉണ്ടായിരുന്ന സ്ഥിരം തൊഴിലുകള്‍ പോലും സ്വകാര്യവൽക്കരണത്തിലൂടെ ഇല്ലാതാകുന്നു. അഥവാ തൊഴിൽ നൽകിയാലും അതെല്ലാം കരാർ അഥവാ താത്കാലിക തൊഴിലുകള്‍ മാത്രം. അതായത്, സ്വകാര്യമുതലാളിമാർക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നൽകിയതുവഴി ഇവിടെ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടില്ലെന്നു മാത്രമല്ല, ഉണ്ടായിരുന്ന സ്ഥിരം തൊഴിലവസരങ്ങള്‍ കൂടി ഇല്ലാതാകുന്നു എന്നതാണ് യാഥാർത്ഥ്യം. ആനുകൂല്യങ്ങളും ഇളവുകളും നേടിയെടുത്ത അതിസമ്പന്നരാകട്ടെ അതുപയോഗിച്ച് തങ്ങളുടെ ലാഭം പെരുപ്പിക്കുന്നു, സമ്പത്ത് കുന്നുകൂട്ടുന്നു.
നികുതിഭാരം വഹിക്കുന്ന ജനങ്ങൾക്ക് സർക്കാരുകളില്‍ നിന്ന് എന്തുകിട്ടുന്നു ?
ഇത്രയൊക്കെ നികുതി കൊടുത്തിട്ടും ഈ നാട്ടിലെ പൗരന്മാരായ സാധാരണക്കാരന് എന്താണ് ഭരണകൂടത്തിൽ നിന്നും കിട്ടുന്നത്. ജനങ്ങള്‍ക്ക് എന്തെങ്കിലും സൗജന്യങ്ങളോ സബ്സിഡികളോ നല്‍കുന്നത് തെറ്റാണെന്നാണ് നവലിബറൽ മുതലാളിത്ത ഭരണകൂടങ്ങളും അവരുടെ പണ്ഡിതരും സ്ഥാപിക്കുന്നത്. കഴിഞ്ഞ പത്തു വർഷമായി ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദി സർക്കാരും മറ്റ് പല സംസ്ഥാന സർക്കാരുകളും പലതരത്തിൽ ഇത് പ്രായോഗികതലത്തിൽ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിനുണ്ടായിരുന്ന സബ്സിഡി ഘട്ടംഘട്ടമായി നിർത്തിയത് ഒരു ഉദാഹരണം. എല്ലാം കമ്പോളത്തിന്റെ ലാഭാധിഷ്ഠിത കച്ചവടത്തിനായി വിട്ടുകൊടുക്കുകയെന്നതാണ് ഇവരുടെ പൊതുനയം. വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവുമെല്ലാം ഇന്ന് കച്ചവടച്ചരക്കുകളായിരിക്കുന്നു. ആവശ്യമുള്ളവർ പണം മുടക്കണമത്രേ. പാവപ്പെട്ടവരെ സേവിക്കാന്‍ എന്നു പറഞ്ഞ് മോദി സർക്കാർ കൊണ്ടുവന്ന പല പദ്ധതികളും ഒന്നുകിൽ വായ്പ, അല്ലെങ്കിൽ ഇൻഷുറൻസ് അധിഷ്ഠിത പദ്ധതികളും, വാസ്തവത്തിൽ കോർപ്പറേറ്റുകളുടെ കൈവശം മൂലധനമെത്തിക്കാനുള്ളവയുമായിരുന്നു. ആയുഷ്മാൻ ഭാരത് പരിശോധിച്ചുനോക്കൂ. ചികിത്സ ഇൻഷുറൻസ് അധിഷ്ഠിതമാക്കുകയെന്നതാണോ ഒരു ജനാധിപത്യ സർക്കാരിന്റെ കടമ? ആരോഗ്യമേഖലയിലെ പൊതുചെലവ് ഇന്ത്യയിൽ ജിഡിപിയുടെ 1.3% മാത്രമാണ്. വിദ്യാഭ്യാസമേഖലയുടെ കാര്യവും വ്യത്യസ്തമല്ല. പെട്രോളിനും ഡീസലിനും 100 ശതമാനത്തിലധികം നികുതി ചുമത്തുന്ന രാജ്യമാണ് നമ്മുടേത്. അതിനു പുറമെ സംസ്ഥാനങ്ങളുടെ റോഡ് ടാക്സുകളുമുണ്ട്. എന്നിട്ടും നമ്മുടെ ദേശീയപാതകള്‍ ഒന്നൊന്നായി വികസനത്തിന്റെ പേരിൽ സ്വകാര്യവൽക്കരിച്ച് ബിഒടി ടോള്‍ റോഡുകളായി മാറ്റുന്നു. അവിടെ യാത്രചെയ്യാന്‍ സ്വകാര്യ മുതലാളി നിശ്ചയിക്കുന്ന ഭീമമായ ചുങ്കം കൊടുക്കേണ്ടി വരുന്നു.
ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസവും യാത്രാസൗകര്യങ്ങളുമൊന്നും ഈ നാട്ടിലെ ജനങ്ങള്‍ക്ക് സർക്കാർ നൽകേണ്ട ഔദാര്യമല്ല. അത് ഏതെങ്കിലും സ്വകാര്യമുതലാളിക്ക് കച്ചവടം ചെയ്യാനുള്ള ചരക്കുമല്ല. അത് ജനങ്ങളുടെ അവകാശമാണ്. ആ അവകാശങ്ങള്‍, ഏറ്റവും മികച്ച നിലവാരത്തിൽ ഓരോ പൗരനും ഒരുപോലെ ലഭ്യമാകുന്നു എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യ സർക്കാരിന്റെ കടമയാണ്. അത് ഉറപ്പാക്കാനാണ് ആത്യന്തികമായി ഭരണകൂടത്തിന് ജനം നികുതി നൽകുന്നത്. റോഡും വിമാനത്താവളവും വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്താന്‍ സ്വകാര്യമുതലാളിമാർ മതിയെങ്കിൽ, സേവനങ്ങള്‍ ജനം പണം കൊടുത്തു വാങ്ങേണ്ടവയാണെങ്കിൽ, പിന്നെ എന്തിനാണ് നികുതിയടയ്ക്കേണ്ടത് എന്ന ചോദ്യത്തിനു കൂടി അധികാരികള്‍ ഉത്തരം പറയണം. ലോകത്ത് തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നിൽ നികുതികളടച്ചിട്ടും ഇന്ത്യയിലെ ജനങ്ങള്‍ക്കിന്നും നിലവാരമുള്ള സാർവത്രിക വിദ്യാഭ്യാസമോ ആതുരസേവനമോ പൊതുമേഖലയിൽ ലഭ്യമല്ല. ഉള്ളതു തന്നെ സർക്കാർ കൈയൊഴിയുന്നു. സാധാരണക്കാരന് യാത്ര ചെയ്യാനുള്ള പാസഞ്ചർ ട്രെയിനുകള്‍ നിർത്തലാക്കി, സമ്പന്നർക്കുള്ള ‘വന്ദേഭാരതു’കള്‍ മാത്രം ഓടിക്കുന്ന റെയിൽവെയും ഇവിടുത്തെ ദരിദ്രനാരായണന്മാരുടെ നികുതിപ്പണംകൊണ്ട് കെട്ടിപ്പടുത്തതാണ്. പൊതുസംവിധാനങ്ങള്‍ ലാഭം നോക്കി നടത്താനുള്ളതല്ല, അവസാനത്തെ പൗരനും ഗുണമേന്മയുള്ള സേവനവും സൗകര്യവും ലഭിക്കുന്നു എന്നുറപ്പു വരുത്താനുള്ളവയാണ്. അതിനു വേണ്ടിയാണ് ജനാധിപത്യസംവിധാനത്തിൽ ജനം നികുതിയൊടുക്കുന്നത്. ജനമാണ് ഉടമസ്ഥർ. അവരെ ഞെക്കിപ്പിഴിഞ്ഞ് നികുതിയൂറ്റി മുതലാളിമാർക്ക് ഇളവുകള്‍ നൽകുന്നതും കോർപ്പറേറ്റ് കടങ്ങള്‍ എഴുതിത്തള്ളുന്നതും, പൊതുമുതൽ സ്വകാര്യമൂലധനത്തിന് കൈമാറുന്നതും ഏറ്റവും വലിയ ജനദ്രോഹമാണ്.
ഭീകരമാവുന്ന അസമത്വം
ലോക അസമത്വ ഡേറ്റാബേസ് 2022-23ൽ കണ്ടെത്തിയത്, രാജ്യത്തിന്റെ ദേശീയവരുമാനത്തിന്റെ 22.6% ജനസംഖ്യയുടെ മുകള്‍ത്തട്ടിലെ ഒരു ശതമാനത്തിന്റെ കൈകളിലേക്കാണ് പോകുന്നത് എന്നാണ്. സമ്പത്തിലെ അസമത്വം അതിലും രൂക്ഷമാണ്. രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 40.1 ശതമാനവും മുകള്‍ത്തട്ടിലെ ഒരു ശതമാനത്തിന്റെ കൈവശമാണ്. ഈ അസമത്വം നാള്‍ക്കുനാള്‍ ഭീഷണമാവുകയുമാണ്. ലോകമെമ്പാടും ഈ അസമത്വത്തിന്റെ കെടുതികള്‍ സാധാരണക്കാരും തൊഴിലാളികളും അനുഭവിക്കുകയാണ്. ലോകത്ത് 5.6 ദശലക്ഷം ജനങ്ങള്‍ ഓരോവർഷവും ആതുരശുശ്രൂഷയ്ക്കുള്ള സൗകര്യങ്ങള്‍ ലഭ്യമാകാതെ മരണത്തിനു കീഴടങ്ങുന്നു. 2.1 ദശലക്ഷം ജനങ്ങള്‍ പട്ടിണി മൂലവും മരിയ്ക്കുന്നു. അതേസമയംതന്നെ, മറുവശത്ത് സമ്പന്നരുടെ അത്യാംഡംബരം കണ്ടും നമ്മുടെ കണ്ണുതള്ളുന്നു.
ഇന്ത്യയിലേക്കു വന്നാൽ, ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 പേരുടെ ആകെ ആസ്തി 775 ശതകോടി ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു. രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 2020ൽ 102 എന്നതിൽ നിന്നും 2021ൽ 142 ആയി ഉയർന്നു. ജനസംഖ്യയുടെ താഴേക്കിടയിലുള്ള 50 ശതമാനത്തിന് ദേശീയസമ്പത്തിന്റെ വെറും 6% മാത്രം സ്വന്തമായുള്ളപ്പോള്‍ മുകള്‍ത്തട്ടിലുള്ള 10 ശതമാനത്തിന് 45% കൈപ്പിടിയിലുണ്ട്. ലോകത്തെ പോഷകദാരിദ്ര്യമുള്ള ജനങ്ങളുടെ കാല്‍ഭാഗവും ഇന്ത്യയിലാണ്. രാജ്യത്തെ 84% ജനങ്ങള്‍ക്കും അവരുടെ വരുമാനത്തിൽ കുറവ് നേരിടുന്നുണ്ട്. ശതകോടീശ്വരന്മാരുടെ എണ്ണം കൂടിയ അതേ കാലയളവിൽ രാജ്യത്തെ ദരിദ്രരുടെ എണ്ണവും വർദ്ധിച്ചു എന്നാണ് കണക്കുകള്‍. 2020ലെ 59 ദശലക്ഷത്തിൽ നിന്നും 2021ൽ 134 ദശലക്ഷമായി അവരുടെ എണ്ണം ഉയർന്നിരിക്കുന്നു. ഇതേ കാലയളവിൽ പരോക്ഷനികുതികളിലെ വർദ്ധനയും കോർപ്പറേറ്റ് നികുതിയിലെ കുറവും ഇവിടെ നമ്മള്‍ ചേർത്തുവായിക്കണം. എക്സൈസ് ഡ്യൂട്ടികള്‍ മൊത്തം നികുതിവരുമാനത്തിന്റെ 12 ശതമാനത്തിൽ നിന്നും 19.2 ശതമാനമായി ഉയർന്നപ്പോള്‍, കോർപ്പറേറ്റ് നികുതി 27.7 ശതമാനത്തിൽ നിന്നും 22.6 ശതമാനമായി താണിരിക്കുന്നു. അതേസമയം, പെട്രോളിന്റെയും ഡീസലിന്റെയും വിൽപ്പനനികുതിയിൽ നിന്നു മാത്രം മോദി സർക്കാർ ലക്ഷക്കണക്കിന് കോടികളാണ് പിരിച്ചെടുത്തിരിക്കുന്നത്. 2021ൽ മാത്രം 3.21 ലക്ഷം കോടി സർക്കാരിന് ഈ ഇനത്തിൽ ലഭിച്ചു. അന്താരാഷ്ട്രതലത്തിൽ പെട്രോളിയം വില വളരെയധികം കുറഞ്ഞിട്ടും അതിന്റെ ഗുണം ജനത്തിനു കൈമാറാതെ, യാതൊരു ദാക്ഷിണ്യവുമില്ലാതെ ജനത്തെ കൊള്ളയടിക്കുകയാണ് കേന്ദ്രവും, കേരളമടക്കമുള്ള വിവിധ സംസ്ഥാന സർക്കാരുകളും. വിലക്കയറ്റം സൃഷ്ടിക്കുന്നതിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വർദ്ധിച്ച വിലകളും വലിയ പങ്കാണ് വഹിക്കുന്നത്. സാധാരണക്കാരുടെ വരുമാനത്തെ അത് വീണ്ടും ശോഷിപ്പിക്കുന്നു.
വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവുമെല്ലാ ചെലവേറിയതാകുന്നു, സാധാരണക്കാർക്ക് അപ്രാപ്യമാകുന്നു. സർക്കാരുകളാകട്ടെ, ഈ മേഖലകളിൽ നിന്ന് പിന്മാറിക്കൊണ്ട് സ്വകാര്യമൂലധനത്തിനായി വാതിൽ തുറന്നിടുന്നു. 2017ൽ മാത്രം സ്വകാര്യ ആരോഗ്യ ശുശ്രൂഷാ ചെലവുകള്‍ 55 ദശലക്ഷം പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു. വിദ്യാഭ്യാസം ചെലവേറിയതാവുമ്പോള്‍ എത്രയോ കുഞ്ഞുങ്ങള്‍ക്ക് ദാരിദ്ര്യംമൂലം അത് നിഷേധിക്കപ്പെടുന്നു. പട്ടിണി കൊണ്ട് ജനം പിടഞ്ഞുമരിക്കുന്ന ഇതേ രാജ്യത്തു തന്നെയാണ്, അതിസമ്പന്നർ മക്കളുടെ വിവാഹമാമാങ്കങ്ങള്‍ ശതകോടികള്‍ പൊടിച്ചു നടത്തുന്നത്. വികസന വായ്ത്താരികളിലൂടെയും, പൊള്ളയായ വാഗ്ദാനങ്ങളിലൂടെയും പദ്ധതികളിലൂടെയും, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മറനീക്കി പുറത്തുവന്ന പച്ചയായ വർഗ്ഗീയപ്രസംഗങ്ങളിലൂടെയും ജനത്തെ കബളിപ്പിച്ചും ഭിന്നിപ്പിച്ചും ഈ സാമ്പത്തികാസമത്വം എന്ന ജനവിരുദ്ധത മൂടിവെക്കാനും മുതലാളിത്തപ്രീണനം തുടരാനും മോദി സർക്കാരും, അതേ നയങ്ങള്‍ പിന്തുടരുന്ന വിവിധ സംസ്ഥാന സർക്കാരുകളും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ബഹുഭൂരിപക്ഷം വരുന്ന രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസം നൽകാനായി തങ്ങളുടെ നികുതിക്കൊള്ള ചുരുക്കാൻ അവർ തയ്യാറല്ല. സമ്പന്നരുടെ കോർപ്പറേറ്റ് നികുതിയിൽ നാമമാത്ര വർദ്ധനപോലും അവർ നടത്തില്ല. സ്വത്തുനികുതി കൊണ്ടുവരണമെന്ന് നിരവധി സാമ്പത്തികവിദഗ്ദ്ധരും ചില ഉദ്യോഗസ്ഥരും നിർദ്ദേശം വെച്ചപ്പോള്‍തന്നെ വിറളിയെടുക്കുകയായിരുന്നു നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ സർക്കാരും. ഇപ്പോള്‍ പാരമ്പര്യസ്വത്ത് കൈമാറ്റത്തിനുമേൽ നികുതി ചുമത്തണമെന്ന നിർദ്ദേശം അന്തരീക്ഷത്തിലുയർന്നപ്പോള്‍ തന്നെ ഇവരുടെ വെപ്രാളം എന്തിനാണ്? ഈ വിഷമം, സാധാരണക്കാരന്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടുവാരുമ്പോള്‍ എന്തേ ഉണ്ടാകാത്തത്?
കാരണം, ഈ ഭരണകൂടം നിലകൊള്ളുന്നതും അവരുടെ നയങ്ങളുമെല്ലാം മുതലാളിത്തത്തിനു വേണ്ടി മാത്രമാണ്. സാധാരണക്കാരന്റെ ദുരിതം അവിടെ വിഷയമല്ല. ഇത് മോദിയുടെയും ബിജെപിയുടെയും മാത്രം നയമല്ല. അടിസ്ഥാനപരമായി പ്രതിപക്ഷകക്ഷികളും അധികാരത്തിലെത്തിയാൽ ഇതേ നയങ്ങള്‍ തന്നെയല്ലേ നടപ്പാക്കുന്നത്? കോണ്‍ഗ്രസ് സർക്കാരുകള്‍ അധികാരത്തിലിരുന്നപ്പോളും കേരളത്തിൽ ഇടതുപക്ഷം എന്നവകാശപ്പെടുന്ന പിണറായി വിജയൻ സർക്കാരും അവരുടെ സാമ്പത്തികനയങ്ങളിൽ നരേന്ദ്രമോദി സർക്കാരുമായി എന്തു വ്യത്യസ്തതയാണ് പുലർത്തുന്നത്? ഈ അസമത്വം മുതലാളിത്തത്തിന്റെ സൃഷ്ടിയാണ്. മുതലാളിത്തം കൂടുതൽ പ്രതിസന്ധികളിലേക്ക് പോകുന്നതിനനുസരിച്ച് അസമത്വം കൂടിക്കൊണ്ടേയിരിക്കും. അതേ അസമത്വം തന്നെ കമ്പോളത്തെ കൂടുതൽ പ്രതിസന്ധിയിലു മാക്കും. മുതലാളിത്ത വ്യവസ്ഥയിൽ അതിന് ശാശ്വതമായ പരിഹാരമില്ല. പക്ഷേ, അൽപ്പമെങ്കിലും ജനാധിപത്യബോധമുള്ള, തരിമ്പെങ്കിലും ജനത്തോട് ആത്മാർത്ഥതയുള്ള ഒരു സർക്കാരിന് സാധാരണക്കാരനെ മാത്രം ദുരിതത്തിലാഴ്ത്തുന്ന ഈ നികുതിക്കൊള്ളയിൽ നിന്ന് അൽപ്പം ആശ്വാസം അവർക്ക് നൽകാനുള്ള നടപടികളെങ്കിലും കൈക്കൊള്ളാം. അത് ഭരണകൂടത്തിൽ നിന്നും പിടിച്ചുവാങ്ങാനായി ഈ രാജ്യത്തെ അധ്വാനിച്ചു ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ എല്ലാ ഭേദങ്ങള്‍ക്കുമപ്പുറം ഒറ്റക്കെട്ടായി ശബ്ദമുയർത്തേണ്ടിയിരിക്കുന്നു.