കൊച്ചിയിലെ കുടിവെള്ള വിതരണം സ്വകാര്യവൽക്കരിക്കാൻ എഡിബിയുടെ കൈകൾ

Water-Pipe.jpg
Share

ജലസ്രോതസ്സുകളാൽ സമ്പന്നമായ കേരളത്തിൽ, ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള പൊതുസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുപകരം കുടിവെള്ളവിതരണരംഗം പൂർണ്ണമായി സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾ സിപിഐ(എം) നേതൃത്വംകൊടുക്കുന്ന ഇടതുസർക്കാരിന്റെ കാർമ്മികത്വത്തിൽ മുന്നോട്ടുനീങ്ങുകയാണ്. 2023ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടതുപോലെ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ കുടിവെള്ള വിതരണസംവിധാനം സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുക്കാനുള്ള നീക്കമാണ് തകൃതിയായി പുരോഗമിക്കുന്നത്.

മോദി സർക്കാരിന്റെ പുതിയ കേന്ദ്ര ജലനയത്തിന്റെ ചുവടുപിടിച്ച് ജനങ്ങൾക്ക് കുടിവെള്ളം നൽകാനുള്ള ഭരണഘടനാപരമായ ബാധ്യതയിൽനിന്ന് സർക്കാർ പിൻമാറുന്നതിന്റെ ഭാഗമാണിത്. ഏഷ്യൻ ഡെവലപ്പ്‌മെന്റ് ബാങ്കി(എഡിബി)ന്റെ വായ്പയും നിബന്ധനകളും സ്വീകരിച്ച്, കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച ‘വാട്ടർ സപ്ലൈ ഇംപ്രൂവ്മെന്റ് പ്രോജക്ടി’ന്റെ ഭാഗമാണ് ഈ സ്വകാര്യവൽക്കരണ നടപടി.
കൊച്ചിയിൽ വിതരണം ചെയ്യപ്പെടുന്ന കുടിവെള്ളത്തിന്റെ 50 ശതമാനത്തിനും യാതൊരു വരുമാനവും ലഭിക്കുന്നില്ലത്രേ. പൊതുടാപ്പുകൾ, സൗജന്യ കുടിവെള്ള സ്കീമുകൾ, സബ്‌സിഡികൾ എന്നിവയെല്ലാം വരുമാന നഷ്ടമാണ് സൃഷ്ടിക്കുന്നതെന്ന ജനദ്രോഹ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് എഡിബിയുടെ ഈ കണ്ടെത്തൽ. അത് അപ്പടി സ്വീകരിച്ച് വിദേശ കമ്പനിയെ കൊച്ചിയിൽ കുടിയിരുത്താനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്.


വാട്ടർ അതോറിട്ടിയുടെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും സമീപത്തെ മറ്റു 19 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും 140 എംഎൽഡി ജലവിതരണത്തിനുള്ള 2511 കോടിരൂപയുടെ പദ്ധതി എഡിബി നിർദ്ദേശപ്രകാരം ഒരു വിദേശ കമ്പനിയെയാണ് ഏൽപ്പിക്കുന്നത്. അതിനുള്ള ടെൻഡർ നടപടികൾ നടന്നുവരുന്നു. അതിൽ 30 ശതമാനം അഥവാ 750 കോടി രൂപ സംസ്ഥാനസർക്കാർ വിഹിതമായിനൽകും.
എന്നാൽ, എസ്റ്റിമേറ്റിനേക്കാൾ 21 ശതമാനം അധികതുക വകയിരുത്തി ഈ പദ്ധതിക്ക് കരാർ നൽകാനാണ് സർക്കാരിന്റെ പുതിയ നീക്കം. ജലവിതരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഉദ്യോഗസ്ഥരുടെ എംപവേർഡ് കമ്മിറ്റി ഇതിന് അംഗീകാരം നൽകിക്കഴിഞ്ഞു. മന്ത്രിസഭയുടെ അംഗീകാരം കൂടെ കിട്ടിയാൽ അത് അന്തിമമാകും. നിലവിലുള്ള പഴയ പൈപ്പ്‌ലൈനുകൾ മാറ്റി പുതിയവ സ്ഥാപിക്കുക, പമ്പ്‌ഹൗസുകളും പ്ലാന്റും പരിഷ്‌ക്കരിക്കുക, ഗുണനിലവാരം ഉയർത്തുക തുടങ്ങിയ നടപടികളെല്ലാം 8 വർഷംകൊണ്ട് പൂർത്തിയാക്കണം എന്നാണ് പെർഫോമൻസ് കരാറിൽ (Performance Contract) പറയുന്നത്. തുടർന്ന് 2 വർഷത്തേയ്ക്കുള്ള പരിപാലന ചെലവും സംസ്ഥാന സർക്കാർ വഹിക്കണം തുടങ്ങിയ വ്യവസ്ഥകളുമുണ്ട്. 70 ശതമാനം തുക കേന്ദ്രസർക്കാരും (അത്‌ എഡിബി നൽകുന്ന ലോൺ) ബാക്കി 30 ശതമാനം തുക സംസ്ഥാന സർക്കാരുമാണ് പദ്ധതിക്കുവേണ്ടി മുടക്കുന്നത്. സത്യത്തിൽ സംസ്ഥാന സർക്കാർ മുടക്കുന്ന 750 കോടിരൂപ മതിയാകും കൊച്ചിയിലെ കുടിവെള്ള പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരം കാണാൻ. സ്വകാര്യവൽക്കരണത്തിലൂടെ നിത്യദുരിതങ്ങളിലേയ്ക്ക് നാടിനെ തള്ളിവിടാതിരിക്കുന്നതിനും അതുവഴി കഴിയും.


കൊച്ചി കോർപ്പറേഷനിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണത്തിനായി പെരിയാറിൽനിന്നും 190 എംഎൽഡി ജലം ലഭ്യമാക്കാൻ 2019ൽ വാട്ടർ അതോറിട്ടി സമർപ്പിച്ച പദ്ധതിപ്രകാരം 190 കോടി രൂപ ചെലവിൽ ആലുവയിൽ നിർമ്മാണ നടപടികളിലേയ്ക്ക് കടന്ന പ്ലാന്റിന്റെയും പമ്പുഹൗസിന്റെയും നിർമ്മാണം ഇതോടെ അസ്തമിച്ച അവസ്ഥയിലാണ്. വാട്ടർ അതോറിട്ടിയുടെ അമ്പതോളം ക്വാർട്ടേഴ്‌സുകൾ പൊളിച്ച് തയ്യാറാക്കിയ നിർദ്ദിഷ്ട പദ്ധതിപ്രദേശം കാടുപിടിച്ചു കിടക്കുന്നു. ശുദ്ധജലവിതരണരംഗത്ത് നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമായി ദീർഘകാലത്തേയ്ക്ക് ലക്ഷ്യമിട്ട് നടപ്പാക്കാനുദ്ദേശിച്ചിരുന്ന സർക്കാർ പദ്ധതി ഇത്രമാത്രം പണം ചെലവഴിച്ച് മുന്നേറിയതിനുശേഷമാണ് അത് ഉപേക്ഷിച്ച് തിടുക്കപ്പെട്ട് ഈ സ്വകാര്യവൽക്കരണ നടപടികളിലേയ്ക്ക് സർക്കാർ ഇപ്പോൾ കടന്നിരിക്കുന്നത്. ഇത് സംസ്ഥാനസർക്കാരിന്റെ ജനവിരുദ്ധ മനോഭാവമാണ് വ്യക്തമാക്കുന്നത്. എന്നാൽ, വാട്ടർ അതോറിട്ടി വീണ്ടും അതേ പദ്ധതിയുടെ ചെലവ് 504 കോടിരൂപയായി വർദ്ധിപ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയുമാണ്.


ശുദ്ധജലവിതരണവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിട്ടിയുടെ കെടുകാര്യസ്ഥതയ്ക്കും മെല്ലെപ്പോക്കിനുമെതിരെ ജനങ്ങളുടെ ഇടയിൽ നിന്നുയരുന്ന പ്രതിഷേധങ്ങൾക്ക് കാരണം ഇത് പൊതുമേഖലയിൽ നിലനിൽക്കുന്നതാണെന്നുള്ള പ്രചാരണം ചില കേന്ദ്രങ്ങൾ നടത്തുന്നത് ആസൂത്രിതമാണ്. ഭീമമായ ചാർജ്ജ് വർദ്ധനവും ഇപ്പോൾ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുകയാണ്. ഇത് കുടിവെള്ള വിതരണ രംഗത്തെ സ്വകാര്യവൽക്കരണത്തിനു മുന്നോടിയായിട്ടുള്ള നീക്കമാണെന്ന് ആരോപണമുയർന്നിരുന്നു. ജലസംഭരണവും സംസ്‌കരണവും വിതരണവും ബില്ലിംഗുംവരെ സ്വകാര്യകമ്പനിയ്ക്ക് വിട്ടുകൊടുക്കുന്നതോടെ വാട്ടർ അതോറിട്ടിയുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ആയിരക്കണക്കിന് ജീവനക്കാരുടെ തസ്തികകൾ ഫലത്തിൽ തുലാസിലാകും. ശുദ്ധജലത്തിന് വർഷംതോറും ഭീമമായി ചാർജ് വർദ്ധിപ്പിക്കണമെന്ന് കമ്പനിക്ക് ആവശ്യപ്പെടാൻ കഴിയുന്ന സ്ഥിതിവരും; പെട്രോളിയം വില നിയന്ത്രണം കമ്പനികൾക്ക് കൈവന്നതുപോലെ.


ലഭിക്കുന്ന വരുമാനത്തിനുമേൽ ഭാവിയിൽ വാട്ടർ അതോറിട്ടിയ്ക്ക് അവകാശമുണ്ടാകുമോ? അധികൃതരുടെ സമ്പൂർണ്ണ മൗനമാണ് അതിനുള്ള ഉത്തരം. വിശാലകൊച്ചി പ്രദേശത്തേയ്ക്കുള്ള കുടിവെള്ളവിതരണം പ്രധാനമായും ആലുവ ജലശുദ്ധീകരണശാല വഴി പെരിയാർനദിയിൽനിന്നും പിറവം പാഴൂരിലെ പ്ലാന്റുവഴി മൂവാറ്റുപുഴ ആറിൽനിന്നുമാണ് എടുക്കുന്നത്. ഈ നദികളിൽനിന്ന് ഇതിനകം സ്വകാര്യകമ്പനികൾ ജലമൂറ്റാനുള്ള വൻനീക്കം നടത്തുന്നുണ്ട്. വാട്ടർ അതോറിട്ടി പ്രഖ്യാപിച്ച പുതിയ പദ്ധതിയുമായി മുന്നോട്ടുപോകുമ്പോൾ അതിനെ തുരങ്കം വയ്ക്കുന്നവിധം ആലുവ ജലശുദ്ധീകരണശാലയുടെ പ്ലാന്റിനു മുകൾഭാഗത്ത് തോട്ടുമുഖത്ത് പുതുതായി കിൻഫ്രാ പദ്ധതിയുടെ പേരിൽ 45 എംഎൽഡി ജലം കാക്കനാട് കിൻഫ്രാ പാർക്കിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ത്വരിതഗതിയിൽ പുരോഗമിച്ചിരുന്നു. തദ്ദേശവാസികളുടെ ശക്തമായ ജനകീയ ചെറുത്തുനിൽപ്പിനെത്തുടർന്ന് ജനസാന്ദ്രതയേറിയ തിരക്കേറിയ റോഡിലൂടെ വൻ പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ലെന്ന് മാത്രം. ഈ പദ്ധതിപൂർത്തിയാക്കപ്പെട്ടാൽ വാട്ടർ അതോറിട്ടിയുടെ നിലവിലുള്ള ജലവിതരണത്തിനുപോലും വേനൽക്കാലത്ത് ദൗർലഭ്യം നേരിടും. അവർ പുതുതായി സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്ലാന്റിന്റെ കാര്യം പറയാനുമില്ല. സ്വകാര്യവൽക്കരണത്തോടെ കുടി വെള്ളമേഖലയിൽ വരാൻപോകുന്ന വലിയ കച്ചവട സാധ്യതകളെ മുൻകൂട്ടി കണ്ട് വൻ ഇടപാടുകൾ പിന്നിൽ നടക്കുന്നുണ്ടെന്നുവേണം അനുമാനിക്കാൻ.


മധ്യകേരളത്തിലെ ദശലക്ഷക്കണക്കിനാളുകളുടെ ശുദ്ധജലസ്രോതസ്സായ പെരിയാർ നദിയുടെ മലിനീകരണം വലിയതോതിൽ വർദ്ധിച്ചിരിക്കുന്നത് സംശയാസ്പദമാണ്. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമെന്നറിയപ്പെടുന്ന ആലുവ മേഖലയിലെ വൻകിട വ്യവസായ സ്ഥാപനങ്ങൾ പുറത്തേയ്ക്കൊഴുക്കുന്ന മാരക രാസമാലിന്യങ്ങൾ പെരിയാർ നദിയിൽ കലരുന്നതും വലിയതോതിൽ മത്സ്യങ്ങൾ ചത്തുപൊന്തുന്നതും സ്ഥിരമായി സംഭവിക്കുന്നു. സർക്കാർ സംവിധാനങ്ങളെല്ലാം ഫലത്തിൽ നിഷ്‌ക്രിയമോ തൽപ്പരകക്ഷികളുടെ താളത്തിന് തുള്ളുന്നതോ ആയി മാറിയിരിക്കുന്നു. ഇതെല്ലാം ഭാവിയിൽ ശുദ്ധജലലഭ്യതയുടെ കാര്യത്തിൽ വലിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത്. ഈ സമയത്ത് സർക്കാർ ഈ മേഖലയെ കൈയൊഴിയുന്നത് കാര്യങ്ങൾ ഗുരുതരമാക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഇതേ പദ്ധതി പ്രകാരം ശുദ്ധജലവിതരണം സ്വകാര്യകമ്പനിയെ ഏൽപ്പിച്ച കോയമ്പത്തൂർ നഗരത്തിൽ വേനൽകാലത്ത് ജലദൗർലഭ്യം അതിരൂക്ഷമായത് ഓർക്കുക. രാവിലെ 6 മുതൽ 3 മണിവരെ മാത്രം പൈപ്പിൽ എത്തുന്ന വെള്ളത്തിനുവേണ്ടി അവർക്ക് കാത്തിരിക്കേണ്ടിവരുന്നു. മഴക്കാലത്ത് അത് അഞ്ച് ദിവസത്തിൽ ഒരിക്കൽ എന്ന നിലയിലാണ്. മുമ്പ് സർക്കാർ വിതരണം നടത്തിയിരുന്നപ്പോൾ മൂന്നംഗ കുടുംബത്തിന് കുടിവെള്ളത്തിനായി മുടക്കേണ്ടിയിരുന്നത് 6 മാസത്തേയ്ക്ക് ഏകദേശം 200 രൂപയാണ്. എന്നാൽ, ഇപ്പോൾ പ്രതിമാസം മിനിമം ചാർജ്ജ് 200 രൂപ കൊടുക്കണം. ജനങ്ങൾ ഫലത്തിൽ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. സമാനമായ അവസ്ഥയാണ് കുടിവെള്ള വിതരണമേഖല സ്വകാര്യവൽക്കരിക്കപ്പെട്ട എല്ലാ നഗരങ്ങളിലും
അടുത്തയിടെ എറണാകുളം ജില്ലയിലെ വേങ്ങൂർ പഞ്ചായത്തിൽ നൂറുകണക്കിനാളുകൾക്ക് മഞ്ഞപ്പിത്തബാധ പടർന്നുപിടിച്ചത് കുടിവെള്ളത്തിലൂടെയായിരുന്നു. കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയങ്ങളിൽ ലോറിയിൽ എത്തിച്ചിരുന്ന കുടിവെള്ളത്തിൽ നിന്നുമാണത്രേ അഞ്ഞൂറോളം പേർക്ക് വയറിളക്കവും മറ്റ് അസ്വസ്ഥതകളും സൃഷ്ടിക്കപ്പെട്ടത്. കെട്ടിക്കിടക്കുന്ന മലിനജലംപോലും ഇത്തരത്തിൽ കുടിവെള്ള കച്ചവടസംഘങ്ങൾ വിതരണം ചെയ്യാറുണ്ടെന്ന പരാതി പലപ്പോഴും ഉയരുന്നുണ്ട്. ഇതെല്ലാം ശുദ്ധജല വിതരണകാര്യത്തിൽ നാം സ്വീകരിക്കേണ്ട സമീപനം എന്താവണമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്.


സമൂഹത്തെ സംബന്ധിച്ച് ശുദ്ധജലവിതരണരംഗത്ത് സ്വകാര്യമൂലധനതാൽപ്പര്യങ്ങൾ കടന്നുവരുന്നത് വലിയ അപകടം വരുത്തിവയ്ക്കും. പൊതുജനാരോഗ്യത്തെക്കരുതി ശുദ്ധജലലഭ്യത ജനങ്ങള്‍ക്ക് ഉറപ്പുവരുത്താനുള്ള ബാദ്ധ്യത ജനാധിപത്യ സർക്കാരുകൾക്കുണ്ട്. ഫ്ലാറ്റുകളിലും മറ്റു ജനവാസകേന്ദ്രങ്ങളിലും വെള്ളം വിതരണംചെയ്യാൻ സ്വകാര്യസംവിധാനത്തെ ഏർപ്പെടുത്തുന്നതിന്റെ പിന്നിലുള്ള അപകടം കണ്ടറിഞ്ഞ് ശുദ്ധ ജല വിതരണം മികച്ച പൊതുസംവിധാനത്തിന് കീഴിൽ സംരക്ഷിക്കുക ജീവൽ പ്രധാനമാണ്. അത്തരമൊരു പ്രാഥമിക ഉത്തര വാദിത്തം പോലും നിർവഹിക്കാത്ത ആധുനിക മുതലാളിത്ത ഭരണകൂടങ്ങളുടെ ജനദ്രോഹ നയം ഇടതുപക്ഷ ലേബൽ അണിഞ്ഞ സിപിഐ(എം) സർക്കാരും പിന്തുടരുന്നതിനാൽ ജനകീയ പ്രക്ഷോഭമല്ലാതെ മറ്റ് വഴികളില്ല. അതിന് ആദ്യം കൊച്ചിയിൽ, കുടിവെള്ള സംരക്ഷണ ജനകീയ സമര പ്രസ്ഥാനത്തിന് രൂപം നൽകി സമരം ആരംഭിക്കാൻ എറണാകുളം നിവാസികൾ മുന്നോട്ടു വരണം.

Share this post

scroll to top